ഇന്ത്യൻ ജയിലുകളെ നിയന്ത്രിക്കുന്ന മനു ജാതി നിയമങ്ങൾ

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”]

ബോളിവുഡിലൂടെ മാത്രം കണ്ടു പരിചയിച്ച ജയിലിനുള്ളിലെ ഭീകരയാഥാര്‍ഥ്യങ്ങള്‍ അജയ്കുമാറിന് തന്റെ അല്‍വാര്‍ ജയിലിലെ ആദ്യദിവസം തന്നെ മനസിലായിത്തുടങ്ങി. കഠിനമായ ജോലിയും മോശം ഭക്ഷണവും കോച്ചുന്ന തണുപ്പും പീഡനവുമെല്ലാം ജയില്‍ ജീവിതത്തിന്റെ ഭാഗമായാണ് ചിത്രീകരിക്കപ്പെടുന്നത്. വിചാരണത്തടവുകാരുടെ സെക്ഷനില്‍ നിന്നും നീണ്ട ഗെയ്റ്റ് കടന്ന് അകത്തേക്ക് കയറിപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ചോദ്യമെറിഞ്ഞു, ‘ചെയ്ത കുറ്റമെന്താണ്?’ കോണ്‍സ്റ്റബിള്‍ കടുപ്പിക്കും മുമ്പേ അജയ് എന്തോ പറഞ്ഞൊപ്പിച്ചു. ‘ജാതിയേതാണ? അജയ് ഒരു നിമിഷം പകച്ചു, മടിച്ചുമടിച്ച് ‘രാജക്’ എന്നുത്തരം കൊടുത്തു. കോണ്‍സ്റ്റബിള്‍ ആ മറുപടിയില്‍ സന്തുഷ്ടനായില്ല. ‘ജാതി കാറ്റഗറി പറയ്’ ‘പട്ടികജാതി’യായ അജയുടെ ജീവിതത്തില്‍ ഇതേവരെ കാര്യമായി പ്രത്യാഘാതങ്ങളൊന്നും തരാത്ത തന്റെ ജാതി സ്വത്വം 97 ദിവസത്തെ അയാളുടെ ജയില്‍വാസത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പോകുന്നു.

2016ല്‍ 18 വയസ് മാത്രം പ്രായമുണ്ടായിരുന്ന അജയ് ജയിലിലെ കക്കൂസുകളും വാര്‍ഡുകളും വരാന്തയുമെല്ലാം വൃത്തിയാക്കാനും തോട്ടവുമായി ബന്ധപ്പെട്ട മറ്റു പണികള്‍ ചെയ്യാനും നിയോഗിക്കപ്പെട്ടു. പുലരും മുമ്പേ തുടങ്ങുന്ന പണികള്‍ വൈകിട്ട് അഞ്ചു വരെ നീളും. ‘പുതുതായെത്തുന്ന എല്ലാ ജയില്‍വാസികളും ഇതെല്ലാം ചെയ്യേണ്ടി വരുമെന്നാണ് ഞാനാദ്യം കരുതിയത്, പക്ഷേ കക്കൂസുകള്‍ വൃത്തിയാക്കാന്‍ ചിലരെ മാത്രമാണ് ഏല്‍പ്പിക്കുന്നതെന്ന് ഒരാഴ്ച്ച കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞു’.

ക്രമീകരണം വളരെ വ്യക്തമാണ്. ജാതി പിരമിഡിലെ താഴെത്തട്ടിലുള്ളവര്‍ ശൗച്യവൃത്തി ചെയ്യാനും കുറച്ച് മേല്‍ത്തട്ടിലുള്ളവര്‍ അടുക്കള ജോലിക്കും ഓഫീസ് ജോലിക്കും നിയമിക്കപ്പെടുന്നു. ഏറ്റവും പ്രിവിലേജ് കൂടിയ ആളുകള്‍ യാതൊരു പണിയും ചെയ്യാതെ നടക്കുന്നു. ഈ ക്രമീകരണം അവര്‍ ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനത്തിലോ, ജയിലിലെ നല്ലനടപ്പ് പ്രകാരമോ അല്ല, മറിച്ച് ജാതിയാണതിനാധാരം.

നാലു വര്‍ഷം മുമ്പ് കടയിലെ സ്വിച്ച്‌ബോര്‍ഡുകള്‍ നിര്‍മ്മിക്കാനുള്ള പെട്ടികള്‍ മോഷണം പോയപ്പോള്‍ മുതലാളി ഏറ്റവും പ്രായം കുറഞ്ഞ തന്റെ പുതിയ തൊഴിലാളി അജയ് യുടെ മേല്‍ കുറ്റമാരോപിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. 97 ദിവസത്തെ ജയില്‍വാസത്തിനു ശേഷം അല്‍വാര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണയില്‍ അജയ് കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോള്‍ 22 വയസുകാരനായ അജയ് ഡല്‍ഹിയിലേക്ക് കുടിയേറി ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുന്നു.

ആ കുറഞ്ഞ കാലത്തെ ജയില്‍ജീവിതം തന്റെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചതായി അദ്ദേഹം പറയുന്നു. ‘ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഞാനൊരു കുറ്റവാളിയും ഒപ്പം ഒരുകീഴ്ജാതി മനുഷ്യനുമായി മാറി’. തന്റെ പിതാവ് ഗ്രാമത്തിലെ ജാതി വിവേചനങ്ങളില്‍ നിന്നും അകന്നുമാറി ഡല്‍ഹി നഗരത്തില്‍ തൊഴിലെടുത്ത് താമസം മാറിയ വ്യക്തിയാണെന്ന് അജയ് പറയുന്നു. പക്ഷേ ജയിലിനുള്ളില്‍ തന്റെ പിതാവിന്റെ പരിശ്രമമെല്ലാം വ്യര്‍ഥകമായി. ‘ഒരു ഇലക്ട്രീഷ്യനായിരുന്ന ഞാന്‍ ജയിലിനുള്ളില്‍ വെറും ശുചീകരണത്തൊഴിലാളിയായി’. നോര്‍ത്ത് ഡല്‍ഹിയിലെ വാടകമുറിയിലിരുന്ന് അജയ് പറഞ്ഞു.

ജയിലിനകത്തെ നിറഞ്ഞുകവിഞ്ഞൊരു സെപ്റ്റിക് ടാങ്ക് വ്യത്തിയാക്കാന്‍ ഗാര്‍ഡ് വിളിച്ചയനുഭവമായിരുന്ന ഏറ്റവും വേദനാജനകമെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. വാര്‍ഡുകളിലെ കക്കൂസെല്ലാം തലേന്ന് രാത്രി തന്നെ നിറഞ്ഞ് പുറത്തേക്കൊഴുകിത്തുടങ്ങിയിരുന്നു. പക്ഷേ ജയിലധികാരികള്‍ പ്രശ്‌നം പരിഹരിക്കാന്‍ പുറത്തു നിന്ന് ആരെയും വിളിച്ചില്ല. ‘എന്നോട് ആ പണി ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തരിച്ചുനിന്നു പോയി. ഞാന്‍ തയ്യാറായില്ല, ഗാര്‍ഡിനോട് എനിക്കിത്തരം ജോലികള്‍ ചെയ്യാനറിയില്ലെന്നു പറഞ്ഞു. പക്ഷേ എന്നെക്കാള്‍ മെലിഞ്ഞവരും ചെറുപ്പക്കാരും വേറെയാരുമില്ലെന്നയാള്‍ പറഞ്ഞ് നിര്‍ബന്ധിച്ചു. ഒച്ചയിടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ടാങ്കിനുള്ളിലേക്ക് നുഴഞ്ഞുകയറി.’ അടിവസ്ത്രമഴിച്ച് ടാങ്കിന്റെ മൂടി മാറ്റി മനുഷ്യമാലിന്യത്തിന്റെ കൂമ്പാരത്തിലേക്ക് അയാള്‍ക്കിറങ്ങേണ്ടി വന്നു. ‘ദുര്‍ഗന്ധം ശ്വസിച്ച് ഞാന്‍ മരിച്ചുപോകുമെന്നെനിക്കു തോന്നി, ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി. ഗാര്‍ഡിന് എന്തുചെയ്യണമെന്ന് നിശ്ചയമുണ്ടായില്ല, മറ്റു ജയില്‍വാസികളോട് എന്നെ വലിച്ചുപുറത്തെത്തിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു’.

മൂന്നു പതിറ്റാണ്ടു മുമ്പേ നിരോധിച്ച തോട്ടിപ്പണി (manual scavenging) 2013 ല്‍ ഭേദഗതി ചെയ്ത് അഴുക്കുചാല്‍, സെപ്റ്റിക് ടാങ്ക് എന്നിവ വൃത്തിയാക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കുന്നതിനെയും നിരോധനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍, ഗാര്‍ഡുകള്‍ അജയ് യോടു ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണ്.

‘ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എനിക്ക് ഓക്കാനം വന്നു’ അജയ് പറയുന്നു. തെരുവില്‍ തൂപ്പുകാരെയും ശുചീകരണ തൊഴിലാളികളെയും കാണുമ്പോള്‍ തന്റെ നിസ്സഹായവസ്ഥ തികട്ടിവരുമെന്നദ്ദേഹം.

അജയുടെത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. ജയിലിലെ എല്ലാം കാര്യങ്ങളും ഒരാളുടെ ജാതി അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നതെന്നും ഒരാള്‍ ചെയ്യുന്ന ജോലി നോക്കി അയാളുടെ ജാതി ഏതെന്നു പറയാന്‍ കഴിയുമെന്നും അജയ് സാക്ഷ്യപ്പെടുത്തുന്നു.

കുറ്റവാളികളെയപേക്ഷിച്ച് വിചാരണത്തടവുകാര്‍ക്ക് ജയിലില്‍ തൊഴില്‍ ചെയ്യേണ്ടി വരാറില്ല. പക്ഷേ കുറ്റവാളികള്‍ വിചാരണത്തടവുകാരെക്കാള്‍ എണ്ണത്തില്‍ തുഛമായിരുന്ന അജയ് ചെന്നുപെട്ട ജയിലില്‍ വേതനമില്ലാതെ ജോലി ചെയ്യാന്‍ അദ്ദേഹത്തെപ്പോലുള്ളവര്‍ വിധിക്കപ്പെടുന്നു.

നിയമങ്ങള്‍ തന്നെ ജാതീയമാണെങ്കില്‍?

പല സംസ്ഥാനങ്ങളിലെ ജയിലുകളിലും ജാത്യാധിഷ്ഠിത തൊഴില്‍ വിഭജനം പ്രിസണ്‍ മാനുവലില്‍ (Prison Manual) തന്നെ രേഖപ്പെടുത്തി വെച്ചതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ നിയമരേഖകളില്‍ പില്‍ക്കാലത്ത് ജാത്യാധിഷ്ഠിത തൊഴിലിനെ തൊടാതെയാണ് പല ഭേദഗതികളും വരുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ പ്രത്യേകം ജയില്‍ നിയമങ്ങളാണെങ്കിലും 1894ലെ ദി പ്രിസണ്‍സ് ആക്ട് ആണ് മിക്കതിന്റെയും അടിസ്ഥാനം. ഓരോ ജയില്‍പുള്ളിയുടെയും ഭക്ഷണ ലഭ്യതയും സ്ഥലസൗകര്യലഭ്യതയും മുതല്‍ സകല കാര്യവും ഈ മാനുവലുകളില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ജയില്‍ മാനുവല്‍ പ്രകാരമാണ് അജയ് യുടെ അനുഭവം കിടക്കുന്നത്. പാചകവും മെഡിക്കല്‍ ജോലികളും ഉന്നത ജാതികള്‍ക്കായി രേഖപ്പെടുത്തി വെക്കുമ്പോള്‍, ശുചീകരണ ജോലികള്‍ കീഴ്ജാതികള്‍ക്കാണെന്ന് കാണാം. പ്രിസണ്‍ മാനുവലില്‍ പാചക വകുപ്പിനെക്കുറിച്ച് പറയുന്ന ഭാഗം നോക്കാം.
‘ബ്രാഹ്മണനോ അല്ലെങ്കില്‍ സമാന പദവിയുള്ള മറ്റേതെങ്കിലും ഉയര്‍ന്ന ജാതി ഹൈന്ദവന്‍ പാചകക്കാരനായി നിയമിക്കപ്പെടാന്‍ യോഗ്യനാണ്’.

അതുപോലെ മാന്വലിലെ ഭാഗം പത്തില്‍ പറയുന്നു,’തൂപ്പുജോലി ചെയ്യുന്ന, അതാതു ജില്ലകളിലെ സമ്പ്രദായമനുസരിച്ച് ആ ജോലി തെരഞ്ഞെടുത്തയാളുകളെ തൂപ്പുകാരായി നിയമിക്കാം. സ്വയം ഈ ജോലിക്ക് സന്നദ്ധനായ ആളെയും നിയമിക്കാവുന്നതാണ്. ആരുമില്ലെങ്കില്‍, തൂപ്പുകാരനല്ലാത്ത വ്യക്തിയെയും തൂപ്പുജോലിക്ക് നിര്‍ബന്ധപൂര്‍വം ഏല്‍പ്പിക്കാവുന്നതുമാണ്’. ഈ നിയമം വളരെ തന്ത്രപൂര്‍വം ‘തൂപ്പുജോലി ചെയ്യുന്ന സമുദായ’ത്തിന്റെ ആ ജോലി ചെയ്യാനുള്ള സന്നദ്ധതയെക്കുറിച്ച് മൗനം പാലിക്കുന്നു.

വനിതാ ജയിലുകളില്‍ പ്രത്യേക നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മേല്‍ സൂചിപ്പിച്ച, പുരുഷ ജയിലുകളിലെ നിയമങ്ങള്‍ അതേ പടി പിന്തുടരുന്നുണ്ട്. ‘യോഗ്യരായ’ ജാതികളില്‍ നിന്നുള്ള സ്ത്രീകളായ ജയില്‍പുള്ളികളുടെ അഭാവത്തില്‍ ‘രണ്ടോ മൂന്നോ മെഹ്തറുകളെ വേതനത്തോടെയുള്ള ജോലിക്കായി നിയമിക്കാം’ തോട്ടിപ്പണി കുലത്തൊഴിലായ ജാതിസമുദായമാണ് മെഹ്തറുകള്‍.

‘രണ്ടോ അതിലധികമോ നീണ്ട കാലാവധിയുള്ള നല്ല ജാതിയില്‍പ്പെട്ട ജയില്‍പുള്ളികളെ ആശുപത്രി ജീവനക്കാരായി നിയമിക്കാവുന്നതാണ്’, മെഡിക്കല്‍ ജോലിക്കാരെക്കുറിച്ചുള്ള ഭാഗത്തില്‍ പറയുന്നു.

ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം ശുദ്ധി/അശുദ്ധി സങ്കല്‍പ്പത്തിലധിഷ്ഠിതമാണ്. ‘ശുദ്ധത’യുള്ള ജോലികള്‍ മേല്‍ജാതികളും ‘അശുദ്ധ’ജോലികള്‍ കീഴ്ജാതികളും ചെയ്യണെന്നതാണത്.

ബിഹാറിലെ ജയില്‍ മാന്വല്‍ നോക്കാം. ഭക്ഷണം പാകം ചെയ്യേണ്ടവരെക്കുറിച്ച് എഴുതിയിരിക്കുന്നതിങ്ങനെ, ‘ഗുണനിലവാരവും അളവും ശ്രദ്ധിച്ചുകൊണ്ട് പാചകം ചെയ്യുന്ന ഏതെങ്കിലും എ ക്ലാസ് ബ്രാഹ്മണന്‍ അല്ലെങ്കില്‍ ഉന്നത ജാതി ഹൈന്ദവനായ ഒരാള്‍ പാചകക്കാരനാകാന്‍ യോഗ്യം’ കൂടാതെ, ‘നിലവിലെ പാചകക്കാര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ തടസമുള്ള ഏതെങ്കിലും ഉന്നത ജാതിക്കാരനുണ്ടെങ്കില്‍ അയാളെ പാചകക്കാരനായി നിയമിച്ച് മുഴുവന്‍ പേര്‍ക്കും വേണ്ടി പാചകം ചെയ്യിക്കാവുന്നതാണ്. ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ യാതൊരു സാഹചര്യത്തിലും അനുവദനിയമല്ല’.

കടലാസില്‍ മാത്രമല്ല

ഈ നിയമങ്ങളൊന്നും അച്ചടിച്ചു വെക്കുക മാത്രമല്ല, നിരവധി ജയില്‍പുള്ളികള്‍ ജാതിയുടെ പേരില്‍ ഹീനമായ തൊഴിലുകള്‍ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ജയിലുകളിലുള്ളത്. ‘നിങ്ങളുടെ ശരിക്കുള്ള പദവി ജയില്‍ പറഞ്ഞു തരും’ ജയില്‍പുള്ളിയായിരുന്ന പിന്റു പറയുന്നു. ക്ഷുരക സമുദായമായ ‘നായ്’ ജാതിക്കാരനായ പിന്റു തന്റെ സെന്‍ട്രല്‍ ജയില്‍ വാസക്കാലം മുഴുക്കെ ക്ഷുരകനായിരുന്നു.

മെഹ്തര്‍, ഹരി, ചണ്ഢല്‍ എന്നീ പട്ടികജാതി വിഭാഗത്തിലെ മൂന്നു ജാതികളുടെ പേരെടുത്ത് പറഞ്ഞ്, ശുചീകരണത്തൊഴിലാളികളുടെ നിയമനത്തെക്കുറിച്ച് ബീഹാര്‍ ജയില്‍ മാന്വലില്‍ ജാതീയ ഉച്ചനീചത്വത്തെ ഔദ്യോഗികവല്‍ക്കരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ‘ജാതീയവും മതപരവുമായ മുന്‍വിധികളെ’ ‘നവീകരണത്തിനുള്ള സ്വാധീന'(Reformative Influence) മായാണ് എഴുതപ്പെടുന്നത്. ‘ജാതീയവും മതകീയവുമായ അര്‍ഹിക്കുന്ന പരിഗണനകള്‍ എല്ലാ ജയില്‍പുള്ളികള്‍ക്കും ലഭ്യമാക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്’ ‘അര്‍ഹിക്കുന്ന’ പരിഗണനയെന്നതു കൊണ്ട് വളരെ പച്ചയായി അര്‍ഥമാക്കുന്നത്, തൊഴില്‍ നിയമനത്തിലും മറ്റും ചിലരെ പരിഗണിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ സാധ്യമാക്കണമെന്നതു തന്നെ.

അടുത്തിടെ ഭേദഗതി ചെയ്ത മധ്യപ്രദേശ് ജയില്‍ മാന്വലില്‍, തീട്ടം കോരുന്ന ജോലികള്‍ മെഹ്തറുകള്‍ക്കായി നീക്കിവെച്ചതിന്റെ ഔദ്യോഗിക ഉത്തരവ് കാണാന്‍ കഴിയും.

പാചകം, ശുചീകരണം, ക്ഷൗരം, ആശുപത്രി ജോലി എന്നിവക്കെല്ലാം ജാതിയടിസ്ഥാനത്തിലുള്ള വിഭജനം ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലുകളിലും കണ്ടെത്താം. നിര്‍ദേശിത ജാതികളില്‍ നിന്നുള്ള ജയില്‍പുള്ളികള്‍ക്ക് ക്ഷാമമാണെങ്കില്‍ സമീപത്തെ ജയിലുകളില്‍ നിന്നും ജാതിനോക്കി ജയില്‍പുള്ളികളെ എത്തിക്കലാണ് പതിവ്, മാന്വലിന്റെ ചട്ടത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരില്ല.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പഠനം നടത്തിയ CHRI (Commonwealth Human Rights Initiative) പ്രവര്‍ത്തക സാബിക അബ്ബാസ്, ജയിലുകളില്‍ വിചാരണ തടവുകാര്‍ പോലും ഇത്തരം തൊഴിലുകളില്‍ നിന്നൊഴിവല്ലയെന്ന് തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ബംഗാളിലെ ജയിലുകളിലും ബ്രാഹ്മണന് പുണൂലും മുസ്‌ലിമിന് നീളമുള്ള പാന്റ്‌സും അനുവദിച്ചു കൊടുക്കണമെന്ന നിര്‍ദേശത്തോടൊപ്പം തന്നെ, ഭക്ഷണം പാകം ചെയ്യാന്‍ ഉന്നത ജാതികളെയും ശുചീകരണ തൊഴിലിന് മെഹ്തര്‍, ഹരി ജാതികളെയും നിര്‍ദേശിക്കുന്നുണ്ട്.

ഇത്തരം ജാതിയധിഷ്ഠിത നിയമങ്ങള്‍ ഒരിക്കല്‍ പോലും നയരൂപീകരണ ചര്‍ച്ചകളില്‍ വന്നിട്ടില്ലെന്ന് ആന്ധ്രപ്രദേശിലെ മുന്‍ ജയില്‍ ഐ.ജി റിയാസുദ്ദീന്‍ അഹ്മദ് തന്റെ 34 വര്‍ഷത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുന്നു. “മാന്വലില്‍ എന്തുതന്നെ എഴുതിവെച്ചാലും, ജാതിയധിഷ്ഠിത സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെയായ ജയിലധികാരികള്‍ പ്രായോഗികമായി നടപ്പില്‍ വരുത്തുന്നതെന്തായാലും, ജയില്‍പുള്ളികള്‍ക്കിടയില്‍ സമത്വവും അന്തസും ഉറപ്പുവരുത്തുന്നതാകണം”.

പൌരാണിക കാലത്ത് ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം കല്‍പ്പിച്ചു കൊണ്ട് എഴുതപ്പെട്ട വേദമായ മനുസ്മൃതിയുടെ നിയമങ്ങളുമായി ഡല്‍ഹിയിലെ അഭിഭാഷകയും ജാതിവിരുദ്ധ പ്രവര്‍ത്തകയുമായ ദിഷ വഡേക്കര്‍ ജയില്‍ നിയമങ്ങളെ സാമ്യപ്പെടുത്തുന്നു.

അനീതിയുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട, മനുഷ്യര്‍ക്കിടയില്‍ ഉച്ചനീചത്വങ്ങള്‍ കല്‍പ്പിച്ച മനുസ്മൃതിയുടെ ദണ്ഡിനിതികളെപ്പോലെയാണ് ജയില്‍ സംവിധാനം നിലനില്‍ക്കുന്നതെന്ന് ദിഷ അഭിപ്രായപ്പെടുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനകളുടെയുമെല്ലാം മാതൃക ജയില്‍ മാന്വലിന് കടകവിരുദ്ധമായാണ് ഇന്ത്യയിലെ ജയിലുകളില്‍ വിവേചനവും ജാതീയ അസമത്വവും നിലനില്‍ക്കുന്നത്.

മാറ്റമുണ്ടാകുമോ?

ജയിലുകള്‍ പൂര്‍ണമായും സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ളതായതിനാല്‍ സംസ്ഥാനങ്ങളാണ് മാതൃക ജയില്‍ മാന്വല്‍ നടപ്പില്‍ വരുത്തേണ്ടത്. മാതൃക ജയില്‍ മാന്വല്‍ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ വര്‍ണത്തിന്റെയോ പേരില്‍ ജയില്‍പുള്ളികള്‍ക്കിടയില്‍ വിവേചനത്തെ നിരോധിക്കുന്നുണ്ട്. ഗോവ, ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര എന്നിവടങ്ങളില്‍ ജയിലുകളിലെ ജാതീയമായ വിവേചനം തടയാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. എന്നിരുന്നാലും ജാതിയുടെ പ്രയോഗത്തെ പൂര്‍ണമായി കൈയ്യൊഴിയാന്‍ കഴിയില്ലെന്ന് മുംബൈയിലെ ജയില്‍വാസിയായിരുന്ന ലളിത അനുഭവങ്ങളിലൂടെ പങ്കുവെക്കുന്നു. മാന്വലില്‍ ഭേദഗതി വരുത്തിയാലും അത് നടപ്പില്‍ വരാന്‍ ചുരുങ്ങിയത് പതിനഞ്ച് വര്‍ഷക്കാലമെങ്കിലും എടുക്കുമെന്ന് അക്കാദമി ഓഫ് പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷനിലെ സീനിയര്‍ പ്രഫസര്‍ ബെലുവ ഇമ്മാനുവേല്‍ പറയുന്നു.

മുംബൈ ജയിലിലെ ഹിന്ദുത്വ വിഐപി

മഹാരാഷ്ട്രയില്‍ അലിഖിത ജാതിയാചരണമാണ് കൂടുതലെന്ന് ലളിത. 2008ലെ മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് താക്കൂര്‍ ഉണ്ടായിരുന്ന ജയിലില്‍ ലളിതയും ഉണ്ടായിരുന്നു. 2017 പ്രഗ്യാ സിങ് ജയില്‍മോചിതയായ ശേഷം 2019ല്‍ ബിജെപി എംപിയായി പാര്‍ലമെന്റിലെത്തി.

പ്രഗ്യാ സിങ് സ്വയമേ ഒരു പ്രവാചക പരിവേഷത്തോടെയാണ് ജയിലില്‍ പെരുമാറിയിരുന്നതെന്ന് ലളിത പറയുന്നു. പ്രഗ്യാ സിങ് തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ജയിലുദ്യോഗസ്ഥരെ വരുതിക്ക് നിര്‍ത്തുകയും, പ്രത്യേക സൗകര്യങ്ങളോടെയുള്ള സെല്ലും മറ്റു വിഐപി പരിഗണനകളും കരസ്ഥമാക്കിയിരുന്നു. താക്കൂറിന്റെ സേവനത്തിനായി സെല്ലിനു പുറത്ത് മൂന്ന് വിചാരണത്തടവുകാരും സജ്ജമായിരുന്നു. അതിലൊരു താക്കൂര്‍ സമുദായക്കാരിയാണ് അവര്‍ക്ക് പ്രത്യേകമായി പാകം ചെയ്ത ഭക്ഷണം വിളമ്പിയിരുന്നത്. മറ്റൊരാള്‍ ജാട്ട് സമുദായക്കാരിയായ മയക്കുമരുന്ന് കേസിലെ പ്രതിയാണ്- പ്രഗ്യാ സിങ്ങിന്റെ ബോഡിഗാര്‍ഡായി പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ കക്കൂസ് വൃത്തിയാക്കലായിരുന്നു മൂന്നാമത്തെ പരിചാരികയായ ദലിത് സ്ത്രീയുടെ ജോലി. ലളിത പറയുന്നു.

മേലധികാരികളുടെയെല്ലാം അറിവോടെ തന്നെയായിരുന്നു, പ്രഗ്യാ സിങ് തന്റെ മതവും ജാതിയും രാഷ്ട്രീയ സ്വാധീനവുമുപയോഗിച്ച് ജയിലില്‍ പ്രത്യേക പദവി നിലനിര്‍ത്തിപ്പോന്നത്.

മഹാരാഷ്ട്രയിലെ 60 സെൻട്രല്‍, ജില്ലാ ജയിലുകളില്‍ ലളിത അടയ്ക്കപ്പെട്ട ബൈക്കുള ജയില്‍ ആയിരുന്നു ഒരേയൊരു വനിത ജയില്‍. 262 പേരാണ് ജയിലിന്റെ ഉള്‍ക്കൊള്ളല്‍ ശേഷിയെങ്കിലും, വിചാരണത്തടവുകാരായി അതിലുമൊരുപാട് സ്ത്രീകളെ പാര്‍പ്പിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയെന്ന കുറ്റം ചുമത്തപ്പെട്ട ബംഗാളി മുസ്‌ലിംകളായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലരായ വിഭാഗം.

33 വയസുകാരി നൂര്‍ജഹാന്‍ മണ്ഡല്‍, പോലീസിനെ ഭയന്ന് തന്റെ ഉറ്റവരാരും ജയിലില്‍ തന്നെ സന്ദര്‍ശിക്കുകയോ തനിക്ക് മണിഓര്‍ഡര്‍ അയക്കുകയോ ചെയ്യുന്നില്ലെന്നും, വിശക്കുമ്പോള്‍ എന്തെങ്കിലും ലഘുഭക്ഷണം വാങ്ങിക്കഴിക്കാന്‍ വേണ്ടി താന്‍ ഹീനമായ ജോലികള്‍ ചെയ്യേണ്ടി വരികയാണെന്നും പറഞ്ഞത് ലളിത ഓര്‍ക്കുന്നു. കാന്റീന്‍ കൂപ്പണുകള്‍ക്കു വേണ്ടി എല്ലാത്തരം ശുചീകരണ ജോലികളും ചെയ്യേണ്ടി വരുന്ന വേറെയും ബംഗാളി മുസ്‌ലിം സ്ത്രീകളെക്കുറിച്ച് ലളിത പറയുന്നു. ജാതിയും ദാരിദ്ര്യവും ഒരുപോലെ ഇവിടെ വില്ലനാകുന്നു.

ജാതിക്കോട്ട പോലൊരു ജയില്‍

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെ പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലിന്റെ ഘടന തന്ന ജാതിയടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സംഭവം 1990കളില്‍ അവിടെ ഉണ്ടായിരുന്നവര്‍ വ്യക്തമാക്കുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ജാതി അക്രമങ്ങള്‍ പെരുകിയ കാലത്താണ് ജയിലിനുള്ളില്‍ വ്യത്യസ്ത ജാതികള്‍ക്ക് പ്രത്യേകയിടങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്. ഒബിസികളില്‍ പെട്ട, തേവര്‍, നാടാര്‍ സമുദായങ്ങള്‍ക്ക് പ്രത്യേക സ്ഥലവും, പല്ലര്‍ മുതല്‍ മറ്റു പട്ടികജാതികള്‍ക്ക് മറ്റൊരു ഇടവും, ദളിത് വിചാരണത്തടവുകാര്‍, കുറ്റവാളികള്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം സെല്ലുകളും വാര്‍ഡുകളും ജയിലില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. തികച്ചും ഭരണഘടനാ വിരുദ്ധവും വിവേചന പൂര്‍ണവുമായ ഈ സജ്ജീകരണത്തിന്റെ ഗുണഫലമനുഭവിച്ചിരുന്നത് തീര്‍ച്ചയായും ഒബിസികളായ മേല്‍ ജാതികളായിരുന്നു.

സംസ്ഥാനത്തെ മറ്റു ജയിലുകളിലും ജാതി വിവേചനങ്ങള്‍ രൂക്ഷമായിരുന്നു. മധുര സെന്‍ട്രല്‍ ജയിലില്‍ ജാതിയടിസ്ഥാനത്തില്‍ തൊഴില്‍ വിഭജനം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിഭാഷകരായ അളകുമണി, രാജ എന്നിവര്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

Courtesy: The Wire

Illustrations: Pariplob Chakraborty

വിവ: റമീസുദ്ദീൻ വി എം

[/et_pb_text][/et_pb_column] [/et_pb_row] [/et_pb_section]
By സുകന്യ ശാന്ത

Senior Assistant Editor at TheWire.in