മതം, വര്‍ണം, ലിംഗം: ഇല്‍ഹാന്‍ ഉമറിന്റെ പ്രതിനിധാനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍

ആധുനികവൽക്കരണവും നവീകരണവാദവും ലോകരാഷ്ട്രങ്ങൾക്കിടയിൽ ആധിപത്യം ചെലുത്തിയതിന് ശേഷം മതം അതിന്റെ പരിഷ്കൃത ഘടനകളോടും സാമൂഹിക വ്യവസ്ഥിതികളോടും ചേരാത്ത രൂപമായാണ് പരിഗണിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ മതത്തിൻറെ പേരിൽ കൂട്ടക്കൊലകളും വംശഹത്യകളും നടത്തിയിരുന്ന യൂറോപ്പും അമേരിക്കയും മതത്തെ മാറ്റി പുരോഗമന സ്വഭാവം ചമയാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, വംശീയമായി താഴെതട്ടിലുള്ളവരും മതമൂല്യങ്ങൾ പിന്തുടരുന്നവരും മുഖ്യധാരയിൽ നിന്നും വിശിഷ്യാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടേണ്ടവരാണെന്ന സങ്കുചിതമായ സവർണ്ണ, ഇടതു ലിബറൽ ചിന്താഗതികളെ അക്ഷരാർത്ഥത്തിൽ ഉന്മൂലനം ചെയ്യുന്നതായിരുന്നു അമേരിക്കൻ രാഷ്ട്രീയത്തിൽ ജനകീയമായി നിൽക്കുന്ന നാച്ചുറലൈസ്ട് പൗരനും ബ്ലാക്ക് മുസ്‌ലിം സ്ത്രീയുമായ ഇൽഹാൻ ഉമർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ ഇടം. 181 വർഷമായി യുഎസ് കോൺഗ്രസിൽ നിരോധിച്ചിരുന്ന ഹിജാബ് ധരിച്ച് കോൺഗ്രസിൻറെ ഔദ്യോഗിക സെഷനിൽ പങ്കെടുത്ത ആദ്യ മുസ്‌ലിം സ്ത്രീയാണ് ഇൽഹാൻ ഒമർ. മാത്രമല്ല, 2020-ലെ ട്രംപിൻറെ ഇലക്ഷൻ ക്യാമ്പയിനിൽ വംശീയാധിക്ഷേപം നേരിടേണ്ടിവന്ന ‘ദി സ്ക്വാഡ്’ലെ നാല് സ്ത്രീകളിൽ (Women of color) പ്രധാനിയാണ് ഇൽഹാൻ. മിഡിൽ ഈസ്റ്റിൽ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകളുടെ മുഖ്യ പങ്കാളിയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയും, രാഷ്ട്രീയ ഇടപാടുകളിലും പ്രത്യക്ഷവും പരോക്ഷവുമായ മുസ്‌ലിം വിരോധം പ്രകടിപ്പിക്കുന്ന അമേരിക്കയിൽ അധിവസിക്കുന്ന മുസ്‌ലിംകളുടെ ഭാവി പ്രതീക്ഷയായ ഇൽഹാൻ പ്രതിസ്വരങ്ങളുടെ ആൾരൂപമായി മാറിയിട്ടുണ്ട് എന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെയും സാമൂഹിക ഘടനയിലെയും പരിഷ്കരണങ്ങളുടെ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നുണ്ട്.

1982-ൽ സോമാലിയയിലാണ് ഇൽഹാൻ ഒമറിന്റെ ജനനം. രണ്ടാം വയസ്സിൽ തന്നെ മാതാവ് മരണപ്പെട്ടതിനാൽ പിതാവായിരുന്നു അവരുടെ പ്രചോദനവും വഴികാട്ടിയും. 1980-ൻറെ അവസാനത്തിൽ അതിഭീകരമായ സോമാലിയൻ ആഭ്യന്തര യുദ്ധത്തെ തുടർന്ന് അവർ രാജ്യം വിടുകയും Utenge Refugee camp-ൽ അഭയം തേടുകയും ചെയ്തു. പക്ഷേ അവിടെയും സമാധാനത്തിന്റെ ജീവ വായു ശ്വസിക്കാൻ അവർക്കായില്ല, അങ്ങനെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും സന്തോഷകരമായ ജീവിതവും ശോഭനീയമായ സ്വപ്നങ്ങളും തോളിലേന്തിയാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ തലയെടുപ്പോടെ മുന്നിട്ടുനിൽക്കുന്ന അമേരിക്കയിലേക്കുള്ള പ്രയാണം ആരംഭിച്ചത്. എന്നാൽ വർണ്ണവെറിയും വംശീയതയും മുസ്‌ലിം വിരോധവും അടിഞ്ഞുകൂടിയ ചളിക്കുണ്ടിലാണ് അവർ അകപ്പെട്ടതെന്ന് തിരിച്ചറിയാൻ അധികസമയം എടുക്കേണ്ടി വന്നില്ല. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി തോമസ് എഡിസൺ കോളേജിൽ ചേർന്ന ദിവസം, തലക്കുമീതെയും മുട്ടിനു താഴെയുമുള്ള തൻറെ വസ്ത്ര ധാരണയിൽ പൊറുതിമുട്ടി ചില സാമൂഹ്യവിരുദ്ധർ നീചമായ പ്രവർത്തികളോടെയാണ് അവരെ സ്വീകരിച്ചത്. ക്ലാസിന് അകത്തും പുറത്തും മതവും വംശവും നിറവും നിരന്തരം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഇത്തരം സംഭവവികാസങ്ങളെ തുടർന്നാണ് താനുദ്ദേശിക്കുന്ന അമേരിക്ക ഇതല്ലെന്നും അതിനുവേണ്ടി ക്രിയാത്മകമായി ആസൂത്രണം ചെയ്ത നവോത്ഥാന വിപ്ലവങ്ങൾക്ക് നാന്ദി കുറിക്കൽ അനിവാര്യമായിരിക്കുന്നു എന്നും അവർ തിരിച്ചറിഞ്ഞത്.

സാമൂഹ്യ പരിഷ്കരണത്തിൻറെ ഭാഗമായി വ്യവസ്ഥാപിതമായ അപരിഷ്കൃതവും മതവിരുദ്ധവുമായ സാമൂഹ്യ ചട്ടക്കൂടുകളോട് നിരന്തരം പൊരുതിക്കൊണ്ടിരിക്കണമെന്ന ആശയവുമായാണ് പഠനശേഷം സാമൂഹ്യപ്രവർത്തന രംഗത്തേക്ക് ഇറങ്ങുന്നത്. മെനസോട്ട യൂണിവേഴ്സിറ്റിയിലേയും എജുക്കേഷൻ ഡിപ്പാർട്ട്മെന്റിലേയും കമ്മ്യൂണിറ്റി ന്യൂട്രീഷൻ എഡ്യൂക്കേറ്ററായാണ് തൻറെ ഔദ്യോഗിക കരിയറിന് തുടക്കംകുറിച്ചത്.

യു.എസ് ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് മിനസോട്ട ഹൌസ് ഓഫ് റെപ്രസന്റെറ്റിവ്സിൽ അംഗമായതിന് ശേഷമാണ് സാമൂഹ്യ സേവനം എന്നാൽ വെള്ളക്കാരുടെ (Whites) എച്ചിൽ നക്കലല്ലെന്നും മത മൂല്യങ്ങളെയും അസ്തിത്വത്തെയും അടിയറവുവെക്കാതെ ജനഹിതത്തിന് വേണ്ടിയുള്ള പോരാട്ടവും പ്രവർത്തനവുമാണെന്ന് അവർ തിരിച്ചറിഞ്ഞത്.

മുതലാളിത്തവും വർണ്ണ വിവേചനവും തീവ്രവാദ ഗൂഢാലോചനകളും (Terrorist Conspiracy) മത വിരോധവും അപനിർമാണവും അരങ്ങുതകർക്കുന്ന സമകാലിക അമേരിക്കൻ രാഷ്ട്രീയത്തിൽ മതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്വത്വ നിർമ്മാണത്തിനും സവർണ്ണ ബഹിഷ്കരണത്തിനും കീഴാള മുന്നേറ്റങ്ങൾക്കും മാതൃകയാവാൻ ഇൽഹാന് കഴിഞ്ഞിട്ടുണ്ട് എന്ന യാഥാർത്ഥ്യമാണ് ഇൽഹാൻ ഒമറിനെ അമേരിക്കയിലെ മുസ്‌ലിംകളുടെയും അഭയാർഥികളുടെയും സ്ത്രീകളുടെയും കറുത്തവരുടെയും പ്രതിസ്വരങ്ങളുടെ രൂപമാക്കി മാറ്റുന്നത്.
2017-ലാണ് ഹൌസ് ഓഫ് റെപ്രസന്റെറ്റിവ്സിൽ തിരഞ്ഞെടുക്കപ്പെട്ടത്. മാത്രമല്ല, കോൺഗ്രസിലേക്ക് വന്ന ആദ്യ രണ്ട് മുസ്‌ലിം സ്ത്രീകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. എന്നാൽ ഒരു മാസത്തിനകം തന്നെ വാഷിംഗ്ടണിലെ ഇസ്രായേലി അനുകൂലികളുടെയും റിപ്പബ്ലിക്കൻ രാഷ്ട്രീയക്കാരുടെയും മുസ്‌ലിം വിരുദ്ധരുടെയും മുഖ്യ കണ്ണുകടിയായി മാറിക്കഴിഞ്ഞിരുന്നു.

യു.എസ്. കോൺഗ്രസിൽ AIPAC-യുടെ (American Israel Public Affairs Committee) ശക്തമായ സ്വാധീനം ഉണ്ടാവുന്നത് കൊണ്ടാണ് മാനവികതക്കെതിരെ സായുധ പോരാട്ടവും ഏറ്റുമുട്ടലുകളും മിലിറ്ററി ക്യാമ്പയിനുകളുമായി മുന്നോട്ടുപോകുന്ന ഇസ്രായേലിന് അമേരിക്ക പിന്തുണ നൽകുന്നത് എന്ന ആരോപണവുമായാണ് അവർ ആദ്യമായി കോൺഗ്രസിൽ ശബ്ദമുയർത്തുന്നത്. ഈ ശബ്ദം ഏറ്റുപിടിച്ച് തെരുവുകളിലും മീഡിയകളിലും മനുഷ്യാവകാശപ്രവർത്തകരും പൊതുജനങ്ങളും പ്രക്ഷോഭത്തിനിറങ്ങിയത് ട്രംപിന് വലിയ തിരിച്ചടിയായി. ഈ സമയത്താണ് CAIR (Council on American Islamic Relations) കൂടിക്കാഴ്ചയിൽ 9/11 ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന കമന്റും കൂട്ടിച്ചേർത്ത് 9/11 ആക്രമണത്തിൽ ഇൽഹാൻ ഒമറിനും രഹസ്യമായ പങ്കുണ്ടെന്ന് ട്വിറ്റർ അക്കൗണ്ടിലൂടെ ട്രംപ് പങ്കുവെച്ചത്. പക്ഷേ ഇത് പ്രതി സ്വരത്തിൻറെ പുതു-ഉണർവായിട്ടാണ് പരിവർത്തനം ചെയ്യപ്പെട്ടത്. അവഗണനയോടെ സമീപിക്കപെട്ടിരുന്ന ഭീകരവാദവും സ്വത്വ പ്രതിസന്ധിയും മതവിരോധവും അഭയാർത്ഥി നിലനിൽപ്പും (Immigrant’s existence) വീണ്ടും ചോദ്യം ചെയ്യപ്പെടാൻ ഒരു അവസരമായി മാറി.

സ്വന്തമായി രാജ്യമില്ലാത്തവർ സഹോദരനെ കല്യാണം കഴിച്ചെന്ന രേഖയുണ്ടാക്കി അമേരിക്കയിലേക്ക് കുടിയേറിയവർ എന്നീ ആരോപണങ്ങളുങ്ങളുമായി തെരഞ്ഞെടുപ്പ് സമയത്തും ട്രംപ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ മിനസോട്ടയിലെ റിപ്പബ്ലിക് പ്രതിനിധിയും ട്രംപിൻറെ അടുത്ത അനുയായിയുമായ ലാസി ജോൺസിനെ 64.5 ശതമാനം വോട്ടോടെ 38 വയസ്സുകാരിയായ ഇൽഹാൻ ഒമർ പരാജയപ്പെടുത്തിയെന്നത് ട്രംപിൻറെ ആരോപണങ്ങളൊന്നും ഫലം കണ്ടിട്ടില്ല എന്നതിനെ ദൃഢീകരിക്കുന്നുണ്ട്.

രാഷ്ട്രീയാധികാര സമയത്ത് വ്യത്യസ്തമേഖലകളിൽ നൂതനമായ പരിഷ്കരണങ്ങൾ കൊണ്ടുവരാൻ ഇൽഹാൻ ഒമറിന് സാധിച്ചിട്ടുണ്ട്. സ്ത്രീ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും സമൂഹത്തെ സേവിക്കുന്നതും നീരസത്തോടെ നോക്കിക്കണ്ടിരുന്ന അപരിഷ്കൃത സാമൂഹികഘടനകളെ തിരുത്താൻ ഇൽഹാന് സാധിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി വായ്പ തള്ളിക്കളയുകയും, 125000 ഡോളറിനു താഴെ വരുമാനമുള്ള വിദ്യാർഥികൾക്ക് എല്ലാ കോളേജുകളിലും സൗജന്യ ട്യൂഷൻ നടപ്പിലാക്കുകയും, ഉച്ചഭക്ഷണം തടഞ്ഞ് ശിക്ഷ നൽകുന്ന അപരിഷ്കൃത മുറകളെ നിരോധിക്കുകയും വർണ്ണ ദേശ മതങ്ങൾക്കതീതമായി മെഡിസിൻ ഫോർ ഓൾ എന്ന നിയമം നടപ്പിലാക്കുകയും ചെയ്ത നടപടി ഇതിൽ ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. മാത്രമല്ല, അഭയാർഥികളെയും വിദേശികളെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടിലാക്കുന്ന ട്രംപിൻറെ സമീപനങ്ങളെ അക്ഷരാർത്ഥത്തിൽ വിമർശന വിധേയമാക്കി പ്രതിഷേധ സ്വരം തീർക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 2019-ൽ മെക്സിക്കൻ അതിർത്തി പ്രദേശങ്ങളിൽ അമേരിക്ക സ്വീകരിച്ച ക്രൂര നിലപാടുകൾ ‘വംശീയവും പാപവുമാണ്’ (Racist and Sinful) എന്ന മുദ്രാവാക്യത്തോടെയാണ് ഇൽഹാൻ ഒമർ അഭിസംബോധന ചെയ്തത്.

‘ഞാൻ അടച്ചു തീർക്കുന്ന ടാക്സ് മുഴുവനും യമനിലെ കുട്ടികളെ കൊല്ലാൻ വേണ്ടിയുള്ള ബോംബ് നിർമാണത്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്നോർത്ത് എൻറെ മനസ്സ് നീറുന്നു’ എന്ന തൻറെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ പ്രചുര പ്രചാരം ലഭിച്ചതുകൊണ്ടുതന്നെയാണ് അമേരിക്കൻ ഗവൺമെന്റ് വിദേശ രാജ്യങ്ങളുടെ യുദ്ധത്തിനുവേണ്ടി നൽകുന്ന ഫണ്ടിങ് ലഘൂകരിച്ചത്.

മാത്രമല്ല, മത വേഷമണിഞ്ഞ് ഇസ്‌ലാമികരാജ്യങ്ങളിൽ കപട നാമധാരികൾ നടത്തുന്ന വംശഹത്യകൾക്കും കൂട്ടക്കൊലകൾക്കും പിന്നിൽ പ്രവർത്തിക്കുന്ന അമേരിക്കയുടെ ഇരുണ്ട കൈകളെ വെളിപ്പെടുത്താനും ഒരു പരിധിവരെ സഹായകമായിട്ടുണ്ട്.
മാനുഷികമൂല്യങ്ങൾ ഹനിക്കപ്പെടുന്ന എല്ലാവിധ സാമൂഹിക വ്യവസ്ഥിതികളോടും രാഷ്ട്രീയ മുന്നേറ്റങ്ങളോടും കറകളഞ്ഞ നിലപാട് തന്നെയാണ് അവർ സ്വീകരിച്ചത്. അമേരിക്ക ഇറാനെതിരെ സ്വീകരിക്കുന്ന ഉപരോധവും മറ്റു സാമ്രാജ്യത്വ ശക്തികളോടുള്ള ഏറ്റുമുട്ടലുകളും, ശത്രുതയും വെറുപ്പും ഭീതിയും വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപകരിക്കുക എന്നാണ് ഇൽഹാൻ ഒമറിന്റെ നിരീക്ഷണം. മാത്രമല്ല, തുർക്കി കുർദുകളോട് സ്വീകരിക്കുന്ന ആക്രമണോത്സുകതയും ശത്രുതാ മനോഭാവവും അവസാനിപ്പിക്കാൻ വേണ്ടിയും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മതത്തിൻറെ പേരിൽ അടിച്ചമർത്തുന്ന ഉയ്ഗൂർ മുസ്‌ലിംകൾക്ക് വേണ്ടിയും പ്രതിഷേധ വലയം തീർക്കൽ ഓരോ പൗരനും അനിവാര്യമാണെന്ന് ഇൽഹാൻ ഒമർ നിരീക്ഷിക്കുന്നുണ്ട്.
ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ Two State solution- ാണ് സമാധാനം കൈവരിക്കാനുള്ള ഏക മാർഗ്ഗമെന്ന അവരുടെ കാഴ്ചപ്പാട് മനുഷ്യത്വപരമായതുകൊണ്ടുതന്നെ പല സാമൂഹ്യപ്രവർത്തകരുടെയും കൈയ്യടി വാങ്ങി. അതോടൊപ്പം തന്നെ ഇസ്രായേൽ അധീന വെസ്റ്റ് ബാങ്കിൽ പുതിയ സെറ്റിൽമെൻറ് ബിൽഡിങ്ങിനെയും അവർ വിമർശിക്കുന്നുണ്ട്. ഈ പ്രസ്താവനയെ തുടർന്നാണ് 2019 ഓഗസ്റ്റിൽ അവർക്ക് പ്രവേശന വിലക്കുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തിറങ്ങിയത്. പക്ഷേ അതൊന്നും മുഖവിലക്കെടുത്തില്ലെന്ന് മാത്രമല്ല ഫലസ്തീനികൾക്കും മുസ്‌ലിം ഭൂരിപക്ഷ ദരിദ്ര രാജ്യങ്ങൾക്കും വേണ്ടിയുള്ള സേവനം അവർ ശക്തിപ്പെടുത്തി കൊണ്ടിരുന്നു.

ഇസ്‌ലാമിൻെറയും കറുത്തവരുടെയും അഭയാർഥികളുടെയും സ്വരമായി മാറിയതിനു ശേഷം അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നും ഇൽഹാൻ ഒമറിന് വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട് എന്നത് അവരുടെ നിലനിൽപ്പ് എത്രത്തോളം ഭീകരമായ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത് എന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് “ട്രംപ് വൈറ്റ് ദേശീയത (White Nationalism) പരിപോഷിപ്പിക്കുന്നു” എന്ന തൻറെ പ്രസ്താവനയെ തുടർന്ന് ട്രംപ് The squad go back to the places from which they came എന്ന സ്വരം ഉയർത്തിയത്. സയൻസ് റിസർച്ച് കൗൺസിലിന്റെ പഠനമനുസരിച്ച് 2018ലെ തിരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം സ്ഥാനാർഥികൾക്കെതിരെ വന്ന 1,13000 ട്വീറ്റുകളിൽ 90000 ട്വീറ്റുകളും ഇൽഹാൻ ഒമറിന്റെ മതത്തെയും അസ്തിത്വത്തെയും ചോദ്യം ചെയ്യുന്നതായിരുന്നു. മതവും വർണ്ണവും വംശവും സാമൂഹികജീവിതത്തിലെ പുരോഗമനത്തിന് വിലങ്ങുതടിയല്ലെന്നും അവക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങൾക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കണമെന്നാുമാണ് ഇൽഹാൻറെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെയാണ് 2017-ൽ ടൈംസ് മാഗസിൻ ലോകത്തെ മാറ്റിമറിക്കുന്ന സ്ത്രീകളിൽ ഇൽഹാൻ ഒമറിനെയും ഉൾപ്പെടുത്തിയത്.

By ഹംസ സ്വാലിഹ്

PG Student, Dept. of Civilizational Studies, Darul Huda Islamic University