ബാബരി ധ്വംസനം: “ഞാനതിൽ അഭിമാനിക്കുന്നു”

1992 ഡിസംബർ 7 ആം തിയതി ലക്‌നൗവിൽ നിന്ന് ഡൽഹിയിൽ എത്തിയ ശ്രീമതി ഉമാഭാരതിയോട് അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവത്തകർ ബാബരി ധ്വംസനത്തെകുറിച്ചു ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇപ്രകാരം ആയിരുന്നു “ഞാനതിൽ അഭിമാനിക്കുന്നു”.

ഉമാഭാരതിയെ പോലുള്ളവരുടെ അഭിമാനബോധം മുസ്‌ലിംകളുടെ, ദളിതരുടെ, കമ്മ്യൂണിസ്റ്റുകളുടെ, ക്രൈസ്തവരുടെ, അവർണ്ണരുടെ, ദ്രാവിഡരുടെ, മതേതര വിശ്വാസികളുടെ ബോധത്തെ തീർച്ചയായും ഉണർത്തേണ്ടതുണ്ട്. പ്രത്യേകിച്ചും മുസ്‌ലിംകളുടെ. കാരണം, മുസ്‌ലിംകളാണല്ലോ ഹിന്ദുത്വ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമതായി ഉള്ളത്. അതിജീവനത്തിന് പ്രതിരോധ മാർഗ്ഗത്തേക്കാൾ മുഖ്യമാണ് വേട്ടക്കാരന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള ജ്ഞാനം.

ബാബരി ചരിത്രം കോടതി വിധിവരെ വിശകലനം ചെയ്യുന്നതും അതിൽ നിന്ന് പാഠം ഉൾകൊള്ളുന്നതും ഫാഷിസത്തിൽ നിന്നുള്ള അതിജീവനത്തിന്റെ മാർഗ്ഗങ്ങൾക്ക് ശക്തി പകരും. ബാബരി ധ്വംസനദിനം കേവലം ഇന്ത്യൻ മതേതരത്വത്തിന്റെ ഒരു ഇരുണ്ട അധ്യായം മാത്രമല്ല, മറിച്ച് അത്l ഇന്ത്യയുടെ ധ്വംസനത്തിന്റെ മൂലരൂപമാണ്. ബാബരി ധ്വംസനത്തിന് അവർ ഉപയോഗിച്ചിട്ടുള്ള രീതിശാസ്ത്രം പരിശോധിച്ചാൽ ബാബരിയുടെ സ്ഥാനത്ത് ഹിന്ദുത്വവാദികൾ അവർക്ക് അനഭിമതമായ ഏതൊരു സംഗതിയെ പ്രതിഷ്ഠിച്ചാലും അതിന്റെ അടിമത്വവും (enslavement) അതു വഴി അതിന്റെ ഉന്മൂലനവും (elimination) സാധ്യമാകും.

ആദ്യം അവർ ലക്ഷ്യംവെക്കുന്ന സംഗതിയെ കുറിച്ചുള്ള മിത്തുകൾ (myth) പടച്ചുവിടും. അത് കേവലം ഒരു കെട്ടുകഥ മാത്രമാകില്ല. മതവുമായും ആചാരവുമായും സംസ്കാരവുമായും അവസാനം അഭിമാനവുമായും അവയെ ബന്ധപ്പെടുത്തിയിരിക്കും. അഭിമാനത്തിന് ക്ഷതം സംഭവിച്ചാൽ നിഷ്പക്ഷമതികളായ ആളുകൾ പോലും ഒടുവിൽ ഈ നികൃഷ്ഠ പദ്ധതിക്ക് അനുകൂലമായി തീരും. ബാബരിയുടെ കാര്യത്തിൽ ഇത്തരം കെട്ടുകഥകളുടെ ഒരു മഹാ പ്രളയം തന്നെ ഹിന്ദുത്വവാദികൾ അഴിച്ചു വിട്ടിരുന്നു. നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം മസ്ജിദ് പണികഴിപ്പിച്ചത് 1528-1529 കാലയളവിലാണ്. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഗോസ്വാമി തുളസിദാസ്‌, അറിയപ്പെടുന്ന രാമ ഭക്തൻ, തന്റെ പ്രസിദ്ധമായ രാമചരിതമാനസത്തിൽ പോലും ബാബരിയെ കുറിച്ചോ തർക്കഭൂമിയെ കുറിച്ചോ പരാമർശിക്കുന്നില്ല. അക്കാലത്തെ മറ്റു കൃതികളിലും രാമക്ഷേത്രത്തെ കുറിച്ചുള്ള പരാമർശമില്ല.

ഹിന്ദുത്വവാദികൾ ഈ സത്യത്തെ അട്ടിമറിച്ചുകൊണ്ട് ഒരു പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട്. ആ സിദ്ധാന്തത്തിൽ താങ്കളുടെ ഏറ്റവും വലിയ ശത്രുവായി ചിത്രീകരിക്കുന്ന ഔറംഗസീബിനെ (1658 – 1707) ആണ് പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നത്. രാമൻ ജനിച്ചതെന്ന് കരുതപ്പെടുന്ന വീടുകൾ അദ്ദേഹം തകർക്കുകയും തൽസ്ഥാനത്തു ഒരു മസ്ജിദ് നിർമിക്കുകയും ചെയ്തു എന്നാണ് ആ സിദ്ധാന്തം. അതിന് അവർ കൂട്ടുപിടിക്കുന്നതോ Jesuit Missionary ആയ Joseph Tiefenthaler ന്റെ (1743 – 1785) പഠനങ്ങൾ ആണ്. തർക്കഭൂമിയുടെ ആദ്യത്തെ ഹിന്ദു മുസ്ലിം കലാപം നടക്കുന്നത് 1853 ൽ ആണ്. ഈ സിദ്ധാന്തത്തിന് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബ്രിട്ടീഷ് രാജും ആളും അർത്ഥവും നൽകി പ്രോത്സാഹിപ്പിക്കുക ആയിരുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത അനവധി കെട്ടുകഥകൾ ഫാഷിസ്റ്റ് – ആര്യൻ രാഷ്ട്രീയ സൈദ്ധാന്തികരായ ഫ്രെഡ്രിക് നിഷെ തുടങ്ങി വി ഡി സവർക്കർ, എം സ് ഗോൾവാൾക്കർ മുതലായവർ പടച്ചുവിടുന്നുണ്ട്. ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു, ഉദാഹരണത്തിന് ലൗ ജിഹാദ്, ക്രിസ്ത്യൻ മിഷനറിമാർക്ക് എതിരെയുള്ള ആരോപണങ്ങൾ.

കെട്ടുകഥകൾക്ക് നേരത്തെ സൂചിപ്പിച്ചതു പോലുള്ള വ്യാജ തെളിവുകളും വാദങ്ങളും ഇടക്കിടെ സമൂഹത്തിന്റെ പൊതുബോധത്തിൽ സ്ഥാപിച്ചെടുക്കും. അതിന് അവർ ഏതറ്റം വരെയും പരിശ്രമിക്കും രാജ്യത്തിന്റെ ശത്രുവിനോട് പോലും കൈകോർക്കും. ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ഘോഷിക്കുന്ന 1857 ലെ സമരത്തിന് ശേഷമുള്ള ചരിത്രം അത് കൂടുതൽ വ്യക്തമാക്കി തരുന്നുണ്ട്. അവിഹിത മാർഗ്ഗത്തിലൂടെ സത്യമായി സ്ഥാപിച്ചെടുക്കുന്ന കെട്ടുകഥകളെ വിമർശിക്കുന്നവരെയും എതിർവാദം ഉന്നയിക്കുന്നവരെയും വളരെ എളുപ്പത്തിൽ രാജ്യദ്രോഹികളായും തീവ്രവാദികളായും മുദ്രകുത്തപ്പെടും. പൊതുവെ അസംഘടിതമായ ഇരകൾ അതിനു തുനിയാറില്ല. ഇനി എതിർക്കുന്നവർ ഇരയുടെ ഗണത്തിൽ പെടണം എന്നൊന്നും ഇല്ല ഈ മുദ്രകൾ ചാർത്തി നൽകാൻ.

കെട്ടുകഥകൾ (myth) സത്യമായി സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ ഇരയുടെ ധാർമ്മികാധഃപതനം (degeneration) ആണ് അടുത്തത്. അവരുടെ മനസ്സുകളിൽ പോലും സംശയത്തിന്റെ കൂമ്പാരം സൃഷ്ടിക്കും. പുറകെ സഹകരണത്തിന്റെ സമാധാനത്തിന്റെ വാതിലുകൾ തുറന്നിടും. ബാബരിയുടെ കാര്യത്തിൽ 1949 ൽ രാമന്റെ വിഗ്രഹം അഖില ഭാരതീയ രാമായണ മഹാസഭ ഒമ്പത് ദിന രാമായണ പാരായണത്തിന് ശേഷം പ്രതിഷ്ഠിച്ചപ്പോൾ മുതൽ ബാബരിയുടെ ധാർമ്മികാധഃപതനത്തിന് തുടക്കമായി. ആ ഉദ്യമത്തിന് സാധ്യമാകുന്ന അളവിൽ നിലവിൽ ഉള്ള ഭരണസംവിധാനങ്ങളെയും ഉപയോഗപ്പെടുത്തും. പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ കല്പന പോലും വളരെ ദുർബല വാദങ്ങൾ നിരത്തി തള്ളാൻ കെൽപ്പുള്ള മലയാളിയായ ഡെപ്യൂട്ടി കമ്മീഷണർ ആയ കെ കെ നായർ ആയിരുന്നു അന്നവർക്ക് പ്രാപ്യമായ ഭരണ സംവിധാനം. കുഴപ്പങ്ങൾ സൃഷ്ട്ടിക്കുകയും അതിന്റെ പരിഹാര ചർച്ചകളിലൂടെ തങ്ങൾക്ക്  നേട്ടം ഉണ്ടാക്കുകയും ഇരയുടെ മേൽ അധിനിവേശത്തിലൂടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ധാർമ്മികാധഃപതനത്തിന്റെ ആദ്യ ഘട്ടം. ഇരയുടെ നീതി ബോധത്തിന് മേൽ സമാധാനമെന്ന കാർമേഘത്തിന്റെ വിരിപ്പ് പുതപ്പിച്ചു കൊണ്ടായിരിക്കും ഈ ഘട്ടത്തിന്റെ തുടക്കം. പൊതുവെ അവർ ഉന്നയിക്കുന്ന വാദങ്ങൾ ഈ സ്വഭാവത്തിൽ ഉള്ളവയായിരിക്കും. നമുക്ക് ഒന്നിച്ചു മുൻപോട്ട് ഗമിച്ചുകൂടെ? രാജ്യത്തിന്റെ സമാധാനത്തിന് ചെറിയ വിട്ടു വീഴ്ചകൾ ചെയ്തുകൂടെ? ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം നിങ്ങൾക്ക് നിങ്ങളുടേതും നിലനിർത്തികൂടെ?..

1950 ൽ ഗോപാൽ സിംഗ് വിശാരദ് എന്ന വ്യക്തി വഴി ഫൈസാബാദ് കോടതിയിൽ ഹിന്ദുക്കൾക്ക് രാമനെയും സീത ദേവിയെയും ആരാധിക്കാൻ ഉള്ള അനുവാദം നൽകണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള ഹരജി സമർപ്പിച്ചു. പൊതുവെ ഇത്തരം ഹരജികൾക്ക് സംയമനത്തിന്റെയും ഐക്യത്തിന്റെയും പൊയ്മുഖം ആണ് ഉള്ളതെങ്കിലും യഥാർത്ഥത്തിൽ ബാബരിയുടെ സ്വത്വത്തിനു മേൽ ഉള്ള കടന്നാക്രമണം ആണ് ഇത്.

പൊതുമണ്ഡലത്തിൽ കെട്ടുകഥകളും സഹകരണത്തിന്റെ മുഖമുള്ള അധിനിവേശവും സ്ഥാപിതമായാൽ വേട്ടക്കാരൻ ഇരവാദം ഉന്നയിക്കുന്നത് കാണാം. പിന്നീടങ്ങോട്ട് ഉടമസ്ഥാവകാശം അഥവാ ഇരയുടെ അടിമത്വം സ്ഥാപിച്ചെടുക്കാൻ ഉള്ള ശ്രമങ്ങൾ ആയിരിക്കും. 1959 ൽ നിർമോഹി അഖാര വഴി ആണ് ബാബരിയുടെ കാര്യത്തിൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ഉള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. യഥാർത്ഥ ഇര ഇത് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകി കഴിഞ്ഞിരിക്കും. മാത്രവുമല്ല അവരുടെ ധാർമ്മിക സ്വത്വ നിലവാരവും താഴേക്ക് പതിച്ചിരിക്കും. ബാബരിയുടെ മേൽ അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് ഉണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇതിനോടകം നഷ്ടപ്പെട്ടിരുന്നു. അതിന്റെ നിയന്ത്രണം ഹിന്ദുത്വ – ഭരണ സംവിധാനങ്ങൾ സംയുക്തമായി ആണ് നടത്തി പോന്നിരുന്നത്.

ഇത്തരത്തിൽ അടിമത്വം പൂർണ്ണമായാൽ ഉന്മൂലനത്തിന്റെ കർമ്മ പരിപാടികൾ തുടക്കം കുറിക്കും. ബാബരി സമ്പൂർണ്ണ ഉന്മൂലനത്തിൽ ആണ് അവസാനിച്ചതെങ്കിലും എല്ലാറ്റിലും അത് ഉണ്ടാകണം എന്നില്ല പ്രത്യേകിച്ച് സമൂഹങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ പക്ഷേ ഭാഗികമായ ഉന്മൂലനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സമൂഹങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തിൽ സമ്പൂർണ്ണ ഉന്മൂലനം സാധ്യമാകില്ല എന്ന ഒറ്റ കാരണത്താൽ ആണ്.

ബാബരി ധ്വംസനം നടക്കുന്ന സന്ദർഭത്തിൽ മുസ്ലിം സമുദായത്തിന്റെ മാനസിക നില പരിശോധിച്ചാൽ ബാബരിയുടെ ഡീജനെറേഷന്റെ തോത് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. 1989 ൽ മുതൽ നടന്നു വന്നിരുന്ന കർസേവയെ തടയാനോ ചെറുക്കാനോ കാര്യക്ഷമമായ സംഘടിത ശ്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് ഒരു പ്രശ്നം ആയിട്ടു പോലും അവരുടെ കണ്ണുകൾക്ക് കാണാൻ സാധിച്ചില്ല. ബാബരി മുസ്‌ലിംകളിൽ നിന്ന് പൂർണ്ണമായും വിഘടിപ്പിച്ചിരുന്നു. ബാബരിയുടെ കാര്യത്തിൽ അവർ പൂർണ്ണമായും അടിമപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ന് ഇപ്പോൾ തകർച്ചക്ക് ശേഷം ഡിസംബർ ആറുകൾ കൊണ്ടാടിയിട്ടും അടിമത്തബോധത്തിൽ നിന്ന് കുതറിമാറാനുള്ള ശ്രമങ്ങൾ വളരെ വിരളമാണ്. ഇരയുടെ അടിമത്വത്തിന് മുകളിൽ ചവിട്ടി നിന്ന് കൊണ്ടാണ് ഉമാഭാരതിയെ പോലുള്ളവർ അവരുടെ അഭിമാന/ ഉടമസ്ഥ മനോഭാവം പ്രഖ്യാപിക്കുന്നത്.

മതേതരത്വത്തിന്റെ കാവലാൾ എന്ന്  വിശ്വസിച്ചിരുന്ന കോടതിയിൽ നിന്ന് ബാബരി വിധികളുടെ പരമ്പര പരിശോധിച്ചാൽ ഹിന്ദുത്വ തീവ്രവാദികൾ കോടതിയെ എങ്ങനെയാണ് ഉപയോഗിച്ചത് എന്ന് കാണാം. അനുകൂല കാലം ആസന്നമാകുന്നതുവരെ കോടതി വ്യവഹാരങ്ങൾ നീട്ടി കൊണ്ടു പോകും. 2019 ൽ പുറത്തു വന്ന വിധിയിൽ ഞെട്ടലുളവാക്കിയവർ ബാബരിയിൽ നിന്ന് ഒന്നും പഠിച്ചില്ല എന്ന് പറയുകയല്ലാതെ നിർവാഹമില്ല. അത് വളരെ വ്യക്തമായി കമ്മ്യൂണിസ്റ്റ് നേതാവ് എം സ്വരാജ് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഹിന്ദുത്വവാദികളുടെ ഹിറ്റ്ലിസ്റ്റിൽ സമൂഹങ്ങളും സമുദായങ്ങളും മാത്രമല്ല അവരുടെ ചിഹ്നങ്ങളും സ്‌തൂപങ്ങളും ശ്മശാനങ്ങളും വരെ ഉൾപ്പെട്ടിട്ടുണ്ട്. അങ്ങനെ ചരിത്രം തന്നെ മായ്ച്ചു കളയാൻ ആണ് അവർ ലക്ഷ്യംവെക്കുന്നത്. ഒരു കാര്യത്തെ അടിമപ്പെടുത്താൻ അവർ തീരുമാനിച്ചു കഴിഞ്ഞാൽ ആദ്യം അതിനെ കുറിച്ചുള്ള മിത്തുകൾ (കെട്ടുകഥകൾ) പടച്ചുവിടും പിന്നീട് ആ കെട്ടുകഥകൾ സത്യമായി പൊതുബോധത്തിൽ സ്ഥാപിച്ചെടുക്കും. അത് ഒരു ചരിത്ര സത്യമായി അവതരിപ്പിക്കും. ഇപ്പോൾ രാമനെയും മുൻപ് ബംഗാളിൽ വിഷ്ണുവിനെയും അവതരിപ്പിച്ചത് പോലെ. ഇരയുടെ ധാർമ്മികാധഃപതനം ആണ് അടുത്തത്. ശേഷം അടിമത്വവും ഉന്മൂലനവും. ഇതാണ് എക്കാലത്തും തുടർന്നിരുന്നതും ഇപ്പോഴും തുടരുന്നതും ആയ രീതിശാസ്ത്രം. അത് ജർമനിയിലോ യൂറോപ്പിലോ ഇന്ത്യയിലോ ബ്രസീലിലോ എവിടെ ആണെങ്കിലും.

ഹിന്ദുത്വവാദികൾ എന്നും സ്വികരിച്ചു പോന്നിരുന്ന ഒരു സിദ്ധാന്തമാണ് “you choose your battle” എന്നത്. നമ്മൾ ഈ അടുത്ത കാലത്തെ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അത് കൂടുതൽ വ്യക്തമാകും. രാജ്യം എന്നും വലിയ പ്രതിസന്ധികളിൽ ഉലയുമ്പോൾ രാജ്യത്തിനോ സമൂഹത്തിനോ ഒരു ഗുണവും നൽകാത്ത കേവല യുക്തിക്കു പോലും നിരക്കാത്ത വിവാദങ്ങൾ ഫാഷിസ്റ്റ് കേന്ദ്രങ്ങൾ പടച്ചു വിടുന്നത് കാണാം. മിക്കപ്പോഴും ഫാഷിസ്റ്റ് വിരുദ്ധർ ഈ ചതിക്കുഴിയിൽ വീഴുന്നു. അതിജീവനത്തിന് വേട്ടക്കാരന്റെ രീതിയും തത്വവും നല്ലതുപോലെ ഗ്രഹിക്കേണ്ടത് വളരെ പ്രാധാന്യം ഉള്ള വിഷയം ആണ്. മഹാനായ പ്രവാചകൻ മുഹമ്മദ് നബി നമ്മെ ഓർമപ്പെടുത്തുന്നു, സംഭവിച്ച വീഴ്ച്ചകളിൽ നിന്ന് പാഠം ഉൾകൊള്ളുന്നവർ ആണ് വിശ്വാസികൾ. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കഴിഞ്ഞു പോയ വീഴ്ച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ട് പദ്ധതികളും കർമ്മപരിപാടികളും രൂപം നൽകേണ്ടതുണ്ട്.

“The future belongs to those who prepare for it today” – Malcom X.

By നബ്ഹാൻ സെയ്ദ് കോളത്തോട്