ആസാദി എന്നത് ഇന്ത്യൻ തെരുവുകൾക്ക് പുതുമയുള്ള ഒരു വാക്കല്ല. ഇറാൻ വിപ്ലവത്തിൻ്റ മുദ്രാവാഖ്യമായിരുന്ന ആ മുദ്രാവാക്യത്തിൻ്റെ നാൽപതാം വാർഷികം ഈ അടുത്താണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ മൂന്ന് ദശകങ്ങളായി കശ്മീർ തെരുവുകളിൽ മുഴങ്ങികേട്ട ആ ഐതിഹാസികമായ മന്ത്രം ഹിന്ദു ദേശീയതക്കെതിരെ ഇന്ത്യയിൽ മുഴുക്കെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികരണത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിൻ്റെയുമെല്ലാം പ്രതീകമായി, വെറുപ്പിൻ്റെ അപമർദ്ദം നിറഞ്ഞ ഇന്നലെകളിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് നവോന്മേഷത്തിൻ്റെ ഊർജ്ജം പകർന്ന ആ അക്ഷരങ്ങൾ കോവിഡാനന്തര രാഷ്ട്രീയ ചർച്ചകളിൽ ഒരിടം അർഹിക്കുന്നുണ്ട്. തീവ്ര വലത് സമീപനങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാമൂഹിക ഘടനക്കും അവ ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയത്തിനുമെതിരെ സംഘബോധത്തിൻ്റെ പരിഹാരം നിർദ്ദേശിക്കുകയും അതിനെ പ്രായോഗികവത്കരിക്കുകയും ചെയ്ത ആ വാക്കിൻ്റെ രാഷ്ട്രീയം വിശാല വായനകൾ അർഹിക്കുന്ന ഒന്നാണ്. ആ പ്രതിരോധ രാഷ്ട്രീയ വശങ്ങളെ ചരിത്ര, സാഹിത്യ പരിപ്രേക്ഷ്യങ്ങളെ മുൻനിർത്തി പരിശോധിക്കുകയാണ് അരുന്ധതി റോയിയുടെ ആസാദി; സ്വാതന്ത്ര്യം ഫാസിസം സാഹിത്യം എന്ന പുസ്തകം.

നൂറ്റാണ്ടുകളായി മാനവരാശിയുടെ രക്തപങ്കിലമായ പുരാവൃത്തം രൂപപ്പെടുത്തിയെടുത്ത ഭരണഘടനാവാദം അഥവാ കോൺസ്റ്റിറ്റ്യൂഷണലിസം. ഭരണഘടനയുടെ രണ്ട് ലക്ഷ്യങ്ങൾ, ഭരണകൂടത്തിൻ്റെ അധികാരങ്ങളെ നിർവചിക്കുകയും പരിമിതിപ്പെടുത്തുകയും ചെയ്യുക എന്നതും പൗരൻ്റെ അവകാശങ്ങളെ ഭരണകൂടത്തിൻ്റെ തത്വദീക്ഷയില്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതുമാണ്. ഭരണഘടന നിർണയിക്കുന്നതും നിർവചിക്കുന്നതുമായ ആ തത്വങ്ങൾക്ക് വിലക്കേർപ്പെടുത്തി പൗര നേതൃത്വം ഒരൊറ്റ ന്യായാധിപൻ്റെ കേവല ഭരണമെന്ന് വ്യാഖ്യാനിക്കുന്ന സങ്കുചിതവും അസഹനീയവുമായ രാഷ്ട്രീയ വ്യവസ്ഥക്കെതിരെ ജനാധിപത്യ ദേശരാഷ്ട്രത്തിൽ വ്യക്തിയുടെ പ്രാധാന്യം, സ്വാതന്ത്ര്യം, അവസര സമത്വം, മനുഷ്യ പുരോഗതി, സഹിഷ്ണുത, ജനാധിപത്യത്തിലുള്ള പൗരൻ്റെ വിശ്വാസം, നിയമ വാഴ്ച എന്ന പരമ പ്രധാനമായ പ്രമേയങ്ങളെ ഉയർത്തിപ്പിടിച്ച് തയ്യാറാക്കപ്പെട്ട അരുന്ധതി റോയിയുടെ ഒൻപത് ലേഖനങ്ങൾ ഉൾകൊള്ളുന്നതാണ് പുസ്തകം. 2018നും 2020നുമിടയിലെ കാലയളവിൽ തയ്യാറാക്കപ്പെട്ട പുസ്തകത്തിലെ ലേഖനങ്ങളെല്ലാം കാലികമായ രാഷ്ട്രീയ പരിഭവം പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള ക്രിയാത്മകമായ പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം ലോക സമൂഹത്തെയാകമാനം നിശ്ചലവും നിശ്ചേഷ്ടവുമാക്കിക്കളഞ്ഞ കോവിഡിനെ മറികടന്ന് കോവിഡാനന്തര ജീവിതത്തെ കുറിച്ച് ആലോചിക്കാനും കൃതി ശ്രമിക്കുന്നു.
2018 ജൂണിൽ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സാഹിത്യ വിവർത്തനത്തെ കുറിച്ച് തയ്യാറാക്കിയ അരുന്ധതി റോയിയുടെ പ്രഭാഷണമാണ് പുസ്തകത്തിലെ ആദ്യ ലേഖനം. സാമ്രാജ്യത്വത്തിൻ്റെ അവശിഷ്ടമായി ഇന്നും ഇവിടെ നിലനിൽക്കുന്ന ഇംഗ്ലീഷ് ഭാഷയുടെ വ്യാപകത്വം ഒരർത്ഥത്തിൽ നിവൃത്തികേടിൻ്റെ ഫലമാണ്. ഇവിടുത്തെ ബഹുഭാഷകളുടെ നിലനിൽപിനു വേണ്ടി ഒരു സാമ്രാജ്യത്ത്വ ഭാഷയെ ഇണക്കിചേർത്തുവെന്ന് വേണമെങ്കിൽ പറയാം. അതോടൊപ്പം ഇന്ത്യയിലെ ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വിമോചന സ്വരങ്ങൾക്ക് ശക്തി പകർന്ന വിമോചനത്തിൻ്റെ ഭാഷയായാണ് ആംഗലേയ ഭാഷയെ ലേഖനം പരിചയപ്പെടുത്തുന്നത്.
സ്ഥാപനവത്കരിക്കപ്പെട്ട അനീതിയുടെ സമ്പ്രദായങ്ങളെ വിപ്ലവകരമായി വെല്ലുവിളിച്ച ജാതി നിർമൂലനം (Annihilation of Caste) എന്ന അംബേദ്റിൻ്റെ ബൃഹത്തായ ഗ്രന്ഥം ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയിൽ രചിച്ചിരുന്നെങ്കിൽ ഇത്രമാത്രം പ്രചാരം ലഭിക്കില്ലന്ന് ലേഖനം നിരീക്ഷിക്കുന്നു. ഇക്കാര്യം ഊന്നിപറയുന്നതിനു വേണ്ടി 2011 ൽ ദലിത് ചിന്തകനായ ചന്ദ്രഭാൻ പ്രസാദ് ദലിതരുടെ അംഗലദേവിക്കായി ഒരു ഗ്രാമക്ഷേത്രം നിർമ്മിച്ചത്, ദലിത് നവോത്ഥാനത്തിൻ്റെ പ്രതീകമായാണ് ലേഖനം കാണുന്നത്. ഇത്തരത്തിലുള്ള സങ്കീർണ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തി പരിശോധിക്കുന്ന സാഹിത്യ വിവർത്തന ചർച്ചകൾക്ക് തൻ്റെ ഗോഡ് ഓഫ് സ്മോൾ തിങ്സ്, മിനിസ്ട്രി ഓഫ് അറ്റ്മോസ്സ് ഹാപ്പിനസ് എന്ന കൃതികൾ മുൻനിർത്തി കുറച്ച് കൂടി ആഴത്തിലുള്ള വായനകൾക്കും ആലോചനകൾക്കും ലേഖനം മുതിരുന്നു.
2019 ലോക്സഭാ തെരഞ്ഞടുപ്പിന് മുൻപ് കടുത്ത മോഡി വിരോധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തയ്യാറാക്കപ്പെട്ട പുസ്തകത്തിലെ ആദ്യ ലേഖനങ്ങളെല്ലാം ആ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുന്നതാണ്.
അഭിഭാഷകരുടെയും ആക്റ്റിവിസ്റ്റുകളുടെയും അറസ്റ്റ്, നോട്ട് നിരോധനം, മേക്ക് ഇൻ ഇന്ത്യയുടെ പരാജയം, ആകറ്റിവിസ്റ്റും പത്രപ്രവർത്തകയുമായ ഗൗരി ലങ്കേഷിൻ്റെ കൊലപാതകം തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ ചർച്ചകളിലൂടെയാണ് പുസ്തകത്തിൻ്റെ ആദ്യ ഭാഗങ്ങൾ സഞ്ചരിക്കുന്നത്.
ജമ്മു -കശ്മീറിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിശകലനം ചെയ്യുന്ന ‘നിശബ്ദതയുടെ പെരുമ്പറമുഴക്കം’ എന്ന ലേഖനം, ഒരിക്കലും വഴങ്ങാൻ കൂട്ടാക്കാതിരുന്ന ഒരു കോളനിയെ ഒടുക്കം ഔദ്യോഗികമായ അധികാരമുപയോഗിച്ച് വാമൂടികെട്ടി വരുതിയിലാക്കാൻ ശ്രമിക്കുന്ന അധികാരികളുടെ ചിത്രം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അറ്റ്മോസ് ഹാപ്പിനസ് എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളിലൊരാളായ അഞ്ജുവിൻ്റെ ജന്നത്ത് ഗസ്റ്റ് ഹൗസ് എന്ന ഒരു ശ്മശാന ഭുമികയും, മുപ്പത് വർഷം നീണ്ടുനിന്ന യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ ശ്മശാനഭൂമികയായി തീർന്ന കശ്മീറും പങ്കുവെക്കുന്ന ശ്മശാന സംഭാഷണങ്ങളെ കാലികവും സാങ്കൽപ്പികവുമായ ആഖ്യാന ശൈലിയിൽ തയ്യാറാക്കപ്പെട്ട ‘ശ്മശാനത്തിൻ്റെ മറുചോദ്യങ്ങൾ: വ്യാജവാർത്ത കാലത്തെ സാഹിത്യം’ എന്ന ഭാഗവും വേറിട്ടൊരു വായനാനുഭവം നൽകുന്നു.
കഴിഞ്ഞ കാലങ്ങളിൽ അക്കാദമിക്ക് ഇടങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട പൗരത്വ വായനകൾക്കും പുസ്തകം ഒരിടം കണ്ടെത്തുന്നുണ്ട്. ആസാദി വിളികൾക്ക് ഏറെ സാക്ഷിയായ പൗരത്വ സമരങ്ങളെ, ഹന്നാ ആരൻ്റിൻ്റെ “Citizenship is the right to have right” “അവകാശങ്ങൾ നേടാനുള്ള അവകാശമാണ് പാരത്വം” എന്ന നിർവചനത്തെ സാർഥമാക്കുന്ന, അവകാശ പോരാട്ടത്തിൻ്റെ പ്രതീകമായാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. വംശകേന്ദ്രീകൃത പൗരത്വ പ്രഖ്യാപനം ഇന്ത്യ മതേതരമോ സോഷ്യലിസ്റ്റോ അല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മതേതരത്വത്തെക്കുറിച്ചുള്ള പൊങ്ങച്ചം പറയൽ മാത്രമാണ് ഇക്കാലമത്രയും ഇന്ത്യയെ ഒരുമിപ്പിച്ചത്. ആ കാപട്യ വർണനക്കാണ് ഇന്ത്യ മതേതരമെന്ന ടാഗ് നൽകുന്നതും. ഫലത്തിൽ ഇന്ത്യ എന്നുമൊരു സവർണ്ണ ഹിന്ദു രാജ്യമാണെന്ന് ലേഖിക നിരീക്ഷിക്കുന്നു. ഹിന്ദു ഫാസിസ്റ്റുകൾക്ക് മുസ്‌ലിംകള്‍ എന്നുമൊരു ആഭ്യന്തര ശത്രുക്കളാണ് എന്നിരിക്കെ, നാം സ്വീകരിക്കേണ്ട നമ്മുടെ അതിഥികളാണ് മുസ്‌ലിംകള്‍ എന്ന് കരുതുന്ന ‘നല്ല മനസ്സുള്ള’ ലിബറലുകളും ഇവിടെയുണ്ട്. എന്നിരുന്നാലും അതിഥി പെരുമാറേണ്ട രീതിയും ഭാവവും ഒന്നും തെറ്റാതെ ഒരു നിയന്ത്രിത സമൂഹമായി ഇവിടെ ജീവിക്കാം. എന്നുവെച്ചാൽ മാലികാവകാശത്തിനു പോലും പൗരനേതൃത്വത്തോട് മല്ലിടേണ്ടി വരുന്ന, ജീവിതകാലം മുഴുവൻ ഭരണഘടന ഉയർത്തിപ്പിടിക്കേണ്ടി വരുന്ന ഒരു നിസ്സഹായ സമൂഹമായി ഇന്ത്യൻ മുസ്‌ലിംകള്‍ മാറുമെന്ന് സാരം. ആ അവസ്ഥയെ ‘ദേശാഭിമാനിയായ മുസ്‌ലിം’ ‘ജിഹാദിയായ മുസ്‌ലിം’ എന്ന രണ്ട് വ്യാഖ്യാനത്തോടെയാണ് അരുന്ധതി റോയി വിശദീകരിക്കുന്നത്. ഭരണഘടനയാൽ നിയന്ത്രിക്കപ്പെടാത്തതും പൊള്ളയായ ഭരണഘടനാ സ്ഥാപനങ്ങൾ മാത്രമുള്ളതുമായ ഒരു ജനാധിപത്യ ദേശ രാഷ്ട്രം, ഭൂരിപക്ഷ ആധിപത്യത്തിലേക്ക് മാത്രമേ കൂപ്പുകുത്തുകയുള്ളൂ. എന്നാൽ അതിനെതിരെ ഉയരുന്ന അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഇവിടുത്തെ ഭരണകൂടത്തിന് അപ്രിയമാകുന്നതെങ്കിൽ അതിനും തയ്യാറാണ് ഈ ജനാധിപത്യ സമൂഹമെന്ന താക്കീതോടെയാണ് പൗരത്വ വായനകൾക്ക് അരുന്ധതി റോയി അടിവരയിടുന്നത്.
ഒരു വായനക്കാരൻ എന്ന നിലയിൽ പുസ്തകത്തിൽ നിഴലിച്ചു നിൽക്കുന്ന ചില പോരായ്മകൾ ചൂണ്ടികാണിക്കാതെ വയ്യ. ആധുനിക രാഷ്ട്ര വ്യവഹാരങ്ങൾ രൂപപ്പെടുത്തിയെടുത്ത പൗരത്വ നിർമിതിയിൽ പൗരനാകാൻ കൊതിക്കുന്ന മനുഷ്യ വേവലാതികളെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്ന ‘ആസാദി’ എന്ന മുദ്രാവാക്യവുമായി പുസ്തകത്തിലെ ചില ചർച്ചകൾ നീതിപുലർത്തുമ്പോഴും പുസ്തകത്തിലെ ചില ഭാഗങ്ങൾ അതിനെ അത്രമേൽ ഗൗനിച്ചിട്ടില്ലന്ന് കാണാം. വിശപ്പ്, പട്ടിണി, ജാതി, പുരുഷാധിപത്യം, അടിച്ചമർത്തൽ ഇവയിൽ നിന്നെല്ലാമുള്ള മോചനമാണ് ആസാദിഗീതത്തിൻ്റെ പൊരുൾ എന്ന് പരാമർശിക്കുമ്പോഴും അതിനെ പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാൻ പുസ്തകത്തിനു സാധിച്ചിട്ടില്ല. ആസാദി വിളികളുടെ പശ്ചാതലത്തിൽ രചിക്കപ്പെട്ട പുസ്തകത്തിലെ ഒട്ടുമിക്ക ലേഖനങ്ങൾ പരിഗണിച്ചാവാം ആസാദി എന്ന തലക്കെട്ട് പുസ്തകത്തിന് നൽകിയത്. സമാഹാരം പൊതുവെ അത്തരം പരിമിതികളാൽ ബന്ധിതവുമാണ്. കശ്മീരിനെ വാമൂടിക്കെട്ടിയ ഈ കാലത്ത് ആ പുതിയ ഗീതകം ഇന്ത്യയിലാകമാനമുള്ള തെരുവീഥികളിൽ ഉണർത്തുപാട്ടുകളായി തീരുമ്പോൾ കശ്മീർ ജനതക്ക് അനുഭവപ്പെടുന്ന അമർഷത്തെ പുസ്തകം പരാമർശിക്കുമ്പോഴും അത് ഉയർത്തിപ്പടിക്കുന്നവർക്കു നേരെയുണ്ടാവുന്ന അധികാര വേട്ടയെ പുസ്തകം കാണാതെ പോകുന്നു.ചുരുക്കത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ക്രിയാത്മകവും നിഷേധാത്മകവുമായ പ്രതിരോധ വായനകളുടെ ഒരു സമാഹാരമെന്ന നിലയിലാണ് ആസാദി; സ്വാതന്ത്ര്യം ഫാസിസം സാഹിത്യമെന്ന പുസ്തകം ശ്രദ്ദേയമാകുന്നത്.