കമലയും ബൈഡനും: ആഘോഷങ്ങളുടെ യുക്തി

ലോകജനങ്ങളുടെ ശ്രദ്ധയേറെ ആകര്‍ഷിച്ചതും ജനങ്ങള്‍ ഏറെ സൂക്ഷ്‌മതയോടെ ഉറ്റുനോക്കുകയും ചർച്ച ചെയ്‌തതുമായ തെരഞ്ഞെടുപ്പായിരുന്നു അമേരിക്കയിലേത്. അമേരിക്കയുടെ പല നയങ്ങളും മിക്ക ലോക രാജ്യങ്ങളെയും ബാധിക്കുന്നതായതുകൊണ്ട് തന്നെ, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഈ ശ്രദ്ധ വളരെയേറെയായിരുന്നു. മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാല് വര്‍ഷത്തെ ഭരണമായിരുന്നു ഇതിന് കാരണം. ഇതുവരെ ലോകരാജ്യങ്ങളുടെ ബലതന്ത്രങ്ങളില്‍ അമേരിക്ക നിലനിര്‍ത്തിപോന്നിരുന്ന അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭാഷയെ തകിടംമറിക്കുന്ന തരത്തിലുള്ള ഭരണമായിരുന്നു ട്രംപിന്റേത്. ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരുടെ വളരെ തന്ത്രങ്ങള്‍ നിറഞ്ഞ ഭരണശൈലികളെയും ആധുനികതയുടെ മറവിലെ അധിനിവേശ വിദേശനയങ്ങളെയുമെല്ലാം ആകെ കീഴ്മേല്‍ മറിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭരണം.

ഇക്കാലമത്രയും ഒളിച്ചും മറച്ചുവെച്ചും പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം ട്രംപ് പരസ്യമായി ജനമധ്യത്തില്‍ വെച്ച് പ്രഖ്യാപിക്കാനും വിളിച്ചുപറയാനും തുടങ്ങിയതോടെ ആധുനിക അമേരിക്കന്‍ ചരിത്രത്തിലെ ഏറെ അനിശ്ചിതത്വം നിറഞ്ഞ ഭരണകാലയളവിലൂടെയായിരുന്നു അമേരിക്ക കടന്നുപോയിരുന്നത്. പരസ്യമായ ധ്രൂവീകരണ ആഹ്വാനങ്ങളിലൂടെയും വംശവെറി നിറഞ്ഞ പ്രസംഗങ്ങളിലൂടെയും പ്രത്യക്ഷമായ വംശീയ വാദങ്ങളിലൂടെയും പ്രവചനാതീതമായ നടപടികളിലൂടെയും ട്രംപ് നടത്തിയ പ്രകടനങ്ങള്‍ ലോകമെമ്പാടുമുള്ള ജനത ഏറെ ആശങ്കയോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. അമേരിക്കയില്‍ ട്രംപിന്റെ ഉയര്‍ച്ചയില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര വലതുപക്ഷ ശക്തികള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയതോടെ ലോകത്തിന്റെ ബഹുസ്വരതക്ക് തന്നെ ഭീഷണിയാവുന്ന ഒരു അടയാളമായി ഡൊണാൾഡ് ട്രംപ് മാറി.

ഇതുകൊണ്ടെല്ലാം തന്നെയായിരുന്നു സമാധാനവും ജനാധിപത്യവും ബഹുസ്വരതയും ആഗ്രഹിക്കുന്ന ലോകജനങ്ങള്‍ ഈ കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ആരായാലും വിജയിപ്പിക്കണമെന്ന് ആഗ്രഹിച്ചതും. ഇത്തരത്തിലൊരു സാഹചര്യത്തിലാണ് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആരോഹണവും കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാന വിജയവും ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ സാമൂഹ്യ-പത്ര മാധ്യമങ്ങളിലടക്കം നടന്ന ചര്‍ച്ചകളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ അമേരിക്കയില്‍ ഒരു ജനാധിപത്യ വിപ്ലവം നടന്നു എന്ന തരത്തിലുള്ള ചർച്ചകളും നിരീക്ഷണങ്ങളുമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഇത് എത്രത്തോളം ചരിത്രത്തോട് നീതി പുലര്‍ത്തുന്ന നിരീക്ഷണമാണ് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാര്‍ത്ഥികളായ ജോ ബൈഡന്റെയും കമല ഹാരിസിന്റെയും ഭരണചരിത്രം അത്ര ആശാവഹമായ ഒരു ഭാവിയുടെ ചിത്രമല്ല നമുക്ക് നല്‍കുന്നത്.

ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ അധികാരസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയിലും ലോകരാഷ്ട്രീയത്തില്‍ പ്രധാന ശക്തിയാണ് അമേരിക്ക എന്ന നിലയിലും ലോകത്തെ പ്രധാന രാഷ്ട്രീയ പ്രതിസന്ധികളില്‍ ഈ പുതിയ നേതാക്കളുടെ നിലപാട് എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് ഇസ്രയേല്‍-ഫലസ്‌തീൻ സംഘര്‍ഷമാണ്. 2017ല്‍ അമേരിക്കയിലെ ഇസ്രായേല്‍ ലോബീയിങ് ഗ്രൂപ്പായ എ.ഐ.പി.എ.സിയുടെ (അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക്ക് അഫയേര്‍സ് കമ്മിറ്റി) സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഇസ്രായേലിന് ഉറച്ച പിന്തുണ വാഗ്‌ദാനം ചെയ്‌തയാളാണ് കമല ഹാരിസ്. കേവല പിന്തുണ മാത്രമല്ല, അടുത്ത പതിറ്റാണ്ടിനുള്ളില്‍ ഇസ്രായേലിന് 38 ബില്യന്‍ ഡോളര്‍ എന്ന വലിയ തുക സൈനിക സഹായമായി നല്‍കുന്നതിനെ അവര്‍ ശക്തമായി പിന്തുണക്കുകയും ചെയ്യുകയുണ്ടായി.

ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായി 2007 ഏപ്രില്‍ മാസത്തില്‍ ‘ഞാനൊരു സയണിസ്റ്റ് ആണ്. സയണിസ്റ്റ് ആവാന്‍ ജൂതന്‍ ആവണമെന്നില്ല’ എന്ന് പ്രഖ്യാപിച്ച ജോ ബൈഡനാകട്ടെ, ഇസ്രായേല്‍ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവുമായി മൂന്നു പതിറ്റാണ്ട് കാലത്തെ സൗഹൃദവുമുണ്ട്. പിന്നീടൊരുപാട് സന്ദര്‍ഭങ്ങളിൽ അദ്ദേഹം തന്റെ ഉറച്ച ഇസ്രായേല്‍ പിന്തുണ വ്യക്തമാക്കിയിട്ടുമുണ്ട്. ഫലത്തില്‍ ഇസ്രായേല്‍-ഫലസ്‌തീന്‍ പ്രശ്‍നത്തെ കൂടുതല്‍ രൂക്ഷമാക്കിയ ട്രംപിന്റെ നടപടികളില്‍ നിന്നും ഏറെയൊന്നും വ്യത്യസ്‌തമായിരിക്കില്ല പുതിയ ഭരണകൂടത്തിന്റെ നടപടികള്‍ എന്നും വ്യക്തം. ട്രംപിനെ പുറത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെങ്കിലും ബൈഡന്‍ ഫലസ്‌തീനികള്‍ക്ക് രക്ഷകനൊന്നുമായിരിക്കില്ല എന്നാണ് ഫലസ്‌തീന്‍ രാഷ്ട്രീയ നേതാവും ഫലസ്‌തീൻ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ മുഖ്യ കമ്മിറ്റി അംഗവുമായ ഹനാന്‍ അഷ്റാവിയുടെ നിരീക്ഷണം.

കൂടാതെ, അമേരിക്കയുടെ നിര്‍ണ്ണായകമായ പല വിദേശനയങ്ങളിലും അധിനിവേശങ്ങളിലും അനുകൂല നിലപാട് എടുത്തിട്ടുള്ളവരാണ് ജോ ബൈഡനും കമല ഹാരിസും. ഉദാഹരണത്തിന്, സിറിയയിലെ അമേരിക്കന്‍ അധിനിവേശത്തിന് അനുകൂല നിലപാടെടുക്കുകയും സിറിയയിലെ അമേരിക്കന്‍ സൈനിക ബലം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രംപിന് കത്തെഴുതുകയും ചെയ്‌തിട്ടുണ്ട് കമല ഹാരിസ്. അന്നു നടന്ന ചര്‍ച്ചയിലൊന്നും തന്നെ സിറിയയിലെ മനുഷ്യ ജീവനുകള്‍ രക്ഷിക്കുക എന്നതിലുപരിയായി കൂടുതല്‍ ചര്‍ച്ചയായത് അമേരിക്കയുടെ എതിരാളികളായ ഇറാനെയും റഷ്യയെയും പരാജയപ്പെടുത്തുക എന്ന സാമ്രാജ്യത്വ യുക്തിയായിരുന്നു. ഇതോടൊപ്പം 2017ല്‍ അമേരിക്കയുടെ സൈനിക സമ്പദ് വിഹിതം വര്‍ധിപ്പിക്കുന്നതിലും ഭരണകൂടത്തിനനുകൂലമായി കമല വോട്ട് ചെയ്‌തിരുന്നു. അതേസമയം ബൈഡനാകട്ടെ, 2002ല്‍ വിദേശകാര്യ സെനറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായിരിക്കുമ്പോള്‍ സദ്ദാം ഹുസൈനെതിരെയുള്ള അമേരിക്കന്‍ ഇടപെടലിന് വേണ്ടി വാദിക്കുകയും അതിനനുകൂലമായി വോട്ട് ചെയ്യുകയും ചെയ്‌തയാളാണ്. അതുവഴിയായിരുന്നു ജോര്‍ജ് ബുഷ് ഏറെ കുപ്രസിദ്ധമായ അമേരിക്കയുടെ ഇറാഖ് അധിനിവേശം തുടങ്ങിയത്. ഒബാമയുടെ ഭരണ കാലയളവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡന്‍, ഒബാമ ഭരണകൂടം തുടങ്ങിവെച്ച ലിബിയന്‍, സിറിയന്‍ അധിനിവേശ യുദ്ധങ്ങളെയെല്ലാം പിന്തുണക്കുകയും ചെയ്യുകയുണ്ടായി.

‘ഭീകരതക്കെതിരായ യുദ്ധം’ എന്ന പേരില്‍ അമേരിക്കന്‍ ഭരണകൂടം നടത്തിയ പതിറ്റാണ്ടിലധികം നീണ്ട, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അധിനിവേശങ്ങളിലെല്ലാം തന്നെ ബൈഡന്റെ പിന്തുണയോടെയായിരുന്നു എന്നതാണ് വാസ്‌തവം. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ജീവന്‍ നഷ്‌ടമാവുകയും മധ്യേഷ്യയിലെ രാജ്യങ്ങള്‍ക്ക് രാഷ്ട്രീയ സ്ഥിരത എന്നത് വിദൂര സ്വപ്‌നമാക്കി മാറ്റുകയും ചെയ്‌ത മനുഷ്യത്വരഹിതമായ ചരിത്രമാണ് അമേരിക്കന്‍ അധിനിവേശങ്ങളുടേത്. പിന്നീട് അതില്‍ പലതിലും നിലപാട് മാറ്റുകയും അത് പിന്നെയും മാറ്റുകയുമെല്ലാം ചെയ്‌തിരുന്നെങ്കിലും, ബൈഡന്റെ പങ്ക് അനിഷേധ്യമായി തന്നെ നിലനില്‍ക്കുന്നുണ്ട്.

കമലയുടെ കാര്യത്തിലാകട്ടെ, ആഘോഷങ്ങളെല്ലാം പ്രാതിനിധ്യത്തിന്റെ പേരിലാണ്. ജമൈക്കന്‍ പിതാവിനും ഇന്ത്യന്‍ മാതാവിനും ജനിച്ച കമല, അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കക്കാരിയും ഏഷ്യന്‍-അമേരിക്കക്കാരിയും, ഇത്രയും ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന ആദ്യ വനിതയുമാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ്, ലോകത്തുടനീളം, പ്രത്യേകിച്ച് കറുത്ത വര്‍ഗക്കാര്‍ക്കിടയിലും ഇന്ത്യക്കാര്‍ക്കിടയിലുമെല്ലാം കമല ആഘോഷിക്കപ്പെടുന്നത്. ഇന്ത്യക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയെ ഇന്ത്യയില്‍ തന്നെ കറുത്ത വര്‍ഗക്കാരിയായി ആഘോഷിക്കപ്പെടുന്നതിന്റെ വൈരുദ്ധ്യത്തോടൊപ്പം തന്നെ, കമലയുടെ രാഷ്ട്രീയ-അധികാര ചരിത്രവും ഈ ആഘോഷങ്ങളുടെ യുക്തിയെ കുറിച്ച് ആലോചിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്.

കാലിഫോര്‍ണിയയിലെ ഏറെ കുപ്രസിദ്ധമായ ത്രീ സ്ട്രൈക്‌സ് നിയമത്തെ (ഒരാള്‍ മൂന്ന് കുറ്റകൃത്യങ്ങളില്‍ പെട്ടാല്‍ അയാളെ ജീവപര്യന്തം തടവിന് വിധിക്കുന്ന നിയമം) നിരന്തരം പിന്തുണച്ച കമല, അതില്‍ ഭേദഗതി വരുത്താന്‍ വിസമ്മതിക്കുകയുണ്ടായി. വെളുത്ത വര്‍ഗക്കാരേക്കാള്‍ പന്ത്രണ്ട് ഇരട്ടി കറുത്ത വര്‍ഗക്കാരെ ഇരയാക്കുന്ന ഈ നിയമം, ആഫ്രിക്കന്‍-അമേരിക്കക്കാരെ ജയിലില്‍ വർഷങ്ങളോളം പാര്‍പ്പിക്കാനുള്ള വെളുത്ത വംശീയ നിര്‍മിതിയാണെന്ന ബ്ലാക് ആക്റ്റിവിസ്റ്റുകളുടെ ആരോപണം ഏറെ ശക്തമായിരിക്കുമ്പോഴാണ് കമലയുടെ നിലപാടിനെ പരിശോധിക്കേണ്ടത്. കാലിഫോര്‍ണിയയില്‍ ഏഴ് ശതമാനം മാത്രം വരുന്ന കറുത്ത വര്‍ഗക്കാര്‍ അവിടുത്തെ ജയിലുകളില്‍ മുപ്പത് ശതമാനമുണ്ട് എന്നു തിരിച്ചറിയുമ്പോഴാണ് ഈ വ്യവസ്ഥിതിയുടെ വിവേചനങ്ങള്‍ വ്യക്തമാവുന്നത്.

പ്രിസണ്‍ ലേബര്‍ നിയമങ്ങളെ അനുകൂലിക്കുകയും അതുവഴി മുതലാളിത്ത താത്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്‌ത കമല, പോലീസ് കൊലപാതകങ്ങളെ വിചാരണ ചെയ്യുന്ന നിയമത്തെ എതിര്‍ത്തിരുന്നു. ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ അമേരിക്കന്‍ പോലീസിന്റെ വംശീയ വിവേചനങ്ങള്‍ ലോകത്തിന് കൂടുതല്‍ ബോധ്യമാവുകയും ലോകമെമ്പാടും പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ വേണം ഈ നിലപാടിനെ മനസ്സിലാക്കാന്‍.

ഫലത്തില്‍ പ്രാതിനിധ്യം കൊണ്ടുമാത്രം കാര്യമില്ല എന്നും‍, നയനിലപാടുകളാണ് പ്രധാനം എന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.‍ ട്രംപിനെ പുറത്താക്കിയ ഈ ആഘോഷങ്ങള്‍ക്കിടയിലും നമ്മള്‍ ബൈഡന്റെയും കമലയുടെയും നിലപാടുകള്‍ പരിശോധിക്കാതെ വിട്ടുപോവരുത്.

അതേസമയം തന്നെ, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു മുന്നേറ്റമാണ് മിന്നസോട്ടയെ പ്രതിനിധീകരിക്കുന്ന ഇല്‍ഹാന്‍ ഒമറിന്റെ നേതൃത്വത്തിലുള്ള നാല് വനിത രാഷ്ട്രീയക്കാരുടെ ‘ദി സ്ക്വാഡ്’ എന്ന സംഘം. ന്യൂയോര്‍ക്ക് പ്രതിനിധിയായ അലക്‌സാണ്ട്രിയ കോര്‍ട്ടസ്, മസാച്ചുസെറ്റ്സ് പ്രതിനിധിയായ അയാന്ന പ്രിന്‍സ്ലി, മിഷിഗണ്‍ പ്രതിനിധിയായ റാഷിദ ത്വാലിബ് എന്നിവരാണ് ഇല്‍ഹാനെ കൂടാതെ ഈ സംഘത്തിലെ അംഗങ്ങള്‍. കറുത്ത വര്‍ഗ-തൊഴിലാളി വര്‍ഗ-കുടിയേറ്റ, ഫലസ്‌തീനിയന്‍-മുസ്‌ലിം ഇടങ്ങളില്‍ നിന്നും വരുന്ന യുവതികളായ ഇവര്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഏറെ ആശാവഹവും അമേരിക്കയില്‍ തന്നെ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. ജനാധിപത്യത്തിന്റെ വൈവിധ്യം സംരക്ഷിച്ചുകൊണ്ടും പ്രാതിനിധ്യ സങ്കല്‍പത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള ഇവരുടെ രാഷ്ട്രീയത്തിനും ഇടമുള്ളതാണ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നതുകൊണ്ട് തന്നെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള വിമര്‍ശനം എപ്പോഴും ശരിയാവണമെന്നില്ല. ലോകരാഷ്ട്രീയം വിഭജനവാദങ്ങളുടെയും തീവ്രവലതുപക്ഷ-കുടിയേറ്റ-ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ ഈയൊരു ഭരണമാറ്റത്തിനും ഈ ചെറുസംഘത്തിനും ഏറെ പ്രസക്തിയുണ്ട് താനും. എന്നിരുന്നാലും, ഈ ആഘോഷങ്ങള്‍ അതിരുവിടാതെ, എല്ലാ അനീതിക്കും അവസാനമായെന്ന് കരുതാതെ കൂടുതല്‍ ശക്തമായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കേണ്ടവയാകേണ്ടതുണ്ട്.

By അഫീഫ് അഹ്മദ്

Graduate Student, Delhi University