തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസ് നേരിട്ട പരാജയത്തിൻ്റെ പേരിൽ മഹാ സഖ്യത്തിൽ നിന്നും പുറത്തു നിർത്തിയ അസദുദ്ദീൻ ഉവൈസിയുടെ എ ഐഎം ഐ എം നേടിയ വോട്ടുകളെയും സീറ്റുകളെയും പ്രതിസ്ഥാനത്തു നിർത്തുകയും, ബിജെപിക്ക് നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുകയാണ് ഉവൈസിയുടെ പാർട്ടിയെന്നും ആരോപണങ്ങളുയർന്നു. ആരോപണങ്ങളുടെ വസ്തുതാ വിരുദ്ധതയും കാപട്യവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വന്ന ചില പോസ്റ്റുകളാണ് താഴെ.

ശ്രുതീഷ് കണ്ണാടി

കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവർ ഇപ്പോൾ ഉയർത്തുന്ന നിലവിളികൾ ഇന്ത്യൻ ഹൈന്ദവ മതേതരത്വത്തിൻ്റെ നിലവിളികളാണ്. മുസ്‌ലിംകൾ, ദലിതർ, മറ്റു പാർശ്വവത്കൃത വിഭാഗങ്ങൾ തുടങ്ങിയവർ സ്വന്തമായി തീരുമാനങ്ങളും രാഷ്ട്രീയ കാഴ്ചകളുമില്ലാത്ത കേവല ഭൗതിക ശരീരങ്ങളാണെന്നുള്ള ജാതി-വംശീയ കാഴ്ചയിൽ നിന്നാണ് ഈ നിലവിളികൾ ഉയർന്നു വരുന്നത്. ഇന്ത്യൻ ജാതി സാമൂഹ്യ വ്യവസ്ഥ രണ്ട് ചോയ്സുകളാണ് ദലിതർക്കും മുസ്‌ലിംകൾക്കും അനുവദിച്ചിരിക്കുന്നത്. ഒന്ന്, സംഘപരിവാർ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ-ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് വിധേയപ്പെട്ട് നിശബ്ദരായി ആത്മാഭിമാനം പണയം വെച്ച് ജീവിക്കുക. രണ്ട്, കോൺഗ്രസ് ഉൾപ്പെടെയുള്ള ‘മതേതര’ കക്ഷികൾക്ക് വിധേയരായി നിലപാടുകളില്ലാതെ, വോട്ടിംഗ് ശരീരങ്ങൾ മാത്രമായി താരതമ്യേന മെച്ചപ്പെട്ടതെന്നു കരുതാവുന്ന അടിമ ജീവിതം നയിക്കുക. ചുരുക്കത്തിൽ ഫൂക്കോ പറഞ്ഞത് പോലെ docile bodies മാത്രമായി ജീവിച്ചു തീർക്കാനാണ് ഇന്ത്യൻ ദേശ രാഷ്ട്രം ദലിതരോടും മുസ്‌ലിംകളോടും പരസ്യമായി ആഹ്വാനം ചെയ്യുന്നത്. എന്നാൽ ഈ രണ്ട് ചോയ്സുകളെയും തള്ളിക്കളഞ്ഞു കൊണ്ട് സ്വതന്ത്രമായ അസ്തിത്വവും നിലനിൽപ്പും തങ്ങൾക്കുണ്ടെന്ന പ്രഖ്യാപനമാണ് ബീഹാർ തെരഞ്ഞെടുപ്പിലൂടെ ഉവൈസിയും ആസാദും വിളിച്ചു പറയുന്നത്. അതായത് ഹിന്ദുത്വത്തെ പ്രതിരോധിക്കേണ്ടതിൻ്റെയും മതേതരത്വം സംരക്ഷിക്കേണ്ടതിൻ്റെയും അധിക ബാധ്യത ചുമക്കാൻ ഞങ്ങൾക്ക് സൗകര്യമില്ലെന്നു ചുരുക്കം.

അഫ്താബ് ഇല്ലത്ത്

ഉവൈസിക്കെതിരെ നീചമായ അധിക്ഷേപങ്ങളഴിച്ചു വിടുന്ന ഈ ‘സെക്യുലറിസ്റ്റുകള്‍’ യഥാര്‍ഥത്തില്‍ അധിക്ഷേപിക്കുന്നത് ബീഹാറിലെ മുസ്‌ലിം വോട്ടര്‍മാരെയാണ്. അതിലൂടെ അവരുടെള്ളില്‍ ചീഞ്ഞളിഞ്ഞു കിടക്കുന്ന ഇസ്‌ലാമോഫോബിയയാണ് മറനീങ്ങുന്നത്. അല്‍പ്പമെങ്കിലും ബൗദ്ധിക സത്യസന്ധത അവശേഷിക്കുന്നുവെങ്കില്‍ കഴിഞ്ഞ 70 വര്‍ഷക്കാലമായി തങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നവര്‍ക്കു വേണ്ടി, മറ്റൊരു ചോയ്‌സുണ്ടെങ്കില്‍ വോട്ട് ചെയ്യാതിരുന്ന മുസ്‌ലിംകളുടെ സ്വയം തെരഞ്ഞെടുപ്പിനെ മാനിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. മുസ്‌ലിം വോട്ടുകള്‍ ഇരന്നുവാങ്ങിയതിനു പിറ്റേ ദിവസം തന്നെ സ്വന്തം പാര്‍ട്ടിക്കാരനായ താഹിര്‍ ഹുസൈനെ (മറ്റു മുസ്‌ലിംകളുടെ കാര്യം തല്‍ക്കാലം മറക്കാം) എരിതീയിലേക്കിട്ടു കൊടുത്ത കെജ്രിവാളിനെപ്പോലുള്ള നെറികെട്ടവരെയാണ് നിങ്ങള്‍ ഇക്കാലമത്രയും നല്‍കിയത്. കാര്യശേഷിയുള്ള നേതാവ് തേജസ്വി യാദവിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, പക്ഷേ ബിഹാറിൽ മുസ്‌ലിംകള്‍ക്ക് വളരെ ദയനീയമായ ചോയ്‌സുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്. കഠിനമായ സാഹചര്യത്തിനിടയിലും AIMIM നെഅഞ്ചു സീറ്റില്‍ വിജയിപ്പിച്ചതിന് ബീഹാര്‍ മുസ്‌ലിംകള്‍ കയ്യടിയര്‍ഹിക്കുന്നു.

ജംഷിദ് പള്ളിപ്രം

ഉവൈസിയാണ് തോൽപ്പിച്ചത്. കൂട്ടക്കരച്ചിൽ തുടങ്ങിയിട്ടുണ്ട്. മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായി കേരളത്തിന് പുറത്ത് മുസ്‌ലിംലീഗിനെ വരെ മുന്നണിയിൽ കൂട്ടാതെ പൂർണ്ണമായും മുസ്‌ലിംകളെ മാറ്റി നിർത്തുന്ന കോൺഗ്രസും അവരുടെ സംഖ്യങ്ങളും, അടിമകളെ പോലെ എല്ലാകാലവും മുസ്‌ലിംകളെ വോട്ട് ചെയ്യണമെന്ന് പറയുന്ന ലോജിക്കാണ് മനസ്സിലാവാത്തത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ മുസ്‌ലിംകൾക്ക് കൃത്യമായ സ്വാധീനമുള്ള സൗത്ത് ഇന്ത്യയിൽ പോലും കോൺഗ്രസ് സ്ഥാനാർഥികളിൽ മുസ്‌ലിം പ്രാതിനിധ്യം രണ്ടു പേരാണ്. ഉത്തരേന്ത്യ പിന്നെ പറയേണ്ടതില്ലല്ലോ. ഇനി കേരളത്തിലായാലും മുസ്‌ലിം ലീഗില്ലാതെ കോൺഗ്രസിനൊരു ഭരണം സ്വപ്നം കാണാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് മതേതര പാർട്ടിയെന്ന് പറയുന്ന ഈ ഹിന്ദുത്വ ലൈറ്റ് പാർട്ടി ലീഗിനെ ഒപ്പം കൂട്ടിയിട്ടുള്ളത്. കോൺഗ്രസിന്റെ ബദ്ധവൈരികളായ സിപിഎമ്മിനെ വരെ ബിഹാറിൽ ഒപ്പം കൂട്ടുമ്പോഴും നാളിതുവരെ കോൺഗ്രസിന് വേണ്ടി പണി എടുത്ത മുസ്‌ലിം ലീഗിനെ പൂർണ്ണമായും മാറ്റി നിർത്തിയതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം ലീഗ് ആദ്യം അവിടെ എസ്ഡിപിഐ ഉൾപ്പെടുന്ന മുന്നണിയുമായി അനുകൂല സമീപനം സ്വീകരിച്ചത്. ഈ അവഗണനക്കിടയിലും മുസ്‌ലിംകൾ പൂർണ്ണമായും കോൺഗ്രസിനെ പിന്തുണച്ച കർണാടകയിൽ എന്നിട്ട് എന്തുനേടി? മുസ്‌ലിം വോട്ടുകളടക്കം നേടി ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ കോൺഗ്രസ് സഖ്യം ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറി ഹിന്ദുത്വത്തെ അവിടെ അധികാരത്തിലേറ്റി. സീറ്റോ ഇനി സംഖ്യത്തിലോ ഉൾപ്പെടുത്തിയില്ലെങ്കിൽ പോലും ചുരുങ്ങിയത് മുസ്‌ലിംകൾ നൽകുന്ന വോട്ടിനോട് പോലും നീതി പുലർത്താൻ കഴിയാത്ത കോൺഗ്രസ് പാർട്ടിയുടെ അണികളാണ് ഇപ്പോൾ ഉവൈസി തോൽപ്പിച്ചെന്ന് നിലവിളിക്കുന്നത്. ഈ ഗ്രൗണ്ട് റിയാലിറ്റി തിരിച്ചറിഞ്ഞാണ് ബംഗാളിൽ മമത ബാനർജി കൃത്യമായ മുസ്‌ലിം പ്രാതിനിധ്യം തിരഞ്ഞെടുപ്പിൽ വെക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മുസ്‌ലിം അംഗങ്ങളെ പാർലമെന്റിലേക്ക് അയച്ചതും തൃണമൂൽ കോൺഗ്രസാണ്. മുസ്‌ലിംകൾക്ക് നേരിയ പരിഗണന കിട്ടുന്ന അവിടെയും ഇപ്പോൾ കോൺഗ്രസും സിപിഎമ്മും സഖ്യമുണ്ടാക്കി കുത്തിത്തിരുപ്പുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. വരുന്ന ബംഗാൾ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുദ്രാവാക്യം തന്നെ പശു സംരക്ഷകർക്ക് വോട്ട് ചെയ്യണമെന്നാണ്. ഹിന്ദുത്വത്തെ തോൽപ്പിക്കാൻ മുസ്‌ലിംകളെ പൂർണ്ണമായും മാറ്റി നിർത്തി കൊണ്ടൊരു മൃദുഹിന്ദുത്വ ഭരണം അങ്ങനെ ആരും കിനാവ് കാണേണ്ട. മുസ്‌ലിംകളെ നിങ്ങൾ പരിഗണിച്ചാൽ നിങ്ങളെ മുസ്‌ലിംകളും പരിഗണിക്കും എന്ന ബോധ്യം മതേതര മുന്നണി എന്ന് പറയപ്പെടുന്ന പാർട്ടികൾക്കുണ്ടായാൽ അത്രയും നല്ലത്.

ശ്രീജ നെയ്യാറ്റിൻകര

ഇന്ത്യയ്ക്കാവശ്യം ഫാസിസത്തെ രാഷ്ട്രീയമായി വെല്ലുവിളിക്കാൻ ശേഷിയുള്ള നേതാക്കളെയാണ്. തീവ്രവാദികളെ സഹായിക്കുന്നവർ രാജ്യസ്നേഹമില്ലാത്തവർ എന്നൊക്കെ ഫാസിസം ഒന്നലറിയാൽ അപ്പോൾ തന്നെ നിശബ്ദമാകുന്ന, പിന്നീട് മുസ്‌ലിംകളുടെ പേര് പോലും പറയാൻ ഭയക്കുന്ന രാഹുൽ ഗാന്ധിയെ പോലെയുള്ള നേതാക്കൾക്ക് ഫാസിസത്തെ രാഷ്ട്രീയമായി വെല്ലുവിളിക്കുക പോയിട്ട് ഫാസിസത്തിനെതിരെ മിണ്ടാൻ പോലും കഴിയില്ല. അവിടെയാണ് ഫാസിസത്തിന്റെ ഇരകൾക്ക് ആത്മവിശ്വാസം പകരുന്ന നിലപാടുകൾ പലപ്പോഴും ഉവൈസി സ്വീകരിച്ചിട്ടുള്ളത്. പാർലമെന്റിനുള്ളിൽ ഇപ്പറയുന്ന നേതാക്കൾ മിണ്ടാട്ടം മുട്ടിയിരുന്നപ്പോൾ ബി ജെ പി യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഉയർന്നുകേട്ട ശബ്ദമാണത്. പൗരത്വ ഭേദഗതി ബില്ലിനെ കീറിയെറിഞ്ഞ പോരാളിയാണദ്ദേഹം. ഒടുവിൽ സവർണ്ണ സംവരണത്തിൽ വരെ അദ്ദേഹത്തിന്റെ പ്രതിരോധ ശബ്ദം മുഴങ്ങി. അദ്ദേഹത്തെ ബി ജെ പി ചാരൻ എന്ന്‌ വിളിക്കുമ്പോൾ അത് വിശ്വസിക്കാനോ ഏറ്റുവിളിക്കാനോ തൽക്കാലം ഉദ്ദേശമില്ല. എന്തായാലും കോൺഗ്രസ് ചെയ്യുന്ന ചാരപ്പണി പോലെ പൂത്ത പണം വാങ്ങി ജനപ്രതിനിധികളെ സംഘ് പരിവാറിന് വിൽക്കുന്ന നെറികെട്ട പണി ഉവൈസി നടത്താത്തിടത്തോളം അദ്ദേഹത്തെ ഓഡിറ്റ് ചെയ്യാൻ നമ്മളില്ലേ.

കെ. സന്തോഷ് കുമാർ

അസറുദ്ദീൻ ഒവൈസി നേതൃത്വം നൽകുന്ന എ ഐ എം ഐ എം കോൺഗ്രസ്സിൻ്റെയോ മഹാസഖ്യത്തിൻ്റെയോ തോൽവിയ്ക്ക് കാരണമായിട്ടില്ലെന്ന് കണക്കുകളിൽ വ്യക്തമാണ്. പിന്നെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസും ഇടതുപാർട്ടികളും ഇടതുവക്താക്കളും ഈ ആരോപണം ഉന്നയിക്കുന്നത് ? ബി ജെ പിയുടെ ബി ടീമാണെന്നും ചാരനാണെന്നും ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെയാണ് ഇടതുപക്ഷവും കോൺഗ്രസും ഒവൈസിയ്ക്കെതിരെ ഇപ്പോൾ തിരിഞ്ഞിരിക്കുന്നതും ആക്രമിക്കുന്നതും. അസദുദ്ദീൻ ഒവൈസി നേതൃത്വം നൽകിയ ‘മഹാജനാധിപത്യ മതേതര മുന്നണി’യെ മഹാസഖ്യത്തിൻ്റെ ഭാഗമാക്കി നിർത്താതെ വർഗീയത ആരോപിച്ച് മാറ്റി നിർത്തുകയാണ് കോൺഗ്രസും ആർ ജെ ഡിയും ചെയ്തത്. ഒവൈസിയെ മുന്നണിയിലെടുക്കാതെ മാറ്റി നിർത്തിയവർ, അവരുടെ തോൽവിയ്ക്ക് കാരണം ഒവൈസിയാണെന്നു പറഞ്ഞു ആക്രമിക്കുന്നതിൻ്റെ വൈരുദ്ധ്യം ഇവർക്ക് മനസ്സിലാകുന്നില്ലേ! ഒവൈസിയെ മുന്നണിയിലെടുത്താൽ ഹിന്ദു വോട്ടുകൾ ഭിന്നിക്കുമെന്നു മഹാസഖ്യം കണക്കുകൂട്ടി. ആർ ജെ ഡി ജാതി രാഷ്ട്രീയ ഫോർമാറ്റ് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. കോൺഗ്രസ് മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്നാണ് ഭരിക്കുന്നത്. പക്ഷേ ഇതൊന്നും രാഷ്ട്രീയമായി കോൺഗ്രസിനും ഇടത് പാർട്ടികൾക്കും പ്രശ്നമേയായില്ല. മറ്റൊരർത്ഥത്തിൽ ഹിന്ദു പ്രീണനവും ഹിന്ദുത്വ സംഘടനകളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ നീക്ക് പോക്കും വോട്ടിംഗിൽ ഗുണപരമാകുമെന്നു കണക്കുകൂട്ടി. കോൺഗ്രസ്സിന് ദയനീയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നപ്പോൾ സൂത്രത്തിൽ രക്ഷപ്പെടാനാണ് യാതൊരു അടിസ്ഥാനവുമില്ലാതെ കോൺഗ്രസ്സിൻ്റേയും മഹാസഖ്യത്തിൻ്റെയും പതനത്തിന് കാരണം ഒവൈസിയും ഒവൈസിയുടെ “വർഗീയ” നിലപാടുകളുമാണെന്ന് ആരോപിക്കുന്നത്. ഒവൈസിയുടെ പാർട്ടി മത്സരിച്ച 24 സീറ്റുകളിൽ അഞ്ചിടത്ത് വ്യക്തമായ ലീഡിൽ വിജയിച്ചിട്ടുണ്ട്. ഒരേയൊരു മണ്ഡലമൊഴിച്ച് ( പേരിന് വേണമെങ്കിൽ അങ്ങനെ പറയാമെന്ന് മാത്രം. അവിടെ മറ്റ് സ്വതന്ത്രരും പ്രസ്ഥാനങ്ങളുമുണ്ട്, അതൊന്നും ചർച്ചയ്ക്ക് വരുന്നതേയില്ല ) ബാക്കി 18 മണ്ഡലങ്ങളിലെ വോട്ട് നില നോക്കിയാൽ കോൺഗ്രസ്സിൻ്റെയോ മഹാസംഖ്യത്തിൻ്റെയോ തോൽവിക്കും എൻ ഡി എ ഘടക കക്ഷികളുടെ വിജയത്തിനും കാരണം എ ഐ എം ഐ എം പിടിച്ച വോട്ടുകളല്ലെന്ന് ഈ മണ്ഡലങ്ങളിലെ വോട്ടു നിലയുടെ കണക്ക് നോക്കിയാൽ വ്യക്തമാകും. ഇനി കോൺഗ്രസ്സിനെ തോൽപിച്ചതാണ് പ്രശ്നമെങ്കിൽ ബി ജെ പി പക്ഷത്തേയ്ക്ക് എപ്പോൾ പോകുമെന്ന് പറയാൻ കഴിയാത്ത കോൺഗ്രസ്സിനേക്കാൾ ആയിരമിരട്ടി നല്ലത് ബി ജെ പിയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്ന ഒവൈസിയുടെ പാർട്ടി വിജയിക്കുന്നത് തന്നെയാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ 6-8 ശതമാനം വോട്ട് മാത്രമുള്ള കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചത് എന്തൊരു ആന മണ്ടത്തരമാണ്. 19 സീറ്റിൽ മാത്രമാണ് കോൺഗ്രസ്സിന് വിജയിക്കാൻ കഴിഞ്ഞത്. പിന്നാക്ക മേഖലയിൽ സ്വാധീനമുള്ള ആർ ജെ ഡി യ്ക്ക് ഒപ്പമുണ്ടായിരുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടിയെപ്പോലും ഒപ്പം നിർത്താൻ മഹാസഖ്യത്തിന് കഴിഞ്ഞില്ല. മുസ്‌ലിംകളുടെയും ദലിതരുടെയും നേതൃത്വത്തിൽ സ്വതന്ത്രമായി ഉയർന്നു വരുന്ന പ്രസ്ഥാനങ്ങളെ കോൺഗ്രസും ഇടതുപാർട്ടികളും ഭയപ്പെടുന്നു. ഈ പ്രസ്ഥാനങ്ങളോട് ആരോഗ്യപരമായ സംവാദം പോലും ഇവർ നടത്തുന്നില്ല. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് മുസ്‌ലിംകളുടെയും ദലിതരുടെയും സ്വതന്ത്രമായ ഉയർത്തെഴുന്നേൽപ്പ് ബി ജെ പിയെ സഹായിക്കാനാണെന്ന ആരോപണം ഉന്നയിച്ച് കൊണ്ടുവരുന്നത്. ഒവൈസിയുടെയോ, ബി എസ് പിയുടെയോ ആസാദിൻ്റെയോ രാഷ്ട്രീയത്തെ വിമർശിക്കാം, എതിർക്കാം. പക്ഷെ ഈ “ശുദ്ധ ഫാസിസ്റ്റ് വിരുദ്ധ” പാർട്ടികൾ ചോദിക്കുന്നത്; ഞങ്ങൾ ബി ജെ പിയോടും എൻ ഡി എയോടും മത്സരിച്ച് അധികാരത്തിൽ കേറില്ലേ, നിങ്ങൾ എന്തിനാണ് മത്സരിക്കുന്നത് ? എന്നാണ്. ഈ സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ ഇവർ അംഗീകരിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ഇന്ത്യയിലെ ദലിതർ, പിന്നാക്കക്കാർ, മുസ്‌ലിംകൾ, പാർശ്വവൽകൃതർ, കർഷകർ തങ്ങളുടെ സാമൂഹിക വിമോചനവും രാഷ്ട്രീയവും സാധ്യമാകുന്ന അധികാര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയാണ് ജനാധിപത്യ ഇന്ത്യയുടെ അതിജീവനത്തിന് അനിവാര്യം.

റെനി ഐലിൻ

ബീഹാർ എന്ന് കേൾക്കുമ്പോൾ പഴയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പടക്കുതിപ്പുകളോ, അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയൊലികളോ ഒന്നുമല്ല ആദ്യം ഓടിയെത്തുന്നത്. കുപ്രസിദ്ധമായ ഭഗൽപൂർ മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഇരയായ മലൈക ബാനു എന്ന പെൺകുട്ടിയെ അംഗഛേദം നടത്തി കിണറ്റിൽ തള്ളിയ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ക്രൂരതയാണ് ഓർമ വരുന്നത്. ഭരിച്ചത് കോൺഗ്രസാണ്, സംഘ്പരിവാറല്ല. ഇന്ത്യയിലെ കുപ്രസിദ്ധമായ മുസ്‌ലിം വിരുദ്ധ കലാപങ്ങൾ എടുത്തുനോക്കിയാൽ കോൺഗ്രസിന്റെ ചെലവിൽ ആർ എസ് എസ് ഭംഗിയായി നിർവഹിച്ചത് കാണാൻ സാധിക്കും. പക്ഷെ ഒരിക്കൽ പോലും കോൺഗ്രസ് സിഖ് സമൂഹത്തോട് ക്ഷമ ചോദിച്ചതുപോലെ മുസ്‌ലിം സമൂഹത്തോട് ഒരു രാഷ്ട്രീയ കളിയുടെ പേരിലെങ്കിലും അങ്ങനെയൊരു സാഹസത്തിനു തുനിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല, കോൺഗ്രസ് ആർ എസ് എസ് ന്റെ ഒരു ബി ടീമാണ്.

ഒരു ചെറിയ ഉദാഹരണം പറയാം. കേരളത്തിലെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്തെ ആർ എസ് എസിന്റെ സ്വന്തം കോൺഗ്രസ് മന്ത്രി ഒപ്പിച്ചുകൊടുത്ത സഹകരണ മേഖലയിലെ മൈക്രൊ ഫൈനാൻസ് പദ്ധതികളുടെ മറവിലാണ് ബിജെപി സാധാരണ ജനങ്ങൾക്കിടയിൽ പണമൊഴുക്കി ചുവടുറപ്പിച്ചുകൊണ്ട് വോട്ട് മറിക്കുന്നത്. പക്ഷെ ഇതേ മന്ത്രി അന്ന് തിരുവനന്തപുരത്തെ മുസ്‌ലിം ബെൽറ്റുകളിൽ വന്നു വോട്ടു ചോദിച്ചപ്പോൾ ഒരു തരം ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞത്. ‘നിങ്ങൾക്കു വേണമെങ്കിൽ ജയിപ്പിച്ചാൽ മതി, ഇവിടെ ബിജെ പി വന്നാൽ നിങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ? ‘ ഇതൊക്കെയാണ് കോൺഗ്രസ്.

കുറെ വര്ഷങ്ങൾക്കു മുൻപ് മഹാരാഷ്ട്രയിലെ ഒരു അഭിഭാഷക സുഹൃത്ത് (മുസ്‌ലിം) എന്നോട് പറഞ്ഞു, “ഇവിടെ വാർഡിൽ കോൺഗ്രസ് തോറ്റു; ശിവസേന ജയിച്ചു. ഞാൻ അവരുടെ ‘സന്തോഷത്തെ ‘ എതിർത്തപ്പോൾ അവരാകട്ടെ ആകെ ചൂടായി. ‘പള്ളി പൊളിച്ചപ്പോഴും മുംബൈ കത്തിയമർന്നു ഞങ്ങൾക്കെല്ലാം നഷ്ട്ടപ്പെട്ടപ്പോഴും ഈ കോൺഗ്രസ് എവിടെയായിരുന്നു?” സത്യത്തിൽ പലപ്പോഴും ഉത്തരേന്ത്യയിൽ ഉള്ളവരോട് രാഷ്ട്രീയം സംസാരിക്കുമ്പോൾ അവർ മുസ്‌ലിംകളോ ദളിതരോ ആണെങ്കിൽ കോൺഗ്രസിനെ ബിജെപിയെ പോലെയോ അല്ലെങ്കിൽ അതിനേക്കാൾ വലിയ അപകടകാരിയോ ആയിട്ടാണ് കരുതുന്നത്. നമ്മുടെ നാട്ടിൽ കോൺഗ്രസുകാർ അല്ലാത്തവർ പോലും ഹിന്ദുത്വ ഫാഷിസത്തെ എതിരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന ധാരണ ഇപ്പോഴും പുലർത്തുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് ഇപ്പോഴും മനസിലാകുന്നില്ല. ഹഥ്റസിൽ രാഹുലും പ്രിയങ്കയും കാറോടിച്ചു പോകുന്നത് ലൈവ് ഇട്ടപ്പോൾ അതിന്റെ താഴെ ‘ഇതാണ് ഇന്ത്യയുടെ പ്രതീക്ഷ ‘ എന്നൊക്കെ വച്ച് കീറിയ എന്റെ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്ന് ബീഹാറിലെ കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഒവൈസി എന്ന് കണ്ടപ്പോൾ എഴുതിയതാണ്.

വാൽക്കഷ്ണം :- അടുത്ത കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പിണറായി വന്നാൽ കോൺഗ്രസ് കേരളത്തിലെ അവസ്ഥ എന്താകും..?

റാഫി മുഹമ്മദ്

“കേരളത്തിൽ ബിജെപി വലിയ ഒറ്റ കക്ഷിയായി മത്സരിക്കുന്നു എന്ന് വെക്കുക. കോൺഗ്രസും ഇടത് പക്ഷവും ഒരു വലിയ വിശാല സഖ്യം ഉണ്ടാക്കുന്നു. അതിൽ ലീഗിനെ പരിഗണിക്കുമോ എന്ന് ചോദിച്ചാൽ “മതേതരത്വം സംരക്ഷിക്കാനും ഹിന്ദു വോട്ടുകൾ ചോരാതെ സൂക്ഷിക്കാനും, ഫാസിസത്തിനു എതിരെ നിൽക്കാനും ലീഗിനെ മാറ്റി നിർത്തുന്നു മണ്ടന്മാരെ” എന്ന ലിബറൽ തരാട്ടുകൾ കേൾക്കാം. ലീഗിന് വേണമെങ്കിൽ ഈ മഹാ സഖ്യത്തിന് നിരുപാധികം പിന്തുണ കൊടുക്കാം എന്ന സൗകര്യം ഉണ്ടാവും. അത്രതന്നെയെ ഇപ്പൊ ഉവൈസിക്കും ഈ ജനാധിപത്യവാദികൾ നൽകുന്നുള്ളു.”

By Editor