സത്യാര്‍ഥ പ്രകാശം: മുസ്‌ലിം വിരുദ്ധ- ജാതി വംശീയതയുടെ വേദസാരം

The Satyarth Prakash, the last edition of which, prepared by the author himself, appeared a year before his death, is a standing witness of what fierce hatreds, violence of speech and venomous sentiment he was capable. He lays it down as one of the duties of a future Arya Samaj government to drive out of the country all those who do not profess its faith, especially the Muslims – F K Khan

ആർ എസ് എസ്സിന്റെ തന്നെ രൂപീകരണത്തിന് പ്രചോദനമായി മാറിയ ആര്യ സമാജത്തെ കുറിച്ചും അതിന്റെ സ്ഥാപകനായ ദയാനന്ദ സരസ്വതി എന്ന മൂൽ ശങ്കർ തിവാരിയെ കുറിച്ചും പരാമർശിക്കുന്ന പല ലേഖനങ്ങളിലും പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ശരിയായ ഒരു വിശകലനത്തിന്റെ അഭാവം മുഴച്ചു നിൽക്കുന്നു. മുസ്‌ലിം ആനുകാലികങ്ങളിലും പുസ്തകങ്ങളിലും ലേഖനങ്ങളിലും വരെ അത് ആവർത്തിക്കുന്നു. ആര്യ സമാജത്തെ ഒരു നവീകരണ പ്രസ്ഥാനമായും  അതിന്റെ സ്ഥാപകനായ മൂൽ ശങ്കർ തിവാരിയെ നവോത്ഥാന നായകനായും ചിത്രീകരിക്കുന്നു.

‘സത്യാർത്ഥ പ്രകാശം’ അദ്ദേഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. ആ പുസ്തകത്തിൽ വന്നിട്ടുള്ള  വംശീയവും (ജാതി) മുസ്‌ലിം വിരുദ്ധവും  പ്രവാചക നിന്ദാപരവുമായിട്ടുള്ള ഉള്ളടക്കങ്ങൾ പരിശോധിച്ചാൽ തന്നെ ഇങ്ങനെയൊരു മഹത്വപ്പെടുത്തൽ കൃത്യമായ അക്രമമാണ് എന്ന് ബോധ്യം വരും. മാത്രമല്ല, അതാണ് ഇന്ന് ഇന്ത്യയെ എല്ലാ അർത്ഥത്തിലും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ആർ എസ് എസ്സിന്റെ മുസ്‌ലിം വിരുദ്ധതക്കും വംശീയതക്കും, അതിൻ്റെ സ്ഥാപനത്തിലേക്കും വരെ നയിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ കഴിയും.

മുസ്‌ലിം വിരുദ്ധത

19 -ആം നൂറ്റാണ്ടിൽ തന്നെ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്ക് ഒരു ആർ എസ് എസ് ഭാഷയിൽ തന്നെ വിത്തുപാകാൻ അദ്ദേഹം ശ്രമം നടത്തി. സത്യാർത്ഥ പ്രകാശത്തിന്റെ 14 ആം സമുല്ലാസം വിശുദ്ധ ഖുർആനിനെയും പ്രവാചകനെയും വിശകലനം ചെയ്തുകൊണ്ടുള്ള കുറിപ്പുകൾ ആണ്. പ്രസ്തുത ഭാഗം തുടങ്ങുന്നത് തന്നെ മൃഗങ്ങളെ കൊല്ലുന്നതിന്റെ ഭീകരതയെയും ഖുർആൻ കാഫിറുകളെ കൊല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന അർത്ഥത്തിലുള്ള നുണകളെയും സ്ഥാപിച്ചുകൊണ്ടാണ്. ഇന്നും ആർ എസ് എസ് ഖുർആനിനെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം ഇത് തന്നെയാണ്.

“ഖുർആനിലെ ദൈവം കരുണാനിധിയായിരുന്നെങ്കിൽ അന്യമതസ്ഥരെയും മൃഗങ്ങളെയും കൊന്നുകളയാൻ മുസ്ലിംകൾക്ക് അനുജ്ഞ നല്കുമായിരുന്നില്ല” (സത്യാർത്ഥപ്രകാശം, പേജ് 387)

വിഡ്ഢിത്തങ്ങളുടെ ഒരു ഘോഷയാത്രയാണ് സത്യാർത്ഥ പ്രകാശത്തിന്റെ 14 ആം സമുല്ലാസം നിറയെ. ഇന്നത്തെ യുക്തി വാദികൾ ഉന്നയിക്കുന്ന വാദങ്ങൾ പോലെ,  ബാലിശവും ദുർബലവുമായ കാര്യങ്ങളാണ് നിറയെ എഴുതിയിരിക്കുന്നത്. ഇന്നും യുക്തിവാദികൾ കേരളത്തിലടക്കം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് ഈ പുസ്തകത്തിൽ കവിഞ്ഞതൊന്നും അല്ല എന്ന് മനസ്സിലാക്കാൻ കഴിയും. എന്നിട്ടും മുസ്‌ലിംകളുടെത്തന്നെ നിരവധി പുസ്തകങ്ങളും (ടി മുഹമ്മദ് സാഹിബിന്റെ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ എന്ന പുസ്തകമടക്കം) ലേഖനങ്ങളും ഈ പുസ്തകത്തെയും അതിന്റെ കർത്താവിനെയും ചില അർത്ഥത്തിൽ റഫർ ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നത് അത്ഭുതമുളവാകുന്ന കാര്യമാണ്. അല്ലാഹുവിനെത്തന്നെ അതിക്രൂരനും വിഡ്ഢിയും താന്തോന്നിയും, തുടങ്ങി എല്ലാ ദുർഗുണങ്ങളും ഉള്ളവനായി ചിത്രീകരിക്കുകയാണ് സത്യാർത്ഥ പ്രകാശം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും കുറിച്ചുള്ള  ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളെ ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്ന് അതിന്റെ പ്രചാരണത്തിന് വിത്തുപാകിയത് മൂൽ ശങ്കർ തിവാരിയും ആര്യ സമാജവും ആയിരുന്നുവെന്നു അതിലെ ഖുർആൻ- ഇസ്‌ലാം- മുസ്‌ലിം-പ്രവാചക വിമർശനങ്ങൾ വായിച്ചാൽ വ്യക്തമാകും.

കൃത്യമായ മുസ്‌ലിം വംശീയതക്ക് വിത്ത് പാകുന്ന നിരവധി കാര്യങ്ങൾ അതിലുണ്ട്. എല്ലാം വിശുദ്ധ ഖുർആനിനെ സന്ദർഭങ്ങളിൽ നിന്ന് അടർത്തി മാറ്റി വ്യാഖ്യാനിച്ച്, തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണ്. ഖുർആനും ഇസ്‌ലാമും അങ്ങനെയാണ് എന്ന് പറയുക മാത്രമല്ല, മുസ്‌ലിംകൾ തന്നെ ഈ അർത്ഥത്തിൽ ക്രൂരരും അക്രമികളും അയൽവാസികളെ കൊല്ലുന്നവരും ലൈംഗിക വൈകൃതങ്ങൾ ഉള്ളവരുമാണ് എന്ന തരത്തിലാണ് വിശദീകരണങ്ങൾ. അത്തരത്തിലുള്ള ചില വചനങ്ങൾ വായിച്ചാൽ അത് വ്യക്തമാകും.

“ഖുർആനിൽ ഇത്തരം വാക്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ മുസൽമാന്മാർ അന്യമതക്കാരോട് ഇത്രവലിയ അപരാധങ്ങൾ ചെയ്യുമായിരുന്നില്ല. അപരാധമില്ലാത്തവരെ കൊല്ലുന്നതാണ് അവരുടെ ഏറ്റവും വലിയ പാപം. അതായത് ഖുർആനിൽ വിശ്വസിക്കാത്തവനെ കൊല ചെയ്യാമെന്ന് അർഥം. അവർ അങ്ങനെ ചെയ്തു പോരുകയും ചെയ്തു. മതത്തിനു വേണ്ടി പൊരുതി രാജ്യങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മറ്റു മതക്കാരോട് അതികഠിനമായ മനോഭാവമാണ് ഇവർക്കുള്ളത്.” (സത്യാർത്ഥപ്രകാശം, പേജ് 395)

“മുസല്മാന്മാരുടെ തെറ്റ് നോക്കൂ. ഇതര മതസ്ഥരെ കൊല്ലാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.” (സത്യാർത്ഥപ്രകാശം, പേജ് 398)

“പക്ഷപാതത്തിന്റെ പാരമ്യം നോക്കുക. മുസൽമാൻ അല്ലാത്തവനെ കാണുന്നിടത്ത് വെച്ച് കൊല്ലണം. മുസൽമാനെ കൊല്ലരുത്. ഇത്തരം പുസ്തകം, ഇത്തരം പടച്ചവൻ, ഇത്തരം പ്രവാചകർ എല്ലാം ഹാനിയാണ്. ഇവ ഇല്ലാത്തതാണ് നല്ലത്.” (സത്യാർത്ഥപ്രകാശം, പേജ് 399)

“ചക്കിക്കൊത്ത ചങ്കരൻ എന്നുണ്ടല്ലോ. ചതിയൻ ദൈവത്തിന്റെ ഉപാസകരും ചതിയന്മാർ ആകുന്നതിൽ എന്താണ് അത്ഭുതം? ദുഷ്ടനായ മുസ്‌ലിമിനോട് മൈത്രിയും നല്ലവനായ അന്യനോട് വിദ്വേഷവും ഉചിതമാണോ എന്നാലോചിക്കുക.” (സത്യാർത്ഥപ്രകാശം, പേജ് 400)

“നോക്കൂ. മറ്റൊരു വിശ്വാസ വഞ്ചന പടച്ചവൻ മുസ്‌ലിംകളെ പഠിപ്പിക്കുകയാണ്. അയൽക്കാരനെയോ വല്ലവരുടെയും ഭൃത്യനെയോ സമയം പാർത്ത് അക്രമിക്കുകയോ കൊല്ലുകയോ ചെയ്യണം. ഇത്തരം ഖുർആൻ വചനങ്ങളാൽ മുസൽമാന്മാർ അങ്ങനെ ധാരാളം ചെയ്തിട്ടുണ്ട്.” (സത്യാർത്ഥപ്രകാശം, പേജ് 405)

മുസ്‌ലിംകൾ സ്ത്രീകളെ അടിച്ചമർത്തുന്നവർ ആണെന്നുള്ള തരത്തിലുള്ള സന്ദേശങ്ങളും സ്ഥാപിക്കുന്നു. “സ്ത്രീകൾ തടവുകാരെ പോലെ വീടുകളിൽ അടച്ചു പൂട്ടിയിരിക്കുന്നത്. പുരുഷന്മാർ സ്വാതന്ത്രരായിരിക്കവേ തീർത്തും അന്യായമാണ്. സ്ത്രീകൾക്ക് നല്ല വായു ശ്വസിക്കാനും നല്ല സ്ഥലത്ത് നടക്കാനും സൃഷ്ടിയിലെ അനേക വസ്തുക്കൾ കാണാനും ആഗ്രഹമില്ലേ? ഇത് നിമിത്തമാണ് മുസ്‌ലിം കുട്ടികൾ ചുറ്റിക്കറങ്ങുന്നതും വിഷയാലുക്കളുമാകുന്നത്.” (സത്യാർത്ഥപ്രകാശം, പേജ് 413)

മുസ്‌ലിം എന്നാൽ അയൽവാസികളെ കൊല്ലുന്നവരും ചതിയന്മാരും നിഷ്ടൂരരും, മുസ്‌ലിം കുട്ടികൾ പോലും വിഷയാസക്തിയുള്ളവരും, മുസ്‌ലിം അല്ലാത്തവരെയെല്ലാം കൊല്ലാൻ നടക്കുന്നവരും ഒക്കെയാണ് എന്നാണ് സത്യാർത്ഥ പ്രകാശം പറയുന്നത്. മൂൽ ശങ്കർ തിവാരി പ്രസംഗിക്കാൻ പോകുന്ന ഇടങ്ങളിൽ എല്ലാം കലാപങ്ങൾ ഉണ്ടാവുകയായിരുന്നുവെന്ന് പറയുന്നുണ്ട്. അതിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ അയാളെ പല സ്ഥലങ്ങളിലും പ്രവേശിക്കുന്നത് വിലക്കുകയുണ്ടായി എന്നും. ഈ അർത്ഥത്തിൽ മുസ്‌ലിംകളെ ചിത്രീകരിച്ചാൽ അവർക്ക് നേരെ അക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതെങ്ങിനെയാണ്?

അതുകൊണ്ടാണ് ഇന്നും ഘർവാപ്പസിയുടെ സർട്ടിഫിക്കറ്റ് അതോറിറ്റിയായി ആര്യസമാജം നിലകൊള്ളുന്നത്. കേരളത്തിൽ ഏറ്റവും സജീവമായ മതംമാറ്റ കേന്ദ്രം ആര്യ സമാജത്തിന്റേതാണ്. നിർബന്ധിച്ചു മതം മാറ്റുന്നവർക്ക് ഇവിടെ നിന്ന് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുന്‍പ് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ചേരി പാണ്ടിക്കാട് പന്തലൂരിലെ ഒരു സ്ത്രീ ആര്യ സമാജത്തില്‍ വച്ചാണ് മതം മാറിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് മതം മാറ്റമെന്നും, തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എഴുതിച്ചതിനു ശേഷമാണ് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ആ സമയത്ത് അവർ പറയുകയുണ്ടായി.

പശുക്കൊലകളുടെ മാസ്റ്റർ ബ്രെയിൻ

ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ധാരാളം പശുക്കൊലകളുടെ മാസ്റ്റർ ബ്രെയിൻ മൂൽ ശങ്കർ തിവാരിയാണ് എന്ന് പറയുന്നത് വെറുതെയല്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അതിനു സാക്ഷിയാണ്.

ഈ വിഷയത്തെ കുറിച്ച് മാത്രം ‘ഗോകരുണാനിധി‘ എന്ന പേരിൽ അദ്ദേഹം പുസ്തകം രചിച്ചിട്ടുണ്ട്. ഈ പുസ്തകം വൈദിക സാഹിത്യ പരിഷത്തിന്റെ ‘ആചാരഭാനു‘ എന്ന സമാഹാരത്തിലുണ്ട്. 1875 ൽ പുറത്തിറങ്ങിയ ഈ സത്യാർത്ഥ പ്രകാശത്തിൽ തന്നെ അയാൾ പറയുന്നത് കാണുക. “ഈ മൃഗങ്ങളെ കൊല്ലുന്നവർ മുഴുവൻ മനുഷ്യ സമുദായത്തിന്റെയും ഘാതകന്മാരാണ്. നോക്കുക, ആർഷ രാജ്യത്തിൽ അത്യന്തം ഉപകാരികളായ ഈ മൃഗങ്ങളെയൊന്നും ഹിംസിച്ചിരുന്നില്ല. അന്ന് എല്ലാവരും സുഖകരമായ ജീവിതം നയിച്ചു. മാംസഭുക്കുകളും മദ്യപന്മാരും ജന്തുഹിംസകരുമായ വിദേശീയർ എന്നു മുതൽ ഈ നാട്ടിൽ വന്നു നാടുവാഴ്ച തുടങ്ങിയോ അന്ന് മുതൽ ഇന്നാട്ടുകാരുടെ ദുഃഖം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.”

സകലരും പ്രാണി ഹിംസകർ അല്ലാതായാൽ കടുവ മുതലായ ഹിംസ്ര ജന്തുക്കൾ വർദ്ധിക്കും. അവ പശുക്കളെയും മറ്റും കൊന്നു തിന്നും എന്ന ചോദ്യത്തിനുള്ള മറുപടിയായി മൂൽശങ്കർ തിവാരി നൽകുന്ന മറുപടി നോക്കുക. “ഉപദ്രവമുണ്ടാക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ശിക്ഷിക്കുകയും ആവശ്യമായാൽ കൊല്ലുകളെയും ചെയ്യുന്നത് രാജഭൃത്യന്മാരുടെ പ്രവൃത്തിയാണ്.” ഇവിടെ അദ്ദേഹം ഉപദ്രവം ഉണ്ടാക്കുന്ന എന്നത് കൊണ്ട് ഉദ്ദേശിച്ചത് പശുക്കളെ കൊല്ലുന്നതും, അങ്ങനെ ഉപദ്രവം ഉണ്ടാക്കുന്നവരെ കൊല്ലുന്നത് രാജഭൃത്യന്മാരുടെ പ്രവൃത്തിയാണ് എന്നുമാണ് വിശദീകരിക്കുന്നത്.

പിന്നെ, അവയുടെ മാംസം വലിച്ചെറിഞ്ഞു കളയണോ? എന്ന ചോദ്യത്തിനുള്ള ഉത്തരം നോക്കുക. “കളഞ്ഞാലും വേണ്ടില്ല. നായ മുതലായ മാംസാഹാരികൾക്ക് കൊടുത്താലും കൊള്ളാം. ദഹിപ്പിച്ചു കളഞ്ഞാലും വിരോധമില്ല. ഒരു പക്ഷെ, മാംസാഹാരികളായ വല്ല മനുഷ്യരും തിന്നാലും കുഴപ്പമില്ല. അവരുടെ സ്വഭാവം ദുഷിച്ച് മാംസാഹാരികളായ ഹിംസാശീലരാകുമെന്നേയുള്ളൂ. ഹിംസ, മോഷണം, വിശ്വാസ വഞ്ചന, കള്ളം, കൈപ്പടം മുതലായവ കൊണ്ട് സമ്പാദിക്കുന്നതെല്ലാം അഭക്ഷ്യമാണ്. ” സത്യാർത്ഥ പ്രകാശം, പേജ് 203)  

പ്രവാചക നിന്ദ

“ഇനി മുഹമ്മദ് നബിയുടെ ലീല നോക്കൂ. എന്റെ പക്ഷം പിടിച്ചാൽ പടച്ചവൻ നിങ്ങളുടെ പക്ഷത്താകും. നിങ്ങൾ പക്ഷപാതം കാട്ടിയാലും ക്ഷമിച്ചു തരും. ഇതിൽ നിന്ന് മനസ്സിലാക്കാവുന്നത് മുഹമ്മദ് നബിയുടെ ഹൃദയം ശുദ്ധമല്ലായിരുന്നു എന്നാണു. അതിനാൽ തന്കാര്യം നേടുന്നതിന് അദ്ദേഹം ഖുർആൻ ഉണ്ടാക്കിയതോ ഉണ്ടാക്കിക്കുകയോ ചെയ്തു എന്നതാണ്” (സത്യാർത്ഥപ്രകാശം, പേജ് 398)

ഒന്നാമതായി, സ്വന്തം കാര്യം നേടുന്നതിന് വേണ്ടി ഖുർആൻ എഴുതിയുണ്ടാക്കിയ ഒരു മനുഷ്യൻ ആയാണ് പ്രവാചകനെ മൂൽ ശങ്കർ തിവാരി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രവാചകനെ ദ്രോഹിയായും, സ്വാർത്ഥനായും, അക്രമിയായും, കൊലപാതകിയായും, അമുസ്‌ലിംകളെ ക്രൂരമായി അറുത്തുകളയാൻ നടക്കുന്നവനായും മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ നടക്കുന്നവനായും പുത്രാ വധുവിനെ പ്രാപിച്ചവനായും എല്ലാം ചിത്രീകരിക്കുന്നു.

“മുഹമ്മദ് നബി വിശ്വസിക്കുന്നത് ഇങ്ങനെയൊക്കെ ദൈവത്തെ പറ്റി എഴുതിയില്ലെങ്കിൽ തന്റെ മതം വളരുകയില്ലെന്നും പിൻബലം കിട്ടുകയില്ലെന്നും സുഖഭോഗങ്ങൾ ലഭിക്കുകയില്ലെന്നുമാണ്. ഇതിൽ നിന്ന് ഒന്ന് വ്യക്തമാകുന്നുണ്ട്. തന്കാര്യം നേടുന്നതിലും പരദ്രോഹം ചെയ്യുന്നതിലും അദ്ദേഹം നിപുണനായിരുന്നു.” (സത്യാർത്ഥപ്രകാശം, പേജ് 400)

“അല്ലാഹുവിന് നല്ല കടം കൊടുക്കുന്നവർ ആരുണ്ട്..” എന്ന് തുടങ്ങുന്ന ആയത്തിനെ “ഖുദായുടെ പേര് പറഞ്ഞ് മുഹമ്മദ് നബി തൻകാര്യം കാണുകയായിരുന്നുവെന്ന് ഇതിൽ നിന്ന് തെളിയുന്നു” എന്നാണു മൂൽ ശങ്കർ തിവാരി ആരോപിക്കുന്നത്. (സത്യാർത്ഥപ്രകാശം, പേജ് 400).

“ഭൂമിയിൽ കുഴപ്പമുണ്ടാക്കിക്കൊണ്ട് നാശകാരികളായിത്തീരരുത് ” എന്ന ഖുർആൻ വചനത്തെ വിശദീകരിക്കുമ്പോൾ പോലും പ്രവാചകനെയും മുസ്‌ലിംകളെയും ഭീകരനാക്കി ചിത്രീകരിക്കാൻ ആണ് ഈ പുസ്തകം ശ്രമിക്കുന്നത്. അതിന്റെ വിശദീകരണത്തിൽ പറയുന്നു. “ഇത് നല്ല കാര്യമാണ്. പക്ഷെ, ഇതിനു വിപരീതമായി വെല്ലുവിളിച്ച് കാഫരീങ്ങളെ കൊല്ലാനും പറയുന്നുണ്ടല്ലോ. ഇതിൽ നിന്ന് മനസ്സിലാകുന്നത്, നബിക്ക് ശക്തിക്ഷയം ഉണ്ടായപ്പോൾ ഈ ഉപായം കണ്ടെത്തിയതാകാം. ശക്തി വർദ്ധിച്ചപ്പോൾ ശണ്ഠ കൂടുകയും ചെയ്തിരിക്കാം.” (സത്യാർത്ഥപ്രകാശം, പേജ് 402)

സമരാർജിത സ്വത്തുക്കളുടെ ബന്ധപ്പെട്ട ഖുർആനിക വചനത്തെ വിശകലനം ചെയ്യുന്നത് നോക്കുക. “കൊള്ളയടിക്കുക, കൊള്ളക്കാരന്റെ പണി ചെയ്യുക. പടച്ചവനും പ്രവാചകനും ചേർന്ന് പരിശുദ്ധ വേഷം കെട്ടുക. അല്ലാഹുവെ ഭയപ്പെടുക.എന്നിട്ട് കൊള്ളയടിക്കുക മുതലായ ദുർവൃതികൾ ചെയ്യുക.” (സത്യാർത്ഥപ്രകാശം, പേജ് 402).

“ബലേഭേഷ് ! എന്തൊരു ദയാഹീനരായ ദൈവവും പ്രവാചകരും. അമുസ്‌ലിംകളെ വേരോടെ അറുത്ത് കളയണം പോലും. ദൈവത്തിന്റെ ആജ്ഞയോ, അവരുടെ കഴുത്തറുക്കണം. കൈകാലുകളിലെ വിരൽ മുറിക്കണം. ഈ പടച്ചവൻ രാവണനെക്കാൾ കുറഞ്ഞ ഇനമല്ല. ഇതെല്ലാം ഖുർആൻ കർത്താവിന്റെ വകയാണ്. ദൈവത്തിന്റേതല്ല.” (സത്യാർത്ഥപ്രകാശം, പേജ് 403).

“അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു” എന്ന ഖുർആനിലെ ഭാഗത്തെ പരാമർശിച്ചു കൊണ്ട് പറയുന്നു. “ഈ ഖുർആൻ ദൈവകൃതമേയല്ല. ഏതോ കാപട്യക്കാരൻ, ചതിയൻ ഉണ്ടാക്കിയതാണ്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ എഴുതിവെക്കുമോ?” (സത്യാർത്ഥപ്രകാശം, പേജ് 403).

“കൊള്ളാമല്ലോ മുഹമ്മദ് സാഹിബ് ! താങ്കൾ ഗോകുലീയ ഗോസായിമാർക്ക് തുല്യമായി ചെയ്തുകളഞ്ഞുവല്ലോ. പാവപ്പെട്ട മുസ്‌ലിംകളെ കൊണ്ട് കൊല്ലിച്ച് ലാഭമെടുക്കുന്നത് കൊള്ളാം.അനാഥരെ കൊല്ലിക്കുന്നതും അതിനു കൂലിയായി സ്വർഗം നൽകുന്നതും ദയയില്ലായ്മയും അന്യായവുമാണ്.” (സത്യാർത്ഥപ്രകാശം, പേജ് 404).

“ഈ പുസ്തകം ഒരിക്കലും ഈശ്വര കൃതമല്ല. ഏതോ ഭ്രാന്തനുണ്ടാക്കിയതാണ്.” (സത്യാർത്ഥപ്രകാശം, പേജ് 409).

“കലഹവും ലഹളയും ഉണ്ടാക്കുന്നത് ശരിയല്ലെങ്കിൽ “മുഹമ്മദ് നബി അനേകം പേരെ കൊന്നു” എന്നും മറ്റും പുകഴ്ത്തിപ്പറയുന്നതെന്തിന്? (സത്യാർത്ഥപ്രകാശം, പേജ് 411).

സത്യാർത്ഥ പ്രകാശം പ്രവാചകൻ (സ) യെ വിഷയാസക്തനായി ചിത്രീകരിക്കുന്നുണ്ട്.  “മുഹമ്മദ് വലിയ വിഷയാസക്തനായിരുന്നുവെന്നും ഇതിൽ നിന്ന് തെളിയുന്നു. മനുഷ്യരിലെ കാടന്മാർ പോലും പുത്ര വധുവിനെ പ്രാപിക്കാറില്ല.. വിഷയാസക്തി പ്രകടിപ്പിക്കാൻ നബി ഒട്ടും മടിക്കാത്തതും എത്ര അന്യായമാണ്. പുത്ര വധുവിനെ ഭാര്യയാക്കാതിരിക്കാൻ കഴിയാത്ത പ്രവാചകൻ മറ്റുള്ളവരുടെ ഭാര്യമാരെ വിടുമോ? “(സത്യാർത്ഥപ്രകാശം, പേജ് 413-414).

ഇങ്ങനെ വൃത്തികെട്ട രീതിയിൽ പ്രവാചകനെ ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഒരാളെയും അയാളുടെ പ്രസ്ഥാനത്തെയും മുസ്‌ലിംകൾക്ക് മഹത്വപ്പെടുത്താൻ സാധിക്കുന്നതെങ്ങനെ? മുസ്‌ലിം പ്രസിദ്ധീകരണങ്ങൾക്ക് കഴിയുന്നതെങ്ങനെ? അങ്ങനെ ചെയ്ത ഒരാളെ, പരിഷ്കർത്താവായും അയാൾ സ്ഥാപിച്ച സംഘടനയെ നവീകരണ പ്രസ്ഥാനമായും പറയാൻ സാധിക്കുന്നതെങ്ങനെ?

ആര്യസമാജത്തിന്റെ വംശീയത (ജാതി) 

“ന്യായമറിയാൻ വേദവും മനുസ്മൃതിയും വായിച്ചു നോക്കുക. ക്ഷണമാത്രം തെറ്റാതെയുള്ള ന്യായം അവിടെ കാണാം. ഓരോരുത്തരും അവരവരുടെ കർമമനുസരിച്ച് ശിക്ഷയോ രക്ഷയോ സദാ പ്രാപിച്ചുകൊണ്ടിരിക്കുന്നു.” (സത്യാർത്ഥപ്രകാശം).

മനുസ്മൃതിയിലേക്ക് മടങ്ങാനാണ് മൂൽ ശങ്കർ തിവാരി ആവശ്യപ്പെടുന്നത്. സത്യാർത്ഥ പ്രകാശത്തിൽ നിരവധി സ്ഥലങ്ങളിൽ മനുസ്മൃതിയാണ് ഉദ്ധരിച്ചിട്ടുള്ളത്. ജാതീയതയെ കൂടുതൽ ആധികാരികമായി സ്ഥാപിക്കുവാനാണ് വളരെ സൂക്ഷ്മമായിത്തന്നെ സത്യാർത്ഥ പ്രകാശം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

വൈക്കം സമരത്തിൽ വഴി നടക്കാനുള്ള അവകാശ സമരത്തെ ക്ഷേത്ര പ്രവേശന അവകാശ സമരമാക്കി അട്ടിമറിച്ച ഗാന്ധിയുടെ തന്ത്രം ഇതിന്റെ ഒരു ചെറിയ രൂപമാണ്. കീഴാള വിഭാഗങ്ങളെ ഹൈന്ദവവത്കരിക്കാനുള്ള തന്ത്രം ഈ പുസ്തകത്തിന്റെയും ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. വേദവുമായും ആചാരങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള കീഴാള വിഷയങ്ങളിലാണ് (ക്ഷേത്ര പ്രവേശനം പോലെ) ജാതിപരമായ വിട്ടുവീഴ്ച നൽകാൻ പുസ്തകം ശ്രമിക്കുന്നത്. അതിൽ തന്നെയും വ്യക്തമായ ജാതി ഉൾക്കൊള്ളുന്നു എന്ന് ആർക്കും എളുപ്പം മനസ്സിലാക്കാം. വേദാധ്യായനത്തിന് ഗുരു സന്നിധിയിലേക്ക് നയിക്കുന്ന ചടങ്ങാണ് ഉപനയനം. അതുമായി ബന്ധപ്പെട്ട് പുസ്തകം പറയുന്നത് കാണുക.

“ബ്രാഹ്മണന് മൂന്ന് വർണങ്ങളെയും (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ) ക്ഷത്രിയന് ക്ഷത്രിയ വൈശ്യന്മാരെയും വൈശ്യന് വൈശ്യനെ മാത്രവും ഉപനയനം ചെയ്തു പഠിപ്പിക്കാവുന്നതാണ്. കുലീനനും ശുഭ ലക്ഷണമുള്ളവനുമായ ശൂദ്രനെ മന്ത്ര സംഹിതയൊഴികെയുള്ള സകല ശാസ്ത്രങ്ങളും പഠിപ്പിക്കാം. എന്നാൽ ശൂദ്രനെ ഉപനയിക്കരുത്.” വിവിധ ജാതികളും അവയുടെ തൊഴിലുകളും പുനർജന്മവും എല്ലാം സരസ്വതി അംഗീകരിക്കുന്നുണ്ട്.

“സദാ സുഖമായാൽ ആ സുഖം ദുഃഖമായി മാറും. അതിനാൽ മഹാ കല്പ പര്യന്തം മുക്തിയനുഭവിച്ച് പുനർജന്മമെടുക്കുന്നതത്രെ സത്യസിദ്ധാന്തം” (സത്യാർത്ഥപ്രകാശം, പേജ് 403).

നാല് ജാതികളെ എടുത്തു പറയുന്ന ഭാഗങ്ങളിലെല്ലാം ശൂദ്രന്മാരുടെ വിഷയത്തിൽ മാത്രം ഉത്തമരായ ശൂദ്രന്മാർ എന്ന് ചേർത്ത് പറയുകയാണ് ചെയ്യുന്നത്. വിദ്യഭ്യാസം നൽകേണ്ടവരുടെ കൂട്ടത്തിൽ ശൂദ്രന്മാരുടെ വിഷയത്തിൽ മാത്രം ഉത്തമനായ ശൂദ്രന്മാർ എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യാർത്ഥ പ്രകാശത്തിലെ ജാതി ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. അത് എല്ലാം ഇവിടെ ഉദ്ധരിക്കുക ഉദ്ദേശ്യമില്ല. അവ ഉദ്ധരിക്കാൻ നിന്നാൽ നീണ്ട പേജുകൾ ആവശ്യമായി വരികയും ചെയ്യും.

വേദ സഹായത്തോടെ ജാതിയെ സ്ഥാപിക്കുകയാണ് ആര്യസമാജം ചെയ്തിട്ടുള്ളത്. നാല് ജാതികളുടെ ഗുണ കർമ്മങ്ങളെ വിശദീകരിക്കുമ്പോൾ അത് കൂടുതൽ വ്യക്തമാകും. “നിന്ദ്യ, ഈർഷ്യ, അഹങ്കാരം മുതലായ ദോഷങ്ങൾ വെടിഞ്ഞ് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വിഭാഗങ്ങളെ ശുശ്രൂഷിച്ച് ജീവിതം കഴിച്ചു കൂട്ടുക മാത്രമാണ് ശൂദ്രന്റെ ഗുണവും കർമ്മവുമായിട്ടുള്ളത്.” (സത്യാർത്ഥ പ്രകാശം, പേജ് 68)

ശൂദ്രർ എല്ലാ പരിചരണങ്ങളിലും പാചക വിദ്യയിലും നിപുണരായി ബ്രാഹ്മണ- ക്ഷത്രിയ -വൈശ്യന്മാരെ സസ്നേഹം പരിചരിച്ച് ഉപജീവിക്കണം.”  (സത്യാർത്ഥ പ്രകാശം, പേജ് 81).

സ്ത്രീകൾക്ക് സ്ത്രീകളും ബ്രാഹ്മണർക്ക് ബ്രാഹ്മണരും ശൂദ്രർക്ക് ശൂദ്രരും താണവർക്ക് താണവരും സാക്ഷി പറയണം.” (സത്യാർത്ഥ പ്രകാശം, പേജ് 120).

മധ്യമമായ തമോഗുണക്കാർക്ക് ശൂദ്രർ, മ്ലേച്ചർ, നിന്ദ്യ കർമ്മങ്ങൾ ചെയ്യുന്നവർ എന്നിവരുടെയും ആന, കുതിര, സിംഹം, പുലി, പന്നി എന്നിവരുടെയും ജന്മം ലഭിക്കുന്നു.” (സത്യാർത്ഥ പ്രകാശം, പേജ് 193).

ശൂദ്രന്റെ പാത്രത്തിലും അവന്റെ വീട്ടിലും പാകം ചെയ്ത ഭക്ഷണം ആപൽക്കാലങ്ങളിൽ അല്ലാതെ മറ്റൊരിക്കലും ഭക്ഷിക്കരുത്. ശ്രേഷ്ഠന്മാരുടെ ഗൃഹങ്ങളിൽ ശൂദ്രർ വെപ്പുപണി മുതലായ സേവനങ്ങൾ ചെയ്യേണ്ടതാണ്. എന്നാൽ അവരുടെ ശരീരവും വസ്ത്രവും വൃത്തിയായിരിക്കണം. ശ്രേഷ്ഠന്മാരുടെ വീടുകളിൽ പാചകം ചെയ്യുമ്പോൾ വസ്ത്രം കൊണ്ട് വായ മൂടി പാചകം ചെയ്യേണ്ടതാണ്. അവരുടെ വായിൽ നിന്നും മൂക്കിൽ  നിന്നും നിർഗമിക്കുന്ന ഉച്ചിഷ്ടമോ നിശ്വാസമോ ഭക്ഷണത്തിൽ പറ്റിക്കൂടാ. ശ്രേഷ്ഠന്മാർക്ക് ഭക്ഷണം നല്കിയിട്ടേ അവർ ഭക്ഷിക്കാവൂ. (സത്യാർത്ഥ പ്രകാശം, പേജ് 201).

തിവാരിയോടുള്ള ഒരു ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും ശ്രദ്ധിക്കുക.

ചോദ്യം: ബ്രാഹ്മണം മുതൽ ചണ്ടാളൻ വരെയുള്ളവരുടെ ശരീരം എല്ലും മാംസവും തൊലിയും കൊണ്ടുണ്ടാക്കിയതാണ്. ബ്രാഹ്മണന്റെ ശരീരത്തിലുള്ള ചോര തന്നെയാണ് ചണ്ടാളാതികളുടെ ശരീരത്തിലുമുള്ളത്. എങ്കിൽ പിന്നെ ഏത് മനുഷ്യൻ പാകം ചെയ്തതതായാലും ഭക്ഷിക്കുന്നതിൽ എന്താണ് തെറ്റ്?

ഉത്തരം: തെറ്റുണ്ട്. ഉത്തമ പദാർത്ഥങ്ങൾ ഭക്ഷിക്കുന്ന ബ്രാഹ്മണരുടെ ശരീരത്തിൽ ദുർഗന്ധത്തിൽ ദോഷങ്ങൾ ഇല്ലാത്ത രജോവീര്യങ്ങൾ ഉണ്ടാകുന്നത് പോലെ ചണ്ടാളാതി ശരീരത്തിൽ ഉണ്ടാകുന്നില്ല. ചണ്ടാളൻറെ ശരീരം ദുർഗന്ധ പരമാണുക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ബ്രാഹ്മണാദികളുടെ ശരീരം അങ്ങനെയുള്ളതല്ല. അതിനാൽ ബ്രാഹ്മണാദി ശ്രേഷ്ഠ ജാതികൾ പാകം ചെയ്തത് ഭക്ഷിക്കാവുന്നതാണ്. ഉത്തമമായ അന്നം തൊട്ടുഭക്ഷിക്കുന്ന പോലെ, നാറുന്നവയും ഭക്ഷിക്കുമോ? മലവും ഭക്ഷിക്കുമോ? (സത്യാർത്ഥ പ്രകാശം, പേജ് 204).

ജന്മത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം വേരുകൾ ആഴ്ത്തി നിൽക്കുന്ന ഒരു ജാതീയതയെ ഇല്ലായ്മ ചെയ്യുന്നതിന് പകരം അതിനെ ഒട്ടും സാധ്യമല്ലാത്ത / നടക്കില്ല എന്ന് ഉറപ്പുള്ള മറ്റൊരു ആശയത്തിലേക്ക് എടുത്തു വെക്കുക എന്നത് മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ഇന്ത്യയിലെ ജാതിചരിത്രവും വർത്തമാനവും വ്യക്തമാക്കുന്നത് അത് തന്നെയാണ്. അല്ലെങ്കിലും ഈ ഗുണങ്ങൾ പോലും ഒരാൾക്ക് ലഭിക്കുന്നത് ഓരോ ജാതിയിലും ജനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണല്ലോ. അതുകൊണ്ടാണ് ഈ കാലത്തും രോഹിത് വെമുലയെ പോലുള്ള ഒരു ഗവേഷക വിദ്യാർത്ഥിക്ക് ഇന്ത്യയിലെ ഉയർന്ന യൂണിവേഴ്‌സിറ്റിയിൽ ആത്മഹത്യ ചെയ്യേണ്ടി വന്നത്.

ജാതീയതക്ക് പരിശുദ്ധി നൽകുക, കീഴാള ജനവിഭാഗങ്ങളെ വ്യാജമായ വ്യാമോഹങ്ങൾ നൽകി ഹിന്ദു ഫോൾഡിനകത്തേക്ക് ആകർഷിക്കുക തുടങ്ങിയ ദൗത്യങ്ങൾ അല്ലാതെ മറ്റൊന്നും ഈ ജാതി വിശദീകരണത്തിൽ ഇല്ല. ഇല്ല എന്നത് വെറും വർത്തമാനമല്ല. ആര്യ സമാജത്തിന്റെയും ഹിന്ദു മതത്തിന്റെയും 100 വർഷങ്ങൾക്ക് ശേഷം ജാതിയെ പരിശോധിച്ചു നോക്കിയാൽ ആർക്കും അത് വ്യക്തമാണ്. ഇന്നുവരെ ജാതി, ജന്മത്തിൽ നിന്ന് ഈ പറഞ്ഞ ‘ഗുണം’ എന്ന ആശയത്തിലേക്ക് വഴി മാറിയിട്ടില്ല. ഹിന്ദു ഫോൾഡിനകത്തേക്ക് ഇത് വഴി കീഴാളരെ ഉൾപ്പെടുത്തി വഞ്ചിക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ആര്യ സമാജ തിയറി പ്രകാരം ഇന്ത്യയിൽ ഒരാളും ജന്മത്തിലൂടെയല്ലാതെ ബ്രാഹ്മണൻ ആവുകയോ കീഴാളർ ആവുകയോ ചെയ്തിട്ടില്ല.

അപ്പോൾ, ഇത്തരം ഒരു വിശദീകരണത്തിന്റെ അജണ്ട വളരെ കൃത്യമാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതി വംശീയതക്ക് കൃത്യമായ പരിശുദ്ധി നൽകുക എന്നത് മാത്രമാണത്. അതിലൂടെ ജാതി വംശീയതയും ഹിന്ദു മതവും ശക്തിപ്പെടും. 430 ഓളം പേജുകളിലായി വംശീയ താണ്ഡവമാടുന്ന സത്യാർത്ഥ പ്രകാശം മലയാളമടക്കമുള്ള വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ളീഷ്, ഫ്രഞ്ച്,  തായി, ഡച്ച്, ചൈനീസ് തുടങ്ങിയ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

ജാത് പാഥ് തോഡക് മണ്ഡൽ എന്ന സംഘടന ആര്യസമാജിൽ നിന്നുമാണ് ഉണ്ടായത്. പ്രസ്തുത സംഘടനാ ഒരിക്കൽ അംബേദ്കറെ ഒരു പ്രസംഗത്തിന് ക്ഷണിക്കുകയുണ്ടായി. ജാതി എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു അവർ ആവശ്യപ്പെട്ടത്. എന്നാൽ, പ്രസ്തുത പ്രസംഗം അവതരിപ്പിക്കുന്നതിനു മുൻപ് തങ്ങൾക്ക് അയച്ചു തരണമെന്ന് അവർ ആവശ്യപ്പെട്ടു. ജാതി ഉന്മൂലനവുമായി ബന്ധപ്പെട്ട് അംബേദ്‌കർ എഴുതിയ പ്രസംഗം അവർക്ക് അയച്ചു കൊടുത്തപ്പോൾ ആ രീതിയിൽ അത് പ്രസംഗിക്കരുത് എന്ന് അവർ അംബേദ്കറോട് പറഞ്ഞു. അംബേദ്‌കർ അത് അംഗീകരിക്കുകയുണ്ടായില്ല. പ്രസ്തുത പ്രസംഗം പിന്നീട് അംബേദ്‌കർ 1936 മെയ് 15 ന് അംബേദ്‌കർ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. അതാണ് ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’  എന്ന പുസ്തകം. ‘അനിഹിലേഷൻ ഓഫ് കാസ്റ്റ്’ വായിക്കുമ്പോൾ തന്നെ ജാതിയുമായി ബന്ധപ്പെട്ട് ഇത്തരം ‘പരിഷ്കരണ പ്രസ്ഥാനങ്ങൾ’ ക്കുള്ള നിലപാട് വ്യക്തമാകും.

1944 ൽ പുറത്തിറങ്ങിയ എഫ് കെ ഖാന്റെ Meaning of Pakistan എന്ന പുസ്തകത്തിൽ ആര്യ സമാജത്തെ കുറിച്ചും മൂൽ ശങ്കർ തിവാരിയെ കുറിച്ചും കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഹിന്ദു നാഷണലിസം ഇന്ത്യയിൽ ഉത്പാദിപ്പിച്ചതിന്റെയും അതിനെ സ്ഥാപിച്ചെടുത്തതിന്റെയും പ്രധാന ഉത്തരവാദിത്വം അദ്ദേഹം കാണുന്നത് ആര്യ സമാജത്തിലാണ്. 

“മറ്റൊരാളും ഇതേവരെ ചെയ്യാത്ത രൂപത്തില്‍, വടക്കേയിന്ത്യയിലെ പ്രത്യേകിച്ച് പഞ്ചാബിലെ സാമൂഹ്യജീവിതത്തെ മലീമസപ്പെടുത്തിയ വ്യക്തിയാണ് ദയാനന്ദ സരസ്വതി. അയാള്‍ നഗരങ്ങള്‍തോറും സഞ്ചരിച്ച് സംവാദങ്ങള്‍ സംഘടിപ്പിച്ച് വിദ്വേഷവും ധ്രുവീകരണവും ആളിക്കത്തിക്കുകയാണ് ചെയ്തത്. 1877ല്‍ അയാള്‍ ലാഹോര്‍ സന്ദര്‍ശിച്ചു”. (Its founder Dayanand, a Sadhu of obscure origin, poisoned the social life of Northern India, especially the Punjab, as no man had done before or has done since. He ‘travelled from town to town, held debates and left ill-will, hatred and sectarian strife everywhere behind him. He visited Lahore in 1877.”) 

സത്യാർത്ഥ പ്രകാശത്തെ കുറിച്ചും പ്രസ്തുത പുസ്തകത്തിൽ എഫ് കെ ഖാൻ പറയുന്നുണ്ട്.

“സരസ്വതിയുടെ മരണത്തിനു ഒരു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സത്യാര്‍ഥ പ്രകാശയുടെ അവസാന എഡിഷനില്‍, അയാള്‍ പരത്തുന്ന വെറുപ്പും വിദ്വേഷവും ഹിംസയുമെല്ലാം സ്വകരങ്ങളാല്‍ എഴുതിയതാണ്. രാജ്യത്തിന്റെ വിശ്വാസത്തെ പുണരാത്തവരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍- പുറത്താക്കലാണ് ആര്യ സമാജ ഗവണ്‍മെന്റിന്റെ ചുമതലയെന്നാണയാള്‍ പറയുന്നത്.”(“The Satyarth Prakash, the last edition of which, prepared by the author himself, appeared a year before his death, is a standing witness of what fierce hatreds, violence of speech and venomous sentiment he was capable. He lays it down as one of the duties of a future Arya Samaj government to drive out of the country all those who do not profess its faith, especially the Muslims.”)

അയാളുടെ മുസ്‌ലിം വിരുദ്ധതയും ശത്രുതയും വളരെ ഭീകരമായിരുന്നുവെന്ന് എഫ് കെ ഖാൻ വ്യക്തമാക്കുന്നു. 

"അദ്ദേഹം സിഖ് മതത്തെ അപലപിക്കുന്നു, ഗുരു നാനാക്കിനെ പുച്ഛത്തോടെയാണ് സംസാരിക്കുന്നത്, പക്ഷേ ഗുരു ഗോബിന്ദ് സിങ്ങിനെ പ്രശംസിക്കുന്നു, കാരണം ജനപ്രിയ റിപ്പോർട്ട് അനുസരിച്ച് മുസ്‌ലിംകളോടുള്ള ശത്രുതയാണ്. മുസ്‌ലിംകളോടുള്ള വിദ്വേഷവും ശത്രുതയുമല്ലാതെ ദയാനന്ദിന് മറ്റൊന്നുമില്ല. ആര്യസമാജത്തിന്റെ ചരിത്രം തിരിഞ്ഞുനോക്കുമ്പോൾ, അതിന്റെ ഊർജ്ജത്തിന്റെ വലിയൊരു ഭാഗം ഹിന്ദുക്കൾക്കിടയിൽ മുസ്‌ലിംകൾക്കെതിരായ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നതിന് ചെലവഴിച്ചതായി ഒരാൾ കണ്ടെത്തുന്നു. ആര്യസമാജം മുസ്‌ലിംകൾക്കെതിരെ പ്രസംഗിച്ച വിദ്വേഷം വളരെ കഠിനവും നിരന്തരവുമായിരുന്നു. 1923 ൽ സമാജത്തിന്റെ വിശ്വാസത്തിനും രീതികൾക്കുമെതിരെ ഗാന്ധി പോലും ഞെട്ടിപ്പോയി."

(He condemns Sikhism, speaks of Guru Nanak with contempt, but extols Guru Gobind Singh because, according to the popular report, of his enmity towards the Muslims. Dayanand would have nothing but hatred and enmity towards the Muslims. If one looks back upon the history of the Arya Samaj, one finds that by far the greater part of its energy has been spent upon the propagation of hatred and enmity against the Muslims among the Hindu masses. The hatred the Arya Samaj preached against the Muslims was indeed so fierce and persistent that even Mr. Gandhi was shocked and protested against the Samaj’s creed and methods in no/ uncertain terms in 1923.)

By അമീൻ വി. ചൂനൂർ