ഡോ. ആർ എൽ വി രാമകൃഷ്ണൻ്റെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം

മോഹിനിയാട്ട നര്‍ത്തകനും അധ്യാപകനും, അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെന്ന പ്രതിഭയ്ക്ക്, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ട പരിപാടിയില്‍ അവസരം നിഷേധിക്കപ്പെടുകയുണ്ടായി. ഒരു ദളിതനായതിനാലാണ് ഭാരവാഹികള്‍ അവസരം നിഷേധിച്ചതെന്നു ചൂണ്ടിക്കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്‌ററ് ഇടുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. വിവിധ കോണില്‍ നിന്ന് ഡോ. ആര്‍. എല്‍. വി രാമകൃഷ്ണന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അരളി (അംബേദ്കര്‍ റീഡേഴ്‌സ് ലിങ്ക്) ഫേസ്ബുക്കില്‍ സംഘടിപ്പിച്ച ‘വിവേചനത്തിന്റെ സാംസ്‌കാരിക പാഠങ്ങള്‍’ എന്ന സംവാദത്തില്‍ സംബന്ധിച്ച ചില സാമൂഹ്യ പ്രവര്‍ത്തകരുടെ പ്രതികരണങ്ങളാണ് താഴെ.

കെ. കെ. കൊച്ച്

ആര്‍ എല്‍വി രാമകൃഷ്ണന്റെ പ്രശ്‌നത്തില്‍ പ്രധാനമായും ഉയര്‍ന്നു വരുന്ന ഒരു സങ്കല്‍പ്പം ‘മെറിറ്റ്’ എന്നതാണ്. നമ്മുടെ നാട്ടിലെ സംവരണ വിരുദ്ധര്‍ എല്ലാക്കാലവും ഉന്നയിച്ചത് മെറിറ്റ് വേണമെന്ന വാദമാണ്. ആര്‍ എല്‍ വി രാമകൃഷ്ണനെ സംബന്ധിച്ചെടുത്തോളം അദ്ദേഹം മെറിറ്റ് ഉള്ളയാളാണ്. എംഫിലും പിഎച്ച്ഡിയും വര്‍ഷങ്ങളായുള്ള പരിശീലനവും ഉള്ളയാളാണ്. എന്നിട്ടുപോലും അദ്ദേഹത്തെ തഴഞ്ഞതിനു പിന്നില്‍ ജാതി മാത്രമാണ്. ജാതിയെന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന് വര്‍ത്തമാന കാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് രാമകൃഷ്ണന്റെ സംഭവം. ഇത് കേവലമായി പരിശോധിക്കേണ്ട ഒന്നല്ല. ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും നമ്മുടെ നാട്ടില്‍ മനുസ്മൃതിയാല്‍ താങ്ങിനിര്‍ത്തപ്പെട്ട ജാതിവ്യവസ്ഥ ശക്തമായി നിലകൊള്ളുന്നു. ജാതിയുടെ സാംസ്‌കാരിക പാഠങ്ങള്‍ മനുസ്മൃതി കേന്ദ്രീകൃതമാണ്. ഈ മനുസ്മൃതിക്കെതിരായ സമരത്തിലൂടെയാണ് ആര്‍ എല്‍ വി രാമകൃഷ്ണനെപ്പോലുള്ളവര്‍ക്ക് അംഗീകാരം കിട്ടുന്നത്.

സംഗീതനാടക അക്കാദമി, സാഹിത്യ അക്കാദമി, ചലച്ചിത്ര വികസന അക്കാമദമി എന്നിവയിലെയൊക്കെ ഭരണനിര്‍വഹണ വിഭാഗത്തിലടക്കം സംവരണം വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കുമുന്നേ ഞങ്ങള്‍ തന്നെ മുന്നോട്ടുവെച്ചിരുന്നു. മാത്രമല്ല, സംഗീതനാടക അക്കാദമിയുടെ തെരഞ്ഞെടുപ്പുകളില്‍ ദളിത് എഴുത്തുകള്‍ക്കോ സംഗീതത്തിനോ സ്ഥാനമുണ്ടായിട്ടില്ല. അതുകൂടി പരിഹരിക്കണമെന്നയാവശ്യം മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പേ ഞങ്ങള്‍ വെച്ചിട്ടുണ്ട്. ഒപ്പം, കര്‍ണാടകയിലൊക്കെ ഉള്ള പോലെ ഒരു ദളിത് സാഹിത്യ അക്കാദമി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗങ്ങളില്‍ മാത്രമല്ല, സാഹിത്യ-സംഗീത അക്കാദമികളിലെല്ലാം നടപ്പാക്കേണ്ട കാര്യമാണ് സംവരണം എന്നാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ സംഭവം പഠിപ്പിക്കുന്നത്

കെ. അംബുജാക്ഷന്‍

ആര്‍.എല്‍.വി രാമകൃഷ്ണന് സംഗീത-നാടക അക്കാദമിയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്, തികഞ്ഞ വര്‍ണ-ജാതി വിവേചനമാണ്. അദ്ദേഹത്തിന് തികച്ചും അര്‍ഹതപ്പെട്ട അംഗീകാരമാണ് നിഷേധിക്കപ്പെട്ടത്. കല-സംസ്‌കാരം- സാഹിത്യം എന്നത് മനസിൻ്റെയും ബുദ്ധിയുടെയും ഉയര്‍ന്ന തലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിയുടെ പേരിലുള്ള മേധാവിത്വ ചിന്തയും വിവേചനവും വെച്ചുപുലര്‍ത്തുന്നത് ഒരുതരം മനോവൈകല്യമാണ്. അത്തരത്തില്‍ പ്രിവിലേജിന്റെ മനോവൈകല്യമുള്ളവര്‍ക്ക് ഇരിക്കാനുള്ള ഇടമല്ല, സംഗീത-നാടക അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍. സമഭാവനയോടെ സമൂഹത്തില്‍ ആളുകളോട് ഇടപെടാന്‍ കഴിയാത്ത അത്തരം വ്യക്തികളെ മനോരോഗ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുകയാണ് വേണ്ടത്.

നീതിക്കും സമത്വത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നടത്തുന്നത്. അദ്ദേഹത്തിന് പോരാട്ടത്തില്‍ പിന്തുണ നല്‍കിക്കൊണ്ട്, അക്കാദമിയുടെ ഭാരവാഹികളായ കെപിഎസി ലളിതയുടെയും രാധാകൃഷ്ണന്‍ നായരുടെയും നടപടിയോട് പ്രതിഷേധിക്കുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതിഭാശാലിയായ കലാകാരന്‍ മാത്രമല്ല, അനിഷേധ്യമായ അക്കാദമിക് യോഗ്യതകളുള്ള ഒരു അധ്യാപകന്‍ കൂടിയാണ്. അനേകം കുട്ടികളെ കല പഠിപ്പിച്ച ആദരണീയനായ ആ ഗുരുനാഥനെ സംഗീത നാടക അക്കാദമി ഭാരവാഹികള്‍ അവഗണിച്ചുവെന്നും അപമാനിച്ചുവെന്നും പൊതുസമൂഹത്തിനു മുന്നില്‍ അദ്ദേഹം പരാതിപ്പെട്ടിരിക്കുകയാണ്. അതുകൂടാതെ, അദ്ദേഹമൊരു കള്ളനാണെന്നു വരുത്തിത്തീര്‍ക്കാന്‍ അക്കാദമി ഭാരവാഹികള്‍ ശ്രമിച്ചു, ഈ ആഘാതം അദ്ദേഹത്തെ ആത്മഹത്യയുടെ വക്കിലെത്തിച്ചു.

രാമകൃഷ്ണന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നില്ല എങ്കില്‍ ഇങ്ങനെയൊരു ദുര്‍വിധി അദ്ദേഹത്തിനു വരില്ലായിരുന്നു. അദ്ദേഹത്തിനുണ്ടായ അപമാനവും അവഗണനുയെ മുഴുവന്‍ ദളിത് സമൂഹത്തിനുമുണ്ടായ അപമാനമായി കേരളത്തിലെ പൊതുസമൂഹം ഇന്ന് മനസിലാക്കിയിട്ടുണ്ട്. അതിനെതിരായ സാംസ്‌കാരിക കേരളത്തിലെ ശക്തമായ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.

ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

ഏകാധിപത്യ- ഫാഷിസ്റ്റ്- കോര്‍പ്പറേറ്റ് സഖ്യങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കെട്ടകാലത്താണ് നാമിന്ന് ജീവിക്കുന്നത്. രാജ്യത്ത് ഈ ശക്തികള്‍ക്ക് ജാതീയതയുടെ അടിത്തറ കൂടിയാകുമ്പോള്‍, അത് സവര്‍ണ ഫാഷിസ്റ്റ് ഏകാധിപത്യമായി മാറിയിരിക്കുകയാണ്. കോവിഡ് വ്യാപനം പോലെ ഈ ഭീഷണിയും വ്യാപിച്ചുപോവുകയാണ്. ഹാത്രസിലെ ദളിത് പെണ്‍കുട്ടിയുടെ ബലാല്‍സംഗ കൊലപാതകം ഈ ശ്രേണിയിലെ ഏറ്റവും അവസാനത്തെ ഭീഷണി മാത്രമാണ്.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഴി ജാതീയതയെ അപ്രത്യക്ഷമാക്കിയെന്ന കേരളത്തെക്കുറിച്ച മിഥ്യാധാരണകളെ പൊളിച്ചുകൊണ്ടാണ് കേരളത്തില്‍ ജാതിയുടെ പേരിലുള്ള ആക്രമണങ്ങളും കൊലകളും പ്രത്യക്ഷമായും പരോക്ഷമായും അടിക്കടി ഉണ്ടാകുന്നത്.

ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ നേരിട്ട ജാതിവിവേചനം, ‘നവോത്ഥാന- പുരോഗമന’ കേരളത്തിന്റെ പുറംപൂച്ചുകളുടെ പുറംതൊലിയാണ് പൊളിച്ചിരിക്കുന്നത്. കലാസാംസ്‌കാരിക രംഗത്തെ ജാതി വിവേചനം ഇതാദ്യമല്ല. അന്തരിച്ച പ്രമുഖ നടന്‍ തിലകന്‍ ഇതെത്രയോ തവണ തുറന്നു പറഞ്ഞിട്ടുണ്ട്. സവര്‍ണ സാംസ്‌കാരിക നായകരും, പുരോഗമന ബുദ്ധിജീവികളുമൊക്കെ അത്തരം വിമര്‍ശനങ്ങളെ നിസ്സാരവല്‍ക്കരിച്ച് അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

എന്താണിത്തരം സംഭവങ്ങള്‍ നമുക്ക് നല്‍കുന്ന സന്ദേശം? ഡോ. അംബേദ്കറുടെ ജാതി നിര്‍മൂലനം എന്ന പ്രബന്ധം സവര്‍ണര്‍ ബഹിഷ്‌കരിച്ചതു മൂലം നടക്കാതെ പോയ പ്രസംഗമായിരുന്നു. അതുപോലെ തന്നെ, ജാതി നിര്‍മൂലനമെന്ന ആശയം നിങ്ങളെത്ര ശ്രമിച്ചാലും നടക്കാത്ത സ്വപ്‌നമാണ് എന്ന സന്ദേശമാണ് സവര്‍ണ ഫാഷിസ്റ്റു ശക്തികള്‍ ഓരോ ജാതിവിവേചനങ്ങള്‍ വഴി നല്‍കുന്നത്. അവിടെയാണ് ഇത്തരം മുന്നറിയിപ്പുകളെ അതിനെക്കാള്‍ ശക്തിയോടെ നാം എതിര്‍ക്കേണ്ടതും, ഈ സ്വപ്‌നം സാധ്യമാണ് എന്ന ചിന്ത പ്രസരിപ്പിക്കേണ്ടതും.

ഡോ. അംബേദ്കര്‍ പറഞ്ഞത് നമുക്കോര്‍ക്കാം ‘നിങ്ങളിഷ്ടമുള്ള ദിശയിലേക്ക് തിരിഞ്ഞോളു, നിങ്ങള്‍ കടന്നെത്തുന്ന വഴിയില്‍ ജാതി ഒരു ഭീമാകാര ജന്തുവായി കുറുകെയുണ്ട്. ആ ഭീകരജീവിയെ കൊല്ലാതെ നിങ്ങള്‍ക്കൊരു രാഷ്ട്രീയ പരിഷ്‌കരണവും സാമ്പത്തിക പരിഷ്‌കരണവും സാധ്യമല്ല. ഡോ. അംബേദ്കര്‍ ഇതു പറഞ്ഞത് പുരോഗമനാശയക്കാരായ സോഷ്യലിസ്റ്റുകളോടായിരുന്നുവെന്നും പ്രത്യേകമോര്‍ക്കണം. ഡോ. ആര്‍ എല്‍വി രാമകൃഷ്ണന്റെ പശ്ചാത്തലത്തില്‍, സംഗീത-നാടക അക്കാദമിക്ക് നേതൃത്വം നല്‍കുന്ന കെപിഎസി ലളിതയെപ്പോലുള്ള സോഷ്യലിസ്റ്റുകളോടാണ് ഡോ. അംബേദേകര്‍ സംസാരിക്കുന്നത്. ഡോ. അംബേദ്കര്‍ സംവരണത്തെ ഒരു ആത്യന്തിക പരിഹാരമാര്‍ഗമായിട്ടല്ല കണ്ടത്. ജാതിപീഡനം നേരിടുവാനും രാജ്യത്തെ സാമൂഹ്യനീതി ഉറപ്പാക്കുവാനും സംവരണം അത്യാവശ്യമാണെന്നദ്ദേഹം സ്ഥാപിച്ചു. എന്നാല്‍ സവര്‍ണവാദികള്‍ എല്ലാ കാലത്തും സംവരണമെന്ന തത്വത്തെ നേരിട്ടത്, മെറിറ്റ് അഥവാ മെറിറ്റോക്രസി എന്ന യോഗ്യതയുടെ പ്രത്യയശാസ്ത്രം ഉപയോഗിച്ചാണ്. എന്നാല്‍ ദളിതലൊരിക്കലും മെറിറ്റുള്ളവരാകരുത് എന്നവര്‍ക്ക് നിര്‍ബന്ധവുമുണ്ട്. അക്കാദമിക്കായി മികവു പുലര്‍ത്തുന്ന ദളിതരെയാണ് ബ്രാഹ്മണ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത്. അതുകൊണ്ടാണ് രോഹിത് വെമുലമാര്‍ ജീവനൊടുക്കേണ്ടി വന്നത്. ഡോ. ആര്‍എല്‍വി രാമകൃഷ്ണനെയും ആ വഴിക്കാണ് ബ്രാഹ്മണ്യം തള്ളിവിട്ടത്. പക്ഷേ അദ്ദേഹത്തെ നമുക്ക് തിരിച്ചുകിട്ടി, പ്രതിഷേധം തുടരുവാന്‍.

‘സവര്‍ണരുടെ കുത്തകയായ ഒരു കലാരൂപം കയ്യടുക്കുവാന്‍ ദളിതനാര്? അതില്‍ ഡോക്ടറേറ്റ് എടുക്കുവാന്‍ ദളിതനെന്തവകാശം?’ ഈ ചോദ്യങ്ങളാണ് ഈ അവസരനിഷേധത്തില്‍ കൂടി അക്കാദമിയുടെ തലപ്പത്തുള്ളവര്‍ ഉയര്‍ത്തുന്നത്. ബ്രാഹ്മണ്യത്തെ നേരിടേണ്ടതും ചെറുത്ത് തോല്‍പ്പിക്കേണ്ടതും നമ്മുടെയൊക്കെ ധര്‍മ്മമാണ്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അംബേദ്കറുടെ ജാതി ഉന്മൂലനം എന്ന കൃതിക്ക്, അരുന്ധതി റോയ് എഴുതിയ ആമുഖത്തില്‍ ചോദിക്കുന്ന ചോദ്യമുണ്ട്, ‘ജാതി ഉന്മൂലനം സാധ്യമാണോ?’ ഉത്തരം റോയ് തന്നെ പറയുന്നതിപ്രകാരമാണ്, “നമ്മുടെ മണ്ഡലങ്ങളിലെ നക്ഷത്രങ്ങളെ പുനര്‍വിന്യസിക്കുവാന്‍ നമ്മള്‍ ധൈര്യം കാണിക്കുന്നതുവരെ അത് സാധ്യമല്ല. സ്വയം വിപ്ലവകാരികളെന്നു വിളിക്കുന്നവര്‍, ജാതിക്കെതിരെ പുരോഗമനപരമായി വിമര്‍ശനമുയര്‍ത്തുന്നതു വരെ അത് സാധ്യമല്ല. ബാബാ സാഹേബ് അംബേദ്കറെ വായിക്കുന്നതു വരെ അതിന് സാധ്യമല്ല. അത് പാഠശാലയില്‍ പറ്റുന്നില്ലെങ്കില്‍ അതിനു പുറത്ത്.” ഞാന്‍ പറയും, പാഠശാലയിലും പുറത്തും ബാബാ സഹേബ് അംബേദ്കറെ വായിക്കണം. വിപ്ലവങ്ങള്‍ മിക്കവാറും തുടങ്ങുന്നത് വായനയില്‍ കൂടിയാണ്. ഇന്ത്യയിലത് അംബേദ്കര്‍ വായനയില്‍ക്കൂടിയാവണം. പാഠശാലയിലും പുറത്തും, എഴുത്തിലും പ്രക്ഷോഭങ്ങളിലും.

കേരള സംഗീതനാടക അക്കാദമിയുടെ ഭാഗത്തുനിന്നും വന്ന ഈ വലിയ വിവേചനത്തിലും വീഴ്ച്ചയിലും, ഞാനും നിങ്ങളോട് ചേര്‍ന്ന് ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് എല്ലാ വിധ ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നു.

ടി. മുഹമ്മദ് വേളം

ഡോ. ആര്‍എല്‍വി രാമൃഷ്ണന് സംഗീതനാടക അക്കാദമിയില്‍ നിന്ന് നേരിട്ട വിവേചനത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും, അതിനെതിരായ സമരത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയും ചെയ്യുകയാണ്. ജാതി നമ്മുടെ സമൂഹ ശരീരത്തില്‍ സ്ഥൂലമായ രൂപത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സൂക്ഷമമായ രൂപത്തിലും ഭാവത്തിലും ഇന്നും ഇന്ത്യന്‍ സമൂഹത്തിലും കേരളീയ സമൂഹത്തിലും ജാതി നിലനില്‍ക്കുന്നുണ്ട്. അതിനെ ആ അര്‍ഥത്തില്‍ തിരിച്ചറിയുകയും വളരെ സൂക്ഷമമായ സമരമുഖങ്ങള്‍ തീര്‍ത്തുകൊണ്ട് മാത്രമേ നമുക്കിതിനെ മറികടക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് വിവേചനങ്ങളുണ്ടാകുന്നിടത്തൊക്കെ സമരങ്ങളും, സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യങ്ങളും, സാഹോദര്യ പ്രഖ്യാപനങ്ങളും ഉണ്ടാവുക എന്നതാണ് നമുക്ക് ഈ പ്രശ്‌നത്തെ മുറിച്ചുകടക്കാനുള്ള വഴി.

ജാതിയെ പേറുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരായി നിരന്തര സമരങ്ങള്‍ നടത്തുക എന്നത് ജാതിക്കെതിരായ പോരാട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത്രയെല്ലാം നമ്മള്‍ പരിഷ്‌കൃതരായിട്ടും എന്തുകൊണ്ട് ജാതിബോധം ഇത്ര ശക്തമായി നിലനില്‍ക്കുന്നുവെന്ന് ചോദിച്ചാല്‍, അതിനെ നിലനിര്‍ത്തുന്ന ചില ആശയങ്ങള്‍ സമൂഹത്തില്‍ സജീവമായുണ്ട് എന്നതാണ് കാരണം. ഇന്ത്യയിലെയും കേരളത്തിലെയും സാംസ്‌കാരിക അടിത്തറകളെക്കുറിച്ച വിശകലനങ്ങളും ഈ അവസരത്തില്‍ പ്രസക്തമാണ്. ഒരുപക്ഷേ, മറ്റു രംഗങ്ങളെക്കാളധികം ജാതി വിവേചനം സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്നുണ്ടാകും. ഡോ. രാമകൃഷ്ണന്‍ ഇപ്പോളത് ഉന്നയിച്ചത് കൊണ്ടാണ് വിവാദമായത്. പക്ഷേ അത് വളരെ സ്വാഭാവികമാണ്. കലയോടും സംസ്‌കാരത്തോടുമുള്ള നമ്മുടെ ബോധവുമായും ആ ബോധത്തില്‍ നിന്നുള്ള വിവേചനവുമായി ബന്ധമുണ്ട്.

കലകളെ പൊതുവില്‍ ഫോക്ക്‌ലോര്‍ എന്നും ക്ലാസിക് എന്നും വേര്‍തിരിക്കാറുണ്ട്. കഥകളി ക്ലാസിക്ക് കലയാണ്. തെയ്യം അനുഷ്ഠാന കലയാണ് എന്നൊക്കെ വര്‍ഗീകരിക്കാറുണ്ട്. ആ വര്‍ഗീകരണത്തില്‍ നാടന്‍ പാട്ടുകളും മാപ്പിളപ്പാട്ടുകളുമൊക്കെ ഫോക്ക്‌ലോര്‍ ആയാണ് വര്‍ഗീകരിക്കപ്പെടാറുള്ളതും വ്യവഹരിക്കപ്പെടാറുള്ളതും. ദൈവവുമായി ബന്ധപ്പെട്ട, ആരാധാന അനുഷ്ഠാന കലകളാണ് ഫോക്ക്‌ലോര്‍ എന്നു പറയപ്പെടുന്നത്. അങ്ങനെയല്ലാത്ത സ്വതന്ത്രമായ ആവിഷ്‌കാരങ്ങളാണ് ക്ലാസിക്കല്‍ എന്നു പറയുന്നത്. അതില്‍ നാടന്‍ പാട്ടുകളും മാപ്പിളപ്പാട്ടുകളും ആരാധനയുടെ ഭാഗമല്ല, ആ അർഥത്തില്‍ അത് ക്ലാസിക്കല്‍ കലകളാണ്. പക്ഷേ ആ ഒരു പരിഗണന ഒരിക്കലും അവകള്‍ക്ക് ലഭിക്കാറില്ല, അവയെ ഫോക്ക്‌ലോര്‍ ഇനത്തിലാണ് പരിഗണിച്ചുപോരുന്നത്.

കഥകളിയാണ് കേരളത്തിന്റെ ചിഹ്നമായി അടയാളപ്പെടുത്തപ്പെടുന്നത്.

യഥാര്‍ഥത്തില്‍ അയ്യങ്കാളിയുടെ വില്ലുവണ്ടിയാണ് ആധുനിക കേരളത്തിന്റെ ചിഹ്നമായി കാണേണ്ടത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റവുമായോ സാഹോദര്യവുമായോ പ്രത്യേക ബന്ധങ്ങളൊന്നുമില്ലാത്ത കഥകളിയാണ് പക്ഷേ കേരളത്തിന്റെ ചിഹ്നമായി കൊണ്ടാടപ്പെടുന്നത്.

അതേപോലെ, സവര്‍ണവും ഹൈന്ദവവുമായ ബിംബങ്ങള്‍, ഓണവും നിലവിളക്കുമൊക്കെ ‘പൊതു’വാകുന്നു. അതൊന്നും ആഘോഷിക്കപ്പെടുന്നതിന് ആരും എതിരല്ല. പക്ഷേ അവ മാത്രം പൊതുവാണെന്നും മറ്റുള്ളവയൊന്നും പൊതുവല്ല എന്നുമുള്ള ബോധം ഇവിടെ വിവിധ രാഷ്ട്രീയ പക്ഷങ്ങളില്‍ നില്‍ക്കുന്നവരില്‍ പോലും ശക്തമാണ്. ഈയൊരു സാംസ്‌കാരിക പരിസരമാണ് ഇന്നും നിലനില്‍ക്കുന്ന ജാതിബോധത്തിന്റെയും ജാതിവിവേചനത്തിന്റെയും സാംസ്‌കാരിക മൂലധനമായി വര്‍ത്തിക്കുന്നത് എന്നും നമുക്ക് കാണാന്‍ കഴിയും. എല്ലാ സംസ്‌കാരങ്ങള്‍ക്കും ഇടമുള്ള ഒരു ഉള്‍ക്കൊള്ളലിന്റെ സാമൂഹിക പരിസരത്തെ എങ്ങനെ സൃഷ്ടിക്കാമെന്ന ചര്‍ച്ചകളിലേക്കു കൂടി ഈ സമരം വികസിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ടും, എല്ലാവിധ അഭിവാദ്യങ്ങളുമര്‍പ്പിച്ചു കൊണ്ടും നിര്‍ത്തുന്നു.

ജെ. ദേവിക

ഇന്ത്യയിലെമ്പാടും ദളിത് ജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇത്തരമൊരു സംഭവം കേരളത്തിലുണ്ടായത് എത്രയും നിര്‍ഭാഗ്യകരം എന്നേ പറയാന്‍ പറ്റൂ. ഇടതുപക്ഷമെന്നു അഭിമാനിക്കുന്നവര്‍ തന്നെ ഇത്രയും അനായാസകരമായാണ് ഇത്തരം മനോഭാവം കൊണ്ടുനടക്കുന്നതെന്ന് കാണുന്നതാണ് ഏറ്റവും സങ്കടകരം. ഹത്രാസിനെപ്പറ്റി അലമുറയിടുമ്പോഴും, വാളയാറിനെക്കാണാന്‍ പറ്റുന്നില്ലയെന്ന വിരോധാഭാസം. വടക്കേയിന്ത്യയില്‍ ദളിതര്‍ക്ക് അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് കയ്യുംകാലുമിട്ടടിക്കുമ്പോഴും നമ്മുടെയിവിടെ ഇടതുപക്ഷത്തിന്റെ ഒരു നോമിനി ഒരു സ്ഥാപനത്തില്‍ കഠിനമായ അനീതി പ്രവര്‍ത്തിക്കുന്നു.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട പല പ്രതികരണങ്ങളും ഞെട്ടലുളവാക്കുന്നവയാണ്. ‘ഈ ചെറുപ്പക്കാരനെന്തിന് ഇതു പഠിച്ചു? അദ്ദേഹത്തെ അപമാനിച്ച ഈ വ്യക്തി വളരെ പൂജനീയനാണ്, അനുഭവസമ്പത്തുള്ളയാളാണ്, എണ്‍പത്തിരണ്ടു വയസുള്ളയൊരാളാണ്’..എനിക്കു മനസിലാവാത്ത കാര്യം, ഈ എണ്‍പത്തിരണ്ടു വയസുള്ളയാള്‍, അയാളുടെ ചെറുപ്പകാലത്ത്, ഈ പുരോഗമന ആശയങ്ങളൊക്കെ ആര്‍ജിച്ച കാലത്ത് ഉണ്ടായിരുന്ന അതേ അനീതി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് വാസ്തവം. ഉണ്ടായ വലിയ വ്യത്യാസം, ഈ അനീതിയെ ചെറുക്കാന്‍ ഒരളവു വരെ നമ്മള്‍ പഠിച്ചു, മാത്രമല്ല, അത് തുറന്നു കാട്ടുന്നത് വലിയ ഉത്തരവാദിത്തമാണെന്നു പറയാനും നാം പഠിച്ചു. ആ കാര്യം മാത്രം പഠിക്കാതെ ഈ എണ്‍പത്തിരണ്ടു വയസു വരെ എത്തിയ ഇദ്ദേഹത്തെ എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല.

എന്തായാലും ഇവിടെ അനീതി അനുഭവിച്ച വ്യക്തിക്ക് പൂര്‍ണമായും നീതി ഉറപ്പുവരുത്താനുള്ള നടപടി ഉണ്ടാവണം. അദ്ദേഹത്തിന്റെ മനക്കട്ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആവശ്യമില്ല എന്നാണെനിക്കു തോന്നുന്നത്.

നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍, ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരകള്‍ക്ക് പൊതുവെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ദയവായി ആ എരിതീയില്‍ ഇനിയും എണ്ണയൊഴിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ ബുദ്ധി ജീവികള്‍ തയ്യാറാവരുത് എന്നാണ് എന്റെ അപേക്ഷ. ഈ അനീതി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ഉത്സാഹിക്കാന്‍ കഴിയട്ടെ.

എ. കെ. വാസു

സുഹൃത്തുക്കളെ, അനുഗ്രഹീതനായ കലാകാരൻ ഡോക്ടർ ആർ എൽ വി രാമകൃഷ്ണൻ കേരള സംഗീത നാടക അക്കാഡമിയിൽ മോഹിനിയാട്ടം നടത്തുന്നതിന് വേണ്ടി ഒരു ശ്രമം നടത്തുകയും എന്നാൽ അദ്ദേഹത്തിന് അവസരം നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തെ ജാതീയമായി പോലും അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം ആത്മഹത്യക്ക്‌ ശ്രമിക്കുകയും ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക്‌ തിരിച്ചു വരുകയും ചെയ്‌തിരിക്കുന്നു. സത്യത്തിൽ ഈയൊരു സംഭവം കേരളത്തിന്റെ സാംസ്കാരിക മനസാക്ഷിയെ കൂടുതൽ ഉണർത്തേണ്ടേണ്ടത് തന്നെയാണ്. കാരണം നമുക്കറിയാം, കലാമണ്ഡലവും, കേരള സാഹിത്യ അക്കാദമിയും ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംഗീതം നാടക അക്കാഡമിയും അടക്കമുള്ള കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾ എല്ലാം തന്നെ കൃത്യമായി അതിന്റെ ജാതി സവർണത അധികാര തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഒക്കെത്തന്നെ വെച്ച് പുലർത്തുന്നതാണെന്നാണ് നമ്മുടെ ചരിത്രമനുഭവം.

ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് നിഷേധങ്ങൾ നേരിടാത്ത ജനസമൂഹങ്ങൾ -പ്രത്യേകിച്ച് കീഴാളരിൽ- വളരെ കുറവുമായിരിക്കും. പക്ഷെ ഇതിങ്ങനെ നിലനിൽക്കുമ്പോൾ തന്നെ നമുക്കിവിടെയെങ്ങനെ ജാതിയേ ഇല്ല എന്നൊരു നുണ പ്രചാരണമാണ് ചുറ്റും നടക്കുന്നത്. അവിടെയാണ്, വെള്ളത്തിന് ചൂടുണ്ട്, ചൂടുള്ളത് കൊണ്ട് അതിനെ തണുപ്പിക്കേണ്ടതുണ്ട് എന്ന് പറയുന്ന പോലെത്തന്നെ, ജാതിയുണ്ട് അതിനെ മറി കടക്കേണ്ടതുമുണ്ടെന്ന ബോധ്യമാണ് ഇതു പോലുള്ള സംഭവങ്ങളിലൂടെ നമ്മൾ ഉൾകൊള്ളേണ്ടത്. രോഹിത് വെമുലയുടെ ആത്മഹത്യ ആണെങ്കിലും രജനി എസ്. ആനന്ദിന്റ ആത്മഹത്യ ആണെങ്കിലും, ദേവികയെന്ന പാവം കുട്ടിയുടെ ആത്മഹത്യ ഒക്കെത്തന്നെ ഇവിടുത്തെ ജാതീയതുടെയും ജാതി വെറിയുടെയും ഭാഗമായി ഉണ്ടായി വരുന്ന വലിയ ദോഷങ്ങളുടെ തുടർച്ചയിലാണ് സംഭവിക്കുന്നത്. അപ്പോളൊക്കെ ഇവിടെ ജാതിയില്ല എന്ന് പറയുന്ന പ്രക്രിയ മറ്റേണ്ടതുണ്ട്. കാരണം നമുക്ക് ജാതിയേ ഉള്ളു, കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്കറിയാം, വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കാതിരുന്ന ഒരു ജനസമൂഹം പൊതുവഴിയിലെക്ക്‌ കയറുമ്പോളുണ്ടാവുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇവിടെ നമ്മളിപ്പോൾ കാണുന്നത്.

ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിനു വേണ്ടി, അദ്ദേഹമിപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. അദ്ദേഹത്തെ അപമാനിച്ച ഇടങ്ങളിൽ നിന്ന് തന്നെ അദ്ദേഹത്തെ അംഗീകരിക്കുകയും -അദ്ദേഹത്തെ വ്യകതിപരമായി അംഗീകരിക്കുക മാത്രമല്ല, ഇത്തരം സമൂഹങ്ങളിലുള്ള മുഴുവൻ ആളുകളെയും മാറ്റിനിർത്താതിരിക്കുന്ന ബഹുസ്വരതകളുടെ സഹവർത്തിത്വത്തോട് കൂടിയുള്ള ഒരു ഇടം നമുക്ക് ഉണ്ടാക്കേണ്ടതുണ്ട്. കാരണം, കേരള സമൂഹത്തിന്റെ നവോത്ഥാനം എന്ന് പറയുന്നത് കെ കെ ബാബുരാജ് ഒക്കെ സൂചിപ്പിക്കുന്നത് പോലെ ഒരു വെളിച്ചം മാത്രമാണ്, പക്ഷെ അതൊരു സോഷ്യൽ മോഷൻ ആയിട്ട്, ഒരു സാമൂഹ്യ വിപ്ലമായിട്ട് പരിവർത്തനപ്പെടുന്നതിന് വേണ്ടി ഒരു രാഷ്ട്രീയ സമൂഹവും ഒരു സാംസ്കാരിക സമൂഹവും തീർച്ചയായും വളർന്നു വരേണ്ടതുണ്ട്. അത് കീഴാളരിൽ നിന്ന് മാത്രമല്ല വ്യത്യസ്ഥ വിഭാഗങ്ങളുടെ സഹവർത്തിത്വത്തിലൂടെ ഉയർന്നു വരേണ്ടതാണ്. അത്തരം പ്രവർത്തനങ്ങൾക്ക്‌ കേരള സമൂഹം മാറിത്തീരാനുള്ള ഒരു സൈൻ ആയി ഈ പ്രശ്നത്തെ കാണണം.

കെഇഎന്‍

മലയാളത്തിന്റെ അതുല്യപ്രതിഭ, കേരളത്തിന്റെ അഭിമാനമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് അദ്ദേഹത്തിനര്‍ഹമായ എന്തോ പുരസ്‌കാരം കിട്ടിയതിന്റെ പേരിലല്ല. മറിച്ച്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കലാലോകത്തെയും ഒരു സാംസ്‌കാരിക സ്ഥാപനം തന്നെ അവഹേളിച്ച സന്ദര്‍ഭത്തിലാണ്, ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സന്ദര്‍ഭത്തിലാണ്, കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധത അവഹേളിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് ഈ ഒത്തുചേരല്‍. അതുകൊണ്ട് തന്നെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ആര്‍.എല്‍.വി രാമകൃഷ്ണനോടുള്ള ഐക്യദാര്‍ഢ്യം ഈ സന്ദര്‍ത്തില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. കേരളത്തിന്റെ കലാലോകം, സാസ്‌കാരിക ലോകം മനസ്സുകൊണ്ട് ആര്‍.എല്‍.വി രാമകൃഷ്ണനോടൊപ്പം തന്നെയാണ്. എന്നാല്‍ നമുക്കറിയാം, മനസുകൊണ്ടുള്ള ഐക്യദാര്‍ഢ്യം മതിയാകാതെ വന്നിരിക്കുന്നു.

കേരളം രാഷ്ട്രീയ മൂന്നടി മുന്നിലായിരിക്കുമ്പോഴും, അത് സാംസ്‌കാരികമായി നൂറടി പിന്നിലേക്ക് മറിഞ്ഞു വീണിരിക്കുന്നത് വളരെ വേദനയോടെ നാം നോക്കിക്കാണുന്നുണ്ട്. ജാതിമാടമ്പിത്തരം നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ അതിന്റെ കൊടിപറത്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയല്ല. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍, പ്രക്ഷോഭങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപപ്പെട്ട് വന്നിട്ടുണ്ട്. എല്ലാ അധികാര സ്ഥാപനങ്ങളും വിലങ്ങു നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ ഏകാന്ത പോരാട്ടത്തിന് എല്ലാ ജനാധിപത്യവാദികളും ഒപ്പമുണ്ട് എന്ന് ഊന്നിപ്പറയുകയാണ്.

നവോത്ഥാനത്തെക്കുറിച്ച് എത്രയോ സെമിനാറുകളും പ്രബന്ധങ്ങളും നമ്മുടെ സമൂഹത്തില്‍ നടക്കുന്നു. ജാതി മനുഷ്യത്വത്തിന്റെ നെഞ്ചം തുളയ്ക്കുന്ന കൊമ്പുകളുമായി അതിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്ത് നടന്ന കര്‍ഷക സമരങ്ങള്‍, തൊഴിലാളി – വിമോചന സമരങ്ങളിലെല്ലാം അവര്‍ വിളിച്ച മുദ്രാവാക്യമുണ്ട്. ‘തമ്പ്രാനെന്നു വിളിക്കില്ല, പാളയില്‍ കഞ്ഞി കുടിക്കില്ല’, അതിനു മറുപടിയായി ഇവിടുത്തെ ജന്മിത്തമ്പുരാക്കന്മാര്‍ മറുഭാഗത്തു നിന്ന് പാവപ്പെട്ട മനുഷ്യരെ അണിനിരത്തി, ‘തമ്പ്രാനെന്നു വിളിപ്പിക്കും’,’പാളയില്‍ കഞ്ഞി കുടിപ്പിക്കും’. സത്യത്തില്‍ പ്രഛന്നമായ രീതിയില്‍ അതാണോ ആവര്‍ത്തിക്കുന്നത്? എങ്കില്‍ അതിന്റെ കൊമ്പില്‍ പിടിച്ചുകൊണ്ട്, അനുവദിക്കില്ല ഞങ്ങളെന്ന് കേരളം പ്രഖ്യാപിക്കേണ്ടതുണ്ട്.

വിമോചനസമരകാലത്ത് പലതരം മുദ്രാവാക്യങ്ങളുയര്‍ന്നു. അതിലൊരു മുദ്രാവാക്യം, ആര്‍.എല്‍.വി രാമകൃഷ്ണനനുഭവിച്ച, കേരളമനുഭവിച്ച അപമാനത്തിന്റെ സമയത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. ‘ചാത്തന്‍ പുല്ല് പറിക്കട്ടെ, മന്നം നാടു ഭരിക്കട്ടെ.’ മറ്റൊരു മുദ്രാവാക്യം അന്നത്തെ മുഖ്യമന്ത്രി സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാടിനോടായിരുന്നു. ‘കള്ളച്ചാത്തനെ വെച്ചുപുലര്‍ത്താന്‍ നാണമില്ലേ നമ്പൂരീ.’ ഇവിടെ ഓര്‍മിക്കേണ്ടത്, നിരവധി മന്ത്രിമാരുണ്ടായിട്ടും വിമോചനസമരത്തിന്റെ ജാതി ഭ്രാന്തര്‍ക്ക് വിളിക്കാന്‍, ഒരേയൊരു മന്ത്രി, ജനാധിപത്യ പ്രസ്ഥാനത്തിന്റെ സഖാവ് ചാത്തന്‍. അവര്‍ക്കെന്തു കഴിവുണ്ടായാലും അവഹേൡക്കാനുള്ള ഈ മനോഭാവമാണ് ജാതിശക്തികള്‍ക്കുള്ളത്.

2020ല്‍ സംഗീത- നാടക അക്കാദമിയില്‍ ആദ്യമായി രൂപപ്പെട്ട ഒരു പ്രവണത എന്ന അര്‍ഥത്തിലല്ല ഞാന്‍ സൂചിപ്പിക്കുന്നത്, മറിച്ച് അടിക്കടി കേരളത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തെ പിന്നിലാക്കുന്ന തരത്തിലുള്ള സാസ്‌കാരിക പിന്നോക്കാവസ്ഥയെക്കുറിച്ചാണ്. അനുബന്ധമായി ഒരു കാര്യം കൂടി, ജാതിരാക്ഷസ ദഹനജാഥ നടത്തിയ സഹോദരന്‍ അയ്യപ്പെന്റെ നാട്ടിലാണ്, ജാതിവാല് അഭിമാനത്തോടെ കൊണ്ടുനടക്കുന്ന മാടമ്പിമാര്‍ കേരളത്തിലെ പ്രതിഭാധനരെ അവഹേളിക്കാന്‍ ശ്രമിക്കുന്നതെന്നത് ജനാധിപത്യം വെച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്ത കുറ്റകൃത്യമാണ് എന്ന് ഇന്നാട്ടിലെ സമൂഹം തിരിച്ചറിയും. ആ തിരിച്ചറിവിന് തീകൊടുക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ സാംസ്‌കാരിക ഇടപെടലുകള്‍ കാരണമാകുന്നതില്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, പ്രതിഭാശാലികളുടെ കണ്ണില്‍നിന്ന് ഒരിറ്റ് കണ്ണുനീര്‍ വീണാല്‍ അതിനുത്തരം പറയേണ്ടത് ഒരു സാംസ്‌കാരിക സ്ഥാപനമല്ല, മുഴുവന്‍ മലയാളി സമൂഹവുമാണെന്ന് നാം മനസിലാക്കണം.

ജോബി

ആര്‍.എല്‍.വി രാമകൃഷ്ണന്റെ വിദ്യാഭ്യാസ യോഗ്യത, മോഹിനിയാട്ടത്തില്‍ നാലുവര്‍ഷം കൊണ്ട് നേടിയെടുത്ത ഡിപ്ലോമ, രണ്ടുവര്‍ഷം കൊണ്ട് നേടിയെടുത്ത പോസ്റ്റ് ഡിപ്ലോമ, ഒരു വര്‍ഷംകൊണ്ട് നേടിയ എംഫില്‍, എട്ടു വര്‍ഷം കൊണ്ട് നേടിയ പിഎച്ച്ഡി. ഇതുകൂടാതെ യുജിസി നെറ്റ് യോഗ്യത. 45 വയസുകൊണ്ട് ഒരു സ്ഥിരജോലിയില്ലാത്ത അദ്ദേഹത്തോട് സംഗീത-നാടക അക്കാദമി കാണിച്ച വിവേചനത്തിന്, അക്കാദമി കണ്ട അയോഗ്യത അദ്ദേഹം ഒരു ദളിതനാണ് എന്നാണ്. ആ വിവേചനത്തില്‍ സാംസ്‌കാരിക കേരളം ലജ്ജിക്കുന്നു, എന്റെ ശക്തമായ പ്രതിഷേധമറിയിക്കുന്നു.

By Editor