2005 ജൂണില്‍ കേരള സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിക്കുന്നത് “പാരമ്പര്യ”/ “ശാസ്ത്രീയ” നൃത്തങ്ങളെ സംരക്ഷിക്കുന്നതിനാണെന്ന വാദം ഉയര്‍ത്തിയായിരുന്നു. പിന്നീട് 2011 ആഗസ്റ്റില്‍ സര്‍ക്കാര്‍ വീണ്ടും സ്കൂളുകള്‍ക്ക് സിനിമാറ്റിക് ഡാൻസ് സ്കൂളുകളില്‍ കളിക്കരുതെന്ന നിര്‍ദേശം നല്‍കി. കൂട്ടികളെ ചൂഷണം ചെയ്യുന്നുവെന്നും സ്കൂളുകളില്‍ അതിന്റെ പരിശീലനം പരിഹാസ്യമായ തലത്തില്‍ എത്തിയെന്നുമായിരുന്നു വാദം. സിനിമാറ്റിക് ഡാൻസ് അശ്ലീലം ആണെന്ന വാദം തന്നെ അധികാരികള്‍ ആവര്‍ത്തിച്ചു. ഇതിലെ രസകരമായ ഒരു കാര്യം, ഈ നൃത്ത രൂപത്തിന്റെ നിരോധനത്തിലൂടെ സംരക്ഷിക്കാന്‍ ശ്രമിക്കപെട്ട ഇതേ “ശാസ്ത്രീയ” ,”പാരമ്പര്യ” നൃത്തങ്ങള്‍ ഏഴോ എട്ടോ ദശാബ്ദങ്ങള്‍ മുന്പു ഇതേ ആരോപണങ്ങള്‍ നേരിട്ടിരുന്നുവെന്നതാണ്.പലതരം ശുദ്ധീകരണങ്ങളിലൂടെ ഇവ ശ്രേഷ്ഠ,ശാസ്ത്രീയ, പാരമ്പര്യ കലകളായി “ഉയര്‍ത്തപ്പെട്ട”തിനു ശേഷമാണ് മാന്യതയുള്ള ഒന്നായി അംഗീകരിക്കപെട്ടത്. എന്നാല്‍ എക്കാലത്തും ഇവയെ ചരിത്രം അസ്വസ്ഥതപ്പെടുത്തിക്കൊണ്ടു തന്നെയിരിക്കുന്നുന്നതിന്റെ സൂചനയാണ് പുതിയ നൃത്ത രൂപങ്ങളെ മാന്യതയില്ലാത്തതും അശ്ലീലമായും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
കഥകളിയെയും മോഹിനിയാട്ടത്തെയും കേരളത്തിന്റെ പാരമ്പര്യ കലകളെയും സാംസ്കാരിക അടയാളമായി മാറ്റാനുള്ള ശ്രമങ്ങളുടെ ചരിത്രം സംഘര്‍ഷം നിറഞ്ഞതായിരുന്നു.ജാതിപരവും ലിംഗപരവുമായ പല മാനങ്ങള്‍ ആ ചരിത്രത്തിനുണ്ട്. സിനിമാറ്റിക് ഡാന്‍സിനെ കുറിച്ചുള്ള ആശങ്കകളില്‍ പ്രകടമായ പോലെ പല സന്ദര്‍ഭങ്ങളിലും എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും അതിന്റെ ജാതിപരവും ലിംഗപരവും ഒക്കെ ആയ സംഘര്‍ഷങ്ങള്‍ പുറത്തു ചാടും. ഡോ .ആര്‍ എല്‍ വി രാമകൃഷ്ണനെ ഓണ്‍ലൈന്‍ കലാവതരണത്തില്‍ നിന്നും ഒഴിവാക്കിയ കേരള സംഗീത നാടക അകാദമിയുടെ നിലപാടിലും ഈ ആശങ്കകള്‍ കാണാം.വ്യത്യസ്ത കലകള്‍ വിവിധ വിഭാഗങ്ങളിലുള്ളവര്‍ അഭ്യസിക്കുമ്പോള്‍ ആ രംഗത്തെ ശുദ്ധിവാദികളെ എത്രത്തോളം ഇത് അലട്ടുന്നുവെന്ന് വ്യക്തമാണ്.ഇതേ പോലെ തന്നെ കലയിലെ ഒഴിവാക്കല്‍ (Exclusion) എന്നത് കുറച്ചു കൂടി ആഴത്തിലുള്ള ആ കലാരൂപങ്ങളുടെ തന്നെ പ്രശ്നങ്ങളെയാണ് വെളിവാക്കുന്നത്. വിവേചനം എന്ന നിലയില്‍ മാത്രമല്ല, അതിനെ കുറേ കൂടി ഘടനാപരമായും കലാശീലങ്ങ ളുടെ പ്രശ്നമായും മനസിലാക്കാന്‍ ശ്രമിക്കണമെന്നാണ് ഈ കുറിപ്പില്‍ പറയാന്‍ ശ്രമിക്കുന്നത്.
ആര്‍ എല്‍ വി രാമകൃഷ്ണന്റെ അഭിമുഖങ്ങളും സംഭാഷണങ്ങളും ശ്രദ്ധിച്ചാൽ, അദ്ദേഹം തുടര്‍ച്ചയായി നേരിട്ടിരുന്ന അവഹേളനങ്ങളും ഒഴിവാക്കലുകളുമെല്ലാം വ്യക്തമാവുന്നുണ്ട്.
കലാപഠനം തുടങ്ങിയ കാലം മുതല്‍ ജാതി വിവേചനം നേരിട്ടതായും, കലാമണ്ഡലത്തിലും ജാതി അനുഭവമുണ്ടായതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒന്നാം റാങ്ക് മറ്റൊരാള്‍ക്ക് മാറ്റി നൽകാനുള്ള ശ്രമവും നടന്നിരുന്നു. ദലിത്, പിന്നോക്ക വിദ്യാര്‍ത്ഥികളും അധ്യാപകരും കലാകാരും കലാമണ്ഡലത്തിലും സംഗീത കോളേജുകളിലും നേരിട്ട വിവേചനങ്ങളുടെ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാമണ്ഡലത്തില്‍ ചെണ്ട പഠിക്കാന്‍ ചേര്‍ന്ന തിരുവനന്തപുരത്തെ നിധീഷ് ജാതീയമായ അവഹേളനവും ഒഴിവാക്കലും സഹിക്കാന്‍ വയ്യാതെ പഠനം ഉപേക്ഷിച്ചു പോയത് വാര്‍ത്തയായിരുന്നു. കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലത്തിലെ ജാതീയമായ വിവേചനത്തെ കുറിച് അദ്ദേഹത്തിന്റെ ആത്മകഥയായ മഞ്ജുതരത്തില്‍ വിവരിച്ചിട്ടുണ്ട്. ആദ്യദിവസം തൊട്ടു മറ്റു വിദ്യാര്‍ഥികള്‍ മാറിയാണിരുന്നതെന്നും പിന്നീടു ആ അകലം കൂടി വരുകയാണുണ്ടായതെന്നും, മാപ്ല ചെറുക്കന്‍ ആയതുകൊണ്ട് മാത്രമല്ല, കാണാന്‍ ഭംഗിയില്ലാത്തതു കൊണ്ടും, കറുത്തവനായതു കൊണ്ട് കൂടിയാണ് ആ അയിത്തമെന്നു ഹൈദരാലി പറയുകയുണ്ടായി.’മാപ്ലമാര്‍ കുളിക്കാന്‍ എണ്ണയൊക്കെ തേക്കുവോടാ’ എന്ന് കളിയാക്കിയിരുന്ന ഹോസ്റ്റല്‍ വാർഡനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
കലാമണ്ഡലത്തിലെ ഇത്തരം അനുഭവങ്ങള്‍ അതിൻ്റെ ഘടനാപരമായ ജാതി, അധികാര രൂപത്തെ വ്യക്തമാക്കുന്നുണ്ട്. കലാമണ്ഡലം മാത്രമല്ല, സംഗീത കോളേജുകള്‍ മുതൽ പൂരപ്പറമ്പുകള്‍ വരെയുള്ള വേദികള്‍ എല്ലാം തന്നെ ഇത്തരത്തില്‍ ജാതീയമായി ക്രമീകരിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള ഒഴിവാക്കല്‍ എന്നത് അവസര നിഷേധം എന്നു മാത്രമായി കാണാന്‍ കഴിയില്ല. ഗുരുവായൂര്‍ ക്ഷേത്ര മതിലിനുള്ളില്‍ ദലിതര്‍ക്ക് വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദമില്ല. ദലിത് ഇലത്താളം വാദകനായ കല്ലൂര്‍ ബാബുവിനെ ക്ഷേത്ര അതിര്‍ത്തിയില്‍ പഞ്ചവാദ്യത്തിന് ഇലത്താളം വായിക്കുന്നതിൽ നിന്ന് സവര്‍ണ്ണരായ വാദ്യക്കാര്‍ തടയുകയും ക്ഷേത്ര അധികാരികള്‍ അതിനെ ശരിവെക്കുകയും ചെയ്തു. ഇത് വ്യക്തികളെ ഒഴിവാക്കുന്നുവെന്നതിനേക്കാള്‍ ആ വേദികളുടെ ജാതിശുദ്ധി നിലനിർത്താനുള്ള കലാശീലങ്ങളുടെ ഭാഗമായതും അതേ പോലെ അത്തരം സംഗീതരൂപങ്ങളുടെ ജാതീയമായ ഘടനയേയും ചരിത്രത്തേയുമാണ് വെളിവാക്കുന്നത്.
ഒഴിവാക്കലുകള്‍, പുറന്തള്ളല്‍ എന്നിവയിലൂടെയാണ് ഇവ ശ്രേഷ്ഠ കലകള്‍ എന്ന ഒരു ശുദ്ധി തന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മോഹിനിയാട്ടം, ഭരതനാട്യം പോലുള്ള നൃത്തരൂപങ്ങള്‍ ക്ലാസിക്കൽ പദവി നിര്‍മ്മിച്ചെടുത്തതിന്റെ ചരിത്രം ഇതേ പോലുള്ള “ശുദ്ധീകരണ” യത്നങ്ങളുടെ ചരിത്രമാണ്.
കഥകളിയെ പുനർജീവിപ്പിച്ചെടുത്ത് കേരളീയ കലയായി നിർമ്മിച്ചെടുക്കുന്നതോടൊപ്പം മോഹിനിയാട്ടത്തെ “ശാസ്ത്രീയ കലയായി “വീണ്ടെടുക്കാനു”ള്ള ശ്രമങ്ങളും ഇരുപതുകളുടെ അവസാനത്തോടെ വള്ളത്തോള്‍ നാരായണ മേനോന്‍ നടത്തിയിരുന്നുവെന്ന ചരിത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഭരതനാട്യം എന്ന പോലെ ദേവദാസി ചരിത്രത്തില്‍ നിന്നും അതിനെ അടര്‍ത്തി മാറ്റി ശുദ്ധീകരിച്ചെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. രുക്മിണി ദേവി അരുണ്ടേല്‍ സദിരാട്ടത്തെ ശുദ്ധീകരിച്ചു ഭാരതനാട്യമാക്കി മാറ്റിയതു പോലെ മോഹിനിയാട്ടത്തിനെ അതിന്റെ പൂര്‍വ രൂപങ്ങളില്‍ നിന്നും “ആഭാസ”മായി വ്യഖ്യാനിക്കപ്പെട്ടിരുന്ന പല ഘടങ്ങളെയും കുടഞ്ഞു കളഞ്ഞിട്ടാണ് ഇന്നത്തെ മോഹിനിയാട്ടത്തെ നിര്‍മ്മിചെടുത്തത്. വള്ളത്തോളും കലാമണ്ഡലം കല്യാണികുട്ടിയമ്മയും കൊണ്ട് വന്ന മാറ്റങ്ങള്‍ നിരവധിയാണ്.കലാമണ്ഡലത്തിലെ ആദ്യ അധ്യാപികയായി വന്ന ഒരിക്കലേടത്തു അമ്മിണിയുടെ നൃത്തത്തിലെ ചില ചലനങ്ങള്‍ “ആഭാസവും” ലൈംഗിക മാനങ്ങള്‍ ഉള്ളവയാണെന്ന തോന്നലില്‍ അവയെ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. മോഹിനിയാട്ടത്തിലെ “അശ്ലീലം” കലര്‍ന്നതെന്നു കരുതപ്പെട്ടിരുന്ന ഇനങ്ങളെയും ചലനങ്ങളെയും മാറ്റുകയെന്നതായിരുന്നു വള്ളത്തോള്‍ ചെയ്ത ഒരു പ്രധാന കാര്യം. ഈ കലാരൂപത്തിന് “മാന്യത” നേടിയെടുക്കുകഎന്നതായിരുന്നു ലക്ഷ്യം.അക്കാലത്തെ സവര്‍ണ്ണഹൈന്ദവ സ്വഭാവമുള്ള ദേശീയവാദ വ്യവഹാരങ്ങളെ പ്രകടിപ്പിക്കുന്നവയായിരുന്നു ഈ ശ്രമങ്ങളൊക്കെയും. നാണക്കേട് തോന്നിയിട്ട് മോഹിനിയാട്ടം അറിയാമെന്നോ തങ്ങളുടെ കുടുംബങ്ങളില്‍ മോഹിനിയാട്ടം അറിയുന്നവരുണ്ടെന്നോ പറയാതിരുന്ന ആ കാലഘട്ടത്തില്‍ ഈ നൃത്തത്തെ “പുനരുജീവിപ്പിക്കാന്‍” ശ്രമിച്ച വള്ളത്തോള്‍ തന്നെ ഒട്ടേറെ ആക്ഷേപങ്ങള്‍ നേരിട്ടൂ. കുലീന നായര്‍ കുടുംബങ്ങളില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ മോഹിനിയാട്ടം പഠിക്കാന്‍ കലാമണ്ഡലത്തില്‍ എത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മോഹിനിയാട്ടത്തിന്റെയും കേരള കലാമണ്ഡലത്തിന്റെയും വള്ളത്തോളിന്റെ യത്നങ്ങളുടെയും ചരിത്രവും സൂചിപ്പിച്ചത് ഈ നൃത്ത രൂപങ്ങളുടെ ഘടനയിലും ചരിത്രത്തിലും ഉള്ളടങ്ങിയിട്ടുള്ള ജാതി അടക്കമുള്ളവയുടെ സംഘര്‍ഷങ്ങളെക്കുറിച്ച് ആലോചിക്കാനാണ്.
നേരത്തെ പരാമര്‍ശിച്ച സിനിമാറ്റിക് ഡാൻസിനോടുള്ള ആശങ്കകള്‍ “ക്ലാസ്സിക്കല്‍” എന്ന് വിവക്ഷിക്കപ്പെടുന്ന കലകളുടെ ആന്തരിക സംഘര്‍ഷങ്ങളുടെ പ്രകടനം തന്നെയാവാം.ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഓൺലൈന്‍ പരിപാടി അവതരിപ്പിക്കുന്നതും“ശ്രേഷ്ഠ” കലകളുടെ വക്താക്കളെ അസ്വസ്ഥമാക്കുന്നത് ഈ ആന്തരികമായ ഉത്കണ്ഠകള്‍ കൊണ്ടാണെന്നാണ് കരുതുന്നത്.
ഒരു ദലിത് നർത്തകിയോ നർത്തകനോ നൃത്തം ചെയ്‌താല്‍ അതിന്റെ ശുദ്ധി നശിക്കുമോ എന്ന ഭയം. മോഹിനിയാട്ടം പോലുള്ള നൃത്തങ്ങള്‍ നിര്‍മ്മിച്ചെടുത്ത ശരീര മാതൃകകള്‍ക്ക് പുറത്തുള്ളവ അവയെ അസ്ഥിരപ്പെടുത്തുമോയെന്ന ഒരു ഭീതി അതിനു എക്കാലവുമുണ്ട്.
”ശരീരം” എന്നത് തന്നെ മോഹിനിയാട്ടം ഉൾപ്പെടെയുള്ള കലകളുടെയും പല തരത്തിലുള്ള ധര്‍മസങ്കടങ്ങളുടെയും ഒരു ഇടമാണ്. പൂര്‍വ രൂപത്തിലുള്ള മോഹിനിയാട്ടത്തിലെ ശരീരത്തെ മെരുക്കിയടുത്തു മാന്യതയുള്ള ഒന്നായി മാറ്റാനുള്ള ശ്രമങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ശരീരത്തിന്റെ ചലനങ്ങളില്‍ മാറ്റം വരുത്തുന്നതിനോപ്പം അന്ന് നടന്ന ഒരു ശ്രമം നര്‍ത്തകിമാര്‍ പ്രേക്ഷകരുടെ ഇടയിലേക്ക് ചെന്ന് ഇടപെടുന്നതിനെ നിര്‍ത്തിയെന്നുള്ളതാണ്. അതിനു ഇട വരുത്തുന്ന “മുക്കുത്തി” പോലുള്ള നൃത്ത ഇനങ്ങള്‍ ഒഴിവാക്കി. പ്രേക്ഷകരെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുകയെന്നതും അതുണ്ടാക്കുന്ന ഒരു സദാചാര ഭീതിയുമായിരുന്നു പ്രശ്നം.ഇതേ നിലയ്ക്ക് തന്നെയാവണം ഒരു കീഴാള ശരീരത്തോടുള്ള ഭയവും.മോഹിനിയാട്ടത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയല്ല ഇവിടെ ഉദ്ദേശിക്കുന്നത്.ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഈ നൃത്തത്തിന്റെ വ്യവഹാരങ്ങള്‍ക്കുള്ളില്‍ തന്നെയാണ് രൂപം കൊള്ളുന്നത് എന്ന് സൂചിപ്പിക്കാനാണ്.
ഒഴിവാക്കല്‍, ബഹിഷ്ക്കരിക്കല്‍, ഭ്രഷ്ട് കല്‍പ്പിക്കൽ എന്നത് കലാരംഗത്ത് പ്രത്യേകിച്ച് “ശാസ്ത്രീയ”, പാരമ്പര്യ കലാരംഗത്തെ ഘടനാപരമായ പ്രശ്നനവും ജാതിശീലവുമാണ്. പ്രത്യക്ഷമായ ലിഖിത നിയമങ്ങള്‍ ചിലപ്പോള്‍ കണ്ടെന്നു വരില്ല. പക്ഷെ സാമൂഹികമായ ചില ശീലങ്ങളിലൂടെയാണ് അത് നടപ്പാക്കപ്പെടുന്നതെന്ന് നേരത്തെ പല കുറിപ്പുകളിലൂടെയും ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ശിങ്കാരിമേളം കേരളത്തിലെ ക്ഷേത്ര അകത്തളത്തില്‍ പ്രവേശിപ്പിക്കാത്തത് പോലെ ഒട്ടേറെ പുറന്തള്ളലുകൾ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തില്‍ കെ ജെ യേശുദാസിനെ പാടാന്‍ അനുവദിക്കാത്തത് ഇത്തരം വ്യവസ്ഥയുടെ പ്രകടമായ ഉദാഹരണമാണ്.
ജാതി തൊഴില്‍ എന്ന നിലയില്‍ മേളം മുഴക്കാന്‍ വിസമ്മതിച്ച ദലിത് മേളക്കാരെ ജാതി ഭ്രഷ്ട്ട് കല്‍പ്പിച്ചത് പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. ആത്മത്യയിലേക്ക് തള്ളി വിടാന്‍ കഴിയുന്ന ഒന്നാണ് കലാമേഖലയിലെ ഈ പുറംതള്ളല്ലും ഘടനാപരമായ വിവേചനങ്ങളും. ‘ത്രീ ഡി സ്ടീരിയോ കാസ്റ്റ്’ എന്ന ഡോകുമെന്ററി ചിത്രീകരണ സമയത്ത് പെരിങ്ങോട് ചന്ദ്രന്‍ എന്ന വാദ്യമേള വിദഗ്ദന്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയ വിവേചനത്തിന്റെ സന്ദര്‍ഭം പറയുകയുണ്ടായി. പാലക്കാട് നെൻമാറ -വല്ലങ്ങി പൂരത്തിന് കുറെ വാദ്യക്കാര്‍ ചന്ദ്രനെ കൊട്ടാന്‍ സമ്മതിക്കാതെ, തൂങ്ങി ചാകാനുള്ള മനസുമായാണ് തിരികെവന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. കലാമേഖലയില്‍ നില്‍ക്കുന്നവരെ സംബന്ധിച്ച് തങ്ങള്‍ ഇത്രയും നാളും നേടിയെടുത്തവയെല്ലാം ഒറ്റ നിമിഷം കൊണ്ട് അവമതിക്കപ്പെടുന്നതായി തോന്നുക എന്നത് വളരെ വേദനിപ്പിക്കുന്ന അനുഭവമാണ്. കീഴാള കലാകാരികളെ സംബന്ധിച്ച് സാന്ദർഭികമായും, അതെ പോലെ തുടര്‍ച്ചയായി നില്‍ക്കുന്ന സംഘർഷങ്ങളായി കലാമേഖലയില്‍ ഈ വിവേചനവും ഒഴിവാക്കലും അനുഭവപ്പെടാം.

ആര്‍ എല്‍ വി രാമകൃഷ്ണന്റെ വിഷയത്തില്‍ തോന്നിയ മറ്റൊരു പ്രശ്നം കലയിലെ കൂടിക്കലരല്‍ എന്നതിനെ കുറിച്ചാണ്. പാശ്ചാത്യ പോപ്പുലര്‍ സംഗീത ഗണങ്ങളായ ജാസ്, റാപ്പ്,റെഗെ തുടങ്ങിയവക്ക് ആഫ്രോ അമേരിക്കൻ, അല്ലെങ്കില്‍ ജമൈക്കന്‍ ഉറവിടങ്ങളാണ് ഉള്ളതെങ്കിലും ലോകത്തെ പല സമുദായങ്ങളും വംശങ്ങളും ആ മേഖലയില്‍ കടന്നു വരികയും ഈ സംഗീത ശൈലിയില്‍ സംഗീത സൃഷ്ടി നടത്തുന്നവരോ പാടുന്നവരോ ഒക്കെയുണ്ട്. അതേ പോലെ പല സംഗീത. നൃത്ത രൂപങ്ങളും പല ഗണങ്ങളില്‍നിന്നും ശൈലികളില്‍ നിന്നും കടം കൊണ്ടിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സ് തന്നെ എത്രയോ നൃത്തങ്ങളുടെ കലര്‍പ്പാണ്. ഇന്ന് വ്യത്യസ്ത സമുദായങ്ങള്‍ വ്യത്യസ്തമായ കലകള്‍ അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. മോഹിനിയാട്ടം പഠിക്കാനും അവതരിപ്പിക്കാനും ഒരു ദലിത് വ്യക്തിക്ക് ആഗ്രഹമുണ്ടെങ്കില്‍ എന്ത് കൊണ്ട് പാടില്ല? ഇന്ന സമുദായം ഇന്ന കല അവതരിപ്പിക്കണമെന്ന ഒരു ആവശ്യവാദ (Essentialist) സങ്കല്പം ഇക്കാലത്ത് നടക്കില്ലയെന്നതാണോ ഇത്തരം ആശങ്കള്‍ ഉയര്‍ന്നു വരാന്‍ കാരണം?
ഈ വിഷയത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു കാര്യം “ഓണ്‍ലൈന്‍” ഇടത്തെ സംബന്ധിച്ചുള്ളതാണ്. ഓണ്‍ലൈന്‍ ഇടത്തും ജാതിയോ എന്ന് ചോദിക്കുന്നവരുണ്ടാകും.ജാതിയെന്നത് പഴയകാലത്തെ ഒന്നാണെന്നും അത് ആധുനികതയുടെയും “ജനാധിപത്യ” സങ്കല്‍പ്പങ്ങളുടെ വ്യാപനത്തിലൂടെയും മാഞ്ഞു പോകേണ്ടതാണെന്നാണല്ലോ കരുതപ്പെടുന്നത്. കലകളെ സംബന്ധിച്ചും ആധുനികവും മതേതരവുമായി അവ സാധുത നേടുന്നതിലൂടെ ജാതി കൊഴിഞ്ഞു പോകുമെന്നാണ് സങ്കല്പം. എന്നാല്‍ കലകളുടെ വികാസവും ആധുനികവത്ക്കരണവും ജാതി, ലിംഗ, വംശ മാനങ്ങള്‍ക്കുള്ളില്‍ തന്നെയാണ് നടന്നിട്ടുള്ളത്. “ശാസ്ത്രീയം”,”പാരമ്പര്യം” തുടങ്ങിയ വ്യവഹാരങ്ങളും അവയുടെ ചിട്ടകളും ജാതിയടക്കമുള്ള സംഘര്‍ഷങ്ങള്‍ക്കുള്ളിലാണ് നിര്‍മ്മിക്കപെട്ടത്. അത് കൊണ്ട് തന്നെ സാങ്കേതിക വിദ്യകള്‍ ധാരാളം സാധ്യതകള്‍ തരികയും, ജാതിയുടെ രൂപങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും പുതിയ കാലത്തെ സാഹചര്യങ്ങള്‍ക്കുള്ളില്‍ പുതിയ രൂപങ്ങളില്‍ ജാതി പ്രവര്‍ത്തിക്കുന്നുണ്ട്. കലാവതരണത്തിനായുള്ള വേദികള്‍ ചരിത്രപരമായി മാറിയിട്ടുണ്ട്. ഓരോ കാലത്തെ വേദികളും അക്കാലത്തെ കലാ മേഖലയുടെ സാമൂഹിക സംഘര്‍ഷങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. കൊട്ടാരങ്ങളില്‍ നിന്നും പൊതുവിടത്തേക്കും ഇന്ന് കാണുന്ന ആധുനിക സ്റ്റേജുകളിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും ഓൺലൈൻ ഇടങ്ങളിലേക്കും വരുമ്പോള്‍ ജാതി അടക്കമുള്ള ഘടകങ്ങള്‍ പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. അവയെ സൂക്ഷ്മമായി മനസിലാക്കേണ്ടതുണ്ട്. ഓൺലൈന്‍ ഇടങ്ങള്‍ കീഴാളര്‍ക്കും, അതേ പോലെ ചിട്ടകള്‍ക്ക് പുറത്തു നില്‍ക്കുന്നവര്‍ക്കും തരുന്ന സാധ്യതകള്‍ കലയില്‍ ശുദ്ധിവാദവുമായി നില്‍ക്കുന്നവര്‍ക്ക് പ്രശ്നം ഉണ്ടാക്കുന്നുവെന്ന് കൂടിയാണ് രാമകൃഷ്ണന്റെ അനുഭവവും ചൂണ്ടിക്കാണിക്കുന്നത്.
Reference
1) Lemos.j , Radical Recreation: Non-Iconic Movements of Tradition in Keralite Classical Dance(2012) Recherches sémiotiques, 32(1-2-3), 47–82. doi:10.7202/1027772ar
2) Kavya Krishna, K. R. (2016). Gender and Performance: The Reinvention of Mohiniyattam in Early Twentieth-Century Kerala. Springer. pp. 123–133.
3 ) 3 D Stereo Caste ( 2012) documentary 23″.directed by A S Ajith kumar ,produced by Rupesh kumar . https://youtu.be/djIrtfXl2rw.