എന്തുകൊണ്ട് നമുക്ക് ക്രിക്കറ്റിൽ സംവരണം വേണം?

കുറച്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റിലെ ആദിവാസി-ദളിത് അസാന്നിധ്യത്തെക്കുറിച്ചും അതിനു പരിഹാരമെന്ന നിലയിൽ സൗത്ത് ആഫ്രിക്കയിലേതുപോലെ ക്വാട്ട കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും ഞാൻ ദി ഹിന്ദുവിൽ എഴുതിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സംവരണം എന്ന ആശയം തീവ്രവൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കി. ജാതിവ്യവസ്ഥ സുശക്തമായി നിലനിൽക്കുകയും അതിനെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലും വേർതിരിവും തുടരുകയും ചെയ്യുമ്പോഴും, പല പ്രതികരണങ്ങളും സംവരണത്തോടുള്ള കടുത്ത വെറുപ്പ് വച്ചുപുലർത്തുന്നവയായിരുന്നു. സംവരണം അനർഹർക്ക് നുഴഞ്ഞുകേറാനുള്ള അവസരമാണ് എന്ന വികാരം ശക്തമായി പ്രതികരണങ്ങളിൽ നിഴലിച്ചിരുന്നു. രണ്ടാമത് ഇന്ത്യൻ ഹ്യൂമൻ ഡെവലപ്മെൻ്റ് സർവ്വേ പ്രകാരം 27 ശതമാനം ഇന്നും ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ വച്ചുപുലർത്തുന്നവരാണ്. സാമൂഹിക സൂചികകളിൽ മുൻപന്തിയിലുള്ള കേരളത്തിൽ പോലും ഉയർന്ന ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ ജാതിവെറികൊല നടന്നത് ഈയടുത്താണ്.

വംശീയതയുടെ യാഥാർഥ്യം

നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിവ്യവസ്ഥ ഒരു വലിയവിഭാഗം ജനതയെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് അടിച്ചമർത്തുന്ന ഘടനയിൽ ആണ് നിലനിൽക്കുന്നത്. സംവരണം പോലെയുള്ള അവകാശങ്ങൾ ഉണ്ടായിട്ടുപോലും പാർശ്വവത്കരിക്കപ്പെട്ട ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് ജാതിവ്യവസ്ഥയിലൂടെ സൃഷ്ടിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക അനീതികൾ മറികടക്കാൻ കഴിഞ്ഞിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് ജാതിവ്യവസ്ഥ ഉണ്ടാക്കിയ അസമത്വം തടയുന്നതിൽ കാര്യമായൊന്നും ചെയ്യാൻ നാം സ്വീകരിച്ച പരിഹാരമാർഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്ന കാര്യമാണ്. ഈയവസ്ഥ ക്രിക്കറ്റിന്റെ അവസങ്ങളുടെ കാര്യത്തിലും പ്രതിഫലിക്കുന്നത് വലിയ അതിശയമുള്ള കാര്യമല്ല. ഒരു ദളിത് ക്രിക്കറ്റർ പോലും ഇന്ത്യൻ ടീമിൽ ടെസ്റ്റ് മാച്ച് കളിച്ചിട്ടില്ല എന്ന വസ്തുത നാം മനസ്സിലാക്കണം. (ദളിത് വെബ്‌സൈറ്റുകളിൽ മൂന്നോ നാലോ ദളിത് ടെസ്റ്റ് ക്രിക്കറ്റേഴ്സിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇവരിലാരും തന്നെ തങ്ങളുടെ ദളിത് സ്വതം പരസ്യമായി അംഗീകരിച്ചിട്ടില്ല. ഇതുമാത്രം തന്നെ ജാതിവ്യവസ്ഥയിലൂന്നിയ വിവേചനത്തിന്റെ തെളിവാണ്). ആദിവാസികളുടെ സ്ഥിതിയും മറ്റൊന്നല്ല.

ക്രിക്കറ്റിലെ സംവരണ ചർച്ചയാണോ അതോ ക്രിക്കറ്റിൽ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്നുവരുന്ന (അമേരിക്കയുടെ ആകെ ജനസംഖ്യക്ക് ആനുപാതികമാണിത്) ആദിവാസി-ദളിത് ജനസമൂഹത്തിന്റെ ശോഷിച്ചതോ, പൂജ്യമോ വരുന്ന സാന്നിധ്യമാണോ ഞെട്ടിക്കുന്നത്?

ഇതിനു വിരുദ്ധമായി, വംശവെറിയും വർണവിവേചനവും ഇന്നും കൊടികുത്തുന്ന അമേരിക്കയിൽ ആഫ്രിക്കൻ-അമേരിക്കൻ (12 ശതമാനം ജനസംഖ്യ) വർഗക്കാരിൽ നിന്ന് എത്രയോ ലോകോത്തര കായികതാരങ്ങളാണ് ഉയർന്നുവന്നത്. നൂറിലധികമാണ് ആഫ്രിക്കൻ-അമേരിക്കൻ’സൂപ്പർ കായികതാരങ്ങളുടെ എണ്ണം. 1947 വരെ ആഫ്രിക്കൻ-അമേരിക്കക്കാർ ഏതെങ്കിലും പ്രധാന ബേസ്ബോൾ ചാമ്പ്യൻഷിപ്പിലോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തിലോ പങ്കെടുക്കുന്നതിൽ വിലക്കുണ്ടായിരുന്നു എന്നും നാം ഓർക്കണം.

എന്നാൽ ഇന്ത്യയിൽ പലപ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ ബ്രാഹ്മിൻ സാന്നിധ്യം 50-60 ശതമാനമാണ് (1931 ലെ ജനസംഖ്യ കണക്കുപ്രകാരം 6.4 ശതമാനമാണ് ബ്രാഹ്മിൻ ജനസംഖ്യ). 2008ലെ പ്രസിദ്ധമായ സിഡ്‌നി ടെസ്റ്റ് ക്രിക്കറ്റിൽ പതിനൊന്നിൽ ആറും ബ്രാഹ്മണരായിരുന്നു. സംവരണത്തെ കളിയാക്കുമ്പോഴും നാം വിട്ടുപോകുന്ന ഒരു കാര്യം ഇന്ത്യൻ ക്രിക്കറ്റിലെ വർധിച്ചു വരുന്ന യാദവ് പോലുള്ള ഒ.ബി.സി. വിഭാഗങ്ങളുടെ പ്രതിനിധ്യത്തിനു കാരണം സംവരണം വഴി ആ വിഭാഗങ്ങൾ നേടിയെടുത്ത സാമൂഹിക വികാസമാണ്. ഗവേഷകരായ ഗൗരവ് ഭൗനാമി, ശുഭം ജെയിൻ എന്നിവരുടെ പഠനങ്ങൾ കാണിക്കുന്നത് ഇന്ത്യൻ വിമൻസ് ക്രിക്കറ്റ് ടീമിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടുതലാണ് എന്നാണ്. ജോലി സംവരണമുള്ള റെയിൽവേയിൽ നിന്ന് കൂടുതൽ കളിക്കാർ വരുന്നതിലാണ് ഇതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ക്രിക്കറ്റിലെ ദളിത്-ആദിവാസി പാർശ്വവത്കരണം ചെറുതായി കാണണോ, ഇതൊക്കെയും യാദൃശ്ചികമാണെന്നും, കളിക്കാർക്ക് ജാതിമതങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, അവർ ഇന്ത്യക്കാർ മാത്രമാണെന്ന രീതിയിൽ വിവേചനത്തെ നീതികരിച്ചു പ്രശ്നങ്ങളെ മറച്ചുപിടിക്കാനോ ഇനി കഴിയില്ല.

ദേശീയ ടീം എങ്ങനെയാണു ഒരു വിഭാഗം ആളുകളെകൊണ്ട് മാത്രം നിറയുന്നത്? ഇന്ത്യയുടെ ടീമിൽ എല്ലാ സാമൂഹികപരിസരങ്ങളിൽ നിന്നും ആളുകളെ ഉൾക്കൊളേളണ്ടതല്ലേ? ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ടീം ജനാധിപത്യപരമായല്ലേ നിലനിൽക്കേണ്ടത്?

എന്നാൽ പൊതുഅഭിപ്രായങ്ങൾ മെറിറ്റ് എന്ന പൊള്ളയായ ആശയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കറുടെ ക്യാപ്റ്റനും ഒരു കാലത്തു മുംബൈയുടെ വിവ് റിച്ചാർഡ്‌സ് എന്നും അറിയപ്പെട്ടിരുന്ന അനിൽ ഗൗരവിന്റെ കഥയിൽ നിന്ന് എങ്ങനെ സാമൂഹികപരിസരങ്ങൾ അവസരങ്ങളെയും ആളുകളെയും സൃഷ്ഠിക്കുന്നു എന്നത് വ്യക്തമാണ്. സച്ചിൻ ലോകത്തിന്റെ നെറുകയ്യിൽ എത്തിയപ്പോൾ എവിടെ നിന്നാണോ കോച്ച് രാമകാന്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കളിക്കാരിലൊരാളായി അനിൽ ഉയർന്നു വന്നത് അതേ ചേരിയിൽ മാത്രമായി അനിൽ ഒതുങ്ങിപ്പോയി. അനിൽ പറഞ്ഞ പോലെ ഒരാളുടെ സാമൂഹിക പശ്ചാത്തലമാണ് എല്ലാം.

മിക്കപ്പോഴും വിവേചനങ്ങൾ ഗൂഢാലോചനയുടെ പരിണിതഫലമല്ല, പകരം അതൊരു ഘടനയിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിക്കുകയാണ് ചെയ്യുക. ഇൻഡേജിൻസ് (indigenious) ഒറിജിനായ ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ജോൺ മൿഗൈരെ (അദ്ദേഹം ഒരു ദേശീയ മത്സരവും കളിച്ചിട്ടില്ല) പറയുന്നത്, “ആളുകൾ ഇതിലൊക്കെയും വംശീയത ഇല്ലെന്ന് പറയും. ഞങ്ങൾ വംശവെറിക്കാരല്ല, ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ബ്ലാക് ഓസ്‌ട്രേലിയൻസ് ആണെന്ന് പറയും, എന്നാൽ അബോധമായ പക്ഷപാതം ഒരു ആദിവാസി വ്യക്തിയെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കും.”

പാകിസ്ഥാനി- ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റർ ഉസ്മാൻ ഖ്വജാ തന്റെ ജീവിതത്തിലുടനീളം കേട്ട ഒരു കഥയായി പറഞ്ഞത് “എനിക്ക് ഒരുപക്ഷെ ഓസ്‌ട്രേലിയക്ക് വേണ്ടി കളിയ്ക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ഞാനൊരു ബ്ലാക്ക്/ ഇന്ത്യൻ/ പാകിസ്താനി ആയതുകൊണ്ട് തിരഞ്ഞെടുത്തില്ല. അതോടെ ഞാൻ കളി മതിയാക്കി”

ക്രിക്കറ്റിനെ വെറുതെ വിടൂ എന്ന് മുറവിളിക്കാതെ പ്രാതിനിധ്യ വൈവിധ്യം ഉറപ്പാക്കേണ്ടത് അങ്ങേയറ്റം ആവശ്യമായ അവസരമാണിത്. ബി സി സി ഐ അത് ചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല. ജാതി മാത്രമല്ല ഇതിൽ പരിഗണിക്കേണ്ടത്, ഒപ്പം പ്രാദേശികതയും കണക്കിലെടുക്കണം. അടുത്തിടെ ബി സി സി ഐ കൗൺസിൽ നോർത്ത് ഈസ്റ്റേൺ സംസ്ഥാനങ്ങൾക്ക് രഞ്ജി ട്രോഫിയിൽ പോലും 11 കളിക്കാരെ കളിപ്പിക്കാൻ കഴിയുന്നില്ല എന്ന് വാദിക്കുകയുണ്ടായി.

ഘടനാമാറ്റം

മെറിറ്റ് അടിസ്ഥാനത്തിലാണ് വികസിത ജനാധിപത്യങ്ങൾ പ്രവർത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ ഇന്ത്യയിലുണ്ട്. ഞാൻ ജോലിചെയ്യുന്ന കാനഡയിൽ സംവരണം ഇല്ലെങ്കിലും, ഈയടുത്തിടെ അദ്ധ്യാപക സ്ഥാനങ്ങളിലേക്ക് ആദിവാസി- വർഗന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതലായി ഉൾപ്പെടുത്താൻ പ്രതേകം ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, അംഗവൈകല്യമുള്ള വ്യക്തികൾ ന്യൂനപക്ഷങ്ങൾ എന്നിവർക്ക് വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രത്യേക പരിഗണനകൾ നൽകാനുള്ള എംപ്ലോയ്‌മെന്റ് ഇക്വിറ്റി ആക്ട് 1986 മുതൽ കാനഡയിൽ നിലവിലുണ്ട്.

അമേരിക്കയിൽ ‘ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈവേഴ്സിറ്റി ആൻഡ് എത്തിക്സ് ഇൻ സ്പോർട്സ്’ പോലുള്ള സംഘടനകൾ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനായുണ്ട്. ആഫ്രിക്കൻ- അമേരിക്കൻ കായികതാരങ്ങളുടെ പ്രാതിനിധ്യം മാത്രമല്ല കായികസംഘടനകളുടെ നടത്തിപ്പ്, ഉടമസ്ഥാവകാശം എന്നിവയിൽ കറുത്തവർഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലും ലൈംഗിക ആഭിമുഖ്യം പോലുള്ളവയിലെ വിവേചനങ്ങളെ നേരിടുന്നതിലും ഈ സംഘടനകൾ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ വൈവിധ്യം നിലനിർത്താനായി കോളേജ് അഡ്മിഷനുകളിൽ വർഗം (race) ഒരു കാറ്റഗറി ആക്കാമെന്ന് യു.എസ് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു.

ഓസ്‌ട്രേലിയലിൽ ആദിവാസി വിഭാഗങ്ങൾക്കായി ക്രിക്കറ്റിൽ ഒരു പ്രോഗ്രാം നിലവിലുണ്ട്. ഇതുവഴി 2011- 12 എണ്ണായിരം ഉണ്ടായിരുന്ന ആദിവാസി വിഭാഗങ്ങളിലെ ക്രിക്കറ്റേഴ്‌സിന്റെ എണ്ണം 2016-17 ഇൽ അൻപത്തി നാലായിരമായി വർധിച്ചു ( അവിടെ 3 ശതമാനമാണ് ആദിവാസി ജനസംഖ്യ എന്നോർക്കുക).

ഇന്ത്യയ്ക്ക് വേണ്ടത് ചിന്തയിലും പ്രവർത്തിയിലും ഘടനാപരമായ മാറ്റമാണ്. അതിനാദ്യപടി കായികമേഖലയിലെ ജാതിവ്യവസ്ഥയിലൂന്നിയ ഭീകരമായ അസമത്വം അംഗീകരിക്കുകയാണ്. എങ്കിൽ മാത്രമേ പരിഹാരങ്ങൾ തേടാൻ നമുക്ക് കഴിയു. സംവരണ വിരുദ്ധ ചർച്ചകളുടെ സമയം ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാൻ ചെലവാക്കിയിരുന്നെങ്കിൽ നമുക്കിന്ന് സംവരണത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലാതെ വരുമായിരുന്നു. ഇത് ദളിത്-ആദിവാസി ക്രിക്കറ്റ് കളിക്കാർ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള സമയമാണ്.

Courtesy: The Hindu

വിവ: ഹസീന .ടി

By നിസ്സിം മണ്ണത്തുകാരന്‍

Associate Professor, Dalhousie University