എത്ര പറഞ്ഞാലും തീരാത്ത കഥയുടെ പേരാണ് മൊയ്ദു കീഴിശ്ശേരി

“ഒരു ദേശാന്തര സാഹസിക യാത്രികന്റെ അനുഭവക്കുറിപ്പുകള്‍ . ബലൂചിസ്ഥാന്‍ മരുഭൂമിയിലെ ചുഴലിക്കാറ്റിനെയും കോക്കസ് പര്‍വതനിരകളിലെ ശീതക്കാറ്റിനെയും മറികടന്ന് , പായക്കപ്പലില്‍ കാറ്റിലും കോളിലും പെട്ട് ഹോര്‍മുസ് ഉള്‍ക്കടലിന്റെ കയങ്ങളിലൂടെ, ചെങ്കടലും സൂയസ് കനാലും മധ്യധരണ്യാഴിയും പിന്നിട്ട് , യൂഫ്രട്ടീസിന്റെ കുത്തൊഴുക്കില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട്, ജോര്‍ദാന്‍ നദി നീന്തി ക്കടന്ന്, കൊടുംകാട്ടില്‍ അന്തിയുറങ്ങി, ഇസ്രായേല്‍ സൈനികരുടെ കണ്ണുവെട്ടിച്ച് മൂന്നു വന്‍കരകളിലെ ഇരുപത്തിനാലു രാജ്യങ്ങള്‍ താണ്ടിയ അനന്തമായ യാത്ര” മൊയ്ദു കീഴിശ്ശേരിയെന്ന സഞ്ചാരിയുടെ ദൂർ കെ മുസാഫിർ എന്ന പുസ്തകത്തിൻ്റെ അവതാരിക അതിശയോക്തിയില്ലാതെ ഇങ്ങനെ പോകുന്നു..

മൊയ്തു കീഴിശ്ശേരിയെന്ന ഇതിഹാസ സഞ്ചാരിയെക്കുറിച്ചും, അദ്ദേഹത്തിൻ്റെ സഞ്ചാര അനുഭവങ്ങളെക്കുറിച്ചും കൂടുതലായി മലയാളികളറിയുന്നത് അദ്ദേഹത്തിൻ്റെ വിയോഗത്തിനു ശേഷമായിരിക്കാം. അനുസ്മരണ എഴുത്തുകളും പോസ്റ്റുകളുമെല്ലാം മൊയ്തുക്കയുടെ ജീവിതത്തെ ഒട്ടേറെ പേരിലേക്ക് അത്ഭുതത്തെ പ്രസരിപ്പിച്ചുകൊണ്ട് മുന്നേറുന്നുണ്ട്. ഈയൊരു അനുസ്മരണത്തിനും ഒരു പക്ഷേ പുതുതായി പറഞ്ഞുതരാൻ കഥകളുണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ആ സാഹസിക സഞ്ചാരിയെക്കുറിച്ച്, ഉലകം ചുറ്റിയ ദർവീശിനെക്കുറിച്ച് രണ്ടുവാക്ക് പറയാതെയിരിക്കാൻ ആവുന്നതെങ്ങിനെ.

യാത്ര കഴിഞ്ഞെത്തിയ മൊയ്ദുക്കയുടെ കഥകൾ പുസ്തകമാക്കാൻ ആദ്യം പ്രസാധകരെ കിട്ടിയില്ല. വിശ്വാസയോഗ്യമല്ലാത്തതാണെന്ന കാരണം കൊണ്ടാണ് ആ അനുഭവങ്ങൾ തള്ളപ്പെട്ടത്. എങ്ങിനെ വിശ്വാസയോഗ്യമാകും? അത്രയും അതിശയകരമായ സാഹസിക പ്രയാണമായിരുന്നു അദ്ദേഹം തൻ്റെ പത്താമത്തെ വയസ്സിൽ തുടങ്ങി വെച്ചത്.

അദ്ദേഹത്തിന്റെ പക്കൽവലിയ പുരാവസ്തു ശേഖരം ഉണ്ടായിരുന്നു. ഓരോ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച ഓര്മകളായിരുന്നു അവ. പാകിസ്താനിൽ ഒരു തോട്ടത്തിൽ ഒന്നുരണ്ട് വർഷം തൊഴിൽ ചെയ്തു. അവിടുത്തെ തോട്ടമുടയുടെ മകളുമായി വിവാഹം തീരുമാനിക്കുന്ന ഘട്ടമെത്തിയപ്പോൾ മൊയ്തു, തൻ്റെ ലക്ഷ്യത്തിനത് പ്രതിബന്ധമാകുമല്ലോയെന്ന ചിന്തയാൽ അവിടുന്ന് യാത്രപറയുകയായിരുന്നു. പിന്നീട്, ഇറാനിലൂടെ തുർക്കിയിലേക്ക്. തുർക്കി അതിര്ത്തി കടക്കാൻ പണം കൊടുക്കുന്നു, കയ്യിൽ പണമൊന്നും ഇല്ലാതെ വളരെ ബുദ്ധിമുട്ടി, വിശന്ന് അവശനായി ബോധരഹിതനായി വീഴുന്നു. കണ്ണു തുറക്കുമ്പോൾ ഒരു തുർക്കിഷ് കുടുംബത്തിലാണ് താനെന്ന് മനസിലാക്കി. ആ കുടുംബത്തിലെ അകാലത്തിൽ മരണപ്പെട്ട മകന്റെ മുഖച്ഛായ ഉണ്ടായിരുന്ന കാരണത്താൽ, ആ മകന്റെ വസ്ത്രങ്ങളും തിരിച്ചറിയൽ രേഖയുമെല്ലാം ഉപയോഗിച്ച് അവരോടൊപ്പം തുർക്കി പൗരനായി അഞ്ചു വർഷം കീഴിശ്ശേരികാരൻ മൊയ്തു ജീവിച്ചു. തുർക്കി ഭാഷയും ആ കാലയളവിൽ സ്വായത്തമാക്കി.

ഇറാനിലെത്തി പത്രപ്രവർത്തകനായി അദ്ദേഹം ജോലി ചെയ്തു. മാത്രമല്ല, ആയത്തുള്ള ഖുമൈനി പാരീസിൽ നിന്ന് ഇറാനിലേക്ക് വരുന്ന സമയത്ത് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ച വളരെ എണ്ണപ്പെട്ട ആളുകളിൽ ഒരാളായിരുന്നു മൊയ്ദുക്ക. അന്നദ്ദേഹം ഇറാന്റെ ഡിപ്ലോമാറ്റിക് തലങ്ങളിൽ സ്ഥാനം വഹിച്ചിരുന്നു. ഇറാൻ – ഇറാഖ് യുദ്ധസമയത്ത് ചാരനായും പ്രവർത്തിച്ചിരുന്നു.

ചെറുപ്പത്തിൽ മൊയ്‌തു കീഴിശ്ശേരി കേട്ട സൂഫിസത്തിന്റെ പാഠങ്ങളാണ് തന്നെ ഒരു നാടോടിയാകുന്നതിലേക്ക് നയിച്ചത് എന്നദ്ദേഹം പറയുന്നു.

വസ്ത്രവും ഭക്ഷണവും പാർപ്പിടവുമെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്നും, അവ നിർണിതമാണെന്നുമുള്ള തിരിച്ചറിവുകൾ, ഒരു ദർവീശായി ലോകം ചുറ്റാൻ മൊയ്തുവിന് പ്രചോദനമേകി.

ഇന്നത്തെ ദേശരാഷ്ട്ര നിയമങ്ങളുടെ സങ്കീർണതകൾ അക്കാലത്ത് ഇല്ലാതിരുന്നതിനാൽ കൂടി , വിസയുടെ അനിവാര്യത കൂടാതെ പാസ്പോർട്ട് കൊണ്ട് തന്നെ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശനം സാധ്യമായി. കൂടാതെ, ചാരൻ, നുഴഞ്ഞുകയറ്റക്കാരൻ തുടങ്ങിയ ലേബലുകൾ പേറാതെയും തന്റെ പ്രയാണം സാധ്യമായി. വലിയ ധീരത തന്നെ പക്ഷെ അതിന് ആവശ്യമാണ്.

ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഭാഷകൾക്കപ്പുറം ഒരുപാട് വേഷങ്ങളും കെട്ടിയ ഒരാളാണ് മൊയ്ദു കീഴിശ്ശേരി. അഫ്‌ഗാൻ യുദ്ധത്തിൽ ഇറാന് വേണ്ടി ഗറില്ലപോരാട്ടത്തിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇമാമും അധ്യാപകനും ഒക്കെയായി ഇറാനിൽ അദ്ദേഹം ജീവിച്ചു. തുർക്കിയാണ് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്നും, അവിടുത്തെ മനുഷ്യർ വളരെ സഹായമനസ്കരാണെന്നും പറയുമായിരുന്നു. ഒസ്മാനിയ ഖിലാഫത്തിന്റെ കുറേ ശേഷിപ്പുകൾ കാണാൻ കഴിഞ്ഞതിലെ സന്തോഷം പ്രകടിപ്പിക്കുമായിരുന്നു. പല തവണ വിസയില്ലാതെ പിടിക്കപ്പെടുകയും, കയ്യാമം വെക്കപ്പെട്ടപ്പോൾ തൻ്റെ മെലിഞ്ഞ കൈയ്യുടെ പ്രയോജനമെടുത്ത് അതിൽ നിന്നൂരി രക്ഷപ്പെട്ട അനുഭവങ്ങളും മൊയ്ദുക്ക പങ്കു വെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും ആത്യന്തികമായ ലക്ഷ്യമായി കണ്ടത് ഹജ്ജ് ചെയ്യുവാനുള്ള ആഗ്രഹം ആയിരുന്നു. ഹജ്ജിന്റെ ആഗ്രഹവുമായാണ് സൗദി അറേബ്യയിലേക്ക് പോവുന്നത്. പക്ഷെ, ഇത്രയൊക്കെ സഞ്ചരിച്ചിട്ടും അദ്ദേഹത്തിന്റെ ആ വലിയ ആഗ്രഹം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വരാനുള്ളത് വരട്ടെ, കാണാം, എന്നൊരു മനോഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കള്ളം പറയാതെ, സത്യം പറഞ്ഞു കൊണ്ട് രക്ഷപ്പെടാൻ കഴിയുമെന്ന് ചിന്തിക്കുകയും, വരുന്ന അനുഭവങ്ങൾ അത് നല്ലതോ ചീത്തയോ ആയാലും അതിനെ പ്രധാനമായി കണ്ടിരുന്ന വ്യക്തിത്വമായിരുന്നു മൊയ്ദു കീഴിശ്ശേരി.

അങ്ങനെ ഒരുപാട് യാത്രകൾ ചെയ്ത്, ദേശങ്ങൾ കണ്ട്, ഒരുപാട് മനുഷ്യരെ, കണ്ട്, വേഷങ്ങൾ കെട്ടി.. തിരികെ വന്ന് സ്വരുക്കൂട്ടിയ ഓർമകളും പുരാവസ്തു ശേഖരങ്ങളും അടങ്ങുന്ന അപൂർവ നിധിയുമായി വീട്ടിൽ വിശ്രമ ജീവിതം നയിചു. ആ ശേഖരങ്ങൾ മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഉമ്മയെ കാണാൻ വേണ്ടിയാണ് തിരിച്ചുവന്നതെന്നാണ് പറയുന്നത്. വളരെ ലളിതമായ സാഹിത്യത്തിൽ ഏഴോളം പുസ്തകങ്ങൾ രചിച്ചു. യാത്ര ചെയ്ത് നേടിയ സാഹിത്യശൈലിയുടെ വായനാനുഭവം ആണ് ഓരോ പുസ്തകങ്ങളും നൽകുന്നത്. അദ്ദേഹത്തെ ഇനി നേരിൽ കേൾക്കാൻ കഴിയാത്ത സങ്കടം ചുറ്റുമുള്ള മനുഷ്യരിലേക്കിട്ടു തന്നുകൊണ്ട്, മൊയ്തു കീഴിശ്ശേരി തൻ്റെ സൃഷ്ടാവിലേക്ക് യാത്രയായി. ഒടുവിലത്തെ യാത്ര.

By നൗഷാദ്‌ എം. കെ

Research Scholar, JNU