സംവരണ രാഷ്ട്രീയം: സാമൂഹ്യനീതിയുടെ ഭാവി

ഇന്ത്യയിൽ സംവരണം എക്കാലത്തും മേലാളിത്ത വിഭാഗങ്ങൾക്ക് വളരെ അരോചകമായിരുന്നു. അവർ എന്നും അതിനെ എതിർത്തു പോന്നവരുമാണ്. ഇന്ത്യയിലെ ദേശീയപ്രസ്ഥാന കാലത്ത് സംവരണം രൂപപ്പെട്ടത് ദേശീയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കാലങ്ങളിൽ അധികാരം കയ്യാളിയിരുന്ന സവർണരും സമ്പന്നരുമായ ജനവിഭാഗത്തിന്റെ അധികാരം ബ്രിട്ടീഷ് അധിനിവേശത്താൽ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അതു തിരിച്ച് പിടിക്കുന്നതിനായി ആദ്യത്തെ 100 വർഷങ്ങൾ (ദേശീയ പ്രസ്ഥാനത്തിന് ആകെ 200 വർഷത്തെ ചരിത്രമാണുള്ളത് ), ദേശീയ പ്രസ്ഥാനം സായുധരായി അധിനിവേശ ശക്തികളോട് പോരാടുകയുണ്ടായി. ഈ സമരങ്ങൾ ഒരുപാട് സാമൂഹ്യ മാറ്റങ്ങൾക്ക് വഴിയൊരുക്കി. അതിനുശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപപ്പെട്ട ഒരു നൂറ് വർഷക്കാലം നിരായുധരായി, സമാധാനപരമായ സമരങ്ങളിലൂടെയും ഇന്ത്യ എന്ന് പറയുന്ന ദേശരാഷ്ട്രം രൂപപ്പെട്ടു. ഇങ്ങനെ ഇന്ത്യയിൽ ഒരു ബഹുസമുച്ചയം (Collectivity) രൂപപ്പെടുന്നത് ഈ ദേശീയ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിൻ്റെ തുടക്കം മുതൽക്കെ നേതൃത്വത്തിലുണ്ടായിരുന്നത് സവർണരും കഴിഞ്ഞ കാലത്ത് അധികാരത്തിലുണ്ടായിരുന്ന രാജാക്കൻമാരും അതിൻ്റെ പ്രതിനിധികളുമൊക്കെയായിരുന്നു. എന്നാൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഈ ദേശീയ പ്രസ്ഥാനത്തിനുള്ളിൽ ഭിന്നതകൾ രൂപപ്പെട്ടു തുടങ്ങി. അതിനു കാരണം കീഴാള ജനവിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സാന്നിധ്യം, മറ്റൊരു ദേശീയ പ്രസ്ഥാനത്തെ കുറിച്ച വാദങ്ങൾ ഉയർത്തി. അവർ ഒരിക്കലും പഴയ ദേശീയ പ്രസ്ഥാനത്തിലെ പഴയ അധികാരികളുടെ തിരിച്ചുവരവിനെ മാത്രമായിരുന്നില്ല സ്വപ്നം കണ്ടത്, മറിച്ച് അധികാരവും സാമൂഹിക പരിഗണനകളും ലഭിക്കാതെ പോയ ഒരു ജനവിഭാഗത്തെ കൂടി പരിഗണിക്കുന്നതാണ് ജനാധിപത്യം. അല്ലെ ങ്കിൽ ദേശീയ സ്വാതന്ത്ര്യം എന്നതായിരുന്നു അവരുടെ വാദം. പല വിഭാഗക്കാരുടെ സമരങ്ങളിലൂടെ ഉയർന്നുവന്ന വ്യത്യസ്ഥ ധാരകളാണ് ഇന്നത്തെ ജനാധിപത്യത്തെ, ദേശരാഷ് ട്രത്തെ നിർമിച്ചത്. ഇത് ചില പ്രത്യക്ഷവും അപ്രത്യക്ഷവുമായ കരാർ മുഖേനയാണ് നിലനിന്നിരുന്നത്. അതിൽ ജനാധിപത്യം അടിസ്ഥാനപരമായി നിലനിന്നിരുന്നത് 3 കരാറുകളുടെ പിൻബലത്തിലാണ്

ഒന്ന്, മതേതരത്വം. ജനാധിപത്യത്തിൻറെയും ദേശത്തിന്റെയും സുസ്ഥിരതക്ക് അത്യാവശ്യമായ ഒന്നാണ് മതേതരത്വം. ഇതിനോട് ബന്ധപ്പെടുത്തിയാണ് വ്യത്യസ്ഥ ജനവിഭാഗങ്ങൾ ഐക്യത്തോടെ ഇവിടെ നിലനിന്ന് പോരുന്നത്. രണ്ട്, ആവിഷ്കാര സ്വാതന്ത്ര്യം, സ്വത്തിനുള്ള സ്വാതന്ത്ര്യം തുടങ്ങിയവ. ഇതിൽ ഏറ്റവും കാതലായ ഒന്നാണ് തുല്ല്യത എന്ന സങ്കൽപ്പം (Equality). പൗരപ്രജ എന്ന നിലയിൽ സമൂഹത്തിനകത്തുള്ള ഒരോ വ്യക്തിക്കും തുല്ല്യത കണക്കാക്കപ്പെടണം എന്നുള്ളതാണ് ഈ സങ്കൽപ്പത്തിന്റെ ലക്ഷ്യം. എന്നാൽ ഈ സങ്കൽപ്പത്തെ ഒറ്റ പരിഗണന വിഷയമായി എടുക്കുകയില്ലെന്നാണ് സംവരണത്തിൻ്റെ സാക്ഷ്യപ്പെടുത്തൽ. നിയമത്തിന് മുന്നിൽ എല്ലാവരും തുല്ല്യരാണെങ്കിലും, സാമൂഹ്യ വ്യവസ്ഥയിലും ചരിത്രപരമായും എല്ലാവരും തുല്ല്യരല്ല. അവരെ സംബന്ധിച്ച് അവർക്ക് അത്യാവശ്യം, തുല്ല്യതക്ക് അകത്തുള്ള അസന്തുലിതാവസ്ഥയെ കുറിച്ച പുനപരിശോധനയാണ്. ഇങ്ങനെ വരുമ്പോഴാണ് സാമൂഹ്യ നീതി (Social Justice) എന്ന സങ്കൽപം ഉയർന്നു വരുന്നത്.

അടിസ്ഥാനപരമായി, തുല്ല്യത ജനാധിപത്യത്തിൽ അധിഷ്ഠിതമാണെങ്കിൽ കൂടി ലിംഗനീതി കണക്കാക്കുന്നതിനും സാമൂഹ്യനീതി കണക്കാക്കുന്നതിലും മതന്യൂനപക്ഷങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ അനുവദിക്കുന്നതിലും അത് ചില കരാറുകളിൽ ഏർപ്പെടേണ്ടതായുണ്ട്. ഇങ്ങനെയുള്ള പരിഗണന സംഭവിക്കുമ്പോഴാണ് സാമൂഹികനീതി എന്ന് പറയുന്ന ഇന്ത്യയുടെ സംവരണത്തിൻ്റെ അടിസ്ഥാന പ്രമേയം അർഥവത്താകുന്നത്.

ഇന്ത്യയിൽ സാമൂഹ്യനീതിയെ കുറിച്ചുള്ള ചർച്ച സ്വാതന്ത്ര്യത്തിനും കാര്യമായി ഉണ്ടായിരുന്നില്ല. സ്റ്റേറ്റ് സംവിധാനത്തെ പറ്റിയുള്ള ചർച്ചകളെ നടത്തിയിരുന്നുള്ളൂ. എന്നാൽ 1980കളോട് കൂടി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ മുഖ്യധാര പർട്ടികൾ ഇന്ത്യയിലെ കീഴാള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്ന തിരിച്ചറിവുണ്ടായത്, കീഴാള വിഭാഗങ്ങൾ നയിച്ച ചില മൂവ്മെൻറുകളിലൂടെയാണ്. അതിന് മുന്നെ അത്തരം ചിലതുണ്ടായിരുന്നെങ്കിൽ കൂടി 1980-കളിലാണ് അവ ശക്തി പ്രാപിക്കുന്നത്. 1980-കളിലെ കീഴാള സാമൂഹിക മുന്നേറ്റങ്ങളുടെ ഫലമായാണ് സോഷ്യൽ ജസ്റ്റിസുകളുടെ ചർച്ച ഉയർന്നുവരുന്നത്. ഇത് പോലെയുള്ള മറ്റുപല സാമൂഹ്യ പ്രശ്നങ്ങളും അവർ ഇതിനോടൊപ്പം ഉന്നയിക്കുകയുണ്ടായി. ഇന്ത്യയിലെ മുഖ്യധാര കക്ഷികൾ റിട്ടേൺ ഓഫ് ദ കാസ്റ്റ് എന്ന ഒരു ഭീതി ഇതിനോടകം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ജാതി രാഷ്ട്രക്കാരെന്ന് അഭിമാനിച്ചിരുന്നവരാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ സാമൂഹിക നീതിയെ കുറിച്ച് ആശയങ്ങൾ ഉയർത്തിയത്. എന്നാൽ അവർക്ക് ഒരുപാട് സാമൂഹിക ചലനങ്ങൾക്ക് കാരണമാകാനും സാമൂഹിക മാറ്റങ്ങൾ രൂപപ്പെടുത്താനും ഇതിനാൽ കഴിഞ്ഞിരുന്നു. ഇതിൻ്റെ പ്രതിഫലനമെന്നോണം വി.പി സിങ് അധികാരത്തിൽ വന്നു, അങ്ങനെ ഇന്ത്യയിൽ ഒരു സാമൂഹിക നീതി വകുപ്പ് തന്നെ രൂപപ്പെടുത്തി. അക്കാലത്ത് അവർ നടപ്പിൽ വരുത്താൻ ശ്രമിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ചില ഭാഗങ്ങളും മസ്ജിദ് വിഷയങ്ങളിൽ നടത്തിയ നീതി പൂർവമായ ചില സങ്കൽപ്പങ്ങളും ഇന്ത്യയിലെ കാർഷിക ജനവിഭാഗങ്ങളോട് പുലർത്തിയ നീതിബോധവും എല്ലാം ഒരു കീഴാള രാഷ്ട്രീയത്തിന്റെ ദൃശ്യത കിട്ടാൻ സഹായിച്ചു. ഇതിൻ്റെ കൂടെ നടന്ന ശാക്തീകരണവുമാണ് ഇന്ത്യയിൽ ഒരു പ്രതിവിപ്ലവത്തിനുള്ള അടിത്തറയിട്ടത്. ഇത് ഒറ്റനോട്ടത്തിൽ ഇന്ത്യയിലെ ഹിന്ദുത്വത്തിൻ്റെ ചലനത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ കൂടി ഇന്ത്യയിൽ ‘യൂത്ത് ഫോർ ഇക്വാലിറ്റി’ പ്രസ്ഥാനം ഇതിനെ പരിപോഷിപ്പിക്കുന്നതിനായി ഈ കാലയളവിൽ ഉയർന്നു വന്നിരുന്നു. കീഴാള സമുദായത്തിലെ സംവരണം അപകടമാണെന്നും അത് പ്രശ്നങ്ങൾ ഉടലെടുവിച്ചുവെന്നും, ഇന്ത്യയുടെ ഗുണത്തെ തന്നെ നശിപ്പിച്ചു കളഞ്ഞുവെന്നും അവർ വാദിച്ചു. അത് കൊണ്ട് തന്നെ ‘ഇക്വാലിറ്റി’ എന്ന പരിഗണനയിൽ സമൂഹത്തെ മാറ്റി എടുക്കണമെന്ന ഉദേശ്യത്തോടെയാണ് ‘യൂത്ത് ഫോർ ഇക്വാലിറ്റി’ സമൂഹത്തിൽ രൂപപ്പെട്ടത് .
ഇതിന്റെ പ്രത്യേകത ഇതിന് വളരെ ആഴമേറിയ വേരുറപ്പിക്കലുണ്ടായിരുന്നു. അത് ഇടത് വലത് ലിബറൽ പക്ഷത്തെ ഏകീകരിക്കാനും അതിനകത്ത് ചലനങ്ങൾ സൃഷ്ടിക്കാനും അവർക്ക് സാധിച്ചു. ഇതിൻ്റെ ഫലമായി ഉണ്ടാക്കിയ സംവരണ വിരുദ്ധ രാഷ്ട്രീയമാണ് ഇന്ന് അതിശക്തമായ രീതിയിൽ റിയാക്ഷനറി ഫോസ് (Reactionary Force) ആയി മാറിയത്.

സാമ്പത്തിക സംവരണം എന്ന വാദം പൂർണമായും സാമൂഹിക നീതിയെ തകർക്കാനുള്ളതാണ്. അതായത് കീഴാള വർഗങ്ങളെ ബഹിഷ്കരിക്കുകയും ഇന്നലത്തെ അധികാര വർഗമായ ബ്രാഹ്മണിസ്റ്റ് അധികാര വർഗങ്ങൾക്ക് തുടർ അധികാരം തുളുമ്പി പോകാതെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

എന്നാൽ, ഇത് നടപ്പാക്കുന്നതിൽ കക്ഷിരാഷ്ട്രീയങ്ങൾ എക്കാലത്തും തടസ്സമായിരുന്നു. ഇത് നടപ്പാക്കുന്നതിൽ ഇവരെ സഹായിച്ചത് 90 കൾക്കും 2000 ത്തിനും ശേഷം ഉയർന്നു വന്ന പൊതു തരത്തിലുള്ള സവർണ്ണ യുവതയെ കേന്ദ്രീകരിച്ചുള്ള Youth for Equality പോലുള്ള പ്രസ്ഥാനങ്ങളാണ്. അതിൻ്റെ പല മാർഗ്ഗങ്ങളിലൂടെയാണവർ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. സംവരണമെന്നത് ദാരിദ്ര്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട കാര്യമല്ല, മറിച്ച് സാമൂഹ്യമാറ്റവുമായി ബന്ധപ്പെട്ട ഒന്നാണ് .അതനുസരിച്ച് കഴിഞ്ഞ 50 വർഷം സംവരണം അനുവദിച്ച മേഖലയിൽ നിന്നും മാറി വിപുല മേഖലകളിലേക്ക് ഇതിനെ വികസിപ്പിക്കണം. ഈ നിലയിൽ സംവരണം ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗമായ ദളിത്- മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളിലേക്ക് സംവരണം വിപുലീകരിക്കണം. എന്നാൽ, ഇന്നും സവർണ്ണരെന്ന് പറയപ്പെടുന്ന വിഭാഗത്തിൻ്റെ കൈയ്യിലാണ് ഭരണാധികാരവും സാമ്പത്തികാധികാരവും കുത്തകയായി നിലനിന്നു പോരുന്നത്.

ഇന്ത്യയിൽ 1960കളിലാണ് സംവരണ വിരുദ്ധ സമരങ്ങൾ ആരംഭിക്കുന്നത്. ഗുജറാത്തിലായിരുന്നു അതിൻ്റെ തുടക്കം. ഇന്ത്യയിലെ ജുഡീഷ്യറിയും പത്ര മാസികകളും സവർണ്ണാധികാര കേന്ദ്രങ്ങളായിരുന്നു.ഇവരുടെ പ്രചരണങ്ങളിലൂടെ സംവരണം വികസിപ്പിക്കാൻ സാധ്യത വന്നു.കേരളത്തിലെ ഇടതുപക്ഷ govt. ൻ്റെ കാലത്ത് രൂപപ്പെട്ട ഒരു ആശയമാണ് സാമ്പത്തിക സംവരണമെന്ന വാദം. ഇത് ഭരണഘടന വിരുദ്ധമായിരുന്നു സാമ്പത്തിക സംവരണത്തിനു വേണ്ടി ഒരരങ്ങ് ഉണ്ടാക്കിയെടുക്കുകയുണ്ടായി പിന്നീട് .ഇതായിരുന്നു ഒന്നാമതായി ചെയ്തത്, രണ്ടാമതായി, സംവരണത്തിൻ്റെ തോത് വർദ്ധിപ്പിച്ചില്ല, അത് 50 ശതമാനമാക്കി ചുരുക്കി ഒരു നിയമം പാസ്സാക്കി.

സുപ്രീംകോടതിയും ഇന്ത്യയിലെ സവർണ മാധ്യമങ്ങളും ഉന്നയിക്കുന്ന വർഗീകരണം ഒരു വംശീയ രാഷ്ട്രീയ സങ്കൽപ്പമാണ്. അഥവാ സ്വേഛാധിപത്യത്തിനുള്ള ഒരു ശ്രമം. അതിന് സുപ്രീം കോടതി ഒത്താശ നടത്തുന്നു എന്നതാണ് സംവരണ വിരുദ്ധതയുടെ ഇന്നത്തെ പശ്ചാത്തലം. ഇത് വിനിയോഗിച്ചാണ് ഇന്ന് ബി.ജെ.പി കേന്ദ്രത്തിൽ പത്ത് ശതമാനവും സംവരണം നടത്തി വരുന്നത്. സാമ്പത്തിക സംവരണ നടപടികളിലേക്ക് കടക്കുന്നതിന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി കേന്ദ്രസർക്കാറും ഇടത്പക്ഷ സർക്കാറും തയ്യാറായി കഴിഞ്ഞു. ഇതിനെ കുറിച്ച് യോജിച്ച പ്രക്ഷോഭങ്ങളും ഇത് വരെ നടന്നിട്ടില്ല. അതിന്റെ കാരണം നേരത്തെ പറഞ്ഞ വർഗീകരണ പ്രക്രിയ പ്രാബല്യത്തിൽ വരുത്തിയതാണ്.

കേവലമായ അവകാശ സമരത്തിലൂടെ മാത്രമായി ഇനിയുള്ള കാലം സംവരണം നിലനിൽക്കാൻ പോകുന്നില്ല. അതിന്റെ രാഷ്ട്രീയമായ സാധ്യതകളേ ഇല്ലാതായി. ഇന്ന് നിലവിലുള്ള സംവരണങ്ങൾ സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്കായി വിപുലീകരിച്ചാലെ വിശാലമായ സംവരണാശയം സാക്ഷാൽകരിക്കാൻ കഴിയൂ. ഇതിനാൽ തന്നെ ഇതൊരു രാഷ്ട്രീയ സംവരണമാണെന്ന് പറയാം. 50-60 വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ജനാധിപത്യത്തിൽ കീഴാള ജനവിഭാഗക്കാരുടെ തകർച്ച സംഭവിച്ചത് പോലെ ഇന്ന് മുസ്‌ലിം വിഭാഗത്തിൻ്റെ പ്രതിനിധാനവും ഇല്ലാതായിരിക്കുകയാണ്. ഇന്ത്യൻ പ്രാതിനിധ്യ ജനാധിപത്യം പൂർണമായി സവർണ കേന്ദ്രീകൃതമായ അവസ്ഥയാണിന്ന്. ദീർഘമായ രാഷ്ട്രീയ സമരത്തിലൂടെ മാത്രമേ സംവരണത്തെ വിപുലീകരിക്കാൻ കഴിയൂ. കഴിഞ്ഞ വി പി സിങ് ഗവൺമെൻറി ൻ്റെ തുടർച്ചയെന്നോണം സംവരണം നടപ്പിലാക്കാൻ പ്രാപ്തി നേടികൊണ്ട് രംഗത്തിറങ്ങിയാലേ കാര്യമുള്ളൂ. സംവരണമെന്നത് സാമൂഹ്യനീതി നിലനിർത്തുന്നതിനായുള്ള ചുവടുവെപ്പ് കൂടിയാണ്. ഇത് സംരക്ഷിക്കണമെങ്കിൽ കീഴാള വിഭാഗങ്ങളുടെ രാഷ്ട്രീയ സമരങ്ങൾ തന്നെ വേണ്ടിവരും. ഈ രാഷ്ട്രീയ സമരങ്ങളുടെ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങളിൽ ഒന്നായിരിക്കണം സാമൂഹ്യ നീതിയുടെ ഭാഗമായ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ വികസിതമായ രൂപത്തിൽ പരിഗണിക്കുക എന്നത്. ഇതിനകത്ത് കീഴാള വിഭാഗക്കാരെ സംരക്ഷിക്കുന്ന ആശയം വിശാലമായി നിലകൊള്ളുന്നു. ഇങ്ങനെ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിച്ചത് കൊണ്ട് വ്യത്യസ്ഥ ജനവിഭാഗത്തിൻ്റെ സഹകരണത്തിലൂടെ അവരെ പരിഗണിച്ച് കൊണ്ട് ഒരു സാമൂഹ്യനീതി പ്രസ്ഥാനത്തെ പരിഷ്കരിച്ചെടുത്ത് അതിനെ രാഷ്ട്രീയമായി സ്ഥാപിക്കുമ്പോഴായിരിക്കും ഇന്ത്യയിലെ വിമോചന പ്രക്രിയയിലേക്ക് നമ്മൾ കടന്ന് പോകുന്നത്.

(സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സെപ്തംബർ 20 ന് ഫേസ്ബുക്ക് പേജിൽ സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രഭാഷണം)

പകർപ്പെഴുത്ത്: ഫാത്തിമ മെഹ്ജബിൻ

By കെ. കെ. ബാബുരാജ്

Chief Editor, Utharakalam