പാരഡൈസ് (സ്വര്‍ഗം) ബാറിലെ ഹലാല്‍ ചിക്കന്‍

ഹറാം, ഹലാൽ എന്നീ ദ്വന്ദങ്ങൾക്കപ്പുറം രാഷ്ട്രീയവും സാംസ്കാരികവുമായ ചില വ്യവഹാരങ്ങളെ കൂടി ‘ഹലാൽ ലൗ സ്റ്റോറി പ്രേക്ഷകരുടെ മുന്നിലേക്ക് തുറക്കുന്നുണ്ട്. സിനിമ പങ്കുവെക്കുന്ന അത്തരം സാംസ്കാരിക- രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചാണ് ഈ കുറിപ്പിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മുസ്‌ലിം പക്ഷത്തുനിന്നുള്ള കലാവിഷ്കാ‌രം എന്നത് പോലെ തന്നെ ‘പുരോഗമന മുസ്‌ലിംകളെ’ കുറിച്ചുള്ള, അല്ലെങ്കിൽ അവരുടെ പച്ചയായ ജീവിതം പറയുന്ന ഈ സിനിമ മുസ്‌ലിം സമൂഹം എങ്ങനെ സ്വീകരിച്ചു/സ്വീകരിക്കും എന്നതിനേക്കാൾ ഇത് മതേതര പൊതുമണ്ഡലം എങ്ങനെ സ്വീകരിച്ചു എന്ന് ചർച്ചചെയ്യപ്പെടേണ്ടതാണ്.

സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ സിനിമയുടെ ട്രെയിലറിലെ ചില ഭാഗങ്ങൾ മുന്നിൽ വെച്ച് മുസ്‌ലിം രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്ന തരത്തിലുള്ള ചർച്ചകൾ ധാരാളമായി വന്നിരുന്നു. സിനിമ റിലീസ് ആയതിന് ശേഷവും അത്തരം ചർച്ചകൾ കണ്ടു. ഇവിടെ മുസ്‌ലിം രാഷ്ട്രീയം എന്നത് ബോധപൂർവം പറഞ്ഞ കാര്യമാണ്. അതിന് ന്യായങ്ങൾ ഉണ്ട്.
സിനിമയുടെ പശ്ചാത്തലം ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്ക കാലമാണ്. അതായത് ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുന്ന കാലം.അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുന്നത് ഈ കാലത്താണ്. മാത്രമല്ല, ആ കാലഘട്ടത്തിൽ തന്നെയാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്നതും ഗുജറാത്ത് വംശഹത്യ നടക്കുന്നതും. സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ബഹിഷ്‌കരണങ്ങളും സമരങ്ങളും നടന്നു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്.

മുസ്‌ലിം സമുദായം ആചാരങ്ങളിലും ആരാധനകളിലും മാത്രം കേന്ദ്രീകരിക്കപ്പെട്ടിരുന്ന കാലത്ത്, സമുദായത്തിൽ നിന്ന് രാഷ്ട്രീയപരമായ ഉണർവ് രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണ്. രാഷ്ട്രീയ പാർട്ടികൾ മാത്രം നയിച്ചിരുന്ന ജനകീയ വിഷയങ്ങളും സമരങ്ങളും മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടം ആളുകൾ ഏറ്റെടുക്കുന്നത് ഈ സമയത്താണ്. 2003 ലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിക്കപ്പെടുന്നത്. അന്ന് മുതൽ തന്നെ പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ അവർ മുന്നിട്ട് ഇറങ്ങിയിരുന്നു. സാമ്രാജ്യത്വ വിരുദ്ധ പരിപാടികൾ കേരളത്തിലുടനീളം സംഘടിപ്പിച്ചു. ഇത് ഇവിടെ പറയാൻ കാരണം, ഈ സിനിമയിലെ “ഒളിച്ചു കടത്തലുമായി” ബന്ധപ്പെട്ട ചർച്ചകളിൽ ഇത് ഒരു വിഷയമാണ് എന്നത് കൊണ്ടാണ്. രാഷ്ട്രീയ പാർട്ടികൾ നയിച്ചു കൊണ്ടിരുന്ന ജനകീയ സമരങ്ങൾ മത സംഘടനകൾ ഏറ്റെടുത്തതോടുകൂടി മതേതര പൊതുമണ്ഡലത്തിൽ ആകുലതകൾ കടന്ന് വരുകയും ഭീകരവാദ, തീവ്രവാദ ആരോപണങ്ങൾ ചാർത്തി കൊടുക്കുകയും ചെയ്‌തു വന്നു. മുസ്‌ലിം സമുദായം പള്ളികളിലും ആചാരങ്ങളിലും മാത്രം ഇടപെട്ടാൽ മതി എന്നുള്ള പൊതുധാരണയെ മുസ്‌ലിം പക്ഷത്തു നിന്നുള്ള ഇത്തരം ഇടപെടലുകൾ തിരുത്തുകയും ചെയ്തു. മുസ്‌ലിം രാഷ്ട്രീയത്തെ ജനകീയമാക്കാൻ ഇത്തരം ഇടപെടലുകൾ കാരണമായിട്ടുണ്ട്. മതേതത്വത്തോടും ജനാധിപത്യത്തോടും എംഗേജ് ചെയ്യാൻ മുസ്‌ലിം രാഷ്ട്രീയം പര്യാപ്തമാണ് എന്നതാണ് കാരണം. എന്നാൽ സിനിമയിൽ കൊക്കക്കോള കമ്പനിക്ക് എതിരെയുള്ള സമരത്തിന് വേണ്ടി എഴുതികൊണ്ടിരിക്കുന്ന ബാനറും ആ റൂമിന്റെ മൂലയിൽ ചാരിവെച്ചിരുന്ന പ്രസ്‌തുത സംഘടനയുടെ കൊടിയും പ്രശ്നവൽക്കരിക്കപ്പെട്ടത് മുകളിൽ പറഞ്ഞ തരത്തിലുള്ള ആകുലതകൾ കാരണമാണ്. മതം രാഷ്ട്രീയത്തിൽ ഇടപെടേണ്ട എന്ന മതേതര പൊതുമണ്ഡലത്തിൽ നിന്നുള്ള പ്രഖ്യാപനങ്ങളെ തിരസ്കരിക്കുന്ന മുസ്‌ലിം രാഷ്ട്രീയ പ്രവർത്തനങ്ങളാണ് അന്ന് മുതൽ കണ്ടു തുടങ്ങിയത്.

സാമ്രാജ്യത്വ വിമർശനവും കൊക്കക്കോള വിരുദ്ധ സമരവുമൊക്കെ ഇടതുപക്ഷ സമരത്തിന്റെ ഭാഗമായിരുന്നു. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ സമരവും സംഘട്ടനവും സാമ്രാജ്യത്വ വിരോധവും കമ്മ്യൂണിസ്സ് ആശയ പ്രചാരണങ്ങളായി നിൽക്കുന്ന സമയത്താണ് അമേരിക്കയേയും ഇസ്രായേലിനെയും മുൻനിർത്തിയുള്ള മുതലാളിത്ത, സാമ്രാജ്യത്വ വിമർശനങ്ങളും വിരോധങ്ങളും മുസ്‌ലിം പക്ഷത്തു നിന്ന് ഉയർന്ന് വന്നത്. മുസ്‌ലിം സ്വത്വ രാഷ്ട്രീയത്തിൻ്റെ ഭാഗം കൂടിയായിരുന്നു അത് എന്ന് മനസിലാക്കാം.

അതേ റൂമിന്റെ ചുമരിൽ ഒട്ടിച്ചിരുന്ന ‘SYO കോളമാണ്’ പ്രശ്നവൽക്കരിക്കപ്പെട്ട മറ്റൊന്ന്. എന്നാൽ ആ കോളം കൈകാര്യം ചെയ്യുന്ന വിഷയം എന്താണ് എന്ന് ചർച്ചചെയ്യാൻ ബോധപൂർവം വിട്ടുകളഞ്ഞു എന്നാണ് പ്രസ്തുത ചർച്ചകളിൽ നിന്ന് മനസിലാകുന്നത്. ഗാന്ധിവധത്തെ മുന്നിൽ വെച്ചുള്ള സംഘപരിവാറിനോടുള വിമർശനമാണ് ആ കോളത്തിന്റെ ഉള്ളടക്കം. എന്നാൽ അത് വിശകലനം ചെയ്യാതെയുള്ള ഒഴിഞ്ഞുമാറ്റം നിഷ്കളങ്കമല്ല. കാരണം, അത് ചർച്ചാവിഷയമായി വന്നാൽ മതത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ അംഗീകരിച്ചു കൊടുക്കേണ്ടിവരും. സിനിമയിൽ പ്രസ്താവിക്കുന്ന ‘ഇസ്‌ലാമിക പുരോഗമന സംഘടന’ രാഷ്ട്രീയപരമായി വിശാലവും ആഗോളപരമായ കാഴ്ച്ചപ്പാടുകൾ വെച്ചുപുലർത്തുന്നവരുമാണ് എന്ന് സിനിമയുടെ ആരംഭത്തിൽ തന്നെ വ്യക്തമാണ്. വേൾഡ് ഡ്രേഡ് സെന്റർ ആക്രമണത്തെ കുറിച്ചുള്ള കാര്യങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അത് തന്നെ പൊളിറ്റിക്കലാണ്. തകർക്കപ്പെട്ടത് കേവലം രണ്ട് കെട്ടിടങ്ങളല്ല എന്നും അതിലൂടെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ അധിനിവേശ ഉദ്യേശങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത് എന്നും സിനിമയുടെ തുടക്കത്തിലുള്ള പ്രഭാഷണത്തിൽ കേൾക്കാം. 09/11 ന് ശേഷമാണ് ലോകത്ത് ഇസ്‌ലാമോഫോബിയ കൂടുതലും വർധിച്ചത് എന്ന് പിന്നീടുള്ള സംഭവവികാസങ്ങളും കലാവിഷ്‌കാരങ്ങളും ബോധ്യപ്പെടുത്തുന്നതാണ്. തുടർന്ന് സിനിമയുടെ ഫ്രെയിം പോകുന്നത് കുറച്ച് ആനുകാലിക പ്രസിദ്ധീകരണങ്ങളിലേക്കും ചുമരിൽ ഒട്ടിച്ച കുറച്ചു പോസ്റ്ററുകളിലേക്കുമാണ്. ആ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും പോസ്റ്ററുകളുടെയും കൈകാര്യ വിഷയം അമേരിക്ക, ഇറാൻ, സദ്ദാം ഹുസ്സൈൻ, നജാദ്, മാൽകം എക്‌സ്, അലി ശരീഅത്തി, ദർവീഷ്, ഗുജറാത്ത് വംശഹത്യ, ഫലസ്തീൻ തുടങ്ങിയവയാണ്. ഇത്രത്തോളം മനോഹരവും രാഷ്ട്രീയവുമായ ഫ്രെയിം മലയാള സിനിമയിൽ ആദ്യമായാണ് അനുഭവിക്കുന്നത്. ഒരു പക്ഷെ ലോകസിനിമയിൽ തന്നെ ഇത്തരം ഫ്രെയിം അപൂർവമായേക്കാം. ആ അർഥത്തിൽ ഹലാൽ ലൗ സ്റ്റോറി ആഗോളമാനങ്ങൾ ഉള്ള സിനിമകൂടിയാണ്.

ഇത്തരം പുരോഗമനപരമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്ന, നാടകങ്ങളിലും സംഗീത ശില്പങ്ങളിലും അഭിനയിച്ചു ശീലിച്ച, തികഞ്ഞ മതനിഷ്ടകൾ കാത്തുസൂഷിക്കുന്ന ഒരു കൂട്ടം നിഷ്കളങ്കരായ ആളുകളുടെ, സിനിമയെന്ന മാധ്യമത്തെ കുറിച്ചുള്ള ആലോചനകളും പ്രവർത്തനങ്ങളും അതിനിടയിലെ ഹറാം, ഹലാൽ ദ്വന്ദവുമാണ് ഹലാൽ ലൗ സ്റ്റോറിയുടെ ഇതിവൃത്തം.

മുസ്‌ലിം രാഷ്ട്രീയത്തെ സംബന്ധിക്കുന്ന, ‘ഒളിച്ചു കടത്തലുകൾ’ ഇല്ലാത്ത ഇത്തരം തുറന്നുപറച്ചിലുകൾ ഇടത്-ലിബറൽ-മതേതര വ്യവഹാരങ്ങളിൽ പോറൽ വീഴ്ത്തുക സ്വാഭാവികമാണ്. അതുകൊണ്ടാണ് ഒരു കൊടിയും, കോളവും ബാനറും പ്രശ്നവൽക്കരിക്കപ്പെടുന്നത്.

മുസ്‌ലിം ചിഹ്നങ്ങളും ശബ്ദങ്ങളും കേരളത്തിലെ മതേതര സാംസ്കാരിക ലോകത്ത് എത്രത്തോളം സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കൂടി സിനിമയെക്കുറിച്ച പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. മുസ്‌ലിമിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കപ്പെടുന്ന ഹറാം, ഹലാൽ, കറാഹത്ത്, അൽഹംദുലില്ലാഹ്, അസ്തഗ്ഫിറുല്ലാഹ്, അല്ലാഹു അക്ബർ, ഇൻഷാ അല്ലാഹ്, മാഷാ അല്ലാഹ്, ദീനി തുടങ്ങിയ പ്രയോഗങ്ങളുടെ ആശയ തലം അമുസ്‌ലിം സമൂഹത്തിൽ അന്യമാണ്. ഇത്തരം പ്രയോഗങ്ങൾ അറിയാത്തത് കൊണ്ടു തന്നെ അമുസ്‌ലിംകൾക്ക് ഈ സിനിമ എംഗേജ് ചെയ്യാൻ കഴിയില്ല എന്ന് വാദിക്കുന്നവർ, മലയാള സിനിമയിൽ കാലങ്ങളായി കടന്നുവരുന്ന ഹൈന്ദവ പുരാണ ശ്ലോകങ്ങളുടെ അർഥവും ആശയതലവും മനസിലായിട്ടാണോ ആ സിനിമകൾ ആസ്വദിക്കുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അത്തരം സിനിമകൾ കാണുന്ന പലർക്കും ഹൈന്ദവ പുരാണ ശബ്ദങ്ങൾ മതേതര സമൂഹത്തിൽ ശീലമാവുകയും എംഗേജ് ചെയ്യാൻ കഴിയുന്നതുമാകുമ്പോൾ എന്തുകൊണ്ട് മുകളിൽ പറഞ്ഞ തരത്തിലുള്ള മുസ്‌ലിം ശബ്ദങ്ങൾ ശീലമല്ലാത്തതും എംഗേജ് ചെയ്യാൻ കഴിയാത്തത് ആവുകയും ചെയ്യുന്നു എന്ന് ചോദിച്ചാൽ അത്തരം മുസ്‌ലിം ശബ്ദങ്ങളെ മതേതര സമൂഹവും സാംസ്കാരിക ലോകവും സ്വീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല എന്ന് വേണം മനസിലാക്കാൻ.

അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് പോലെയുള്ള മുസ്‌ലിം ശബ്ദങ്ങളും മുദ്രാവാക്യങ്ങളും NRC, CAA വിരുദ്ധ സമരത്തിൽ ഉപയോഗിച്ചതിനെതിരെ മുസ്‌ലിം സമുദായതിന്റെ അകത്തു നിന്നും മതേതര സമൂഹത്തിൽ നിന്നും വളരെ വിമർശനാത്മകവും അസഹിഷ്ണുത നിറഞ്ഞതുമായ പ്രതികരണങ്ങളാണ് വന്നത്. മുസ്‌ലിം സമുദായത്തിന്റെ അകത്തു നിന്നുള്ള പ്രതികരണങ്ങൾ, അത്തരം മുദ്രാവാക്യങ്ങൾ ബഹുസ്വരതയെ ബാധിക്കും എന്ന ന്യായത്തിന്മേലാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ മതേതര സമൂഹത്തിൽ നിന്നും ഉയർന്ന പ്രതികരണങ്ങൾ മുസ്‌ലിം രാഷ്ട്രീയത്തെ ഒന്നാകെ റദ്ദ് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. അവിടെയും വർഗീയതയും തീവ്രവാദവുമൊക്കെ ചാർത്തപ്പെട്ടിരുന്നു എന്ന് മനസിലാക്കണം. മുകളിൽ പറഞ്ഞ രണ്ട് തരത്തിലുള്ള പ്രതികരണങ്ങളോട് രണ്ട് ചോദ്യമാണ് ഉന്നയിക്കാനുള്ളത്.

  1. അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ് പോലെയുള്ള ഇസ്‌ലാമിക പദങ്ങളും മുസ്‌ലിം രാഷ്ട്രീയ മുദ്രാവാക്യങ്ങളും ബഹുസ്വരതയെ എങ്ങനെയാണ് ബാധിക്കുക ?
  2. മുസ്‌ലിം ഉന്മൂലനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നിയമത്തിനെതിരെയുള്ള സമരങ്ങൾ ഭരണഘടന സംരക്ഷണ സമരമാക്കുകയും അതിൽ “ജയ് ഭീം” പോലെയുള്ള കീഴാള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ സ്വീകരിക്കപ്പെടുകയും മുസ്‌ലിം സ്വത്വ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ട് ?

വർത്തമാന കാലത്തെ ഇത്തരം വ്യവഹാരങ്ങളോട് ഭൂതകാല സ്മരണകളിൽ നിന്ന് കൊണ്ട് കൂടി സിനിമ സംവദിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ ഇണക്കവും പിണക്കവും പരിഹാരങ്ങളും സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. മാത്രമല്ല, മുസ്‌ലിം സംഘടനകളുടെ സാമ്പത്തിക മൂലധനത്തെ കുറിച്ചുള്ള മതേതര ലിബറൽ ധാരണകളെയും കാഴ്ചപ്പാടുകളേയും സാമ്പത്തിക മൂലധന സമാഹരണത്തിന്റെ ഭാഗമായി സംഘടനാ പ്രവർത്തകർക്കിടയിലും നാട്ടിലെ പ്രമാണിമാർക്കിടയിലും നടത്തുന്ന പിരിവിലൂടെ സിനിമ തിരുത്തുന്നുണ്ട്.

മുസ്‌ലിം സ്ത്രീകളെ കുറിച്ചുള്ള മുഖ്യാധാരാ ധാരണകളെ കൂടി സിനിമ തിരുത്തുന്നുണ്ട്. ലൈബ്രറിയിൽ പോകുന്ന, പുസ്തകം വായിക്കുന്ന, കലാ-സാംസ്കാരിക കൂട്ടായ്മകളിൽ പങ്കെടുക്കുന്ന, പൊതുവിടങ്ങളിലേക്ക് കടന്നു വരുന്ന മുസ്‌ലിം സ്ത്രീകളെയും സിനിമ കാണിച്ചു തരുന്നു. നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമായിട്ടു കൂടി, NRC,CAA വിരുദ്ധ സമരങ്ങളിൽ സ്ത്രീകൾ പങ്കെടുക്കരുതെന്നും കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കരുതെന്നും ഫത്‌വകൾ വന്നിരുന്നു എന്ന് ഈ സന്ദർഭത്തിൽ ചേർത്തുവായിക്കേണ്ടതാണ്. ഇപ്പോഴും പള്ളിയിൽ പോകാൻ പോലും വിലക്കുകൾ ഉള്ള, സ്ത്രീകൾ മത പരിപാടി എന്ന നിലയിൽ വഅ്‌ള് കേൾക്കാൻ മാത്രം ഒരുമിച്ചു കൂടുന്ന അവസ്ഥകൾ നിലനിൽക്കെയാണ് രണ്ട് പതിറ്റാണ്ട് മുമ്പുള്ള പുരോഗമന മുസ്‌ലിം സ്‌ത്രീകളെ സിനിമ കാണിച്ചു തരുന്നത്. ഈ സിനിമയുടെ ചിത്രീകരണത്തിന് തൊട്ട് മുമ്പോ ചിത്രീകരണ വേളയിലോ ആണ് NRC, CAA നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ആ വർഷത്തെ ദേശീയ അവാർഡ് തിരസ്കരിച്ചതായും ബഹിഷ്‌കരിക്കുന്നുവെന്നും സംവിധായകനും രചയിതാവുമായ സക്കരിയയും സഹ രചയ്താവായ മുഹ്‌സിൻ പരാരിയും പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ പാക്കപ്പ് ദിവസത്തെ ആഘോഷിച്ചത് NRC, CAA ക്കെതിരെ മുദ്രാവാക്യങ്ങളും പ്ലാക്കർഡുകളും ഉയർത്തി പാകിസ്ഥാനി ഉർദു കവിയായ ഫൈസ് അഹ്‌മദ്‌ ഫൈസിന്റെ ഹം “ദേഖേങ്കെ” എന്ന കവിത ആലപിച്ചു കൊണ്ടായിരുന്നു. ഒളിച്ചു കടത്തലുകൾ ഇല്ലാത്ത കൃത്യമായ രാഷ്ട്രീയമാണ് തങ്ങളുടേത് എന്ന് അണിയക്കാർ, വിശിഷ്യാ, സക്കരിയയും മുഹ്‌സിൻ പരാരിയും ഇതിലൂടെ പ്രഖ്യാപിക്കുന്നു.

“ചിലതൊന്നും കാണാൻ പാടില്ല എന്നും ചിലതൊന്നും കേൾക്കാൻ പാടില്ല എന്നും വിശ്വസിക്കുന്ന ആൾക്കാരുണ്ട് ഇവിടെ. അവരായിട്ട് ആഗ്രഹിച്ച് ചെയ്യുന്ന സിനിമയാണിത്” കലയുടെ ഉൾക്കൊള്ളൽ സംസ്കാരത്തെ പറഞ്ഞുവെക്കുന്ന രംഗമാണത്. “ഞങ്ങൾക്കും കാണണ്ടെ സിനിമ, ഞങ്ങൾക്കും ചെയ്യണ്ടെ സിനിമ ?”എന്ന ഡയലോഗ് ഒരു പ്രഖ്യാപനവും സമുദായത്തിന്റെ ഉള്ളിലുള്ള നവീകരണ സാധ്യതയുമാണ്. ആയതിനാൽ ഇസ്‌ലാമും, മുസ്‌ലിംകളും സംഘടനാ ജീവിതവും സാംസ്കാരിക പരിസരത്ത് തന്നെയുണ്ട് എന്ന് സിനിമ അടിവര ഇടുന്നു. സിനിമയിൽ പറയുന്നത് പോലെ “ഇസ്‌ലാമും മുസ്‌ലിംകളും ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ” പച്ചയായ, നിഷ്കളങ്കമായ മുസ്‌ലിം ജീവിത പരിസരത്തെ ചിത്രീകരിക്കാൻ സംവിധായകൻ സക്കരിയക്കും ടീമിനും സാധിച്ചിട്ടുണ്ട്

By മുഷ്താഖ് ഫസൽ