ഫ്രഞ്ച് മതേതരത്വം (laïcité) മുസ്‌ലിംകള്‍ക്കെതിരായ മര്‍ദനമുറയാകുന്നത്‌

സ്‌റ്റേറ്റ് വ്യവഹാരങ്ങളില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തുന്നതിനായി തുടങ്ങിയ നിയമവ്യവസ്ഥകള്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ മതവൈരമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

2016ല്‍ ഫ്രാന്‍സിലെ ‘ബുര്‍കിനി വിവാദ’ത്തിന്റെ പശ്ചാത്തലത്തില്‍, പുത്തന്‍ നീന്തല്‍വസ്ത്രത്തിന്റെ നിരോധനത്തിനുള്ള മുറവിളികള്‍ക്കിടെ മുന്‍ആഭ്യന്തര മന്ത്രി ജീന്‍- പിയറെ ഷെവന്‍മെന്റ് മുസ്‌ലിംകളെ അഭിസംബോധന ചെയ്തു. ഫ്രാന്‍സിലെ ഫൗണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിനെ നയിക്കാനുള്ളവരില്‍ ഉള്‍പ്പെട്ട ഷെവന്‍മെന്റ്, ഫ്രാന്‍സിലെ മുസ്‌ലിംകള്‍ക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കാന്‍ സാധിക്കണം, പക്ഷേ, പൊതുവിടത്തില്‍ ഔചിത്യബോധവും വേണം എന്ന് പ്രഖ്യാപിച്ചു. ഈ ‘സ്വതന്ത്രമായ ആചരണ’ത്തിനും ‘ഔചിത്യബോധ’ത്തിനുമിടയിലെ നീക്കുപോക്കുണ്ടാക്കല്‍ ഫ്രെഞ്ച് സമൂഹത്തിലെ ചില പൊതുവിടങ്ങളില്‍ ഫ്രെഞ്ച് മുസ്‌ലിംകളെ അദൃശ്യരാക്കുവാനാണ് കാരണമായത്.

ഫ്രെഞ്ച് മുസ്‌ലിംകളോടുള്ള മോശമായ പെരുമാറ്റത്തിനുദാഹരണമായി ഒരു കേസ് പോലും ഇല്ലാതെ ഫ്രാന്‍സില്‍ ഒരു ദിനവും കടന്നുപോകുന്നില്ല. ഏറ്റവും പുതിയ ഉദാഹരണമെടുത്താല്‍, സെപ്തംബര്‍ 2020ല്‍ Recettes Echelon 7 എന്ന പേരില്‍ വളരെ പോപുലറായ ഒരു ഇന്‍സ്റ്റഗ്രാം പേജിന്റെ നടത്തിപ്പുകാരിയായ ഇമാനെ ബൗണ്‍ എന്ന വിദ്യാര്‍ഥിനിയുടെ ഹിജാബണിഞ്ഞ ഒരു വീഡിയോയുടെ താഴെ ലെ ഫിഗാറോ പത്രത്തിലെ ജേണലിസ്റ്റിന്റെ ‘സെപ്തംബര്‍ 11’ എന്ന കമന്റ്. അതിന്റെ ഫലമായി പലതരത്തിലുള്ള ഭീഷണികള്‍ കൊണ്ട് ബൗണിന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്യേണ്ടി വന്നു. ഹിജാബിനെയും 9/11ലെ ദാരുണ സംഭവത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നടത്തിയ ഈ ശ്രമവും, സാധാരണക്കാരായ മുസ്‌ലിംകള്‍ക്കെതിരെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ദ്രോഹങ്ങള്‍ക്കെതിരെ നടപടിയില്ലായ്മയുമെല്ലാം കാണിച്ചുതരുന്നത്, ഫ്രാന്‍സിലെ മുസ്‌ലിം വിരുദ്ധ പൊതുബോധം എത്ര ആഴത്തിലാണ് സാധാരണവല്‍ക്കരിക്കപ്പെട്ടതെന്നാണ്.

മതസ്വാതന്ത്ര്യവും വിവേചനാധികാരവും ഭരണഘടനാപരമായി ഉറപ്പുനല്‍കുന്ന മതേതര (laïque) രാജ്യമായ ഫ്രാന്‍സില്‍, 1905 ലെ നിയമപ്രകാരമുള്ള ചര്‍ച്ചും സ്റ്റേറ്റും തമ്മിലെ വേര്‍തിരിവും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 പ്രകാരമുള്ള നിഷ്പക്ഷതയും ഒരുമിച്ച് നിലനിന്നുപോകണമെന്നാണ്. സ്‌റ്റേറ്റ് മതകാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലാത്തതു പോലെ തിരിച്ചും ആകണമെന്നാണ് laïque കൊണ്ടുദ്ദേശിക്കുന്നത്. തദ്ഫലമായി, സ്റ്റേറ്റിനു വേണ്ടി ജോലി ചെയ്യുന്ന ഏതൊരാള്‍ക്കുമേലും നേരിട്ടോ അല്ലാതെയോ മതനിരപേക്ഷതയെ അടിച്ചേല്‍പ്പിക്കാൻ സാധിക്കുന്നു. ആധുനിക കാലത്ത്, ഫ്രെഞ്ച് മൂല്യങ്ങള്‍ക്കടിസ്ഥാനമായ ദേശീയ സ്വത്വത്തിന്റെ മൂലശിലയായി ഈ മൂല്യങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടാഞ്ഞിട്ടുപോലും laïque പ്രതിനിധീകരിക്കപ്പെട്ടു. അത്തരമൊരു നിര്‍വചനത്തിന്റെ അഭാവം നിമിത്തം, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സ്വാധീനങ്ങളാലുള്ള നിര്‍വചനം ദോഷകരമായി ബാധിക്കുന്നത് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, ഇടതു- വലത് വിഭാഗങ്ങളൊറ്റക്കെട്ടായി laïcité യ്ക്ക് കൂടുതല്‍ ഇടുങ്ങിയതും പരിമിതവുമായ വ്യാഖ്യാനം നല്‍കാന്‍ പിന്തുണയ്ക്കുന്നുണ്ട്. 2016 സമ്മറില്‍ മതകീയ ചിഹ്നങ്ങളുടെ നിരോധനം സംബന്ധിച്ച സംവാദങ്ങള്‍ കൊടുമ്പിരികൊണ്ടു. തുടര്‍ന്ന്, ഫ്രാന്‍സിലെ പല നഗരങ്ങളിലും പാശ്ചാത്യ മുസ്‌ലിംകള്‍ക്കിടയില്‍ ജനകീയമായ പുത്തന്‍ നീന്തല്‍ വസ്ത്രം, ബുര്‍കിനിയുടെ നിരോധനത്തിനായി നിയമങ്ങള്‍ കൊണ്ടുവന്നു.

ബുർകിനി വസ്ത്രം

കര്‍ശനമായ സ്‌റ്റേറ്റ് നിഷ്പക്ഷതയും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയ laïcité യുടെ മാറുന്ന വ്യാഖ്യാനങ്ങള്‍ മതകീയ ചിഹ്നങ്ങളുടെ ദൃശ്യതയെക്കുറിച്ച നിയമപരമായ ആഖ്യാനങ്ങളെ സങ്കീര്‍ണമാക്കുകയാണ്. മുസ്‌ലിംകളെ, പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീയെ പൊതുവിടത്തില്‍ അദൃശ്യമാക്കുന്നതിനായി മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കൈകോര്‍ത്തിരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മതസ്വാതന്ത്ര്യത്തെ തടയുന്നതിനായുള്ള നൈയാമിക വഴിയായി laïcité യുടെ ഈ മാറ്റിമറിക്കല്‍ ഉപയോഗിക്കുന്നത് വരേണ്യ പൊതു വ്യവഹാരങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്ക് യഥാര്‍ഥ ഫ്രെഞ്ച് പൗരന്മാരാകാന്‍ കഴിയുമോ എന്ന സംവാദത്തിലേക്കും മുസ്‌ലിംകളുടെ ദേശത്തോടുള്ള കൂറിനെ നിരന്തരം ചോദ്യംചെയ്യുന്നതിലേക്കുമാണ് നയിക്കുന്നത്.

പബ്ലിക് സ്‌കൂളുകളില്‍ ഹിജാബ്

1989ല്‍, laïcité യും സ്‌കൂളിന്റെ നിഷ്പക്ഷതയും ലംഘിച്ചുവന്നെ പേരുപറഞ്ഞ് ക്രെയ്ല്‍ നഗരത്തിലെ സ്‌കൂളില്‍ നിന്നും ഹിജാബ്ധാരികളായ മുസ്‌ലിം പെണ്‍കുട്ടികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ‘headscarf affairs’ വിവാദം നടന്നു. ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ ചുമതലപ്പെട്ട പബ്ലിക് സ്‌കൂളുകളുടെ സുപ്രധാന പങ്കിനെച്ചൂണ്ടി, പെണ്‍കുട്ടികളെ പുറത്താക്കിയ നടപടി ന്യായീകരിക്കപ്പെടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന മാനിച്ച് laïcité യുടെ ഒരു ലിബറല്‍ വ്യാഖ്യാനമാണ് കൗണ്‍സില്‍ സ്‌റ്റേറ്റ് പുറപ്പെടുവിച്ച അയഞ്ഞ നിലപാടില്‍ കണ്ടത്. പബ്ലിക് ഓഡറിന് ഭീഷണിയല്ലാത്ത വിധം ഒരു മതചിഹ്നമെന്ന നിലയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നത് തത്വത്തിനു വിരുദ്ധമായിരുന്നില്ലയെന്നതായിരുന്നു ആ നിലപാട്. താരതമ്യേന വിശാലമായ ആ നിലപാടിനെ മറികടന്ന് സ്‌റ്റേറ്റ് ഒഫിഷ്യലുകള്‍ അധ്യാപകര്‍ക്ക് ഹിജാബ് നിരോധനം തീരുമാനിക്കാനുള്ള സ്വതന്ത്രമായ അധികാരം നല്‍കി. അങ്ങിനെ നിരോധനങ്ങള്‍ക്കെതിരെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിനു മുന്നില്‍ വന്ന ഹരജികള്‍ തള്ളപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. 2003ല്‍ ഇതേ വിഷയം വീണ്ടും ഉയര്‍ന്നപ്പോള്‍, laïcité യുടെ നടപ്പിലാക്കല്‍ പുനഃപരിശോധിക്കുന്നതിനായി ‘സ്റ്റാസി കമ്മീഷനെ’ (Stasi Commission) നിയോഗിച്ചു.

പബ്ലിക് സ്‌കൂളുകളില്‍ മതചിഹ്നങ്ങള്‍ നിരോധിക്കണമെന്നു പറഞ്ഞ് സ്റ്റാസി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധനം കൊണ്ടുണ്ടായ നേട്ടമെന്താണെന്നും നിരോധനമേറ്റു വാങ്ങിയ പെണ്‍കുട്ടികള്‍ പബ്ലിക് ഓര്‍ഡറിന് ഭീഷണിയായതെങ്ങനെയെന്നും ചോദിച്ചുകൊണ്ട്, പൊതുവിടത്തില്‍ മതചിഹ്നമുയര്‍ത്തുന്ന ഭീഷണിക്ക് തെളിവില്ലെന്നു പറഞ്ഞുകൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തു. 2004 മാര്‍ച്ച് 15 ന്, laïcité തത്വത്തിന്റെയടിസ്ഥാനത്തില്‍ മതകീയതയെ അതിസാധാരണമായി പ്രദര്‍ശിപ്പിക്കുന്ന ഏതുമതത്തിന്റെയും ചിഹ്നങ്ങളോ വസ്ത്രങ്ങളോ പബ്ലിക് സ്‌കൂളുകളില്‍ നിരോധിച്ചുകൊണ്ട് ഫ്രെഞ്ച് പാര്‍ലമെന്റ് നിയമം പാസാക്കി. നിരോധിക്കപ്പെട്ട ചിഹ്നങ്ങളില്‍, ഇസ്‌ലാമിക് ഹിജാബ്, ജൂതരുടെ കിപ്പ, സിഖുകാരുടെ ടര്‍ബന്‍, വലിയ കുരിശുകള്‍ എന്നിവയുള്‍പ്പെടുന്നു. പ്രായോഗിക തലത്തില്‍, ഈ നിരോധനം ഉന്നം വെച്ചത് മുസ്‌ലിം വിദ്യാര്‍ഥികളുടെ ഹിജാബ് ധാരണത്തെ തടയല്‍ തന്നെയാണ്.

മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന മതനിരപേക്ഷപതയെ മുറുകെപ്പിടിക്കണമെന്ന ശാസന, 2004 ലെ നിയമത്തോടു കൂടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമായി. ഈ നിയമം മനപൂര്‍വം മതചിഹ്നമെന്നാല്‍ ഏതുതരത്തിലുള്ളതാണെന്ന വ്യക്തമായ നിര്‍വചനം കൊടുക്കാതിരുന്നത് മുസ്‌ലിം പെണ്‍കുട്ടികളെ ദോഷകരമായി ബാധിച്ചു. 2007ല്‍, തലയില്‍ ഒരു ഹെഡ് ബാന്റ് (bandana) കെട്ടിയതിന്റെ പേരില്‍ കൗണ്‍സില്‍ സ്റ്റേറ്റ് ഒരു മുസ്‌ലിം വിദ്യാര്‍ഥിനിയെ പുറത്താക്കി. 2015ല്‍, മറ്റൊരു വിദ്യാര്‍ഥിനിയുടെ പാവാടയുടെ നീളം കൂടിയത് വളരെ മതകീയമായിപ്പോയെന്ന കാരണം പറഞ്ഞ് ക്ലാസില്‍ നിന്നും വിലക്കി. നിയമം നിരോധിച്ചത് പ്രകടമായ മതചിഹ്നങ്ങളുടെ പ്രദര്‍ശനമായിരുന്നെങ്കിലും, യഥാര്‍ഥത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ സ്വാഭാവിക പെരുമാറ്റത്തെപ്പോലും ബാധിക്കുന്ന ഒന്നായി അത് മാറി.

നിർബന്ധപൂർവ്വം ബുർകിനി അഴിപ്പിക്കുന്ന ഫ്രെഞ്ച് പോലീസ്

പൊതുവിടത്തിലെ മുസ്‌ലിംകള്‍

ബുര്‍ഖയും നിഖാബും പോലുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങളെ ലക്ഷ്യമിട്ടാണ് പൊതുവിടങ്ങളില്‍ മുഖാവരണ നിരോധനം ഏര്‍പ്പെടുത്തിയത്. ഏതാണ്ട് 2000 സ്ത്രീകളാണ് ഫ്രാന്‍സില്‍ നിഖാബ് ധരിക്കുന്നവരായി കണക്കാക്കുന്നത്, അത്രയും ന്യൂനാല്‍ ന്യൂനപക്ഷമായിട്ടുപോലും 2010 ജനുവരിയില്‍ നിരോധനം ആവശ്യപ്പെട്ടു കൊണ്ട പാര്‍ലമെന്റ് കമ്മീഷന്‍ പറഞ്ഞത് പ്രശ്‌നം വളരെ അടിയന്തരമാണെന്നാണെന്നായിരുന്നു. ‘റിപ്പബ്ലിക്കന്‍ മൂല്യങ്ങളെ’ അപകടത്തിലാക്കുന്ന വിധമുള്ള മുഖാവരണം പോലത്തെ ‘റാഡിക്കല്‍ സമ്പ്രദായങ്ങളു’ടെ നിരോധനത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മൊത്തത്തിലുള്ള നിരോധനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള നിയമപരമായ സാധ്യത അപര്യാപ്തമാണെന്ന് കൗണ്‍സില്‍ കരുതുന്നു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിവേചന വിരുദ്ധ നിയമങ്ങളുമായി ഈ നിയമം പൊരുത്തപ്പെടുകയില്ലെന്ന് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന് ഉത്കണ്ഠയുമുണ്ട്. ബില്‍, നിരോധനത്തെ ശരിവെക്കുന്ന ഭരണഘടനാ കൗണ്‍സിലിലേക്ക് കൈമാറി.

പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രസ്തുത ബില്ലിന് ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചു. കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ഉത്കണ്ഠകള്‍ നിലനില്‍ക്കെത്തന്നെ, മനുഷ്യന്റെ അന്തസിന്റെ അവ്യക്തമായ ധാരണകളുടെ മറപിടിച്ച് നിയമത്തെ പബ്ലിക് ഓര്‍ഡറുമായി ചേര്‍ത്ത് ന്യായീകരിക്കപ്പെട്ടു. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു കൂടി മാതൃക ആക്കാവുന്ന നിയമമെന്നു പറഞ്ഞ് ‘യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ നിയമത്തെ ശരിവെച്ചു.

അതേ രീതിയില്‍, ജൂലൈ 2016 ന് കാനിലെ മേയര്‍ ‘laïcité യുടെ ധാര്‍മിക മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത വസ്ത്രധാരണം ബീച്ചുകളില്‍ നിന്നും നീന്തല്‍ക്കുളങ്ങളില്‍ നിന്നും തടയണമെന്ന്’ നിര്‍ദേശിച്ചു കൊണ്ട് മുന്‍സിപ്പല്‍ ബൈലോ പുറത്തിറക്കി. അഥവാ മുസ്‌ലിം സ്ത്രീകളുടെ ബുര്‍കിനി ഉപയോഗം തന്നെയാണ് ഉന്നം. അതേപോലെ 31 മുന്‍സിപ്പാലിറ്റികളും ബൈലോ പുറത്തിറക്കി. രാഷ്ട്രീയ കക്ഷികള്‍ ഇരുപക്ഷത്തുമായി അണിനിരന്ന ഫ്രാന്‍സില്‍ ഇസ്‌ലാമിന്റെ സ്ഥാനത്തെക്കുറിച്ച ചൂടേറിയ സംവാദങ്ങള്‍ തുടര്‍ന്ന് അരങ്ങേറി.നൈസിലെ അഡ്മിനിസ്‌ട്രേറ്റിവ് കോര്‍ട്ട് ബുര്‍കിനി നിരോധനത്തെ ശരിവെച്ചെങ്കിലും ഉടനെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റില്‍ വെല്ലുവിളി നേരിടേണ്ടി വന്നു. അത്തരമൊരു നിരോധനം നിയമവിരുദ്ധമാണെന്നും, ആരോപിക്കപ്പെട്ട പബ്ലിക് ഓര്‍ഡറിനു ഭീഷണിക്ക് തെളിവില്ലെന്നും, മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും പിന്നീട് വിധിക്കപ്പെട്ടു.

ഫ്രെഞ്ച് മതേതരത്വം (laïcité)

ഫ്രാന്‍സില്‍ മുസ്‌ലിംകളുടെ മേല്‍ laïcitéയുടെ ഇത്തരം അടിച്ചേല്‍പ്പിക്കലുകളെക്കുറിച്ചുള്ള വര്‍ധിച്ച സംവാദങ്ങള്‍ ഒരു ദേശീയ പ്രതിസന്ധിയായി മാറിത്തുടങ്ങി. മനുഷ്യാവകാശ സംരക്ഷണത്തിനും മതാതീതമായ മാനവിക സമത്വത്തിനുമായി നിര്‍മിച്ച ഫ്രാന്‍സിലെ laïcité, ഒരു രാഷ്ട്രീയ ഉപകരണമായി മാറുകയും മുസ്‌ലിം സ്ത്രീകള്‍ അതിന് വിലയൊടുക്കേണ്ടി വരികയും ചെയ്തു. ഈ പുതിയ തരം ഇടുങ്ങിയ laïcité മനുഷ്യാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും ഭീഷണി സൃഷ്ടിച്ചു. മുസ്‌ലിം സ്ത്രീയുടെ ഹിജാബിനെക്കുറിച്ചുള്ള വളരെ ഏകശിലാത്മകവും പക്ഷപാതപരവുമായ ധാരണകളും വ്യത്യസ്തകളെ തള്ളിക്കളയുന്നതുമായ ഏകതാനമായ, കെട്ടുപാടുകള്‍ നിറഞ്ഞ ദേശീയ സംസ്‌കാരത്തെയാണ് അത് അടിച്ചേല്‍പ്പിച്ചത്.

മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളും നിയമനിര്‍മ്മാണങ്ങളും അടിച്ചേൽപ്പിക്കുന്നതിനായി ലസിറ്റെയുടെ ആധുനികവും പ്രശ്നകരവുമായ ഈ നിര്‍വചനം ആയുധമാക്കിയിരിക്കുന്നു, ഇത് ഇപ്പോള്‍ ഫ്രഞ്ച് മുസ്‌ലിംകള്‍ക്കെതിരായ നിയമപരമായ വിവേചനത്തിന്റെ സ്വീകാര്യമായ രൂപമാണ്.

Courtesy: Berkley Centre

വിവ: റമീസുദ്ദീൻ വി. എം

By റിം സാറ അലൌനി

French legal scholar and commentator