സ്വാമി അഗ്നിവേശ് എന്ന പേരിലറിയപ്പെടുന്ന വേപ ശ്യാം റാവുവിന്റെ ചരമത്തിന് ഈ വാരം സാക്ഷിയായി. മനുഷ്യാവകാശത്തിനും പൗര- രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കും നീതിക്കും വേണ്ടി ഇന്ത്യയില്‍ നടന്ന വിവിധ പരിപാടികളിലും സമരങ്ങളിലും നിറസാന്നിധ്യമായിരുന്നുവദ്ദേഹം. അതുകൊണ്ടു തന്നെ, ഔപചാരികമായോ അല്ലാതെയോ സംഘ്പരിവാറുമായി സാധാരണയായി സന്ധിയുള്ള ഹൈന്ദവ പുരോഹിതരില്‍ നിന്നും വിഭിന്നമായി, സംഘ് വിരുദ്ധ ആശയക്കാരനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പശ്ചാത്യ മാധ്യമങ്ങളുമായി നന്നായി ഇടപെടാന്‍ കഴിയുന്ന ചുരുക്കം ഹിന്ദു സന്യാസിമാരിലൊരാള്‍ കൂടിയായിരുന്ന അഗ്നിവേശ്, പാശ്ചാത്യ മാധ്യമങ്ങളില്‍ സ്വാമിമാരുടെ പ്രതിനിധിയായിരുന്നു. അവയില്‍ പലരും അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയും, ഹിന്ദു ആചാരങ്ങളെക്കുറിച്ചും ഇന്ത്യയിലെ സംഭവവികാസങ്ങളെകുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ വെച്ച് ആര്‍എസ്എസ് ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടതിനാല്‍ വലിയ തോതിലുള്ള സഹതാപം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇന്ത്യന്‍ റിപ്ലബ്ലിക്കിലെ രാഷ്ട്രീയ പരിസ്ഥിതിയില്‍ നടന്ന ഫാഷിസ്റ്റ് ഇടപെടലുകളിലൊന്നായി ആ സംഭവം വായിക്കപ്പെട്ടു. സ്വാമി അഗ്നിവേശിന്റെ മരണവാര്‍ത്തയ്ക്ക് പൗര സമൂഹത്തിന്റെയും വിവിധ രാഷ്ട്രീയ ധാരകളുടെയും കേന്ദ്രങ്ങളില്‍ നിന്നും അനുശോചന പ്രകടനങ്ങളൊഴുകി
അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കർമ്മ മണ്ഡലം ആര്യ സമാജം ആയിരുന്നു. 1970 കളിൽ ആര്യ സഭ എന്ന പേരിൽ അതുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയിരുന്നു.
ഹരിയാന നിയമസഭയില്‍ ഈ പാര്‍ട്ടിയുടെ പ്രതിനിധിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. അന്താരാഷ്ട്ര ആര്യ പ്രതിനിധി സംഘം (International Arya Representatives Assembly) എന്നറിയപ്പെടുന്ന ആര്യ സമാജത്തിന്റെ ലോക സമിതിയെ വളരെക്കാലം നയിച്ചിരുന്നത് അദ്ദേഹമാണ്. ശേഷം, സ്വാമി ആര്യവേശ് ആ പദവിയിലേക്കെത്തുകയുമുണ്ടായി.
ഈസ്റ്റേൺ സ്റ്റേറ്റ്സ് ഏജന്‍സിയിലെ ഒരു നാട്ടുരാജ്യമായി ബന്ധങ്ങളുള്ള ഒരു ബ്രാഹ്മണ കുടുംബത്തിൽ, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ശ്രീകാകുളത്ത് 1939 ലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം റായ്പൂരിലും നിയമബിരുദം കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും പൂര്‍ത്തിയാക്കി. കുറഞ്ഞ കാലയളവ് നിയമ മേഖലയില്‍ ജോലി ചെയ്തു, ശേഷം ആര്യസമാജത്തിൻ്റെ മുഴുസമയ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞു. മതകീയ സംവാദങ്ങളില്‍ വ്യാപൃതനായിരുന്ന അഗ്നിവേശ് മറ്റു വിശ്വാസങ്ങളെ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും എതിര്‍ത്തുപോന്നു. 1995 ല്‍ സൗത്ത് ആഫ്രിക്കയിലെ ഡര്ബന് സന്ദര്‍ശന വേളയില്‍ അഹ്മദ് ദീദാത്തുമായി ഒരു സിംപോസിയം അദ്ദേഹം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും പരിപാടിയില്‍ അദ്ദേഹം സന്നിഹിതനായില്ല. ആ നിലക്ക് അദ്ദേഹത്തിന്റെ അടിസ്ഥാന കർമ്മ മണ്ഡലമായ ആര്യ സമാജിലേക്ക് കണ്ണോടിക്കുന്നത് ഈയവസരത്തിൽ പ്രസക്തമാണ്.
പുതുതായി സ്ഥാപിക്കപ്പെട്ട ഹിന്ദു വിശ്വാസത്തിന് ഔപചാരികത ചാർത്താനായി പ്രയത്നിച്ച, ദയാനന്ദ സരസ്വതിയെന്ന് പില്ക്കാലത്ത് അറിയപ്പെട്ട ബ്രാഹ്മണനായ മുൽ ശങ്കര്‍ തിവാരിയാണ് ആര്യ സമാജം സ്ഥാപിച്ചത്. ഫോര്‍ട്ട് വില്യം കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദു സ്വത്വം സ്ഥാപിക്കുന്നത് ബ്രഹ്മ സമാജവും, അതിൻ്റെ സ്ഥാപകൻ റാം മോഹന്‍ റോയും ആണെങ്കില്‍ അതിനൊരു മതത്തിന്റയെും വിശ്വാസത്തിന്റെയും ബാഹ്യരൂപം നല്‍കിയത് തിവാരിയാണ്. അതിന്റെ ഭാഗമായി ആചാരങ്ങളിലും ചടങ്ങുകളിലുമെല്ലാം തെരഞ്ഞ് സ്വീകരിക്കലും ഒഴിവാക്കലും അനിവാര്യമായി വന്നു. തിവാരിയുടെ ഈ തെരഞ്ഞെടുക്കല്‍ സമീപനം ആര്യ സമാജം- സനാതന ധര്‍മ്മം സംഘർഷത്തിന് ഇടയായി, രണ്ടാമത്തെത് കുറേക്കൂടി യാഥാസ്ഥിതികമായതു കൊണ്ട്. ആര്യസമാജത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രചരണങ്ങളും മറ്റു വിശ്വാസങ്ങളെ താറടിച്ചു കാണിച്ചു കൊണ്ടുള്ളതായിരുന്നു. ഈ പ്രസ്ഥാനം പിറവിയെടുത്ത ബ്രിട്ടീഷ് പഞ്ചാബില്‍ ആര്യ സമാജിസ്റ്റുകളും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ മിഷണറികളും മുസ്ലിം പുരോഹിതരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഈ ‘മതകീയവല്ക്കരണ’ യജ്ഞം, പിന്നീട് ഗദാധർ ചത്തോപദ്ധ്യായ (ശ്രീ രാമകൃഷ്ണ പരമഹംസർ), നരേന്ദ്രനാഥ് ദത്ത് (സ്വാമി വിവേകാനന്ദന്), ഓറോബിന്ദോ ഘോഷ് എന്നിങ്ങനെയുള്ള മറ്റു ബംഗാളി ബ്രാഹ്മണരും ഏറ്റുപിടിച്ചു.
പിന്നീട് ഈ രണ്ടു പ്രവിശ്യകളാണ് വളരെ രക്തരൂക്ഷിതമായ “വിഭജനം” എന്ന പ്രക്രിയയിൽ വരെ എത്തി നിൽക്കുന്ന അവസ്ഥകൾ ഉണ്ടായത് എന്ന് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ബ്രഹ്മ സമാജിസ്റ്റ് പ്രസ്ഥാനത്തിന്റെ ഘടകമായി വൈകാതെ തന്നെ ആര്യസമാജിസ്റ്റുകള്‍ മാറുകയും അതിനുള്ളില്‍ വ്യത്യസ്ത അവാന്തര വിഭാഗങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.
അതിനു സമാന്തരമായി, പല സ്ഥലങ്ങളിലും അവര്‍ ‘ഹിന്ദു സഭ’ കള്‍ക്ക് തുടക്കം കുറിച്ചു, അവയെല്ലാം കൂടിച്ചേര്‍ന്നാണ് പില്ക്കാലത്ത് ഹിന്ദു മഹാസഭയും ആര്‍എസ്എസും ഉണ്ടാവുന്നത്.
ഇന്ത്യക്കകത്തും പുറത്തും ഈ സംഘടനകള്‍ തമ്മില്‍ വളരെ സജീവമായ ബാന്ധവം ഇന്നും നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഇന്ന്, ആര്യസമാജത്തിന്റെ ഏറ്റവും ദൃശ്യമായ പ്രവര്‍ത്തനം, ശുദ്ധി എന്നും, ഘര്വാപസിയെന്നുമെല്ലാം അവര്‍ വിളിക്കുന്ന അഹിന്ദുക്കളെ മതംമാറ്റുന്നതിലാണ്. പ്രകൃത്യായാരാധകരായ ഗോത്രവിഭാഗങ്ങളെയും, മറ്റു മതവിശ്വാസികളെയുമാണ് അഹിന്ദുവെന്നത് കൊണ്ടര്‍ഥമാക്കുന്നത്. ആർഎസ്എസിന്റെ പുരോഹിത സംഘടന, വിശ്വ ഹിന്ദു പരിഷത്തിന്റെ (VHP) കാര്യപരിപാടികളിൽ ഘർവാപസി ഉൾപ്പെടുന്നു.
എഴുത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച വേദ ശ്യാം റാവു തന്റെ യുവത്വം മുതല്‍ ഈ ആര്യസമാജത്തിന്റെ സജീവ പ്രവര്‍ത്തകനും അതിനു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമായി തിവാരിയുടെ വാക്കുകള്‍ തന്റെ പ്രസംഗങ്ങളിലും എഴുത്തിലുമെല്ലാം സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ആര്യസമാജത്തിന്റെ നിലവിലെ തലവന്‍, സ്വാമി ആര്യവേശ് ആയിരുന്നു അദ്ദേഹത്തിന്റെ ശവസംസ്കരണ ചടങ്ങുകള്‍ അവരുടെ ഗുര്‍ഗോണ്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയത്.
റാവു ഒരേസമയം ആര്യസമാജത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുകയും, ഹിന്ദു രാജിന്റെയും അതിന്റെ അനീതി ക്രമങ്ങളെയും ചെറുക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തത് വിരോധാഭാസമാണ്. സംഘപരിവാറിന്റെ നയപരമായ സഖ്യകക്ഷി, സയണിസ്റ്റുകള്‍ക്കെതിരെ ജോര്ഡാന് അതിര്‍ത്തിയില്‍ നടന്ന ഒരു പ്രതിഷേധ മാര്‍ച്ചിൽ പോലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ ആത്മാര്‍ഥമായ കുറ്റബോധത്തോടെയായിരുന്നുവോ, അതോ രണ്ടു ചേരിയിലും ഭാഗവാക്കായിക്കൊണ്ട് ബാലന്‍സിങ് തന്ത്രത്തിലൂടെ എതിരാളികളെ ആ വന്‍ശക്തിയുടെ നിയന്ത്രണത്തിലെത്തിക്കുവാനുള്ള ശ്രമമായിരുന്നുവോ എന്ന ചോദ്യം സ്വാഭാവികമാണ്. മറ്റു ജാതികളെ വഞ്ചനയിലൂടെ ദ്രോഹിക്കുവാന്‍ ഉയര്‍ന്ന ജാതികള്‍ ചെയ്യുന്ന ‘കുടയുദ്ധ’ തന്ത്രമായിരുന്നുവോ അതോ അദ്ദേഹമൊരു ഒറ്റയാള്‍ പോരാളിയായിരുന്നുവോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഒരുപക്ഷേ ഇനി നമുക്കൊരിക്കലും ഉത്തരം കിട്ടിയെന്നു വരില്ല. “കൂടയുദ്ധം”, “അസുരയുദ്ധം” തുടങ്ങിയ യുദ്ധ രീതികൾ അഹിന്ദുക്കളെയും ആര്യന്മാരല്ലാത്തവരെയും നേരിടുന്ന രീതിയാണ്; ഒരു വിധ നിയമങ്ങളുടെയും സദാചാര മൂല്യങ്ങളുടെയും അതിര് പാലിക്കാത്ത യുദ്ധ രീതി. മേൽജാതിക്കാരുടെ ഇടയിൽ ഉണ്ടാകാൻ അനുവാദമുള്ളത് “ധർമ്മയുദ്ധ”മാണ്. ഇന്നും ഇത് പല മേഖലകളില്‍ പാലിച്ചു പോരുന്നത് കാണാൻ കഴിയും. മുസ്ലിംകളുടെ വേദിയിൽ വന്ന് മുസ്ലിംകളോട് ഇത്തരം വിഷയങ്ങൾ പറയുകയല്ലാതെ ഒരിക്കലും സമാജത്തിലും, ഹിന്ദു വേദികളിലും മറ്റും ഈ കാര്യം ഉന്നയിക്കുന്നതായി പലപ്പോഴും കാണാറില്ല തങ്ങളുടെ വാചാലത കൊണ്ട് മതിപ്പുണ്ടാക്കാന്‍ കഴിയുന്നയാളുകളുമായി സഖ്യമുണ്ടാക്കേണ്ടി വരുന്ന മുസ്ലിം സംഘടനകളുടെ ഗതിയോര്‍ത്താണ് സങ്കടം. അങ്ങനെയൊരു ആഭിമുഖ്യം പുലര്‍ത്തല്‍ അവരുടെ ആവശ്യങ്ങളുടെ പ്രാമാണികതയെയും, അജണ്ടയുടെ മൂര്‍ച്ചയെയും സ്വന്തമായി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസത്തെയുമെല്ലാം ദോഷകരമായി ബാധിക്കുന്നതാണ് കാണാൻ കഴിയുന്നത്.
അവസാനമായി, വേപ ശ്യാം റാവു പങ്ക് വഹിച്ച പല സമരങ്ങളിലും വിജയം കാണട്ടെ എന്നു പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ സ്മരണകൾ കുറെ കാലങ്ങൾക്ക് നിലനിൽക്കട്ടെ.
Recent Comments