“തോട്ടമെന്നാല്‍ ചൂഷണമാണ്, ഇരകള്‍ അദൃശ്യരും”: ഡോ. ജയശീലന്‍ രാജ് സംസാരിക്കുന്നു

പെട്ടിമുടി ദുരന്തത്തില്‍ നാമെല്ലാവരും ദുഖിതരാണ്. പക്ഷേ ആ ദുഖത്തിനിടയിലും നമ്മളീ സാഹചര്യത്തെക്കുറിച്ച അവബോധം നേടല്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തോട് ബൗദ്ധികമായും രാഷ്ട്രീയമായുമെല്ലാം പ്രതികരിക്കേണ്ടത് നമ്മുടെ ചുമതലയാണ്.

പ്രധാനമായി രണ്ടു വിഷയമാണ് എന്റെയീ ചെറിയ സംസാരത്തില്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നത്. ഒന്ന്, എന്താണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നം? നമുക്കറിയാം അവര്‍ക്ക് വളരെ തുഛമായ കൂലിയാണുള്ളത്. കേരളത്തിലെ സാമൂഹ്യക്ഷേമത്തിന്റെ അളവുകോലില്‍ അവര്‍ വളരെ പിറകിലാണ്. അവര്‍ എവിടെ നിന്ന് വന്നോ അവിടെയും, എങ്ങോട്ടു വന്നോ അവിടെയും ഭൂരഹിതരാണ്. ഇന്ത്യയിലെ പല ഭാഗങ്ങളിലും തോട്ടം തൊഴിലാളികളുണ്ടെന്നത് ശരിതന്നെ. പക്ഷേ, കേരളത്തിലെ തോട്ടം തൊഴിലാളികളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അതിലൊരുപാട് കാര്യങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

തോട്ടം തൊഴിലാളികളുടെ പോരാട്ടമെന്നു പറയുന്നത്, അരികുവല്‍ക്കരിക്കപ്പെട്ടവരില്‍ ദൃശ്യമാകുവാനായി നടത്തുന്ന പോരാട്ടമാണെന്ന് പറയാം. സാമ്പത്തികമായ അരക്ഷിതാവസ്ഥ മാത്രമല്ല, സാമൂഹികമായ അയിത്തവുമെന്നു തുടങ്ങി ഒട്ടേറെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന ജനതയാണവര്‍. കേരളം അതിന്റെ വികസന മാതൃകയുടെ കാര്യത്തിലും പുരോഗമനത്തിന്റെ കാര്യത്തിലുമെല്ലാം വേറിട്ടുനില്‍ക്കുന്ന സംസ്ഥാനമാണല്ലോ. പ്രബുദ്ധരായ സമൂഹമാണിവിടെ ജീവിക്കുന്നതെന്ന സങ്കല്‍പ്പം നിലവിലെ കോവിഡ് ചര്‍ച്ചകളില്‍ വരെയെത്തി നില്‍ക്കുന്ന ഒന്നാണ്. അതിനെ ഒരു ഉപദേശീയതയുടെ ഭാഗമായി മലയാളികള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അത്തരമൊരു സമത്വാധിഷ്ടഠിത സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന കേരളത്തിലാണ് കഴിഞ്ഞ നൂറ്റമ്പത് വര്‍ഷമായി ഇത്രയേറെ ചൂഷണാത്മകമായ പ്ലാന്റേഷന്‍ സംവിധാനം വിജയകരമായി (കമ്പനികള്‍ക്കും സര്‍ക്കാരിനും) പ്രവര്‍ത്തിച്ചുപോരുന്നത്. ഇതിന്റെ കെടുതികളെ ഒളിച്ചുവെക്കാനുള്ള സ്‌റ്റേറ്റിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും വെമ്പല്‍, പെമ്പിള്ളൈ ഒരുമൈ സമരത്തിന്റെയും മറ്റ് എതിര്‍ശബ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ നമ്മള്‍ കണ്ടതാണ്.

തോട്ടം തൊഴിലാളികളുടെ പോരാട്ടമെന്നത്, അരികുവല്‍ക്കരിക്കപ്പെട്ടവരില്‍ ദൃശ്യത നേടുന്നതിന് വേണ്ടിയായിരുന്നുവെന്ന് കാണാം, മുഖ്യധാരയിൽ പോലുമല്ല!

തോട്ടം എന്ന വ്യവസ്ഥയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍, ആഫ്രിക്കയിലൊക്കെ പണ്ടുകാലത്ത് ഉണ്ടായിരുന്ന ഒരു വ്യവസ്ഥയായിരുന്നു. പിന്നീട്, അമേരിക്കയിലെ അടിമത്ത വ്യവസ്ഥയുമായി ചേര്‍ന്ന് കിടന്നിരുന്ന പരുത്തിത്തോട്ടങ്ങളുടെ ചരിത്രം നമുക്കറിയാം. പക്ഷേ, ഇന്ന് പ്ലാൻ്റേഷൻ (Plantation) എന്ന വാക്ക് അമേരിക്കയിലാരും ഉപയോഗിക്കില്ല. കാരണം അത് പുരോഗമനത്തിന്റെയോ നാഗരികതയുടെയോ അടയാളമായി ആളുകള്‍ കണക്കാക്കുന്നില്ല. എന്റെ മുത്തഛന്റെ മുത്തഛന് ഒരു പ്ലാന്റേഷനുണ്ടായിരുന്നുവെന്ന് അമേരിക്കയിലൊരാള്‍ പറഞ്ഞാല്‍ അതൊരു ദുഷ്‌കീര്‍ത്തിയായാണ് കരുതപ്പെടുക. പക്ഷേ നമ്മുടെ നാട്ടിലിപ്പോഴും തോട്ടമെന്നുള്ളത് ദേശീയ സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായും, തോട്ടവിളകളെന്നുള്ളത് വിദേശനാണ്യത്തിന്റെ കേന്ദ്രമായും കണക്കാക്കുന്ന വ്യവഹാരമാണ് നിലനില്‍ക്കുന്നത്. തോട്ടകൃഷിയെ (Plantation agriculture) ഒരു അപകീര്‍ത്തിയായി ഇന്നും നമ്മുടെ രാജ്യത്ത് കണക്കാക്കാത്തതിനു കാരണം അത് വളരെ സാധാരണമായി നടന്നുവരികയായിരുന്നുവെന്നതാണ്. ഒരു സാധാരണ അംഗീകാരമെന്നതിലുപരി വളരെ പോസിറ്റീവായ സമീപനമാണ് പ്ലാന്റേഷനോട് ഇന്നും രാജ്യത്തുള്ളത്.

തോട്ടങ്ങളെ ഇല്ലാതാക്കാന്‍ പറ്റുമോ എന്ന ചര്‍ച്ച പോലും നമ്മുടെ സാമൂഹിക മണ്ഡലങ്ങളില്‍ കടന്നുവരുന്നില്ല. അത്തരമൊരു ചര്‍ച്ചയുടെ തുടക്കം ‘പെമ്പിള്ളൈ ഒരുമൈ’ (Women United) സമരത്തോടു കൂടിയാണുണ്ടായത്. 1860 കളില്‍ പീരുമേട്ടിലാണ് കേരളത്തില്‍ ആദ്യത്തെ പ്ലാന്റേഷന്‍ സ്ഥാപിക്കപ്പെടുന്നത്. എണ്‍പതുകള്‍ മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികള്‍ പ്ലാന്റേഷനുകളില്‍ ജോലിക്കുവരാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഈ തൊഴിലാളികള്‍ ഇവിടുത്തെ സ്ഥിരവാസികളായി മാറി. ഇന്നും ഈ തൊഴിലാളികള്‍ക്ക് ഏതെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടാണ്. കാരണം അവരിവിടുത്തെ പൗരസമൂഹമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അംഗീകാരത്തിനും ദൃശ്യതക്കും വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ അതിനാല്‍ തന്നെ വെറും ജീവിതോപാധിക്കു വേണ്ടിയുള്ള സമരമായി കുറച്ചുകാണാന്‍ കഴിയില്ല. അവര്‍ക്കിടയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ട്രേഡ് യൂണിയനുകളുടെ രൂപത്തിലാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചു വന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രസ്ഥാനമെന്ന ലേബലിലാണ് അവ പ്രവര്‍ത്തിക്കുന്നത്. അതായത് ഈ പ്രസ്ഥാനങ്ങളും ഇത്തരമൊരു ചൂഷണാത്മക സംവിധാനത്തിന്റെ ഭാഗമായി അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവ തന്നെ. താത്വികമായി അവരുടെ ഉത്തരവാദിത്തം പ്ലാന്റേഷന്‍ ലേബര്‍ ആക്ടിനു കീഴിലുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയെന്നത് മാത്രമാണ്.

പ്ലാൻ്റേഷൻ എന്ന സംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി ട്രേഡ് യൂണിയനുകള്‍ മാറുന്നില്ല, അല്ലെങ്കില്‍ അതിനവര്‍ക്ക് സാധ്യമല്ല.

കൊളോണിയലാനന്തര കാലത്തെ ആദ്യത്തെ പതിറ്റാണ്ട് തോട്ടങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഘട്ടമായിരുന്നു. 1951 ലാണ് പ്ലാന്റേഷന്‍ ലേബര്‍ ആക്ട് നിലവില്‍ വരുന്നത്. സാഹചര്യവശാല്‍, ഒരുപാട് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച വളരെ പുരോഗമനപരമായ ആക്ടായിരുന്നുവത്. 1970 കളില്‍ ഈ പ്ലാന്റേഷന്‍ ആക്ട് യഥാവിധി നടപ്പാക്കാന്നുതിനായി സമരങ്ങള്‍ നടന്നിരുന്നു. അക്കാലത്തു തന്നെ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്തിരുന്നത്, ഈ പ്ലാന്റേഷനുകള്‍ ദേശീയമായി ഏറ്റെടുക്കണമോ അതോ സ്വകാര്യമേഖലയില്‍ തന്നെ നിലനിര്‍ത്തണമോ എന്നതായിരുന്നു. തോട്ടങ്ങളെ ദേശസാല്‍ക്കരിച്ചില്ലെന്നു മാത്രമല്ല, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്ലാന്റേഷനെ ഭൂപരിഷ്‌കരണ നിയമത്തിനു പുറത്തുനിര്‍ത്തുകയാണുണ്ടായത്.

ലേബര്‍ ആക്ട് പോലുള്ള നിയമങ്ങള്‍ കൊണ്ട് തൊഴിലാളികള്‍ക്ക് ചിലയിടങ്ങളിലെങ്കിലും ഗുണം ലഭിച്ചെങ്കിലും, അതുകൊണ്ട് ആത്യന്തികമായ ഗുണമുണ്ടായത് തോട്ടമുടമകള്‍ക്കു തന്നെയാണ്. അവര്‍ക്കു പ്ലാന്റേഷന്‍ സ്ഥിരമായി കൈവശം വെക്കാന്‍ അതുമൂലം കഴിഞ്ഞു. തോട്ടങ്ങളെ ഭൂപരിഷ്‌കരണ നിയമത്തിനു പുറത്തു നിര്‍ത്താന്‍ കാരണം, ലേബര്‍ ആക്ടിലെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരുദ്യോഗസ്ഥരുടെതിന് സമാനമായി വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന കാരണത്താലാണ്. എന്നാല്‍ ഒരിക്കലും ആ നയങ്ങള്‍ പ്രാവര്‍ത്തികമായില്ല.

തോട്ടംതൊഴിലാളിളുടെ സമരം അന്നുമുതലേ മുഖ്യധാരയില്‍ ദൃശ്യതയില്ലാത്ത തരത്തിലുള്ള സമരങ്ങളായിരുന്നു. അതിനെ മുഖ്യധാരയിലേക്കെത്തിച്ചത് പെമ്പിള്ളൈ ഒരുമൈ സമരം തന്നെയാണ്. എല്ലാ വിധത്തിലും പ്രസക്തമായ പെമ്പിള്ളൈ ഒരുമൈ സമരത്തിന്റെ ഉടമസ്ഥത പോലും തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ വിസമ്മതിച്ചുവെന്നതാണ് മറ്റൊരു വസ്തുത. ചില സോഷ്യല്‍ മീഡിയ പോര്‍ട്ടലുകള്‍ വളരെ ക്രിയാത്മകമായി സമരത്തെ പിന്തുണച്ചപ്പോള്‍ മറ്റു ചില മാധ്യമങ്ങള്‍ സമരത്തിനു പിന്നില്‍ എന്തോ ഗൂഢമായതുണ്ടെന്ന പ്രചാരണത്തില്‍ വ്യാപൃതരായിരുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒത്തുചേരാന്‍ കഴിയുമെന്ന തൊഴിലാളികളുടെ കര്‍തൃത്വത്തെ പോലും അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിരുന്നുില്ല.

നേരത്തെ പറഞ്ഞതുപോലെ തന്നെ, പ്ലാന്റേഷന്‍ എന്നതു ഒരു വലിയ അപകീര്‍ത്തിയാണ്, അതിനെ അമേരിക്കയലടക്കം അത്തരത്തില്‍ ധരിക്കുന്നുണ്ട്. പെമ്പിള്ളൈ ഒരുമൈ സമരമാണ് പ്ലാന്റേഷന്‍ വ്യവസ്ഥക്കെതിരെ ആദ്യമായി രംഗത്തുവന്ന പ്രസ്ഥാനം. പക്ഷേ, ആ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയവും മാധ്യമങ്ങളും ശ്രമിക്കുകയുണ്ടായി. പ്രശ്‌നമൊക്കെയുണ്ട് ശരിയാണ്, പക്ഷേ ആസാമില്‍ കിട്ടുന്ന ശമ്പളത്തെക്കാള്‍ അഞ്ചു രൂപ അധികം അവര്‍ക്ക് കേരളത്തില്‍ കിട്ടുന്നില്ലേയെന്ന് എന്നോട് ചോദിച്ച അക്കാദമിസ്റ്റുകളെ എനിക്കറിയാം. അതാണ് നമ്മുടെ പൊതുവായ ധാരണ.

2015 ല്‍ പെമ്പിള്ളൈ ഒരുമൈ സമരത്തിനു പത്തു വര്‍ഷം മുമ്പാണ്, 2005 ല്‍ കെ.ഡി.എച്ച്.പി (കണ്ണൻ ദേവൻ ഹിൽസ് പ്ലാൻ്റേഷൻ ലിമിറ്റഡ്) എന്ന കോപ്പറേറീവ് കമ്പനി രൂപീകരിക്കപ്പെട്ടത്. 2005 ല്‍ തോട്ടങ്ങള്‍ പലതും സാമ്പത്തിക ഞെരുക്കം കാരണം പൂട്ടിപ്പോയിരുന്നു. പൂട്ടിപ്പോവാത്ത കമ്പനികള്‍ അന്ന് ഈ പ്രതിസന്ധിയെ മുതലെടുത്തു കൊണ്ട് തൊഴിലാളി ക്ഷേമപദ്ധതികള്‍ പലതും സസ്‌പെന്റ് ചെയ്യുകയുണ്ടായി. അത്തരം നടപടികള്‍ക്കെതിരെ മുഖ്യധാര യൂണിയനുകളുടെ ഭാഗത്തുനിന്നൊന്നും കാര്യപ്പെട്ട പ്രതിഷേധമുണ്ടായില്ല. അതിനെക്കുറിച്ച് ഒരു യൂണിയന്‍ നേതാവിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി, “തൊഴില്‍ കിട്ടുന്നില്ലേ? ബോണസ് കിട്ടുന്നില്ലേ?” എന്നെല്ലാമായിരുന്നു വാദം. ഇതേ വാദമാണ് അമേരിക്കയിലെ അടിമകളോട് “നിങ്ങള്‍ക്ക് ജീവിക്കാന്‍ ഭക്ഷണം കിട്ടുന്നില്ലേ” എന്നതിന് സമാനമായത്. അത്രയും അപരിഷ്‌കൃതവും ചൂഷണാത്മകവുമായ കേരള വികസന മാതൃകയുടെ ഉള്ളില്‍ നിന്നാണ് പെമ്പിള്ളൈ ഒരുമൈ പോലുള്ള മുന്നേറ്റങ്ങള്‍ വരുന്നത്.

ഗോമതി

മൂന്നാറിലും പീരുമേട്ടിലുമൊക്കെ തോട്ടങ്ങള്‍ പൂട്ടിപ്പോയ സമയത്ത് അതിന് കാര്യപ്പെട്ട മാധ്യമശ്രദ്ധയൊന്നും ലഭിച്ചിരുന്നില്ല. പെമ്പിള്ളൈ ഒരുമൈ സമരത്തിന് 30 ശതമാനമെങ്കിലും ന്യൂസ് അവര്‍ ലഭ്യമായത് സന്തോഷമുള്ള കാര്യമായി ഞാന്‍ കാണുന്നു. തോട്ടങ്ങള്‍ പൂട്ടിപ്പോയതിന്റെ ഉത്തരവാദിത്തം സ്‌റ്റേറ്റിനോ കമ്പനിക്കോ വന്നില്ല. കശുവണ്ടി വ്യവസായം പോലെ പല കമ്പനികളും പൂട്ടിപ്പോയ സമയത്ത് ചെയ്തതു പോലെ തൊഴിലാളികള്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിക്കുകയോ, ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള പൂട്ടിപ്പോയത് നിയമപരമായാണോ എന്ന അന്വേഷണമോ ഒന്നും തന്നെ, പത്തോ പതിനഞ്ചോ വര്‍ഷം കഴിഞ്ഞ് പെമ്പിള്ളൈ ഒരുമൈ സമരം വരുന്ന വരേക്കും ഉണ്ടായിട്ടില്ല. അതിനെയൊന്നും പില്‍ക്കാലത്ത് ചോദ്യം ചെയ്യുകയും ചെയ്തില്ല.

അത്തരമൊരു സാഹചര്യത്തില്‍ ഉയര്‍ന്നു വന്ന പെമ്പിള്ളൈ ഒരുമൈ സമരം മുന്നൂറ്റമ്പതു രൂപ കൂലിക്കു വേണ്ടിയോ ബോണസിനു വേണ്ടിയോ മാത്രമുള്ളതായിരുന്നില്ല, മറിച്ച് ഞങ്ങള്‍ അരികുവല്‍ക്കരിക്കപ്പെട്ട കൂട്ടമാണെന്ന് വിളിച്ചുപറയാനും സമൂഹത്തെ ധരിപ്പിക്കാനും വേണ്ടിയുള്ളതായിരുന്നു. ആ ശ്രമമാണ് സമരത്തിന്റെ പ്രസക്തി.

ആധുനിക ലോകക്രമത്തില്‍ ഏച്ചുകെട്ടി വെച്ചിരിക്കുന്ന ഒരു സംവിധാനമാണ് പ്ലാന്റേഷന്‍ സിസ്റ്റം എന്നുള്ളത്. അതിനെയാണ് സ്റ്റേറ്റും വന്‍കിട കമ്പനികളുമടങ്ങുന്ന അധികാരകേന്ദ്രം നിലനിര്‍ത്തിപ്പോരുന്നത്. അതാവട്ടെ, കമ്പനികളുടെ നൈയാമിക അവകാശങ്ങളെക്കുറിച്ചുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഗവണ്‍മെന്റിനു പോലും അന്യമാണ്.

രാജമല- പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏതുതരത്തിലുള്ള ഇടപെടലാണ് നടത്താന്‍ പോവുന്നതെന്നാണ് ചോദ്യം. ഒരു ദുരന്ത നിവാരണ പരിപാടിയാണോ അതോ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളാണോ ഉദ്ദേശിക്കുന്നത്. പുനരധിവാസമാണെങ്കിലും, കെഡിഎച്പിയുടെയും ടാറ്റയുടെയുമെല്ലാം നിയന്ത്രണത്തിലുള്ള സ്ഥലത്ത് സ്വന്തമായി വീടു വെച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ. ഇതിനോടൊപ്പം ചേര്‍ത്തുപറയേണ്ടതാണ്, കരിപ്പൂര്‍ വിമാന ദുരന്തത്തിനും പെട്ടിമുടി ദുരന്തത്തിനും കൊടുത്ത നഷ്ടപരിഹാരത്തുകകള്‍ തമ്മിലെ വ്യത്യാസത്തെക്കുറിച്ച്. അതില്‍ പോലും വിവേചനമനുഭവിക്കേണ്ടി വന്ന ജനതയാണ് തോട്ടംതൊഴിലാളികള്‍. ഒരു ഭാഗത്ത് വളരെ പരിഷ്‌കൃതമായ സംരംഭങ്ങള്‍ കൊണ്ടുനടക്കുകയും മറുവശത്ത് വളരെ ചൂഷണാത്മകമായ വ്യവസ്ഥയെ നിലനിര്‍ത്തിപ്പോരുന്നതുമാണ് ഇവിടുത്തെ വികസന മാതൃക. അതിനു വേണ്ടി ട്രേഡ് യൂണിയനുകടങ്ങുന്ന തൊഴിലാളി സംഘങ്ങളെ വരെ ആ രൂപത്തിലേക്ക് വാര്‍ത്തെടുക്കുകയാണ് ചെയ്തത്.

ഇവിടുത്തെ മുഖ്യധാരയിലുള്‍പ്പെടുന്ന ദലിത് പ്രസ്ഥാനങ്ങളുമായി വരെ പെമ്പിള്ളൈ ഒരുമൈ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷടിക്കപ്പെട്ടിട്ടില്ല. കല്ലറ സുകുമാരന്റെ പ്രവര്‍ത്തന മേഖല പീരുമേടായിരുന്നു, അതേ പോലെ ഹരിജന്‍ ഫെഡറേഷന്റെ തുടക്കം ഗ്ലെന്‍ മേരിയെന്ന തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു എന്നതൊന്നും വിസ്മരിക്കുന്നില്ല. പക്ഷേ, പിന്നീടെപ്പോഴോ കീഴാള പ്രസ്ഥാനങ്ങളുമായി തോട്ടം തൊഴിലാളി സമരങ്ങള്‍ അകലുകയുണ്ടായി, അല്ലെങ്കില്‍ സ്വതവേ അദൃശ്യരായിരുന്ന, ദൃശ്യമാകാന്‍ പോരാടുന്ന ജനത കൂടുതല്‍ അദൃശ്യവല്‍ക്കരിക്കപ്പെട്ടുവെന്ന് പറയാം. പൂര്‍ണമായും വളരെ ജുഗുപ്‌സാവഹമായ ഒരു വ്യവസ്ഥയാണ് നമുക്കുള്ളതെന്നും, അതിനെ വീണ്ടും വീണ്ടും നാം സംരക്ഷിച്ചുപോരുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടന്ന് ഓര്‍മപ്പെടുത്തട്ടെ. നന്ദി.

(2020 ആഗസ്റ്റ് 15 ന് ‘തോട്ടം തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിനായി’ എന്ന തലക്കെട്ടിൽ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ പ്രഭാഷണം)

പകർപ്പെഴുത്ത്: റമീസുദ്ദീൻ വി. എം

By ഡോ. ജയശീലൻ രാജ്

Faculty, Centre for Development Studies (CDS), Trivandrum