ഇങ്ങ് ദൂരെ മാസാച്ചുസെറ്റ്സില്‍ ഇരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ കശ്മീരിലേക്ക് സൂം ഇന്നും ഔട്ടും ചെയ്തു ഞാന്‍ മണിക്കൂറുകള്‍ ചിലവഴിക്കാറുണ്ട്. കശ്മീരിലെ സ്ഥലങ്ങളുടെ പേരുകള്‍ സെര്‍ച്ച് ബോക്സില്‍ അടിച്ച് ഭൂഗോളം കറങ്ങുന്നതും പിന്‍ വീഴുന്നതും നോക്കി ഇരിക്കും. അടുത്ത കാലത്ത് ബോംബ് ചെയ്യപ്പെട്ട വീടുകളുള്ള ഗ്രാമങ്ങളിലേക്ക്, അല്ലെങ്കില്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കശ്മീരി കുടിയേറ്റങ്ങളിലേക്ക് ഞാന്‍ സൂം ചെയ്ത് നോക്കും. ഗൂഗിള്‍ ഏര്‍ത്ത് സാറ്റലൈറ്റ് ചിത്രങള്‍ പുതിയതല്ല, അല്ലെങ്കില്‍ പിന്നെ എങ്ങനെ ആണ് തണുത്തു മഞ്ഞു വീഴുന്ന ശൈത്യ മാസങ്ങളില്‍ പോലും കശ്മീര്‍ വെളിച്ചവും പച്ചപ്പുമുള്ളതായി കാണുന്നത്! ഗൂഗിള്‍ എര്‍ത്തിന് ഒരു തരത്തിലുമുള്ള ചരിത്ര ബോധമോ കശ്മീരിന്റ്റെ ഋതുക്കളെ കുറിചുള്ള ബോധ്യമോ ഇല്ലെങ്കിൽ പോലും അത് ചില ഗൃഹാതുര വാജ്ഞകളെ തൃപ്തിപ്പെടുത്തുന്നുണ്ട്.
തകര്‍ക്കപ്പെട്ട വീടുകളുടെ ചിത്രങ്ങളെ – ഇന്ത്യന്‍ സൈനികരും കശ്മീരി സായുധ പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ന്യൂസ് റിപ്പോര്‍ടുകളുടെ കൂടെയുണ്ടാവാറുള്ളവ- ആ വീടുകള്‍ നിലനിന്നിരുന്ന സമയത്തെ ഏറ്റവും സാമ്യതയുണ്ടാവാന്‍ സാധ്യതയുള്ള സാറ്റലൈറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. മിക്കപ്പോഴും ഞാന്‍ വിജയിക്കാറില്ല, പക്ഷേ കണ്ടെത്തുമ്പോള്‍ ഞാന്‍ സ്തംഭിച്ചു പോകുന്നു, സ്ക്രീനില്‍ തൊട്ട് വിലപിക്കുന്നു. ചിലപ്പോള്‍ വീടുകളുടെ അടുത്തായി അവ്യക്തമായ കുറെ മനുഷ്യ രൂപത്തിലുള്ള കറകള്‍ ഉണ്ടാവാറുണ്ട്, അവിടുത്തെ താമസക്കാരാവം. അവര്‍ ആരെങ്കിലും കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്നോ? ഞാന്‍ ആലോചിച്ചു പോകുന്നു.
പതുക്കെ സൂം ഔട്ട് ചെയ്യുന്നു, സാധാരണ അഞ്ച് മൈല്‍ പരിധിയില്‍ ഒരു ഇന്ത്യന്‍ പട്ടാളക്യാമ്പ് ഉണ്ടാവും, അവ കണ്ടുപിടിക്കാന്‍ എളുപ്പമാണ്; ഒലീവ് നിറത്തിലുള്ള ചതുര കെട്ടിടങ്ങള്‍ ഉള്‍കൊള്ളുന്ന വലിയ കോമ്പൗണ്ടുകള്‍. സൂം ഇന്‍ ചെയ്തു നോക്കിയാല്‍ കാമോഫ്ലാജ് പെയിന്‍റ് അടിച്ച പട്ടാളക്കാരെ വഹിക്കുന്ന വണ്ടികള്‍ നിര നിരയായി നിര്‍ത്തിയിട്ടിരുക്കുന്നത് കാണാം, ഏതോ കശ്മീരി കൂരകൾ തകര്‍ക്കാനുള്ള ഇന്ത്യന്‍ സൈന്യത്തെ വഹിക്കാൻ തയ്യാറായി കൊണ്ട്.

ദക്ഷിണ കാശ്മീരിലെ എന്റെ ഉമ്മയുടെ വീട്ടിലേക്ക് ഞാന്‍ ഇടക്ക് കണ്ണു പായിക്കാറുണ്ട്, ചിത്രങ്ങള്‍ എപ്പോഴും വ്യക്തമാവാറില്ല, പക്ഷേ ഞാന്‍ ജനിച്ചു വളര്‍ന്ന വീടിന്റെ മേല്‍ക്കൂര എനിക്ക് തിരിച്ചറിയാന്‍ പറ്റും. ഞങ്ങളുടെ ഉദ്യാനത്തിലെ ആ ഒറ്റ ഉറുമാന്‍ മരം ഇപ്പോഴും അവിടെയുണ്ട്. കര്‍ഫ്യൂ കാലത്തെ ഞങ്ങളുടെ “പിക്നിക് സ്പോട്” ആയിരുന്ന വീടിന് പിന്നിലുള്ള പുഴക്ക് കുറുകെയുള്ള, ശോഷിച്ച ഒരു പുല്‍ത്തകിടതാ അവിടെയുണ്ട്. അത് പിന്നേയും ശോഷിച്ചിട്ടുണ്ട്. അപ്പുറത്തെ അയ്ജാസിന്റെയും ബിലാലിന്റെയും വീടുകള്‍ എനിക്ക് കാണാം, എന്റെ കുട്ടിക്കാലത്തെ സുഹൃത്തുക്കള്‍. അടുത്തുള്ള ഒരു തിയറ്ററിൻ്റെ ഗ്രൌണ്ടില്‍ ഞങ്ങള്‍ കളിക്കാറുണ്ടായിരുന്നു, ഇന്ത്യന്‍ സൈനികര്‍ അവിടുത്തെ ഇരിപ്പിടങ്ങള്‍ നശിപ്പിക്കുകയും, പ്രൊജക്റ്റര്‍ വലിച്ചെറിയുകയും, അത് കയ്യടക്കുകയും ചെയ്യുന്നത് വരെ. സൈനികര്‍ ഇപ്പോഴും അവിടെയുണ്ട്.
പിന്നെ മൈലുകള്‍ക്ക് അപ്പുറം, പട്ടണത്തിന് മീതെയുള്ള ആ കുന്നിന്‍ മുകളിലുള്ള സൈനികത്താവളമുണ്ട്, അതിന്റെ ചുറ്റും ബങ്കറുകളും സ്നൈപ്പര്‍ കൂടാരങ്ങളുമുണ്ട്. 1990ല്‍ സൈന്യം ആ കുന്ന് കീഴടക്കിയതിന് ശേഷം അത് ചെറുതല്ലാത്ത രീതിയില്‍ തന്നെ വികസിച്ചിട്ടുണ്ട്, പഴയ ബാരക്കുകളില്‍ നിന്ന് ഗ്രഹപ്പിഴയുള്ള മുഴകളെ പോലെ പുതിയവ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഞാന്‍ സൂം ഔട്ട് ചെയ്യുകയും രോഷത്താൽ ഭൂമി കറക്കുകയും ചെയ്യുന്നു.
II
2019 ആഗസ്റ്റിൽ, ഇന്ത്യന്‍ അധിനിവേശക്കാര്‍ക്ക് വാതിലുകള്‍ തുറക്കുന്ന പുതിയ നിയമങ്ങള്‍ ഇന്ത്യ നടപ്പിലാക്കുകയും, കശ്മീര്‍ ഭൂപ്രദേശത്തിന്റെ മുഖഛായ മാറ്റുകയും -173 വര്‍ഷങ്ങള്‍ക്ക് ജമ്മു കശ്മീര്‍ എന്ന ചരിത്ര പ്രാധാന്യമുള്ള പ്രദേശത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി- ചെയ്തപ്പോള്‍ ഗൂഗിള്‍ എര്‍ത്ത് തുറക്കുകയായിരുന്നു ഞാന്‍ ആദ്യം ചെയ്തത്.
എൻ്റെ ദേശത്തെ കുറിച്ചുള്ള വര്‍ഷങ്ങളായുള്ള ഗവേഷണത്തിൽ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു. കശ്മീരി പൊതു ഇടങ്ങളില്‍ ഇന്ത്യന്‍ സൈന്യം നിലനിര്‍ത്തി പോന്നിരുന്ന അതീവ നിയന്ത്രണങ്ങളും എനിക്ക് പരിചിതമാണ്. എന്നിരുന്നാലും ഇന്ത്യയുടെ രാഷ്ട്രീയക്കാരും വിദഗ്ദ്ധന്മാരും പരസ്യമായി മുറവിളി കൂട്ടിയ സമ്പൂർണ കൊളോണിയൽ പദ്ധതി സാധ്യമായ ഒന്നായിരുന്നോ? ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ പല വിഭാഗങ്ങളും ട്വിറ്ററിലും ഫേസ്ബുക്കിലും ഉളുപ്പില്ലാതെ ആവശ്യപ്പെടുന്നതുപോലെ കശ്മീരികളുടെ വംശഹത്യ നടത്താനുള്ള സംവിധാനം ഇവരുടെ പക്കല്‍ ഉണ്ടായിരുന്നോ? ഇന്ത്യയെ ചെറുക്കുവാൻ കശ്മീരികളുടെ പക്കല്‍ ചെറുത്തുനില്‍പ്പിനുള്ള വല്ല സംവിധാനങ്ങളും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ? ഈ ചോദ്യങ്ങളാണ് ആകാശ ചിത്രങ്ങളില്‍ ഉത്തരങ്ങള്‍ കണ്ടെത്തുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
മുകളില്‍ നിന്ന്, നിങ്ങള്‍ക്ക് കശ്മീരില്‍ നാല് തരം ഭൂപ്രകൃതികള്‍ കാണുവാന്‍ സാധിയ്ക്കും: പരുപരുത്ത കുന്നുകളും, മഞ്ഞു മൂടിയ പര്‍വത നിരകളും, പച്ചപ്പുള്ള നെല്‍പാടങ്ങളും ഉദ്യാനങ്ങളും; അതി ലോലമായ നാഡീ ശൃംഖല പോലെ പട്ടണങ്ങളും ഗ്രാമങ്ങളും; ഇന്ത്യന്‍ സൈനിക അധിനിവേശത്തിന്റെ വികസിക്കുന്ന ജ്യാമിതിയും.
2014ല്‍ ഒരു ഭീകര പ്രളയം കശ്മീരിനെ ബാധിച്ചതിന് ശേഷമാണ് ഇന്ത്യന്‍ അധിനിവേശം അളക്കുവാന്‍ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. 2005 മുതല്‍ തന്നെ ഇന്ത്യന്‍ ഗവണ്‍മെന്‍റ് കശ്മീരിലെ മിലിറ്ററി ബേസുകള്‍ അവ്യക്തമാക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ട വിവരം എനിക്കറിയാമായിരുന്നു, എന്നിരുന്നാലും അധിനിവേശത്തിന്റെ വലിപ്പവും രൂപകല്‍പനയും മായിക്കപ്പെടാന്‍ പറ്റുന്നതിനെക്കാളും വലുതാണ്.
2014ലെ പ്രളയം ഝലം നദിക്ക് അരികിലുള്ള ഒരുപാട് സ്ഥലങ്ങൾ നശിപ്പിച്ചിരുന്നു. കരയോടടുത്തുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സ്ഥാപനങ്ങളും പ്രളയത്തില്‍പ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ വന്നപ്പോള്‍, പ്രളയത്തില്‍ നിന്നുള്ള പൊടിയും ചളിയും സാധാരണക്കാരുടെ ഇടങ്ങളില്‍, വീടുകളെ ദ്രവിച്ചതും പഴയതുമായി തോന്നിപ്പിക്കും വിധം അവശേഷിച്ചിരുന്നതായി കാണാന്‍ സാധിക്കും. അതിന് നേര്‍ വിപരീതമായി സൈനിക താവളങ്ങള്‍ പച്ചപ്പുള്ളതായി തിരിച്ചു വന്നെന്ന് മാത്രമല്ല അവ കൂടുതല്‍ വികസിക്കപ്പെടുകയും ചെയ്തു. ഈ സ്ഥാപനങ്ങള്‍ക്ക് സമീപത്തുള്ള സാധാരണക്കാരുടെ ഇടങ്ങള്‍ സാര്‍ഡീന്‍ ടിന്നുകള്‍ ചതക്കപ്പെട്ട പോലെ കിടന്നു.
ഗൂഗിള്‍ എര്‍ത്തില്‍ നിങ്ങള്‍ക്ക് ശ്രീനഗറിലെ ബദാമി ഭാഗ് പട്ടാള ക്യാമ്പില്‍ നിന്ന് തുടങ്ങി ഏത് ദിശയിലേക്ക് നീങ്ങിയും ക്യാംപുകളും, എയര്‍ ബേസുകളും, ഹെലിപാഡുകളും, സുരക്ഷാ പോസ്റ്റുകളും യുദ്ധോപകരണ സൂക്ഷിപ്പ് കേന്ദ്രവും, മര്‍ദ്ദന കേന്ദ്രങ്ങളും റോഡുകളും റെയില്‍വേ സ്റ്റേഷനുകളും കണ്ടെത്താം. അല്ലെങ്കില്‍ കീഴ്വഴക്കമനുസരിച്ച്, ഇന്ത്യന്‍ സൈന്യത്തിന്റ്റെ തെക്കന്‍ ജമ്മു പ്രവിശ്യയിലെ ഉധംപൂരിലുള്ള “വടക്കന്‍ സൈനിക ബേസില്‍” നിന്ന് തുടങ്ങാം. ഇവിടെ നിന്നും വടക്കോട്ടുള്ള ഇന്ത്യയയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന ഏക റോഡായ ദേശീയ പാത ഒന്ന് പിന്തുടര്‍ന്നാല്‍ അധിനിവേശം മെല്ലെ മെല്ലെ പടരുന്നത് കാണാം, കശ്മീരികളെ നിയന്ത്രിക്കുന്ന അഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈന്യം രാത്രി വിശ്രമിക്കുന്നിടം വ്യക്തമാവും.

ഇന്ത്യന്‍ ബങ്കറുകളും സൈനികരുടെ സ്ഥാനങ്ങളും കണ്ടെത്തണമെങ്കില്‍ ചെറിയ കുന്നുകളുടെയും ചുരങ്ങളുടെയും മുകളിലൂടെ ഒന്ന് അലസമായി നീങ്ങിയാല്‍ മതി, പ്രത്യേകിച്ചു കശ്മീരി ഗ്രാമങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുന്ന നിയന്ത്രണ രേഖക്കടുത്ത്. പക്ഷേ ബദാമി ഭാഗ് കണ്ട് നിങ്ങള്‍ അമ്പരന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല. ഒരു നഗരത്തിനുള്ളിലെ അതിബൃഹത്തായ മറ്റൊരു നഗരമാണത്, അനന്തമായി വടക്കോട്ടേക്കുള്ള പര്‍വതങ്ങളിലേക്കു കയറുകയും തെക്കോട്ടേക്കുള്ള ഝലം നദിയിലേക്കു ഒഴുകി കൊണ്ടേ ഇരിക്കുകയും ചെയ്യുന്നു.
ബഹിരാകാശത്തില്‍ നിന്ന് സൂം ഇന്‍ ചെയ്യുമ്പോള്‍, മാറിക്കൊണ്ടേയിരിക്കുന്ന കശ്മീരിന്റെ ഭൂപടം കാഴ്ചയില്‍ തെളിയുന്നു. കട്ടിയുള്ള വെളുത്ത അതിര്‍ത്തി വരകള്‍ (അംഗീകൃത അന്താരാഷ്ട്ര അതിര്‍ത്തി) മെല്ലെ മായുന്നു, പിന്നെ തലങ്ങും വിലങ്ങും പായുന്ന ഒരു കെട്ട് ചുവന്ന വരകളും (തര്‍ക്കമുള്ള അതിര്‍ത്തി), മുറിഞ്ഞ വെളുത്ത വരകളും തെളിയുന്നു- കോളനിവല്‍ക്കരണാനന്തര സാമ്രാജ്യത്വത്തിന്റെ ചലം നിറഞ്ഞ മുറിവ്. അംഗീകരിക്കപ്പെടാത്ത ഈ അതിര്‍ത്തി വരകളെ “Line of Control” (ഇന്ത്യക്കും പാകിസ്താനും ഇടയിലുള്ളത്) എന്നും“Line of Actual Control” (ഇന്ത്യക്കും ചൈനക്കും ഇടയിലുള്ളത്) എന്നുംവിളിക്കപ്പെടുന്നു.”നിങ്ങള്‍ക്കു പറ്റുന്നതൊക്കെ കൈക്കലാക്കുക”, “നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ പറ്റുമെങ്കില്‍ അത് നിങ്ങളുടേതാണ്” തുടങ്ങിയ അതി പുരാതന അധികാര വാക്യങ്ങളെ സൂചിപ്പിക്കുന്നത് കൊണ്ട് ഇവക്ക് ഈ പേരുകള്‍ ഏറെ യോജിച്ചതാണ്.
ഇന്ത്യയില്‍ നിന്ന് നോക്കുകയാണെങ്കില്‍, ഭൂപടം ഇന്ത്യയുടെ പക്ഷത്താവും. ഇന്ത്യന്‍ വൈകാരികതക്ക് ഗൂഗിള്‍ പ്രത്യേക ഇളവ് നല്കിയിട്ടുണ്ട്; ഈ ചരിത്ര ഭൂമി ഇന്ത്യയുടെ കീഴിലാണെന്ന് കാണുവാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും കമ്പനി സൌകര്യം ഒരുക്കി കൊടുക്കുന്നു, അത് വഴി കശ്മീരിനെ കുറിച്ചുള്ള ഇന്ത്യന്‍ ദേശീയതയുടെ ഭൂപടപരമായുള്ള പൊരുത്തകേടിന് വളം വച്ച് കൊടുക്കുന്നു.
ഭൂമിയില്‍, എന്നാല്‍ വരകള്‍ പകല്‍ പോലെ വ്യക്തമാണ്. ഇന്ത്യയുടെ ഭാഗത്ത് ഗ്രാമങ്ങള്‍ ഒക്കെ കുറേ മുന്‍പ് തന്നെ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി അവിടെ ഒരു ഒഴിഞ്ഞ പ്രദേശത്താണ്. പാകിസ്താനി ഭാഗത്ത് ലൈന്‍ ഓഫ് കണ്‍ട്രോള്‍ വരെ അങ്ങിങ്ങായി ചെറിയ ചെറിയ കുടിയേറ്റങ്ങള്‍ ഉണ്ട്. വടക്കോട്ട് വരകള്‍ ഇന്ത്യന്‍ സൈന്യവും പാകിസ്ഥാന്‍ സൈന്യവും പരസ്പരം തുറിച്ച് നോക്കുന്ന ഒരു ഹിമപരപ്പിലേക്ക്, ഒരു കുടുക്കിലേക്ക് മായുന്നു. കിഴക്കോട്ടേക്ക് പ്രത്യക്ഷത്തില്‍ ശാന്തം എന്ന് തോന്നിപ്പിക്കുന്ന കഠിനമായ തണുപ്പുള്ള ഒരു തരിശുഭൂമി പരന്നു കിടക്കുന്നു. ഇടക്കിടെ അവിടെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പഴയ യുദ്ധവീര ഗാഥകള്‍ പുനരാവിഷ്കരിക്കാന്‍ എന്ന നിലക്ക് പരസ്പരം കല്ലെറിയുകയും മുഷ്ടി യുദ്ധങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഈ അടുത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട, ഇരു ഭാഗത്തും നിന്നുള്ള പട്ടാളക്കാരുടെ ശവങ്ങൾ, ലഡാക്കിന്റെ പരുക്കന്‍ മലകളില്‍ നിന്ന് തണുത്തു വിറക്കുന്ന ഗല്‍വാന്‍ നദിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു. 20 ഇന്ത്യക്കാരും അറിയപ്പെടാത്ത എണ്ണം ചൈനക്കാരും കൊല്ലപ്പെട്ടു; ധാരാളം പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
III
ഗൂഗിള്‍ എര്‍ത്തില്‍ അധികവും മുകളില്‍ നിന്നാണ് നിങ്ങള്‍ ദൃശ്യങ്ങൾ കാണുക, എന്നാല്‍ ജീവനുള്ള ഭൂപ്രദേശങ്ങള്‍ ആ ദൂരദര്‍ശിനിയിലൂടെ കാണുന്ന കാഴ്ചകള്‍ പോലെയല്ല. മുകളില്‍ നിന്നുള്ള ഈ നോട്ടത്തെ സാമ്രാജ്യത്വത്തിന്റെയും കോളനി ശക്തികളുടെ ഒരു നിഴല്‍ കൂടെ ആണെന്ന് ഒരു വിമര്‍ശനം തന്നെയുണ്ട്. പക്ഷേ കോളനിവല്‍കരിക്കപ്പെട്ടവര്‍ എന്ത് ചെയ്യും? ആ നോട്ടം അതേ രീതിയില്‍ തന്നെ തിരിച്ച് നോക്കാതെ, അല്ലെങ്കില്‍ മുകളിലേക്കുള്ള നോട്ടത്തെ വിമോചന സാധ്യതയിലേക്ക് തിരിക്കുകയല്ലാതെ.
“നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഭൗമരാഷ്ട്രീയത്തില്‍ നമ്മള്‍ പരിശീലിക്കേണ്ടതുണ്ട്,” കശ്മീരി ആക്റ്റിവിസ്റ്റ് ആയ ഫാറൂക് എന്നോട് ഒരിക്കല്‍ പറഞ്ഞു. “അതോടൊപ്പം തന്നെ നമ്മള്‍ അത് കണ്ട് തളരാനും പാടില്ല.”
ഭൗമരാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പ്രയാസമാണ്; ആണവായുധങ്ങളും ലോകത്തിലെ ഏറ്റവും വലിയ സൈനിക ആള്‍ബലവും ഉള്ള മൂന്നു രാജ്യങ്ങളുടെ കൃത്യം നടുക്കാണ് കശ്മീര്‍ ഉള്ളത്. ആ സൈന്യങ്ങൾ വലിയൊരു അളവ് നിലവില്‍ കശ്മീര്‍ കയ്യേറിയിട്ടുണ്ട്. അല്ലെങ്കില്‍ കലുഷിതമായ അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണം നിലനിര്‍ത്തുന്നവരാണ്. എഴുപതോളം വര്‍ഷങ്ങളായി ഈ പ്രദേശം അനേകം യുദ്ധങ്ങളും ഏറ്റുമുട്ടലുകളും നേരിട്ടിട്ടുണ്ട്. ഈ ദശകങ്ങള്‍ക്കെല്ലാം ശേഷവും ഈ രാജ്യങ്ങള്‍ക്കൊക്കെ സാധിച്ചത് “സ്ഥിരതയുള്ള അസ്ഥിരത” ഉണ്ടാക്കുക എന്നത് മാത്രമാണ്, അതിനര്‍ത്ഥം ഏറ്റുമുട്ടലുകള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല മറിച്ചത് ഒഴിച്ച് കൂടാനാവാത്ത ആചാരമാണ്. യുദ്ധം ഏത് നേരം വേണമെങ്കിലും പൊട്ടി പുറപ്പെടാം.
ഇവിടെ സമാധാനം നിലനിര്‍ത്തണമെങ്കില്‍ ദേശീയത എന്ന അഹങ്കാരത്തെ നിലക്ക് നിര്‍ത്തേണ്ടതായി വരും, പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഈ മൂന്നു രാജ്യങ്ങളുടെയും ജീവരക്തം തന്നെ ഇതാണ്.
ഇതിലൊക്കെയും തങ്ങളുടെ രാജ്യത്തിന്റെ മേൽ നടന്നു കൊണ്ടിരിക്കുന്ന ഭൂരാഷ്ട്ര കുതന്ത്രം അധികാരമില്ലാതെ കണ്ടു നില്‍ക്കുകയാണ് എന്ന വ്യതിരിക്തത കശ്മീരി ജനതയ്ക്കുണ്ട്. ഇതിനര്‍ത്ഥം അവര്‍ക്കൊരു കാഴ്ചപ്പാടില്ല എന്നല്ല, യഥാര്‍ത്ഥത്തില്‍ അതിന്റെ നേര്‍ വിപരീതമാണ്. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നുള്ള കാശ്മീരികള്‍ ഭൗമരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് നിങ്ങള്‍ക്കു കാണാം, അക്കാദമിക വ്യവഹാരങ്ങളിലൊന്നും അവ വന്നിട്ടില്ലെങ്കില്‍ പോലും.
എന്റെ അമ്മാവനെ നോക്കൂ, കശ്മീരില്‍ ഒരു സ്കൂള്‍ അദ്ധ്യാപകനാണ്, മാര്‍ച്ചിന്റെ അവസാനത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം ചൂടായി വരുന്ന സമയത്ത് അദ്ദേഹം വിളിച്ചപ്പോള്‍ കുടുംബ വിശേഷങ്ങള്‍ പറയുന്നതിനിടക്ക് പെട്ടെന്ന് അദ്ദേഹം ഭൗമരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു:
“ചൈന ഇന്ത്യയുടെ ദ്വിമുന്നണി തന്ത്രത്തെ പൊളിക്കുകയാണല്ലോ. നിനക്ക് എന്തു തോന്നുന്നു?”
“എഹ്?, എന്തു?”
” ദ്വിമുന്നണി തന്ത്രമില്ലേ?, ഇന്ത്യന്‍ സൈനിക മേധാവിമാര്‍ ടിവിയില്‍ പറയുന്ന സംഗതി അറിയില്ലേ? നിനക്കറിയില്ലേ ഒരേ സമയം ചൈനയെയും പാകിസ്താനെയും യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ സജ്ജരാണ് എന്ന് അവര്‍ പറയുന്നത്?”
“ഓഹ്, ഓക്കെ. ഇന്ത്യന്‍ വാര്‍ത്താ ചാനലുകളില്‍ കാണുന്ന പോലെ അല്ലല്ലോ ലോകം”
“പക്ഷേ അവരുടെ കമാൻ്റർമാർക്കും ടിവി അവതാരകര്‍ക്കും ഗില്‍ഗിറ്റ-ബലിസ്താനും ആക്സായി ചിന്നുമൊക്കെ കീഴടക്കണം”
കശ്മീരി വീക്ഷണ കോണില്‍ നിന്ന് നോക്കിയാല്‍ കാശ്മീരിലെ ഈ അക്രമങ്ങള്‍ക്കും ഭൂപടപരമായുള്ള ഈ കുരുക്കിന്നുമൊക്കെ കാരണം തിരിച്ച് പിടിക്കാനുള്ള ഇന്ത്യയുടെ ഈ വെമ്പല്‍ ആണ്.
തുടര്‍ന്നദ്ദേഹം മറ്റെയാളെക്കാളും മുന്നിലെത്താനുള്ള ദേശീയതാ വെമ്പല്‍ എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കന്മാരെ നിരന്തരം പാകിസ്താനെയും ചൈനയെയും തോണ്ടുന്നതിലേക്ക് അത് നയിക്കുന്നത് എന്ന് പറഞ്ഞു, ഭൂപടങ്ങളും യാഥാര്‍ത്ഥ്യവും യോജിച്ച് പോവുന്നിലെങ്കില്‍ പോലും.
അദ്ദേഹത്തിന്റെ ഉള്‍കാഴ്ച അന്താരാഷ്ട്ര ബന്ധങ്ങളില്‍ പ്രത്യേകിച്ചു താല്‍പര്യമുണ്ടായതിന്റെ ഫലമായിട്ടോ, അല്ലെങ്കില്‍ ഭൂപടങ്ങളെക്കുറിച്ച് ഗവേഷണം ചെയ്തതിന്‍റെ ഫലമായിട്ടോ അല്ല, സംഭാഷണങ്ങളില്‍ പങ്ക് വെക്കുന്ന ചെറിയ ചെറിയ വാര്‍ത്താ ശകലങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന മനസ്സിലാക്കല്‍ ആണത്.
ഭൗമരാഷ്ട്രീയം കുറേ കാശ്മീരികള്‍ക്ക് ഏറെക്കുറെ ഒരു സാധാരണ രാഷ്ട്രീയ പ്രതിപാദ്യവിഷയമായിട്ടുണ്ടെങ്കില്‍ അധികാരമില്ലായ്മയില്‍ നിന്ന് വരുന്ന പരിഹാസവും അങ്ങനെയായിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങൾ വിദ്വേഷത്തിൻ്റെ ദേശീയതാ ബഡായി മുതല്‍ കാര്‍ട്ടൂണ്‍ യുദ്ധ മാപ്പുകള്‍ വരെ ഉപയോഗിച്ച് ഒരു രാത്രിയിലേക്കുള്ളത് തയ്യാറാക്കാറുണ്ട്, കാശ്മീരികള്‍ക്കു പിറ്റേന്നത്തേക്ക് തമാശിക്കാനുള്ളതായി. “കീഴടക്കുക” എന്ന പദത്തിന്‍മേല്‍ എന്റെ അമ്മാവന്‍ ഊന്നല്‍ നല്‍കിയതും അത് കൊണ്ട് തന്നെ.
IV
“നമുക്ക് ചുറ്റുമുള്ള ഭൂരാഷ്ട്ര ഘടന നിശ്ചലമായി തോന്നിക്കുന്നു, കശ്മീര്‍ വീണ്ടും ഒരു സ്വതന്ത്ര രാജ്യമാവും എന്ന് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല” ഫാറൂക് ഒരിക്കല്‍ പറഞ്ഞു, “പക്ഷേ ഇടയ്ക്കൊക്കെ ദിനേനയുള്ള ഇന്ത്യന്‍ അധിനിവേശത്തിന്റെ പീഡനങ്ങളില്‍ നിന്നു തലയുയര്‍ത്തി നോക്കി ഈ അതിര്‍ത്തികളൊക്കെ എത്ര പുതിയതും അസ്ഥിരവുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.”
ഇന്ത്യ നയതന്ത്രപരമായ നിരപരാധിത്വം നിലനിര്‍ത്തുകയും വലിയൊരാളവോളം പാശ്ചാത്യ ശക്തികളെ കശ്മീരിൻ്റെ മേലുള്ള അവകാശവാദങ്ങളെ സ്വാഭാവികമായും അലംഘനീയമായും വിശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാശ്മീരി അധിനിവേശ വിരുദ്ധ സമരത്തെ പിളര്‍പ്പുണ്ടാക്കുന്നവയായി അല്ലെങ്കില്‍ നിഴല്‍ യുദ്ധങ്ങളായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ക്കാവട്ടെ ചൈനയെ ഒരു വശത്ത് നിന്നെങ്കിലും പിടിച്ച് നിര്‍ത്താന്‍ ഇന്ത്യയുടെ സഹായം വേണം. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ വല്ലപ്പോഴുമുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള ഒച്ചപ്പാടില്‍ ഒതുക്കും. ഇന്ത്യ അതിനനുസൃതമായി ചൈനക്കെതിരെയുള്ള കോട്ടയില്‍ സ്ഥാനം ഉറപ്പിച്ചു, എന്നാല്‍ അത് ചൈനക്കു കശ്മീരില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാക്കുകയാണ് ചെയ്തത്, ഇതല്ല ഇന്ത്യക്കു വേണ്ടത്, ഇന്ത്യക്ക് കശ്മീരികളുള്‍പ്പെടെ എല്ലാവരും കശ്മീരിനെ മറക്കണം എന്നാണ്.
“പാശ്ചാത്യ ലോകം അതിവിദൂരത്താണ്, ചൈനയാണെങ്കില്‍ ഈ പര്‍വതത്തിന് തൊട്ടപ്പുറത്തും”, എന്നോടു ഒരു കാശ്മീരി ഗവേഷകന്‍ ഈയടുത്ത് പറഞ്ഞു, കാശ്മീരികള്‍ മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് അമേരിക്കയില്‍ അവബോധം ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ അദ്ദേഹം നിരാശനായിരുന്നു. “പാശ്ചാത്യര്‍ക്ക് ഇവിടെ നിലവിലുള്ള പോലെ തന്നെ തുടരണം, ചൈനക്കാകട്ടെ ഉള്‍ദേശ കച്ചവട മാര്‍ഗങ്ങള്‍ സുദൃഢമാക്കണം, മുന്‍പോട്ടേക്കുള്ള എല്ലാ സാധ്യതകളെക്കുറിച്ചും നമ്മള്‍ ആലോചിക്കണം.” അദ്ദേഹം പറഞ്ഞു.
“പക്ഷേ അങ്ങനെ ഒരു ആളികത്തലുണ്ടായല്‍, അതിന്റെ അന്ത്യം കാണുവാന്‍ കശ്മീര്‍ ബാക്കിയുണ്ടാവില്ല, ഞാന്‍ തിരിച്ചു പറഞ്ഞു. “നമ്മുടെ ആളുകളെ സംരക്ഷിക്കണമെങ്കില്‍ അന്താരാഷ്ട്ര ശ്രദ്ധയുടെ പ്രധാന്യത്തെയും മനുഷ്യാവകാശ ലംഘനത്തിന്റെ ചോദ്യത്തെയും നമ്മള്‍ക്ക് ഉപേക്ഷിക്കാനാവില്ല.”
എന്നാലും ഭൂരാഷ്ട്ര തന്ത്രത്തില്‍ ഉള്‍കാഴ്ചയുള്ള ഗവേഷകരോട്, ഇന്ത്യ-ചൈന പ്രശ്നത്തില്‍ കശ്മീരിന് അങ്ങനെ സാധ്യതകള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ “എന്തുകൊണ്ട് പറ്റില്ല” ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ അധിനിവേശ കുടിയേറ്റ പദ്ധതി അടുത്തു കഴിഞ്ഞു. എങ്ങനെയായാലും കശ്മീര്‍ അതിജീവിക്കുകയില്ല.
റോമൈന്‍ റോളണ്ട് പറഞ്ഞതില്‍ അല്പം സത്യവുമുണ്ട് (ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ ആന്‍റോണിയോ ഗ്രാംഷിയിലേക്ക് ചേര്‍ത്ത് പറയാറുള്ളതാണ് ): “അശുഭപ്രതീക്ഷ ബുദ്ധിയുടെയും, ശുഭാപ്തി വിശ്വാസം മനഃശക്തിയുടേതുമാണ്.” ഈ ഭ്രാന്തന്‍ മനഃശക്തിയല്ലെങ്കില്‍ പിന്നെ തങ്ങളെക്കാളും നൂറിരട്ടി ജനസംഖ്യ ഉള്ള ഒരു അധിനിവേശ ശക്തിയെ കശ്മീരികള്‍ എങ്ങനെയാണ് ചെറുത്തുനിന്നത് എന്നാണ് പറയാന്‍ സാധിക്കുക? ഓരോ കശ്മീരി പോരാളിക്കും 5000 സൈനികരെ ഈ യുദ്ധത്തില്‍ ഇന്ത്യ ഇറക്കിയിട്ടുണ്ട്. യുദ്ധങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീചമായ കണക്ക്.
V
ഭൗമരാഷ്ട്രീയത്തെ ഉന്നത തല ഉദ്യോഗസ്ഥര്‍ തീരുമാനിച്ച്, സൈനിക മേധാവികളും സാമ്രാജ്യത്വ ശക്തികളുടെ നയതന്ത്രജ്ഞരും നടപ്പിലാക്കുന്ന പ്രചണ്ഡമായ എന്തോ രാഷ്ട്രീയമായാണ് കാണപ്പെടുന്നത്. എന്നാല്‍ അങ്ങനെയല്ല ആവേണ്ടത്. കാരണം അധിനിവേശ വിരുദ്ധ സമരങ്ങളിലും നീതിക്കായുള്ള സമരങ്ങളിലും ലോകത്തില്‍ തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന കൃത്യമായ ബോധ്യം ഉണ്ടാകല്‍ അനിവാര്യമാണ്. ഭൂമിശാസ്ത്രപരമായി തങ്ങളുടെ പരിധിയിലുള്ള, നിരന്തരം മാറികൊണ്ടിരിക്കുന്ന അധികാര ഘടനയില്‍ ഒരു പ്രത്യേക മുന്നേറ്റത്തിന്റെ സ്ഥാനം നിര്‍ണയിക്കപ്പെടുന്നത് എങ്ങനെയാണ്? എന്തൊക്കെ രീതികളും തന്ത്രങ്ങളും സഖ്യങ്ങളുമാണ് ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുക?
കശ്മീരിനെ അസ്ഥിരമാക്കി നിര്‍ത്തുവാന്‍ “ഏറ്റുമുട്ടലുകള്‍” എന്ന തന്ത്രം ഇന്ത്യ നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. “ചിട്ടയുള്ള ചിട്ടയില്ലായ്മ” എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്കതിനെ വിളിക്കാം. അധിനിവേശത്തിനു ഇരയാക്കപ്പെട്ടവര്‍ പ്രതിരോധത്തിന് തയ്യാറാവുന്നത് തന്നെ തടയാന്‍ വേണ്ടിയുള്ള കൃത്യമായ ഒരു പ്രവര്‍ത്തന രീതി.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കശ്മീരിലെ സമകാലിക ചെറുത്തുനില്‍പ്പുകളൊക്കെ ഒരു ഭൂരാഷ്ട്ര ചിന്താരീതി രൂപീകരിക്കുന്നതില്‍ നിന്ന് തടയപ്പെട്ടിട്ടുണ്ട്. കശ്മീരിന്റെ അങ്ങനെയുള്ള കൃത്യമായ ഒരു ചിന്താ രീതിയുടെ ചരിത്രത്തിനെതിരാണത്.
ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സാമ്രാജ്യങ്ങളാലും അധിനിവേശ ശക്തികളാലും ചുറ്റപ്പെട്ട കശ്മീര്‍, തിരക്കേറിയ ഒരു പടയോട്ട പാതയിലെ ഒരു വിശ്രമ താവളമായിരുന്നു. ഒരു തരത്തിലുള്ള പ്രതിരോധ തന്‍മയത്വം അത്യന്താപേക്ഷിതമായി വന്നു. നിഷ്‌പക്ഷത, നിസ്സംഗത്വം, ഒളിക്കല്‍ വരേ. നൈരന്തര്യവും, കാത്തുനില്‍പ്പും, ഭരണാധികാരികളെ മുഷിപ്പിക്കലുമൊക്കെ കശ്മീരിന് ചരിത്രത്തിലുടനീളം ഒരു സ്വതന്ത്ര അസ്തിത്വം നല്‍കി.

കുറേ കാലത്തെ സ്വാതന്ത്ര്യമില്ലായ്മ അന്തര്‍ലീനമായ സാമൂഹിക അസ്വാരസ്യങ്ങളുടെ ഫലമായിട്ടു കൂടിയായിരുന്നു. ഉദാഹരണത്തിന് കശ്മീരി തിയറി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെയും ഭൗമരാഷ്ട്രീയത്തിന്റെയും കെട്ടുപിണയലിനെ കുറിച്ച് വ്യക്തമായി പറയുന്നു.
ശ്രിനഗറിലെ മുതിര്‍ന്ന, വിവേകിയായ തൊഴിലാളി നേതാവ് അബ്ദുള്‍ റഹ്മാന്‍ 2016 ല്‍ എന്നോട് പറഞ്ഞു: “കശ്മീരിന്റെ ഭരണം വിദേശി ഭരണത്തിന് കീഴിലാവാന്‍ കാരണം ഞങ്ങളിലെ വരേണ്യ വർഗം ഞങ്ങളെ ചതിച്ചതാണ്.”
“നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചത്?” അദ്ദേഹത്തിന്റെ ചിന്തകളുടെ പോക്കിനെ കുറിച്ചുള്ള ഒരു ഏകദേശ ധാരണയോടെ ഞാന്‍ ചോദിച്ചു.
“നോക്കൂ, ഇവിടുത്തെ വരേണ്യവർഗം, കശ്മീരി ജന സമ്മതി നേടുന്നതിന് പകരം തങ്ങളുടെ പ്രിവിലേജ് നിലനിര്‍ത്തുന്ന അയല്‍ശക്തികളുടെ പരിലാളനം നേടാനാണ് ആഗ്രഹിക്കുന്നത്, അത് വഴി കശ്മീരിന് മുകളിലുള്ള അധികാരം അവര്‍ നല്കുന്നു. ഉയര്‍ന്ന കുടുംബങ്ങളിലുള്ളവര്‍ക്ക് സബ്സിഡി അരി ലഭിക്കാന്‍ വിദേശി ഭരണാധികാരികള്‍ക്ക് ഞങ്ങള്‍ മറുവില കൊടുക്കേണ്ടി വന്നിട്ടുണ്ട്.”
“ഹാ, അങ്ങനെയല്ലേ മുഗളന്‍മാരും, അഫ്ഘാനികളും, സിക്കുകാരും, ഡോഗ്രകളുമൊക്കെ കശ്മീര്‍ കീഴടക്കാന്‍ വന്നത്?”
“ഇന്ത്യക്കാരും അങ്ങനെ തന്നെ, ഉപരിവര്‍ഗ്ഗം അവരുടെ വര്‍ഗ്ഗ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ കശ്മീരിനെയും അതിന്റെ ജനങ്ങളെയും വിറ്റു. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരത്തില്‍ നമുക്കൊപ്പം നില്‍ക്കാതെ നമ്മുടെ അധിനിവേശക്കാരുടെ കൂടെ അവര്‍ രമിക്കുന്നത്”
കശ്മീരിന്റെ രാഷ്ട്രീയത്തിന്റെ ചരിത്ര വിശകലനത്തോട് അനേകം കശ്മീരികള്‍ യോജിക്കും.
കശ്മീരി ഭൌമരാഷ്ട്രീയം അധികം സംസാരിക്കപ്പെടാത്ത ഒന്നാണ്, അതിന്റെ ഒരു കാരണം എന്തെന്നു വച്ചാല്‍ കശ്മീരിനെ പ്രതിരോധിക്കേണ്ട ബാധ്യത എല്ലാ കാലത്തും സാധാരണക്കാരുടെ മുതുകളിലാണ്, അവരാകട്ടെ സാംസ്കാരിക അംഗീകാരങ്ങളുടെ വരേണ്യ വൃത്തത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ്. ഈ ചിന്ത എന്നിരുന്നാലും ഒരു തീവ്ര സാംസ്ക്കാരിക ഭാവനയിലേക്ക് രൂപാന്തരം ചെയ്തു.
മുഖ്യധാരാ ഭാവനയില്‍, കശ്മീര്‍ എന്നത് സമരങ്ങളാലും ലഹളകളാലും നാടുകടത്തപ്പെടലുകളാലും അഭയാര്‍തിത്വത്താലും, ഏകാധിപത്യ സാമ്രാജ്യങ്ങളുടെയും വിദേശ ശക്തികളുടെയും മര്‍ദ്ദനത്താലും ചൂഷണത്താലും മാത്രമല്ല പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നത്, ബഹുസ്വരമായ സാംസ്കാരിക പാരമ്പര്യങ്ങളും കച്ചവടവും പരസ്‌പരാശ്രയത്വവും കുടുംബ ബന്ധങ്ങളും അയല്‍ബന്ധങ്ങളും കൂടിയാണ്. ഈ ബന്ധങ്ങളെ അരകെട്ടിട്ടുറപ്പിക്കുന്നത് പലപ്പോഴും പ്രകൃതിയുമായി ബന്ധപ്പെട്ട കാവ്യ ഭാവനകളിലൂടെയും (മൌജ്-അമ്മ, ഭാഗ്- ഉദ്യാനം), ചിലപ്പോള്‍ അതിനെക്കാളേറെ വിലാപങ്ങളിലൂടെയുമാണ്: “Yath Kasheeri chu’na har tar’fe taawan!” (ഞങ്ങളുടെ കശ്മീര്‍ എല്ലാ ഭാഗത്ത് നിന്നും മുറിവേല്‍ക്കുന്നവരാണ്.). ഈ മുറിവുകള്‍: അതിമോഹമുള്ള അയല്‍ക്കാരും വരേണ്യ വര്‍ഗ്ഗവും.
ഒരുമിച്ച് എടുക്കുകയാണെങ്കില്‍, കശ്മീരികള്‍ക്ക് കശ്മീര്‍ ഒരു വസതി പോലെയാണ്. വീടാണ്. കശ്മീരിലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്ന യാത്രയെ അവര്‍ ഒരു മുറിയിൽ നിന്നു മറ്റൊരു മുറിയിലേക്ക് പോകുന്ന പോലെയാണ് പറയുക. അകവും പുറവും തമ്മിലുള്ള അതിര്‍ത്തി രേഖകള്‍ ഏറെകുറേ വ്യക്തമാണ്. 1947ലെ ഒരു പുതിയ ഭൂപട അന്തര്‍ബോധം കശ്മീരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ ഇതിങ്ങനെ തന്നെയായിരുന്നു.
ഉദാഹരണത്തിന്, ആ വര്‍ഷം ഇന്ത്യ കശ്മീരിനെ ആക്രമിക്കുകയും, ഒരു ഭാഗം സ്വന്തത്തിനും മറുഭാഗം പാകിസ്താനും നല്കുവാന്‍ വേണ്ടി നിയന്ത്രണ രേഖക്ക് കുറുകെ കശ്മീരിനെ രണ്ടായി പകുക്കുകയും ചെയ്തപ്പോള്‍ കശ്മീരികള്‍ അതിനെ ഒരു നൈമിഷിക പ്രശ്നമായാണ് കണ്ടത്. എന്തൊക്കെയായാലും കശ്മീരിന് ഇന്ത്യയായി മാറന്നിരിക്കുന്ന ആ കരയുമായി സംസ്കാരികപരമായോ ചരിത്രപരമായോ പ്രത്യേകിച്ചു ബന്ധമൊന്നും ഇല്ലായിരുന്നല്ലോ. നദികള്‍ പടിഞ്ഞാറിലേക്ക് പാകിസ്താനിലേക്കും റോഡുകള്‍ മധ്യപടിഞ്ഞാറന്‍ ഏഷ്യയിലേക്കുമാണ് നീണ്ടിരുന്നത്. ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യക്കു പോകേണ്ടി വരും, കശ്മീരികള്‍ വിചാരിച്ചു, ഭൂമിശാസ്ത്രം അങ്ങനെയാണ് പറയുന്നത്.
ഇന്ത്യന്‍ ഭരണത്തെ കോടതി വിധിയായി ഇന്ത്യ അവതരിപ്പിച്ചിട്ട് പോലും അതിനെ സ്വീകരിക്കാന്‍ കശ്മീരികള്‍ വിസമ്മതിച്ചു. ഇന്ത്യ അയല്‍വാസിയായും പാകിസ്ഥാന്‍ നിയന്ത്രണ കശ്മീര്‍ അപ്പുറത്തെ മുറിയായും നിലനില്‍ക്കുന്നു. ഇങ്ങനെ ഒരു ഭവന സമാനമായ ഭൂമിശാസ്ത്ര ഭാവന “അധിനിവേശം” എന്ന വാക്കിനെ അന്താരാഷ്ട്ര നിയമ സംഹിതയില്‍ മാത്രമല്ല, സാംസ്കാരിക ആഘാതം എന്ന നിലയിലും സാര്‍ത്ഥകമാക്കുന്നു.
VI
ഭൂരാഷ്ട്ര സിദ്ധാന്തവാദികള്‍ കുറേ കാലങ്ങളായി വാദിക്കുന്നത് ശീതയുദ്ധാനന്തര “പുരോഗമന ലോക രീതി” അതായത് ലോക ഭരണനിര്‍വഹണവും മനുഷ്യാവകാശങ്ങളും ചട്ടങ്ങളും എല്ലാം അവസാനിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ സ്ഥാനത്ത് പഴഞ്ചന്‍ ഭൌമരാഷ്ട്രീയവും രാഷ്ട്രത്തിന്റെ അധികാരം ഉറപ്പിക്കാന്‍ തിരക്ക് കൂട്ടുന്ന “നവീകരണ ശക്തികളും” പ്രദേശികവാദവുമൊക്കെയാണ് വരിക. കശ്മീര്‍ പോലത്തെ സ്ഥലങ്ങളില്‍ അത്തരമൊരു മാറ്റത്തിന്റെ ആഘാതം വേര്‍തിരിച്ചറിയാന്‍സാധിക്കുകയില്ല കാരണം ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ ഒരിയ്ക്കലും ലിബറല്‍ ആയിരുന്നില്ല, ലിബറല്‍ എന്ന് പറയപ്പെടുന്ന കാലങ്ങളില്‍ പോലും. എന്നിരുന്നാലും അമേരിക്ക നയിക്കുന്ന സാമ്രാജ്യത്വ ശക്തി പല നിര്‍ണായക പ്രദേശങ്ങളിലും ഉണരുന്നുണ്ട്, “ഉറഞ്ഞു കിടന്നിരുന്ന പ്രശ്നങ്ങള്‍ക്ക്” മെല്ലെ ജീവന്‍ വെക്കുന്നുമുണ്ട്.
ഭൗമരാഷ്ട്രീയം തിരിച്ചുവന്നുവെന്നത് സത്യമാണെങ്കില്‍, മോചനത്തെയും വിമോചനത്തെയും കുറിക്കുന്ന ഭൂരാഷ്ട്ര സിദ്ധാന്തങ്ങള്‍ ഉണ്ടാകുമോ? ലോക അധികാര ക്രമത്തിന്റെ തെറ്റുകള്‍ മനസ്സിലാക്കുന്ന സിദ്ധാന്തങ്ങള്‍ ഉണ്ടാകുമോ, അധിനിവേശത്തിന് ഇരയാക്കപ്പെട്ടവര്‍ക്കും കോളനിവല്‍കരിക്കപ്പെട്ടവര്‍ക്കും ദുര്‍ഭലരെ അധീശപ്പെടുത്തുന്നത് രീതിയല്ലാത്ത പുതിയൊരു ലോക ക്രമം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് കാണിച്ച് കൊടുക്കുവാന്‍ പറ്റുമോ? യൂറോപ്പുകാര്‍ പോയിട്ട് സാമ്രാജ്യത്വ രാഷ്ട്ര ഘടനകള്‍ ആവര്‍ത്തിച്ച, പഴയ കോളനി വിരുദ്ധ സമരങ്ങള്‍ക്ക് പറ്റിയ തെറ്റ് (ഇന്ത്യ വലിയൊരുദാഹരണമായിരിക്കെ) ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുന്ന സിദ്ധാന്തങ്ങളുണ്ടാകുമോ?
“കശ്മീരിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഒരു ദ്വി ദര്‍ശനമുണ്ടാകേണ്ടിയിരിക്കുന്നു- മാനുഷികത അടിസ്ഥാനമായുള്ള നമ്മുടെ മുന്നേറ്റത്തെ ഉറപ്പിച്ച് കൊണ്ട് അതേ സമയം മാറിക്കൊണ്ടിരിക്കുന്ന ഭൌമരാഷ്ട്രീയത്തില്‍ ഒരു കണ്ണുണ്ടാവുകയും ചെയ്യുന്ന രീതി.” കശ്മീരി ആക്റ്റിവിസ്റ്റ് ഫാറൂക് പറഞ്ഞിരുന്നു, “നോക്കൂ, ഭൌമരാഷ്ട്രീയത്തില്‍ സ്വയം നിര്‍ണയാവകാശവും ആധികാരികമാവുന്നു.”
ഫറൂകിന്റെ ദ്വിദര്‍ശനം എന്ന ആശയം എനിക്കിഷ്ടപ്പെട്ടു, വിഷാദപൂര്‍വ്വമായ വര്‍ത്തമാന കാലത്ത് നിന്ന് വളരെ മൗലികമായ മാറ്റങ്ങളുണ്ടാകുന്ന ഒരു ഭാവിക്ക് വേണ്ടി നിരന്തരം പ്രതീക്ഷയുണ്ടാക്കുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം അതിലുള്‍കൊള്ളുക. നമ്മള്‍ നല്‍കപ്പെട്ടതില്‍ നിന്ന് പുതിയതും അപ്രതീക്ഷിതവുമായ ഒന്നുണ്ടാക്കുക. സാങ്കൽപികാദര്‍ശരാഷ്‌ട്രം (Utopia) നേടാനുള്ള യഥാര്‍ത്ഥ വഴികളില്‍ കണ്ണുറപ്പിച്ച് കൊണ്ട് അതിനെ സ്വപ്നം കാണുക.
VII
ഗൂഗിള്‍ ഏര്‍ത്തില്‍, അവകാശമില്ലാത്തത് എടുക്കാന്‍ അല്ലെങ്കില്‍ തടുക്കാന്‍ വരുന്ന വിദേശ സൈനികര്‍ ഒരുമിച്ച് നില്‍ക്കുന്ന കശ്മീരിന്റെ കലുഷിതമായ അതിര്‍ത്തികളിലൂടെ ഞാന്‍ അലയുകയാണ്. കശ്മീരിന് ഒരു പരിഹാരം തപ്പി നടക്കുന്ന ഇന്ത്യന്‍ വിദഗ്ദ്ധരും ഗൂഗിള്‍ ഏര്‍ത്തില്‍, കുടിയേറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. മുകളില്‍ നിന്ന് നോക്കി വംശഹത്യ ആസൂത്രണം ചെയ്യുന്നത് അവരെ ത്രസിപ്പിക്കുന്നുണ്ടോ എന്നും ഞാന്‍ കൗതുകപ്പെടാറുണ്ട്. അവര്‍ ഞങ്ങളെ ഒറ്റയടിക്ക് പിഴുതെറിയുമോ അതോ നാടകം തുടങ്ങുന്നതിന് മുന്‍പ് ഞങ്ങളുടെ അയല്‍വാസിയായി കുറച്ചു നാള്‍ ഭാവിക്കുമോ?
“അടുത്ത് തന്നെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ഇന്ത്യന്‍ കോടതികളിലേക്ക് നമ്മളെ കൊണ്ടുപോവുകയും, ഇന്ത്യന്‍ നിയമമനുസരിച്ച് നമ്മുടെ നാട്ടില്‍ നമ്മുടെ കൂരകള്‍ക്ക് കീഴില്‍ ജീവിക്കുവാനുള്ള നമ്മുടെ അവകാശത്തെ ഒരു ഇന്ത്യന്‍ ജഡ്ജ് ചോദ്യം ചെയ്യുകയും ചെയ്യും. പിന്നെ ബുള്‍ഡോസറുകള്‍ വരും” 2019 ആഗസ്തിലെ ആശയ വിനിമയ ഉപരോധം ഭാഗികമായി എടുത്തു മാറ്റപ്പെട്ടപ്പോള്‍ കശ്മീരിലെ ഒരു സുഹൃത്ത് പറഞ്ഞതാണിത്.
നമ്മുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന എല്ലാ രേഖകളും എല്ലാ സമയങ്ങളിലും മുറുകെപിടിക്കണം എന്ന ആശയമാണ് നാം വളര്‍ന്ന് വരുമ്പോള്‍ കേട്ടിരുന്നത്. വളരെ അസംഗതമായി തെരുവുകളില്‍ നമ്മുടെ ഐഡി ചോദിക്കുകയും കൊടുത്താലും നമ്മെ ആക്രമിക്കുന്ന ഇന്ത്യന്‍ സൈനികരില്‍ നിന്ന് ഇത് ഞങ്ങളെ രക്ഷിച്ചിരുന്നില്ല. പണ്ടൊരു കശ്മീരി ചെറുത്തുനില്‍പ്പ് നേതാവ് പറഞ്ഞത് പോലെ, “നീ എവിടെന്ന് വന്നു, എന്തിനിവിടെ വന്നു എന്നങ്ങോട്ട് ചോദിക്കുക” നമ്മുടെ സ്വന്തം രാജ്യത്തു നമ്മുടെ സ്വത്വം തെളിയിക്കേണ്ടി വരരുത്. ആ കാലത്തേക്കാളും വലിയൊരു ഗര്‍ത്തത്തിലേക്ക് നമ്മളെത്തിയിരിക്കുന്നു, വലിയ വ്യാപ്തിയുള്ള ഒരു അപകടത്തിലേക്ക്.
“വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളൊന്നും നമുക്കുണ്ടായിട്ടില്ലെങ്കില്‍, നമ്മള്‍ നിലനില്‍ക്കുന്നില്ല എന്ന് തന്നെ ഇന്ത്യന്‍ നിയമം തെളിയിക്കും, ഇത് ശരിക്കും പ്രവര്‍ത്തനം അല്ലെങ്കില്‍ മരണമാണ്, യുദ്ധമായിരിക്കില്ല ഏറ്റവും രൂക്ഷമായ പ്രശ്നം” എന്റെ സുഹൃത്ത് പറഞ്ഞു.
യുദ്ധം ഇപ്പഴേ നടന്നുകൊണ്ടിരിക്കുന്നുണ്ട്, കശ്മീരികള്‍ക്കെതിരെ ഒരു അധിനിവേശ യുദ്ധം. അവന്റെ വാക്കുകളില്‍ പ്രതീക്ഷയ്ക്ക് വേണ്ടിയുള്ള ഒരു ആശയറ്റ തിരച്ചില്‍ ഞാന്‍ കേള്‍ക്കുന്നു.
അധിനിവേശകര്‍ അക്രമാസക്തമായ കീഴടക്കലിന്റെ ചരിത്രം ശുചീകരിക്കുകയും ആഘോഷിക്കുകയും ചെയ്യും. ഗൂഗിള്‍ ഏര്‍ത്ത് ഒച്ചപ്പാടുകളടങ്ങുന്ന പഴയ ചിത്രങ്ങള്‍ കാണിക്കുന്നുവെന്നത് തന്നെ ചിലപ്പോള്‍ ഒരനുഗ്രഹമായിരിക്കും. പക്ഷേ കശ്മീരിന്റെ ഈ ചിത്രങ്ങള്‍ സൂക്ഷിക്കപ്പെടുമോ അതോ അതും മായിക്കപ്പെടുമോ? അതോ പുതിയൊരു അവബോധം ഉണ്ടാക്കുവാന്‍, ഈ ലോകത്തെ നമ്മുടെ സ്ഥാനത്തെ കുറിചുള്ള ബോധം ഊട്ടിയുറപ്പിക്കുകയും നമ്മുടെ ഭൂമിശാസ്ത്രത്തിന്‍റെ കെണി നമ്മുടെ വിധിയാവാന്‍ സമ്മതിക്കാതിരിക്കാനുള്ള മനോശക്തിയെ ശക്തിപ്പെടുത്തുമോ?
“എഴുപത് വര്‍ഷങ്ങള്‍ ഇന്ത്യ ഞങ്ങളോടു പറഞ്ഞു കൊണ്ടേയിരുന്നു:’ നിങ്ങളുടെ ചെറുത്തുനില്‍പ്പ് നിരര്‍ത്ഥകമാണ്’ എന്ന് ഇപ്പോളവര്‍ പറയുന്നു ‘നിങ്ങളുടെ അസ്തിത്വം തന്നെ നിരര്‍ത്ഥകമാണ്’ എന്ന്. പക്ഷേ ഇപ്പോള്‍ എല്ലാം വ്യക്തമാണ്. ജീവിക്കാനുള്ള ഞങ്ങളുടെ അഭിനിവേശം കീഴടക്കാനുള്ള അവരുടെ ഇച്ഛയെക്കാള്‍ ശക്തമാണ്” കോള്‍ മുറിയുന്നതിനിടെ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു.
Courtesy: Adi Magazine
വിവര്‍ത്തനം: സാക്കി ഹംദാന്‍