“കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”: കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

ജമ്മു കശ്മീരിലെ അതിർത്തി പ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകൾ കവർ ചെയ്യുന്നതിൽ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകയാണ് അനുരാധാ ഭാസിൻ. നീതി തേടിയുള്ള നിരവധി പ്രക്ഷോഭങ്ങളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ പദവികൾ വഹിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് അവർ. കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് അനുരാധാ ഭാസിൻ. ആതർ സിയ, നിമ്മി ഗൗരിനന്ദൻ എന്നിവരോട് രാഷ്ട്രീയ അവബോധം, കശ്മീരിലെ കമ്മ്യൂണിക്കേഷൻ, ലോക് ഡൗണിൽ സുപ്രീംകോടതിയിലെ ചോദ്യംചെയ്യൽ, ഉപരോധത്തിലിരിക്കുന്ന സ്ത്രീകളുടെ രാഷ്ട്രീയ തന്ത്രങ്ങൾ തുടങ്ങിയവയെ കുറിച്ച് അനുരാധ സംസാരിക്കുന്നു.

ആതർ സിയ

ആതർ സിയ : 1990 കളുടെ അവസാനം വിവിധ പരിപാടികളിൽ വെച്ചാണ് താങ്കളെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത്. അപ്പോൾ തന്നെ താങ്കളുടെ വർക്കുകളെ കുറിച്ച് ഞാൻ അറിഞ്ഞിരുന്നു. എല്ലാവർക്കും നിരവധി മാർഗദർശികൾ ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ അവരിൽ ഒരാളാണ്. കശ്മീർ പ്രവിശ്യയിൽ നിന്നുള്ള സ്ത്രീ, രാഷ്ട്രീയ നിരീക്ഷക, പത്രപ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ താങ്കളുടെ പശ്ചാത്തലം, സ്ഥാനം എന്നിവയെ കുറിച്ച് ഒരു കാഴ്ചപ്പാട് നൽകാൻ സാധിക്കുമോ ?

അനുരാധാ ഭാസിൻ : കുട്ടിക്കാലത്തേ പ്രവിശ്യയിലെ അതിർത്തികളിൽ ഞാൻ ആകൃഷ്ടയായി. എനിക്ക് ചുറ്റുമുള്ള ആളുകളിൽ നിന്നും, സ്വാധീനിച്ച ആളുകളിൽ നിന്നും ഞാൻ കേട്ട കഥകൾ എന്നെ ആകർഷിച്ചു. ഞാൻ ഒരു ചരിത്ര വിദ്യാർത്ഥിയായി വളർന്നപ്പോൾ, സംഘർഷങ്ങളെ പഠിക്കാൻ താല്പര്യപ്പെട്ടു. അവിടെ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ അത് എന്നെ സ്വാധീനിച്ചു.

നിങ്ങൾ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ നിങ്ങളുടെ പ്രൊഫഷണലിസത്തിനും ആക്ടിവിസത്തിനും ഇടയിൽ ഒരു രേഖ വരക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവിടെ ജീവിക്കുമ്പോൾ നിങ്ങൾക്ക് മറ്റ് മാർഗമില്ലെന്ന് ഞാൻ കരുതുന്നു. എന്റെ പ്രൊഫഷണലിസം നിലനിർത്തികൊണ്ട് തന്നെ എനിക്ക് എങ്ങനെ സംഭാവന ചെയ്യാമെന്നതായിരുന്നു ചോദ്യം. കഴിയുന്നത്ര പ്രൊഫഷണലായി വിഷയങ്ങളെക്കുറിച്ച് എഴുതാൻ എനിക്ക് കഴിഞ്ഞു. വ്യവസ്ഥയിലെ തെറ്റുകളെ കുറിച്ച് സംസാരിക്കുന്ന പാർശ്വവത്കൃത ശബ്ദങ്ങളെ ഉയർത്തിക്കാണിച്ചു. അഴിമതി, ക്രൂരത തുടങ്ങിയവ ജീവിതത്തെ സ്വാധീനിച്ചു.

ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഒരു റോൾ ചെയ്യാൻ കഴിയുമെന്ന് തോന്നി. പല മേഖലകളിലുമുള്ള പത്രപ്രവർത്തകരുണ്ട്. ഒരു പത്രപ്രവർത്തക വ്യത്യസ്ത പണികൾ ചെയ്യുന്നത് കൊണ്ട് ഞാൻ ഒരു തെറ്റും കാണുന്നുമില്ല.

നിമ്മി ഗൌരിനാഥൻ

നിമ്മി ഗൗരിനാഥൻ : താങ്കളുടെ രാഷ്ട്രീയാവബോധം എങ്ങനെ വികസിച്ചു എന്ന് അറിയുന്നത്, വിശിഷ്യ ചെറുപ്പക്കാർക്ക് ഉപകാരപ്രദമാണെന്ന് ഞാൻ കരുതുന്നു. നമ്മുടെ രാഷ്ട്രീയ സ്വത്വങ്ങൾ പലപ്പോഴും വികസിക്കുന്നു എന്ന് താങ്കൾ മനസിലാക്കിയ സന്ദർഭം എന്താണ് ? തോക്ക് കാണിച്ചപ്പോഴാണോ ? കാഷ്മീരി ടൈംസിന്റെ സ്ഥാപകൻ കൂടിയായ താങ്കളുടെ പിതാവ് ആക്രമിക്കപ്പെട്ടത് ഓർക്കുന്നുണ്ടോ?. ചുറ്റുമുള്ള ലോകത്തെ കുറിച്ച് താങ്കളുടെ സ്വന്തം രാഷ്ട്രീയം രൂപപ്പെട്ടത് എപ്പോഴാണ് ?

അനുരാധാ ഭാസിൻ : 1983 ൽ ആർ എസ് എസുകാർ എന്റെ പിതാവിനെ അക്രമിക്കുമ്പോൾ ഞാൻ സ്‌കൂളിലായിരുന്നു. അതൊരു കൊലപാതക ശ്രമമായിരുന്നു. അവർ കഠാരകൾ പ്രയോഗിക്കുകയും അദ്ദേഹത്തിന്റെ നേരെ ടൈപ്പ് റൈറ്റർ എടുത്ത് എറിയുകയും ചെയ്തു. ആ അക്രമത്തെ കുറിച്ച് എനിക്ക് ഓർമയുണ്ട്.

1984 ൽ ഞാൻ താമസിക്കുന്ന ജമ്മുവിൽ പെട്ടെന്ന് തന്നെ ഹിന്ദു – സിഖ് ധ്രുവീകരണവും വിഭാഗീയതയും കാണപ്പെട്ടു. തീവെപ്പും വെടിവെപ്പും വർഗീയതയുടെ ആദ്യ അടയാളങ്ങളായിരുന്നു. വളരെ ലിബറലായ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. നമ്മൾ 1947 ലെ വിഭജന കഥകൾ കേട്ടപ്പോൾ ഇതൊക്കെ കഴിഞ്ഞ കാലത്തെ ശേഷിപ്പുകളാണെന്നാണ് വിചാരിച്ചത്. കഴിഞ്ഞു പോയ നിമിഷങ്ങൾ ഒരു പഴങ്കഥ പോലെ കരുതി. എന്നിട്ടും അവർ എന്റെ പിതാവിനെ ആക്രമിച്ചു.

1984 ൽ ഞാൻ കോളേജിൽ ചേർന്നു. ചരിത്രം ഒരു വിഷയമായി പഠിക്കാൻ തുടങ്ങി. രാഷ്ട്രീയ ഇടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡൽഹി യൂണിവേഴ്‌സിറ്റിയിലായിരിക്കെ, അവിടെ രാഷ്ട്രീയത്തെ കുറിച്ചുള്ള എന്റെ പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചു. രാഷ്ട്രീയമെന്നത് കേവലം അധികാരവുമായി ബന്ധപ്പെട്ട ഒന്ന് മാത്രമല്ല എന്നും അത് ജനങ്ങളുടെ ദൈനംദിന ജീവിതം, കാഴ്ചപ്പാട് നീതിയെ കുറിച്ചുള്ള ചോദ്യങ്ങൾ എന്നിവ കൂടിയാണെന്ന് ഞാൻ മനസ്സിലാക്കാൻ തുടങ്ങി.

നിമ്മി ഗൗരിനാഥൻ : അദൃശ്യമായ കാര്യങ്ങളെ കുറിച്ച് താങ്കൾ സൂചിപ്പിച്ചു. താങ്കളുടെ ചില വർക്കുകൾ കാശ്‌മീരിലെ സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണ്. ഒന്നാമതായി പൊതു വ്യവഹാരത്തിൽ സ്ത്രീകൾ അദൃശ്യരാണെന്ന ചോദ്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം എന്തെന്നാൽ, സ്ത്രീകളെ അവരുടെ സങ്കീർണമായ രാഷ്ട്രീയത്തിന്റെ ആകെത്തുക വെച്ച് നാമെങ്ങനെ നോക്കിക്കാണും? രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇല്ലാത്ത സ്‌ത്രീകളെ ഇരകളാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ലിംഗ വിവേചനങ്ങളെയും കുറിച്ച് എന്ത് പറയുന്നു ?

അനുരാധാ ഭാസിൻ : ഞാൻ ഒരു യുവ പത്രപ്രവർത്തകയായിരിക്കെ ഇത്തരം ലംഘനങ്ങൾ എങ്ങനെ എന്നോർത്ത് അതിശയപ്പെട്ടു. ഭരണഘടനാപരമായി നിർബന്ധിതമായിരുന്നോ അത് ? അല്ല!. ഏതെങ്കിലും ലിബറൽ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നോ അത് ? അല്ല!.

ഇതിനുള്ളിൽ സ്ത്രീകളുടെ കഥകൾ വർഷങ്ങളായി ദൃശ്യമായിരുന്നില്ല. സ്ത്രീകൾ കഥകളുടെ ഭാഗമായിരുന്നു.

സംഘർഷങ്ങൾ തുടങ്ങിയപ്പോൾ അവർ സായുധ സമരങ്ങളിൽ പങ്കെടുത്തു. പക്ഷെ, അവർ ദൃശ്യരായിരുന്നു. അവർ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. പുരുഷന്മാർക്ക് സംരക്ഷണ കവചമായി അവർ പ്രവർത്തിച്ചിട്ടുണ്ട്.

സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാൻ തുടങ്ങി. സ്ത്രീകൾക്കും സുരക്ഷാ സേനകൾക്കുമിടയിൽ എപ്പോഴെങ്കിലും സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതിനെ കുറിച്ച് പുരുഷന്മാർ ചിന്തിച്ചിട്ടുണ്ടോ ? തങ്ങളുടെ ജീവിതം അവിടെ മാറ്റിവെക്കുമ്പോഴും ശരീരം അക്രമിക്കപ്പെടുമ്പോഴും സംരക്ഷണ കവചമായി പ്രവർത്തിക്കാൻ സ്ത്രീകൾക്ക് എങ്ങനെ സാധിച്ചു?

ലിംഗവിവേചനത്തെ കുറിച്ചുള്ള നമ്മുടെ അറിവും അസമത്വങ്ങളെ കുറിച്ചുളള നമ്മുടെ അഭിപ്രായങ്ങളും ക്രമേണ വികസിക്കുകയും ആഴമേറിയതാവുകയും ചെയ്യുന്നു. സ്ത്രീകളുടെ സാന്നിധ്യം മാത്രമല്ല, അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നത് എന്ന് നോക്കുന്നതും പ്രധാനപ്പെട്ട കാര്യമായിരുന്നു. കാഷ്മീരിലെ ചെറുത്തു നിൽപ്പുകാർ എന്ന് അറിയപ്പെടുന്ന ആദ്യകാല സ്ത്രീകൾ APDP ( Association of Parents for Disappeared Persons) യുടെ ഭാഗമായിരുന്നു. അതിന്റെ സഹ സ്ഥാപക കൂടിയായ പർവീണ അഹങ്കർ എന്ന സ്ത്രീയായിരുന്നു അതിനെ നയിച്ചിരുന്നത്. അതിലെ ഭൂരിപക്ഷം അംഗങ്ങളും സ്ത്രീകളായിരുന്നു. അതിശക്തമായ പ്രവർത്തനങ്ങളായിരുന്നു അവർ നടത്തിയിരുന്നത്

പർവീണ അഹങ്കർ

ആതർ സിയ: Resisting Disappearance : Women’s Activism and Military Occupation എന്ന എന്റെ പുതിയ പുസ്തകത്തിൽ തങ്ങൾ ഇരകളും ദുരിത ബാധിതരും, അവരുടേത് ഒരു അരാഷ്ട്രീയ സംഘടനയാണെന്നും പ്രവർത്തകർ അടിവരയിടുന്ന APDP യുടെ ആദ്യകാല പോരാട്ടത്തിന്റെ നിമിഷങ്ങളെ കുറിച്ച് ഞാൻ വിവരിക്കുന്നുണ്ട്. പർവീണ അഹങ്കറും പ്രവർത്തകരും ഇപ്പോൾ സംസാരിക്കുമ്പോൾ “രാഷ്ട്രീയം” എന്ന് പറയാതെ തന്നെ വളരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് വ്യക്തമാണ്. അവരുടെ സ്ട്രാറ്റജിയിൽ വിലാപത്തിന്റെ രാഷ്ട്രീയം വ്യക്തമാണ്. അവരുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഫലപ്രദമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

അനുരാധാ ഭാസിൻ : അതേ, തങ്ങളുടെ കുടുംബത്തിലെ ഭർത്താക്കന്മാർ, പിതാക്കന്മാർ, സഹോദരങ്ങൾ, ആൺകുട്ടികൾ തുടങ്ങിയ പുരുഷന്മാർ അപ്രത്യക്ഷമാകുന്നതിന്റെ സത്യമറിയാൻ അവർ നീതിയെ കുറിച്ചാണ് സംസാരിക്കുന്നത്. “ഞങ്ങൾക്ക് നഷ്ടപരിഹാരമല്ല വേണ്ടത്, ഞങ്ങൾക്ക് സത്യമറിയണം” എന്നത് നീതിയെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ നിലപാടാണ്.

ഇവരൊക്കെ സാധാരണ സ്ത്രീകളാണ് എന്നാണ് ഞാൻ കരുതുന്നത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത സ്ത്രീയാണ് പർവീണ അഹങ്കർ എന്ന നേതാവ്. മുറി ഉർദുവിലാണ് അവർ സംസാരിക്കുന്നത്. പക്ഷെ അവർ ചിന്തിക്കുന്ന വഴിയിൽ അവർ ഒരു പുതിയ പാത സൃഷ്ടിച്ചെടുത്തു. അവർക്ക് ചുറ്റുമുള്ള രാഷ്ട്രീയത്തെക്കുറിച്ചും പ്രത്യക്ഷമായി അവർ പങ്കെടുക്കുന്ന വഴിയെ കുറിച്ചും അവർക്ക് ബോധ്യമുണ്ട്.

ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ മനസിലാക്കാൻ ശ്രമിക്കുവാണ്. അവർ ബോധപൂർവം ചെയ്ത ഒന്നാണോ? അതോ അവർക്ക് വ്യക്തമാക്കാൻ കഴിയാതെ പോയതാണോ? ശക്തമായ പുരുഷാധിപത്യ സമൂഹത്തിൽ ഒരു ഗൂഢമായ രാഷ്ട്രീയം രൂപപ്പെടേതുണ്ടോ ? ഇത്തരത്തിൽ ഇരകളാക്കപ്പെടുന്നത് കൊണ്ട് തങ്ങൾക്ക് ഒരു നിയമം ഉണ്ടാകണമെന്ന് അവർക്ക് ആദ്യം തന്നെ തോന്നിയിട്ടുണ്ടോ ?

നിമ്മി ഗൗരിനാഥൻ : പ്രത്യക്ഷ രാഷ്ട്രീയത്തിൽ കൂടുതൽ വ്യക്തമായി ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക്, ഉദാഹരണത്തിന്, സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നവർ അതിലേക്ക് ചേരുന്നതിനുള്ള അവരുടെ പ്രേരണകൾ എന്തായിരുന്നുവെന്ന് താങ്കൾക്ക് അറിയുമോ ?

അനുരാധാ ഭാസിൻ : ചാവേറോ തോക്കെടുക്കുന്നവരോ ആയ സ്ത്രീകൾ ഇതുവരെ നമുക്ക് ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇൻഫോമേഴ്‌സ്, കൊറിയേഴ്‌സ്, മറ്റു പിന്തുണകൾ നൽകാനായി പ്രവർത്തിച്ച സ്ത്രീകൾ നമുക്കുണ്ട്. അവരിൽ ചിലരെ രജൗരിയിലും പ്രധാനമായും പൂഞ്ചിലും വെച്ച് ഞാൻ കണ്ടിട്ടുണ്ട്. ജമ്മു- കാശ്മീരിലെ ഏറ്റവും യാഥാസ്ഥിതികമായ പ്രദേശങ്ങളിൽ സ്ത്രീകൾ കാഴ്ചക്കാരിലേക്ക് ചുരുങ്ങുകയോ അവർക്ക് നിലനിൽപ്പ് ഇല്ലാതാവുകയോ ചെയ്യുന്നു. ഈ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് ഒരു കർതൃത്വവും ഇല്ലെന്നെതാണ് പ്രധാന ധാരണ. പക്ഷെ, സുരക്ഷാ സേനക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയുമായി ഞാൻ സംസാരിച്ചിരുന്നു. അവൾ നേരത്തെ വിമതർക്ക് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. അവൾക്ക് ഇരട്ട സ്വത്വം ഉണ്ടായിരുന്നു. അങ്ങനെയാണ് അവൾ പ്രവർത്തിച്ചത്.

അവൾ എന്നോട് പറയാറുണ്ട് : “ഞാൻ അടുക്കളയിൽ എന്റെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. ഒന്നിനും കൊള്ളാത്ത എന്റെ ഭർത്താവ് എന്നെ ഭരിച്ചുകൊണ്ടിരുന്നു”. ഇത്തരത്തിൽ നമ്മൾ കാണാത്ത വിധത്തിൽ സ്വയം അവകാശപ്പെടുന്ന ധാരാളം സ്ത്രീകളെ നമുക്ക് നഷ്ടമായി.

ആതർ സിയ: ഒരു പ്രവർത്തക, കഥാകൃത്ത്, എന്നീ നിലകളിൽ താങ്കളുടെ രചനകളിൽ പിതാവ് വേദ് ഭാസിന്റെ പാരമ്പര്യത്തെ പിന്തുടരുന്നുണ്ട്. കാശ്മീരികൾക്ക് അദ്ദേഹം ഒരു പ്രചോദനമായിരുന്നു. അദ്ദേഹം ഒരു അനുഭാവി മാത്രമായിരുന്നില്ല “ഞാൻ സമരത്തിന്റെ ഭാഗമാണ്” എന്ന് അദ്ദേഹം നിസംശയം പറയുമായിരുന്നു. പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ നിന്ന് കൊണ്ട് അദ്ദേഹത്തിന്റെ വർക്കുകളെ കുറിച്ച് പറയാമോ ?

വേദ് ഭാസിൻ

അനുരാധാ ഭാസിൻ: ഒന്നാമതായി, എന്റെ പിതാവിന് ശ്രീനഗറിൽ ഒരു പത്രം തുടങ്ങണമായിരുന്നു. പക്ഷെ അത് പ്രായോഗികമായിരുന്നില്ല. കാരണം, വസ്തുകതകൾ കൃത്യമായി, കണിശതയോടെ പ്രസിദ്ധീകരിക്കുന്നതിൽ സ്റ്റേറ്റ് കുറെ നിബന്ധനകൾ അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. ഉദാഹരണത്തിന്, ആ കാലത്ത് ഒരു ന്യൂസ് പേപ്പർ രജിസ്റ്റർ ചെയ്യാൻ നിസാരമായ തുക അടച്ചാൽ മതിയായിരുന്നു. എന്നാൽ അദ്ദേഹത്തിന് 2000 രൂപ അടക്കണമായിരുന്നു. 1950 കളിൽ അത് വലിയൊരു തുകയായിരുന്നു. എന്നാൽ ജമ്മുവിലേക്ക് നീങ്ങാൻ അദ്ദേഹം നിർബന്ധിക്കപ്പെട്ടു. അദ്ദേഹം ആദ്യം തന്നെ ചെയ്തത് തന്റെ ഒരു സുഹൃത്തിന്റെ പിതാവിന്റെ പേരിൽ കാശ്മീർ ടൈംസിന് രജിസ്‌ട്രേഷൻ സംഘടിപ്പിക്കുക എന്നതായിരുന്നു. ആദ്യം അതൊരു ആഴ്ചപ്പതിപ്പ് ആയിരുന്നു. ആദ്യ കോപ്പികൾ ഡൽഹിയിലാണ് പ്രസിദ്ധീകരിച്ചത്. ഡൽഹിയിൽ നിന്ന് റോഡ് മാർഗം കൊണ്ടുവരണം. എന്നാൽ 1950 കളിൽ വ്യാപകമായിരുന്ന ശക്തമായ നിയന്ത്രണങ്ങൾ കാരണം ബോർഡറിൽ വെച്ചു തന്നെ കോപ്പികൾ കണ്ടുകെട്ടി.

സായുധ പോരാട്ടത്തിൻ്റെ ആരംഭം മുതൽ, തീർച്ചയായും എന്റെ ഉദ്യോഗ കാലത്തിനടയിൽ പത്രപ്രവർത്തകർ വാളിൻ തുമ്പിലൂടെ നടക്കുകയായിരുന്നു. വെടിയുണ്ടകൾക്കിടയിൽ പെട്ടുപോയിട്ടുണ്ട്. ഭയമുണ്ടായിരുന്നിട്ടും സ്വതന്ത്ര മാധ്യമ പ്രവാർത്തനത്തിന്റെ മൂല്യം അവരെ ബോധ്യപ്പെടുത്താൻ വേണ്ടി ഞങ്ങൾ ബ്യൂറോ സ്റ്റാഫുകൾക്ക് പലപ്പോഴും തന്ത്രം പ്രയോഗിക്കേണ്ടി വന്നിട്ടുണ്ട്.

പട്ടാളക്കാർ ഓഫീസുകളിൽ തള്ളിക്കയറി രേഖകൾ എടുത്തു കൊണ്ടുപോകും. വിമതരെ വിമതരെന്നാണോ ഭീകരവാദികൾ എന്നാണോ നിങ്ങൾ വിളിക്കുക? എന്നതുപോലുള്ള പദസംബന്ധമായ ചോദ്യങ്ങളുണ്ടായി. 1990 കളിൽ പത്രപ്രവർത്തകർ പെട്ടെന്നു തന്നെ “വിദേശ തീവ്രവാദികൾ” എന്ന് ഉപയോഗിക്കാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ പോലെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ‘ഗസ്റ്റ് മിലിറ്റൻ്റ്സ്’ എന്നതായിരുന്നു ആദ്യമായി ഉപയോഗിക്കപ്പെട്ട പദം. കാരണം, പ്രാദേശിക തീവ്രവാദ സംഘടനകളും അങ്ങനെയാണ് പരിചയപ്പെടുത്തപ്പെട്ടത്. നിങ്ങവരെ വിദേശ കൂലിപ്പട്ടാളം എന്നാണോ വിളിക്കുന്നതെന്ന് ചോദിച്ച് പട്ടാളക്കാർ മുരണ്ടു. ഇവിടെ നിങ്ങൾക്ക് എങ്ങനെ ബാലൻസ് കണ്ടെത്തും ? എല്ലാ വശത്തു നിന്നുമുള്ള തോക്കുകളെ മറികടക്കാൻ പത്രപ്രവർത്തകർ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.

ആതർ സിയ: 2019 ആഗസ്റ്റ് 5 ന് ശേഷം കശ്മീരിൽ പൂർണമായും കർഫ്യൂവും ലോക്ഡൗണും ഏർപ്പെടുത്തിയപ്പോൾ താങ്കൾ സുപ്രീംകോടതിയിൽ ചെല്ലുകയും പ്രവിശ്യയെ വെട്ടിമുറിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തെ ചോദ്യം ചെയ്യുകയും ചെയ്തു. കേസിന്റെ വിശദാംശങ്ങളും മറ്റ് കാര്യങ്ങളും പറയാമോ ?

അനുരാധാ ഭാസിൻ : ആഗസ്റ്റ് അഞ്ചിനു മുമ്പ് കാശ്‌മീരിൽ ധാരാളം വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും, ഇത് ആദ്യാനുഭവമായിരുന്നു. അതായത്, കാശ്‌മീരിലെ ഏഴ് ദശലക്ഷവും രാജൗരി, പൂഞ്ച്, ദോദ (Doda) എന്നിവടങ്ങളിലെ മൂന്ന് ദശലക്ഷവും വരുന്ന ആളുകൾ. പതിനാല്‌ ദശലക്ഷത്തിൽ പത്ത് ദശലക്ഷത്തോളം വരുന്ന ആളുകളെ അദൃശ്യരാക്കി.

എന്റെ റിപ്പോർട്ടർമാരുമായി എനിക്ക് ഒരു കൊണ്ടാക്റ്റും ഉണ്ടായിരുനന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ആദ്യം ആർക്കും ഒന്നും അറിയില്ലായിരുന്നു. എല്ലാ രാത്രിയിലും ഞങ്ങൾ വ്യോമയാനത്തിൻ്റെ ശബ്ഗം കേൾക്കാറുണ്ട്. കാശ്‌മീരിൽ ബോംബ് ഇടാൻ പോവുകയാണോ എന്ന് ഞങ്ങൾ ആകുലതപെട്ടു. ഞാൻ ആദ്യം ചിന്തിച്ചത് അവർ ശ്രീലങ്ക വഴി വ്യോമാക്രമണം നടത്താൻ പോവുകയാണോ എന്നാണ്. കാരണം ഡൽഹിയിലെ വിദഗ്ദ്ധ സംഘത്തെ പോലെയുള്ള അനുഭവസ്ഥർ വർഷങ്ങളോളം ഈ ശ്രീലങ്കയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായിരുന്നു എന്റെ ആകുലത.

പൂർണമായും നിശബ്ദതമായിരിക്കെ — എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. ഫോണുകൾ പ്രവർത്തിക്കുന്നില്ല — നിങ്ങൾ ആകുലതപെട്ടു. കാരണം നിങ്ങൾക്ക് കാശ്മീരിന്റെ ചരിത്രമറിയാം. നിങ്ങൾ പറയും, അതേ, ധാരാളം ആളുകൾ കാണാതാക്കപ്പെടുകയോ മൃഗീയമായി കൊല്ലപ്പെടുകയോ ചെയ്യും” ധാരാളം അറസ്റ്റുകൾ ഉണ്ടെന്ന് ഞാൻ കേട്ടു. മൂന്ന് മുൻ മുഖ്യമന്ത്രിമാർ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോൾ പിന്നെ ആരാണ് സുരക്ഷിതർ ? ഇന്ത്യക്ക് അനുകൂലമായ മുഖ്യമന്ത്രിമാരാണിവർ. ഒരർഥത്തിൽ ഇന്ത്യയുടെ പ്രതിനിധികൾ. അതുകൊണ്ട് തന്നെ എന്റെ സ്റ്റാഫുകളും സുരക്ഷിതരാണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് മറ്റുമാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ അഭിഭാഷക സുഹൃത്തായ വൃന്ദ ഗ്രോവറുമായി സംസാരിച്ചു. കമ്മ്യുണിക്കേഷൻ ലോക്ഡൗണും ഇന്റർനെറ്റ് റദ്ദ് ചെയ്തതും ചോദ്യം ചെയ്തുകൊണ്ട് ആഗസ്റ്റ് 10 ന് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു.

ആഗസ്റ്റ് 17 ന് ആദ്യമായി ഞാൻ എന്റെ ബ്യൂറോ ചീഫിന്റെ ശബ്ദം കേട്ടു. സർക്കാർ ഏർപ്പെടുത്തിയ മീഡിയ ഫെസിലിറ്റേഷൻ സെന്ററിൽ നിന്നായിരുന്നു അദ്ദേഹം വിളിച്ചത്. അതാകട്ടെ പൂർണ്ണമായും നിരീക്ഷണത്തിലുമാണ്. 1991 മുതൽ ഞാനും എന്റെ ബ്യൂറോ ചീഫും ഒന്നിച്ച് പ്രവർത്തിക്കുന്നു. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരിക്കലും അത്തരമൊരു ഭയം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹം വെറുതെ സംസാരിക്കാറില്ല. കുറച്ചു കോളുകൾക്ക് ശേഷം അവരുടെയും അവർ വിളിക്കുന്ന ആളുകളുടെയും നമ്പറുകളും വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട് എന്ന് മനസിലായി.

എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണ ഉണ്ടായിരുന്നില്ല. കാരണം, ആഗസ്റ്റ് 5 മുമ്പ് തന്നെ സുപ്രീംകോടതി വളരെ വിചിത്രമായാണ് കശ്മീർ വിഷയം പരിഗണിച്ചിരുന്നത്. എന്നിട്ടും മറ്റു മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കേസിനെ കൂടി ബാധിക്കുന്ന അയോദ്ധ്യ കേസ് പരിഗണിക്കുന്ന തിരക്കിലായിരുന്നു. ഹേബിയസ് കോർപസ്ഹർജി അടക്കമുള്ള എല്ലാ ഹരജികളോടുമുള്ള സമീപന രീതികൊണ്ട് തന്നെ കോടതിയിൽ യാതൊരു പ്രതീക്ഷയും എനിക്ക് ഇല്ലായിരുന്നു. ഇത് തീരുമാനമാകാൻ തന്നെ ആറ് മാസം എടുത്തു.

2020 ജനുവരിയിൽ ഇന്റർനെറ്റ് മൗലികാവകാശമാണെന്ന് സുപ്രീംകോടതി. തീർച്ചയായും അതൊരു സുപ്രധാന വിധി ആയിരുന്നു. എന്നാൽ കോടതി നിർദേശിച്ച കാര്യങ്ങൾ നടപ്പാക്കാതെ സർക്കാരും ഒഴിഞ്ഞു മാറി. വളരെ സ്ലോ ആയ 2G ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിച്ചു. കാശ്‌മീരിൽ പിന്നീട് പുതിയൊരു സാഹചര്യം വികസിച്ചു വന്നു. കശ്മീരിൽ ഒരാഴ്ചത്തേക്കോ കുറച്ചു ദിവസത്തേക്കോ ഫോണുകൾ പ്രവർത്തന രഹിതമാക്കാനും ഇന്റർനെറ്റ് റദ്ദ് ചെയ്യാനുമുള്ള കാരണങ്ങൾ പതിവ് ശീലമായി.

നിമ്മി ഗൗരിനാഥൻ : ജനങ്ങളുടെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഇത്തരം പല ഘട്ടങ്ങളിലുമുള്ള വയലൻസിനെ കുറിക്കുന്ന എന്തെങ്കിലും സംഭവങ്ങൾ കാണിച്ചു തരാനാകുമോ ?

അനുരാധാ ഭാസിൻ : താൻ നേരിട്ട ഭീക്ഷണികളെ കുറിച്ച് പറഞ്ഞ ജനസാന്ദ്രത കുറഞ്ഞ മലയോര പ്രദേശത്ത് ജീവിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. നിങ്ങൾ കൂട്ടം കൂട്ടമായി അല്ല ജീവിക്കുന്നതെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അരക്ഷിതാവസ്ഥ കടന്നു വരും.

ചില പ്രാദേശിക വിമതർ അവളെ ചില ബാധ്യതകളുടെ പേരിൽ ഭീഷണിപ്പെടുത്തി. മറുവശത്ത്, ഒരു പട്ടാളക്കാരനും ഭീഷണിയുമായെത്തി. വില്ലേജ് ഡിഫൻസ് കമ്മിറ്റി അംഗമായ അവൾ തോക്കെടുത്ത് ചൂണ്ടി. “ഞാനീ കിടക്കയിലിരുന്നു”. അവൾ എന്നോട് പറഞ്ഞു : എന്റെ കുട്ടികൾ വളരെ ചെറുപ്പമായിരുന്നു. ഒരു രാത്രിയിലും ഞാൻ ഉറങ്ങാറില്ല. തോക്ക് കയ്യിൽ പിടിച്ചു കൊണ്ടേയിരിക്കും.

ഒരു വലിയ മുറിയുടെ നടുവിലുള്ള കട്ടിലിൽ ഇരിക്കുന്ന സ്ത്രീയും അവളുടെ ഇരു വശത്തും കുഞ്ഞുങ്ങൾ ഉറങ്ങുന്നതും ഞാൻ സങ്കൽപ്പിച്ചു നോക്കാറുണ്ട്. സ്വന്തം ഗ്രാമത്തിനകത്ത് ബഹുമാനം നേടാനും ചില പ്രശ്നങ്ങൾ പരിഹരിക്കാനും ആ തോക്ക് അവളെ സഹായിച്ചു.

2018 ൽ കശ്മീർ മേഖലയിലെ തോക്കുകളെ സംബന്ധിച്ച് ഞാൻ ധാരാളം വർക്കുകൾ ചെയ്തു. ചെറുപ്പക്കാരികൾ, കോളേജ് വിദ്യാർത്ഥിനികൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികൾ, കഴിഞ്ഞ തലമുറയിലെ സ്ത്രീകൾ തുടങ്ങിയവരിൽ മുഴുവനും ചലനങ്ങൾ കാണാൻ സാധിച്ചു. 2018 ൽ താഴ്വരയിൽ പ്രതിഷേധം പൊട്ടിപുറപ്പെട്ടു. ആദ്യം കല്ലെറിഞ്ഞ് തുടങ്ങിയത് സ്ത്രീകളായിരുന്നു. ചെറുപ്പക്കാരികളായ സ്ത്രീകൾ തങ്ങൾ തോക്കെടുക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു കൊണ്ടിരുന്നു.

എന്നാൽ തോക്കെടുക്കണം എന്ന് ആവശ്യപ്പെടുന്ന ചെറുപ്പക്കാരികളിൽ ഭിന്നിപ്പ് കാണാൻ പറ്റി. ഒരു കൂട്ടം ചെറുപ്പക്കാരികൾ പറയുന്നത് : “അവർ (പുരുഷന്മാർ) അനുവദിക്കുമ്പോൾ ഞങ്ങൾ തോക്കെടുക്കും”. എന്നാൽ ചില സ്ത്രീകൾ പറയുന്നത് : “എപ്പോൾ തോക്ക് എടുക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും”.

നിമ്മി ഗൗരിനാഥൻ : താങ്കളുടെ പിതാവിന്റെ സ്വാധീനത്തെ കുറിച്ചും ആതറിന്റെ രാഷ്ട്രീയ ചിന്തകളെ കുറിച്ചുള്ള താങ്കളുടെ രചനകളെ കുറിച്ചും ആതർ പരാമർശിച്ചു. കാഷ്‌മീരിൽ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും അസമത്വങ്ങളെയും വിവരിക്കാൻ സഹായിക്കുന്ന ആദ്യകാല പാഠങ്ങൾ ഓർക്കുന്നുണ്ടോ ?

അനുരാധാ ഭാസിൻ : കാറൽ മാക്‌സിന്റെ ഒരു ഭാഗം. കമ്മ്യൂണിസത്തെ വളരെ വിമർശനാത്മകമായി നോക്കികാണാൻ ഞാൻ ശ്രമിച്ചു. കാരണം, എന്റെ കുറെ സുഹൃത്തുക്കൾ കമ്മ്യൂണിസ്റ്റുകളായിരുന്നു. അവർ വിശ്വസിച്ചതും പ്രവർത്തിച്ചതും തമ്മിൽ എനിക്ക് വൈരുദ്ധ്യം കാണാൻ കഴിഞ്ഞു. കാഫ്കയുടെ പോലുള്ള പൊളിറ്റിക്കൽ ഫിക്ഷനുകൾ എന്നെ നന്നായി ആകർഷിച്ചു. ജോർജ് ഓർവലിനെ ധാരാളം വായിച്ചു. രണ്ട് വർഷത്തിന് ശേഷം അടുത്തിടെ ‘1984’ വീണ്ടും വായിച്ചു. കാരണം അത് ഒന്നൂടെ വായിക്കുന്നത് സുപ്രധാനമാണെന്ന് തോന്നി. ‘1984’ ആദ്യമായി വായിക്കുമ്പോൾ അസാധ്യമായ ഒരു ഫിക്ഷനാണ് എന്നാണ് തോന്നിയത്. ഭാവനാത്മകമായ ഒന്നായിരുന്നു അത്. എന്നാൽ ആ ഭാവന ഇന്ന് യാഥാർഥ്യമായിരിക്കുന്നു. യഥാർത്ഥത്തിൽ നമ്മൾ അതിനപ്പുറവും കടന്ന് പോയി.

വിവ: മുഷ്താഖ് ഫസൽ

Courtesy: Adi Magazine

By Editor