സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പീഡനമനുഭവിക്കുന്ന മുസ്‌ലിം സമുദായങ്ങള്‍ക്ക് അസ്തിത്വ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക വിശ്വാസികള്‍ക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിന് തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപകരണമാക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫേസ്ബുക്കിനെക്കുറിച്ച് ഇങ്ങനെ വിലയിരുത്തേണ്ടി വന്നത്. ഇസ്രായേലി, ഇന്ത്യന്‍ പട്ടാളക്കാരില്‍ നിന്നും ഫലസ്തീനി, കാശ്മീരി മുസ്‌ലിംകള്‍ നേരിടുന്ന മനുഷ്യാവാകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും അത് പോസ്റ്റു ചെയ്ത അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ കുറെയായി പരാതിയുയരുന്നു.

“ഫേസ്ബുക്കിപ്പോള്‍ അതിന്റെ ലക്ഷ്യം മറന്ന് ഒരു ഭീകരജീവിയായി മാറിക്കൊണ്ടിരിക്കുകയാണ്, സംഘര്‍ഷവും ക്രൂരതയും ഭിന്നിപ്പുമെല്ലാം ആളിക്കത്തിക്കുന്ന യന്ത്രമായി മാറി, മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിം വംശഹത്യക്ക് കുടപിടിക്കുകയാണവര്‍’ 2018 ല്‍ യുഎന്‍ ഇന്‍വെസ്റ്റിഗേറ്ററായ യാങ് ലീ യുടെ വാക്കുകള്‍.

കമ്മൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വെല്ലുവിളി

ഈയടുത്ത് വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ ഒരന്വേഷണത്തില്‍, ഫേസ്ബുക്ക് സമൂഹികവും ധാര്‍മികവുമായ ഉത്തരവാാദിത്തത്തിനു മേല്‍ ലാഭവും രാഷ്ട്രീയവും പ്രതിഷ്ഠിക്കുന്നുവെന്ന മാത്രമല്ല, മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ നേതാവിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതിലൂടെ അവരുടെ കമ്മൂണിറ്റി മാനദണ്ഡങ്ങളെന്നു (Community Guidelines) വിളിക്കപ്പെടുന്ന പ്രഖ്യാപിത നയങ്ങള്‍ കൂടിയാണ് പണയം വെച്ചതെന്നും പറയുന്നുണ്ട്. കാരണം അതെല്ലാം കമ്പനിയുടെ കച്ചവടലാഭത്തെ ബാധിക്കുമല്ലോ.

‘ഞങ്ങള്‍ ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണമനുവദിക്കുകയില്ല. കാരണം അത് വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാനും ചിലപ്പോള്‍ യഥാര്‍ഥ ആക്രമണങ്ങളിലേക്ക് എത്തിക്കാനും കാരണമാകും,’ സൈറ്റിന്റെ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട നയമിങ്ങനെ കാണാം. ‘വംശം, വര്‍ണം, ദേശീയ സ്വത്വം, മതം, ലൈംഗിക സ്വത്വം, ജാതി, ലിംഗം, ശാരീരിക- മാനസിക വൈകല്യങ്ങള്‍ എന്നിങ്ങനെയുള്ള സംരക്ഷിത വിശേഷണങ്ങള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമായാണ് വിദ്വേഷ പ്രചരണത്തെ ഞങ്ങള്‍ നിര്‍വചിക്കുന്നത്.’

റോഹിങ്ക്യന്‍ മുസ് കളെ കൊന്നുതള്ളണമെന്നും, പള്ളികള്‍ തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുകയും ഇന്ത്യന്‍ മുസ്‌ലിംകളെ രാജ്യദ്രോഹികളെന്ന് വിളിക്കുകയും ചെയ്ത ബിജെപി മെമ്പര്‍ ടി. രാജ സിംഗിനെതിരെ, കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനു പുറമെ ‘അപകടകാരികളായ വ്യക്തികളും പ്രസ്ഥാനങ്ങളും’ എന്ന വിഭാഗത്തില്‍ പെട്ടതിനാലും ഫേസ്ബുക്കില്‍ നിന്ന് വിലക്കാൻ അവരുടെ ഓണ്‍ലൈന്‍ സെക്യൂരിറ്റി സ്റ്റാഫ് തീരുമാനമെടുത്തു. പക്ഷേ, ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പബ്ലിക് പോളിസി ഡയറക്ടറായ അംഖി ദാസ് ആ നീക്കത്തെ തടയാന്‍ രംഗത്തുവരികയും മോദിയുടെ പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ബിസിനസിനെ ബാധിക്കുമെന്ന് പറയുകയും ചെയ്തതായി ഫേസ്ബുക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ഉദ്ധരിക്കുന്നു.

കണ്ണടച്ച് ഇരുട്ടാക്കല്‍

ഈ സംഭവങ്ങളൊന്നും ഒറ്റപ്പെട്ടതല്ല. ഇന്ത്യയിലെ 290 മില്യണ്‍ വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളുടെ വലിയ കമ്പോളത്തെ കരുതിക്കൊണ്ട്, ഫേസ്ബുക്ക് അതിന്റെ കച്ചവടലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഹിന്ദു ദേശീയവാദികളുടെ അജണ്ടക്കൊപ്പം ചലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ഇനിയുമൊരുപാടുണ്ട്. “വര്‍ഷങ്ങളായി, കപില്‍ മിശ്രയെപ്പോലുള്ള ബിജെപി നേതാക്കളുടെ വെരിഫൈഡ് ഫേസ്ബുക്ക് പേജുകളില്‍ നിന്നും മുസ്‌ലിംകള്‍ക്കും മറ്റു പ്രതിയോഗികള്‍ക്കും എതിരായ വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ സ്ഥിരമായി വരുന്നു. ഈ പോസ്റ്റുകളാണ്, ഇന്ത്യയുടെ തലസ്ഥാനം കണ്ട ഏറ്റവും മോശപ്പെട്ട, ഒരുപാട് നിരപരാധികളുടെ ജീവന്‍ പൊലിഞ്ഞ മുസ്‌ലിം വിരുദ്ധ കലാപത്തിലേക്ക് നയിച്ചിട്ടുള്ളത്. വെറുപ്പിന്റെ പ്രചാരകരെ നിലയ്ക്കുനിര്‍ത്താന്‍ ഫേസ്ബുക്കിന് ഉദ്യേശമില്ലെന്നും, യൂസര്‍മാരുടെ സുരക്ഷക്ക് മുന്‍തൂക്കമില്ലെന്നും ഇതിലൂടെ വ്യക്തമാണ്”. ജേണലിസ്റ്റ് റാണ അയ്യൂബ് കൂട്ടിച്ചേര്‍ക്കുന്നു.

റോഹിങ്ക്യകള്‍ക്കെതിരായ ഹിംസയെ വിലയിരുത്തുന്നതിന്റെ ഭാഗമായി, മ്യാന്‍മര്‍ മിലിട്ടറി ഉദ്യോഗസ്ഥരുടെയും സുരക്ഷാ സൈന്യത്തിന്റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലെ പബ്ലിഷ് ചെയ്തതോ ഡ്രാഫ്റ്റ് ചെയ്തതോ ആയ എല്ലാത്തരം രേഖകളും ആശയവിനിമയങ്ങളും അമേരിക്കയിലെ ഒരു ജില്ലാ കോടതിയില്‍ ഹാജരാക്കണമെന്ന് ഗാംബിയ എന്ന രാജ്യം കഴിഞ്ഞ ജൂണില്‍ ആവശ്യപ്പെടുകയുണ്ടായി. ഫേസ്ബുക്ക് ഈ ആവശ്യത്തെ വിലയിരുത്തി മറുപടി നല്‍കാമെന്നറിയിക്കുകയും ചെയ്തു.

അധീശ ശക്തികള്‍ക്കൊപ്പം

മ്യാന്‍മര്‍ മിലിട്ടറിയുമായി നേരിട്ടു ബന്ധപ്പെട്ട പല ഗൂഢനീക്കങ്ങളും രഹസ്യമായി നടന്നിട്ടുണ്ടെന്ന് സുവ്യക്തമാണെന്ന് ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി മേധാവി നതാനിയേല്‍ ഗ്ലെയ്ഷര്‍ കണ്ടെത്തിയത് റോഹിങ്ക്യന്‍ ആക്ടിവിസ്റ്റുകള്‍ക്ക് പ്രതീക്ഷ നല്‍കി.

“ഫേസ്ബുക്ക് വംശഹത്യയില്‍ നേരിട്ട് പങ്കുവഹിച്ചെന്ന് എനിക്കഭിപ്രായമില്ല, പക്ഷേ, വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിനെ തടയാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്” മ്യാന്‍മറിലെ സാമൂഹ്യഐക്യം ശക്തിപ്പെടുത്താന്‍ രൂപീകരിച്ച സിനര്‍ജി എന്ന ഗ്രൂപ്പിന്റെ സ്ഥാപകന്‍ തേറ്റ് സ്വേ വിന്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞു.

മിലിട്ടറി ഉദ്യോഗസ്ഥരുടെ രേഖകള്‍ പങ്കുവെക്കുന്നത് അസാധാരണവും, അനധികൃതവുമായ കടന്നുകയറ്റമായിരിക്കുമെന്ന കാരണം പറഞ്ഞുകൊണ്ട് ഈ മാസം ഫേസ്ബുക്ക് ഗാംബിയയുടെ ആവശ്യം തള്ളി.

ഫേസ്ബുക്കിന്റെ ലാഭക്കൊതി അവരെ ശക്തരായ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും ഇരകളാക്കപ്പെടുന്നവര്‍ക്കും താഴെക്കിടയിലുള്ളവര്‍ക്കുമെതിരെ പ്രവര്‍ത്തിക്കാനുമാണ് പ്രേരിപ്പിക്കുന്നത്.

നീതിയിലും സമത്വത്തിലും അടിയുറച്ച ഒരു നിഷ്പക്ഷയിടമാണെന്ന ഫേസ്ബുക്കിനെക്കുറിച്ച ധാരണ വലിയൊരു അസംബന്ധമാണ്. വന്‍ലാഭങ്ങള്‍ കൊയ്യാന്‍ വേണ്ടി ഏതുവിധേനയും പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് കമ്പനി മാത്രമാണവര്‍.

മുസ്‌ലിംകള്‍ മാത്രം ബ്ലോക്ക് ചെയ്യപ്പെടുന്നു

ഇന്ത്യയിലും ഇസ്രയേല്‍/ഫലസ്തീനിലും ഇതിനൊരുപാട് തെളിവുകളുണ്ട്. 2019 നവംബറില്‍ ഗാസയില്‍ നാശം വിതച്ച ഇസ്രായേലി യുദ്ധവിമാനങ്ങളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ ഫലസ്തീനി ആക്ടിവിസ്റ്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും നൂറോളം അക്കൗണ്ടുകള്‍ ഫേസ്ബുക്കിന്റെ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അറബിയിലുള്ള മുദ്രാവാക്യങ്ങളും പദങ്ങളും ‘അക്രമത്തിനു പ്രേരിപ്പിക്കുന്ന’തെന്ന് മുദ്രകുത്തുകയും, ഇസ്രയേലികളുടെ, ‘അറബികള്‍ക്ക് മരണമാണ്’ പോലുള്ള പ്രയോഗങ്ങള്‍ക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന ഇസ്രയേലനുകൂല നയവുമായി ബന്ധപ്പെട്ടും ഫേസ്ബുക്ക് ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഫലസ്തീന്‍ പ്രശ്‌നത്തെ ഒളിച്ചുവെച്ചു കൊണ്ട് ഇസ്രയേലി ആഖ്യാനങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന നടപടി ഫേസ്ബുക്കിന്റെ രാഷ്ട്രീയപരമായ പക്ഷപാത നിലപാടാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് +972 മാഗസിന്‍ നിരീക്ഷിക്കുന്നു.

ഇസ്രയേലി സര്‍ക്കാരിന്റെ ഇംഗിതത്തിന് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ കുടപിടിക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന ഒരു സംസാരത്തില്‍ ഫലസ്തീനി എഴുത്തുകാരിയും നയതന്ത്രജ്ഞയുമായ മര്‍വ ഫതഫ്ത പറയുന്നതിങ്ങനെ, “ഫേസ്ബുക്കിന് സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങളുണ്ട്, അതുകൊണ്ട്, അജ്ഞതയാണെന്ന ന്യായവും കൊണ്ടുവരേണ്ടതില്ല.”

ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യുന്ന ഫേസ്ബുക്കിന്റെ നടപടിക്കെതിരെ കശ്മീരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പരാതിപ്പെടുന്നുണ്ട്. ആഗസ്റ്റ് 2019 ലെ പ്രത്യേക പദവി റദ്ദാക്കലിന് നാലാഴ്ച്ചകള്‍ പിന്നിട്ടപ്പോളേക്കും അതുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട, ഷിക്കാഗോയിലുള്ള ഒരു കാശ്മീരി അമേരിക്കന്‍ പൗരന്റെ ‘Stand with Kashmir’ എന്ന പേജടക്കം, ഒട്ടേറെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് സസ്‌പെന്റ് ചെയ്തിരുന്നു.

“എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ മാത്രം ബ്ലോക്കു ചെയ്യപ്പെടുന്നത്? ഇന്ത്യന്‍ സൈന്യത്തിന്റെ കൊള്ളരുതായ്മകള്‍ക്ക് പിന്തുണ നല്‍കുന്ന ഫേസ്ബുക്ക് തികച്ചും ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളതെന്തും വിളിച്ചു പറയാം. മുസ്‌ലിംകള്‍ എന്തെങ്കിലും പറഞ്ഞാല്‍ ബ്ലോക്ക് ചെയ്യപ്പെടും” കാശ്മീരി ആക്ടിവിസ്റ്റ് റിസ്വാന്‍ സാജിദ് ദി ഗാര്‍ഡിയന്‍ പത്രത്തോട് പറയുന്നു.

ഒട്ടുമിക്ക അന്താരാഷ്ട്ര കമ്മ്യൂണിറ്റികളെപ്പോലെ തന്നെ ഫേസ്ബുക്കും, മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രങ്ങളുടെ സാമ്പത്തികവും നയതന്ത്രപരവുമായ നേട്ടത്തിനു വേണ്ടി മുസ്‌ലിംകള്‍ക്കെതിരെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നു. അതുവഴി, വന്‍ലാഭം ലക്ഷ്യമിടുകയും ചെയ്യുന്നു.

തീവ്രവാദ പഠനങ്ങളില്‍ അഗ്രഗണ്യനും, Sri Lanka: The Struggle For Peace in the Aftermath of War എന്ന പുസ്തകത്തിന്റെ രചയിതാവുമായ അമര്‍നാഥ് അമരസിംഗം മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു: “ഇന്ത്യയിലും മ്യാന്‍മറിലും ശ്രീലങ്കയിലുമെല്ലാമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് -പലപ്പോഴും മുസ്‌ലിംകള്‍ക്ക്- എതിരായ വിദ്വേഷ പ്രചരണങ്ങളെ കൈകാര്യം ചെയ്യുന്ന ഫേസ്ബുക്കിലെ മുന്‍നിര ആളുകള്‍, കാര്യങ്ങളെപ്പറ്റി വ്യക്തമായ അറിവുള്ളവരാണെന്നും, യാഥാര്‍ഥ്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളവരുമാണെന്നും ഞാന്‍ കണ്ടെത്തി. നേതൃനിരയില്‍ പല കളികളും നടക്കുന്നുണ്ടെന്നാണ് ഞാന്‍ ഭയക്കുന്നത്.”

സാമൂഹ്യ പ്രതിബദ്ധതയും ഓഹരി പങ്കുകാരോടുള്ള പ്രതിബന്ധതയും വിരുദ്ധ ധ്രുവങ്ങളില്‍ വരുമ്പോള്‍, രണ്ടാമത്തെ വിഭാഗത്തിന്റെ വമ്പിച്ച നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ഫേസ്ബുക്ക് നിലയുറപ്പിക്കുന്നതെന്ന് തെളിയും.

വിവ: റമീസുദ്ദീൻ വി. എം

Courtesy: Middle East Eye

Comments