‘സമാധാനത്തിന്റെ മത’മെന്നു മാത്രം മുസ്‌ലിംകള്‍ പഠിച്ചുവളര്‍ന്നാല്‍ മതിയോ? ബെഗോവിച്ച് ചോദിക്കുന്നു

സ്വതന്ത്ര ബോസ്നിയയുടെയും ഹെർസഗോവിനയുടെയും ആദ്യത്തെ പ്രസിഡന്റും അറിയപ്പെടുന്ന മുസ്‌ലിം ചിന്തകനുമായ അലിജാ ഇസ്സത് ബെഗോവിച് എഴുതിയ ഈ ഹ്രസ്വ ലേഖനം, ഇരുപതാം നൂറ്റാണ്ടിലെ ബോസ്നിയയിലെ ഇസ്‌ലാമിക നവോത്ഥാന കാലത്തിന്റെ മുദ്ര പതിപ്പിച്ചിതാണെങ്കിലും ഇന്നും പ്രസക്തമാണ്. ഇസ്‌ലാമിക വിദ്യാഭ്യാസത്തിലെ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് ഇതിലൂടെയദ്ദേഹം പറയുന്നുണ്ട്. യുഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും, ഇന്നത്തെ മിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും അടിച്ചമർത്തൽ ഭരണകൂടങ്ങൾക്കും കീഴിലുള്ളതുപോലെ, മത വിദ്യാഭ്യാസം അനുവദിച്ചിരുന്നത് അധികാരികളോട് അനുസരണം വളർത്തുന്നതിനായിരുന്നു. അത് അവരിൽ അടിമത്തത്തിനു കീഴ്പെട്ട, ഇന്ന് ജീവിക്കുന്ന അടിച്ചമർത്തപ്പെട്ട മുസ്‌ലിം തലമുറകളെ സൃഷ്ടിച്ചു. ഈ ലേഖനം മുസ്‌ലിം മാതാപിതാക്കൾ, അധ്യാപകർ എന്നു തുടങ്ങി, മുസ്‌ലിംകൾ അടിച്ചമർത്തലിന്റെ നുകത്തിൽ നിന്ന് സ്വയം മോചിതരാകുന്നത് കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ഒരു ഉണർത്തുപാട്ടാണ്.

താഴെ പറയാൻ പോകുന്ന വാക്കുകൾ നമ്മുടെ മാതാപിതാക്കളുമായും മത അധ്യാപകരുമായും നടത്തിയ ഒരു ചെറിയ സംഭാഷണമായാണ് അവതരിപ്പിക്കുന്നത്. മുസ്‌ലിം യുവാക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എന്റൊരു സുഹൃത്ത് ഒരു ലേഖനം എഴുതിയതായി കണ്ടു. ലേഖനം പൂര്‍ത്തിയായില്ലെങ്കിലും അതിലെ സുപ്രധാന ആശയങ്ങളെല്ലാം ഉള്‍ക്കൊണ്ടിരുന്നു. വിശ്വാസത്തിന്റ ചൈതന്യത്തിൽ വിദ്യാഭ്യാസത്തെ കൂട്ടിച്ചേർത്ത എന്റെ സുഹൃത്ത്, നന്മ, നല്ല പെരുമാറ്റം, വിനയം, ദയ, ക്ഷമ, വിധി സ്വീകരിക്കൽ, മുതലായ നല്ല ഗുണങ്ങൾ മക്കളിൽ വളർത്താൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. തെരുവുകളിൽ നിന്നും, വെസ്റ്റേൺ, ത്രില്ലർ സിനിമകൾ, ഉപയോഗശൂന്യമായ പ്രിന്റ് പ്രസ്സ്, ആക്രമണാത്മകതയെയും മത്സരത്തെയും ഉത്തേജിപ്പിക്കുന്ന കായികവിനോദങ്ങൾ എന്നിവയിൽ നിന്നും കുട്ടികളെ പരിരക്ഷിക്കുന്നതിന് വേണ്ടി അദ്ദേഹം മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ലേഖനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് ‘അനുസരണം’ എന്നതായിരുന്നു. വീട്ടിൽ, ഒരു കുട്ടി മാതാപിതാക്കളോട് അനുസരണമുള്ളവരായിരിക്കണം, മതപാഠശാലയിൽ (മക്തബ്) ഇമാമിനോടും, സ്കൂളിൽ അധ്യാപകനോടും, തെരുവിൽ പോലീസുകാരനോടും, ഭാവിയിൽ തന്റെ ബോസിനോടൊ മേലുദ്യോഗസ്ഥനോടൊ ആയിരിക്കണം അനുസരണ.

ഈ “ആദർശത്തെ” ചിത്രീകരിക്കുന്നതിന്, എഴുത്തുകാരൻ ഉദാഹരണമായി ഉപയോഗിച്ചത്, എല്ലാ തെറ്റായ കാര്യങ്ങളിലും നിന്ന് വിട്ടുനിൽക്കുന്ന, തെരുവുകളിൽ ഒരിക്കലും അടികൂടാത്ത, പാശ്ചാത്യ സിനിമകൾ കാണാത്ത, (പകരം ക്ലാസിക്കൽ പിയാനോ പാഠങ്ങൾ പഠിക്കുന്ന), സോക്കർ കളിക്കാത്ത, ഒരു കുട്ടിയെ ആയിരുന്നു. നീളമുള്ള മുടിയില്ലാത്ത, പെൺകുട്ടികളുമായി പ്രണയബന്ധം ഇല്ലാത്ത (മാതാപിതാക്കൾ “സമയം വരുമ്പോൾ” അവനെ വിവാഹം കഴിപ്പിക്കും എന്ന് വിശ്വസിക്കുന്ന). ഒരിക്കലും അലറാത്ത, ശബ്ദം ഒരിക്കലും പുറത്തു കേൾക്കാത്ത (“അവൻ ജീവനോടെ ഇല്ല എന്ന മട്ടിൽ”), പോകുന്നിടത്തെല്ലാം നന്ദിയുള്ളവനും ക്ഷമ ചോദിക്കുന്നവനുമായ ഒരു കുട്ടിയെ ആണ് ഉദാഹരണമായി എടുത്തിരുന്നത്. എഴുത്തുകാരൻ അത് പറയുന്നില്ലെങ്കിലും, തെറ്റ് ചെയ്‌താൽ താക്കീതു ചെയ്യുമ്പോൾ മിണ്ടാതിരിക്കുന്ന, അവൻ്റെ ദേഹത്ത് ആരെങ്കിലും കൈവെച്ചാൽ, തിരിച്ചടിക്കാതെ, “ഇത് ശരിയല്ല” എന്നു പറഞ്ഞ് ഒഴിവാകുന്ന, ഒറ്റവാക്കിൽ പറഞ്ഞാൽ, “ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ” ഒരുത്തൻ അല്ലെങ്കിൽ ഒരുത്തി.

ഈ ലേഖനം വായിക്കുമ്പോൾ, “അതിമനോഹരമായ നാശത്തിലേക്കുള്ള പാത” എന്ന പ്രയോഗത്തിൻ്റെ അർത്ഥം ഞാൻ പൂർണ്ണമായി മനസ്സിലാക്കി. മാത്രമല്ല, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി നമ്മുടെ തകർച്ചയുടെ ഒരു കാരണം നാം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു: തെറ്റായ വിദ്യാഭ്യാസം / മക്കളെ വളർത്തൽ.

വാസ്തവത്തിൽ, യഥാർത്ഥ ഇസ്ലാമിക ചിന്തയെ തെറ്റിദ്ധരിച്ചതിന്റെ ഫലമായി, നൂറ്റാണ്ടുകളായി നാം നമ്മുടെ യുവാക്കളെ തെറ്റായി പഠിപ്പിക്കുകയായിരുന്നു.

ശത്രുക്കളും വിദ്യാസമ്പന്നരും നിഷ്‌കരുണം മുസ്‌ലിം രാജ്യങ്ങളെ ഓരോന്നായി കീഴ്പ്പെടുത്തിയപ്പോൾ, നമ്മൾ നമ്മുടെ യുവാക്കളെ നല്ലവരായിരിക്കാനും “ഈച്ചയെപ്പോലും നോവിക്കാതിരിക്കാനും” അവരുടെ വിധി അംഗീകരിക്കാനും എല്ലാ തരത്തിലുമുള്ള അനുസരണമുള്ളവരായിരിക്കാനും പഠിപ്പിച്ചു. “എല്ലാ നിയമവും ദൈവത്തിൽ നിന്നുള്ളതാണ്.” എന്ന മട്ടിൽ കീഴ്‌വഴക്കത്തിന്റെ ഈ അപകടകരമായ തത്ത്വചിന്ത, -അതിന്റെ യഥാർത്ഥ ഉത്ഭവം എനിക്കറിയില്ല- ഇസ്‌ലാമിൽ നിന്ന് ഉത്ഭവിച്ചതല്ല.

ഖേദകരമായ പരസ്പര ബന്ധിതമായ രണ്ട് കാര്യങ്ങൾ ഇതിലൂടെ സംഭവിക്കുന്നു: ഒന്ന്, അത് ജീവനുള്ള മരിച്ചവരെ സൃഷ്ടിക്കുന്നു, രണ്ടാമത്, വിശ്വാസത്തിന്റെ പേരിൽ തെറ്റായ ആശയങ്ങൾ ഉയർത്തിക്കാണിക്കാൻ കാരണമാകുന്നു. ജീവിക്കാൻ തുടങ്ങുന്നതിനുമുമ്പ് മരണമടയുന്നവരെ പറ്റിയാണ് ഇത് കാണിക്കുന്നത്. കുറ്റബോധത്തിന്റെയും പാപത്തിന്റെയും വികാരങ്ങളാൽ സ്വയം പീഡിപ്പിക്കപ്പെടുന്ന അരക്ഷിതരായ ജനതയെ വാർത്തെടുക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുകയും നിഷ്ക്രിയത്വത്തിലും സുരക്ഷിതത്വത്തിലും അഭയം തേടുകയും ചെയ്യുന്ന തോറ്റ മനുഷ്യന് ഈ ചിന്ത ആശ്വാസം പകരുമായിരിക്കും. ഈ നവോത്ഥാന കാലഘട്ടത്തിൽ ഇസ്‌ലാമിക ചിന്തയുടെ വാഹകരോ അല്ലെങ്കിൽ അത്തരത്തിലുള്ളവരാണെന്ന് അവകാശപ്പെടുന്നവരോ ആയ ആളുകൾ ഓരോ സാഹചര്യത്തിലും പോരാട്ടങ്ങൾ നഷ്‌ടപ്പെടുത്തുന്നുവെന്ന വസ്തുത നമുക്ക് വിശദീകരിക്കാൻ കഴിയുന്നത് ഇങ്ങനെയാണ്.

വിലക്കുകളുടെയും ധർമ്മസങ്കടങ്ങളുടെയും തത്ത്വചിന്തയുമായി അവരുടെ കൈകൾ ബന്ധിപ്പിച്ചിരിക്കുന്നു, പൊതുവെ ഉയർന്ന ധാർമ്മികത പുലർത്തുന്ന ഈ ആളുകൾ, പോരാട്ടത്തിൽ താഴ്ന്നവരോ യോഗ്യതയില്ലാത്തവരോ ആയി അവസാനിക്കുന്നു, അവർ നേരും, സംസ്കാരമില്ലാത്തവരും ആയ, ലക്ഷ്യത്തിൽ എത്താൻ എന്ത് നെറികേടും കാണിക്കുന്നവരുടെ അടിമകൾ ആയി മാറുന്നു, ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയവരും ഇസ്‌ലാമിക ചിന്തയിൽ നിന്ന് പ്രചോദിതരുമായ നേതാക്കൾ മുസ്‌ലിം ജനതയെ നയിക്കുന്നതിനേക്കാൾ മഹത്തരം മറ്റെന്താണ്? എന്നാൽ ലളിതമായ ഒരു കാരണത്താലാണ് അവ വിജയിക്കാത്തത്: അവർ നയിക്കാനല്ല, നയിപ്പിക്കപ്പെടാൻ ആണ് പഠിച്ചിട്ടുള്ളത് .

മുസ്‌ലിംകൾ മുസ്‌ലിം രാജ്യങ്ങളിൽ, വിദേശികളുടെ ഭരണത്തിനെതിരായ കലാപത്തിന്റെ നേതാക്കളാകുക, അവരുടെ ആശയങ്ങളെ, അവരുടെ രാഷ്ട്രീയത്തെ, സാമ്പത്തിക അതിക്രമങ്ങളെ ചെറുക്കുക എന്നിവയേക്കാൾ മഹത്തരം മറ്റെന്താണ്? പക്ഷേ, ലളിതമായ ഒരു കാരണത്താൽ അവർക്ക് അത് ചെയ്യാൻ കഴിയില്ല: ശബ്ദം ഉയർത്താനല്ല, അനുസരിക്കാനാണ് അവരെ പഠിപ്പിച്ചത്. മുസ്‌ലിംകളെയല്ല, ഭീരുക്കളെയും അടിമകളെയും ആണ് നമ്മൾ വളർത്തിയെടുത്തിരിക്കുന്നത്.

അടിമത്തവും അനീതിയും നിറഞ്ഞ ഒരു ലോകത്ത്, ചെറുപ്പക്കാരെ വിട്ടുവീഴ്ച്ച ചെയ്യാനും, നിഷ്ക്രിയമായി അനുസരണമുള്ളവരായിരിക്കാനും പഠിപ്പിക്കുക വഴി ഒരു ജനതയെ കീഴ്‌പ്പെടാനും അടിച്ചമര്‍ത്തപ്പെടാനും വിട്ടുകൊടുക്കുകയല്ലേ ചെയ്യുന്നത്‌?

നമ്മൾ എഴുതുന്ന ഈ മനഃശാസ്ത്രത്തിന് നിരവധി വശങ്ങളുണ്ട്. ചരിത്രത്തെക്കുറിച്ചുള്ള ആവർത്തിച്ചുള്ള കഥയാണ് ഇതിലൊന്ന്. ഇസ്‌ലാം എന്തായിരിക്കണമെന്ന് നമ്മുടെ യുവാക്കളെ പഠിപ്പിക്കുന്നില്ല. പകരം, അത് എന്തായിരുന്നു എന്നതിനെപറ്റി ആണ് അവരെ പഠിപ്പിക്കുന്നത്. അൽഹംറയെക്കുറിച്ചും പഴയ വിജയങ്ങളെക്കുറിച്ചും “ആയിരത്തി ഒന്ന് രാത്രിയുടെ” നഗരത്തെക്കുറിച്ചും സമർഖന്തിലെയും കോർദോവയിലെയും ലൈബ്രറികളെക്കുറിച്ചും അവർക്ക് അറിയാം. അവരുടെ ആത്മാവ് എല്ലായ്പ്പോഴും മഹത്തായ ഭൂതകാലത്തിലേക്ക് നയിക്കപ്പെടുന്നു, അവർ അതിൽ നിന്ന് കൊണ്ട് ജീവിക്കാൻ തുടങ്ങുന്നു. തീർച്ചയായും ഭൂതകാലം പ്രധാനമാണ്. എന്നാൽ നമ്മുടെ മുൻഗാമികൾ നിർമ്മിച്ച മനോഹരമായ പള്ളികളെ നോക്കി അഭിമാനം കൊള്ളുന്നതിനേക്കാളും, തെരുവിലെ പൊളിയാറായ പള്ളിയുടെ മേൽക്കൂര നന്നാക്കുകയാണ്. നെടുവീർപ്പിടാനും ഓർമകളയവിറക്കി ഒതുങ്ങിക്കഴിയാനുമാണ് എങ്കിൽ, ആ മഹത്തായ ചരിത്രമെല്ലാം കത്തിക്കുന്നതാണ് നല്ലത്. ഭൂതകാലത്തിൽ നമുക്ക് ജീവിക്കാൻ കഴിയില്ലെന്നും നമ്മുടെ വർത്തമാനകാലത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും മനസ്സിലാക്കാൻ ആ സ്മാരകങ്ങളെല്ലാം ഒരു തടസ്സം ആണെങ്കിൽ അവ നശിപ്പിക്കുന്നതാണ് നല്ലത്.

വിരോധാഭാസമെന്നു പറയട്ടെ, കീഴ്വഴക്കത്തിന്റെയും പ്രതിരോധത്തിന്റെ അഭാവത്തിന്റെയും ഈ മാരകമായ അധ്യാപനം ഖുർആനിനെ ഉപയോഗിച്ചുകൊണ്ടാണ്. അതിൽ പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും തത്വങ്ങൾ കുറഞ്ഞത് അമ്പത് തവണയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരു കോഡ് എന്ന നിലയിൽ, ഖുർആൻ, വിധേയത്വം ഇല്ലാതെയാക്കി. അതിക്രമ ഭരണങ്ങൾക്കും പ്രതാപങ്ങൾക്കും വിധേയരാകുന്നതിനുപകരം, ഖുർആൻ ഒന്നിനോടുള്ള അനുസരണം മാത്രമാണ് സ്ഥാപിച്ചത് – ദൈവത്തോട്. ദൈവത്തോടുള്ള ഈ അനുസരണത്തിൽ, ഖുർആൻ മനുഷ്യസ്വാതന്ത്ര്യം കെട്ടിപ്പടുത്തു, മറ്റെല്ലാ തരത്തിലുള്ള വിധേയത്വങ്ങളിൽ നിന്നും ഭയത്തിൽ നിന്നും മനുഷ്യനെ മോചിപ്പിച്ചു. അങ്ങനെയെങ്കിൽ,

നമ്മുടെ മാതാപിതാക്കളെയും അധ്യാപകരെയും എന്ത് ഉപദേശിക്കാൻ കഴിയും?

മറ്റെന്തിനെക്കാളും ഉപരിയായി, ചെറുപ്പക്കാരിലെ ഊർജ്ജത്തെ നശിപ്പിക്കരുതെന്ന് അവരോട് പറയാൻ കഴിയും. മറിച്ച്, നമ്മുടെ യുവാക്കളെ നയിക്കാനും രൂപപ്പെടുത്താനും അവർക്ക് കഴിയട്ടെ. വിദ്യാഭ്യാസത്തിലൂടെ അവർ സൃഷ്ടിച്ചത് മുസ്‌ലിമിനെയല്ല, ഷണ്ഡനെയാണ്. മരിച്ച ഒരാളെ ഇസ്‌ലാമിലേക്ക്‌ നയിക്കാനുള്ള മാർഗമില്ല. ഒരു മുസ്‌ലിമിനെ അഭ്യസിപ്പിക്കാൻ, അവർ ആദ്യം മനുഷ്യരെ പൂർണ്ണമായും സമഗ്രമായും പഠിപ്പിക്കട്ടെ. താഴ്‌മയ്‌ക്ക് പകരം ആത്മാഭിമാനത്തെക്കുറിച്ചും, അനുസരണത്തിനുപകരം ധൈര്യത്തെക്കുറിച്ചും, ദയയ്‌ക്ക് പകരം നീതിയെക്കുറിച്ചും അധ്യാപകർ യുവാക്കളോട് സംസാരിക്കട്ടെ. മാന്യമായ ഒരു തലമുറയെ വളർത്താൻ അവരെ അനുവദിക്കുക, ആരുടെയും അനുമതി ഇല്ലാതെ, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടാനങ്ങൾക്കു വഴങ്ങാത്ത രീതിയിൽ ജീവിക്കാൻ പഠിപ്പിക്കട്ടെ. നമുക്ക് ഓർമിക്കാം: ഇസ്‌ലാമിന്റെ പുരോഗതി – മറ്റേതൊരു പുരോഗതിയും പോലെ – മയക്കത്തിൽ നിന്നും കീഴ്വഴക്കത്തിൽ നിന്നും വരില്ല, മറിച്ച് ധീരരിൽ നിന്നും വിപ്ലവകാരികളിൽ നിന്നുമാണ്.

വിവ: മുഹമ്മദ് അലി

Courtesy: www.erminsinanovic.com

By Editor