ആര്യ സമാജവും ഹിന്ദുത്വ ഭീകരതയും

ആര്യസമാജവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും പ്രസക്തമായതിനാലാണ് ഈ എഴുത്ത് എഴുതുന്നത്. രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന ഫാഷിസത്തെ നിരന്തരം എതിർത്ത് പോരുകയും ആ ദിശയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്തിരുന്ന ഉയരമുള്ള വ്യക്തിത്വമാണ് സ്വാമി അഗ്നിവേശ്. അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന അദ്ദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ, അടുത്ത ശ്വാസത്തിൽ ദയാനന്ദ സരസ്വതിയെ മഹത്വവല്കരിച്ചുകൊണ്ട് പരാമർശിക്കുന്നു. ‘മഹർഷി’ എന്നാണ് പ്രസംഗത്തിലദ്ദേഹം വിശേഷിപ്പിക്കുന്നത്. ആരാണ് ദയാനന്ദ സരസ്വതി എന്ന അന്വേഷണം തീർച്ചയായും പ്രസക്തമാണെന്നു തോന്നുന്നു. 

സ്കൂൾ പാഠപുസ്തകങ്ങളിൽ ആര്യസമാജസ്ഥാപകർ എന്ന ഒറ്റ വാചകത്തിൽ നാം പരിചയിച്ച ദയാനന്ദ സരസ്വതിയിലേക്കാണ് ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ വേരുകൾ ചെന്നെത്തുന്നത്. 1824 ഫെബ്രുവരി 12ന് ഗുജറാത്തിലെ കത്തിയവാറിർ ജനിച്ച മൂൽ ശങ്കർ തിവാരിയാണ് പിന്നീട് ദയാനന്ദ സരസ്വതി എന്ന പേരിൽ അറിയപ്പെട്ടത്.  ഇസ്‌ലാം മതം കൃസ്തുമതം എന്നിവയെപ്പോല ‘മതം’ എന്ന കാറ്റഗറിയിൽ പെടുത്താൻ കഴിയാതിരുന്ന ഹിന്ദുത്വത്തെ പ്രതിരോധാത്മകമായി നിർമ്മിച്ചെടുക്കുകയായിരുന്നു അദ്ദേഹം.  

പശുക്കൊലകൾ

ഇന്ന് ഫാസിസ്റ്റുകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പശുക്കൊലകളുടെ മാസ്റ്റർ ബ്രെയിൻ, ആര്യസമാജവും ശങ്കർ തിവാരിയുമാണ്‌. 1882 ൽ ദയാനന്ദൻ അഥവാ ശങ്കർ തിവാരി തുടങ്ങിയ ഗോരക്ഷിണി സഭയാണ്‌ പിന്നീട്‌ അസംഗഢ്,‌ ഷാഹ്ബാദ്‌ തുടങ്ങിയ സ്ഥലങ്ങളിൽ കലാപങ്ങൾ സൃഷ്ടിക്കുകയും ഭീകരമായ കൂട്ടക്കൊലകൾക്ക്‌ തുടക്കം കുറിക്കുകയും ചെയ്തത്‌.  ‘ഹിന്ദുസമുദായം’ എന്നതിന്റെ പര്യായമായി ‘ബീഫ്‌ വിരോധം’ എന്ന ഇന്നത്തെ പരികൽപനകൾ വളർത്തി എന്നത്‌ അതിന്റെ ദൂരവ്യാപക ഫലമായിരുന്നു. ജുനൈദ് തീവണ്ടിയിൽ വെച്ച് കൊല്ലപ്പെടുന്നതും, 1917ലെ ഷാഹ്ബാദ് കലാപവും ബലിപെരുന്നാൾ പശ്ചാത്തലത്തിലാണ് എന്നത് യാദൃശ്ചികമല്ല. അഖ്ലാക്കിന്റെയും ജുനൈദിന്റെയും കൊലകൾക്ക്‌ പിന്നിലെ പ്രൊജക്ട്‌ ഇതാണ്‌.

ദേശീയ പ്രസ്ഥാനത്തിലും പിന്നീട് ഭരണഘടനയിലും ഇന്ന് സംസ്ഥാനങ്ങളിലെ നിയമങ്ങളായും രൂപാന്തരപ്പെട്ട ആര്യസമാജ-ഗോസംരക്ഷണത്തിന്റെ രക്തപങ്കിലമായ ചരിത്രം വിവരിക്കാൻ ചെറിയ കുറിപ്പ് മതിയാവില്ല.

 ഘർവാപസി

ശങ്കർ തിവാരിയുടെ ശിഷ്യത്വത്തിലൂടെ പരിവർത്തനപ്പെട്ട മുൻ യുക്തിവാദ പശ്ചത്തലമുള്ളയാളാണ്‌ ശ്രദ്ധാനന്ദ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ശുദ്ധിപ്രസ്ഥാനത്തിന്റെ വളർച്ച ശ്രദ്ധാനന്ദയിലൂടെയാണ്‌ നടന്നത്‌.  ‘വിദേശ’ മതങ്ങൾ സ്വീകരിച്ച്‌ അശുദ്ധരായവരെ ‘വീട്ടിലേക്ക്‌ തിരികെയെത്തിക്കുക’ എന്നതാണ്‌ ഘർ വാപസിയുടെ ചുരുക്കം. ഇതിന്റെയും നാൾവഴികൾ രക്തമൊഴുകുന്നതും മുസ്‌ലിം അപരവൽകരണത്തെ ഔദ്യോഗിക ‘ദേശ’ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കുന്നതും ആണ്‌.

സത്യാർത്ഥപ്രകാശ്‌

ശങ്കറിന്റെ ഈ പുസ്തകവും പ്രസംഗത്തിന്റെ തുടക്കത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്‌. ഹിന്ദുപരിഷ്കരണം എന്ന പേരിൽ സെമിറ്റിക്‌ മതങ്ങൾക്ക്‌ നേരെ, പ്രത്യേകിച്ച്‌ ഇസ്‌ലാമിനു നേരെ ദുർഗ്ഗന്ധം വമിക്കുന്ന കള്ളപ്രചാരണങ്ങൾ ഇതിൽ എമ്പാടും കാണാം. ഒരുവേള ഓറിയന്റലിസ്റ്റ്‌ ആഖ്യാനങ്ങൾ ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ പ്രചരിപ്പിച്ച ഗ്രന്ഥമാണിത്‌. അതിനെയാണ്‌ ഫാഷിസ വിരുദ്ധ പ്രസംഗത്തിന്റെ തുടക്കത്തിൽ ഉദ്ധരിക്കുന്നത്‌ എന്നതിൽ വൈരുധ്യമുണ്ട്.

ഹിന്ദു സഭകളും മഹാസഭയും

ആര്യസമാജ്‌ സ്കൂളിൽ പെട്ടവർ തന്നെയാണ്  പിന്നീട്‌ പ്രാദേശികമായി ഹിന്ദു സഭകൾക്ക്‌ രൂപം നൽകുന്നതും, പിന്നീടത്‌ ഒന്നിച്ച്‌ ഹിന്ദുമഹാസഭയായി വികസിക്കുന്നതും.

സംഘഠൻ  മൂവ്‌മെന്റ്

‘രാഷ്ട്രഗാത്രത്തിൽ നുഴഞ്ഞുകയറുകയും ആയിരത്തോളം വർഷങ്ങളായി ഹിന്ദു ശക്തിയെ ക്ഷയിപ്പിക്കുകയും’ ചെയ്തുകൊണ്ടിരിക്കുന്ന മുസ്‌ലിംകളെ മെരുക്കിയെടുക്കാനുള്ള ശക്തിസംഭരണമായിരുന്നു ഇതിനു പിന്നിലെ ആശയം. 1909 ലെ ഹിന്ദുമഹാസഭയുടെ ലാഹോർ സമ്മേളനത്തിൽ രൂപപ്പെടുകയും പിന്നീട്‌ മലബാറിലെ മാപ്പിള സമരങ്ങളുടെ പശ്ചാത്തലത്തിൽ (മുൾത്താൻ കലാപങ്ങൾക്ക് ശേഷം) 1922 ൽ നടന്ന ഹിന്ദുമഹാസഭയുടെ ഗയ സമ്മേളനത്തിൽ കോൺഗ്രസ്സ്‌ നേതാവ്‌ കൂടി ആയിരുന്ന ഹിന്ദുമഹാസഭ പ്രസിഡന്റ്‌ മദൻ മോഹൻ മാളവ്യ സംഘഠൻ ആശയങ്ങൾക്ക്‌ വ്യക്തത വരുത്തി. മലബാർ സമരങ്ങൾ അന്വേഷിക്കാൻ നിയമിക്കപ്പെട്ട ഹിന്ദുമഹാസഭയുടെ കമ്മീഷന്‌ നേതൃത്വം നൽകിയത്‌ ബി എസ്‌ മൂഞ്ചെ ആയിരുന്നു. മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കലും ഹിംസക്കായി കോപ്പ് കൂട്ടലും ആയിരുന്നു അവരുടെ പ്രവര്‍ത്തനം. ഇതാണ്‌ പിന്നീട്‌ 1925 ൽ ആർ എസ്‌ എസിന്റെ രൂപത്തിൽ അവതരിക്കുന്നത്‌. ആര്യസമാജ പശ്ചാത്തലമുള്ളവരാണ് ഇപ്പോഴും പല സംഘപരിവാർ വ്യക്തിത്വങ്ങളും.

ശങ്കർ തിവാരി നടത്തിയ പ്രസംഗങ്ങളും സംഘടിപ്പിച്ച സമ്മേളനങ്ങളും നടത്തിയ യാത്രകളും കലാപങ്ങൾക്ക്‌ വഴിമരുന്നിട്ടവയായിരുന്നു. കലാപങ്ങൾ അമർച്ച ചെയ്യാൻ വേണ്ടി ബ്രിട്ടീഷ് അധികാരികൾക്ക്‌ ശങ്കർ തിവാരി വിവിധ പ്രവിശ്യകളിൽ പ്രവേശിക്കുന്നത്‌ നിരോധിച്ചുകൊണ്ട്‌ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരികപോലുമുണ്ടായി. 

ഇത്രയും കാര്യങ്ങൾ (ഇതിലപ്പുറവും) പകൽപോലെ വ്യക്തമായിക്കിടക്കുമ്പോഴാണ്‌ അഗ്നിവേശിന്റെ പ്രസംഗത്തിൽ രാം പ്രസാദ്‌ ബസ്മലും അശ്ഫാകുല്ലാ ഖാനും കടന്നു വരുന്നത്‌. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മുസ്‌ലിം നാമധാരികളെ ഇക്കാലത്ത്‌ പോലും സംഘപരിവാർ അനുകൂലികളായി കാണാൻ കിട്ടും എന്നിരിക്കെ, ബ്രിട്ടീഷുകാർക്കെതിരെ പലരൂപത്തിൽ വിപ്ലവ പ്രവർത്തനങ്ങൾ നടക്കുകയും കൃത്യമായ രാഷ്ട്രീയം രൂപപ്പെട്ട്‌ വരികയും ചെയ്യാത്ത അക്കാലത്ത്‌ അന്നത്തെ പൊതു അവസ്ഥയിൽ നിന്ന് വ്യതിയാനമായി സംഭവിച്ച ഒരു കാര്യത്തെ ആര്യസമാജത്തിന്റെ ഹിന്ദു- മുസ്‌ലിം മൈത്രിയുടെ പൊതു ഉദാഹരണമായി എടുത്തുകാട്ടുന്നത്‌ കാപട്യമല്ലേ. ഏറ്റവും ചുരുങ്ങിയത്‌ രാഷ്ട്രീയ ‘ശുദ്ധത്തര’ മെങ്കിലും ആണത്‌. ഹിന്ദു-മുസ്‌ലിം ബൈനറിയുടെ മാനങ്ങൾ പോലും  പുനർവായിക്കപ്പെട്ട ഇക്കാലത്ത് പ്രത്യേകിച്ചും. 

കുറച്ചു കൂടി  പിന്നോട്ട്‌ പോയാൽ ആര്യസമാജത്തിന്റെ രൂപീകരണം (അവിഭക്ത പഞ്ചാബിൽ) നടത്താൻ യോഗം ചേർന്നത്‌ ഒരു മുസ്‌ലിം ഭവനത്തിലാണ്‌ എന്നു കാണാൻ കഴിയും. എന്നാൽ ആര്യസമാജവും ശങ്കർ തിവാരിയും  നടത്തിയ വിധ്വംസകപ്രവർത്തനങ്ങൾ മറച്ചുവെച്ച്‌, അതിനെയും ഹിന്ദു മുസ്ലിം മൈത്രിയുടെ ഉത്തമോദാഹരണമായും ആര്യസമാജത്തിന്റെ നിസ്തുല പങ്കിന്റെ സംഭാവനയായും അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും?! ഇന്ത്യയിലെ സാമൂഹിക അസമത്വങ്ങളെ സ്ഥാപനവൽകരിക്കുന്നതിൽ ആര്യസമാജത്തിന്റെ പങ്കും എടുത്തുപറയേണ്ടതാണെങ്കിലും ഈ കുറിപ്പിന്റെ ഊന്നൽ അതല്ലാത്തതുകൊണ്ട്‌ അതിലേക്ക്‌ പോകുന്നില്ല. 

ഫാഷിസം രാജ്യത്തിന്റെ സമസ്ത അധികാരകേന്ദ്രങ്ങളെയും വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ എതിർശ്ശബ്ദം ഉയർത്തുന്നവരെയൊക്കെ ചേർത്തുനിർത്തിയാണ്‌ പ്രതിരോധം വികസിക്കേണ്ടത്‌. എന്നാൽ ഫാഷിസം വേരുപടർത്തിയ മണ്ണിനെക്കുറിച്ചും അത്‌ വളം വലിച്ചെടുക്കുന്ന ആശയസംഹിതകളെക്കുറിച്ചും പഠനങ്ങൾ നടത്താതെയുള്ള ഐക്യദാർഢ്യശ്രമങ്ങൾ പരാജയമാണ്.

By മുഹ്സിൻ ആറ്റാശ്ശേരി