കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ ഉപരോധം ഏർപെടുത്തുന്നതും കുറഞ്ഞ സാങ്കേതിക/ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ വരെ കോവിഡ് 19നോട് പിടിച്ചു നിൽക്കുന്നതും ഒരു പകർച്ചവ്യാധി സൃഷ്ടിച്ച അഴിച്ചുപണികളുടെ ഉദാഹരണങ്ങളാണ്.
എന്നാൽ ഇന്ത്യപോലുള്ള രാജ്യങ്ങൾ പൗരന്മാരുടെമേൽ നടത്തിവരുന്ന വിവേചന/വിദ്വേഷ രാഷ്ട്രീയത്തെ കോവിഡിന്റെ മറപിടിച്ചു കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. സഫൂറ സർഗാർ, ഷർജീൽ ഇമാം തുടങ്ങി ഷർജീൽ ഉസ്മാനി വരെ നീണ്ടു നിൽക്കുന്ന പൗരത്വ പ്രക്ഷോഭ മുന്നണിപോരാളികളെയും രാജ്യത്തെ മുസ്‌ലിം/ന്യുനപക്ഷ രാഷ്ട്രീയത്തിന്റെ വിദ്യാർത്ഥി പ്രതിനിധികളെയും വേട്ടയാടക്കുകയും ജയിലിലടക്കുകയും ചെയ്തു. വെറുപ്പ് ഇന്ത്യൻ സാമൂഹികതയുടെ അടിസ്ഥാനമായി വർത്തിക്കുന്ന ദുഃഖകരമായ അവസ്ഥ ഇന്ന് രാജ്യത്ത് സംജാതമായി.
കോവിഡ് കാലത്തെ മറ്റൊരു പ്രധാനപ്പെട്ട സംഗതി പ്രവാസികളോട് കേന്ദ്ര/കേരള സർക്കാർ മുതൽ ഓരോ മലയാളിയും പുലർത്തുന്ന വെറുപ്പിന്റെ മനോഭാവമാണ്. ഓരോ മലയാളിയും നിരന്തരം പറഞ്ഞു പോരുന്ന ലോകത്തിന്റെ ഏത് കോണിലും ‘മലയാളി’ എന്ന അഭിമാനബോധത്തെയും ആവർത്തിച്ചു പാടിയ ‘നന്മയുള്ള കേരളവും’ ഈ മനോഭാവത്തിന് മുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വന്നു. ഇത്തരമൊരു സമീപനബോധത്തോടുള്ള സർഗാത്മക ആവിഷ്കാരമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ഘടകം നിർമിച്ച് സയ്യിദ് ഫഹ്രി സംവിധാനം ചെയ്ത WHY റUS എന്ന റാപ് സോങ്ങ്.
കേവല സൗന്ദര്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് കലാവിഷ്ക്കാരങ്ങളെ മനസിലാക്കപ്പെടുന്ന ഒരു രീതിയാണ് കല കലക്ക് വേണ്ടി എന്ന വാദത്തിന്റെ പ്രധാന അടിസ്ഥാനം.അതിന്റെ ആസ്വാദന തലത്തിനപ്പുറം സാമൂഹികമോ രാഷ്ട്രീയമോ ആയ പ്രതിബദ്ധത കലകളിൽ വേണ്ടതില്ല എന്നത് ഈ മേഖലയിലെ ഒരു പ്രധാന വാദമാണ്. ഇതിൽ നിന്ന് കലാവിഷ്ക്കാരങ്ങൾ സാമൂഹിക പ്രതിബദ്ധതയുടെ പര്യായം തന്നെയായി മാറുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. സാമൂഹിക രാഷ്ട്രീയ വിമർശനങ്ങൾക്ക് കലയുടെ സർഗാത്മകതയെ ഉപയോഗപ്പെടുത്തുന്ന ഒരു രീതി ഇന്ന് പ്രബലമാണ്.
നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികളെ രോഗികളായി ചിത്രീകരിച്ചു കുടുംബക്കാർ മുതൽ നാട്ടുകാരും സർക്കാരുകളും വരെ നടത്തിയ വെറുപ്പ് കലർന്ന മാറ്റിനിർത്തലുകളിൽ ഉള്ളുലഞ്ഞ ഓരോ പ്രവാസിയുടെയും വിയോജനക്കുറിപ്പാണ് WHYറUS.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസന/സാമ്പത്തിക/സമൂഹിക/സാംസ്കാരിക മേഖലകളിലെ പ്രവാസികളുടെ സംഭാവനകൾക്കുമേൽ മണ്ണ് വാരിയിട്ട് കൊണ്ട് മാത്രമേ ഇത്തരം വെറുപ്പിന്റെ ആഖ്യാനം സാധ്യമാകുകയുള്ളൂ എന്ന് പറഞ്ഞുവെക്കുകയാണ് Whyറus.
ഗൾഫ് പണം കൃത്യമായി നമ്മുടെ നാട്ടിലെ സമ്പദ് വ്യവസ്ഥയെ ഏത് അർത്ഥത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള അറിവിന്റെ അഭാവവും നമ്മളിൽ ഉണ്ട്. ഏകദേശം പ്രതിവർഷം 400 കോടിയാണ് കേരളത്തിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ തോത്. ഇതിനെ മറച്ചുവെച്ചു കൊണ്ടോ കണ്ടില്ലെന്ന് നടിച്ചു കൊണ്ടോ നമ്മൾ ഇപ്പോൾ ഉല്പാദിപ്പിക്കുന്ന പ്രവാസികളോടുള്ള വെറുപ്പ് യഥാർത്ഥത്തിൽ ‘പ്രബുദ്ധ മലയാളി’യുടെ വരേണ്യ ബോധത്തിന്റെ പ്രതിഫലനമാണ്. ഇതിലെ ഒരു വരി ഇങ്ങനെ;
“പണമില്ല പണിയില്ല വീട്ടിലാണ് ഞാനും നീയും”
ഒരു പ്രവാസിക്കോ നാട്ടിലുള്ള മറ്റുള്ളവർക്കോ പണിയും പണവും ഇല്ലാതെ ഇരുകൂട്ടരും ഒരുപോലെയാണ് എന്ന് വരുമ്പോഴും പ്രവാസിയുടെ മുകളിൽ ആധിപത്യ ഭാഷയിൽ സംസാരിക്കാൻ ഇവിടെയുള്ള തദ്ദേശീയനെ പ്രേരിപ്പിക്കുന്നത് നേരത്തെ സൂചിപ്പിച്ച വരേണ്യ ബോധ്യവും പ്രവാസികളുടെ കേരള നിർമാണത്തെ കുറിച്ചുള്ള അജ്ഞതയുമാണ്. ഇവിടെ ജീവിക്കുന്നു എന്നതുകൊണ്ട് മാത്രം തങ്ങൾക്ക് പ്രവാസികളെക്കാൾ കേരളത്തിന് മുകളിൽ എന്തോ ‘അധികാവകാശം’ ഉണ്ട് എന്ന തോന്നലാണ് സ്വന്തം വീട്ടിൽ പോലും കയറാൻ അനുവദിക്കാത്ത വിധത്തിൽ ഒരു പ്രവാസിയെ ഇന്ന് ദുരിതത്തിലാക്കുന്നത്. അതോടൊപ്പം, ഇവിടെ പണിയെടുക്കുന്ന മനുഷ്യൻ ഇവിടെയുള്ള ഉൽപാദന വ്യവസ്ഥയെ ആശ്രയിച്ചുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുമ്പോൾ ഒരു പ്രവാസി ഇതര രാഷ്ട്രങ്ങളിൽ പണി എടുക്കുന്നതിലൂടെ നമ്മുടെ ഉൽപാദന വ്യവസ്ഥക്ക് പുറത്തുള്ള വിശാലമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഉൽപാദനവും അതിജീവനവും സാധ്യമാക്കുന്നത്. ഇത് പണം എന്നതുപോലെ തന്നെ കേരളത്തിന്റെ ഉൽപാദന, വികസന,നിർമാണ മേഖകളിൽ പുതിയ മാതൃകകളെ പരിചയപ്പെടുത്തുന്നു. ഇന്നത്തെ കേരള നിർമാണത്തെ കുറിച്ച് അല്പം ധാരണയുള്ള ഏതൊരാളും സമ്മതിക്കുന്ന ഒരു സംഗതിയാണ് ഇത്. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളുടെ വിവിധ വികസന പരിപാടികളിൽ അവരോടൊപ്പം പ്രവാസി മേഖലകളിലെ പ്രമുഖർ സ്ഥിരം സാന്നിധ്യമായി കാണപ്പെടുന്നതും പ്രവാസിയുടെ പ്രസക്തിയെ വെളിപ്പെടുത്തുന്നതാണ്.
ഇങ്ങനെ ചരിത്രപരമായി നിലനിൽക്കുന്ന ഒട്ടനവധി യാഥാർഥ്യങ്ങളെ തിരസ്കരിച്ചുകൊണ്ടാണ് ഇന്ന് പ്രവാസികളോട് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു മനോഭാവം നമ്മൾ നിർമിക്കുന്നത്. ഇത്തമൊരു മനോനിലയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഈ റാപ് സംഗീതം കടന്നു വരുന്നത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ശ്രദ്ധേയമായ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ കണ്ണൂർ ഘടകമാണ് ഇത് നിർമിച്ചത് എന്നത് രാഷ്ട്രീയമായി ഇതിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.