പുതിയ മര്‍ദനോപകരണമാകുമോ ദേശീയ വിദ്യാഭ്യാസ നയം?

ദേശീയ വിദ്യാഭ്യാസ നയത്തിന് കിട്ടിയ കാബിനറ്റ് അംഗീകാരം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 34 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ നവീകരിക്കാനുള്ള ഒരു നയം പുറപ്പെടുവിക്കുന്നത്. 2017ൽ ഡോ. കസ്തൂരിരംഗൻ മേധാവി ആയിട്ടുള്ള സമിതിയാണ് പുതിയ നയം രൂപീകരിച്ചത്. 2019ൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ട് ഇറക്കിയ കരടുരേഖ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും വിമർശനങ്ങളും, അഭിപ്രായങ്ങളും ആകർഷിച്ചിരുന്നു. അത്തരം നിർദേശങ്ങൾ ഒന്നും അത്ര മുഖവിലക്ക് എടുക്കാതെയാണ് കേന്ദ്രം വിദ്യാഭ്യാസ നയത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

അന്ന് ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്നങ്ങളായ  പുതിയ ഭാഷാനയം, പൊള്ളയായ മെറിറ്റ്‌ വാദങ്ങൾ, സംവരണം പോലെയുള്ള ഭരണഘടനാ സംവിധാനങ്ങളെ കുറിച്ചുള്ള പരാമർശം ഇല്ലായ്മ, ഇന്ത്യൻ ഫെഡറൽ തത്വങ്ങളെ തന്നെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്രത്തിന്റെ ഇടപെടലുകൾ എന്നിവ പൂർത്തിയായ രേഖയിലും സ്ഥാനം പിടിച്ചിട്ടുണ്ട് എന്നുകാണാം. 

എങ്കിലും ഈ പ്രത്യക്ഷ പ്രശ്നങ്ങൾക്ക് അപ്പുറം ഇതിൻറെ ഉള്ളടക്കത്തെക്കുറിച്ച് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഊന്നിക്കൊണ്ട് ഒരു ചർച്ച ആവശ്യമുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസം, കോവി ഡ്  19, ഇൻറർനെറ്റ് അവകാശം

കോവിഡ് എന്ന മഹാമാരിയുടെ വ്യാപനവും, മരണനിരക്കുകളിൽ ഉള്ള വർധനവും ലോകത്തെ ആകെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. മരണനിരക്ക് എങ്ങനെ പിടിച്ചുകെട്ടാം എന്ന ഓട്ടപാച്ചിലിലാണ് ശാസ്ത്രലോകം. കോവിഡിന്റെ വ്യാപനത്തോട് കൂടി പല രാജ്യങ്ങളും പൂർണമായ ലോക്ഡൗണിലേക്ക് പോയതോടെ, വിദ്യാർഥികളുടെ ഭാവി അനിശ്ചിതതിലായിരിക്കുകയാണ്. UNESCO യുടെ കണക്ക് പ്രകാരം ഏകദേശം ഒരു ബില്യനിലും അധികം (68%) വിദ്യാർഥികൾ ക്ലാസ്സ്മുറികൾക്ക് പുറത്താണ്. സൂമും (Zoom) ഗൂഗിൾ മീറ്റും പോലെയുള്ള ഓൺലൈൻ മാർഗങ്ങളുടെ സഹായത്താലാണ് വിദ്യാഭ്യാസ മേഖല മുന്നോട്ട് പോവുന്നത്.

ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. സമ്പത്ത് വിതരണത്തിന്റെ ഭീമമായ അസന്തുലിതാവസ്ഥയും ഡിജിറ്റൽ ഡിവൈഡും മറ്റും ഈ മാറിയ സാഹചര്യത്തിൽ അരുകവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് കൂടുതൽ കടമ്പകൾ തീർത്തിരിക്കുകയാണ്. കേരളം പോലെയുള്ള സാമൂഹ്യ വികസന സൂചികകൾ ഉയർന്ന സമൂഹത്തിൽ പോലും ആവശ്യത്തിന് പഠനസൗകര്യങ്ങൾ ഇല്ലാത്ത കാരണത്താൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഭീകരത വെളിവാക്കുന്നു.

ഓണ്‍ലൈന്‍ പാഠ്യരീതികളുടെ മഹത്വത്തെക്കുറിച്ചും, വിദ്യാഭ്യാസ സേവനങ്ങൾ എല്ലാവർക്കും നീതീപൂർവം ലഭ്യമാക്കുന്നതിൽ വിവരസാങ്കേതിക വിദ്യയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ നയം വാചാലമാവുന്നുണ്ടെങ്കിലും, ഇന്ത്യൻ യാഥാർഥ്യങ്ങൾ ഇതിന് എത്രത്തോളം വിലങ്ങുതടിയാണ് എന്നത് പഠിക്കേണ്ടി ഇരിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രത്തിന്റെ നീക്കവും, അതിനോടാനുബന്ധിച്ച് കശ്മീർ താഴ്വരയിൽ നടക്കുന്ന അവകാശലംഘനങ്ങൾക്കും ഒരാണ്ട് പൂർത്തിയാവുന്ന ഈ വേളയിൽ, പുതിയ നയം എത്രത്തോളം പരിഹാസ്യമാണ് എന്നത് മനസ്സിലാവും.

ഇൻ്റർനെറ്റ് ഉപയോഗം എന്നത് മൗലികാവകാശങ്ങളുമായി രാജ്യത്തെ കോടതികൾ കൂട്ടിവായിക്കുമ്പോഴും, ഭരണകൂടം അതിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഇൻ്റർനെറ്റ് വിലക്കിയ നൂറിലേറെ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായി. ഇതിൽ ബഹുഭൂരിപക്ഷവും കശ്മീർ താഴ്വരയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇൻ്റർനെറ്റ് ഷട്ട്ഡൌൺ ട്രാക്കർ (Internet Shutdown Tracker) പോലുള്ള സംഘടനകൾ നടത്തിയ പഠനത്തിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തുന്ന ജനാധിപത്യ രാജ്യങ്ങളുടെ ലിസ്റ്റിൽ ആദ്യത്തിലാണ് ഇന്ത്യയുടെ സ്ഥാനം. കശ്മീർ ജനതയെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ എന്ന വ്യാജേന നടത്തിയ ആർട്ടിക്കിൾ 370 അസാധുവാക്കൽ പക്ഷെ തീർത്തും അവരെ ഒറ്റപ്പെടുത്തുന്നതിലേക്കാണ് നീങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് വിലക്ക് ഇപ്പോഴും പൂർണമായും മാറിയിട്ടില്ല എന്നത് ഇന്ത്യയുടെ ജനാധിപത്യ ആശയങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കുട്ടികൾ ഓൺലൈനിൽ വെബിനാറും ക്ലാസുകളും പങ്കെടുത്ത് അവരുടെ പഠനം മുന്നോട്ട് കൊണ്ട് പോവുമ്പോൾ, കശ്മീരിലെ കുട്ടികൾ ഹൈ സ്പീഡ് ഇന്റർനെറ്റിന്റെ അഭാവത്തിൽ ഇരുട്ടിൽ തപ്പുകയാണ്.

രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അഡ്മിഷൻ അപേക്ഷിക്കാൻ കഴിയാതെയും, പരീക്ഷകൾക്ക് പങ്കെടുക്കാൻ കഴിയാതെയും, അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ കൈയ്യൊഴിയേണ്ട അവസ്ഥയിലാണ് ഉള്ളത്. 

ആർട്ടിഫിഷ്യൽ ഇന്റലിജെൻസും (AI), മെഷീൻ ലേണിങ്ങും, ബ്ലോക്ക് ചെയ്‌നും അടക്കമുള്ള സാങ്കേതികതകളെക്കുറിച്ച പരാമർശങ്ങൾ കൊണ്ട് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് ശോഭനമായ വാഗ്ദാനങ്ങൾ നൽകുമ്പോഴും, ഇതൊക്കെ പ്രാവർത്തികമാക്കാൻ ബാധ്യസ്ഥമായ ഭരണകൂടം സ്വന്തം പൗരന്മാരുടെ മൗലികാവകാശങ്ങൾ പോലും ഹനിക്കുന്ന നടപടികളിൽ മുഴുകി ഇരിക്കുകയാണ്.

സംസ്കൃതവും ഭാഷാനയവും

ബിജെപിയുടെ അജണ്ട ഏറ്റവും കൂടുതൽ വെളിവാകുന്നത് വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന ഭാഷാ വിഷയത്തിലാണ്. 60കളിൽ തുടങ്ങിയ ത്രിഭാഷ പദ്ധതി തുടരാൻ തീരുമാനമായെങ്കിലും, 5ആം ക്ലാസ് വരെ നിർബന്ധമായും, 8ആം തരം വരെ സാധ്യമെങ്കിലും അധ്യയനം മാതൃഭാഷയിൽ തന്നെ ആവണം എന്ന നിബന്ധന അത്ര നിഷ്കളങ്കമല്ല. ഇംഗ്ലീഷ് പോലെയുള്ള ലോകഭാഷ എന്നത് പാർശ്വവത്കൃത ജനവിഭാഗങ്ങൾക്ക് പലവിധ അവസരങ്ങളിലേക്കും സാധ്യതകളിലേക്കുമുള്ള വാതിലാണ്. പല ആദ്യ ജെനറേഷൻ വിദ്യാർത്ഥികൾക്കും സ്‌കൂൾ അല്ലാതെ ഇംഗ്ലീഷ് പഠിക്കാൻ മറ്റ് അവസരങ്ങൾ ഉണ്ടായിക്കൊള്ളണം എന്നില്ല. ഭാഷ സ്വായത്തമാക്കാൻ ഏറ്റവും സാധ്യതയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം കേവലം മാതൃഭാഷയിൽ മാത്രം അധ്യയനം ആയാൽ അത് ഇത്തരം വിദ്യാർത്ഥികൾക്ക് ഭാവിയിൽ ഉണ്ടാക്കുന്ന അവസരനഷ്ടം ചെറുതായിരിക്കില്ല. വരേണ്യ പരിസരങ്ങളിൽ നിന്നും വരുന്നവർക്ക് വീടുകളിൽ നിന്നും, സൗഹൃദ കൂട്ടായ്മകളിൽ നിന്നും ഭാഷ പഠിച്ച് മുന്നേറാനുള്ള അവസരം ഉണ്ടാവുമ്പോൾ അത് ലഭിക്കാതെ പോവുന്ന കുട്ടികളുടെ ഭാവി ഇരുട്ടിലാവും.

ഭരണഘടനയുടെ ഷെഡ്യൂളിൽ പരാമർശിക്കപ്പെട്ട അനേകം ഭാഷകളിൽ ഒന്നുമാത്രമായ സംസ്കൃതതിന് മറ്റ് ഭാഷകളെക്കാൾ പ്രാധാന്യം ലഭിക്കുന്നത് പുതിയ നയം പരിശോധിച്ചാൽ കാണാം. സവർണ ബ്രാഹ്മണ ഭാഷയായ, ആഗ്രഹാരങ്ങളിൽ മാത്രം ഒതുങ്ങി നിന്ന, ദളിതർക്ക് അഭ്യസിക്കാൻ അനുവാദമില്ലാതിരുന്ന, വികാസമില്ലാതെ ചരമം അടഞ്ഞ ഒരു ഭാഷയെ ഗവണ്മെന്റിന്റെ രാഷ്ട്രീയ -മത അജണ്ടകൾക്ക് വേണ്ടി മൊത്തം ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിലേക്ക് കുത്തിവെക്കുന്നതിൻറെ സൂചനകൾ വെളിവാകുന്നുണ്ട്.

ഗവേഷണവും മേൽനോട്ടവും

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) സ്ഥാപിക്കാനുള്ള നിർദേശമാണ് മറ്റൊരു സംഗതി. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട മാർഗനിർദേശം, ഫണ്ടിങ്ങ് എന്നിവയ്ക് വേണ്ടിയാണ് ഈ ഫൗണ്ടേഷൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഗവേഷകരെ ഗവണ്മെന്റും, വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മറ്റൊരു ഉദ്ദേശം. പാഠ്യപദ്ധതിയിലും, ഗവേഷണ മേഖലയിലും കേന്ദ്രം നടത്തുന്ന ഇടപെടലുകളുടെ വെളിച്ചത്തിൽ ഈ നിർദേശം ആശങ്ക ഉളവാക്കുന്നുണ്ട്. ഗവേഷണ മേഖലകൾ രാജ്യതാൽപര്യങ്ങൾക്ക് അനുകൂലമായിരിക്കണം എന്ന കേന്ദ്രത്തിന്റെ നിർദേശം കഴിഞ്ഞ വർഷം ഭയങ്കര കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. വലതുപക്ഷ, വർഗീയ അജണ്ടകൾ ഉള്ള ബിജെപി ഗവണ്മെന്റിന്റെ രാജ്യതാല്പര്യങ്ങൾ എന്താണ് എന്നത് ആർക്കും ഊഹിക്കാവുന്നതെ ഉള്ളു.

ഓരോ സ്ഥാപനങ്ങൾക്കും സുഗമമായി പ്രവർത്തിക്കാൻ തക്കതായ അധികാര വികേന്ദ്രികരണത്തെക്കുറിച്ചൊക്കെ പദ്ധതി പറയുന്നുണ്ടെങ്കിലും, ഇങ്ങനെ ഒരു മേൽനോട്ട സമിതി മൌലികമായ ഗവേഷണങ്ങൾക്ക് വിലങ്ങുതടി ആവാനാണ് സാധ്യത.

സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ അടക്കം എല്ലാ സ്ഥാപനങ്ങളിലെയും ഗവേഷണം ഇനിമുതൽ ഈ ഫൗണ്ടേഷന്റെ കീഴിൽ വരുന്നതോട് കൂടി, കേന്ദ്രത്തിന് അനുകൂലമായ ഗവേഷണങ്ങൾക്ക് മാത്രം ഫണ്ടുകൾ അനുവദിക്കാനുള്ള സൗകര്യം ലഭിക്കും. ഇത് ഇന്ത്യയിലെ ഗവേഷണമേഖലയെ അപ്പാടെ തകിടം മറിക്കാൻ ഉതകുകയെ ഉള്ളു.

ഇന്റർഡിസിപ്ലിനറി പഠനങ്ങൾക്ക് ഊന്നൽ നൽകുന്നുണ്ടെങ്കിലും, അതിന്റെ വിശദീകരണം തീർത്തും നിരാശജനകമാണ്. മെഡിക്കൽ ശാസ്ത്ര മേഖലകളെ മറ്റ് ചികിത്സാ പദ്ധതികളുമായി കൂട്ടി യോജിപ്പിക്കാൻ വേണ്ടിയുള്ള ആഹ്വാനമാണ് ഇതിന്റെ കാതൽ.  യോഗ, ആയുർവേദ തുടങ്ങിയ “ആർഷ ഭാരത” ചരക്കിന്റെ രാഷ്ട്രീയ-വാണിജ്യ താൽപര്യങ്ങൾക്ക് കൂടുതൽ മൈലേജ് നൽകാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഇതോടൊപ്പം തന്നെ വിദ്യാഭ്യാസം കൂടുതൽ സ്വകാര്യവത്കരണത്തിന് ഉതകുന്ന തരത്തിലുള്ള നിർദേശങ്ങളും പുതിയ നയത്തിൽ കാണാം. പ്രത്യക്ഷത്തിൽ സ്വകാര്യവത്കരണത്തിന് എതിരെ സംസാരിക്കുന്നുണ്ടെങ്കിലും, Philanthropic and Private sector എന്ന പഴുത്‌ ഉപയോഗിച്ച് സ്വകാര്യവത്കരണത്തിന് വാതിൽ തുറന്നിടുകയാണ് ചെയ്യുന്നത്. ചാരിറ്റി ഉദ്യേശത്തിൽ തുടങ്ങുന്ന വിദ്യാലയങ്ങൾക്ക് കൂടുതൽ സ്വയംഭരണം അനുവദിച്ച് കൊണ്ട് മൂലധനത്തിന്റെ സ്വാധീനം സ്കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ ഉള്ള ശ്രമങ്ങളക്കും പുതിയ നയം നടപ്പാക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ, പൗരന്മാരുടെ മൗലികാവകാശങ്ങൾ വകവെച്ച് കൊടുക്കാതെ രാജ്യത്തെ അധ്യാപകർക്കും, ആക്ടിവിസ്റ്റുകൾക്കും എതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിൽ വ്യാപൃതരായ സർക്കാരിന്റെ കീഴിൽ ഈ വിദ്യാഭ്യാസ നയം വെറുമൊരു മർദകോപകരണമായി മാറും എന്നതാണ് ഏറ്റവും വലിയ ആശങ്ക. 

By സഫ്വത് അഹ്‌സന്‍

Independent Researcher