പത്ര സ്വാതന്ത്ര്യം അടിച്ചമർത്തൽ; ആശയങ്ങളോടാണ് യുദ്ധം

ജമ്മു-കാശ്മീരിലെ ശ്രീനഗറില്‍ ഒക്ടോബര്‍ 2019 ലെ ഒരു വൈകുന്നേരം. ഒരു പലഹാരക്കച്ചടക്കാരന്‍ മസാല്‍ (വേവിച്ച കടല കൊണ്ടുള്ള കാശ്മീരി വിഭവം) പൊതിയുകയാണ്. പത്രക്കെട്ടുകള്‍ക്കിടയില്‍ നിന്നയാള്‍ ഒരു പ്രാദേശിക ഉര്‍ദു പത്രം പൊതിയാനായി വലിച്ചെടുത്തു. കസ്റ്റമര്‍ ഒരു പ്രസിദ്ധനായ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമെന്നോട് പറഞ്ഞു: ‘അയാളെനിക്കത് തരാനൊരുങ്ങുകയായിരുന്നു, പക്ഷേ, പെട്ടെന്ന് എന്തോ ഒന്ന് അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാക്കി. അയാളാ പത്രക്കടലാസ് ചുരുട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു, ഈ സമയത്ത് അവരെഴുതിപ്പിടിച്ചത് കണ്ടില്ലേ, പലഹാരം പൊതിയാന്‍ പോലും ഇതൊന്നും കൊള്ളില്ല.” ആ വൃദ്ധനായ കച്ചവടക്കാരന്റെ വികാരം മനസിലാക്കാവുന്നതേയുള്ളൂ. പ്രാദേശിക പത്രങ്ങളെല്ലാം സര്‍ക്കാര്‍ ഭാഷ്യം അതേപടി അച്ചടിച്ചുവെച്ചും, ബാക്കിഭാഗത്ത് ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത കാഫ്കയുടെ നോവലിന്റെ ഭാഗങ്ങളോ, പാചകവിധിയോ മറ്റോ കൊണ്ട് നിറച്ചിരിക്കുകയാണ്.

ഒരു പത്രം ഒരു രാഷ്ട്രത്തിന്റെ നാവാവുകയാണെങ്കില്‍, ആ തെരുവ് കച്ചവടക്കാരന്‍ വലിച്ചെറിഞ്ഞ കടലാസ്, ഒരു പരാജയപ്പെട്ട രാജ്യത്തിന്റെ, അത് കീഴടക്കിയ ജനതയോടുള്ള രാഷ്ട്രീയ മൂകത പ്രസംഗിക്കലാണ്.

ആഗസ്റ്റ് അഞ്ചിന് ഹിന്ദു പരമാധികാര രാഷ്ട്രം റദ്ദുചെയ്തത് കശ്മീരിന്റെ പ്രത്യേക ഭരണഘടനാ- നിയമനിര്‍മാണാവകാശമാണ്. ഒപ്പം ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണവും സര്‍ക്കാരുദ്യോഗം നേടാനുള്ള നിരോധനവും എടുത്തു കളഞ്ഞിരിക്കുന്നു.

ഒരു ഇന്ത്യാവിരുദ്ധ വികാരം കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി നിലനില്‍ക്കുന്ന, ലഹളക്കുള്ള സാധ്യത എപ്പോഴുമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരിന്റെ തെരുവുകള്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പാരാമിലിട്ടറി സേന കൈയ്യടക്കി വെച്ചിരിക്കുന്നു. അര മില്യണോളം വ്യത്യസ്ത സേനാവിഭാഗങ്ങള്‍ താഴ് വരയില്‍ വിന്യസിക്കപ്പെട്ടു. ഇന്റര്‍നെറ്റും ടെലിഫോണുമെല്ലാം വിഛേദിക്കപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാറുമായി ഭിന്നിച്ചുനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളടക്കം ആഗസ്റ്റ് അഞ്ചിനു മുമ്പും ശേഷവുമായി ഏതാണ്ട് ഏഴായിരത്തോളം പേര്‍ അറസ്റ്റു ചെയ്യപ്പെട്ടു.

ഒരു ദേശത്തെ ഭരണഘടന മറ്റൊരു ഭരണഘടനയാല്‍ അട്ടിമറിക്കപ്പെട്ടു. ഒരേയൊരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്തിന്റെ പ്രത്യേകമായ ഭരണഘടനാവകാശങ്ങളില്‍ ഒരുകാലത്തും സ്വസ്ഥതയുണ്ടാകാതിരുന്ന ആളുകളുടെ പാര്‍ട്ടി, ബിജെപി അവസരമൊത്തപ്പോള്‍ എല്ലാ അര്‍ഥത്തിലും കാശ്മീരിനെ ഇന്ത്യയോട് വിളക്കിച്ചേര്‍ത്തു. 2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് പേരിലെങ്കിലും കാശ്മീര്‍ ഒരു സ്വയംഭരണ പ്രദേശമായിരുന്നു. ആഗസ്റ്റ് അഞ്ചിനു ശേഷം ഇതൊരു അധിനിവേശ കോളനിയായി മാറി. എന്നിട്ടിപ്പോള്‍, ആഗോള- ദേശീയ- പ്രാദേശിക മാധ്യമങ്ങളെല്ലാം ചേര്‍ന്ന് പേരിനുപോലും സ്വാതന്ത്ര്യമില്ലാത്ത ഒരിടത്ത് ഊര്‍ജിതമായി പുതിയൊരു ആവാസവ്യവസ്ഥ പണിയുകയാണ്.

പത്രസ്വാതന്ത്ര്യത്തിനു വിലങ്ങ്

കശ്മീരി മാധ്യമങ്ങള്‍ എക്കാലത്തും ഇന്ത്യന്‍ സര്‍ക്കാരുകളുടെ ഉന്നമായിരുന്നു, പ്രത്യേകിച്ച് രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ ഘട്ടങ്ങളില്‍. രണ്ടു വര്‍ഷം മുമ്പ് കശ്മീര്‍ താഴ്വരയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം, ഗ്രേറ്റര്‍ കശ്മീരിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി ഞാന്‍ ജോലി ചെയ്യുന്ന സമയത്താണ് ഒടുവിലത്തെ കുരുക്കുണ്ടായത്. 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ആസിയ അന്തറബിയെന്ന ഒരു വനിതാ വിപ്ലവ നേതാവിന്റെ ഇന്റര്‍വ്യൂവിന്റെ എഡിറ്റു ചെയ്യാത്ത കോപ്പി എത്തിച്ചു നല്‍കാന്‍ ഇന്ത്യയിലെ എന്‍ഐഎ ആവശ്യപ്പെട്ടു. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ഉടമയുമായിരുന്ന അദ്ദേഹമത് എതിര്‍പ്പൊന്നും കൂടാതെ സമ്മതിച്ചു. ആസിയ അന്തറബിയെ ഇന്റര്‍വ്യൂ ചെയ്ത ആഖിബ് ജാവേദെന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിനെ മൂന്നു ദിവസം എന്‍ഐഎ അവരുടെ ഡല്‍ഹി ഹെഡ്ക്വാട്ടേഴ്‌സില്‍ ചോദ്യം ചെയ്യുകയുണ്ടായി. കോടതിയുത്തരവുണ്ടായിട്ടും ആഖിബിന്റെ ഫോണ്‍ വിട്ടുകിട്ടിയില്ല. ഒരു ഡസനോളം വിപ്ലവ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ‘തീവ്രവാദ ഫണ്ടിങ്’ന്റെ പേരില്‍ അറസ്റ്റു ചെയ്യാനുള്ള നൂലായി ആ ഇന്റര്‍വ്യൂ മാറി. ആസിയ അന്തറബിയും അതിലൊരാളായിരുന്നു. ആ ഫ്രീലാന്‍സ് റിപ്പോട്ടര്‍ക്ക്, പലപ്പോഴും ഒരു ശിക്ഷ എന്ന നിലക്കുള്ള ഇന്ത്യന്‍ പോലീസ് സംവിധാനത്തിന്റെ നീണ്ട വിചാരണക്കിരയാകാന്‍ ഇന്റര്‍വ്യൂവിന്റെ എഡിറ്റുചെയ്യാത്ത കോപ്പി കൈമാറിയതിലൂടെ കാരണമായി. ഈ ശിക്ഷകളിതു കൊണ്ടവസാനിക്കുന്നില്ലെന്നും തങ്ങള്‍ നിരീക്ഷിപ്പെടുകയാണെന്നും പത്രത്തിനു ബോധ്യമായി. സെല്‍ഫ് സെന്‍സര്‍ഷിപ്പില്‍ ശ്രദ്ധകൊടുത്തു. എല്ലാ ദിവസത്തെയും പ്രധാന സ്റ്റോറികള്‍ ബോസ് അവസാനവരി വരെ വായിക്കാന്‍ തുടങ്ങി. വരികള്‍ക്കപ്പുറവും. ഇന്ത്യന്‍ സര്‍ക്കാര്‍ ‘തെറ്റായി’ വായിക്കാന്‍ സാധ്യതയുള്ളവയെല്ലാം തേച്ചുമിനുക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ ഇംഗിതത്തിനനുസൃതമായി പത്രത്തിന്റെ സ്റ്റൈല്‍ ഷീറ്റ് വരെ മാറ്റിയെഴുതപ്പെട്ടു. പ്രാധാന്യം അര്‍ഹിക്കുന്ന വാര്‍ത്തകള്‍ ഉള്‍പ്പേജുകളിലേക്ക് നീക്കപ്പെട്ടു. കുറേ ലേഖകരോട് കാശ്മീരും കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളെഴുതുമ്പോള്‍ സംയമനം പാലിക്കാനും, പോകെപ്പോകെ എഴുത്ത് നിര്‍ത്തിവെക്കാനും നിര്‍ദേശിക്കപ്പെട്ടു.

‘സാഹചര്യം ഭീതിപ്പെടുന്നതാണെന്ന സത്യം നിങ്ങളുടെ തലയില്‍ കേറാന്‍ എന്താണിത്ര ബുദ്ധിമുട്ട്? കാശ്മീര്‍ നോര്‍ത്ത് കൊറിയയാണ്,’ ബോസ് ഒരിക്കല്‍ കോപ്പി എഡിറ്ററോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചോടെ തന്നെ പ്രാദേശിക സര്‍ക്കാറിന്റെ പരസ്യങ്ങളെല്ലാം ഗ്രേറ്റര്‍ കാശ്മീരില്‍ നിന്നും അതിന്റെ ഉര്‍ദു എഡിഷനായ കശ്മീര്‍ ഉസ്മയില്‍ നിന്നും പുറന്തള്ളപ്പെട്ടു. 2016ലെ കുഴപ്പങ്ങളും ബുര്‍ഹാൻ വാനിയുടെ കൊലപാതകവുമൊക്കെത്തുടര്‍ന്ന് മൂന്നുമാസം നിരോധിക്കപ്പെട്ട കാശ്മീര്‍ റീഡറെന്ന ഇംഗ്ലീഷ് പത്രത്തില്‍ നിന്നും പരസ്യങ്ങള്‍ നീക്കപ്പെട്ടു. (ഞാനതിന്റെ എഡിറ്ററായിരുന്നു).

രണ്ടു പത്രങ്ങളുടെയും ഉടമകളെ 2019 ജൂലൈയില്‍ എന്‍ഐഎ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ദിവസങ്ങളോളം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ചോദ്യംചെയ്യലുകള്‍ അത്രമേല്‍ മാനസികമായി തളര്‍ത്തുകയും തകര്‍ത്തുകയും ചെയ്യുന്നവയാണെന്നെനിക്ക് ബോധ്യമായി.

ഞാനടക്കം രണ്ട് മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഗ്രേറ്റര്‍ കാശ്മീരില്‍ നിന്നും മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം വൈകാതെ പുറത്തായി. ‘സ്ഥിരജോലി’ക്ക് ശമ്പളം നല്‍കാനുള്ള സാമ്പത്തികമായ ശേഷി ഇപ്പോള്‍ കമ്പനിക്കില്ലെന്നും, നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ വീട്ടില്‍ നിന്ന് ജോലികള്‍ ചെയ്ത് തരാവുന്നതാണെന്നുമാണ് ഞങ്ങളോടവര്‍ പറഞ്ഞത്. ഞങ്ങളാ ഓഫര്‍ മാന്യമായി നിരസിച്ചു, രാജി വെച്ചു.

ജനാധിപത്യ ശബ്ദങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കി, വൈകാതെ തന്നെ ജനങ്ങളുടെ മേലുള്ള അധിനിവിശേത്തിന്റെ പരകോടിയിലേക്ക് കാര്യങ്ങള്‍ കടന്നു. ആഗസ്റ്റിലെ കൂട്ടിച്ചേര്‍ക്കലുകളുടെ ഭാഗമായി അറസ്റ്റുകളും, സേനാവിന്യാസവും, ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കലുമെല്ലാം തുടങ്ങി. ആഗസ്റ്റ് അഞ്ചിനു ശേഷം ആ രണ്ട് പത്രങ്ങളും പിടിച്ചടക്കപ്പെട്ട സ്വത്തുക്കളായി മാറി. എഡിറ്റോറിയല്‍ പേജും ഒപിനിയന്‍ പേജുമെല്ലാം കാണാതായി. ഗവണ്‍മെന്റിന്റെ ഒരു മുന്‍ വിവരാവകാശ വകുപ്പുദ്യോഗസ്ഥന്‍ ആഗസ്റ്റിലെ ‘ഐതിഹാസികമായ’ സംഭവത്തെക്കുറിച്ച് ഗ്രേറ്റര്‍ കശ്മീരില്‍ ലേഖനം എഴുതി. ഇന്ത്യയുടെ നടപടികളോടുള്ള വിമര്‍ശനങ്ങളെ പരിഹസിക്കുന്ന ഒരു ലേഖനം.

കശ്മീരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ബാക്കി 170ഓളം പത്രങ്ങളും മാഗസിനുകളും വരുതിക്ക് വരാന്‍ പിന്നെ ബലപ്രയോഗമൊന്നും വേണ്ടിവന്നില്ല. മറ്റൊരു ഇംഗ്ലീഷ് പത്രത്തിന്റെ ഉടമ അതിന്റെ എഡിറ്റോറിയല്‍ സ്റ്റാഫിനോട് പത്രപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവരൊക്കെ വീട്ടിലിരുന്നാല്‍ മതിയെന്ന് പറഞ്ഞതില്‍ നിന്നും പത്രപ്രവര്‍ത്തനത്തിന്റെ മുന്തിരിച്ചാറ് നുണയാന്‍ ഞാന്‍ പഠിച്ചു.

പത്രപ്രവര്‍ത്തനമല്ലെങ്കില്‍ അവര്‍ വേറെയെന്താണ് ചെയ്യുക? അത് പലപ്പോഴും ഒരു അതിജീവനകലയുമാണല്ലോ. അനുസരിക്കാത്തവരുടെയെല്ലാം അതിജീവനം പ്രശ്‌നത്തിലാക്കുകയായിരുന്നു പുതിയ രാഷ്ട്രീയ ക്രമം. വിയോജിപ്പിന്റെ എല്ലാ രൂപങ്ങളും കുറ്റകൃത്യമായി മാറി. വിയോജിക്കാനുള്ള സാധ്യതകള്‍ വിദൂരത്തായി.

ജമ്മു-കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടെന്ന നിരോധിത സംഘടനയുടെ പ്രസ്താവന ഒരു വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും എന്റെ സുഹൃത്തുമായ നസീര്‍ അഹ്മദ് ഗനായുടെ മേല്‍ 2020 ഫെബ്രുവരിയില്‍ തീവ്രവാദ വിരുദ്ധ നിയമം ചുമത്തപ്പെട്ടു. ജനങ്ങളെ പീഡിപ്പിക്കുന്നതില്‍ കുപ്രസിദ്ധമായ ഒരു പോലീസ് കേന്ദ്രത്തില്‍ വെച്ചദ്ദേഹത്തെ ആറു മണിക്കൂറോളം ചോദ്യം ചെയ്തു. നരേന്ദ്രമോഡി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന പല സര്‍ക്കാറുകളും 1990ല്‍ സായുധ പ്രക്ഷോഭത്തിന്നിറങ്ങിയ, എന്നാല്‍ 1994 മുതല്‍ ആയുധമില്ലാതെ സമാധാനപരമായി സമരം ചെയ്തുവന്ന JKLFമായി സന്ധിസംഭാഷണങ്ങള്‍ നടത്താറുണ്ടായിരുന്നു.

വര്‍ധിക്കുന്ന കൗശലങ്ങള്‍

ചരിത്രപരമായി നോക്കിയാല്‍, മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ നയങ്ങളാണ് കശ്മീരിലെ പത്രസ്വാതന്ത്ര്യത്തിന്റെ നിലവിലെ അടച്ചുപൂട്ടലിന് വേഗത്തില്‍ വഴിയൊരുക്കിയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഭരണത്തിലുണ്ടായിരുന്ന 2002-2008 കാലയളവില്‍ ഗ്രേറ്റര്‍ കാശ്മീരിനെതിരെ പോലീസ് ഫയല്‍ ചെയ്തത് ഡസനോളം കേസുകളാണ്. വന്‍പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ കൊടുത്തതിന്റെ പേരില്‍ ഗവണ്‍മെന്റ് പരസ്യങ്ങള്‍ നിഷേധിച്ചു. റിപ്പോട്ടര്‍മാരും ഫോട്ടോജേണലിസ്റ്റുകളും സംഭവസ്ഥലത്തുവെച്ച് ആക്രമിക്കപ്പെട്ടു. ഇവയെല്ലാം അടിച്ചമര്‍ത്തല്‍ തന്നെയാണെങ്കിലും, നിലവിലെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ രീതികളും കാശ്മീരിനു മേലുള്ള ദേശീയതാ വാദങ്ങളും ഒന്നുവേറെ തന്നെയാണ്.

ഉദാഹരണത്തിന്, ആയുധമെടുത്ത ഒരു കാശ്മീര്‍ യൂണിവേഴ്‌സിറ്റി അധ്യാപനെപ്പറ്റി ഫീച്ചര്‍ എഴുതിയതിന്റെ പേരിലോ ഇന്ത്യന്‍ സൈന്യത്തിന്റെ മനുഷ്യാവകാശ നിഷേധങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലോ കോണ്‍ഗ്രസ് കാലത്ത് നിങ്ങളെ ദേശവിരുദ്ധനായി മുദ്രകുത്തിയേക്കാം. ഇന്നാണെങ്കില്‍, ‘വിമതപോരാളികളെ പുകഴ്ത്തിയതിന്റെ’ പേരില്‍ നിങ്ങള്‍ക്കെതിരെ തീവ്രാവാദവിരുദ്ധ നിയമം ചുമത്തും. അതിനാല്‍ വിമതരെക്കുറിച്ചെഴുതാന്‍ പത്രങ്ങള്‍ ഒന്നു മടിച്ചേക്കും. വിമതപോരാളികള്‍ പോലീസിന്റെ നിരന്തര പീഡനം നിമിത്തം ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായതിനെക്കുറിച്ചും, എഞ്ചിനിയറിങും മറ്റും ഉപേക്ഷിച്ച് തോക്കെടുക്കേണ്ടി വന്നതിനെ കുറിച്ചും കൊല്ലപ്പെട്ട വിമതനെക്കുറിച്ച് കാശ്മീരി മാധ്യമങ്ങള്‍ ഫീച്ചറെഴുതുമായിരുന്നു. അവരുടെ കുടുംബങ്ങള്‍ സഹിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും അവരെഴുതുമായിരുന്നു. ഇനിയതുണ്ടാവില്ല. കശ്മീരിലെ നിലവിലെ മാധ്യമവേട്ടയുടെ സ്വഭാവം, അതിന്റെ മുന്‍കഴിഞ്ഞ ചെയ്തികളെ നിര്‍ത്തിവെപ്പിക്കാന്‍ പ്രേരിപ്പിക്കലാണ്.

കോണ്‍ഗ്രസ് കാലത്ത് വേട്ടയാടപ്പെടുന്ന ഒരു പത്രത്തിന്റെ ഉടമ, രാഷ്ട്രീയക്കാരെയോ ഇന്റലിജെന്‍സിനെയോ കണ്ട്, അനുനയിപ്പിച്ച് തലയൂരാന്‍ ശ്രമിക്കലായിരുന്നു. അല്ലെങ്കില്‍, കോടതി മുഖേന നിയമത്തിന്റെ വഴിക്കുള്ള പ്രതിരോധം, താരതമ്യേന സ്വതന്ത്രമായ പ്രതിരോധം. ഇന്ന് കാശ്മീര്‍ മാധ്യമങ്ങള്‍ക്ക് അനുനയനമായാലും പ്രതിരോധമായാലും വലിയ വിലയൊടുക്കേണ്ടിവരും. കാശ്മീരില്‍ ആഗസ്റ്റില്‍ വിഛേദിക്കപ്പെട്ട ഹൈസ്പീഡ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതിനുള്ള ഹരജിയുടെ മേല്‍ നടന്ന വാദത്തില്‍ നിന്നും സുപ്രീകോടതി ഒഴിഞ്ഞുമാറിയത് ഈയടുത്താണ്. നിരോധനമേര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തോട് തീരുമാനം ഒന്ന് പുനപരിശോധിക്കാന്‍ മാത്രമാണ് കോടതിയാവശ്യപ്പെട്ടത്. നിരോധനം ഇന്നും തുടരുന്നു.

നരേറ്റിവ് യുദ്ധം

കാശ്മീരിന്റെ രാഷ്ട്രീയ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ തുടക്കം മുതലേ പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് നിഴല്‍ യുദ്ധങ്ങളായി വ്യാഖ്യാനിച്ചതിന്റെ പാപഭാരം കോണ്‍ഗ്രസിനാണ്. പാകിസ്ഥാന്‍ സര്‍ക്കാര്‍ മാനിപുലേറ്റ് ചെയ്ത സോമ്പികളായി എട്ടുമില്യണ്‍ വരുന്ന കാശ്മീരി മുസ്‌ലിംകള്‍ ചിത്രീകരിക്കപ്പെട്ടു. കുറച്ചുകൂടി കടന്ന്, വ്യക്തികളെയും സ്ഥാപനങ്ങളെയും ദേശസ്‌നേഹികളെന്നും ചാരന്മാരെന്നും വേര്‍തിരിച്ചുതുടങ്ങുകയും ചെയ്തു. അതുപ്രകാരം, ഒരു ദേശീയ ചാനലില്‍ കാശ്മീര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതിനെ ന്യായീകരിക്കുന്ന മുന്‍പട്ടാളക്കാരന്‍ ദേശസ്‌നേഹിയും അരുന്ധതിറോയ് ദേശദ്രോഹിയുമായി മാറുന്നു.

ഇന്ത്യന്‍ മീഡിയയുടെ പ്രധാനപ്പെട്ടൊരു ആഖ്യാനം, കാശ്മീരി യുവാക്കള്‍ തൊഴിലില്ലായ്മ മൂലവും റാഡിക്കലൈസേഷന്‍ കാരണവും ആയുധമെടുക്കുകയാണ് എന്നായിരുന്നു(ബിജെപിയിതര സര്‍ക്കാര്‍ കാലത്ത്). കാശ്മീരികളുടെ എല്ലാതരം കര്‍തൃത്വങ്ങളെയും റദ്ദ് ചെയ്യുന്നൊരു ആഖ്യാനമായിരുന്നുവത്. വിമതനേതാക്കള്‍ ദിനേന ഏഴ് ഡോളര്‍ വീതം പ്രതിഫലം നല്‍കുന്നതുകൊണ്ടാണ് ഈ യുവാക്കള്‍ ഇന്ത്യക്കെതിരെയും സൈന്യത്തിനെതിരെയും പ്രക്ഷോഭം നയിക്കുന്നതെന്നാണ് ആ ആഖ്യാനം വരുത്തിത്തീര്‍ക്കുന്നത്. ഇന്ത്യന്‍ സേനയുടെ അവകാശനിഷേധങ്ങള്‍ക്കെതിരെ എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ പാകിസ്ഥാന്‍ ഏജന്റുകളായി മുദ്രകുത്തപ്പെടുകയും ചെയ്തകാലം.

രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള യഥാര്‍ഥ പോരാട്ടങ്ങളെ കളങ്കപ്പെടുത്തിയെന്നതിനു പുറമേ, മുസ്ലിംകളെയെല്ലാം വില്ലന്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള നരേന്ദ്രമോഡിയുടെ ആഖ്യാനനിര്‍മിതിക്ക് കോണ്‍ഗ്രസിന്റെ ഇത്തരം ആഖ്യാനങ്ങള്‍ ഊര്‍ജം പകരുകയും അത് നൂറുകണക്കിന് മില്യണ്‍ ഇന്ത്യക്കാരെ മോഡിക്ക് വോട്ട് കൊടുത്ത് അധികാരത്തിലേറ്റാന്‍ പ്രേരണായാവുന്നതിലുമാണവസാനിച്ചത്.

കാശ്മീരികളുടെ അതിയായ സ്വാതന്ത്ര്യഭിനിവേഷത്തിന് വിലങ്ങുതടിയാവാന്‍ കഴിഞ്ഞ ഈ പ്രതിവാദം, ലിബറല്‍ മാധ്യമങ്ങളുടെയും വലതുപക്ഷ ചിന്തകരുടെയും ആര്‍മി ജനറല്‍മാരുടെയും ആയുധമായി. ഇന്ത്യന്‍ ആര്‍മിയുടെ ഓപറേഷന്‍ ഗുഡ് വില്‍ വഴിയാണിത് നടപ്പാക്കിയത്, കശ്മീരി കുട്ടികളെ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ടൂറിനയക്കല്‍, ‘വ്യക്തിത്വ വികസന കേന്ദ്രങള്‍’ തുറക്കല്‍, മിനി ജലവൈദ്യുത പദ്ധതികളുടെ ആരംഭം പോലുള്ള കാര്യങ്ങള്‍. കഴിഞ്ഞ ആഗസ്റ്റ് വരെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ പോരാട്ടനേതാക്കളെ പലപ്പോഴായി ചാനലിലേക്ക് ക്ഷണിക്കുകയും, കാശ്മീരി ബുദ്ധിജീവികളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്നു.

ഖാസി ശിബിലി

കാശ്മീരി മനസുകളും ഹൃദയങ്ങളും ഒരിക്കലും കീഴടക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഹിന്ദു പരമാധികാര രാഷ്ട്രം അര്‍ദ്ധ-സൈനിക ഭരണത്തിന്റെ ഔപചാരികതളൊഴിവാക്കി. ആഗസ്റ്റ് അഞ്ചിലെ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് പത്രപ്രവര്‍ത്തകനായ ഖാസി ശിബിലിയെ 800 കിലോമീറ്റര്‍ ദൂരെയുള്ള ഉത്തര്‍പ്രദേശിലേക്ക് കടത്തി. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു മാസത്തിനു ശേഷമാണ് കുടുംബമറിയുന്നത്. ഈ വര്‍ഷം ഏപ്രില്‍ 25നാണ് അദ്ദേഹം മോചിതനാവുന്നത്. ‘ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ’ ഉയര്‍ത്തിക്കാണിക്കുന്ന ഫോട്ടോകളും, ‘ക്രിമിനല്‍ ഉദ്ദേശത്തോടുകൂടിയ ദേശവിരുദ്ധ’ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുവെന്ന കുറ്റം ചുമത്തി മസ്‌റത് സഹ്‌റയെന്ന യുവകാശ്മീരി ഫോട്ടോജേണലിസ്റ്റിനെതിരെ ഏപ്രില്‍ 18ന് തീവ്രവാദനിരോധന നിയമം ചുമത്തി.

ഞങ്ങളുടെ ഈ പുതിയ ജീവിതയാഥാര്‍ഥ്യത്തില്‍ പക്ഷെ പഴയ രീതികളൊന്നും പൂര്‍ണമായി ഒഴിവായിട്ടുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, പ്രത്യേക നിയമങ്ങള്‍ റദ്ദാക്കിയതിന് ഒരു മാസം പിന്നിട്ടപ്പോഴേക്ക് ഗ്രേറ്റര്‍ കശ്മീരില്‍ പരസ്യങ്ങള്‍ പുനപ്രസിദ്ധീകരിച്ചു തുടങ്ങി, കാരണം പത്രം സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തിയിരുന്നു. ഒരു പ്രാദേശിക പത്രവും അങ്ങിനെ പിന്നെ ചെയ്തിട്ടില്ല. ഇന്ന്, കശ്മീരിലെ വന്‍ സര്‍ക്കുലേഷന്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ പത്രങ്ങളും ഒരു അച്ചില്‍ വാര്‍ത്തതു പോലെയുള്ള വാര്‍ത്തകള്‍ കൊടുത്തുവരുന്നു.

സമാധാനം അഥവാ വിജനത

കശ്മീരിലെ ഏറ്റവും സ്വാധീനമുള്ള, പ്രഭാവമുള്ള പ്രാദേശിക മാധ്യമങ്ങളിന്ന് ഉറക്കംതൂങ്ങുകയാണ്. അവര്‍ക്ക് സുഖകരമായ അവസ്ഥയില്‍ അവര്‍ കഴിയുന്നു. ഈ വര്‍ഷം ജനുവരിയില്‍ കശ്മീരില്‍ എത്തിയ ഇന്ത്യയുടെ വിദേശകാര്യ പ്രതിനിധി ക്ഷണിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ മീറ്റിംഗില്‍, ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്, മോദി നോബൽ സമ്മാനം അര്‍ഹിക്കുന്നയാളാണെന്നാണത്രെ, മറ്റൊരാള്‍ പറഞ്ഞത്, ഇന്‍ര്‍നെറ്റ് നിരോധനം അയാളുടെ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടിയെന്നുമത്രെ.

ഒരു ഇംഗ്ലീഷ് പത്രത്തിലെ രണ്ടു റിപ്പോര്‍ട്ടമാര്‍ എന്നോട് പറഞ്ഞത്, അവര്‍ ഓഫീസിലെ ബ്രോഡ്ബാന്റ് കണക്ഷന്‍ ഉപയോഗിക്കുന്നില്ലെന്നാണ്. കാരണം, ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യരുതെന്ന നിബന്ധന വെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ രേഖയില്‍ മാനേജ്‌മെന്റ് അവരെക്കൊണ്ട് ഒപ്പിടുവിച്ചു. സര്‍ക്കാര്‍ എന്തെങ്കിലും ചോദ്യംചെയ്താല്‍ പത്രം റിപ്പോട്ടര്‍മാരുടെ കമ്പ്യൂട്ടറുകള്‍ അന്വേഷണത്തിനായി സര്‍ക്കാരിന് കൈമാറുമെന്നും നിബന്ധനയിലുണ്ട്.

കശ്മീരിലെ ബഹുഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും സര്‍ക്കാരിന്റെ തന്നെ മറ്റൊരു ഏജന്‍സിയായാണ് പണ്ടേ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പ്രത്യേക നിയമങ്ങള്‍ റദ്ദാക്കിയതോടെ ഭൂരിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളും സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ ചിലച്ചുകൊണ്ടേയിരുന്നു. കശ്മീരി മുസ്‌ലിം ജീവിതങ്ങള്‍ ഇന്ത്യക്ക് കുഴപ്പം വരുത്തിവെക്കുമെന്ന് പ്രസ്താവിച്ച ഒരു സുശീല്‍ പണ്ഡിറ്റിനെ ഒരു ചാനല്‍ സ്ഥിരമായി ക്ഷണിക്കാറുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശ്ടാവ് അജിത് ഡോവല്‍ കാശ്മീരിലെ ഏറ്റവും വിമതജില്ലകളിലൊന്നായ ഷോപിയാനിലേക്ക് പോയി, അവിടുത്തെ സാധാരണക്കാരുമായിരുന്ന് ചായ കുടിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു ആവേശക്കമ്മിറ്റി കശ്മീരിലേക്ക് പറന്നിരുന്നു. ഏതോ പ്രാദേശിക നേതാവ് കാണാന്‍ വരുന്നുണ്ടെന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയായിരുന്നെവാണ് നാട്ടുകാര്‍ പിന്നീട് പറഞ്ഞത്. രാഷ്ട്രീയ സ്വയംഭരണാധികാരം നഷ്ടമായതില്‍ കാശ്മീരികള്‍ സന്തോഷിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ കൊട്ടിഘോഷിച്ച റിപ്പോര്‍ട്ടുകള്‍ ശ്രമിക്കുന്നത്.

ഈ സമയത്താണ് വിദേശ മാധ്യമങ്ങളും, ചില സ്വതന്ത്ര ഇന്ത്യന്‍ മാധ്യമങ്ങളും പ്രതീക്ഷയുടെ തുരുത്തുകളായത്. പക്ഷേ, കശ്മീര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിദേശ മാധ്യമങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിച്ചു. 2018 ആഗസ്റ്റ് ഒന്നിന്, വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ ബ്യൂറോ ചീഫ് ആനി ഗൊവെന് കശ്മീരിലേക്ക് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചിരുന്നു. മറ്റു പലര്‍ക്കും ഇതേ അനുഭവം വരുന്ന മാസങ്ങളിലുണ്ടായി.

ആഗസ്റ്റ് അഞ്ചിനു ശേഷം ഇന്ത്യ തങ്ങളുടെ പാര്‍ലമെന്റംഗങ്ങളെപ്പോലും കശ്മീരിലേക്ക് കടത്തിവിട്ടില്ലയെന്നുള്ളപ്പോള്‍ വിദേശ മാധ്യമങ്ങള്‍ക്കും അവസരം നിഷേധിക്കപ്പെട്ടു. മിലിട്ടറി ഉപരോധത്തിന്റെയും കമ്മ്യൂണിക്കേഷന്‍ നിരോദനത്തിന്റെയും ഘട്ടത്തില്‍ ഇന്ത്യന്‍ വംശജരായ വിദേശികളും, കശ്മീരി ജേണലിസ്റ്റുകളുമായിരുന്നു വിദേശ മാധ്യമങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.

കഴിഞ്ഞ ആഗസ്റ്റില്‍, ശ്രീനഗറില്‍ നടന്ന ഒരു ജനകീയ പ്രക്ഷോഭത്തിനു നേര്‍ക്ക് നടന്ന പോലീസിന്റെ പെല്ലറ്റ് ആക്രമണവും വെടിവെപ്പും ബിബിസി എക്‌സ്‌ക്ലൂസിവായി ജനങ്ങളിലേക്കെത്തിച്ചതിനെ, ‘കെട്ടിച്ചമച്ചത്’ എന്നാണ് ആഭ്യന്തര മന്ത്രാലയം ന്യായീകരിച്ചത്. പ്രക്ഷോഭകര്‍ ജീവനുംകൊണ്ട് ഓടുന്നതിന്റെ എഡിറ്റുചെയ്യാത്ത ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ട് ബിബിസി ആരോപണങ്ങളുടെ മുനയൊടിച്ചു.

സൈനിക- ഇന്റര്‍നെറ്റ് ലോക്ഡൗണ്‍ സമയത്തെ കശ്മീരിന്റെ ചിത്രങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച ഫോട്ടോഗ്രാഫര്‍മാരില്‍ മൂന്നുപേര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസ് കിട്ടിയതില്‍ ഹിന്ദു ദേശീയവാദി സര്‍ക്കാരും അതിന്റെ മില്യണ്‍കണക്കിനു വരുന്ന അനുയായികളും കഴിഞ്ഞ മെയില്‍ രോഷം കൊണ്ടിരുന്നു. ഫോട്ടോകള്‍ക്കുപരി, ഒരു ഹിന്ദുവും രണ്ട് കശ്മീരികളുമടങ്ങിയ ഈ മൂവര്‍സംഘത്തെപ്പറ്റിയുള്ള വിവരണങ്ങളിലാണ് ഈയാളുകള്‍ വിറളിപൂണ്ടത്. ‘ഇന്ത്യ സ്വയംഭരണമെടുത്തുകളഞ്ഞ പ്രശ്‌നകലുഷിത കശ്മീരിലെ കമ്മ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട് സമയത്തെ മനസില്‍ തട്ടുന്ന ചിത്രങ്ങള്‍’ക്കാണ് അവര്‍ക്ക് പുരസ്‌കാരം. ‘പ്രശ്ന കലുഷിത പ്രദേശം’, ‘ഇന്ത്യയെടുത്തു കളഞ്ഞ സ്വയംഭരണാധികാരം’ എന്നീ പ്രയോഗങ്ങള്‍ തന്നെയാണ് അവസാനമായി ഇന്ത്യക്കാര്‍ കേള്‍ക്കേണ്ടത്.

പുതിയ യാഥാര്‍ഥ്യങ്ങള്‍

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികളനുസരിച്ചായിരിക്കും കാശ്മീരി മാധ്യമങ്ങളുടെ ഭാഗധേയം. ഈ നിയമപരവും ഭരണപരവും സുരക്ഷാപരവുമായ മൊത്തത്തിലുള്ള കടന്നാക്രമണത്തിന്റെ ഇറക്കുമതി ക്രമേണ വ്യാപിക്കും. ഉദാഹരണത്തിന്, 1889 മുതല്‍ ഉര്‍ദുവായിരുന്നു കശ്മീരിന്റെ ഔദ്യോഗിക ഭാഷ. അതിപ്പോള്‍ ഹിന്ദിയോ ഇംഗ്ലിഷോ ആയി മാറ്റപ്പെട്ട മട്ടാണ്. ആ പ്രക്രിയ ഇപ്പൊഴേ തുടങ്ങിക്കഴിഞ്ഞു. ശ്രീനഗറിലെ കണ്ണായ സ്ഥലങ്ങളിലെല്ലാം നരേന്ദ്ര മോഡിയുടെ ഫോട്ടോയുള്ളതോ, സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളടങ്ങുന്നതോ ആയ ഹിന്ദിയിലുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ആര്‍ക്കും കഷ്ടി വായിക്കാന്‍ കഴിയാത്ത അത്തരം ബോര്‍ഡുകള്‍ കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്? അതിന്റെ ഉദ്ദേശം ഇതാണ്: പുതിയ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുക.

ഒരു ഭാഷയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടാല്‍ പിന്നെ ആ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതെല്ലാം ഓരത്തൊതുങ്ങിപ്പോവും’ ഒരു ഉര്‍ദു പത്രത്തിന്റെ എഡിറ്റര്‍ എന്നോട് പറഞ്ഞു.

‘രാജ്യത്തിന്റെ പരമാധികാരത്തെയും സമഗ്രതയെയും പൊതുസമാധാനത്തെയും ഭഞ്ജിക്കാന്‍ തക്കതായ ഏതൊരു ശ്രമത്തെയും തടയുന്നതിനും, വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് വിലക്കുന്നതിനും ഒരു പ്രത്യേക സംവിധാനം വികസിപ്പിക്കാനാണാഗ്രഹിക്കുന്നത്’ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഗവണ്‍മെന്റിന്റെ മാധ്യമ നയം 2020 ല്‍ പറയുന്നു. എന്താണിത് സൂചിപ്പിക്കുന്നത്? എന്താണ് ‘രാജ്യത്തിന്റെ സമഗ്രതയും പരമാധികാരവും മലിനമാക്കല്‍’? കറുത്തവര്‍ഗക്കാരുടെ മേല്‍ കു ക്ലുക്‌സ് ക്ലാന്‍ ഏര്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തന നയത്തോടാണ് ഒരു സുഹൃത്ത് ഇതിനെ ചേര്‍ത്തുവായിച്ചത്.

പക്ഷെ, എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും ഭീഷണികള്‍ക്കും മടുവിലും കശ്മീരിന്റെ കഥ പറച്ചില്‍ അതിജയിക്കും. മനംമടുപ്പിക്കുന്ന അടിച്ചമര്‍ത്തലിന്റെയും പ്രചോദിപ്പിക്കുന്ന പോരാട്ടത്തിന്റെയും വലിയ ലോകകഥകള്‍ തങ്ങളുടെ ജനതയോട് പറയാന്‍ 1990, 2000 കാലഘട്ടങ്ങളിലെ കശ്മീരിലെ ആദ്യതലമുറ പോരാട്ടവീര്യം നെഞ്ചേറ്റിയ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ന്, ഒരു യഥാര്‍ഥ സംഭവം റിപ്പോര്‍ട്ട് ചെയ്യല്‍ അധികാരത്തോട് സത്യം വിളിച്ചു പറയാനുള്ള ചങ്കൂറ്റത്തിന്റെ രൂപമായിരിക്കുന്നു. ഒരു കൂട്ടം പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ അതിനു സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ നിരോധിച്ചപ്പോള്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്റ്റോറികള്‍ ഫ്‌ലാഷ് ഡ്രൈവുകളിലാക്കി ഉപരോധത്തിലമര്‍ന്ന താഴ്വരയ്ക്ക് പുറത്തേക്ക് കടത്തുകയായിരുന്നു. ഒരു മുഖ്യധാരാ മാധ്യമം അവര്‍ക്ക് പ്രസിദ്ധീകരണത്തിനു ലഭ്യമായില്ലെങ്കിലും, സാധ്യമാവുന്ന മറ്റെല്ലാ വഴികളിലൂടെയും അവര്‍ അത് കേള്‍പ്പിച്ചു. ഇന്നും, വാര്‍ത്തകളറിയിക്കല്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്.

ലോകം പാലിക്കുന്ന നിസ്സംഗതയെപ്പറ്റിയുള്ള കടുത്ത നിരാശയാണ് ഇന്നത്തെ കശ്മീരില്‍ വ്യാപിച്ചിരിക്കുന്ന വികാരം. മറ്റൊരു ഫലസ്തീനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരിലെ പത്രസ്വാതന്ത്ര്യം വന്‍ രാഷ്ട്രീയ സമ്മർദങ്ങളിൽ നിന്ന് മോചിതമല്ല. ഒരു കൊളോണിയല്‍ സമൂഹത്തില്‍ സ്ഥാപനങ്ങള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുരടിച്ച സ്ഥാപനങ്ങള്‍ ജനത്തെ എങ്ങനെ അപചയത്തിലേക്ക് നയിക്കുമെന്നും നമുക്ക് നല്ല ബോധ്യമുണ്ട്. അധീശ്ത്വ ഭരണകൂടങ്ങള്‍ മര്‍ദനത്തെ നിയമപരമാക്കുന്നതെങ്ങനെയെന്നറിയാം. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പീഡിതമായ അധ്യായത്തില്‍ ജീവിക്കുന്ന കാശ്മീരികള്‍ വിമോചനത്തിന്റെ പ്രതീക്ഷനിറഞ്ഞ കണ്ണുകളുമായി ലോകത്തെ ഉറ്റുനോക്കുകയാണ്.

Courtesy: Adi Magazine

വിവ: റമീസുദ്ദീൻ വി. എം


By ഹിലാൽ മീർ

A Srinagar-based journalist. He has worked with Greater Kashmir, Kashmir Reader, and the Hindustan Times. He freelances for the Anadolu Agency, TRT World, and the Huffington Post.