കാശ്മീര്‍ വിഷയങ്ങളില്‍ കോളിമിസ്റ്റും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ സെയ്ദ് തജാമുല്‍ ഇമ്രാന്‍. അയര്‍ലണ്ടിലെ ഡ്യൂബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ, കശ്മീര്‍ പ്രശ്‌നത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് താഹിര്‍ ഗനി. ഇവര്‍ രണ്ടുപേരും തങ്ങളുടെ കയ്‌പേറിയ കാശ്മീര്‍ അനുഭവങ്ങള്‍ വിവരിക്കുന്നു..
“ഞാനും തജാമുലും ഇന്ത്യനധീന ജമ്മു-കശ്മീരിലെ പോരാട്ടങ്ങളുടെ കേന്ദ്രമായ സൗത്ത് കാശ്മീരിലുള്ളവരാണ്. ഏഴ് വര്‍ഷമായി ഞങ്ങളുടെ ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നിന്നകന്നു കഴിയുന്ന ഞങ്ങളുടെ അനുഭവങ്ങള്‍ അത്രയേറെ കയ്പേറിയതാണ്. തജാമുല്‍ ജനിച്ചുവളര്‍ന്നത് ആപ്പിള്‍ തോട്ടങ്ങള്‍ക്കും മഞ്ഞരുവികള്‍ക്കുമിടയിലും ഞാന്‍ വിശാലമായി പരന്നുകിടക്കുന്ന കുങ്കുമപ്പാടങ്ങള്‍ക്കിടയിലുമാണ്. ‘രക്തസാക്ഷികളുടെ മണ്ണ്’ എന്നു വിളിക്കപ്പെടുന്ന ഒരു ദേശത്തെ പൗരന്മാരായി വിധി ഞങ്ങളെ മാറ്റി.
1990കളിലെ കശ്മീരികളുടെ തലമുറയില്‍പ്പെടുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും. ആ കാലം വലിയതോതിലുള്ള കലാപങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും ഘട്ടമായിരുന്നു. ഇന്നുള്ള ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയത് ആ അനുഭവങ്ങള്‍ തന്നെയാണ്. പരസ്പരം കണ്ടുമുട്ടിയിട്ടേയില്ലെങ്കിലും, ഞങ്ങള്‍ രണ്ടുപേരുടെയും കാഴ്ച്ചപ്പാടുകളും, ഒരേ ഹിംസയില്‍ നിന്നുള്ള അതിജീവന ശ്രമങ്ങളും ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും എഴുത്തുകള്‍ വായിക്കാറുമുണ്ടായിരുന്നു. നരവംശശാസ്ത്രജ്ഞനായ മുഹമ്മദ് ജുനൈദ് തന്റെ കാശ്മീരിലെ സ്‌റ്റേറ്റ് വയലന്‍സിനെക്കുറിച്ചെഴുതിയ ലേഖനത്തില്‍ പറയുന്ന പോലെ ‘a hermeneutical instability within the social’ എന്ന നിലയിലാണ് വ്യവഹാരങ്ങളും സഹജമായ പ്രതികരണങ്ങളും ഉണ്ടായത്.
തജാമുല്‍ തന്റെ സഹോദരന്റെ ചുരുങ്ങിയ കാലത്തെ ജീവിതം അടയാളപ്പെടുത്തുന്നതിലൂടെ വരച്ചിടുന്നത് കശ്മീരിന്റെയും കാശ്മീരികളുടെയും മേലെ ഇന്ത്യന്‍ കൊളോണിയല്‍ ഭരണം നടപ്പാക്കിയ ക്രൂരമായ നടപടികളെയാണ്. 2019 ആഗസ്റ്റ് അഞ്ചിന് കാശ്മീരിന്റെ പ്രത്യേകമായ ഭരണഘടനാവകാശം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അനന്തരഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനെന്റെ അനുഭവങ്ങള്‍ പറയുന്നത്.”
തജാമുല്‍ ഇമ്രാന്‍ എഴുതുന്നത്..
ഷോപിയാന്‍ ജില്ലയിലെ കൊച്ചുഗ്രാമമായ നസ്‌നീന്‍പോറയില്‍ ഒരു കര്‍ഷകകുടുംബത്തില്‍ 1992 സെപ്തംബറിലാണ് എന്റെ ജനനം. ഇന്ത്യന്‍ പട്ടാളക്കാരുടെ രക്തച്ചൊരിച്ചിലിന്റെയും അതിക്രൂരമായ അടിച്ചമര്‍ത്തലുകളുടെയും പീഡനങ്ങളുടെയും കഥകള്‍ കേട്ടാണ് ഞാനും എന്റെ സഹോദരന്‍ റൂബനും വളര്‍ന്നത്. എത്ര ശ്രമിച്ചാലും എനിക്കാ ഓര്‍മകള്‍ മനസില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയില്ല. 1990കളുടെ അവസാനത്തില്‍ ഇന്ത്യന്‍ പട്ടാളം എന്റെ ഗ്രാമത്തില്‍ ഉപരോധം ഏര്‍പ്പെടുത്തി, പുരുഷന്‍മാരോടെല്ലാം സ്‌കൂള്‍ മൈതാനത്ത് ഒരുമിച്ചുകൂടാന്‍ ഓര്‍ഡര്‍ ചെയ്തത് ഞാനിന്നും ഓര്‍ക്കുന്നു. ആ സമയം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ ആ നീലാകാശത്തിനു കീഴെ ഇന്ത്യന്‍ പട്ടാളക്കാരുടെ കനിവില്‍ നില്‍ക്കുന്നത് കണ്ട് സ്ത്രീകളും കുട്ടികളും വീടുകളില്‍ പേടിച്ചുവിറച്ചിരിക്കും.
ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ ഗ്രാമവഴിയിലൂടെ എകെ 47 കയ്യിലേന്തി മാര്‍ച്ച് ചെയ്യുന്ന കാഴ്ച്ചയും എന്റെ ഓര്‍മയിലുണ്ട്. ഞങ്ങളുടെയും നാമെല്ലാവരുടെയും നല്ലൊരു നാളേക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞങ്ങളെന്നവര്‍ നാട്ടുകാരോട് പറയും.
കുട്ടികളോരോരുത്തരായി ഇന്ത്യന്‍ ആര്‍മിയോട് പോരാടി അപ്രത്യക്ഷരാകുന്നത് ഒരു നടുക്കുന്ന ഓര്‍മയാണ്. ഒരു കുട്ടിയായിരിക്കല്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.
2000 ന്റെ തുടക്കം മുതല്‍ സൈന്യത്തിന്റെ നടത്തവും ആയുധധാരികളായ പട്ടാളക്കാരുടെ വിരട്ടലും തടഞ്ഞുനിര്‍ത്തിയുള്ള ദേഹപരിശോധനയുമെല്ലാം വളരെ സാധാരണമായി മാറി. ചിലപ്പോഴൊക്കെ, ഐഡി കാര്‍ഡ് കയ്യില്‍ കരുതാത്തതിന്റെ പേരിലോ അസമയത്ത് നിരോധിത സ്ഥലത്ത് ചെന്നതിന്റെ പേരിലോ മര്‍ദനങ്ങളും ഞങ്ങള്‍ ഏറ്റുവാങ്ങി. ഞങ്ങളുടെ ഗ്രാമത്തിന്റെ ചെരിവുകളില്‍, തോട്ടത്തിനുള്ളില്‍, ഉപേക്ഷിക്കപ്പെട്ട ഫാക്ടറികളിലും വീടുകളിലും, വയലുകളില്‍, റോഡരികില്‍, ടൗണുകളുടെ ഓരങ്ങളില്‍, നദിക്കരയില്‍, മലകളില്‍ എന്നുവേണ്ട സകലയിടത്തും ഇന്ത്യന്‍ പട്ടാളം ഞങ്ങളെ നോക്കിനിന്നു. തൂണിലും തുരുമ്പിലും വലയം ചെയ്തിരിക്കുന്ന ഒരു ദുഃസ്വപ്‌നം കണക്കെ.
1999 ലെ ഇന്ത്യ-പാക് കാര്‍ഗില്‍ യുദ്ധത്തിനു ശേഷം, ശ്രീനഗറില്‍ കാര്യങ്ങള്‍ ശാന്തമായിത്തുടങ്ങിയിരുന്നെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ അതേ സ്ഥിതി തുടര്‍ന്നു. കുറേകാലം തോക്കുകളുടെ ശബ്ദം അടങ്ങി. പക്ഷേ ഒരു കാശ്മീരിയുടെ സാധാരണ ജീവിതത്തില്‍ അത് മാറ്റങ്ങളുണ്ടാക്കിയില്ല. ഞങ്ങളപ്പോഴും വന്‍ സൈനികവ്യൂഹത്തിനു നടുവില്‍ ജീവിക്കുകയായിരുന്നു. ശ്രീനഗറിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ആപേക്ഷികമായ ശാന്തതയെ ചൂണ്ടി ഇന്ത്യന്‍ മാധ്യമങ്ങള്‍ ‘നോര്‍മല്‍സി’ യെപ്പറ്റി വാചാലരായി. സ്ഥിരമായി ഉള്‍പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തെത്തന്നെ തകിടംമറിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ പട്ടാളത്തിന്റെ യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടായിരുന്നു ആ പ്രചരണങ്ങള്‍.
2008ലെയും 2010ലെയും തെരുവ് പ്രക്ഷോഭങ്ങള്‍ കാശ്മീരികളുടെ ചെറുത്തുനില്‍പ്പിനെ ശ്കതമായി അടയാളപ്പെടുത്തി. തോക്കുകള്‍ താഴ്ന്നു. വന്‍പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ പ്രതീക്ഷ വെച്ചു. സോഷ്യല്‍മീഡിയ യുവാക്കളെ വാർത്തകൾ പുറംലോകത്തറിയിക്കാന്‍ സഹായിച്ചു. ലോകം പ്രതികരിക്കുമെന്നവര്‍ക്കുറപ്പായിരുന്നു. മൊബൈലും ഇന്റര്‍നെറ്റുമെല്ലാം ഞങ്ങളുടെ ജീവിതമാകെ മാറ്റിമറിച്ചു. ഇന്ത്യന്‍ പട്ടാളക്കാരാല്‍ ഒറ്റപ്പെടുത്തപ്പെട്ട ഗ്രാമങ്ങളില്‍ നിന്നുള്ള മോചനമായിരുന്നുവത്. ഞങ്ങള്‍ ശക്തിയാര്‍ജിച്ചെങ്കിലും, ഇന്ത്യന്‍ സേന ഞങ്ങളുടെ സമാധാനപൂര്‍ണമായ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. വീണ്ടും കാശ്മീര്‍ ഒരു ദുരിതകാലത്തേക്കു മടങ്ങുകയായിരുന്നു.
രണ്ടുവര്‍ഷത്തിനു ശേഷം, 2012ല്‍ കുറച്ച് സമാധാനന്തരീക്ഷം തേടി ഞാന്‍ ചണ്ഡിഗഢിലേക്കു പോയി. അവിടെയൊരു പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയില്‍ എംബിഎക്ക് ചേര്‍ന്നു. റൂബന്‍, സ്‌കൂള്‍ ഉള്ളതിനാല്‍ കശ്മീരിൽ തന്നെ നിന്നു. 2016ല്‍ ഞാന്‍ തിരിച്ചുചെല്ലുമ്പോള്‍ കാശ്മീര്‍ അടിമുടി മാറിക്കഴിഞ്ഞിരുന്നു. ബുര്‍ഹാന്‍ വാനിയെന്ന കൗമാരക്കാരന്‍ കാട്ടില്‍ എകെ 47 കയ്യിലേന്തി നില്‍ക്കുന്ന ചിത്രം നിരവധി കാശ്മീരികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബുര്‍ഹാന്‍ വാനിയെ യുവജനങ്ങള്‍ ഹീറോയായി ആരാധിച്ചു. കശ്മീരിലെ വിമതസേന, ഒളിത്താവളങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്ക് ചേക്കേറി.

2016 ജൂലൈ എട്ടിന്, ഒരു വെടിവെപ്പില്‍ വാനി കൊല്ലപ്പെട്ടതോടെ എന്റെയും കുടുംബത്തിന്റെയുമടക്കം കാശ്മീരിന്റെ സ്ഥിതിഗതികള്‍ മാറി. മിലിറ്റന്‍സിയുടെ ഒരു പുതുയുഗത്തിനത് പ്രചോദനമേകി. ഇന്ത്യനധീശത്വത്തിനെതിരെ പൊരുതാന്‍ നൂറുകണക്കിനു യുവകാശ്മീരികള്‍ മിലിറ്റന്റ് സംഘങ്ങളില്‍ ചേര്‍ന്നു. എന്റെ കസിന്‍ നവീദടക്കം ഈ സായുധ പ്രതിരോധത്തിന്റെ പുതുതരംഗത്തിന്റെ ഭാഗമായി. നവീദൊരു പോലീസുകാരനായിരുന്നു. അവന്റെ സുഹൃത്ത് ഫാറൂഖ് വിമത സംഘത്തില്‍ ചേര്‍ന്നതോടെ 2017 ല്‍ നവീദും ചേര്‍ന്നു. നവീദ് ഞങ്ങളുടെ ബന്ധുവും ഫാറൂഖ് റൂബന്റെ ഉറ്റമിത്രവുമായിരുന്നതിനാല്‍ ഇന്ത്യന്‍ സൈന്യം പലതവണ ഞങ്ങളുടെ വീട് റെയ്ഡ് ചെയ്തു. ഞങ്ങളുടെ കുടുംബം തുടര്‍ച്ചയായി മിലിറ്റന്‍സിന്റെ വിവരങ്ങള്‍ അന്വേഷിച്ച് ഉപദ്രവിക്കപ്പെട്ടു.
2018 ജനുവരി ആദ്യവാരം, അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്ന് എന്റെ പിതാവിനൊരു വിളി വന്നു. അപ്പോള്‍ 18 വയസ് പ്രായമുണ്ടായിരുന്ന സഹോദരന്‍ റൂബനെയും കൂട്ടി സ്‌റ്റേഷനിലെത്താനായിരുന്നു നിര്‍ദേശം. വൈകുന്നേരം വന്ന് തിരികെ കൂട്ടിക്കൊണ്ടു പോയ്‌ക്കൊള്ളാനും പറഞ്ഞു. പിതാവ് റൂബനെ തിരിച്ചുകൊണ്ടുപോകാന്‍ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്, അവനെ ‘കാര്‍ഗോ'(ഷോപിയാനിലെ കുപ്രസിദ്ധമായ സൈനിക പീഡന കേന്ദ്രം) യിലേക്ക് മാറ്റിയെന്ന്. ചുമത്തിയ കുറ്റത്തെപ്പറ്റി ചോദ്യം ചെയ്ത പിതാവിനെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.
ആ സമയം ഞാന്‍ പൂനെയിലായിരുന്നു. ഉമ്മ വിളിച്ച് മുഴുവന്‍ സംഭവങ്ങളും വിവരിച്ചതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ ശ്രീനഗറിലേക്കുള്ള വിമാനം ബുക്ക് ചെയ്തു. പിന്നീടുള്ള എട്ടു ദിവസങ്ങള്‍ ഞാന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് പോലീസുകാര്‍ മുതല്‍ ബ്യൂറോക്രാറ്റുകളുടെ വരെ വാതിലുകള്‍ മുട്ടി. കിട്ടിയ ഒരേ മറുപടി ‘നമുക്ക് നോക്കാം’ എന്നായിരുന്നു. ഒന്നുമുണ്ടായില്ല.
പോലീസൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്ത് കുറ്റത്തിന്റെ പേരിലാണ് എന്റെ സഹോദരന്‍ അറസ്റ്റിലായത്/കസ്റ്റഡിയിലെടുത്തത്/അദൃശ്യമാക്കപ്പെട്ടത്/തട്ടിക്കൊണ്ടു പോയത്?, ഞാന്‍ ചോദിച്ചു.
എഞ്ചിനീയര്‍ റഷീദെന്ന നല്ലമനസ്‌കനായ ഒരു വക്കീല്‍ എന്നോടൊപ്പം ഷോപിയാന്‍ വരെ വന്നു, സഹോദരന്റെ നിയമവിരുദ്ധമായ കസ്റ്റഡിക്കെതിരെ പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഞങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റൂബനെ ജീവനോടെ തിരികെ കിട്ടുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. അവന്റെ കാലുകളില്‍ പഴുപ്പിച്ച ഇരുമ്പ് ദണ്ഡു വെച്ചതിന്റെ പാടുകളുണ്ടായിരുന്നു. കാര്‍ഗോക്കുള്ളില്‍ വെച്ച് അവന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ രണ്ടുമാസമെടുത്തു. ഉമ്മയോട് പറഞ്ഞ് അവനെ കാശ്മീരിനു പുറത്തേക്കു കൊണ്ടുപോകാന്‍ ഞാന്‍ തീരുമാനിച്ചു. ഉമ്മ സമ്മതിച്ചു. ഞങ്ങള്‍ ചണ്ഡിഗഢിലേക്കു പോയി.

മൂന്നാഴ്ച്ച തികഞ്ഞില്ല, ഇന്ത്യന്‍ സേന എന്റെ സഹോദരനെ തിരഞ്ഞ് നസ്‌നീന്‍പുരയിലെ ഞങ്ങളുടെ വീട്ടിലെത്തി. ഉപ്പയോട് റൂബനെ ചണ്ഡിഗഢില്‍ നിന്നും തിരികെയെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഞാനെന്റെ ജോലി ഉപേക്ഷിച്ച് കാശ്മീരിലേക്ക് തിരിച്ചെത്തി. ഒരു രാത്രി, ഞങ്ങളുടെ വീട് സൈന്യം റെയ്ഡു ചെയ്തു, കുടുംബത്തെ ഉപദ്രവിച്ചു, എനിക്കും മര്‍ദനമേറ്റു. ഒരു സൈനിക ഉദ്യോഗസ്ഥന്‍ റൂബനോട് ചോദിച്ചത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ‘നിനക്ക് താടിയും തൊപ്പിയുമുണ്ടല്ലോ, അഞ്ചുനേരം നമസ്‌കാരവും, എന്നിട്ടുമെന്തേ നിന്റെ കസിന്‍ നവീദിനൊപ്പം ചേരാഞ്ഞത്?’. അയാളെന്നിട്ട് ഒരു എകെ 47 റൂബന്റെ തോളിലേക്ക് ചൂണ്ടി, അവന്റെ ചിത്രമെടുത്തു.
2018 ജൂലൈ 18 ന്, ഇന്ത്യന്‍ സേനയുടെ 44 രാഷ്ട്രീയ റൈഫിള്‍സും ജമ്മു-കാശ്മീര്‍ പോലീസും ചേര്‍ന്ന് എന്റെ സഹോദരനെ വീണ്ടും പീഡിപ്പിച്ചു. അവന്റെ വാര്‍ത്ത കാശ്മീര്‍ റീഡറെന്ന ലോക്കല്‍ ഇംഗ്ലിഷ് പത്രത്തില്‍ വന്നു. എന്നിട്ടും, യാതൊരു അന്വേഷണങ്ങളോ നീതിയോ ലഭിച്ചില്ല. പീഡനങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ എന്റെ സഹോദനത് താങ്ങാവുന്നതിനുമപ്പുറമായി. ആ ചെറുപ്രായത്തില്‍ തന്നെ തോക്കെടുക്കാന്‍ അവനെയത് പ്രേരിപ്പിച്ചു. വേദനിച്ചും, യാചിച്ചും, തുടരെത്തുടരെ ഇന്ത്യന്‍ പട്ടാളത്താലും പോലീസിനാലും പീഡിപ്പിക്കപ്പെട്ടും ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്നവന്‍ തിരിച്ചറിഞ്ഞു. വൈകാതെ റൂബന്‍ വീടു വിട്ടിറങ്ങി ഒരു മിലിറ്റന്റ് ഗ്രൂപ്പില്‍ ചേര്‍ന്നു.
ഏഴുമാസങ്ങള്‍ക്കു ശേഷം, ഞങ്ങള്‍ക്കു കിട്ടിയത് റൂബന്റെ മൃതദേഹമാണ്. കിഴക്കന്‍ കശ്മീരിലെ ബഡ്ഗാം ജില്ലയിലെ വനത്തില്‍ വെച്ചു ഒരു രാത്രി മുഴുവന്‍ നടന്ന സായുധ ഏറ്റുമുട്ടലില്‍ വെച്ചവന്‍ കൊല്ലപ്പെടുകയായിരുന്നു. അവന്റെ ഇഷ്ടപ്രകാരം, ഉറ്റമിത്രം ഫാറൂഖിന്റെ ഖബറിനരികില്‍ തന്നെ അവനെയും മറമാടി.

മുഹമ്മദ് താഹിർ ഗനി എഴുതുന്നത്..
2019 ആഗസ്റ്റ് നാലിന് വൈകുന്നേരം, പലചരക്കു കടയില്‍ നിന്നും ഒരു ചാക്ക് ധാന്യപ്പൊടി വാങ്ങിവെക്കാമെന്ന് ഞാന്‍ അങ്ങാടിയില്‍ നിന്ന് ഉമ്മയെ വിളിച്ചു പറഞ്ഞു. എന്തിനാണെന്നു ചോദിച്ചപ്പോള്‍, എന്തോ വലിയത് സംഭവിക്കാന്‍ പോകുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. രണ്ടു കടകള്‍ കയറിയിറങ്ങിയിട്ടും ധാന്യം ലഭിച്ചില്ല. ഒടുവില്‍ ഒരു കടക്കാരന്‍ അയാളുടെ വീട്ടില്‍ നിന്നും ഒരു സഞ്ചി ധാന്യപ്പൊടി കൊണ്ടുവന്നു തന്നു. എന്തിനെന്നറിയില്ലെങ്കിലും, ആളുകള്‍ സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് എന്തോ കൊള്ളരുതായ്മക്കു തുനിയുന്നെണ്ടെന്ന കിംവദന്തി പരന്നിരുന്നു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീര്‍ പിടിച്ചെടുക്കാന്‍ യുദ്ധത്തിനു തയ്യാറെടുക്കുകയാണ് ഇന്ത്യയെന്ന് ഞാനൂഹിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള കോപ്പുകൂട്ടലും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ താക്കീതുമെല്ലാം ആ ദിവസങ്ങളിലുണ്ടായിരുന്നു. ‘പ്രാദേശികമായ പ്രതിസന്ധി വഷളാകുന്നതിനു’ മുമ്പേ ഇടപെടാനും അമേരിക്കയോട് പറഞ്ഞുകൊണ്ടദ്ദേഹം ട്വീറ്റും ചെയ്തിരുന്നു.
ഈ ജിയോപൊളിറ്റിക്കല്‍ കലഹം കണക്കിലെടുത്ത് അങ്ങാടിയിലെ ജനങ്ങള്‍ കൂടുതല്‍ ആഭ്യന്തരമായ എന്തോ ഊഹിച്ചു. ഒരു പാക്ക് സിഗരറ്റ് കൂടുതല്‍ ആവശ്യപ്പെട്ടു കൊണ്ടൊരാള്‍ കടയില്‍ നിന്നും പറഞ്ഞു, “അവര്‍ 35എ എടുത്ത് കളഞ്ഞ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നീക്കമാണെന്നാണ് കേട്ടത്”. “ഞാനും കേട്ടു, 500 സാറ്റലൈറ്റ് ഫോണുകള്‍ മാത്രം ഒഴിച്ചുനിര്‍ത്തി ബാക്കിയെല്ലാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും നിരോധിക്കും”‘. എന്റെ സുഹൃത്ത് പറഞ്ഞു. വാട്ട്‌സ്ആപ് വഴി ലീക്കായ ഔദ്യോഗിക വിവരങ്ങള്‍ എല്ലാവര്‍ക്കുമെന്നപോലെ അവനും ലഭിച്ചിരുന്നു. ഇന്ത്യക്കാരായ ടൂറിസ്റ്റുകളോടും തീര്‍ഥാടകരോടും എത്രയും വേഗം കശ്മീര്‍ വിടണമെന്നറിയിക്കുന്ന സന്ദേശവും അക്കൂട്ടത്തിലുണ്ടായിരുന്നു.
എല്ലാ പെട്രോള്‍ പമ്പിലും വാഹനങ്ങളുടെ നീണ്ട നിര ഊഴം കാത്തുകിടക്കുന്നതായി കാണപ്പെട്ടു. ഞാനെന്റെ ഫോണില്‍ ദൃശ്യങ്ങളെല്ലാം പകര്‍ത്തി. കാറില്‍ ഇന്ധനം നിറയ്ക്കണ്ടേയെന്ന് സഹോദരനോട് ചോദിച്ചപ്പോള്‍ അവന്റെ മറുപടി, ‘യുദ്ധം നടക്കുമ്പോള്‍ നമ്മള്‍ പിക്‌നികിന് പോകാന്‍ പോവുകയാണോ?’
രാത്രി മുഴുവന്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വിവരങ്ങളും ഊഹവാര്‍ത്തകളും നോക്കിയിരുന്നു. ഞങ്ങളുടെ ഉത്കണ്ഠ ഓരോ നിമിഷവും കൂടിക്കൂടി വന്നു, അര്‍ധരാത്രി എല്ലാ ഫോണ്‍- ഇന്റര്‍നെറ്റ് കണക്ഷനും നിശ്ചലമാകുന്നത് വരെ. ആകുലപ്പെടുത്തുന്ന ചിന്തകള്‍ മനസിലേക്ക് കുടിയേറിയിട്ട് എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് അതിരാവിലെ, അമ്മാവന്മാരും അമ്മായിമാരും കസിന്‍സുമടങ്ങുന്ന മുഴുവന്‍ കുടുംബാഗങ്ങളും ടിവിക്കു മുമ്പില്‍ നിലയുറപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി കയ്യിലൊരു കടലാസുമായി പാര്‍ലമെന്റിലേക്ക് കടക്കുന്നത് ടിവിയില്‍ കണ്ടു. രാഷ്ട്രപതിയുടെ ഓര്‍ഡര്‍ പ്രകാരം ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തിരിക്കുന്നതായി അയാള്‍ പ്രഖ്യാപിച്ചു. കിംവതന്തികള്‍ സത്യമായി. മുറിയില്‍ വിഷാദം പരന്നൊഴുകി. കുഞ്ഞനുജത്തിമാരായ സബയും മദീഹയും എന്റെ നേര്‍ക്കുതിരിഞ്ഞ് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു, ‘ഇനിയെന്താണുണ്ടാവുക?’
“ഇത് കാലാകാലത്തേക്ക് നമ്മുടെ ജനങ്ങളെ മാറ്റിമറിക്കും. നമ്മുടെ ജോലികളെല്ലാം പുറംനാട്ടുകാര്‍ക്കു കിട്ടുന്ന തരത്തില്‍ തൊഴില്‍നഷ്ടമാവും’ ഞാനവരോട് പറഞ്ഞു”

പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. റോഡുകളെല്ലാം കമ്പിവേലികള്‍ കൊണ്ടടച്ചുപൂട്ടി. മുക്കിലും മൂലയിലും പട്ടാളക്കാര്‍. അടുത്ത അഞ്ചു നാള്‍, പാരാമിലിട്ടറി ഞങ്ങളുടെ തെരുവിന്റെ കവാടത്തില്‍ താവളമടിച്ചു കൊണ്ട് ലാത്തി വീശി ഞങ്ങളോട് വീടുകളിലേക്ക് പോകാന്‍ കല്‍പിച്ചുകൊണ്ടിരുന്നു. ലാന്റ്‌ലൈനും മൊബൈലുമടക്കം പ്രവര്‍ത്തനരഹിതമായി. സകലലോകത്തു നിന്നും ഞങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.
ഞങ്ങളുടെ ടൗണിലെ ആശുപത്രിയില്‍ വന്നുപോയിക്കൊണ്ടിരുന്ന ഇതര ഗ്രാമത്തില്‍ നിന്നുള്ളവരില്‍ നിന്നും കുറേശ്ശെ വിവരങ്ങള്‍ ലഭിച്ചു. തെക്കന്‍ കശ്മീര്‍ ഗ്രാമങ്ങളില്‍ പാരാമിലിട്ടറിയും സൈന്യവും ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നവര്‍ ഞങ്ങളോട് പറഞ്ഞു. രാത്രിതോറുമുള്ള റോന്തുചുറ്റലില്‍ ചെറുപ്പക്കാരായ ആണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോയി. കശ്മീരി ജയിലുകള്‍ നിറഞ്ഞു കവിഞ്ഞതു നിമിത്തം ഈ പിടിക്കപ്പെട്ടവരെ ഇന്ത്യയുടെ പലഭാഗത്തേക്കുമയച്ച് തടവിലാക്കി. ശ്രീനഗറിലെ സോറ പ്രാന്തപ്രദേശത്തു വെച്ച് നൂറുകണക്കിന് സമരക്കാരുടെ ദേഹത്ത് ഇന്ത്യന്‍ സേനയുടെ പെല്ലറ്റുകള്‍ തുളച്ചുകയറിയെന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജേണലിസ്റ്റായ എൻ്റെ സുഹൃത്തില്‍ നിന്നുമറിയാന്‍ കഴിഞ്ഞു.
സെപ്തംബര്‍ രണ്ടാം വരത്തോടെ എനിക്ക് കശ്മീരില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞു. ലാന്റ്‌ലൈനുകള്‍ പുനസ്ഥാപിച്ചതിനു ശേഷം ഉപ്പയുടെ അമ്മാവന്റെ വീട്ടില്‍ ചെന്ന് ഞാന്‍ ഡെല്‍ഹിയിലുള്ള ആദില്‍ എന്ന സുഹൃത്തിനെ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞു.
ഡെല്‍ഹിയിലെത്തിയപ്പോഴാണ് കശ്മീരിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ബിബിസി എന്നു തുടങ്ങി സ്വതന്ത്ര ഇന്ത്യന്‍ ന്യൂസ് പോര്‍ട്ടലുകള്‍ വരെ പീഡനമുറകളുടെയും, മരണങ്ങളുടെയും, പരിക്കുകളുടെയും, കൂട്ടതടവിലാക്കലിന്റെയും, മാധ്യമ വിലക്കിന്റെയുമെല്ലാം കഥകള്‍ തുടരെത്തുടരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാനൊരു നശിച്ച ലോകത്താണ് ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം ഞാന്‍ മനസിലാക്കി.
ഇന്ത്യന്‍ ഗവണ്‍മെന്റ് ലോകത്തെ ധരിപ്പിച്ചത് ഇതൊരു താല്‍ക്കാലിക അടച്ചുപൂട്ടലാണെന്നായിരുന്നു. സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി ശബ്ദിച്ച ഒരു ജനതയെ കൂട്ടമായി ശിക്ഷിക്കുകയാണെന്ന് അടച്ചുപൂട്ടല്‍ നീണ്ടുനീണ്ടു പോകുന്നമുറക്ക് ജനങ്ങള്‍ മനസിലാക്കി. മുസ്‌ലിംകള്‍, പ്രത്യേകിച്ച് കശ്മീരി മുസ്‌ലിംകള്‍ സൈനിക ഉപരോധത്താല്‍ ദുരിതമനുഭവിക്കുന്നത് കാണുന്നതിനേക്കാള്‍ ഹിന്ദുത്വ ശ്ക്തികള്‍ക്ക് മറ്റെന്ത് സന്തോഷമാണുള്ളത്. ആര്‍ട്ടിക്കിള്‍ 370 നിരോധിച്ചതില്‍ ആഹ്ലാദം പ്രകടിച്ചിച്ചു കൊണ്ട് നിരത്തില്‍ നൃത്തം ചെയ്തും മധുരവിതരണം നടത്തിയും അവര്‍ ആഘോഷിക്കുകയായിരുന്നു. ഇന്ത്യയിലെ ഒട്ടേറെ ‘നിഷ്പക്ഷരും’ വളരെ സന്തോഷിച്ചു. കശ്മീര്‍ പൂര്‍ണമായി അധീനതയിലായെന്നും, പുറംനാട്ടുകാര്‍ക്ക് തുറന്നുകിടക്കുകയാണെന്നും, സുന്ദരികളായ കശ്മീര്‍ സ്ത്രീകളെ യുദ്ധത്തിന്റെ ആനുകൂല്യത്തില്‍ വിവാഹം ചെയ്യാമെന്നും ചില ഇന്ത്യന്‍ പുരുഷന്മാര്‍ ധരിച്ചുവശായി.

അത്തരം വര്‍ത്തമാനങ്ങള്‍ കശ്മീരികളെ സ്വാഭാവികമായും അസ്വസ്ഥരാക്കി, പക്ഷേ അതവരുടെ പോരാട്ടവീര്യത്തിനുണര്‍വും പകര്‍ന്നു. മൂന്നു മാസത്തോളം കൂട്ടസത്യഗ്രഹത്തിലൂടെ കച്ചവടങ്ങളും സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജരാവലുമെല്ലാം നിര്‍ത്തലാക്കി അവര്‍ ചെറുത്തുനിന്നു. നമ്മളീ ത്യാഗം ഉറപ്പായും ചെയ്യേണ്ടതാണെന്ന് വളരെ രാഷ്ട്രീയമായ ഒരു പ്രസ്താവന എന്റെ പിതാവ് പറയുന്നത് ആദ്യമായി ഞാന്‍ കേട്ടു. കുടുംബത്തിലെ ഞങ്ങള്‍ അഞ്ചംഗങ്ങള്‍ക്ക് അത്താണിയായ ഒരു ചെറിയ കട അങ്ങാടിയില്‍ നടത്തുകയാണദ്ദേഹം. ദിനേന രണ്ടുമണിക്കൂര്‍ നീക്കുപോക്കുകള്‍ക്കായി തുറന്നുവെന്നതല്ലാതെ ആ മൂന്നുമാസങ്ങള്‍ കട അടച്ചിട്ടു. അങ്ങാടിയില്‍ പലപ്പോഴായുണ്ടായ കല്ലേറും പടക്കംപൊട്ടിക്കലും നിമിത്തം രണ്ടുമണിക്കൂര്‍ കച്ചവടം പോലും മിക്കപ്പോഴും നിഷേധിക്കപ്പെട്ടു.
കശ്മീരിലെ അടുക്കളത്തോട്ടങ്ങളില്‍ വളര്‍ത്തിയ ചുരയ്ക്കയും ചീരയും മാത്രം തിന്നു വിശപ്പടക്കലായിരുന്നു ത്യാഗത്തിന്റെ വഴികളിലൊന്ന്. നേരത്തെ ഉറപ്പിച്ചു വെച്ച വിവാഹങ്ങള്‍ ഒന്നുകില്‍ മാറ്റിവെക്കുകയോ വളരെ തുഛം അതിഥികളെ ക്ഷണിച്ച് നടത്തുകയോ ചെയ്തു. ടൗണില്‍ സ്ത്രീകള്‍ രണ്ടുമണിക്കൂര്‍ നേരത്തേക്ക് തുറക്കുന്ന തുണിക്കടകള്‍ക്കു മുമ്പില്‍ കല്യാണ വസ്ത്രം വാങ്ങാനായി അക്ഷമരായി കാത്തുനില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ചെറിയ കുഞ്ഞിന് ഡയപ്പര്‍ വാങ്ങലും ഓണ്‍ലൈന്‍ ഷോപ്പിംഗ് നിര്‍ത്തിവെക്കപ്പട്ടതും ഒരു വെല്ലുവിളിയായിരുന്നു.
സത്യാഗ്രഹം നീട്ടിക്കൊണ്ടുപോവല്‍ വളരെ ബുദ്ധിമുട്ടാണ്, സാമ്പത്തിക ഞെരുക്കം മൂലം പലപ്പോഴും അത് വിഫലമാവുകയാണുണ്ടായത്. 2016 ഇന്ത്യ വിരുദ്ധ മുന്നേറ്റത്തിലും ഇതേയവസ്ഥയുണ്ടായിട്ടുണ്ട്. 2019 ഒക്ടോബറോടെ ഒരു വ്യാജമായ സാധാരണജീവിതം തിരിച്ചുവന്നു.
ഞങ്ങളുടെ വീടിനടുത്തുള്ള കടകള്‍ക്കു സമീപം കുറച്ച് കോണ്‍ക്രീറ്റ് പടവുകളുണ്ടായിരുന്നു. പോലീസ് അനാസ്ഥരാകുന്ന, നിരോധനാജ്ഞയുടെ സമയങ്ങളില്‍ ഞങ്ങളവിടെ കൂടിയിരിക്കും. ഒരു സാധാരണജീവിതത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് കടയുടമകള്‍ക്ക് പണം നല്‍കി ശ്രീനഗറിലെ കടകള്‍ തുറന്നു വെക്കാന്‍ നിര്‍ദേശിച്ചതായി അവിടെയിരിക്കുമ്പോഴാണ് കേട്ടത്. ഈ വ്യാജപ്രതീതിക്ക് മാറ്റുകൂട്ടാന്‍ പോലീസുകാര്‍ സാദാവേഷം ധരിച്ച് കാറോടിക്കുകയാണെന്നും കേട്ടു.
മുന്‍കാലങ്ങളില്‍ സായുധകലാപത്തെ അടുത്തറിഞ്ഞവരുടെ കഥകള്‍ കേള്‍ക്കലായിരുന്നു അവിടെയിരുന്നപ്പോഴുണ്ടായ മറക്കാനാവാത്ത നിമിഷങ്ങള്‍. ആ കൂടിയിരുത്തം മുന്‍കഴിഞ്ഞ വീരോചിത മുന്നേറ്റങ്ങളുടെയും, ഒറ്റുകൊടുക്കലുകളുടെയും, പാഴായ അവസരങ്ങളുടെയും കഥകള്‍ അയവിറക്കുന്നതായി മാറി. ബുര്‍ഹാനി വാനിയെ പോരാട്ടത്തിന്റെ പേരില്‍ വാഴ്ത്തുന്നതോടൊപ്പം 1947 ല്‍ പാകിസ്ഥാനില്‍ ചേരുന്നില്ലെന്ന തീരുമാനമെടുത്ത ഷെയ്ഖ് അബ്ദുള്ള ശപിക്കപ്പെട്ടവനായി. റിട്ടയര്‍ സ്‌കൂള്‍ മാഷ്, മാസ്റ്റര്‍ ജിയുടെ അഭിപ്രായത്തില്‍ അമേരിക്കയെ മുട്ടുകുത്തിച്ച അഫ്ഗാനികളുടെ വിശ്വാസവീര്യമൊന്നും ആട്ടിന്‍കുട്ടികളായ കശ്മീരികള്‍ക്കില്ലന്നാണ്. എല്ലാവരുടെയുമുള്ളില്‍ യുദ്ധാവേശം നുരപൊന്തി.
എന്റെ പിതാവിന്റെ അമ്മാവനോടൊപ്പം അങ്ങാടിയിലൂടെ കാറില്‍ പോകുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: ‘ചുറ്റുമൊന്ന് നോക്ക്, ആളുകളുടെ മുഖത്തേക്ക്. സൂക്ഷിച്ചു നോക്കൂ, ഒരു തരിയെങ്കിലും സന്തോഷമുള്ള ഏതെങ്കിലും മുഖം നിനക്ക് കണ്ടെത്താമോ?’ ഞാന്‍ തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല. “കശ്മീര്‍ വിജനമായി” അദ്ദേഹം ദീര്‍ഘനിശ്വാസമിട്ടു.
കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെക്കുറിച്ചും സാധാരണയിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും ഇന്ത്യന്‍ ബ്യൂറോക്രാറ്റുകള്‍ മുറപോലെ കുറിപ്പുകളിറക്കി. ഭരണാനുകൂലികള്‍, കശ്മീരികൾ തീരുമാനത്തില്‍ സംതൃപ്തരാണെന്ന് സ്ഥാപിച്ചു. പുതിയ കശ്മീരില്‍ എല്ലാം നല്ലനിലയിലാണെന്നവര്‍ ഇന്ത്യക്കാരോട് വിളിച്ചു പറഞ്ഞു. കശ്മീരിന്റെ വികസനത്തിനുവേണ്ടി മോദിജി ഒരു വലിയ നീക്കം നടത്തിയത് കണ്ടില്ലേ, ആഗസ്റ്റ് അഞ്ചിനു ശേഷം ജനിച്ച കശ്മീരി കുട്ടികളുടെ വിദ്യാഭ്യാസം അംബാനി ഏറ്റെടുക്കാന്‍ പോവുകയാണ്”. ഡെല്‍ഹി എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി മധ്യവയസ്‌കനായ ടാക്‌സി ഡ്രൈവര്‍ എന്നോട് പറഞ്ഞു. അയാളോട് രാഷ്ട്രീയം പറയാനുള്ള മടുപ്പോടെ അതൊക്കെ വ്യാജമാണെന്നു പറയാന്‍ പോലും ഞാന്‍ മെനക്കെട്ടില്ല. എല്ലാ കശ്മീരി നേതാക്കളും ജയിലില്‍ കിടന്ന് നരകിച്ചുപോട്ടെയെന്നയാള്‍ പുലമ്പുന്നുണ്ടായിരുന്നു.
ആഗസ്റ്റ് മുതല്‍ തുടങ്ങിയ അടച്ചുപൂട്ടലുകള്‍ ഞങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. സാമ്പത്തികരംഗം താറുമാറായി, സ്റ്റാര്‍ട്ടപ്പുകള്‍ മരിച്ചു, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സാര്‍വ്വത്രികമായി, ഗവേഷകര്‍ക്ക് അവരുടെ ഗവേഷണം പാതിവഴിയില്‍ മുടങ്ങി, വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല, കാശ്മീരിനു പുറത്തേക്ക് പോകാന്‍ കഴിഞ്ഞ വളരെ തുഛം ആളുകള്‍ പോലും ദുരിതങ്ങളിലായി.
കോവിഡ് 19 പ്രതിസന്ധി മുതലെടുത്തുകൊണ്ട് മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കൊളോണിയല്‍ അധിനിവേശ പദ്ധതി ദ്രുതഗതിയില്‍ നടപ്പില്‍ വരുത്തുന്നത് കാശ്മീരികള്‍ ഒരു ഭീകരഭാവിയായി നോക്കിക്കാണുകയാണ്. അവരുടെ മണ്ണ് സൗത്ത് ഏഷ്യയിലെ ഒരു ഫലസ്തീനായി മാറുമോയെന്ന ആശങ്കയിലാണ്.
ഈ നഷ്ടങ്ങളെല്ലാം വ്യക്തിപരമാണ്. തജാമുല്‍ വീണ്ടുമൊരു തേങ്ങലിന്റെ വക്കിലായി. ജൂണ്‍ 18 2020 വ്യാഴാഴ്ച്ച അദ്ദേഹത്തിന്റെ 17 വയസുകാരനായ ബന്ധു സെയ്ദ് ഷാകിര്‍ ഷാ ഷോപിയാനില്‍ ഇന്ത്യന്‍ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നു. പതിനാറ് ദിവസം മുമ്പാണ് ഷാകിര്‍ സായുധസംഘത്തില്‍ ചേര്‍ന്നത്. റൂബന്റെയും ഷാകിറിന്റെയും മറ്റു മൂന്നു സുഹൃത്തുക്കളുടെയുമടക്കം അഞ്ച് ശവമഞ്ചങ്ങളാണ് തജാമുല്‍ തോളിലേറ്റിയത്.
ഈ നഷ്ടങ്ങളെപ്പറ്റിയുള്ള എഴുത്ത്, ഈ മരണങ്ങളൊന്നും നിഷ്ഫലമല്ലെന്നും അര്‍ഥപൂര്‍ണമാണെന്നുമുള്ള വിശ്വാസപരമായ ബോധ്യത്തില്‍ നിന്നും, ധീരതയില്‍ നിന്നുമുല്‍ഭവിക്കുന്നതാണ്. ഒരു യുവകാശ്മീരിയുടെ മരണം പോലുമില്ലാതെ ഒരാഴ്ച്ച കടന്നുപോവില്ല. എല്ലാ മരണങ്ങളും കാശ്മീരികള്‍ക്ക് തങ്ങളുടെ കൂട്ടായ നഷ്ടമായാണ് അനുഭവപ്പെടുന്നത്. അധിനിവേശകര്‍ ഞങ്ങളീ നഷ്ടങ്ങളെല്ലാം നിശബ്ദമായി സഹിക്കണമെന്നാഗ്രഹിക്കുന്നു. ഞങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുന്നേരം നിശബ്ദതയൊരു പരിഹാരമാവില്ല.
Courtesy: Adi Magazine
Illustration: Suhail Naqshabandi
വിവ: റമീസുദ്ദീൻ വി. എം