അതിനാല്‍ പ്രിയപ്പെട്ട ബ്രൂട്ടസ്,
നീയിത് കേള്‍ക്കാന്‍ തയ്യാറാവുക.
നിനക്കറിയാം, നിനക്കിത്
സ്വയം കാണാന്‍ കഴിയില്ലെന്ന്,
നിനക്ക് നിന്നെ കണ്ടെത്താന്‍
ഞാന്‍ ഒരു കണ്ണാടിയായി ഇവിടെ നിലകൊള്ളാം,
നിനക്കിപ്പോഴുമറിയാത്ത നിന്നെ,
നീയങ്ങനെ തിരിച്ചറിയട്ടെ!
(കാഷ്യസ്, ജൂലിയസ് സീസര്‍-ഷേക്സ്പിയര്)
‘അമേരിക്കയുടെ കണ്ടെത്തല്‍’ ഒരു പരാജയമായിരുന്നോ? ഒരു അമേരിക്കാനന്തര ലോകത്തിന്റെ പാതയിലാണോ നമ്മള് നിലനില്‍ക്കുന്നത്? 1980 കളുടെ അവസാനത്തില്‍, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ബ്യൂറോക്രാറ്റിക്ക് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ഫുകുയാമ ചരിത്രം അവസാനിച്ചുവെന്നും ലിബറല്‍ ജനാധിപത്യത്തിന്റെ വിജയ മുദ്രയാണ് അമേരിക്കയെന്നും വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെതന്നെ ചരിത്രത്തിന്റെ അവസാനത്തെക്കുറിച്ച് അശ്രദ്ധമായി അദ്ദേഹം ഒരു ഹാസ്യം നടത്തിയതാകുമോ?
ഇപ്പോള്‍ കേവലം കാല്‍നൂറ്റാണ്ടിന് ശേഷം, ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ ഒന്നിന് പിറകെ ഒന്നായി ആപത്തുകളിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ അമേരിക്കയുടെ പതനത്തെക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു.
വടക്കേ അമേരിക്കയിലേയും പടിഞ്ഞാറന്‍ യൂറോപ്പിലേയും നിരീക്ഷകര്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ അന്ത്യത്തെക്കുറിച്ച് വളരെയധികം ഉത്കണ്ഠയുള്ളവരാണെങ്കിലും, ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ളവര്‍ ഈ അവസാനം കൊണ്ട് യഥാര്‍ഥത്തില്‍ അര്ഥമാക്കുന്നതെന്താണെന്നറിയാത ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും ഇടയില്‍ നെടുവീര്‍പ്പിടുകയാണ്! അതൊരു മഹാ വിസ്ഫോടനമായിരിക്കുമോ? അതോ ദയനീയമായ ഒരു കരച്ചിലാകുമോ? അങ്ങനെയെങ്കില്‍ സ്വതന്ത്ര്യ ലോകത്തിന്റെ ആരംഭം എപ്പോഴായിരിക്കും? ക്രൂരമായ സൈനിക ശക്തിയും ലോകമെമ്പാടുമുള്ള സൈനിക താവളങ്ങളുമൊക്കെ എപ്പോഴാണ് അവസാനിക്കുക?
പ്രശസ്ത അമേരിക്കന്‍ ചരിത്രകാരനായ ആന്‍ഡ്രൂ ബാസെവിച്ച് സമീപകാലത്ത് എഴുതിയ എന്‍ഡ് ഓഫ് എംപയര്‍ (End of Empire) എന്ന ചിന്തനീയമായ ലേഖനത്തില്‍, അമേരിക്കന്‍ സാമ്രാജ്യത്തിന് മേല്‍ സൂര്യനസ്തമിച്ചു എന്ന് വിശ്വസിക്കാനുള്ള തന്റെ വാദങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ സത്യസന്ധവും യുക്തിയുക്തവുമായി കടുത്ത ഭാഷയില്‍ വിമര്ശിക്കുന്നയാളെന്ന നിലയില്‍, ബാസെവിച്ചിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും ഇപ്പോള്‍ പുലര്‍ന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ അസ്ഥിരതയ്ക്കും ദാരിദ്ര്യത്തിനുമെതിരായുള്ള വന്‍ പ്രക്ഷോഭങ്ങള്‍, വംശീയതക്കെതിരെ തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് ആളിക്കത്തിക്കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ അമേരിക്കയില്‍ നിത്യകാഴ്ചയാണ്. ബാസെവിച്ച് നിരീക്ഷിക്കുന്നതിങ്ങനെയാണ്.

യു.എസ് ആധിപത്യത്തിന്റെ യുഗം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. അതിനാല്‍ വരേണ്യ വൃത്തങ്ങളില്‍ പരിലാളിക്കപ്പെട്ട അമേരിക്കക്കാര്‍ക്ക്, തങ്ങളെക്കൂടാതെ കഴിയുകയില്ലെന്ന കെട്ടുകഥകളിലും കാല്പനികബോധത്തിലും ഇനിയും ഏര്‍പ്പെടാന്‍ കഴിയുകയില്ല.
വംശീയത, അസമത്വം, മറ്റു പ്രശ്നങ്ങള്‍ എന്നിവ നിരന്തരം വര്‍ധിച്ചുവരിക വഴി അമേരിക്കന്‍ ജനതയുടെ ക്ഷേമം തന്നെ ആഗോള നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
നിര്‍ണ്ണായകമായ ഈ ലേഖനത്തില്‍ ബാസെവിച്ച് വ്യക്തമാക്കുന്നത്, അമേരിക്കയിലെ വംശീയത, ദാരിദ്ര്യം, ലോക ആധിപത്യത്തിനായുള്ള അമേരിക്കയുടെ ഹീനമായ ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരുകൂട്ടം വസ്തുതകളാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്‍ വീഴ്ചവരുത്തിയെന്നത് ലോകത്തിലെ ബാക്കിയുള്ള ജനങ്ങള്‍ക്കെന്ന പോലെ അമേരിക്കക്കാര്‍ക്കും നന്നായി അറിയാം. ഈ അമേരിക്ക എപ്പോഴെങ്കിലും ലോകത്തിന് ഒരു നേതൃത്വം ആയി നിലകൊണ്ടിട്ടുണ്ടോ? അതോ എപ്പോഴും ഭീഷണി മാത്രമായിരുന്നോ? ഭീതി നിലനില്‍ക്കുന്ന ഇടങ്ങളില്‍ മുന്നില്‍നിന്ന് നയിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം എന്നെങ്കിലും അമേരിക്കക്ക് ഉണ്ടായിരുന്നോ?
ഫുകുയാമയുടെ സാഡംബരവും ബുദ്ധിശുന്യവുമായ പ്രവചനങ്ങള്‍ക്കും ബാസെവിച്ചിന്റെ ധീരവും മിഴിവുറ്റതുമായ സ്ഥിതിവിവരക്കണക്കുകള്ക്കുമിടയില് നിന്ന് കൊണ്ട് അമേരിക്ക എപ്പോഴാണ് ആരംഭിച്ചതെന്നും എവിടെയാണ് അതിന് വളവ് സംഭവിച്ചതെന്നും നമുക്ക് കൗതുകത്തോടെ നോക്കിക്കാണാം.
ഈ നൂറ്റാണ്ടില്‍ അമേരിക്കക്ക് എന്ത് സംഭവിച്ചു?
‘അമേരിക്കയുടെ കണ്ടെത്തല്‍’ തന്നെ ഒരു പരാജയമായിരുന്നു. ഒരുപക്ഷെ തുടക്കം മുതല്‍ തന്നെ അമേരിക്ക പരാജയപ്പെടാനുള്ള സാധ്യതകള്‍ പ്രകടമായിരുന്നു. തദ്ദേശീയരായ അമേരിക്കക്കാരുടെ വംശഹത്യയില്‍ ആരംഭിക്കുകയും കൂട്ടക്കൊലകളും വംശീയതയും കുടിയേറ്റക്കാരുടെ തലമുറകളിലേക്ക് വരെ വ്യാപിപ്പിക്കുകയും ആഫ്രിക്കന്‍ ജനതയെ അടിമകളാക്കിവെച്ച് അഭിവൃദ്ധിപ്പെടുകയും ചെയ്ത ഒരു ആശയം എങ്ങനെയാണ് പരാജയപ്പെടാതിരിക്കുക? അധ്വാനിക്കാനും സഹവസിക്കാനും അമേരിക്കന്‍ തീരത്തെത്തിയ കുടിയേറ്റക്കാരെ വെളുത്ത മേധാവിത്വ കുടിയേറ്റ കോളനിക്കാര്‍ ചൂഷണം ചെയ്യുകയും അങ്ങനെ തലമുറകളായി അഭിവൃദ്ധി പ്രാപിക്കുകയും സമ്പന്നമാവുകയുമുണ്ടായി. ചരിത്രത്തിന്റെ ഏതെങ്കിലും സന്ധിയില്‍ തങ്ങള്‍ ചെയ്ത്കൂട്ടിയ പാപങ്ങള്‍ക്ക് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നത് തീര്‍ച്ചയാണ്.
അമേരിക്കയുടെ പതനം സംഭവിക്കുന്നു എന്നത് ഒരു പുതിയ ആശയമോ സമീപകാല കണ്ടെത്തലോ അല്ല. ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിലകൊണ്ട കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഈ വസ്തുത ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ പ്രകടമായിരുന്നു. ട്രംപ് അധികാരത്തിലേറിയതിന് ശേഷം തന്റെ വ്യക്തിപരമായ ആഭാസങ്ങളും ക്രിമിനല്‍ പരിവേഷവും പുറത്തെടുക്കുക മാത്രമല്ല ചെയ്തത്, മറിച്ച് അദ്ദേഹം അധികാരമേറ്റെടുക്കുന്നതിന് വളരെ മുമ്പ് തന്നെ അമേരിക്ക എന്ന രാജ്യത്തെ രൂപപ്പെടുത്തുകയും നിര്‍വ്വചിക്കുകയും ചെയ്ത സ്വത്വത്തെ സ്വയം നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന ഇടപെടലുകള്‍ നിരന്തരം നടത്തുകയുണ്ടായി. ട്രംപ് പരത്തുന്ന വംശീയത അമേരിക്കയെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരും കൊളോണിയലിസ്റ്റുകളും കൊണ്ടുവന്ന മറ്റെല്ലാ രോഗങ്ങളെയും പോലെ യൂറോപ്പില്‍ നിന്ന് തന്നെയാണ് വംശീയത അമേരിക്കയിലുമെത്തുന്നത്.

ഓരോ രാജ്യത്തും ഓരോ പ്രദേശത്തും അതിന്റേതായ ഒരു പ്രത്യേക രാഷ്ട്രീയ അസുഖം ഉണ്ട്. ഈജിപ്ത് സീസിക്കും റഷ്യ പുടിനും ചൈന എഫ്സിക്കും ഇന്ത്യ മോദിക്കും ബ്രസീല്‍ ബോള്സോനാരോക്കും മ്യാന്മര് ആംഗ് സാന്‍ സൂകിക്കും ഇറാന് ഖുമൈനിക്കും സിറിയ അസദിനുമൊക്കെ ജന്മം നല്‍കിയത് പോലെ! എന്നാല്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്നത് വലിയ ബലവും ശക്തിയുമുള്ള അമേരിക്കയുടെ അഹങ്കാരവും അതിന്റെ സവിശേഷമായ സാമ്രാജ്യത്വ അഴിമതിയുമൊക്കെ ശൂന്യതയിലേക്ക് അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിനെക്കുറിച്ചാണ്.
അമേരിക്കന്‍ സാമ്രാജത്വത്തിന്റെ പതനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ തീര്‍ച്ചയായും ട്രംപിന് മുന്‍കൂട്ടി അറിയാവുന്നതാണ്. ഡേവിഡ് എസ്.മേസന്റെ ദി എന്‍ഡ് ഓഫ് അമേരിക്കന്‍ സെഞ്ച്വറി (The End of American Century) (2009) എന്ന പുസ്തകം അത്തരം വിശകലനത്തിന്റെ ഒരു ലളിതമായ ഉദാഹരണമാണ്. രണ്ടാം ലോകമഹായുദ്ധത്തോടെ ആരംഭിച്ച യു.എസിന്റെ സാമൂഹികവും സാമ്പത്തികവും ആഗോളവുമായ പരസ്പരബന്ധിതമായ വിവിധഘട്ടങ്ങളെക്കുറിച്ച് അതില്‍ നാം വായിക്കുന്നു. അമേരിക്കന്‍ നയതന്ത്രജ്ഞന് റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ (1941-2010) ജീവിത കാലം അമേരിക്കന്‍ സാമ്രാജത്വത്തിന്റെ ഉന്നതിയുടെ കാലഘട്ടമായി ജോര്‍ജ്ജ് പാക്കര്‍ തന്റെ ദ എന്റ് ഓഫ് അമേരിക്കിന്‍ സെഞ്ച്വറി (2009) എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ പറയുന്നു. അതിനുശേഷമാണ് കാര്യങ്ങള്‍ തകര്‍ന്നടിയാന്‍ തുടങ്ങിയതെന്നും അദ്ദേഹം വാദിക്കുന്നു.
അതേസമയം, യു.എസിന്റെ രാഷ്ട്രീയകേന്ദ്രത്തിലെ സാമ്രാജത്വവാദികള് മറ്റു പലതും ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്. 1990കളുടെ അവസാനത്തില്‍ വാഷിംഗ്ടണ്‍ ഡി.സി ആസ്ഥാനമാക്കിയുള്ള ഒരു നിയോകണ്‍സര്‍വേറ്റീവ് (Neo-conservative) പദ്ധതിയാണ് പ്രൊജക്ട് ഫോര്‍ ദി ന്യൂ അമേരിക്കന്‍ സെഞ്ച്വറി (പി.എന്‍.എ.സി). യു.എസിന്റെ നേതൃത്വത്തിലുള്ള നിയോകണ്‍സര്‍വേറ്റീവ്, നവലിബറല്‍ പദ്ധതികളുടെ വിജയത്തെ അമേരിക്കന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പിനെ ഉദ്ഘോഷിക്കുന്ന രീതിയില്‍ അവര്‍ അവതരിപ്പിക്കുകയുണ്ടായി. വില്യം ക്രിസ്റ്റലും റോബര്‍ട്ട് കഗനും നയിച്ച ഈ പി.എന്‍.എ.സി ഇന്ന് പരിഹാസ്യമായി തോന്നുകയാണ്.
അവരില്‍ ഭൂരിഭാഗവും കടുത്ത സയണിസ്റ്റുകളായിരുന്നു. അവര്‍ ഇസ്രയേലിൻറെ കൊളോണിയല്‍ താത്പര്യങ്ങളെ യു.എസ് വിദേശനയത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും അതിനെ ഒരു പുതിയ അമേരിക്കന്‍ നൂറ്റാണ്ട് എന്ന് വിളിക്കുകയും ചെയ്തു. അവരുടെ തീവ്രമായ ഗൂഢാലോചനകള്‍ പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിനേയും ഡിക്ക് ചെനിയേയും അവരുടെ ദൗത്യങ്ങളെക്കുറിച്ച് വിശ്വസിപ്പിക്കാനും ബോധ്യപ്പെടുത്താനും അവര്‍ക്ക് സാധിച്ചിരുന്നു. അങ്ങനെ, അമേരിക്കന്‍ നേതൃത്വം എന്ന വ്യാമോഹപരമായ മിഥ്യ പ്രചരിപ്പിച്ച് അവര്‍ തികഞ്ഞ ക്രിമിനല്‍ താത്പര്യങ്ങളോടെ ഇറാഖ് എന്ന ഒരു രാജ്യത്തെത്തന്നെ പൂര്‍ണ്ണമായും നശിപ്പിക്കുകയുണ്ടായി.
ഇന്ന്, മാര്ട്ടിന് കപ്ലാനെപ്പോലെ വിവേകത്തോടെ ചിന്തിക്കുന്ന ഒട്ടേറെ അമേരിക്കക്കാരുണ്ട്. അദ്ദേഹത്തിന്റെ 2017ലെ ട്രംപും അമേരിക്കന്‍ നൂറ്റാണ്ടിന്റെ അവസാനവും എന്ന ലേഖനം അമേരിക്കന്‍ നേതൃത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ടാണ് ലേഖനം ഉപസംഹരിക്കുന്നത്. അദ്ദേഹം പറയുന്നു: അമേരിക്കയുടെ അപ്രതീക്ഷിതവും നിരാശാജനകവുമായ വെല്ലുവിളികളോട് നാം പ്രതികരിക്കണം. അമേരിക്കക്കകത്തും പുറത്തുമായി അതിന്റെ ചരിത്രപരമായ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും വ്യാപകമായി ലംഘിക്കപ്പെടുകയാണ്. എന്നാല്‍ എന്ത് നേതൃത്വമാണ്? എപ്പോഴാണ്? എങ്ങനെയാണ്? എന്നൊക്കെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ജനങ്ങള്‍ വിസ്മയം കൊണ്ടേക്കാം.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ശേഷമുള്ള ലോകം
കേവലം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോകണ്‍സര്‍വേറ്റീവ് ഗുണ്ടകള്‍ തങ്ങള്‍ ലോകം ഭരിക്കുമെന്ന് കരുതിയിരുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്ന് വെറും മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ മാരകമായ ഒരു മഹാമാരിയിലേക്ക് നയിച്ച ആരോഗ്യമേഖലയിലെ വിനാശകരമായ പരാജയങ്ങളും സാമ്പത്തികമായ അസ്ഥിരതയും മൂല്യച്യുതിയും അവരുടെ റിപ്പബ്ലിക്കിനെ ശിഥിലമാക്കിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ വംശീയതക്കെതിരെ വന്‍തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഒറിഗോണ്‍, സിയാറ്റില്‍, ഓക്ക്ലാന്‍ഡ്, ചിക്കാഗോ, ന്യൂയോര്‍ക്ക് എന്നീ തെരുവുകള്‍ ഗ്വാട്ടിമാലയിലോ ചിലിയിലോ നടന്ന സൈനിക അട്ടിമറിയിലെ രംഗങ്ങള്‍ പോലെ കാണപ്പെടുന്നു. അതേസമയം, യു.എസ് പ്രസിഡന്റ് പോസ്റ്റല്‍ സംവിധാനത്തെ തകിടം മറിച്ചുകൊണ്ട് വീണ്ടും തെരെഞ്ഞെടുക്കപ്പെടാനുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെ അക്രമണങ്ങള്‍, സമാധാനലംഘനം, ക്രൂരമായ സൈനികത, ജനാധിപത്യതാത്പര്യങ്ങള്ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും അത് അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ വലിയതോതിലുള്ള തിരിച്ചടികള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്പോലെ ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ അനയുയായികളും പോസ്റ്റല്‍ സംവിധാനങ്ങളെ തകിടം മറിച്ച് വോട്ട് മറിക്കാനും ജനങ്ങളെ വഞ്ചിച്ച് വീണ്ടും അധികാരത്തില്‍ കയറാനുമുളള ഹീനമായ ശ്രമത്തിലാണിപ്പോള്‍. സിറിയ, ഈജിപ്ത്, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ പോലും നാം മുമ്പ് കണ്ടിട്ടില്ലാത്ത ഏറ്റവും പരിഹാസ്യമായ ഒരു തെരെഞ്ഞെടുപ്പിലേക്കുള്ള യാത്രയിലാണ് യു.എസ് ഇപ്പോള്‍.
അമേരിക്കാനന്തര ലോകം, അമേരിക്കന്‍ ജനതയെ അപകടകരമായ വ്യാമോഹങ്ങളില്‍ നിന്ന് വിമോചിപ്പിക്കുകയും മാനവികതയുടെ മടിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യും. അമേരിക്ക അതിന്റെ വീണ്ടെടുക്കാന്‍ കഴിയാത്ത വംശീയ ചരിത്രവുമായി പൊരുത്തപ്പെടുകയും അതിന്റെ എല്ലാ വംശീയ സ്ഥാപനങ്ങളേയും തകര്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പൂര്‍ണ്ണാര്‍ഥത്തില്‍ മോചിപ്പിക്കപ്പെടുകയുള്ളൂ. ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന തീരപ്രദേശങ്ങളില്‍ നിന്നും തീരപ്രദേശങ്ങളിലേക്കുള്ള പ്രക്ഷോഭങ്ങള്‍ അതാണ് ലക്ഷ്യം വെക്കുന്നത്. ഏറ്റവും മികച്ച അമേരിക്കക്കാരുടെ അടിച്ചമര്‍ത്തപ്പെട്ട റിപ്പബ്ലിക്കന്‍ അഭിലാഷങ്ങള്‍ വീണ്ടെടുക്കുന്നതിനും ഏറ്റവും മോശമായ സാമ്രാജത്വ അഹങ്കാരം ഇല്ലാതാക്കാനും അത് ഉപകരിക്കും.
Courtesy: Al Jazeera
വിവ: അബ്ദുല്ലത്തീഫ് പാലത്തുങ്കര
Recent Comments