മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1931 ല്‍ പറഞ്ഞതുപോലെ, “താന്താങ്ങളെ സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ജനങ്ങളോട് കാണിക്കുന്ന കരുണയും രാജ്യത്തെ ഏറ്റവും ദുര്‍ബലരായ കൂട്ടത്തോടുള്ള സമീപനവും കണക്കിലെടുത്താണ് ഒരു രാജ്യത്തിന്റെ മഹത്വത്തെ അളക്കാന്‍ കഴിയുക.” ഇന്ത്യ 73-ആം സ്വാതന്ത്ര്യ ദിനത്തിലൂടെ കടന്നുപോയ വേളയില്‍ ഇന്ത്യന്‍ മുസ്ലിംകള് എവിടെയെത്തി നില്‍ക്കുന്നുവെന്ന് മനസിലാക്കല്‍ സുപ്രധാനമാണ്.
തെക്കന്‍ ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യ, പാകിസ്ഥാന് പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പഠനം നടത്തുന്ന ഫ്രെഞ്ച് രാഷ്ട്രീയ തത്വചിന്തകന്‍ ക്രിസ്റ്റോഫ് ജഫ്രലോട്ട് ഒരു വെബിനാറില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ഗഹനമായി സംസാരിച്ച അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
സര്‍ക്കാരിന്റെ തന്നെ ഗവേഷണ വിവരങ്ങള്‍ വെച്ചുകൊണ്ട് ഇന്ത്യന്‍ മുസ്ലിംകളെ കോണ്‍ഗ്രസ് ലാളിച്ചുവെന്ന മിഥ്യാധാരണയെ അദ്ദേഹം പൊളിക്കുന്നുണ്ട്. ബിജെപിയുടെ അധികാരാരോഹണം മുസ്ലിംകളെ ഏതുവിധേനയൊക്കെയാണ് ബാധിച്ചതെന്ന ചോദ്യവും വെസ്റ്റ് ബംഗാള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന BASE എന്ന സംഘടന സംഘടിപ്പിച്ച വെബിനാറില്‍ ക്രിസ്റ്റോഫ് അഭിമുഖീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഇന്ത്യന്‍ മുസ്ലിംകളെ പ്രീണിപ്പിച്ചിട്ടുണ്ടോ?
മുസ്ലിം പ്രീണനത്തെ ഉര്‍ദു ഭാഷയുമായി ബന്ധപ്പെടുത്തിയാണദ്ദേഹം പരിശോധിക്കുന്നത്. ബിജെപി യുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉര്‍ദു ഒരു മാതൃഭാഷയായി ഉള്പ്പെടുത്തിയിട്ടില്ലയെന്നത് ശ്രദ്ധേയമായ വസ്തുതയാണ്.
യുപി, ബിഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാതന്ത്ര്യാനന്തരം ഉര്‍ദു ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനുകളെ നിയോഗിച്ച് പഠിക്കേണ്ടിയിരുന്ന സമയത്ത് കോണ്‍ഗ്രസിലെ വലതുപക്ഷ-ഹിന്ദു പാരമ്പര്യവാദികളായ നേതാക്കള്‍ ഉര്‍ദുവിനെ വേണ്ടപോലെ പിന്തുണച്ചില്ല. ജഫ്രലോട്ട് പറയുന്നു: “യുപിയിലും ബീഹാറിലും മുസ്ലിം ജനസംഖ്യ ഉയര്‍ന്നപ്പോള്‍ ഉര്‍ദു സംസാരിക്കുന്നവര്‍ തഴയപ്പെട്ടു”. ഉര്‍ദു സംസാരിക്കുന്നവരും മുസ്ലിംകളും തമ്മിലുള്ള ജനസംഖ്യാവിടവ് 10% മാത്രമാണ്. ആന്ധ്രപ്രദേശ് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉര്‍ദുവിനെ അംഗീകരിച്ചിട്ടുണ്ട്. അവിടങ്ങളില്‍ നേരിയ വിടവ് മാത്രമാണ് മുസ്ലിംകളും ഉര്‍ദു സംസാരിക്കുന്നവരും തമ്മിലുള്ളത്. ഉര്‍ദു സംസാരിക്കുന്നവരുടെ മൊത്തത്തിലുള്ള ചിത്രമെടുത്താല്‍, വടക്കേയിന്ത്യയില്‍ പിറവിയെടുത്തൊരു ഭാഷ ദക്ഷിണേന്ത്യന്‍ ഭാഷയായി മാറിയതായി കാണാന്‍ കഴിയുമെന്ന് ക്രിസ്റ്റോഫ് നിരീക്ഷിക്കുന്നു.
കോണ്‍ഗ്രസ് ഭരണകാലത്ത് മുസ്ലിംകളുടെ ഭരണപങ്കാളിത്തം
1951 മുതല്‍ 2016 വരെയുള്ള കാലയളവില്‍ മുസ്ലിം ജനസംഖ്യാവര്ധനവുണ്ടായെങ്കിലും മുസ്ലിം ഐപിഎസ് ഉദ്യോഗസ്ഥരുടെ തോത് ആകെ ഐപിഎസ് ഉദ്യോഗസ്ഥരെക്കാള്‍ 4% നു മുകളില്‍ കടന്നിട്ടേയില്ലയെന്ന് ക്രിസ്റ്റോഫ് ജെഫ്രലോട്ട് നിരീക്ഷിക്കുന്നു. വരേണ്യസ്ഥാനമാനങ്ങളിലെ മുസ്ലിംകളുടെ പ്രാതിനിധ്യവും ജനസംഖ്യയും തമ്മിലുള്ള വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്തരത്തെ ഈ കണക്ക് ചൂണ്ടിക്കാണിക്കുന്നു. ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ (നിലവില്‍ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കപ്പെട്ടു) ജമ്മു-കാശ്മീരിന്റെ കണക്ക് മാറ്റിവെച്ച് പരിശോധിച്ചാല്‍ സ്ഥിതി ഇതിലും മോശമാണ്. ഐഎഎസിന്റെയും മറ്റു ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങളുടെയും കാര്യത്തിലും ഇതേ സ്ഥിതിതന്നെയാണ്.
1978 മുതല്‍ 2014 വരെയുള്ള കാലയളവില്‍ മുസ്ലിം ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം ആകെയുള്ളവരെക്കാള് 5% നു മുകളില്‍ കടന്നിട്ടില്ല.
‘മുസ്ലിം പ്രീണനമുണ്ടായിരുന്നുവെങ്കില് യോഗ്യതയില്ലെങ്കില്‍ പോലും ഇത്തരം ഉദ്യോഗങ്ങളില്‍ അമിത പ്രാതിനിധ്യം കാണാമായിരുന്നു’ ജെഫ്ര്ലോട്ട് സമര്‍ഥിക്കുന്നു. ഇത്തരം വരേണ്യ ഉദ്യോഗങ്ങളിലെ മുസ്ലിം പ്രാതിനിധ്യം നേരിയ ഉയര്ച്ചതാഴ്ച്ചകളോടെ സ്ഥായിയായി നിലനിന്നുപോന്നു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രധാന സംഭാവന
1980,1990, 2000 കാലയളവിലാണ് മുസ്ലിംകളുടെ തൊഴില്‍ സംബന്ധമായ സ്ഥിതിവിവരക്കണക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്.
നഗരങ്ങളിലെ മുസ്ലിംകളില് സാലറീഡ് ക്ലാസില്‍ ഉള്‍പ്പെട്ടത് 8% പേരാണ്, അതും ദേശീയ ശരാശരി 21% ആയിരുന്ന സമയം.
ഹിന്ദുക്കളെക്കാള്‍ വളരെ കൂടുതല്‍- 61% മുസ്ലിംകളും കച്ചവടവും, കൈത്തൊഴിലുമടക്കമുള്ള സ്വയംതൊഴില്‍ ചെയ്യുന്നവരാണ്.

ശമ്പളഗണത്തില് (salaried class) മുസ്ലിംകള് കാര്യമായി ഉള്‍പ്പെട്ടിട്ടില്ല എന്നതിലുപരി പൊതുനിയമനങ്ങളില്‍ നിന്നും വന്‍തോതില്‍ ഇവര്‍ പുറന്തള്ളപ്പെട്ടു എന്ന് ജെഫ്രലോട്ട് മനസിലാക്കുന്നു. കാര്‍ഷികേതര സ്ഥിരവരുമാന ജോലികളില്‍ ഹിന്ദുക്കള്‍ ഏതാണ്ട് 20% ത്തോളം ഉണ്ടായിരിക്കുമ്പോള്‍ മുസ്ലിംകള് 5% മാത്രമായിരുന്നു. അതേസമയം, സ്വകാര്യമേഖലയിലെ ശമ്പളഗണത്തില് (salaried class) 22.16 ശതമാനം ഹിന്ദുക്കളുള്ളപ്പോള്‍ മുസ്ലിംകള് 19.70 ശതമാനമാണ്. ‘പൊതുമേഖലയില്‍ മുസ്ലിംകള് തഴയപ്പെട്ടതു പോലെ സ്വകാര്യമേഖലയില്‍ തഴയപ്പെട്ടിട്ടില്ലയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.’ ജെഫ്രലോട്ട് പറയുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിംകളെ പ്രീണിപ്പിച്ചിട്ടല്ലയെന്നതിന് മറ്റൊരു തെളിവാണത്. യൂണിവേഴ്സിറ്റികളും , റെയില്വേയുമടങ്ങുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളഗണത്തില് നിന്നും മുസ്ലിംകള് വിവേചനം നേരിട്ടിരിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുക്കളെക്കാള്‍ പൊതുവിതര (informal) മേഖലയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം കാണുന്നത്.
പൊതു- സ്വകാര്യമേഖലകളില്‍, ഹിന്ദുക്കള്‍ക്കിടയിലെ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന ഹിന്ദു ഒബിസികള്‍ക്ക്, മുസ്ലിം ഒബിസികളേക്കാളും ഒരേ തൊഴിലിന് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ നിലവാരം
2001 ലെ സെന്‍സസ് പ്രകാരം, മറ്റു മതസമൂഹങ്ങളെക്കാള് മുസ്ലിംകള് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നോക്കമാണ്. അവസാന സെന്‍സസില്‍ മോശമല്ലാത്ത നിലവാരമാണെങ്കില്‍ പോലും ആ വിടവ് ഇപ്പോഴും നിലനില്ക്കുന്നു.
മുസ്ലിം സ്ത്രീ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമാണെന്ന വാദത്തെ തള്ളിക്കൊണ്ട് ജെഫ്രലോട്ട് പറയുന്നു,”അത് മുസ്ലിം സ്ത്രീകളുടെ കുഴപ്പമല്ല, 53% വരുന്ന ഹിന്ദു സ്ത്രീകളുടെ സാക്ഷരത നിരക്കിനേക്കാള്‍ 50% ഉള്ള മുസ്ലിം സ്ത്രീകളുടെ സാക്ഷരതനിരക്ക് അത്ര കുറവല്ല.” ഇത് മുസ്ലിം പുരുഷന്റെ ഭാഗത്തുനിന്നുള്ള വിടവുകാരണമാണ്. 2001 സെന്‍സസ് പ്രകാരം 65.1% ഹിന്ദുക്കളുടെ സാക്ഷരതയും 59.1% മുസ്ലിം പുരുഷന്മാരുടെ സാക്ഷരതയുമാണുള്ളത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
മറ്റേതു സമുദായത്തെക്കാളും, മുസ്ലിംകള് കുട്ടികളെ പ്രൈമറി വിദ്യാഭ്യാസത്തിനയക്കുന്നുണ്ട്. 54.91% ഹിന്ദുക്കളെയപേക്ഷിച്ച് മുസ്ലിംകള് ഈ കാര്യത്തില്‍ 65.31% ഉണ്ട്. സെക്കന്ററി, സീനിയര്‍ സെക്കന്ററി തലങ്ങളിലെ ഡ്രോപ് ഔട്ട് നിരക്കിന്റെ വര്‍ധന മൂലമാണ് മുസ്ലിംകള് പിന്നാക്കം പോയിട്ടുള്ളത്. സീനിയര്‍ സെക്കന്ററി തലത്തില്‍ 4.53% മുസ്ലിം വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ മാത്രമാണുള്ളത്. ബിരുദ തലത്തിലേക്കു വന്നാല്‍, 3.6%ത്തിലേക്ക് കൂപ്പുകുത്തിയ ദാരുണസ്ഥിതിയാണുള്ളത്.
ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുസ്ലിംകളുടെ കാര്യം വാസ്തവമാണ്. മിക്ക സമുദായങ്ങളിലും, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ നഗരങ്ങളെയപേക്ഷിച്ച് ഗ്രാമങ്ങളിലാണധികവും. എന്നാല്‍, ഗ്രാമങ്ങളിലുള്ളതിനെക്കാള് കൂടുതല്‍ ദരിദ്രര്‍ നഗരങ്ങളില്‍ വസിക്കുന്നത് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്. Muslims in Indian Cities എന്ന പുസ്തകത്തില്‍ വിശദീകരിച്ചതു പോലെ, മിക്ക നഗരങ്ങളിലും മുസ്ലിംകള് ഒരു പ്രത്യേക രൂപത്തില്‍ ഗെറ്റോവല്ക്കരിക്കപ്പെട്ടിരിക്കുന്നു. 2005 വരെ ദളിതരെക്കാളും ഹിന്ദു ഒബിസികളെക്കാളും ആളോഹരി വരുമാനമുണ്ടായിരുന്ന മുസ്ലിംകള്, 2011-2012 ഘട്ടത്തിലേക്കെത്തുമ്പോള്‍ ആളോഹരി വരുമാനത്തില്‍ ഏറ്റവും താഴെയായി സ്ഥാനം പിടിച്ചിരിക്കുന്നു.
ഇന്ത്യയില്‍ മുസ്ലിംകള് ഏകജാതീയമായ ഒരു സമുദായമല്ല. വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി വ്യത്യസ്തമായിരിക്കും. ദളിതരെക്കാളും ആളോഹരി വരുമാനം മുസ്ലിംകള്ക്കുള്ള സംസ്ഥാനങ്ങള്‍ കര്‍ണാടക, യുപി, ബിഹാര്‍ എന്നിവ മാത്രമാണ്.
സാമ്പത്തിക- സാമുഹിക രംഗത്ത് ബിജെപിയുടെ കടന്നുവരവ് മുസ്ലിംകളെ എങ്ങനെയാണ് ബാധിച്ചത്?
അസംബ്ലികളിലെ മുസ്ലിം അരികുവല്‍ക്കരണവും, പല സംസ്ഥാനങ്ങളിലും പോലീസിന്റെ ഭാഗത്തുനിന്നുള്ള വിവേചനപരമായ സമീപനവുമാണ് ഇവിടെ ജെഫ്രലോട്ട് പരിഗണിക്കുന്നത്.
1980 മുതല്‍ ലോകസഭയിലെ മുസ്ലിം സാന്നിധ്യം സ്ഥിരമായി കുറഞ്ഞുവന്നു. മുസ്ലിംകള് ജനസംഖ്യയുടെ 11% മാത്രമുണ്ടായിരുന്ന 1980കളില്‍ ലോകസഭാ സീറ്റുകളുടെ 9%, അഥവാ 49 എംപിമാര്‍ മുസ്ലിംകളായിരുന്നു. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ അത് ഏറ്റവും താഴ്ന്നു. 4% അഥവാ 21 എംപിമാര്‍ ആണ് ലോകസഭയില്‍ മുസ്ലിംകളായെത്തിയത്, കാരണം ബിജെപിക്ക് ഒരാള്‍ പോലും മുസ്ലിം എംപിയുണ്ടായിരുന്നില്ല.
ഒരു മുസ്ലിം എംപി പോലുമില്ലാത്തൊരു പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ തെരഞ്ഞെടുപ്പ് വിജയിക്കുന്നത്.

എന്നിരുന്നാലും, 2019 ല്‍ മുസ്ലിം എംപിമാരുടെ എണ്ണം 25 ആയി ഉയര്‍ന്നു, പക്ഷേ മൊത്തം ലോകസഭ സീറ്റുകളുടെ എണ്ണത്തിന്റെ 5%ത്തിനു മേലെ വന്നിട്ടില്ല.
സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും ഇതേപോലെയാണുണ്ടായത്. 9.1% മുസ്ലിംകളുള്ള ഗുജറാത്തില്‍ 1.6% മുസ്ലിം എംഎല്‍എമാരാണുള്ളത്. എണ്‍പതുകളില്‍ ഇത് 6% വരെയുണ്ടായിരുന്നു. 12.2% മുസ്ലിം ജനസംഖ്യയുള്ള കര്‍ണാടകയിലെ മുസ്ലിം എംഎല്‍എമാര്‍ 3.1% മാത്രം. എഴുപതുകളില്‍ ഇത് 7% വരെയുണ്ടായിരുന്നു.
6.4% മുസ്ലിംകളുള്ള മധ്യപ്രദേശിലാകട്ടെ, 0.4% പ്രാതിനിധ്യമാണ് സഭയിലുള്ളത്. അതായത്, ഒരേയൊരു എംഎല്‍എയാണ് മുസ്ലിമായിട്ടുള്ളത്. എഴുപതുകളില്‍ ഇത് 2.7% ആയിരുന്നു.
10%ത്തോളം മുസ്ലിംകളുള്ള മഹാരാഷ്ട്രയിലെ മുസ്ലിം എംഎല്‍എമാര്‍ 3.1% ആണ്. എണ്‍പതുകളുടെ മധ്യത്തില്‍ ഇത് 9% വരെയുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ കണക്കുകളാണ്. ഒരേയൊരു അപവാദം വെസ്റ്റ് ബംഗാളിലാണ്, അവിടെ വര്‍ധനവാണുണ്ടാകുന്നത്, 25.2% മുസ്ലിം ജനസംഖ്യയുള്ള ബംഗാളില്‍ 20% മുസ്ലിം എംഎല്‍എമാരുണ്ട്. 1985ല്‍ 2.9% മുസ്ലിം എംഎല്എമാരാണുണ്ടായിരുന്നതോര്ക്കണം.
ബിജെപിയുടെ കടന്നുവരവുണ്ടാക്കിയ ഏറ്റവും വലിയ ആഘാതം, സഭയിലെയും പാര്‍ലമെന്റിലെയും മുസ്ലിം പ്രാതിനിധ്യത്തിന്റെ ഇടിവാണെന്ന് പറയാം.
സംസ്ഥാനങ്ങളില്‍ പോലീസിന്റെ വിവേചനം
പോലീസുകാര്‍ മുസ്ലിംകളെ വിരോധത്തോടെയാണ് കാണുന്നതെന്ന വസ്തുത, 2019 ല്‍ CSDSന്റെ സര്‍വേഫലമായി ജെഫ്രലോട്ട് മുന്നോട്ട് വെക്കുന്നു. മറ്റാരെക്കാളും മുസ്ലിംകള് പോലീസിനെ ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്, രണ്ടാമത് ദളിതുകളും. എന്തുകൊണ്ടെന്ന ചോദ്യത്തിനു പലപ്പോഴും, മുസ്ലിംകളുടെ മേല്‍ പോലീസ് അനാവശ്യമായി തീവ്രവാദാരോപണം ഉന്നയിക്കുന്നുവെന്ന ഉത്തരമാണ് ലഭിക്കുന്നത്. നിരപരാധികളായ അനവധി മുസ്ലിം യുവാക്കള്‍ ഇക്കാരണത്താല്‍ ജയിലില്‍ കഴിയുന്നുണ്ട്.
ജനസംഖ്യയിലെ 14.5% പങ്കാളിത്തത്തെയപേക്ഷിച്ച് ജയിലുകളില്‍ കഴിയുന്ന മുസ്ലിംകള് അമിതപ്രാതിനിധ്യത്തോടെ 21% ആണ്, 2015 ലെ NCRB റിപ്പോര്‍ട്ട് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. അമേരിക്കന്‍ ജയിലുകളിലെ കറുത്ത വര്‍ഗക്കാരുടെ അമിത പ്രാതിനിധ്യത്തിനാനുപാതികമാണ് ഈ കണക്ക്.
വിചാരണത്തടവുകാരുടെയെണ്ണം ഈ 21% ത്തില്‍, മുസ്ലിം ജനസംഖ്യയുടെ തോത് പോലെ തന്നെ 15.8% ആണെന്ന വസ്തുതയാണ് കൂടുതല്‍ ശ്രദ്ധേയം. പോലീസിന്റെ സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തടവില്‍ കഴിയുന്നവരാണധികവും എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ജുഡീഷ്യറി കേസുകള്‍ പരിഗണിക്കുമ്പോള്‍ മാത്രം ഇവര്‍ മോചിതരാകുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക മാറ്റങ്ങളുടെ തന്നെ ഫലമാണ് ഇത്തരം നടപടികള്‍. പോലീസില്‍ മുസ്ലിംകളുടെ പ്രതിനിധാനം കുറവാണെന്നതും ഇതിന് കാരണമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
1947 മുതല്ക്കേ, മുസ്ലിംകള് കോണ്‍ഗ്രസിനാല്‍ പ്രീണിപ്പിക്കപ്പെട്ടിട്ടില്ലയെന്നതാണ് വസ്തുത. അങ്ങനെയുണ്ടായിരുന്നെങ്കില്‍, നമ്മളിപ്പോള്‍ കണ്ട സമൂഹിക- സാമ്പത്തിക സ്ഥിതിവിവരങ്ങളല്ല ഉണ്ടാവുക. മുസ്ലിംകളെ നാമനിര്‍ദേശം ചെയ്യാത്ത ബിജെപിയുടെ വളര്‍ച്ചക്ക് സമാന്തരമായാണ് മുസ്ലിംകളുടെ അവസ്ഥ മോശമായി വന്നതെന്ന് 1990 മുതല്‍ 2000 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.
ഭാവി വെല്ലുവിളികള്‍
പൗരത്വനിയമ ഭേദഗതി നിയമം വിദ്യാഭ്യാസരംഗത്തടക്ക്ം ഇന്ത്യയിലെ മുസ്ലിംകള്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുമെന്നാണ് ക്രിസ്റ്റോഫ് ജഫ്രെലോട്ട് പറയുന്നത്. അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ- ഓബിസികളില് പെട്ടവരാണ് മുസ്ലിംകളും. പൗരത്വം തെളിയിക്കല്‍ വലിയ ബുദ്ധിമുട്ടാണ്. ആസാമില്‍ പ്രാഥമികമായും പിന്നീട് ബാക്കിയെല്ലായിടത്തും അത് ബാധിക്കും.
ഇന്ത്യയിലെ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം വിദ്യാഭ്യാസമാണ് പ്രധാന പ്രതിസന്ധിയായി വരിക. അഭ്യസ്ത വിദ്യരായ മധ്യവര്‍ഗ മുസ്ലിംകള് ഉള്‍വലിയല്‍ സ്വഭാവം കാണിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു. എല്ലാ സമുദായങ്ങള്‍ക്കും മധ്യവര്‍ഗ- ചെറുപ്പക്കാരായ അഭ്യസ്തവിദ്യരെ ആവശ്യമുണ്ട്. അവര്‍ക്ക് ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാനും അവരുടെ മെച്ചപ്പെട്ട സ്ഥാനം മൂലം സമുദായത്തിന്റെ പ്രശ്നങ്ങളെ ഏറ്റെടുക്കാനും സാധിക്കും.
2017-18 വര്‍ഷത്തില്‍, സവര്‍ണ ഹിന്ദു യുവാക്കളില്‍ 37% വും, 25% ഹിന്ദു ഒബിസികളും. 18% ദളിതരും ബിരുദം നേടിയെങ്കില്‍ മുസ്ലിം യുവാക്കളില്‍ 14% മാത്രമാണ് ബിരുദം നേടിയത്. കൂടുതല്‍ ആകുലപ്പെടുത്തുന്ന വസ്തുത, പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 31% മുസ്ലിം യുവാക്കളും വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്തവരാണ്. അത് മറ്റെല്ലാവരെക്കാളും കൂടിയ നിരക്കാണെന്ന് മാത്രമല്ല, മൂന്നിലൊന്ന് മുസ്ലിം യുവാക്കള്‍ക്കും ജോലിയോ ഉന്നത വിദ്യാഭ്യാസത്തിന് അവസരമോ ഇല്ല.
ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം

രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ ഹിന്ദുത്വമായതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിംകളെ കയ്യൊഴിഞ്ഞു. ഇത് പഴയ ഇസ്രയേലിന്റെ കഥ തന്നെയാണ്. യിത്സാക് റബിന് എന്ന നേതാവിനു കീഴില്‍ ഇസ്രയേലികള്‍ക്കിടയില്‍ സമാധാനവും ക്ഷേമവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തില്‍ ഒരു ‘ലേബര്‍ പാര്‍ട്ടി’യുണ്ടായിരുന്നു. മതേതരവും പുരോഗമനപരവുമായ ആശയങ്ങള്‍ പുലര്‍ത്തിയ ഈ പാര്‍ട്ടി, കാലക്രമേണ മുഖ്യധാരയില്‍ നിന്നും മാഞ്ഞുതുടങ്ങി. അപരവിദ്വേഷവും അറബികളോടും ഇറാനോടും മുസ്ലിംകളോടുമെല്ലാം വെറുപ്പും പുലര്‍ത്തുന്ന ഏരിയല്‍ ഷാരോണിനു കീഴിലായി ആധിപത്യം. ‘ലികുഡ് പാര്‍ട്ടി’യുടെ ആശയങ്ങള്‍, ധ്രുവീകരണ തന്ത്രങ്ങള്‍ ഒരു പൊതുവായ വികാരം തന്നെ രൂപീകരിച്ചു.
ഇത് ഇന്ത്യയിലും സംഭവിക്കാം. ഹിന്ദുത്വം എന്നാല്‍ ഹിന്ദുമതല്ലെന്നും, ഹൈന്ദവ ദേശീയതയല്ല ഇന്ത്യന്‍ ദേശീയതയെന്നും ആളുകള്‍ പറയാന്‍ ഭയക്കുന്ന കാലം വന്നേക്കും. കാരണം, അപരവിദ്വേഷം അത്രമേല്‍ രൂഢമൂലമാവും. ഇസ്ലാമിനോടും പാകിസ്ഥാനോടുമുള്ള വെറുപ്പാണ് ഹിന്ദുത്വയുടെ ഏറ്റവും ശക്തമായ ആയുധം. ഈ വ്യവഹാരത്തില്‍ ചേര്‍ന്നില്ലെങ്കില്‍ നിങ്ങള്‍ നിയമവിരുദ്ധനായേക്കും.
ദേശീയമായ പോപുലിസം ആധിപത്യം സ്ഥാപിക്കുന്നത് മറ്റു പല രാജ്യങ്ങളിലും നാം കണ്ടിട്ടുണ്ട്. അപരനെ നിങ്ങള്‍ നിയമവിരുദ്ധനാക്കുന്നതോടെ അവന് മുട്ടിനില്‍ക്കാന്‍ പറ്റാതാവുന്നു. അതുകൊണ്ട്, അതിന്റെ മൃദുരൂപമാണെങ്കില് കൂടിയും, നിലവിലുള്ള ഒരു മുഖ്യധാരാ പാര്‍ട്ടിയെ പിന്തുണക്കലാണ് ആകെയുള്ള രക്ഷാമാര്‍ഗം. അതായിരിക്കാം ഇന്ത്യയുടെ ഗതിനിര്‍ണയിക്കുക. സ്വത്വ രാഷ്ട്രീയത്തെ സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങളിലും, രാജ്യത്തിന്റെ വികസനത്തിലും ശ്രദ്ധിക്കുന്ന രാഷ്ട്രീയമാക്കി പരിവര്ത്തിപ്പിക്കുന്നതാവണം പുതിയമാര്‍ഗം.
മുസ്ലിം അപരവല്‍ക്കരണത്തിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പ് – മത്സര രാഷ്ട്രീയമാണ്. എങ്ങനെയാണ് ധ്രുവീകരണമുണ്ടാക്കുക? ഒരു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ട്, സ്വന്തത്തിനു ഭീഷണിയാണെന്ന് വരുത്തിത്തീര്‍ത്തുകൊണ്ട്.
ബിജെപിക്ക് ഭിന്നിപ്പിക്കലിലൂടെ വോട്ടര്‍മാരെ സ്വരൂപിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അയോധ്യ വിഷയത്തിലും, കലാപങ്ങളുണ്ടാക്കുന്ന വിഷയത്തിലും കണ്ടതു പോലെ പല കാര്യത്തിലും അവര്‍ക്ക് ഭിന്നിപ്പും ധ്രുവീകരണവും സാധിക്കും.
ഇന്ത്യ ഒരു വംശീയ ജനാധിപത്യ രാജ്യമല്ലയെന്നതിന് ഒരേയൊരു ഘടകം ഇവിടുത്തെ മതനിരപേക്ഷമായ ഭരണഘടനയാണ്. മുസ്ലിംകളുടെ മേലുള്ള വിവേചനവും, അരികുവല്ക്കരണവുമെല്ലാം അളക്കാന്‍ ലോകസഭയിലെയും നിയമസഭകളിലെയും കണക്കുകളാണ് ജെഫ്രലോട്ട് പരിശോധിച്ചത്. മുഖ്യധാര പാര്‍ട്ടികളൊന്നും മുസ്ലിംകള്ക്ക് ഇന്ന് തെരഞ്ഞെടുപ്പ് ടിക്കറ്റ് നല്കാന് തയ്യാറല്ല.
AIMIM&AIUDF പോലുള്ള മുസ്ലിം പാര്‍ട്ടികളുടെ ഉദയം
മഹാരാഷ്ട്രയില്‍ ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും 20-25 സീറ്റുകള്‍ പിടിച്ചടക്കിയിരിക്കുന്നു. കോണ്‍ഗ്രസ് തങ്ങളെ പരിഗണിക്കുന്നില്ലെന്ന ബോധ്യമാണ് മുസ്ലിംകളെ അതിലേക്ക് നയിച്ചത്. അത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. വലിയൊരു ധര്മ്മസങ്കടമാണത്. സംസ്ഥാന തലത്തിലും, നിയോജക മണ്ഡല തലത്തിലും ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി ഏതാണെന്നു നോക്കി വോട്ടുനല്കലാണ് അതിനുള്ള ഒരേയൊരു പരിഹാരം.
ദളിത്-മുസ്ലിം രാഷ്ട്രീയ ഐക്യം
സാമൂഹിക- സാമ്പത്തിക ഉയര്‍ച്ച ദേശീയമായി തന്നെ ത്വരിതപ്പെടുന്നുവെങ്കിലേ അതിന് സാധ്യതയുള്ളു. സാമ്പത്തിക രംഗം തകര്‍ച്ചയിലാണ്. രണ്ടു കാരണങ്ങള്‍ കൊണ്ട് ദളിതുകളും മുസ്ലിംകളും രാഷ്ട്രീയമായി ഐക്യത്തിലല്ല. ഒന്ന്, ബിജെപി സംസ്കൃതവല്‍ക്കരണ തന്ത്രം വളരെ ഭംഗിയായി ദളിതുകളെ ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. രണ്ടാമത്, സംവരണം വിരോധാഭാസമാകുന്നു. പല സംസ്ഥാനങ്ങളിലും, ദളിത് ഉപജാതികള്‍ ഒട്ടുമിക്ക പട്ടികജാതി ക്വാട്ടയും കൈയടക്കി വെച്ചിരിക്കുന്നു. ഉദാഹരണത്തിന് ജാദവുമാര്. അതേസമയം, വാല്മീകി, ഖാതിക് പോലുള്ള ചെറിയ ജാതിസമുദായങ്ങള്‍ ഒറ്റപ്പെടുന്നു. ബിഎസ്പിയില് നിന്നും, സംവരണം കൈയടക്കിയ ജാതികളുള്ള പാര്‍ട്ടികളില്‍ നിന്നും ബിജെപിക്ക് എളുപ്പത്തില്‍ ഇത്തരം തഴയപ്പെട്ട ജാതികളെ ആകര്‍ഷിക്കാന്‍ കഴിയുന്നു.
ഏറ്റവും ദരിദ്രരായ ദളിതുകള്‍ ഇന്ന് ബിജെപിയുടെ കൂടെയാണെന്നത് പ്രധാനപ്പെട്ട വസ്തുതയാണ്. മുസ്ലിംകളോട് ഐക്യപ്പെടല്‍ നിലവില്‍ അവരുടെ അജണ്ടയേയല്ല.
മുസ്ലിംകളിലെ പുതിയ മധ്യവര്‍ഗം
പൊതുവെ അരാഷ്ട്രീയ വാദികളായിരുന്ന, എക്സിക്യൂട്ടിവ് ജോലിക്കാരും, ഉയര്‍ന്ന ശമ്പളക്കാരുമായിരുന്ന മധ്യവര്‍ഗ മുസ്ലിംകളുടെ പ്രതികരണശേഷിയെ ഉണര്‍ത്തി വിട്ടതാണ് പൗരത്വസമരവുമായി ബന്ധപ്പെട്ട് ജഫ്രലോട്ട് കാണുന്ന പ്രധാന മുന്നേറ്റം. തെരുവിലിറങ്ങാനും സമരം ചെയ്യാനുമുള്ള അവരുടെ സന്നദ്ധത നല്ലൊരു മുന്നേറ്റമാണെന്നദ്ദേഹം പറയുന്നു. സ്ത്രീകള്‍ അതില്‍ വളരെ അതിശയകരമായി പങ്കുവഹിച്ചു. യുവതികള്‍ മാത്രമല്ല, എല്ലാ മേഖലയില്‍ നിന്നുമുള്ള സ്ത്രീകളായിരുന്നു പൗരത്വസമരത്തിന്റെ മുന്‍നിരയില്‍. മുസ്ലിം സ്ത്രീയെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ വെച്ചുനോക്കിയാല്‍ അവരുടെ വിദ്യാഭ്യാസ നിലവാരം വളരെ ആശാവഹമാണെന്നദ്ദേഹം അഭിപ്രായപ്പെടുന്നു.

മധ്യവര്‍ഗത്തിന്റെ കടന്നുവരവും രാഷ്ട്രീയപരമായ മുന്നേറ്റവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളില്‍ ഒരേസമയം പ്രതീക്ഷ തരുന്നതാണ്. മുസ്ലിംകള്‍ക്കിടയിലെ വിവിധ വര്‍ഗ-ജാതി-ചിന്താധാരകള്ക്കിടയിലുണ്ടാവേണ്ടുന്ന ഐക്യമാണ് കുറച്ചെങ്കിലും വിമോചനത്തിനുള്ള വഴി തുറക്കുന്നത്.
ഇന്ത്യന്‍ മുസ്ലിം പ്രശ്നങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണം
ഇന്ത്യയിലെ സംഭവവികാസങ്ങള്‍ വിദേശരാജ്യങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കാണാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസ്, ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വര്‍ഷാവര്‍ഷം പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ട് അസ്വസ്ഥാജനകവുമാണ്. അമേരിക്കന്‍ ജനാധിപത്യത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ പങ്കിനെ അതിനാല്‍ വിലകുറച്ച് കാണേണ്ടതില്ല. യൂറോപ്യന്‍ യൂണിയനും, യൂറോപ്യന്‍ പാര്‍ലമെന്റും ഇന്ത്യയിലെ സംഭവങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. യുഎഇയും സൗദിഅറേബ്യയുമടക്കമുള്ള മുസ്ലിം രാജ്യങ്ങളും. ഈ രാജ്യങ്ങളുമായി നരേന്ദ്ര മോഡി വാണിജ്യ- നിക്ഷേപ ഉദ്ദ്യേശം ലക്ഷ്യം വെച്ചും, പാകിസ്ഥാനുമായി അവരെ അകറ്റാനുള്ള ഉദ്യേശത്തിലും കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ആ ശ്രമങ്ങളെല്ലാം വിപരീതഫലമാണുണ്ടാക്കിയത്. ജമ്മു-കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് യുഎഇയും ഐഒസി രാജ്യങ്ങളും അപലപിച്ചിരുന്നു.
ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, എകണോമിസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും വളരെ സജീവമായി ഇടപെടുന്നുണ്ട്.
Courtesy: Muslim Mirror
മൊഴിമാറ്റം: റമീസുദ്ദീൻ വി. എം