ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ

തീവ്രഹിന്ദുത്വ വലതുപക്ഷത്തിന് ദലിത്- ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിതന്നെയാണ് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുകളും മറ്റു കീഴാള രാഷ്ട്രീയ പ്രവർത്തകരും. ഇതുകൊണ്ടുതന്നെയാണ്, ദളിത് ന്യൂനപക്ഷ അക്കാഡമീഷ്യൻസിനേയും, മനുഷ്യാവകാശ പ്രവർത്തകരേയും ഹിന്ദുത്വ ഫാസിസ്റ്റ്‌ ഭരണകൂടം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതും. പ്രൊഫ. ഹാനി ബാബു, ആനന്ദ് തെൽതുംബ്‌ടെ എന്നിവരുടെ അറസ്റ്റും തെലുഗു കവിയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വരവര റാവുവിനോടുള്ള ഭരണകൂടത്തിന്റെ നടപടികളുടെയുമെല്ലാം പശ്ചാത്തലത്തിൽ ഭീമാ കൊറഗൺ സംഭവം എന്താണെന്നും അതിൽ എൽഗർ പരിഷത്തിന്റെ പങ്കെന്താണെന്നും പരിശോധിക്കാം.

ഇന്ത്യൻ ദളിത് ചരിത്രത്തിലെ ഐതിഹാസികമായ ഒരു ഏടാണ് 1818 ൽ ഭീമ കൊറഗാവിൽ വെച്ച് നടന്ന യുദ്ധത്തിൽ ബ്രാഹ്മണ പെഷ്‌വ രാജാക്കന്മാരുടെ അനീതി നിറഞ്ഞതും ജാതീയവുമായ ഭരണത്തിന് അവസാനം കുറിച്ച സംഭവം. അതുകൊണ്ടു തന്നെ എല്ലാ വർഷവും ജനുവരി ഒന്നിന്‌ ഭീമ കൊറഗൻ വിജയ ദിവസമായി ആചരിക്കാറുണ്ട്. 2018ൽ ഭീമ കൊറെഗാവ്‌ വിജയത്തിന്റെ 200മത്‌ വാർഷികാഘോഷത്തിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുകയും വലിയ രീതിയിൽ തന്നെ ആഘോഷിക്കാനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹിന്ദുത്വ സംഘടനകൾ 1818 ലെ മഹർ സൈന്യത്തിന്റെ വിജയത്തെ വളച്ചുകെട്ടി ബ്രിട്ടീഷുകാരുമായി ചേർന്നുള്ള ഇന്ത്യക്കെതിരായ വിജയമായി പ്രചരിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷ് വിജയത്തെ മഹത്വവത്കരിക്കുന്ന പ്രസ്തുത പരിപാടി തടയുമെന്ന് ഭീഷണിപെടുത്തുകയും സ്ഥലത്ത് സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തു. ഇതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്‌ ഛത്രപതി സാംബാജിയുടെ അന്ത്യകർമങ്ങളിൽ ഗോവിന്ദ് ഗൊയ്‌ക്വഡും മഹർ വിഭാഗക്കാരായ മറ്റുള്ളവരും വഹിച്ച പങ്ക് നിഷേധിക്കുകയും മറ്റും ചെയ്ത സംഭവങ്ങൾ അരങ്ങേറിയത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ദളിത് സമുദായത്തെ ഭയപ്പെടുത്താന്‍ വേണ്ടിയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തത് തന്നെയാണെന്നാണ്. മാത്രവുമല്ല മഹാരാഷ്ട്രയുടെ ചരിത്രത്തെ മുസ്‌ലിം -ദളിത് ചട്ടക്കൂടിനുള്ളിൽ ചിത്രീകരിക്കാനും അതുവഴി മുസ്‌ലിം -ദളിത് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താനുമുള്ള എല്ലാവിധ ശ്രമങ്ങളും തീവ്ര വലതുപക്ഷം ചെയ്തുപോന്നിരുന്നു.

തൊഴിലില്ലായ്മയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ബാധിച്ച സംസ്ഥാനത്തെ യുവാക്കളെ ഹിന്ദുത്വ പാർട്ടികൾ വംശീയമായി സംഘടിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും അതിന് വേണ്ട സഹായം ചെയ്യുകയുമായിരുന്നു. ഇതിന് തെളിവാണ് ഭീമാ കൊറെഗാവിൽ നിന്നും വന്ന റിപ്പോർട്ടുകൾ.

ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ നേതാക്കളായ ഭിഡെ ഗുരുജിയും മിലിന്ദ് എക്ബോട്ടെയുമാണെന്ന് ദളിത് നേതാക്കൾ ആരോപിക്കുന്നു. ഇവരുടെ പ്രകോപനപരമായ പ്രസംഗങ്ങളുടെ വീഡിയോ പകർപ്പുകൾ സഹിതം പരാതി നൽകി. സുപ്രീംകോടതിയുടെ ഇടപെടലുകൾ കാരണം മിലിന്ദ് എക്ബോട്ടെയ്ക്കെതിരെ കേസ് എടുത്തുവെങ്കിലും പിന്നീട്ട്‌ വിട്ടയക്കുകയായിരുന്നു. മുഖ്യപ്രതിയായി ആരോപിക്കപ്പെട്ട ഭിഡെ ഗുരുജിയെ അപ്പോഴും പോലീസ് ഒന്ന് വിളിപ്പിക്കുക കൂടി ചെയ്തില്ല. പ്രസ്തുത കേസിൽ മൊഴി നൽകിയ പൂജ സാകത്‌ എന്ന ദളിത് യുവതിയെ പിന്നീട്‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതോടെ, ദളിത് മഹറുകള്‍ അഭിമാനത്തോടെയും പെഷ്‍വ മറത്താകള്‍ അപമാനത്തോടെയും കാണുന്ന ഒരു യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ജാതിരാഷ്ട്രീയത്തിന്‍റെ ഏറ്റുമുട്ടലായി മാറി.

1818 വരെ പെഷ്‌വ രാജാക്കന്മാർ ഭരിച്ചിരുന്ന ശനിവാർ വാഡയിൽ നിരവധി ദളിത് സംഘടനകളും ബഹുജൻ സംഘടനകളും ചേർന്ന് എൽഗാർ പരിഷത്ത് എന്ന പേരിലൊരു പൊതുസമ്മേളനം നടത്തി. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള പ്രസ്തുത പരിപാടി ജിഗ്നേഷ് മേവാനി, പ്രകാശ് അംബേദ്‌കർ, ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഹൈദരാബാദ്‌ സര്‍വകലാശാലയില്‍ സ്ഥാപനവല്‍കൃത കൊലക്കിരയായ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങിയവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഹിന്ദുത്വത്തിനെതിരെയുള്ള ദളിതരുടെ രാഷ്ട്രീയവത്കരണം, പ്രതേകിച്ചും ഗുജറാത്തിലെ ഉന്ന അക്രമണത്തിനു ശേഷം ഉയർന്ന് വന്നിട്ടുള്ള മുന്നേറ്റങ്ങൾ ഹിന്ദുത്വ ഭരണകൂടത്തെ അലോസരപ്പെടുത്തുകയും അതോടൊപ്പം തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയവത്കരിക്കപ്പെട്ട ദലിതർക്കെതിരായ ആശങ്കകൾ ശക്തിപ്പെടുത്താൻ ഈയൊരു വേദി കാരണമാവുകയും ചെയ്തു.

മഹാരാഷ്ട്ര പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാപകമായ കൈകടത്തലുകളും അട്ടിമറികളും നടക്കുന്നതിന്റെ സാഹചര്യത്തിലാണ് 2019ൽ ബിജെപിയെ പ്രതിപക്ഷത്തിരുത്തികൊണ്ട് ശിവസേനയും എൻഎസ്‌പിയും കോൺഗ്രസ്സും ചേർന്ന് സഖ്യമുണ്ടാക്കുകയും ഭരണം നേടിയെടുക്കുന്നതും. എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട്‌ അത്രയും നാൾ കെട്ടിചമച്ച കഥകളെയെല്ലാം സംശയത്തിന്റെ മുനയിൽ നിർത്തികൊണ്ടുള്ള എൻഎസ്‌പി അധ്യക്ഷൻ ശരത് പവാറിന്റെ ആവശ്യം കണക്കിലെടുത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രത്യേക അന്വേഷണസംഘത്തെ അന്വേഷണമേൽപ്പിക്കാനും തീരുമാനിച്ചത് പ്രതിപക്ഷത്തും അതുപോലെതന്നെ കേന്ദ്രഭരണം കൈയാളുകയും ചെയ്യുന്ന ബിജെപിയെ ആശങ്കയിലാക്കുന്നതായിരുന്നു. ഇതിനെ മറികടക്കാൻ വേണ്ടിയായിരുന്നു

2020 ജനുവരി 24ന് രാത്രി അത്രയും നാൾ പ്രസ്തുത കേസ് അന്വേഷിച്ചിരുന്ന മഹാരാഷ്ട്ര പോലീസിനെ പോലുമറിയിക്കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻഐഎക്ക് കൈമാറിയത്. സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട കേസിൽ കാവിപുതച്ച വിവേക് വിചാർ മഞ്ച്‌ അടക്കം തയ്യാറാക്കിയ റിപ്പോർട്ടുകളാണ് സർക്കാർ അംഗീകരിച്ചത്.

കേന്ദ്ര സർക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് മാവോയിസത്തിന്റെ വിത്ത് വിതക്കാനുമായി ജാതി, നീതി, സമത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കി താഴെ തട്ടിലുള്ള ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചുവിടുകയായിരുന്നു എൽഗാർ പരിഷത്തിന്റെ ലക്ഷ്യം എന്നെല്ലാമാണ്‌ പ്രസ്തുത റിപ്പോർട്ടുകളിലുള്ളത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പഠനങ്ങളിലേർപ്പെട്ട ഫോറം ഫോർ ഇന്റഗ്രേറ്റഡ്ഡ് നാഷണൽ സെക്യൂരിറ്റിയും ആർഎസ്എസിന് വളംവെച്ച് കൊടുക്കുന്ന റിപ്പോർട്ട് തന്നെയാണ് തയ്യാറാക്കി നൽകിയത്. ലിബറൽ വംശീയ ഭരണകൂടങ്ങൾ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് അവർക്കെതിരെ ശബ്ദമുയർത്തുന്നവരെ ക്രിമിനലൈസ് ചെയ്യ്ത് ജയിലിൽ അടക്കുക എന്നത്. അമേരിക്കൻ ജയിലുകളിൽ ആനുപാതരഹിതമായി അഫ്രോ-ലാറ്റിനോ അമേരിക്കൻ ജനത ജയിലുകളിൽ ഉണ്ടെന്ന പഠനം ഇതിന് ഉദാഹരണമാണ്. വംശീയമായ ‘ജിം ക്രൊ’ നിയമങ്ങൾ കറുത്ത വർഗക്കാർക്കെതിരെ അടിച്ചേൽപ്പിക്കുകയും ചെയ്തു. ആഫ്രോ- അമേരിക്കൻ ജനങ്ങളുടെ മേൽ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവുമാണ് ഭരണകൂട വേട്ടയാടലുകളുടെ അടിസ്ഥാനമായി ആരോപിച്ചിരുന്നതെങ്കിൽ, ഇന്ത്യയിൽ തീവ്രവാദ-ഭീകരവാദവും ദേശ സുരക്ഷയുമാണ് മാനദണ്ഡമായി ഉപയോഗിക്കുന്നത്. ഇന്ത്യൻ ലിബറൽ വംശീയ ഭരണകൂടം ഇതര ശബ്ദങ്ങളെ അടിച്ചമർത്താനും വേട്ടയാടാനും ഉപയോഗിക്കുന്ന യു.എ.പി.എ പോലുള്ള ഭീകരവാദ നിയമങ്ങൾ കൃത്യമായും വിവേചനപരവും വംശീയപരവുമായിട്ടുതന്നെയാണ് ഉപയോഗിച്ച് വരുന്നത്.

എൽഗർ പരിഷത്‌- ഭീമ കൊറഗൺ കേസുമായി ബന്ധപ്പെടുത്തി മാവോയിസ്റ്റ് ബന്ധം ആരോപിച്ചും തെളിവുകൾ കെട്ടിച്ചമച്ചും പ്രഫസർ ഹാനി ബാബു, ആനന്ദ് തെൽതുംബ്ടെ, വരവര റാവു അടങ്ങിയ 12 ജാതി വിരുദ്ധ ഗവേഷകരെയും മനുഷ്യാവകാശ പ്രവർത്തകരേയും ഫാസിസ്റ്റ് ഭരണകൂടം അറസ്റ്റ് ചെയ്ത നടപടി അക്കാര്യം ഊട്ടിയുറപ്പിക്കുന്നു. ഹിന്ദുത്വ ഭരണകൂടം നടപ്പിലാക്കാൻ ശ്രമിക്കുന്ന മുസ്‌ലിം വിരുദ്ധ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ കള്ള കേസുകളിൽപ്പെടുത്തി ഭീകരനിയമങ്ങള്‍ ചാർത്തി ജയിലിൽ അടച്ച ഷർജീൽ ഇമാം മുതൽ ഷർജീൽ ഉസ്മാനി വരെയുള്ള മുസ്‌ലിം സമരനേതാക്കളുടെ അറസ്റ്റും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതും പ്രതിരോധിക്കേണ്ടതുമാണ്.

By നിഹാല്‍ എ

Graduate Student, Delhi University