പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

അയോദ്ധ്യയെക്കുറിച്ച്‌ പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കല്പിക കഥയെക്കുറിച്ച് അനാട്ടമി ഓഫ് കൺഫ്രണ്ടേഷനിൽ (Anatomy of a Confrontation: Ayodhya and the Rise of Communal Politics in India, 1992) വിശദീകരിക്കുന്നുണ്ട്. ‘ശ്രീരാമന്’ ശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോദ്ധ്യ ഒരു ഘോരവനമായിതീർന്നുവത്രെ. രാം കോർട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ ജീർണാവസ്ഥയിലായി. ഒരിക്കൽ വിക്രംജിത് (വിക്രമാദിത്യയുടെ പ്രാദേശികനാമമാണത്) കിടന്നുറങ്ങുമ്പോൾ മായാരൂപിയായ ഒരു മനുഷ്യൻ കുതിരപ്പുറത്തേറി മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ കറുത്ത ആൾരൂപം പറഞ്ഞു: “ജനങ്ങൾ പ്രയാഗിലാണ് പാപം കഴുകിക്കളയാറ്. അതിനാൽ എനിക്ക് അത് മുഴുവനും താങ്ങാൻ കഴിയില്ല. അതുകൊണ്ട് ഞാൻ സരയൂവിൽ പാപം കഴുകിക്കളയാനെ ത്തിയതാണ്”. ശേഷം ആ രൂപം വിക്രമാദിത്യനോട് ശ്രീരാമൻറെ ജന്മസ്ഥലം അന്വേഷിച്ചു. മാതാ ഗജേന്ദ്ര എന്ന പശുവിന്റെ സഹായത്തോടെ വിക്രമാദിത്യൻ ശ്രീരാമ ജന്മസ്ഥാനം കണ്ടെത്തിയത്രേ. പശു എവിടെ നിന്ന് പാൽ ചുരത്തുന്നു അവിടമാണ് പുണ്യ പ്രദേശം. രാമജന്മ സ്ഥലത്ത് 84 തൂണുകളുള്ള ഒരു ക്ഷേത്രം വിക്രമാദിത്യൻ പണിതു എന്നാണ് ഐതിഹ്യം.

രാമക്ഷേത്രത്തിന് ഉത്ഭവത്തെക്കുറിച്ചുള്ള രേഖയായി അവകാശപ്പെടാനുള്ളത് ഈ സാങ്കല്പിക കഥ മാത്രമാണ്.
ഇന്നത്തെ ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഹിന്ദുത്വ സ്ഥല തന്ത്രങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കല്പിത സമുദായത്തെയും അതിനു ഭൂപ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി മാറ്റിക്കൊണ്ട് ദേശീയ ഇടത്തെ പുനർനിർവചിക്കാനാണ് അവരുടെ ശ്രമം. മറ്റു പ്രത്യയശാസ്ത്രങ്ങളിൽ നിലയുറച്ച ദേശീയ ഇടത്തെ അവിടെനിന്ന് ഇളക്കിമാറ്റി ഹൈന്ദവ അധീശത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് സതീശ് ദേശ്പാണ്ഡെ ‘സമകാലീക ഇന്ത്യ ഒരു സാമൂഹശാസ്ത്രവീക്ഷണം’ എന്ന കൃതിയിൽ ‘ഹിന്ദുത്വവും അതിന്റെ സ്ഥലതന്ത്രങ്ങളും’ എന്ന അധ്യായത്തിൽ സവർക്കറും പുണ്യഭൂമിയായ ദേശവും ആരംഭിക്കുന്നത്. തൻറെ രാഷ്ട്രീയ ലഘുലേഖയുടെ ആരംഭത്തിൽ സവർക്കർ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ട്: ”ഹിന്ദുത്വം ഒരു വാക്കല്ല ഒരു ചരിത്രമാണ്”. ഇങ്ങനെ തുടങ്ങി ഈ ചരിത്രം ഒരു പ്രത്യേക ഭൂമിശാസ്ത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതെങ്ങനെയെന്ന് കാണിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഹിന്ദുവിനെ നിർവചിക്കാൻ സവർക്കർ മുന്നോട്ടുവയ്ക്കുന്ന ഭൂപ്രദേശാധിഷ്ഠിതപരീക്ഷ, ‘ഒരു പുണ്യഭൂമിശാസ്ത്ര’ത്തെക്കുറിച്ചുള്ള അവകാശവാദത്തിന്മേലാണ് ഊന്നിനിൽക്കുന്നത്. അദ്ദേഹം ഉന്നയിച്ച മൂന്ന് മാനദണ്ഡങ്ങളിൽ, പിതൃഭൂ, ജാതി എന്നിവയെക്കാളധികം പുണ്യഭൂവിനാണ് പ്രധാന്യം.
ഈ പുണ്യഭൂ മാതൃകയുടെ അടിസ്ഥാന ധാരണകൾ ഇന്ന് ഇടുങ്ങിയ വർഗീയതയുടെ പരിസരങ്ങൾക്കപുറത്തായി സ്ഥിതിചെയ്യുന്ന നിരവധി പ്രചരണങ്ങളിൽ പോലും പ്രസക്തമായി തുടരുന്നുവെന്ന കാര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹിന്ദു പുരാണങ്ങളും ഹൈന്ദവ ഇതിഹാസങ്ങളും ദൈവങ്ങളുടെ അരങ്ങ് നാടിന്റെ അങ്ങോളമിങ്ങോളം നിറഞ്ഞുനിന്നു എന്നാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് മാൻഡെൽ വാദിക്കുന്നുണ്ട്. ദേശം എന്ന ഭൂപ്രദേശാധിഷ്ഠിത സമുദായത്തെക്കുറിച്ചുള്ള മതപരമായ വ്യവഹാരവും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കുകയും ചെയ്തു.(വാൻഡെർ മിർ 1996).

ദേശമെന്ന ദേശീയതയെ അക്രമോത്സുകതയാക്കി മാറ്റാൻ ഭൂമിശാസ്ത്രമാനങ്ങൾ സഹായിച്ചിട്ടുണ്ട്. മത വർഗീയതയെന്നാൽ ‘മത്സരാധിഷ്ഠിതമായ അപ-മതേതരവൽകരണ’മത്രേ (competitive desecularisation)( Vanaik1993). അപ-മതേതരവൽക്കരണം വിശ്വാസികളുടെ മനസ്സിൽ അപഗ്രഥനത്തിനപ്പുറം നിൽക്കുന്നതും ചോദ്യംചെയ്യപ്പെടാൻ പാടില്ലാത്തതും ആയ ചില അവകാശവാദങ്ങളാണ്. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ നമ്മുടെ സമീപകാല ചരിത്രത്തിൽ ഹിന്ദുത്വം മൂന്നുതരം സ്ഥലതന്ത്രങ്ങളാണ് വിന്യസിച്ചിട്ടുള്ളതെന്ന് കാണാം. സ്ഥലങ്ങൾ (places), മേഖലകൾ (areas), മാർഗ്ഗങ്ങൾ (routes) എന്നിവയ്ക്ക് ഊന്നൽ കൊടുക്കുന്നവ. (സമകാലീക ഇന്ത്യ,സതീശ് ദേശ്പാണ്ഡെ).
ഈ തന്ത്രം ഏറ്റവും ഫലപ്രദമായി പ്രയോഗിക്കപ്പെട്ടത് അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമിയുടെ വിമോചനത്തിനു വേണ്ടിയുള്ള പ്രചാരണത്തിൽ ആയിരുന്നു. ഗ്രാമത്തിലായിരുന്നു ഈ സ്ഥലത്തെ വൈകാരിക ചിഹ്നമാക്കി മാറ്റിയത്. ഈ സ്ഥലം തന്നെയാണ് രാമജന്മഭൂമി എന്ന് ശാഠ്യം കേവലം യാദൃശ്ചികമായി ഉണ്ടായി വന്നതല്ല ബോധപൂർവ്വം സൃഷ്ടിച്ച സ്ഥലതന്ത്രത്തിലൂടെയാണ്. ‘ഹിന്ദു’ വികാരത്തെ മാനിക്കാൻ അവിടെ നിൽക്കുന്ന മുസ്‌ലിംപള്ളി തകർക്കണമെന്ന് ലക്ഷ്യം കൂടി ഈ തന്ത്രത്തിനുണ്ട്(സമകാലീക ഇന്ത്യ, സതീശ് ദേശ്പാണ്ഡെ).

ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന് പറയുമ്പോൾ തമ്മിലടിച്ച് ചോരയൊഴുക്കാൻ പറ്റുമെന്നതാണ് അവസ്ഥ. ഈ പരിണിത ഫലത്തെ ആശ്രയിച്ചാണ് രാഷ്ട്രീയ ലക്ഷ്യം രൂപീകരിച്ചിട്ടുള്ളത്.

‘ഞാൻ ജയിച്ചാൽ നീ തോറ്റു’ എന്ന് യുക്തിക്കുള്ളിൽ ക്ഷേത്രനിർമ്മാണം എല്ലായിപ്പോഴും പള്ളി നശീകരണത്തിനു പൂരകമായിനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബിജെപി നേതാക്കൾ പ്രത്യേകിച്ച് അവർക്കിടയിലെ തീവ്രപക്ഷക്കാരായ വിനയ് കട്ടിയാർ, മുരളി മനോഹർ ജോഷി, സ്വാതി റിഥംഭര തുടങ്ങിയവർ പൊതുയോഗങ്ങളിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് വിളിച്ചുകൊടുത്ത മുദ്രാവാക്യം ‘മന്ദിർവഹീം ബനായേംഗേ’ (ക്ഷേത്രം അവിടെത്തന്നെ പണിയും) എന്നായിരുന്നു. എപ്പോഴും ‘അവിടെ തന്നെ’ എന്ന പദത്തിന് ഊന്നൽ ലഭിച്ചു. പള്ളി ശേഷിപ്പിച്ചുതന്നെ അതിനു സമീപം ക്ഷേത്രം പണിയാനുള്ള നിരവധി സമവായ നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ ഹിന്ദുത്വം പ്രചാരണത്തിന് ആണിക്കല്ലായിത്തുടർന്നത് ഈ ശാഠ്യം തന്നെ. ആയിരക്കണക്കിന് വർഷം മുമ്പ് രാമൻ ജനിച്ചു എന്ന് പറയപ്പെടുന്ന ഈ ചുരുങ്ങിയ ചതുരശ്രമീറ്ററിൽ തന്നെ കിട്ടണമെന്ന യുക്തിക്കു വഴങ്ങാത്ത, ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ലെന്ന വാദത്തെ ഈ പ്രസ്ഥാനം കീർത്തിമുദ്രയെന്നോണം എടുത്തണിയുന്ന തന്നെ ചെയ്തു( സമകാലീക ഇന്ത്യ, സതീശ് ദേശ്പാണ്ഡെ പേജ് 147).

മോദി ഭരണത്തിൽ സന്യാസിമാർ രംഗത്തെത്തിയിരിക്കുന്നത് ക്ഷേത്രം പണിയാൻ ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായാണ്. ഭയ്യാജി ജോഷി, ഉമാഭാരതി, യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് ഇന്ന് ജോഷിയും സംഘവും നേതൃത്വം നൽകിയ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. 1983 ഹിന്ദുപരിഷത്ത് സംഘടിപ്പിച്ച ഏകാത്മയജ്ഞമാണ് രാഷ്ട്രീയ തീർത്ഥാടനങ്ങളിൽ ആദ്യത്തേത്. ഹരിദ്വാർ മുതൽ കന്യാകുമാരിവരെ, കാഠ്മണ്ഡു മുതൽ രാമേശ്വരം വരെ, ഗംഗാസാഗർ മുതൽ സോമനാഥ് വരെ- ഇന്ത്യയുടെ നീളവും വീതിയും അങ്ങോളമിങ്ങോളം സഞ്ചരിച്ച മൂന്നു യാത്രകളായിരുന്നു ഏകാത്മയജ്ഞം. ഇതോടൊപ്പം 47 ഉപയാത്രകളും സംഘടിപ്പിക്കപ്പെട്ടു. 60 ദശലക്ഷം ഇന്ത്യക്കാരെ തങ്ങൾ അഭിസംബോധനം ചെയ്തു എന്ന് സംഘാടകർ അവകാശപ്പെട്ടു. അവിടെയുള്ള നദികളിൽനിന്ന് തീർത്ഥജലം ഇവിടെ എത്തിച്ചു കൊണ്ടുള്ള പങ്കുചേരലാണ് നടന്നത്. ഈ യജ്ഞത്തിന്റെ ദേശവ്യാപകമായ പ്രചാരണം ‘വൻതോതിൽ പ്രചാരം നേടുകയും അതുവഴി വ്യാപകമായി ആരംഭിക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്തു’ (വാൻ ഡീർ മീർ). ഇതിനൊക്കെ ശേഷമാണ് രാഷ്ട്രീയമാനമുള്ള എൽ കെ അദ്വാനിയുടെ രഥയാത്ര അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. പോയ വഴികളിൽ വർഗീയലഹളകൾ സൃഷ്ടിച്ചു. മുരളി മനോഹർ ജോഷിയുടെ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്ര ശ്രീനഗറിൽ ദേശീയപതാക പ്രഹസനത്തിൽ കലാശിക്കുകയും ചെയ്തു.
ജാഥ നടക്കുന്ന പാത, അതിനെ ലക്ഷ്യസ്ഥാനം, ഇവ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്നവയാണ് (സമകാലീക ഇന്ത്യ, സതീശ് ദേശ്പാണ്ഡെ പേജ് 158).

പഴയ നഗരങ്ങൾ നേരിടുന്ന പുതിയ പ്രതിസന്ധികളെ കുറിച്ചുള്ള തന്നെ വിശാല അന്വേഷണത്തിന്റെ ഭാഗമായി സാമൂഹിക ശാസ്ത്രജ്ഞ രത്‌നാ നായിഡു രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കുന്നു. ശബരിമലയെ ചുറ്റിപ്പറ്റിയുള്ള ഹിന്ദുത്വ പ്രചാരണവും അയോധ്യ തന്ത്രത്തിന്റെ വകഭേദമാണെന്നു പറയാം. പുണ്യമാക്കപ്പെട്ട ഭൂമികളെ ഹിന്ദുത്വ പരീക്ഷണശാലയാക്കി മാറ്റാനുള്ള രാഷ്ട്രീയലക്ഷ്യം കേരളത്തിൽ നടപ്പിലാക്കാനുള്ള പടപ്പുറപ്പാടിന്റെ ഭാഗമാണിതൊക്കെ.
ഈ സ്ഥലതന്ത്രത്തിന്റെ മറ്റൊരു വശം, മൊത്തം ഫലം ഒരു പടക്കളം തീർക്കലാണ്. അപരന്മാരെ ഏതെങ്കിലും രീതിയിൽ അപമാനിക്കുന്നതിലൂടെ ‘ഹിന്ദു’വിന് അഭിമാനം അല്ലെങ്കിൽ ‘ആത്മാഭിമാനം’ സംരക്ഷിക്കപ്പെടുന്ന പോർക്കളം സൃഷ്ടിച്ചെടുക്കലാണ്‌ ലക്ഷ്യം. ‘എന്റെവിജയം എന്നാൽ നിന്റെ പരാജയ’മെന്ന Zero Sum യുക്തിയിലൂടെ ഹിന്ദുത്വം (മിക്കപ്പോഴും ശത്രു മുസ്ലിമാണ്) ശത്രുവിനു മേൽ വിജയം നേടുന്നു. അപര സ്ഥാനത്തുള്ളവർ (മുസ്ലിം) തർക്ക കേന്ദ്രമായ സ്ഥലം ഒഴിഞ്ഞു കൊടുത്താൽ അത് ഹിന്ദുക്കളുടെ വിജയവും അപര സ്ഥാനത്തുള്ളവരുടെ പരാജയമായും എണ്ണപ്പെട്ടു. എന്നാൽ അവർ ആ സ്ഥലം ഒഴിഞ്ഞു കൊടുത്തില്ലെങ്കിൽ മുസ്‌ലിം മതഭ്രാന്ത്രിന്റെ തെളിവായി കണക്കാക്കപ്പെടും. സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കാനുള്ള കാരണമായി അത് മാറും.സതീശ് ദേശ്പാണ്ഡെ നിരീക്ഷിക്കുന്നു. (സമകാലീക ഇന്ത്യ, പേജ് 146)

രാമായണത്തിലെ അയോധ്യ ഉജ്ജ്വലമായ ഒരു നഗരം മാത്രമാണ്. കൊട്ടാരങ്ങളും കെട്ടിടങ്ങളും നിറഞ്ഞുതുളുമ്പുന്ന ഉജ്ജ്വലനാട്. മണി സൗധങ്ങൾ കൊണ്ട് നിറഞ്ഞ അയോദ്ധ്യയും പുരാവസ്തു ഗവേഷകരുടെ നിഗമനത്തിലെ അയോദ്ധ്യയും വിഭിന്നങ്ങളാണ്.

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നടത്തുന്ന സംഘപരിവാറിന്റെ പിന്നിൽ ഭക്തിപൂർവ്വം നിലയുറപ്പിച്ചിരിക്കുന്ന നിഷ്‌കളങ്കരായ ഹിന്ദുക്കള്‍ അറിയാത്ത ഒരു വസ്തുതയുണ്ട്, ശ്രീരാമൻ ആർ എസ് എസുകാർക്ക് ഭക്തിയുടെ മൂർത്തി ആകുന്നത് ഈ അടുത്ത കാലത്ത് മാത്രമാണ്. അതുവരെ ശ്രീരാമൻ അവരുടെ ദൈവമല്ലായിരുന്നു. (ഫാഷിസവും സംഘ്പരിവാറും ഡോ. എം. കെ മുനീർ). ചരിത്രത്തെയും പുരാവസ്തു നിഗമനങ്ങളുടെയും വെളിച്ചത്തിൽ ‘സാകേത’ എന്ന ബുദ്ധ കേന്ദ്രമാണ് പിന്നീട് അയോധ്യയായി മാറിയതെന്നും വാല്മീകിയുടെ രാമായണത്തിലെ അയോദ്ധ്യയുമായി ഇതിന് ബന്ധമില്ലെന്നും കെ.എൻ പണിക്കർ സമര്‍ഥിക്കുന്നുണ്ട്. ഇത്രമാത്രമാണ് ഗാന്ധിജിയും രാമരാജ്യവും തമ്മിലുള്ള ബന്ധവും. ‘ഗാന്ധിജി ഒരിക്കൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ശാഖ സന്ദർശിക്കുകയുണ്ടായി. ശാഖയിലേക്ക് ഗാന്ധിജിയുടെ ആദ്യത്തെയും അവസാനത്തേതുമായ സന്ദർശനം. ചുമരിൽ മൺമറഞ്ഞ നിരവധി ഹിന്ദു യോദ്ധാക്കളുടെ പടങ്ങൾ ഗാന്ധിജി ശ്രദ്ധിച്ചു. റാണാ പ്രതാപ് സിംഗ്, ശിവജി, ഗുരുഗോവിന്ദ്‌സിംഗ് തുടങ്ങിയവർ. എന്തുകൊണ്ട് രാമൻറെ രേഖാചിത്രം കാണുന്നില്ല? എന്ന് ഗാന്ധിജി ചോദിച്ചു. ശാഖയിലെ സ്വയംസേവകർ പറഞ്ഞു: രാമൻ മൃദുലൻ, യുദ്ധവീരനല്ല. നായകനാവാൻ പറ്റിയവനല്ല’ (രാമൻ, ഗാന്ധി, അംബേദ്കർ – കെ അരവിന്ദാക്ഷൻ).

By സലീം ദേളി

Post Graduate Student, Malayalam University, Tirur