മുന്‍ ഹമാസ് ചീഫ് ഖാലിദ് മിശ്അല്‍ ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗം
അമേരിക്കന്‍ പിന്തുണയോടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 1967 മുതല്‍ ഇസ്രയേല്‍ അധിനിവിഷ്ട പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീന് പ്രദേശങ്ങള്‍ ഇസ്രയേലുമായി കൂട്ടിച്ചേര്‍ക്കുവാനുള്ള പദ്ധതി സ്വാഭാവികമായ സയണിസ്റ്റ് പദ്ധതിയാണെങ്കിലും ഭയാശങ്കകളോടെയാണ് ഫലസ്തീനികള്‍ അതിനെ നോക്കിക്കാണുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാക്കിയ ഇസ്രയേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്.
1949 ല്‍ ഖുദ്സിന്റെ ഒരു ഭാഗം കൈയേറിയ ഇസ്രയേല്‍ ബാക്കി പ്രദേശങ്ങള്‍ പിടിച്ചെടുത്തത് 1967 ലെ യുദ്ധത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ല്‍ ഗാസയില്‍ നിന്ന് പിന്മാറാന് ഷാരോണും കൂട്ടാളികളും നിര്‍ബന്ധിതരായെങ്കിലും വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റങ്ങളും അധിനിവേശങ്ങളും തുടര്‍ന്നു പോരുകയായിരുന്നു. വാസ്തവത്തില്‍, സയണിസ്റ്റുകളുടെ കൂട്ടിച്ചേര്‍ക്കല്‍ നടപടികൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? ലളിതമായി പറഞ്ഞാല്‍ അമേരിക്കന്‍ സഹായത്തോടെ 30 ശതമാനം വരുന്ന വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഒരു ശ്രമമാണത്. യു.എന്‍ പ്രമേയവും അന്താരാഷ്ട്ര നിമങ്ങളുമനുസരിച്ച് ലോകം നിയമപരമായി ഇസ്രയേല്‍ നടപടികളെ അംഗീകരിക്കാന്‍ പാടില്ല. അമേരിക്കക്കും അക്കാര്യം നല്ലവണ്ണം ബോധ്യമുണ്ട്. ട്രംപിന്റെ മുന്‍ഗാമികള്‍ കുടിയേറ്റത്തെ പിന്തുണച്ചിരുന്നെങ്കിലും കൂട്ടിച്ചേര്‍ക്കലിന് പച്ചക്കൊടി കാട്ടിയിരുന്നില്ല. എന്നാല്‍, ട്രംപിനെ കൂട്ടുപിടിച്ച് ബെന്യാമിന് നെതന്യാഹു ശ്രമിക്കുന്നത് നിയമപരമായി വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയ നടപ്പാക്കുവാനാണ്.
മൂന്ന് തരം പ്രദേശങ്ങളാണ് ഇസ്രയേല്‍ പദ്ധതിയില്‍ ഉള്പെടുന്നത്. ഒന്ന്, ഖുദ്സിനു ചുറ്റുമുള്ള പ്രദേശങ്ങളും ബത്ലഹേം, ഹെബ്രോണ്‍, വെസ്റ്റ് ബാങ്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളും ഉള്‍പെടുന്ന പ്രധാന കുടിയേറ്റയിടങ്ങളാണ്. രണ്ട്, ചിതറിക്കിടക്കുന്ന കുടിയേറ്റ പ്രദേശങ്ങളും മൂന്ന്, അതിര്‍ത്തി പ്രദേശങ്ങളുമാണ്. അടിസ്ഥാനപരമായി കുടിയേറ്റത്തെ തന്നെ അംഗീകരിക്കാനാകില്ലെന്നതിനാല്, കൂട്ടിച്ചേര്‍ക്കല്‍ നടപടികളെയും ഫലസ്തീനികള്‍ അംഗീകരിക്കുന്നില്ല. നിയമവിരുദ്ധവും അക്രമോത്സുകവുമായ കൈയ്യേറ്റം തന്നെയാണ് കൂട്ടിച്ചേര്‍ക്കല്‍ നടപടിയിലും പ്രതിഫലിക്കുന്നത്. ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളിലൊന്നും യാതൊരു നിയമസാധുതയും അത്തരം ശ്രമങ്ങള്‍ക്ക് അവകാശപ്പെടാനുമാകില്ല.
ഒറ്റയടിക്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഇസ്രയേല്‍ ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ, അമേരിക്കയിലെ തെരഞ്ഞെടുപ്പും പ്രശ്നകലുഷിതമായ മറ്റു സാഹചര്യങ്ങളും മൂലം ഘട്ടംഘട്ടമായി കൂട്ടിച്ചേര്‍ക്കുവാനാണ് അമേരിക്കന്‍-സയണിസ്റ്റ് കൂട്ടുകെട്ടിന്റെ പുതിയ തീരുമാനം. വാസ്തവത്തില്‍, നിയമവിരുദ്ധമായി നടപ്പാക്കുന്ന പ്രസ്തുത പ്രക്രിയയുടെ ഗൗരവം കുറക്കുവാനും ലളിതമായി കാര്യസാധ്യം നടത്തുവാനുമാണ് അങ്ങിനെ ചെയ്യുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്.

വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കുകയെന്ന തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനുള്ള സുവാര്ണാവസരമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയെ ഇസ്രയേല്‍ നോക്കിക്കാണുന്നത്. വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഒരുപക്ഷേ, പിന്നീട് അതിന് അവസരം ലഭിച്ചേക്കില്ലെന്ന ഭയമാണ് തിരക്കിട്ട് കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ തുടരുവാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്.
കൂടാതെ, ഇസ്രയേലിലെ തീവ്രവലതുപക്ഷത്തിന്റെ പിന്തുണ നേടാനും നെതന്യാഹു ലക്ഷ്യമിടുന്നുണ്ട്. ഭരണപരാജയം മറച്ചുപിടിക്കാനുള്ള ഒരു തന്ത്രം കൂടിയാണ് നെതന്യാഹുവിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി. നിഷ്ക്രിയരായ അറബ്- ഇസ്ലാമിക ലോക നേതൃത്വത്തിന്റെ നിശ്ശബ്ദതയാണ് സയണിസ്റ്റ് നടപടികളെ ത്വരിതപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇസ്രയേലിന്റെ അപകടകരമായ നീക്കങ്ങള്‍ക്കും പദ്ധതികള്‍ക്കുമെതിരെ ശബ്ദമുര്ത്തുന്നത് വളരെ ന്യൂനപക്ഷം രാഷ്ട്രങ്ങളും സംഘടനകളും മാത്രമാണ്. ഗാസയുടെ പരിതാവസ്ഥയെയും ഇസ്രയേല്‍ ആവോളം ചൂഷണം ചെയ്യുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. ഗാസ ഉപരോധിക്കപ്പെടുകയും വെസ്റ്റ് ബാങ്ക് ശിഥിലമാവുകയും ഇസ്രയേലിന്റെയും മറ്റും സമ്മര്‍ദ ഫലമായി ഫലസ്തീന് ചെറുത്തു നില്പ്പുകള് തിരിച്ചടി നേരിട്ടതും നെതന്യാഹുവിന് സുവര്‍ണാവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്.
നടപടിയുടെ അനന്തരഫലങ്ങള്‍
ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം, നെതന്യാഹു നടപ്പാക്കാന്‍ ശ്രമിക്കുന്ന വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയുടെ അനന്തരഫലങ്ങള്‍ അചിന്ത്യമായിരിക്കും. അതിലൊന്ന്, വ്യാജമായ അവകാശവാദത്തിലൂടെ നിയമവിധേയമാക്കി ഫലസ്തീന് ഭൂമിക പിടിച്ചെടുക്കാനുള്ള ശ്രമം തന്നെയാണ്. സയണിസ്റ്റ് സ്വപ്നം യാഥാര്‍ഥ്യമാവുകയാണെങ്കില്‍, അമേരിക്കന്‍ പിന്തുണയോടെയുള്ള നിയമപരമായ പ്രക്രിയ ആയിരുന്നു വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കലെന്ന് പില്ക്കാലത്ത് വാദങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. തദ്വാരാ, ഫലസ്തീന് ജനതയുടെ അസ്തിത്വത്തിനു മേലുള്ള ഭീഷണിയായി അതുമാറുകയും ചെയ്യും. കാലാന്തരത്തില്‍ ലോകം അധിനിവേശവുമായി പൊരുത്തപ്പെടുകയും ഫലസ്തീനികള്‍ നിഷ്കാസിതരാവുകയും ചെയ്യുമോയെന്ന ഭയം ഫലസ്തീനികളെ കലശലായി പിടികൂടുന്നുവെന്നതാണ് വസ്തുത.
രണ്ടാമതായി, ഫലസ്തീന് ജനതയുടെ വിശുദ്ധവും പ്രവിശാലവുമായ ഭൂമികയാണ് ഇസ്രയേല്‍ തട്ടിയെടുക്കുന്നതും സയണിസ്റ്റ് രാഷ്ട്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതും. ഫലസ്തീന് ഭൂരിപക്ഷ പ്രദേശങ്ങളുടെ വിസ്തൃതി കുറച്ചുകൊണ്ടുവരികയും ജനസാന്ദ്രത വര്‍ധിപ്പിക്കുന്ന തരത്തില്‍ നിശ്ചിത ഇടങ്ങളിലേക്ക് ഫലസ്തീനികളെ തള്ളിവിടാനുമാണ് സയണിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്. മൂന്നാമതായി, വെസ്റ്റ്ബാങ്കിന്റെ പകുതിയും കൃഷി ഭൂമിയാണ്. മതപരവും കാര്‍ഷികവും സാമ്പത്തികവുമായി ഏറെ പ്രധാന്യമുള്ള സ്ഥലങ്ങളാണ് അവയെല്ലാം. നാലാമതായി, വെസ്റ്റ് ബാങ്കിലെ മലകളും താഴ്വരകളുമെല്ലാം ജലസമ്പുഷ്ടമായ പ്രദേശങ്ങളാണ്. പ്രസ്തുത പ്രദേശങ്ങള്‍ ഇസ്രയേല്‍ കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ജലസ്രോതസ്സുകളില്‍ നിന്നും പലസ്തീനികള്‍ക്ക് വെള്ളം ലഭിക്കുന്നത് നിലക്കുകയും കാര്‍ഷിക വൃത്തിചെയ്യുവാനുള്ള സാധ്യതകള്‍ അവസാനിക്കുകയും ചെയ്യും. അഞ്ചാമതായി, ഭീഷണിപ്പെടുത്തി ഖുദ്സ് കൂട്ടിച്ചേര്‍ക്കുന്നതോടെ സയണിസ്റ്റ് ആധിപത്യം പൂര്‍വോപരി ശക്തിയാര്‍ജിക്കും. ആറാമതായി, ഖുദ്സിന്റെ വടക്ക്, മധ്യ, തെക്ക് പ്രദേശങ്ങള്‍ കീഴടക്കുന്നത്, മറ്റു ദേശങ്ങളിലേക്കുള്ള പലസ്തീനികളുടെ യാത്രകളെ ദുഷ്ക്കരമാക്കുകയും ഇസ്രയേല്‍ പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥ സംജാതമാക്കുകയും ചെയ്യും. മാത്രമല്ല, സ്വതന്ത്ര്യ ഭൂമികക്ക് പകരം ഗെറ്റോകളില്‍ താമസിക്കേണ്ടി വരുന്നതോടെ ഫലസ്തീനികളുടെ ജീവിതം ദുസ്സഹമാവുകയും ചെയ്യും.
എഴാമതായി, ജോര്‍ദാന്‍ വാലി കൂട്ടിച്ചേര്‍ക്കുന്നത്, ജോര്‍ദാനുമായുള്ള ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരമായ പ്രശ്നങ്ങള്‍ രൂക്ഷതരമാകുകയും ചെയ്തേക്കാം.
അതുകൊണ്ട്, സാമ്പത്തികവും തന്ത്രപരവും മതപരവുമടക്കം സര്‍വവിധ മാനങ്ങള്‍ വെച്ചു നോക്കിയാലും വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടി ഫലസ്തീനികള്‍ക്ക് ഭീമമായ തിരിച്ചടികള്‍ തന്നെയാണ് സമ്മാനിക്കുക എന്ന് തീര്‍ച്ചയാണ്.
ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തെ അത് വഴിമുട്ടിക്കുകയും സര്‍വോപരി, ഫലസ്തീന് രാഷ്ട്രത്തിന്റെ ഭാവിയെയും അത് സാരമായി ബാധിക്കുകയും ചെയ്യും. മാത്രമല്ല, ഇസ്രയേല്‍ ആധിപത്യം നിലനില്‍ക്കുന്ന കാലത്തോളം വ്യത്യസ്ത ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പ്രദേശങ്ങള്‍ ഒരു രാഷ്ട്രമാക്കുക എന്നത് അസാധ്യമായിരിക്കും.
അതുകൊണ്ട്, ഇസ്രയേലിന്റെ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേവലം കൂട്ടിച്ചേര്ക്കലിനപ്പുറം, ഇസ്രയേല്‍ നടത്തുന്ന അധിനിവേശമാണ് പ്രശ്നങ്ങളുടെ മൂലകാരണമെന്നാണ് മനസ്സിലാക്കേണ്ടത്. ഫലസ്തീനികളുടെയും അവരുടെ ഭൂമികയുടെയും മേലുള്ള അക്രമണാത്മകമായ അധിനിവേശത്തിന്റെ മൂര്‍ത്തീമദ്ഭാവമാണ് കൂട്ടിച്ചേര്‍ക്കല്‍ നടപടിയോടുള്ള പ്രതികരണങ്ങള്‍.
വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ സംബന്ധമായി ഫലസ്തീന് അതോരിറ്റി കൈകൊള്ളുന്ന നിലപാട് സുവ്യക്തമാണ്. നൂറ്റാണ്ടിന്റെ ഇടപാടും വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടിയും തള്ളിക്കളഞ്ഞ അതോരിറ്റിയുടെ നിലപാട് ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായി സ്തുത്യര്‍ഹമായ നിലപാടാണ് അവരുടെതെങ്കിലും കേവലം തിരസ്കാരത്തിനപ്പുറം കര്‍മപരമായി സാര്ഥകമല്ലെന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്. നടപടിയെ തള്ളിക്കളയുന്നതിനോടൊപ്പം ശക്തവും കാര്യക്ഷമവുമായ പോരാട്ടമായി അത് പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. വാചികമായ നിലപാടിനപ്പുറം രാഷ്ട്രീയവും നയതന്ത്രപരവും നിയമപരവുമായ മാര്‍ഗത്തിലൂടെ ഫലസ്തീന് ജനതയോടൊപ്പം ചേര്‍ന്ന് അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. ബാഹ്യവും ആന്തരികവുമായ മാര്‍ഗങ്ങളിലൂടെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന മുന്നേറ്റമായാണ് ജനകീയ സമരം വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത്.

ഫലസ്തീന് അതോരിറ്റിയെ പോലെതന്നെ, അറബ് ലോകവും കൂട്ടിച്ചേര്‍ക്കല്‍ നടപടിക്രമങ്ങളെ എതിര്‍ക്കുന്നുണ്ട്. ട്രംപ് മുന്നോട്ടുവെച്ച നൂറ്റാണ്ടിന്റെ ഇടപാടും അവര്‍ തള്ളിക്കളഞ്ഞിരുന്നു. ദുഖകരമെന്നുപറയട്ടെ, പല രാഷ്ട്രങ്ങളും അതുസംബന്ധിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. നീര്ജീവമായ അത്തരം നിലപാടുകള്‍ ഇസ്രയേലിന് തങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമേ സഹായകമാകൂ. ഇസ്രയേല്‍ നടപടിയെ തള്ളിക്കളഞ്ഞാല്‍ മാത്രം പോരാ, നേതാക്കാളും ഭരണകൂടങ്ങളുമടക്കം അറബ് ലോകം മുഴുവന്‍ നൂറ്റാണ്ടിന്റെ ഇടപാടും കൂട്ടിച്ചേര്‍ക്കലും തിരസ്കരിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും ഫലസ്തീനെ പ്രാദേശിക അന്താരാഷ്ട്ര തലങ്ങളില്‍ സര്‍വാത്മനാ പിന്തുണക്കുമെന്നും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള അജയ്യവും ശക്തിമത്തുമായ ഔദ്യോഗിക നിലപാടാണ് അറബ് ലോകം കൈകൊള്ളേണ്ടത്.
അടച്ചിട്ട മുറികളില്‍ വെച്ച് ചര്‍ച്ച ചെയ്തു കൊണ്ടാണെങ്കില്‍ പോലും ഇസ്രയേല്‍ അനുവര്‍ത്തിക്കുന്ന നിയമലംഘനങ്ങള്‍ തടയുകയും പ്രതിരോധിക്കുകയും ചെയ്യുക തന്നെവേണം. പലസ്തീന് ജനതയുടെ യാഥാര്‍ഥ്യനിഷ്ഠമായ വാദങ്ങളെ പിന്തുണക്കുകയും സാമ്രാജ്യത്വ ധാര്‍ഷ്ട്യപരമായ ഇസ്രയേല്‍ ചെയ്തികളെ അപലപിക്കുകയും ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുന്നതിലൂടെ മുസ്ലിംലോകം ഒന്നടങ്കം ഇസ്രയേലിന്റെ വിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയെ ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നിലപാടും ഇസ്രയേല്‍ കൂട്ടിച്ചേര്‍ക്കലിനെ തിരസ്കരിക്കുന്നതാണ്. പക്ഷേ, കേവല തിരസ്കാരം ആശാവഹമോ പര്യാപ്തമോ ആയ ഒരു നിലപാടായി തോന്നുന്നില്ല. കാരണം, ആഗോള തലത്തില്‍ സര്‍വ രാഷ്ട്രങ്ങളും പിന്തുടരുന്ന നിയമങ്ങള്‍ തന്നിഷ്ടപ്രകാരം ഇസ്രയേല്‍ കാറ്റില്‍ പറത്തുമ്പോള്‍ ഇസ്രയേലിനെ ശക്തമായി അപലപിക്കുകയും നീതിയുക്തമായി ഫലസ്തീന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ലോകരാഷ്ട്രങ്ങളെല്ലാം ഫലസ്തീന് നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരോട് ചേര്‍ന്നു നില്‍ക്കേണ്ടതും അത്യന്താപേക്ഷികമാണ്. തദ്വാരാ, അമേരിക്കന്‍ പിന്തുണയുണ്ടെങ്കില്‍ പോലും നിയമവിരുദ്ധമായ ഇസ്രയേല്‍ നടപടികളും അധിനിവേശവും ന്യായീകരിക്കപ്പെടാന്‍ പാടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയും വേണം. ഐക്യരാഷ്ട്ര സഭയുടെ നിലപാടും ഉദ്ധൃത നിലപാടുകളില്‍ നിന്നും വ്യത്യസ്ഥമല്ല. അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമായതിന്റെ പേരില്‍ മാത്രം ഇസ്രയേല്‍ നടപടികളെ തിരസ്കരിക്കുന്ന തണുപ്പന്‍ നിലപാടാണ് സഭയുടെത്. ആഗോള രാഷ്ട്രങ്ങളുടെ പൊതുവേദി എന്ന നിലക്ക് വിഷയത്തില്‍ പൂര്‍ണ നിശ്ശബ്ദ പുലര്ത്തുന്നതിനപ്പുറം, ഫലസ്തീന് പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുകയും നീതിയുടെ സംസ്ഥാപനത്തിന് സഹായകമാവുകയും ചെയ്യുന്ന നയസമീപനങ്ങള്‍ സ്വീകരിക്കുകയാണ് വാസ്തവത്തില്‍ ഐക്യരാഷ്ട്ര സഭ ചെയ്യേണ്ടത്.
തദ്വിഷയമായ അമേരിക്കന്‍ നിലപാട് സുവിദിതമാണ്. അധികാരത്തിലേറിയതു മുതല്‍ സയണിസ്റ്റ് പ്രേമം പ്രസംഗിക്കുകയും യു.എസിലെ സയണിസ്റ്റ് ലോബിയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അമിതമായി ഇസ്രയേലുമായി ചായ്വ് പ്രകടിപ്പിക്കുന്ന ട്രംപ് ഭരണകാലത്താണ് ഇസ്രയേലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയതും ജൂലാന്‍ കുന്നിലെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളുടെ പരമാധികാരം അംഗീകരിച്ചതുമെല്ലാം. അതുകൊണ്ട്, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിയെ ട്രംപ് പിന്തുണക്കുന്നതില് അത്ഭുതപ്പെടാനൊന്നുമില്ല.
നൂറ്റാണ്ടിന്റെ ഇടപാട് നടപ്പാക്കാന്‍ ശ്രമിച്ചതിനു പിന്നാലെ ഇപ്പോള്‍ ഘട്ടംഘട്ടമായി വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുക എന്ന നിലപാടാണ് ട്രംപിന്റെ പിന്തുണയോടെ ഇസ്രയേല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മാത്രമല്ല, ഇസ്രയേല്‍ അനുവര്‍ത്തിക്കുന്ന സര്‍വ കുറ്റകൃത്യങ്ങള്‍ക്കും കുടപിടിക്കുകയും അന്താരാഷ്ട്ര വിചാരണകളില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നത് അമേരിക്കയാണ്. ഇസ്രയേല്‍ അധിനിവേശത്തിന് ഓശാന പാടുന്ന അമേരിക്കന്‍ നിലപാട് ഫലസ്തീനികള്‍ ഒരിക്കലും മറക്കില്ല. ചരിത്രപരവും രാഷ്ട്രീയവും ധാര്മികപരവുമായി അമേരിക്ക പരാജയപ്പെടുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് ഫലസ്തീനികളെ മുന്നോട്ടു നയിക്കുന്നത്. അതിവിദൂരമല്ലാത്ത ഭാവിയില്‍, അവരുടെ പദ്ധതികളെല്ലാം ഫലസ്തീന് ജനതയുടെ മുമ്പില്‍ തകര്‍ന്ന് തരിപ്പണമാവുകയും നാശമടയുകയും ചെയ്യുന്ന കാലം സമാഗതമാകുമെന്നതില് സംശയമില്ല.
ഹമാസ് നിലപാട്

ഇസ്രയേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ നടപടികളോട് ഹമാസ് അനുവര്‍ത്തിക്കുന്ന പ്രതികരണങ്ങള്‍ പ്രധാനമായും നാല് കാര്യങ്ങളാണ്. ഒന്നാമതായി, കൂട്ടിച്ചേര്‍ക്കല്‍ തീരുമാനവും നടപടിയും ഹമാസ് തിരസ്കരിക്കുന്നു. രണ്ടാമതായി, ഫലസ്തീന് പൗരന്മാരോടൊപ്പം അണിനിരന്നു കൊണ്ടുള്ള പോരാട്ടമാണ് ഹമാസ് കാഴ്ചവെക്കുന്നത്. മാത്രമല്ല, പൂര്‍വകാല ചരിത്രം വെച്ചുനോക്കുകയാണെങ്കില്‍ ഇയവസരത്തില്‍ ഹമാസിന് പലതും ചെയ്യാനാകും. ഗാസയില്‍ നിന്ന് ഇസ്രയേലിനെ പുറത്താക്കിയതടക്കം സയണിസ്റ്റുകളുടെ പല പദ്ധതികളും നിഷ്ഫലമാക്കുകയും തകര്‍ക്കുകയും ചെയ്ത പരിചയമുള്ള പ്രസ്ഥാനമാണ് ഹമാസ്. രണ്ട് വര്‍ഷം മുമ്പ്, ഇസ്രയേല്‍ മസ്ജിദുല്‍ അഖ്സയുടെ പരിസരങ്ങളില്‍ അതിര്‍ത്തി വേലി സ്ഥാപിച്ചപ്പോള്‍ ഹമാസടക്കമുള്ള പ്രസ്ഥാനങ്ങളുടെ പ്രതിഷേധം മൂലം അത് പിന്‍വലിച്ചിരുന്നു. ദീര്‍ഘകാലത്തെ പോരാട്ടങ്ങളുടെയും ബലിയര്പ്പണങ്ങളുടെയും ചരിത്രമുള്ളവരാണ് ഹമാസുകാര്‍. ആത്യന്തികമായി അല്ലാഹുവില്‍ വിശ്വസിക്കുന്ന അവര്‍ ഫലസ്തീന് ജനതയുടെ കര്‍മശേഷിയെ കുറിച്ച് ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരാണ്. താരതമ്യേന ദുര്‍ബല ശക്തികളാണെങ്കിലും തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന നീതിബോധവും ദൈവവിശ്വാസവുമാണ് ഫലസ്തീനികളുടെ ഏറ്റവും വലിയ കരുത്തെന്ന് നിസ്സംശയം പറയാം. മൂന്നാമതായി, കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി പ്രഖ്യാപിച്ചതു മുതല്‍ വിവിധ സംഘടനകളുടെയും പാര്‍ട്ടികളുടെയുമെല്ലാം രാഷ്ട്രീയ അഭിപ്രായങ്ങളെ ഏകീകരിക്കുവാന്‍ ഇസ്മായീന് ഹനിയ്യയെ പോലുള്ളവര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മാത്രമല്ല, പോരാട്ടത്തിന് നേതൃത്വം നല്കുവാന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രാസ്ഥാനികവും ആദര്‍ശപരവുമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഫലസ്തീനു വേണ്ടി സര്‍വരും ഒന്നിക്കണമെന്ന കാലോചിതമായ നിലപാടാണ് ഹമാസിന്റെത്.
കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്രയേല്‍ നടപടി പിന്വലിപ്പിക്കുവാനായി, ഫലസ്തീന് വിഭാഗങ്ങളുടെ പിന്തുണയോടൊപ്പം ആഗോള സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനും ഹമാസ് ശ്രമിക്കുന്നുണ്ട്. നാലാമതായി, ഇസ്ലാമിക സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, നേതാക്കള്‍ തുടങ്ങി ഔദ്യോഗിക തലത്തില്‍ അറബ് ഇസ്ലാമികലോകത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കുകയാണ് ഹമാസ് ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തില്‍ പലസ്തീന് ജനതയുടൊപ്പം മുസ്ലിം ഉമ്മത്ത് ഒറ്റക്കെട്ടായി നിലയുറപ്പിക്കുന്നുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന്റെ പിന്നിലെ ചാലകശക്തിയായി മാറുകയാണ് അവര്‍.

ഉമര്‍ (റ)ന്റെ കാലത്ത് പിടിച്ചടക്കിയ മുസ്ലിം വഖഫ് ഭൂമിയാണ് അഖ്സ. കേവലം ഫലസ്തീനികളുടെത് മാത്രമല്ല, മറിച്ച് ആഗോള മുസ്ലിംകളുടെ പൂണ്യഭൂമിയാണത്. താര്ത്താരികളോടും കുരിശുപടയാളികളോടും യുദ്ധം ചെയ്ത സൈഫുദ്ദീന് ഖുതുസ്, റുക്നുദ്ദീന് ബൈബറസ്, സ്വലാഹുദ്ധീന്‍ അയ്യൂബി തുടങ്ങിയ ഭരണാധികാരികളെല്ലാം ഫലസ്തീനികളായിരുന്നില്ല, പ്രത്യുത അറബികളും മുസ്ലിംകളും ആയിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള പടയാളികളെയും തന്റെ സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി കൊണ്ടുവന്നിരുന്നു. ഘോരമായ യുദ്ധത്തിനൊടുവില്‍ ഖുദ്സ് സ്വതന്ത്രമാക്കിയ അവര്‍ അവിടെ താമസിക്കുകയും ചെയ്തിരുന്നു. പ്രവാചകന് (സ) ആകാശാരോഹണ(മിഅ്റാജ്)ത്തിന് പുറപ്പെട്ട ഭൂമികയാണ് ഖുദ്സ്. കഅബക്കു മുമ്പ് മുസ്ലിംകളുടെ ഖിബ്ലയും അതായിരുന്നു. അതുകൊണ്ട്, ഫലസ്തീനികളുടേതെന്ന പോലെ ആഗോള മുസ്ലിംകളുടെ ഭൂമികയുമാണ് അഖ്സയും ഖുദ്സുമെല്ലാം.
നശീകരണവും അക്രമവും മാത്രം ശീലിച്ചുവന്ന അധമ വിഭാഗക്കാരാണ് സയണിസ്റ്റുകള്‍. ഏഷ്യ, ആഫ്രിക്ക തുടങ്ങി മുസ്ലിംകള് താമസിക്കുന്ന ഇടങ്ങളിലെല്ലാം അസ്വാരസ്യവും സംഘട്ടനങ്ങളും സൃഷ്ടിക്കാന്‍ എക്കാലത്തും അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നു. മുസ്ലിംകള്ക്ക് മാത്രമല്ല, ക്രൈസ്തവര്‍ക്കും സയണിസ്റ്റുകളുടെ നടപടികളും നിലപാടുകളും അപകടകരം തന്നെയാണ്. സര്‍വോപരി, മനുഷ്യത്വത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും ഏറ്റവും വലിയ ഭീഷണി കൂടിയാണവര്‍.
അതുകൊണ്ട്, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ നടപടിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, ഫലസ്തീന് പ്രശ്നത്തില്‍ ആഗോള മുസ്ലിം നേതൃത്വം കൃത്യമായ നിലപാട് പ്രഖ്യാപിക്കുകയും സജീവമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരികയും ചെയ്യണം. ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നൂറ്റാണ്ടിന്റെ ഇടപാടും ഇസ്രയേലിന്റെ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കലും നിരുപാധികം തിരസ്കരിക്കുന്ന നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്. ജനകീയ മുന്നേറ്റങ്ങള്‍, രാഷ്ട്രീയ പ്രോഗ്രാമുകള്‍, വിവരസാങ്കേതികവിദ്യാ പരിപാടികള്‍ തുടങ്ങി ഇസ്രയേല്‍ അധിനിവേശം തടയുവാന്‍ പര്യാപ്തമായ സര്‍വ പ്രവര്‍ത്തനങ്ങളും സജീവമായി നടത്തുകയും വേണം.
രണ്ടാമതായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കളും ചിന്തകരും പണ്ഡിതരും പാര്‍ട്ടികളുമെല്ലാം തങ്ങളുടെ ഭരണകൂടങ്ങളില്‍ സമ്മര്‍ദം ചെലുത്തി ഫലസ്തീന് അനുകലമായ നിലപാട് സമ്പാദിക്കേണ്ടതുണ്ട്. അമേരിക്കയുടെയും സയണിസ്റ്റുകളുടെയും ഗൂഢലക്ഷ്യങ്ങള്‍ക്കെതിരെ അജയ്യമായി നിലകൊള്ളാന്‍ ഉതകുന്ന തരത്തിലുള്ളതായിരിക്കണം ലോക രാഷ്ട്രങ്ങളുടെ ഔദ്യോഗിക നിലപാട്. വിവിധതരം പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ഗണനീയമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
മൂന്നാമതായി, അന്താരാഷ്ട്ര തലത്തില്‍ ഗവണ്മെന്റ് വഴിയോ മറ്റു നിയമപരവും രാഷ്ട്രീയപരവുമായ വേദികള്‍ വഴിയോ, ഐക്യരാഷ്ട്രസഭ ഇസ്രയേലിനൊപ്പം ആണെങ്കിലും ലോകമൊന്നടങ്കം ഫലസ്തീനൊപ്പമാണെന്ന് ബോധ്യപ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.
നാലാമതായി, നിലവിലുള്ളതിനേക്കാള്‍ പതിന്മടങ്ങ് പിന്തുണ ഫലസ്തീനികള്‍ക്ക് ആവശ്യമുള്ള സന്ദിഗ്ധഘട്ടമാണ് ഇപ്പോഴുള്ളത്. ഉപരോധിത ഗാസയിലും വെസ്റ്റ് ബാങ്കിലും അചഞ്ചലമായി നിലകൊള്ളാന്‍ ഫലസ്തീനികള്‍ക്ക് ലോകരാഷ്ട്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സഹായവും പിന്തുണയും അത്യാവശ്യമാണ്.
അഞ്ചാമതായി, കേവല പിന്തുണക്കപ്പുറം ലോക രാഷ്ട്രങ്ങളും സംഘടനകളുമെല്ലാം ഫലസ്തീന് വേണ്ടി സജീവമായി പ്രവര്‍ത്തന ഗോദയിലിറങ്ങേണ്ടതുണ്ട്. പൈതൃകവും വിശുദ്ധഭൂമിയും സ്വതന്ത്രാസ്ഥിത്വവും തിരിച്ചുപിടിക്കുവാനും പുനസ്ഥാപിക്കുവാനുള്ള പോരാട്ടത്തില്‍ ആഗോള പിന്തുണ വളരെ നിര്‍ണായകമാണ്. സമരരംഗങ്ങളില്‍ തിരിച്ചടികളും നഷ്ടങ്ങളും നേരിട്ടാല്‍ പോലും യഥാര്‍ഥ വിജയം ഫലസ്തീനികള്‍ക്ക് തന്നെയായിരിക്കും. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രങ്ങളുമെല്ലാം തങ്ങളുടെ കഴിവിനും പ്രാപ്തിക്കുമനുസരിച്ച് പ്രസ്തുത പോരാട്ടത്തില്‍ ചേര്‍ന്നാല്‍ മാത്രമേ ഫലസ്തീനികളുടെ സ്വപ്നം സാക്ഷാത്കൃതമാവുകയൊള്ളൂ.
ശുഭാപ്തി വിശ്വാസം
ലോകരക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്ന മുസ്ലിംകള് ഒരിക്കലും നിരാശപ്പെടേണ്ട കാര്യമില്ല. ആശാഭംഗത്തിന് പകരം പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഫലസ്തീനികള്‍ കൈമുതലാക്കേണ്ടത്. ഖുര്‍ആനില്‍ യൂസുഫ് നബിയുടെ ചരിത്രം പ്രതിപാദിക്കുന്ന സ്ഥലത്ത്, ‘അല്ലാഹുവിന്റെ അനുഗ്രത്തെ കുറിച്ച് അവിശ്വാസികള്‍ മാത്രമേ ഭഗ്നാശരാകൂ’ (സൂറത്തു യൂസുഫ്: 87) എന്ന് പറയുന്നുണ്ട്. മറ്റൊരിടത്ത് ‘ഞാനും എന്നെ അനുധാവനം ചെയ്യുന്നവരും വിജയിക്കുമെന്ന് അല്ലാഹു വിധിച്ചതായും’ (സൂറത്തുല്‍ മുജാദല: 21) കാണാം. അതുകൊണ്ട്, ഏത് മതവിശ്വാസി ആയാലും സ്വവ്യക്തിത്വത്തിലും മാനുഷികതയിലും സത്യത്തിലും വിശ്വസിക്കുന്നവര്‍ക്ക് ഹതാശരാകേണ്ടി വരില്ല.
സത്യത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമേ ആത്യന്തികമായി വിജയിക്കുകയുള്ളൂ. അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവര്‍ക്ക് അവന് വിജയം പ്രദാനം ചെയ്യുമെന്നത് ദൈവിക വാഗ്ദാനമാണ്.
സത്യംമുറുകെ പിടിച്ച്, ജന്മനാടിന്റെ വിമോചനത്തിനായി പോരാടിയ ജനവിഭാഗങ്ങളെല്ലാം വിജയിച്ച ചരിത്രമാണുള്ളത്. അള്‍ജീരിയ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം ദേശത്തുകാരുടെയും ഇസ്ലാമിക സമൂഹങ്ങളുടെയും ചരിത്രം ഈ സത്യം വിളിച്ചോതുന്നുണ്ട്.
എഴുപത്തഞ്ചോളം വരുന്ന മുസ്ലിം രാഷ്ട്രങ്ങളെല്ലാം ഒരുകാലത്ത് വൈദേശിക അധിനിവേശത്തിന് വിധേയരായവരാണ്. പക്ഷേ, ഇച്ഛാശക്തിയോടെയും സമരവീര്യത്തോടെയും നിരന്തര പോരാട്ടങ്ങള്‍ നയിച്ചാണ് കാലാന്തരേണ അവര്‍ സ്വാതന്ത്ര്യം നേടിയെടുത്തത്.
ഒരേസമയം, വാഗ്ദാന-സന്തോഷവാര്‍ത്തയില്‍ വിശ്വസിക്കുന്നവരാണ് ഫലസ്തീനികള്‍. ഖുര്‍ആനിലൂടെയാണ് അല്ലാഹു ആ വാഗ്ദാനം നല്‍കിയത്. പ്രസ്തുത സൂക്തം പാരായണം ചെയ്യുമ്പോള്‍ ഫലസ്തീനികളുടെ പ്രതീക്ഷകള്‍ക്ക് ജീവന് വെക്കുകയും ആശകള്‍ സജീവമാവുകയും ചെയ്യാറുണ്ട്. പൂര്‍വികരായ പോരാളികള്‍ വിമോചിപ്പിച്ചതു പോലെ ഭാവികാലത്തും സയണിസ്റ്റുകളുടെ കൈയില്‍ നിന്നും ഫലസ്തീന് വിമോചിതമാകുമെന്ന് അവര്‍ അടിയുറച്ച് വിശ്വസിക്കുന്നു. പ്രവാചകന്റെ സന്തോഷ വാര്‍ത്ത ഇങ്ങനെയായിരുന്നു: ‘മുസ്ലിംകള് ജൂതന്മാരുമായി യുദ്ധം ചെയ്യുന്നതിന് മുമ്പ് അന്ത്യനാള്‍ സംഭവിക്കില്ല’. ഇതൊക്കെ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ഫലസ്തീനികള്‍ എങ്ങനെ നിരാശരാവാനാണ്? ഇസ്രയേലും അമേരിക്കയുമായും താരതമ്യം ചെയ്യുമ്പോള്‍ ഫലസ്തീനികള്‍ താരതമ്യേന ദുര്‍ബല ശക്തികളാണ്. പക്ഷേ, 1920 മുതല്‍ അവര്‍ പോരാട്ട വീഥിയിലാണെന്ന വസ്തുത വിസ്മരിക്കരുത്. ഗാസയെ വിമോചിപ്പിച്ചതു പോലെ വെസ്റ്റ്ബാങ്കും വിമോചിപ്പിക്കേണ്ടത് ഫലസ്തീനികളുടെ ഉത്തരവാദിത്വമാണ്. ജന്മനാടിനു വേണ്ടിയുള്ള ഓരോ ഇന്‍തിഫാദകളിലും പോരാട്ടങ്ങളിലുമെല്ലാം വൈവിധ്യമാര്‍ന്ന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയും സമരരംഗത്ത് പടപൊരുതി രക്തസാക്ഷികളാവുകയും ചെയ്ത അഗണ്യം ഫലസ്തീനികളുണ്ട്. അഹ്മദ് യാസീന്‍, യാസിര്‍ അറഫാത് എന്നിവരെല്ലാം ഫലസ്തീനികളുടെ ഹൃദയങ്ങളില്‍ ഇന്നും ദീപ്തമായ സ്മരണകളായി നിലകൊള്ളുന്നു. പടച്ചതമ്പുരാന് അവര്‍ക്കെല്ലാം കരുണാകടാക്ഷവും നന്മകളും ചൊരിയട്ടെ. മനോധൈര്യവും ദൈവവിശ്വാസവും കൈമുതലാക്കി പോരാട്ട വീഥിയില്‍ അണിനിരക്കുന്ന ഫലസ്തീന് ജനത ലോകത്തിന് മാതൃക തന്നെയാണ്.
സയണിസം ചിലന്തിവല പോലെ ദുര്‍ബലമാണ്. ആഗോള രാഷ്ട്രങ്ങളുടെ വഞ്ചനാത്മക നിലപാടും അമേരിക്കയുടെ പിന്തുണയും ഇല്ലെങ്കില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ആണവ ശക്തി കൈയിലുണ്ടായിട്ടും ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പുകളെയും വിമോചന സമരങ്ങളെയും ഭയപ്പാടോടെയാണ് അവര്‍ വീക്ഷിക്കുന്നത്. അതേസമയം, ഗാസയിലെയും ദക്ഷിണ ലെബനാനിലെയും പോലെ അധിനിവിഷ്ട ഫലസ്തീന് ഭൂമികയില്‍ നിന്നും സയണിസ്റ്റുകളെ കെട്ടുകെട്ടിക്കാനുള്ള ഫലസ്തീനികളുടെ നീക്കങ്ങള്‍ പാളിപ്പോവുകയും വിജയിക്കുകയും ചെയ്യാറുണ്ടെന്നതും വസ്തുതയാണ്. ഒരു കാലത്ത് ഫലസ്തീനികളെ പരാജയപ്പെടുത്തുവാന്‍ സയണിസ്റ്റുകള്‍ക്ക് സാധിച്ചിരുന്നുവെങ്കിലും, പൂര്‍ണാര്‍ഥത്തില്‍ ഇക്കാലത്തത് ആവര്‍ത്തിക്കാന്‍ ഇസ്രയേലിന് സാധിക്കില്ല. 1982 ലെ തെക്കന്‍ ലബനാന് അക്രമണമായിരുന്നു അവസാനമായി സയണിസ്റ്റുകള്‍ വലിയ നേട്ടമുണ്ടാക്കിയ അക്രമണം. അതിനുശേഷം ഒരിക്കലും ഫലസ്തീന് സമ്പൂര്‍ണമായി അടിയറവു പറഞ്ഞിട്ടില്ല. എന്നാല്‍, അമേരിക്കന്‍ പിന്തുണയുടെ ധാര്ഷ്ട്യത്തില് ഇസ്രയേല്‍ സര്‍വ നെറികേടുകളും ചെയ്തുകൂട്ടുന്നത് അഭംഗുരം തുടരുകയാണ്.
ഫലസ്തീനികള്‍ ഇസ്രയേലിനേക്കാള്‍ ശക്തരല്ലെന്നത് ശരിതന്നെ. പക്ഷേ, പല പോരാട്ടങ്ങളിലും ജൂതന്മാരെ പരാജയപ്പെടുത്താന്‍ ഫലസ്തീനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പര്‍ പവര്‍ എന്ന അഹങ്കാരത്തിന്റെ പുറത്ത് ഫലസ്തീന് വിമോചന മുന്നേറ്റങ്ങളും ചെറുത്തുനില്‍പ്പുകളും തകര്‍ത്തു കൊണ്ട് ഫലസ്തീനികളുടെ വീര്യംകെടുത്താനുള്ള നിഷ്ഫല ശ്രമങ്ങളാണ് സയണിസ്റ്റുകള്‍ നടത്തുന്നത്. മാത്രമല്ല, ഇസ്രയേല്‍ പട്ടാളക്കാരെയും സുരക്ഷാ സൈനികരേക്കാളും കൂടുതല്‍, ശോഭനമായ ഭാവി സ്വപ്നം കാണുന്നതും പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതും ഫലസ്തീന് യുവാക്കളായിരിക്കും. അതുകൊണ്ട്, സൈനികശക്തിയോ ആള്‍ബലമോ വെച്ച് ഒരു വിഭാഗത്തെയും ബാഹ്യമായി വിലയിരുത്തരുത്. സൈനികശക്തിയും ആള്‍ബലവുമാണ് കരുത്തും വിജയനിദാനവുമെങ്കില് അധിനിവേശ ശക്തികളില്‍ നിന്ന് ഒരു രാഷ്ട്രവും സ്വാതന്ത്ര്യം നേടില്ലായിരുന്നു. സാമ്രാജ്യത്വ അധിനിവേശ ശക്തിയായ സയണിസ്റ്റുകളെ ഫലസ്തീനികള്‍ പരാജയപ്പെടുത്തുകയും അതിജയിക്കുകയും ചെയ്യുമെന്ന് തീര്‍ച്ചയാണ്. കുരിശുപട്ടാളക്കാര് കാലങ്ങളോളം ഖുദ്സ് കൈപിടിയില്‍ വെച്ചതിന് ശേഷമാണ് മുസ്ലിംകള് അവിടം തിരിച്ചുപിടിച്ചത്. സമാനമായി, ബ്രിട്ടന്, ഫ്രാന്‍സ്, ഹോളണ്ട്, സ്പെയിന് തുടങ്ങിയ സാമ്രാജ്യത്വ ശക്തികളില്‍ നിന്നും അധിനിവിഷ്ട രാഷ്ട്രങ്ങള്‍ സ്വാതന്ത്ര്യം നേടിയതും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവിലായിരുന്നു. അതുകൊണ്ട്, ദൈവികവാഗ്ദാനവും, പ്രവാചക പ്രവചനങ്ങളും അടിയുറച്ച് വിശ്വസിക്കുന്ന ഫലസ്തീനികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും, ചരിത്രനിയോഗമെന്ന പോലെ അധിനിവേശ ശക്തികളെ തറപറ്റിക്കുകയും ജന്മനാട് വിമോചിപ്പിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
വിവ: നിഹാല്‍ പന്തല്ലൂര്‍
Courtesy: Aqsa Syarif Facebook Page