മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ പ്രധാന സംജ്ഞകളിൽ ഒന്നാണ് മതേതരത്വം(secularism). ദേശരാഷ്ട്ര സങ്കൽപത്തെ താങ്ങി നിർത്തുന്നതിൽ അനിഷേധ്യ പങ്കുവഹിക്കുന്ന മതേതരത്വം പോലുള്ള സംജ്ഞകളുടെ പ്രശ്‌നത്തെ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശകലനങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ പ്രധാനമാണ്. ആധുനികതക്കകത്തെ കൊളോണിയൽ സാന്നിധ്യത്തെ കണ്ടെത്തികൊണ്ടുള്ള വിശകലനങ്ങൾക്ക് ഇന്ന് സവിശേഷ പ്രധാന്യമാണുള്ളത്‌. പ്രത്യയശാസ്ത്രത്തെ കുറിച്ച് മാർക്സ് പ്രസ്താവിക്കുന്നതുപോലെ, മിഥ്യകൾക്കപ്പുറത്തുള്ള യഥാർത്ഥ സത്യത്തെ അഥവാ സത്യമെന്ന ലേബലിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്ന കൊളോണിയൽ വിജ്ഞാനത്തിനപുറത്തെ ജ്ഞാനത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ സർവലൗകികമെന്ന് കരുതപ്പെടുന്ന ലിബറൽ ഡെമോക്രസിയുടെ വ്യവഹാരങ്ങളെ വെല്ലുവിളിക്കാനും നവീകരണത്തിന്റെ സാധ്യതകളെ മുന്നോട്ട് വെക്കാനും അതോടൊപ്പം പുതിയ വ്യവഹാരത്തിന്റെ ബഹുസ്വരാഖ്യാനത്തെയും പ്രതിനിധാന യുക്തിയിൽ മുന്നോട്ട് വെക്കാനും സാധിക്കും.

തലാൽ അസദ് സമര്‍ഥിക്കുന്ന നരവംശശാസ്ത്രപരമായ വിശകലനങ്ങൾ പ്രസക്തമാണ്. ഈയടുത്തകാലത്ത്‌ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ട അസദിന്റെ ‘ദൈവനിന്ദ, അഭിപ്രായ സ്വാതന്ത്ര്യം, സെക്കുലർ വിമർശം എന്ന കൃതി, ലിബറൽ ഡെമോക്രസിക്കുള്ളിലെ സെക്യൂലറിസത്തിന്റെ പരിമിതിയെയും ഇസ്‌ലാമിന്റെ അതിന് പുറത്ത് നിൽക്കാനുള്ള ശേഷിയെയും പരിശോധിക്കുന്നു.

അത്തരമൊരു പരിശോധനയുടെ ഭാഗമായി ഇസ്‌ലാമിന്റെ നവീകരണത്തെയും അദ്ദേഹം ഗൗരവകരമായി കാണുന്നു. ആധുനിക വ്യവഹാരത്തിനകത്തെ സെക്കുലർ വ്യാഖ്യാനങ്ങളും അവയുടെ മതവിമർശങ്ങളും (religious critique) മതം, മതേതരത്വം എന്ന ദ്വന്ദ്വത്തിൽ നിർമിക്കപ്പെടുന്നതാണ് എന്നും അങ്ങനെയൊരു ദ്വന്ദ്വ നിർമാണം ലിബറൽ ഡെമോക്രസിയുടെ വിശകലനത്തിന്റെ പരിമിതിയെയാണ് ഉയർത്തികാട്ടുന്നത് എന്നും അസദ് വാദിക്കുന്നു. യഥാർത്ഥത്തിൽ മതേതരത്വം വിമർശിക്കുന്നു എന്ന് കരുതപ്പെടുന്ന മതം, ലിബറൽ ഡെമോക്രസി തന്നെ നിർമിച്ചെടുത്ത ഒരു സങ്കല്പമാണ്. അവരുടെ സങ്കല്പത്തിന് പുറത്താണ് എപ്പോഴും യഥാർത്ഥ മതാഖ്യാനങ്ങൾ നിലനിൽക്കുന്നത്. ആ മതത്തെ കണ്ടെത്താൻ നിലവിലെ മതേതരത്വത്തിന് പരിമിതിയുണ്ട് എന്ന് പറയുന്നതിലൂടെ സർവലൗകികമായി കാണപ്പെടുന്നതിലെ പ്രശ്നത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രമല്ല അതിനകത്ത് പ്രവർത്തിക്കുന്ന അധീശത്വത്തെ കുറിച്ചും അസദ് സംസാരിക്കുന്നു.

ആധുനിക വ്യവഹാരത്തിലെ മതേതരത്വം ക്രൈസ്തവതയെ ആന്തരികവൽക്കരിച്ച് നിലനിൽക്കുന്നതാണ് എന്നത് ക്രൈസ്തവ ജ്ഞാനശാസ്ത്രത്തിന്റെ മുസ്ലിം വിരുദ്ധതയെയും അത് എങ്ങനെയാണ് ഇതര ആശയങ്ങള്‍ക്ക്‌, വിശിഷ്യാ ഇസ്‌ലാമിന് മുകളിൽ ആധിപത്യ ശക്തിയായി വർത്തിക്കുന്നത് എന്നും അസദ് വ്യക്തമാക്കുന്നു. ക്രിസ്തു മതം ജ്ഞാനോദയാനന്തരം ആധുനികതയുമായി ഉള്‍ചേരുകയും അതിനെ തുടർന്ന് ഒരു കൊളോണിയൽ പ്രോജക്ട് എന്ന നിലക്കുമാണ് അവ പ്രത്യക്ഷപ്പെടുന്നത്. യൂറോ അമേരിക്കൻ സാഹചര്യത്തിൽ നിന്ന് ഇതിനെ വളരെ എളുപ്പം മനസിലാക്കാൻ സാധിക്കും. മതേതരത്വത്തിന്റെ സവിശേഷ സാന്നിധ്യം അവകാശപ്പെടുന്ന ഈ ഇടങ്ങളിൽ ഒക്കെ വളരെ കൃത്യമായി ക്രൈസ്തവത സ്വാഭാവിക സാന്നിധ്യമായി തന്നെ നിലനിൽക്കുന്നത് കാണാം. ഇതേ സംഗതിയെ ഇന്ത്യൻ പശ്ചാത്തലത്തെ മുൻനിർത്തിയും വായിക്കാൻ സാധിക്കും. ഇന്ത്യൻ മതേതരത്വം യൂറോപ്യൻ മതേതരത്വത്തിൽ നിന്ന് വ്യത്യസ്തമാണ് എന്ന് ആഖ്യാനിക്കപ്പെടുമ്പോഴും അതിനുള്ളിൽ ബ്രഹ്മാണാധീശത്വം പ്രവര്‍ത്തിക്കുന്നത്‌ കാണാൻ സാധിക്കും. ബ്രാഹ്മണ യുക്തി ഇന്ത്യൻ മതേതര പൈതൃകങ്ങളായി എളുപ്പം സ്വീകരിക്കപ്പെടുകയും ഇതര(ഇസ്‌ലാം സവിശേഷമായി) സംഗതികൾ ഒക്കെ എത്രതന്നെ ‘മതേതര’മാണെങ്കിലും സംശയാസ്പദമായി മാത്രമേ അതിനെ നോക്കി കാണുകയുള്ളൂ. മാത്രമല്ല ദേശീയതാ നിർമിതിയിലും ഇത്തരത്തിൽ മതേതരത്വം എന്ന ലേബലിൽ ബ്രാഹ്മണാധീശത്വത്തെ പ്രതിനിധികരിക്കുകയും ഇസ്‌ലാം അടക്കമുള്ളവയെ അപരസ്ഥാനത്ത് നിർത്തി ശത്രുവിനെ നിർമിച്ചുമാണ് അവ നിലനിൽക്കുന്നത് എന്ന് കാണാം. ഇതിനെയാണ് അസദ് തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്.

അതേ സമയം തന്നെ മതങ്ങളുടെ രീതിശാസ്ത്രത്തെയും അസദ് വിശകലനം ചെയ്യുന്നുണ്ട്. മതേതരത്വത്തിന്റെ മത വിമർശനങ്ങൾ ലിബറൽ ഡെമോക്രസി തന്നെ രൂപകൽപന ചെയ്ത ഒരു മതത്തിനെതിരെയാണ് എന്നത് ഒരിക്കലും മതവിമർശം സാധ്യമല്ല എന്നതല്ല മുന്നോട്ട് വെക്കുന്നത്. അലി ശരീഅത്തി സൂചിപ്പിക്കുന്നതുപോലെ മതങ്ങൾ അതിനകത്ത് തന്നെയാണ് അതിന്റെ വിമർശനങ്ങളും സാധ്യമാക്കുന്നത്. ഇസ്‌ലാമിനെ മുൻനിർത്തി വിമർശനത്തെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ, ലിബറൽ ഡെമോക്രസിയുടെ പരികല്പനകൾ മതങ്ങളെ, വിശിഷ്യാ ഇസ്‌ലാമിനെ മനസ്സിലാക്കാൻ പര്യാപ്തമല്ല എന്ന് വരുമ്പോഴും ഇസ്‌ലാമിന് അതിന്റെ തന്നെ ആശയങ്ങളെ മുൻനിർത്തി ഇസ്ലാമിനകത്തെ അധീശ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാൻ സാധിക്കും. ഇതിന് ശരീഅത്തി രണ്ടും തരം മതത്തെയാണ് മുന്നോട്ട് വെക്കുന്നത്. ഒന്ന്, പുരോഹിത മതവും രണ്ട് പ്രവാചക മതവും. പുരോഹിതമതം എപ്പോഴും സ്ഥാപനവൽക്കരണത്തിന്റെ യുക്തിയിൽ ആണ് പ്രവർത്തിക്കുക. നിയമങ്ങളുമായി ബന്ധപെട്ടൊക്കെയുള്ള അതിന്റെ വ്യവഹാരങ്ങളിൽ കീഴ്‌പ്പെടുത്തലിന്റെ ഒരു യുക്തി കാണാൻ സാധിക്കും. അവ എല്ലായ്‌പോഴും ഇസ്‌ലാമിന് അതിര് നിർണ്ണയിച്ച് പലതിനെയും അതിനെ പുറത്ത് നിർത്താനാണ് ശ്രമിക്കുക.ഇത് ഒരു തരം സ്റ്റേറ്റിസ്റ് രീതിയാണ്, അഥവാ ആധുനിക കൊളോണിയൽ വ്യവഹാരത്തിന്റെ യുക്തിയാണ്. ഇങ്ങനെ നിർമിക്കപ്പെടുന്ന പൈതൃകത്തെയും അസദ് ചോദ്യം ചെയ്യുന്നുണ്ട്.

ലിബറൽ ജനാധിപത്യത്തിനുള്ളില്‍ സർവലൗകികമെന്ന് കരുതപ്പെടുന്ന മതേതരത്വം പോലുള്ളവയുടെ പ്രശ്നത്തെയും അതോടൊപ്പം തന്നെ മതങ്ങളിലെ പ്രസ്തുത സാന്നിധ്യത്തെയും ഒരേസമയം വിശകലനം ചെയ്യുന്നു എന്നതാണ് അസദിന്റെ സവിശേഷത. സ്വാതന്ത്ര്യത്തെ ആഖ്യാനിക്കുന്നിടത്തും സെക്കുലർ എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനകത്തുമൊക്കെ ഉള്ള വൈരുധ്യങ്ങൾ മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു സർവലൗകിക മൂല്യമായി സങ്കല്പിക്കുന്നതിൽ നമ്മളെ തടയുന്നു. ലിബറൽ സമൂഹത്തിലെ ഒരു വ്യക്തിയെ സംബന്ധിച്ച് അവന്റെ/അവളുടെ പ്രധാന സ്വാതന്ത്ര ബോധം അവൻ/അവൾ തന്നെയാണ് തന്റെ ഉടമ എന്നതാണ്. തനിക്ക് ഇഷ്ടമുള്ളതെന്തിനെയും സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നുണ്ട്. അപ്പോഴും ഇതിന്റെ പരിധി എവിടെയാണ് എന്ന ചോദ്യം പ്രസക്തമാണ്. ഒരു എഴുത്തുകാരനെ/കാരിയെ സംബന്ധിച്ച് അവന്റെ/അവളുടെ കൃതി അവരുടെ സ്വത്താണ്. എന്നാൽ ഇത് പ്രസിദ്ധീകരിക്കപ്പെടണമെങ്കില്‍ ഒരു പ്രസാധന സ്ഥാപനത്തെ കണ്ടെത്തുകയും അവർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളെ അംഗീകരിക്കുകയും വേണം. ഇത് ഭാഗികമായി എഴുത്തുകാരന്റെ/കാരിയുടെ മുമ്പ് ഉന്നയിച്ച സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുന്നതാണ്. ഇങ്ങനെ ലിബറൽ സമൂഹത്തിനകത്ത് ആഘോഷിക്കപ്പെടുന്ന ഏതൊരു സ്വാതന്ത്രവാദത്തിന്റെ മറുപുറത്തും അതിനെ റദ്ദ് ചെയ്യുന്ന, പരിമിതിപ്പെടുത്തുന്ന മറ്റൊരു ഘടകം ഉണ്ടാകും. കോപ്പിറൈറ്റ് വിഷയത്തെ ഇതിനൊരു ഉദാഹരണമായി അസദ് ഉദ്ധരിക്കുന്നുണ്ട്.

സെക്കുലർ വിമർശനത്തിന്റെ സർവലൗകികതയെ ചോദ്യം ചെയ്യുക എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ആലോചനയും പ്രസക്തമാണ്. കാരണം സെക്കുലർ/മതേതരം എന്നത് ഇന്നൊരു അമൂർത്ത സങ്കല്പമായി പൊതുവിൽ മനസിലാക്കപ്പെടുകയും അതിന്റെ ചരിത്രപരമായ പശ്‌ചാത്തലമൊക്കെ അവഗണിക്കപ്പെടുകയും ചെയ്ത സന്ദർഭങ്ങളിൽ മതേതരത്വത്തിന്റെ വംശവലി പരിശോധിക്കാൻ ആണ് അസദ് ശ്രമിക്കുന്നത്.അതിലൂടെ അതിനകത്ത് എന്തൊക്കെ ഉൾകൊള്ളാൻ സാധിക്കും/സാധിക്കില്ല, അവ എന്തിനെ പ്രതിനിധികരിക്കുന്നു/നിരാകരിക്കുന്നു എന്നെല്ലാം വ്യക്തമാകും. ഇന്ത്യൻ സാഹചര്യത്തെ ഉദാഹരണമായി എടുത്താൽ ഇവിടെയുള്ള ആർ എസ് എസ് പോലും മതേതരത്വം എന്ന് പറഞ്ഞാണ് അവരുടെ ആശയ പ്രചാരണം പല ഘട്ടത്തിലും നടത്താറുള്ളത്. എന്നാൽ ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുന്നിടത്ത് നിങ്ങൾക്ക് മതേതരത്വം പ്രയോഗിക്കാൻ കഴിയില്ല, കാരണം മതേതരത്വത്തിന്റെ നിര്‍വചനങ്ങളിൽ നിന്ന് സ്വാഭാവികമായും ഇസ്‌ലാം പുറത്താണ്. ഇങ്ങനെ ചിലതിനെ സവിശേഷമായി ഉൾകൊണ്ടും ചിലതിനെ ബോധപൂർവം അവഗണിച്ചും സാധ്യമാകുന്ന ആശയങ്ങൾ എന്ന നിലക്കാണ് അസദ് ഇത്തരം സംജ്ഞകളെ മനസിലാക്കുന്നത്. ഈ ആലോചന ആധുനിക രാഷ്ട്രീയത്തിൽ ചിന്തപരമായി പുതിയൊരു ദിശാബോധത്തിലേക്ക് സഞ്ചരിപ്പിക്കാൻ ഏറെ ഉപകരിക്കും.

(സി കെ അബ്ദുല്‍ അസീസ് വിവര്‍ത്തനം ചെയ്ത പുസ്തകം ഐപിഎച്ച് സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്‌)

By നടാഷ

PG Student, Pondichery University