താങ്കളുടെ യൂണിവേഴ്‌സിറ്റി ആക്ടിവിസത്തിന്റെ തുടക്കകാലത്ത് ഒരു സോഷ്യലിസ്റ്റ് ചായ് വുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവല്ലോ, എന്നാലിപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്താണ് ഈ ആശയപരമായ വ്യതിയാനത്തിന് കാരണം?
ഞാനതിനെ എന്റെ വ്യക്തിപരമായ വളര്‍ച്ചയായാണ് കാണുന്നത്. ഒരു സര്‍വകലാശാല വിദ്യാര്‍ഥിയെന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയാശയങ്ങളുമായി ബന്ധപ്പെടും, അതില്‍ നിന്നും പഠിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യും, അങ്ങനെയാണ് ഒരു വിദ്യാര്‍ഥിയെന്ന നിലയിലും ആക്ടിവിസ്റ്റെന്ന നിലയിലും നമ്മള്‍ വളരുന്നത്.
താങ്കള്‍ സ്വത്വരാഷ്ട്രീയത്തിനും മുസ്‌ലിം ഐക്യത്തിനും വേണ്ടി നിലകൊള്ളുന്നുണ്ടല്ലോ. പക്ഷേ, ജാതീയമായും മതകീയമായും മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അവര്‍ ഒരൊറ്റ സമുദായമെന്ന നിലയില്‍ ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?
മുസ്ലിംകള്‍ ഒരു ഏകജാതീയമായ ഗ്രൂപ്പല്ല എന്നത് ശരിയാണ്. മുസ്ലിം സമുദായത്തിനുള്ളില്‍ ആഭ്യന്തര വ്യത്യാസങ്ങളും വര്‍ഗ്ഗീകരണവും വെല്ലുവിളികളും ഉണ്ട്. ഈ വ്യത്യാസങ്ങള്‍ക്കെല്ലാമിടയിലും മുസ്‌ലിം സ്വത്വം ഒരു ഇണക്കിച്ചേര്‍ക്കുന്ന നൂലാവുന്നത്, ആ സ്വത്വത്തെ ഇന്ത്യയില്‍ ‘അപരനായും’ ‘ആഭ്യന്തര ശത്രുവായും’ ലക്ഷ്യം വെക്കപ്പെടുമ്പോഴാണ്. ഈയടുത്ത കാലത്തെ മുസ്‌ലിം വേട്ടയുടെ ഉദാഹരണങ്ങള്‍ തന്നെയെടുത്താല്‍, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന എല്ലാ മുസ്‌ലിം വിദ്യാര്‍ഥി- ആക്ടിവിസ്റ്റുകളും വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും സാമൂഹിക ചുറ്റുപാടില്‍ നിന്നും വ്യത്യസ്ത ലിംഗ- ജാതി സ്വത്വങ്ങളില്‍ നിന്നും വന്ന്, സ്റ്റേറ്റിന്റെ അടിച്ചമര്‍ത്തല്‍ ഒരേപോലെ ഏറ്റുവാങ്ങിയവരാണ്. അവരില്‍ പൊതുവായുള്ള സംഗതി അവരുടെ മുസ്‌ലിം സ്വത്വമല്ലേ.
പുരോഗമനവൃത്തങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റുമുയരുന്ന ഒരു സംവാദം സഖ്യംചേരലിനെപ്പറ്റിയാണല്ലോ. അംബേഡ്കറൈറുകളുമായും സോഷ്യലിസ്റ്റുകളുമായുമൊക്കെ മുസ്‌ലിംകള്‍ വിശാലാര്‍ഥത്തിലുള്ള ഐക്യപ്പെടലിന് ശ്രമിക്കണമെന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ?
തീര്‍ച്ചയായും, എന്റെയഭിപ്രായത്തില്‍ മുസ്‌ലിംകള്‍ മറ്റുള്ളവരുമായി രാഷ്ട്രീയവും സാമൂഹികവുമായ സഖ്യത്തിന് ശ്രമിക്കണമെന്നാണ്. യുപിയിലും ബീഹാറിലുമൊക്കെയുള്ള അംബേദ്കറൈറ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെയും അരികുവല്‍കൃത സമുദായങ്ങളെയും മുസ്‌ലിം സമുദായം എല്ലാകാലത്തും പിന്തുണച്ചു പോന്നിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യത്തിലും അതുതന്നെ. ഈ സംഭവങ്ങളിലൊന്നും മുസ്‌ലിംകളുടെ നിലയില്‍ മെച്ചമൊന്നുമുണ്ടായില്ലെന്നത് സങ്കടകരമാണ്. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത്, രണ്ടോ അതിലധികമോ സ്വതന്ത്ര പാര്‍ട്ടികളുമായി തുല്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള സഖ്യം ചേരലുകളാണ് അഭികാമ്യമെന്നാണ്.
താങ്കളുടെയൊരു ട്വീറ്റില്‍ ഷാരൂഖിനെ (ജാഫറാബാദ് സമരത്തില്‍ അറസ്റ്റിലായ തോക്കുധാരി) പിന്തുണക്കുകയും നിങ്ങളുടെ ‘ഹീറോ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി കണ്ടു. ഏതുവിധേനയായാലും അക്രമത്തെ താങ്കള്‍ പിന്‍താങ്ങുന്നുണ്ടോ?
വിവേകരഹിതവും വെറുപ്പുനിറഞ്ഞതുമായ ഒരു ഹിംസയെയും ഞാന്‍ ന്യായീകരിക്കുന്നില്ല. ഷാരൂഖിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെയാണ് ഞാന്‍ പിന്തുണക്കുന്നത്. അദ്ദേഹം പൗരത്വസമരത്തിലല്ല അറസ്റ്റിലായത്, അവിടെയൊരു ആസൂത്രിത കലാപം നടക്കുകയായിരുന്നു. ആ സമയത്ത് പ്രതിരോധത്തിന്റെ വഴി സ്വീകരിച്ചില്ലയെങ്കില്‍ ഒന്നുകില്‍ എന്റെ ശവശരീരം അവിടെയുണ്ടാവും അല്ലെങ്കില്‍ എന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് ‘നഷ്ടപരിഹാര’മായി ലഭിച്ച് എന്റെ പേര് മരണപ്പെട്ടവരുടെ പട്ടികയിലിടം പിടിക്കും. സാധ്യമാവുന്ന മാര്‍ഗമുപയോഗിച്ചുകൊണ്ട് ഞാന്‍ സ്വയം പ്രതിരോധം തീര്‍ത്തേ മതിയാകൂ. എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന്‍ പണയം വെച്ച്, പ്രതികരിക്കാന്‍ കഴിയാത്തൊരു എന്നെ നിങ്ങള്‍ പ്രതീക്ഷിക്കണ്ട. അത് മനുഷ്യന്റെ സ്വതസിദ്ധമായ സ്വഭാവത്തിനെതിരാണ്.

ദലിത്-മുസ്‌ലിം ഐക്യത്തിന്റെ ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷയെന്താണ്? ഈ ഐക്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കൂടുതല്‍ ആശാവഹമായ സാമൂഹികമാറ്റത്തിന് നിലമൊരുക്കുമെന്ന വിശ്വാസമുണ്ടോ?
രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ സാമൂഹിക സഖ്യമുണ്ടായലല്ലാതെ ദലിത്- മുസ്‌ലിം ഐക്യത്തിന് ഒരു ഭാവിയുമുണ്ടാവില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം വെച്ചുകൊണ്ടുള്ള ഐക്യവര്‍ത്തമാനങ്ങളൊന്നും കൂടുതല്‍ കാലം മുന്നോട്ടുപോവില്ല.
ഇടതുപക്ഷത്തുനിന്നുള്ള രെു വാദമാണ് ഫാഷിസത്തിന്റെ നിലവിലെ സ്ഥിതിയും ഇസ്‌ലാമോഫോബിയയും വളരെ ശ്കതമായി മുതലാളിത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ളത്. മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ അജണ്ടയായി സാമ്പത്തികമാറ്റത്തെയുള്‍പ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
അതെ, മുതലാളിത്തം ഫാസിസത്തെ സേവിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, എന്റെ അഭിപ്രായത്തില്‍, സാമ്പത്തിക മാറ്റം നമ്മുടെ പെട്ടെന്നുള്ള ശ്രദ്ധാകേന്ദ്രമാകരുത്. നമ്മുടെ ശാക്തീകരണത്തിനുതകുന്നതാണെങ്കില്‍ മുസ്ലിംകള്‍ മുതലാളിമാരുമായി കൈകോര്‍ക്കാന്‍ തയ്യാറാകണം.
സിഎഎ വിരുദ്ധ പ്രതിഷേധം സര്‍ക്കാരില്‍ നിന്നുള്ള രാഷ്ട്രീയ അടിച്ചമര്‍ത്തലാണ് നേരിടുന്നത്. ബിജെപി അധികാരം കേന്ദ്രീകരിക്കുകയും വിയോജിപ്പുകളോട് അടിച്ചമര്‍ത്തലിലൂടെ പ്രതികരിക്കുകയും ചെയ്യുന്ന ഇത്തരമൊരു സാഹചര്യത്തില്‍, ഭാവിയിലെ പ്രവര്‍ത്തനങ്ങളെങ്ങനെയായിരിക്കും?
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ പൗരന്മാര്‍ക്കും ഈ ഫാസിസ്റ്റ് സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യതയുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, നാം ഇപ്പോള്‍ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിലും അവരെ ശാക്തീകരിക്കുന്നതിലും വിദ്യാഭ്യാസം നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. ഹിന്ദുത്വത്തെയും അതിന്റെ വിദ്വേഷത്തെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ പരാജയപ്പെടുത്താന്‍ കഴിയില്ല.
ബ്ലാക് ലൈവ്‌സ് മാറ്റര്‍, മുസ്‌ലിം ലൈവ്‌സ് മാറ്റര്‍- രണ്ടിന്റെയും ബന്ധത്തെയെങ്ങനെ കാണുന്നു, രണ്ടും എങ്ങനെയാണ് പരസ്പരം ഗുണകാംക്ഷയോടെ വര്‍ത്തിക്കുക?
ഇന്ത്യയില്‍ ഒരു മുസ്ലിം ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനവുമില്ല. ആ പേരില്‍ ഇന്ത്യയൊട്ടാകെയൊരു പ്രസ്ഥാനം ഇല്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതെ, സിഎഎ വിരുദ്ധ പ്രസ്ഥാനം പല തരത്തില്‍ BLACKLIVESMATTER ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. രണ്ട് പ്രസ്ഥാനങ്ങളും തുല്യനീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുകയും അവരുടെ നിലനില്‍പ്പ് വിശദീകരിക്കാനുള്ള ഭാരം കൂടാതെ അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്. മുസ്‌ലിംകളുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ പ്രസ്ഥാനം വളരുന്നതിനനുസരിച്ച്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ചെയ്യുന്നതുപോലെ അത് മേധാവിത്വവാദികളെ അസ്വസ്ഥരാക്കുന്നത് തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
2020 ജൂലൈ നാലിന് publica.in പ്രസിദ്ധീകരിച്ച അഭിമുഖം.
വിവ: റമീസുദ്ദീന്‍ വി. എം