ജോര്‍ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്‌ലര്‍, അഹ്മോദ് ആര്‍ബെറി തുടങ്ങി എണ്ണമറ്റ നിരായുധരായ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ കത്തിച്ച രോഷം പടര്‍ന്നുപിടിക്കുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാലയൊലികള്‍ അമേരിക്കയും കടന്ന് മെല്‍ബണിലും ലണ്ടനിലും ബെര്‍ലിനിലും ടോക്യോയിലും വരെ വന്‍തോതില്‍ അലയടിച്ച നേരവും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ കുഴങ്ങുകയായിരുന്നു.
വരേണ്യവലയങ്ങളില്‍ കറങ്ങുന്നൊരു പ്രതികരണം പത്രപ്രവര്‍ത്തക റാണാ അയ്യൂബ് പറഞ്ഞത് പോലെ: ‘ഒരു ഫാഷന്‍ പോലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ഹാഷ്ടാഗ് ആളുകള്‍ കൊണ്ടുനടക്കുന്നുണ്ട്’. ആ മൂവ്‌മെന്റിനെപ്പറ്റി അവസരവാദപരമായി പോസ്റ്റുചെയ്യുന്നതും ട്വീറ്റ് ചെയ്യുന്നതുമെല്ലാം അതിന്റെ ധാര്‍മികവും സാംസ്‌കരികവുമായ മൂലധനത്തെ മുതലെടുക്കലാണ്. ദയവായി ചെയ്യരുത്, കൂടുതല്‍ മികച്ച പ്രതികരണങ്ങള്‍ സാധ്യമാണ്. ആ മൂവ്‌മെന്റിന്റെ തത്വങ്ങളോട് നിങ്ങള്‍ യഥാര്‍ഥത്തില്‍ പിന്തുണയുള്ളവരാണോയെന്ന് താഴെപറയുന്ന അഞ്ച് ചോദ്യങ്ങള്‍ സ്വയമേ ചോദിച്ച് ഉറപ്പുവരുത്തൂ, ശേഷം പിന്തുണക്കാന്‍ കഴിയുമെങ്കില്‍ മാത്രം പിന്തുണക്കൂ.
1. ഞാന്‍ വ്യക്തിപരമായി വംശീയവാദിയാണോ?
ഇതൊരു പ്രയാസമുള്ള ചോദ്യം തന്നെയാണ്. വ്യക്തിപരമായ വംശീയബോധമെന്നാല്‍, ന്യൂനപക്ഷങ്ങളോടും കറുത്തവരോടുമുള്ള നേരിട്ടുള്ള വെറുപ്പിനെയല്ല സൂചന.(അതെ, മത-ജാതി ന്യൂനപക്ഷങ്ങുളുമിതില്‍പ്പെടും). ഇതില്‍ വാര്‍പ്പുമാതൃകയുണ്ടാക്കല്‍, അന്തര്‍ലീനമായ പക്ഷപാതം, ഉദാത്തവാദം, അപരനാക്കല്‍, ശുദ്ധിവാദം, ‘വംശശുദ്ധി’ കാത്തുള്ള വിവാഹം തുടങ്ങി നമ്മുടെ സാമൂഹികവല്‍ക്കരണത്തില്‍ ആഴത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്.
ഇത്തരം വംശീയബോധത്തെ ഒരാളില്‍ നിന്ന് എളുപ്പം പറിച്ചെറിയുക സാധ്യമല്ല. അതിന് സ്‌കൂളുകളിലും കുടുംബങ്ങളിലും വംശീയവിരുദ്ധ വിദ്യാഭ്യാസക്രമം വ്യവസ്ഥാപിതമായി നടപ്പിലാക്കണം. അമേരിക്കയിലെ ബ്ലാക്ക് ആക്ടിവിസ്റ്റുകള്‍ ഈ പണി എല്ലാ ഫെബ്രുവരിയിലും ബ്ലാക്ക് ഹിസ്റ്ററി മാസാചരണം നിര്‍ബന്ധമാക്കിയും ക്ലാസ്മുറിയിലെ വിഭവങ്ങളുപയോഗിച്ച് വൈവിധ്യത്തെക്കുറിച്ച് പഠിപ്പിച്ചുമെല്ലാം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷേ ഇന്ത്യയിലെ മുതിര്‍ന്നവര്‍ വംശീയവാദികളെന്ന നിലക്ക് കുപ്രസിദ്ധിയുള്ളവരാകയാല്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഇത്തരമൊരു അധ്യാപനം പ്രതീക്ഷിക്കാവതല്ല. തങ്ങളുടെ കറുത്തവരായ സഹകളിക്കാരെ ‘കാലു’ എന്ന് വരെ വിളിച്ച് അധിക്ഷേപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും, ഫെയര്‍നസ് ക്രീമിന്റെ അംബാസഡര്‍മാരായ സിനിമാതാരങ്ങളെയും, ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ നയിക്കുന്ന ആള്‍ക്കൂട്ടം ഡല്‍ഹിയിലെ ആഫ്രിക്കന്‍ പുരയിടങ്ങളിലേക്ക് വെറുപ്പോടെ പാഞ്ഞടുക്കുന്നതുമെല്ലാം കാണുന്നതാണല്ലോ.
വിദേശത്തുള്ള, ജാതിപ്രിവിലേജില്‍ അഭിരമിക്കുന്ന, ട്രംപിനെപ്പോലുള്ള വെളുത്ത ആധിപത്യക്കാരുടെ കൂടെ നില്‍ക്കുന്ന ഇന്ത്യക്കാര്‍ വംശീയവിരുദ്ധ സമരങ്ങളുടെ ആനുകൂല്യം പറ്റുന്നു. കൂടാതെ, ഇന്ത്യയുടെ ഏറ്റവും ദൃശ്യനായ നീതിയുടെ മുഖം ഗാന്ധി, ഈ ആഗോളമുന്നേറ്റ സമയത്ത് വംശീയവിരുദ്ധതയുടെ എതിര്‍വശത്ത് നില്‍ക്കുന്ന കാഴ്ച്ചകാണാം. അടിമക്കച്ചവടക്കാരുടെ പ്രതിമകള്‍ തകര്‍ക്കുന്ന പ്രക്ഷോഭകര്‍ ഗാന്ധി പ്രതിമയും ലക്ഷ്യം വെക്കുന്നതിലൂടെ ബ്ലാക്ക് ലൈവ്‌സ് മാറ്ററെന്നുച്ചരിക്കാന്‍ വ്യക്തിപരമായ വംശീയബോധങ്ങളെ ആദ്യമേ തള്ളിക്കളയല്‍ അത്യാവശ്യമാണെന്നോര്‍മ്മിപ്പിക്കുന്നു.
2. സ്വദേശത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കു നേരെ കണ്ണടച്ചവരാണോ നാം?
എന്റെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ജീവന്‍ എനിക്ക് വിഷയമാണോയെന്നതാണ് രണ്ടാമത്തെ ചോദ്യം. ഇന്ത്യയില്‍ ഈ ചോദ്യം ചോദിക്കാന്‍ ഇതിനേക്കാളൊക്കെ പ്രധാനപ്പെട്ട സമയങ്ങളെമ്പാടുമുണ്ടായിരുന്നു. ഏറ്റുമുട്ടല്‍കൊലയും കസ്റ്റഡിയില്‍ പീഡനവും മരണവും മുതല്‍, വിചാരണ കൂടാതെ വേട്ടയാടി അറസ്റ്റു ചെയ്യപ്പെടുന്നത് മുതല്‍, ദിനേനയെന്നോണം അദൃശ്യമാക്കപ്പെടലനുഭവിക്കുന്ന, പോലീസിന്റെ ഹിംസക്കിരയാകുന്ന ന്യൂനപക്ഷങ്ങളുടെ കാര്യത്തിലാണ് ഈ ചോദ്യം.
2019 ല്‍ ഇന്ത്യയിലെ പോലീസുദ്യോഗസ്ഥരില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, അമ്പതു ശതമാനത്തോളം പോലീസുകാരും വിശ്വസിക്കുന്നത് മുസ്‌ലിംകള്‍ക്ക് കുറ്റകൃത്യം ചെയ്യാനുള്ള ത്വര കൂടുതലാണെന്നാണ്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ്, ഹിന്ദുത്വവാദികള്‍ക്കൊപ്പം ഡെല്‍ഹി പോലീസ് നഗരത്തിലെ മുസ്‌ലിംകള്‍ക്കുനേരെ ഏകപക്ഷീയമായ അക്രമണം അഴിച്ചുവിട്ടത്. നിയമത്തിനപ്പുറം ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളുടെ സംരക്ഷകനായാണ് പതിറ്റാണ്ടുകളായുള്ള പോലീസിന്റെ പ്രവര്‍ത്തനം. ജോര്‍ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതുപോലെ തന്നെ റോഡരികില്‍ ദേശീയഗാനം ചൊല്ലാനാവശ്യപ്പെട്ട് പോലീസ് ക്രൂരമായി മര്‍ദിക്കുന്ന ഫൈസാനെന്ന മുസ്‌ലിം യുവാവിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഫൈസാനെപ്പോലെ നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെട്ടപ്പോഴൊന്നും ഈ രാജ്യത്ത് പ്രതിഷേധങ്ങളോ, പ്രക്ഷോഭങ്ങളോ, അറസ്റ്റുകളോ, നിയമനടപടികളോ ഒന്നുംതന്നെ ഉണ്ടായില്ല.
മേല്‍ജാതിക്കാരുടെ കൈയ്യാളുകളാണ് പോലീസുകാരെന്ന് ദലിത്-ആദിവാസി ജനങ്ങള്‍ക്കും നന്നായി ബോധ്യമുണ്ട്. ജാതിഹിന്ദുക്കള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം പോലീസ് ഇരകളെ തടവില്‍ വെക്കുകയും പീഡിപ്പിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുന്നു. ‘ആഫ്രിക്കന്‍ അമേരിക്കക്കാരന്‍ തല്ലിക്കൊല്ലപ്പെട്ടു’ എന്ന് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ കിട്ടുന്ന തലക്കെട്ടുകളെക്കാള്‍ ഒട്ടും കുറവായിരിക്കില്ല ‘ദലിതനെ അടിച്ചുകൊന്നു’ എന്ന് ഗൂഗിളില്‍ പരതിയാല്‍ കാണുന്നത്.
അതുകൊണ്ട്, രാജസ്ഥാനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദലിത് യുവാവ് ജിത്തു ഖാത്തികിനെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയില്ലെങ്കില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ പേരില്‍ ഒച്ചയിടാതിരിക്കുക. ഡസണ്‍ കണക്കിനു മുസ്‌ലിംകളെ ഈ മഹാമാരി സമയത്ത് അന്യായമായി അറസ്റ്റുചെയ്ത നടപടിയില്‍ നിങ്ങള്‍ക്കൊന്നും പറയാനില്ലെങ്കില്‍, കറുത്തവര്‍ഗക്കാരെ തടവിലാക്കുന്നതിനെക്കുറിച്ച് മിണ്ടാതിരിക്കുക.
3. ഭരണകൂടഹിംസയുടെ ഉപകരണങ്ങളായ പോലീസ്, ജയില്‍, സൈന്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ചോദ്യംചെയ്യാന്‍ എനിക്ക് കഴിയുമോ?
ബ്ലാക്ക് ലൈവ്‌സ് മാറ്ററെന്ന് പറയുകയും ‘ദേശസ്‌നേഹത്താല്‍’ ഇന്ത്യയിലെ പോലീസിനെയും സൈന്യത്തെയും ജയിലറകളെയും ഭീകരനിയമങ്ങളെയും പിന്താങ്ങുകയും ചെയ്യുന്നവരോടാണ്, നിങ്ങള്‍ക്കൊരു ദുഖവാര്‍ത്തയുണ്ട്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റിന്റെയാളുകള്‍, അതിവേഗം ആധിപത്യം സ്ഥാപിച്ചു മുന്നേറി, വെറും പൗരാവകാശങ്ങളൈക്കുറിച്ചോ വംശീയവാദികളായ പോലീസിനെതിരെയോ മാത്രമല്ല ശബ്ദിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനോ പോലീസ് സംവിധാനത്തെ അഴിച്ചുപണിയാനോ മാത്രമല്ല അവരുടെ ആവശ്യം, മറിച്ച്, പോലീസ് സംവിധാനത്തെത്തന്നെയും, തടവിലാക്കല്‍ വ്യവസ്ഥകളെത്തന്നെയും തകര്‍ത്തെറിയലാണ് അവരുടെ ആവശ്യം.
അടിമത്തത്തെ തകര്‍ക്കാനാവശ്യപ്പെട്ടവര്‍ പറഞ്ഞതു പോലെ, ‘അടിമവ്യവസ്ഥ ശരിപ്പെടുത്താനോ പുതുക്കിപ്പണിയാനോ കഴിയില്ല, തകര്‍ത്തെറിയുകതന്നെ വേണം’. ഇന്നും അതേ പോലെ, പ്രക്ഷോഭകര്‍ക്ക് പോലീസും ജയിലുമെല്ലാം പുനരുദ്ധാനം നടത്താനല്ല, ഉന്മൂലനം ചെയ്യപ്പെടാനാണാവശ്യം. വ്യവസ്ഥാപിതമായ ശിക്ഷാനടപടികള്‍ തങ്ങളെ സുരക്ഷിതരാക്കുന്നില്ലയെന്ന ബോധ്യം കൊണ്ടാണത്. ദാരിദ്ര്യവും കിടപ്പാടമില്ലായ്മയും മാനസികരോഗവും ആസക്തിയുമെല്ലാം ‘കുറ്റകൃത്യ’ങ്ങളായി കാണുന്ന സംവിധാനം രോഗത്തിനു പകരം ലക്ഷണത്തെയാണ് ചികിത്സിക്കുന്നതെന്നാണവരുടെ വാദം. ആ ചികിത്സ (തടവും പോലീസ് പീഡനവും) രോഗത്തെക്കാളും ഭയാനകമാണ്.
അതുകൊണ്ടാണ് മിനിയപോലീസില്‍ നിന്നും മറ്റ് അമേരിക്കന്‍ നഗരങ്ങളില്‍ നിന്നും പോലീസിനെ പിരിച്ചുവിട്ട്, കമ്മ്യൂണിറ്റി ബേസ്ഡ് പൊതുസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജനം തെരുവില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചെടുത്തോളം, ജനങ്ങളില്‍ പകുതി പേരും വിചാരണക്ക് മുമ്പേ തന്നെ പോലീസ് ഹിംസ പൊറുത്തുകൊടുക്കുന്ന നിലയ്ക്ക്, തകര്‍ത്തെറിയല്‍ ഒരു തമാശയായിരിക്കും അവര്‍ക്ക്. മറ്റേപകുതി ഈ പോലീസിങിനെ പ്രതിസന്ധിയിലാക്കാത്തവരുമാണ്. നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ പോലീസ് ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഇവിടെ എന്‍ജിഒകള്‍ റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിക്കുന്നു. ഒരു ലക്ഷം ആളുകള്‍ക്ക് 144 പോലീസുദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യയിലെന്ന് വിലപിക്കുന്ന പത്രപ്രവര്‍ത്തകര്‍ യുഎന്‍ ശിപാര്‍ശ പ്രകാരം 222 ആണ് കണക്കെന്നുണര്‍ത്തുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലും ഉയര്‍ന്ന പോലീസ് ബജറ്റുകള്‍ ആവശ്യപ്പെടുന്നു. പൊലീസിംഗിലെ ഇന്ത്യയുടെ നിക്ഷേപം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതിലാണ് മുഴുവന്‍ ചര്‍ച്ചയും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാല്‍ പൊലീസിംഗ് പോലീസിനെ സംബന്ധിച്ചുള്ളതല്ല എന്നതാണ് വസ്തുത. : ഇത് നിലവിലുള്ള ഒരു ക്രമത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ബലപ്രയോഗത്തെക്കുറിച്ചാണ്.
ആ നിര്‍വചനം അനുസരിച്ച്, ഇന്ത്യയിലെ പൊലീസിംഗ് – അര്‍ദ്ധസൈനികര്‍, സൈനികര്‍, ജയിലര്‍മാര്‍, ജാഗ്രതാ ഗ്രൂപ്പുകള്‍ – വിദ്യാഭ്യാസം, ക്ഷേമപദ്ധതികള്‍, പൊതുജനാരോഗ്യം എന്നിവയേക്കാള്‍ മികച്ച ഫണ്ടിങ് അനുഭവിക്കുന്നു. ഉന്മൂലനം ഇന്ത്യയില്‍ ഒരു ദഹിക്കാത്ത ആശയമാണ് നിലവിലെങ്കില്‍ പോലും, നിങ്ങളിതിനെ ഉള്‍ക്കൊള്ളാന്‍ ധൈര്യപ്പെടുന്നില്ലെങ്കില്‍ ഈ മൂവ്‌മെന്റിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സാധിക്കില്ല.

4. ദാരിദ്ര്യം ധാര്‍മികവും സ്വാഭാവികവും സാധാരണവുമാണെന്ന ധാരണയെനിക്കുണ്ടോ?
പോലീസിങ് നിര്‍ത്തലാക്കല്‍ അസമത്വപൂര്‍ണമായ സമൂഹത്തിന്റെ ഉന്നതിക്കു കൂടി ആവശ്യമാണ്. അതുകൊണ്ടാണ് അമേരിക്കന്‍ തെരുവുകളില്‍ ഈ ആവശ്യം മനുഷ്യാവകാശ പ്രശ്‌നമെന്നതിലുപരി സാമ്പത്തിക ആവശ്യമായിക്കൂടി ഉയരുന്നത്. ശിക്ഷാനടപടികളുടെ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി, ആ പണം സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഭവനനിര്‍മാണത്തിനും സാമൂഹിക സുരക്ഷക്കും തൊഴിലില്ലായ്മ പരിഹരിക്കാനുമായി ഉപയോഗിക്കണമെന്ന്, പ്രത്യേകിച്ച്, അരികുവല്‍കൃത ജനങ്ങള്‍ക്ക്.
മിക്ക യുഎസ് നഗരങ്ങളിലെയും ബജറ്റ് തുകയില്‍ നാല്‍പത് ശതമാനത്തോളവും പോലീസിങിനാണ് വകയിരുത്തിയിരിക്കുന്നതെന്നും സ്‌കൂളുകള്‍ക്കും, മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങള്‍ക്കും മാനസികോരോഗ്യരംഗത്തും ഹിംസ തടയാനുമെല്ലാം വിനിയോഗിക്കുന്നതിനെക്കാള്‍ വലിയ തുകയാണിതെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
ഇന്ത്യയിലെ സ്ഥിതിയനുസരിച്ച് മുസ്‌ലിംകളും ദലിതുകളും ആദിവാസികളുമടങ്ങുന്ന വിഭാഗം ഏറ്റവും താഴെക്കിടയിലുള്ളവരും നിര്‍ധനരമായവരുമാണെന്നിരിക്കെ, പോലീസ് അവരെ വേട്ടയാടാതെ തന്നെ ‘ശ്വസിക്കാനാവാത്ത’ (Can’t breath) സ്ഥിതിയുള്ളവരാണ്. അതുകൊണ്ട്, രാജ്യത്തെ ഒമ്പത് കോടീശ്വരര്‍ പകുതി ജനങ്ങളുടെ സമ്പത്ത് കൈവശം വെച്ചിരിക്കുന്നതിലും, മിലിട്ടറിക്ക് വേണ്ടി ബജറ്റിന്റെ 9 ശതമാനം വകയിരുത്തുമ്പോള്‍ ആരോഗ്യമേഖലക്ക് കേവലം 3 ശതമാനം മാത്രം വകയിരുത്തുന്നതിലും നിങ്ങള്‍ക്ക് രോഷം തോന്നുന്നെങ്കില്‍ മാത്രം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നുറക്കെ വിളിച്ചോളൂ.
പക്ഷേ ഇന്ത്യയിലെ പാരമ്പര്യ ദാരിദ്ര്യവും ന്യൂനപക്ഷ കോടീശ്വരരില്‍ നിന്നുള്ള നിക്ഷേപമില്ലായ്മയും നിങ്ങളെ ധാര്‍മികമായി അലട്ടുന്നില്ലെങ്കില്‍ നിങ്ങളൊരു സഖ്യസമരക്കാരനാവില്ല.
5. വിപ്ലവകരവും പ്രതിരോധാത്മകവുമായ ചെറുത്തുനില്‍പ്പിനെ ഞാന്‍ ഭയക്കുന്നുണ്ടോ?
അമേരിക്കയിലെ നിലവിലെ സമരങ്ങള്‍ ഇന്ത്യയിലെ പൗരത്വ സമരവുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. രണ്ടിലും വലിയൊരു ജനസാഗരം തന്നെ തെരുവിലിറങ്ങുകയും, വലിയ നഗരങ്ങളില്‍ നിന്ന് ചെറിയ നഗരങ്ങളിലേക്ക് വ്യാപിക്കുകയും, ഭൂരിഭാഗം വരുന്ന ജനങ്ങളും സമരാനുകൂലികളാവുകയും, പോലീസുകാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ക്രൂരമായ അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പുറമെ കാണുന്ന ഇത്തരം സാമ്യതകള്‍ക്കപ്പുറം, സത്താപരമായി രണ്ടും വിഭിന്നമാണ്.
പൗരത്വസമരം പ്രതിരോധപരവും (പുതിയ നിയമം റദ്ദ് ചെയ്ത് നിലവിലുള്ളതിനെ നിലനിര്‍ത്താനാവശ്യം), അമേരിക്കയിലെത് ആക്രമണപരവും(നിലനില്‍ക്കുന്ന വ്യവസ്ഥയെ തകിടം മറിച്ച് പോലീസിങിനെ തച്ചുടക്കാനാവശ്യം) ആണ്.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ മൂവ്‌മെന്റ് മാര്‍ട്ടിന്‍ ലൂതറിന്റെ സിവില്‍ ഡിസ്ഒബീഡിയന്‍സ് ആശയവും ബ്ലാക്ക് പാന്തേഴ്‌സിന്റെ മിലിറ്റന്‍സി രീതിയും ഒരേപോലെ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് ഒത്തൊരുമിച്ചുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ഈ മൂവ്മമെന്റിന്റെ പ്രതീകമായിക്കാണുന്നത്. മിനിയപോളീസ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടം അഗ്നിക്കിരയാക്കുന്നതും, ഇംഗ്ലണ്ടിലെ എഡവാര്‍ഡ് കോള്‍സ്റ്റണെന്ന അടിമവ്യാപാരിയുടെ പ്രതിമ തകര്‍ക്കുന്നതും, വൈറ്റ് ഹൗസിനു പുറത്ത് നാഷനല്‍ ഗാര്‍ഡിനു നേര്‍ക്ക് ടിയര്‍ ഗ്യാസുകള്‍ തിരിച്ചെറിയുന്നതുമെല്ലാം അതിന്റെ കാഴ്ച്ചകളാണ്.
വളരെ സമാധാനപൂര്‍വം ഷഹീന്‍ബാഗിലിരുന്ന് ഗവണ്‍മെന്റിന് മാധ്യമങ്ങളുടെ ആധിപത്യം അനുവദിച്ച്, ജനപിന്തുണ കുറക്കാനുള്ള ശ്രമങ്ങളുമനുവദിച്ച് സമരം ചെയ്ത പൗരത്വ സമരരീതിയെ ഈ ചിത്രങ്ങള്‍ വെല്ലുവിളിക്കുന്നുണ്ട്. കാലഹരണപ്പെട്ട സത്യഗ്രഹ മാര്‍ഗത്തില്‍ നിന്ന് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. നിയമവും ചട്ടങ്ങളുമനുസരിച്ചുകൊണ്ട് വിയോജിക്കാനും നീതി ചോദിക്കാനും, അതിലൂടെ വിപ്ലവ പ്രതിഛായ സൃഷ്ടിക്കാനുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍, ബ്ലാക് ലൈവ്‌സ് മാറ്ററെന്നുരിയാടാതിരിക്കുക.
വിവ: റമീസുദ്ദീന്‍ വി എം
Courtesy: Scroll.in