ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈയില്‍ പുറത്തിറക്കിയ 130ഓളം പേജുകളുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ (findings) ആണ് താഴെ. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വംശഹത്യയെക്കുറിച്ചുള്ള ഗഹനമായ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
ഫെബ്രുവരി 23നും 26നും ഇടയില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറി. ചില ഉള്‍പ്രദേശങ്ങളില്‍ 27 വരെ ആക്രമണങ്ങള്‍ തുടര്‍ന്നു.
ജാഫറാബാദില്‍ നിന്ന് പൗരത്വ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ബിജെപി നേതാവ് കപില്‍ മിശ്രയുടെ ഫെബ്രുവരി 23 ന് മോജ്പൂരില്‍ നടന്ന പ്രസംഗത്തിനു ശേഷമാണ് ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അദ്ദേഹവും അനുയായികളും നിയമബാഹ്യമായ നടപടികളെടുക്കുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന പ്രസംഗമായിരുന്നു അത്. ‘മൂന്ന് ദിവസത്തിനുള്ളില്‍ റോഡുകള്‍ കാലിയായില്ലെങ്കില്‍ ഞങ്ങള്‍ പോലീസിനെ വകവെക്കില്ല’, ഈ പരസ്യമായ വെല്ലുവിളിയെ അവിടെ സന്നിഹിതരായിരുന്ന അധികാരികള്‍ നിയമവിരുദ്ധവും, ആക്രമണത്തിനു പ്രേരിപ്പിക്കുന്നതുമായി കാണേണ്ടിയിരുന്നു.
നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ, കപില്‍ മിശ്ര ഈ വെല്ലുവിളി നടത്തുമ്പോള്‍ തൊട്ടരികെ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെയോ ആ വാക്കുകള്‍ക്ക് ആര്‍ത്തുവിളിച്ച ആളുകള്‍ക്കെതിരെയോ നടപടി സ്വീകരിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഉണ്ടാകാന്‍ പോകുന്ന അക്രമത്തെ ചെറുത്ത്, ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ആദ്യത്തെ പ്രതിരോധ മാര്‍ഗമവലംബിക്കുന്നതില്‍ പോലും നിയമപാലകര്‍ വീഴ്ച്ചവരുത്തിയെന്നത് ഇതില്‍ നിന്നു വ്യക്തം.

പ്രസംഗത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്നും പെട്രോള്‍ ബോംബുകളും ഇരുമ്പ് ദണ്ഡുകളും ഗ്യാസ് സിലിണ്ടറുകളും കല്ലുകളും തോക്കുകളും വരെ കൈയ്യിലേന്തി ആള്‍ക്കൂട്ടങ്ങള്‍ വെളിയിലിറങ്ങി. മാരാകായുധങ്ങളുമായി പരസ്യമായി ആളുകള്‍ നടക്കുന്നത് കണ്ടിട്ടുപോലും ജില്ലാഭരണകൂടമോ പോലീസോ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.
സംഘടിത ആക്രമണം
ആക്രമണം വളരെ ആസൂത്രിതവും സംഘടിതവുമായിരുന്നു. ‘ജയ് ശ്രീറാം’, ‘ഹര്‍ ഹര്‍ മോദി’, ‘മോദിജി, കാട്ട് ദോ ഇന്‍ മുല്ലോം കോ’ (ഈ മുസ്‌ലിംകളെ തുണ്ടം തുണ്ടമാക്കൂ മോദിജീ), ‘ആജ് തുമ്‌ഹേ ആസാദി ദേംങ്കേ’ (ഇന്ന് തരാം നിങ്ങള്‍ക്ക് ആസാദി) തുടങ്ങിയ ആക്രോശങ്ങളുമായി നൂറു മുതല്‍ ആയിരം പേര്‍ വരെയടങ്ങുന്ന സംഘങ്ങള്‍ റോന്ത് ചുറ്റി നടന്ന് മുസ്‌ലിംകളുടെ വീടുകളും കടകളും വാഹനങ്ങളും പള്ളികളുമടക്കമുള്ള സ്വത്തുവഹകളെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു.
ഇരകളായവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് തങ്ങളുടെ പ്രദേശത്ത് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരെ തിരിച്ചറിയാന്‍ കഴിയുമെന്നും പുറംനാട്ടുകാരും പങ്കെടുത്തിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അവരില്‍ പലരും തങ്ങളുടെ സ്ഥലങ്ങളില്‍ ആക്രമണത്തിനു മുന്നോടിയായി വരികയും ഭീഷണി മുഴക്കുകയും ചെയ്തതായി ഓര്‍മിക്കുന്നുണ്ട്.
ആക്രമണകാരികള്‍ തന്ത്രപൂര്‍വം ജനവാസപ്രദേശങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. കലാപത്തില്‍ യാദൃശ്ചികതയുടെ സാഹചര്യമില്ലായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. മുമ്പ് പറഞ്ഞതു പോലെ തന്നെ, ആക്രമികള്‍ ലാത്തിയും, ഇരുമ്പ് ദണ്ഡുകളും, ടിയര്‍ ഗ്യാസ് – സിലിണ്ടറുകളും, തോക്കുകളും മറ്റും കൈയ്യില്‍ കരുതിയിരുന്നു.
ആക്രമണം മുസ്‌ലിം ജനസാമാന്യത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ചിലയിടങ്ങളില്‍, തിരിച്ചറിയല്‍ രേഖ കാണിക്കാനാവശ്യപ്പെട്ടു കൊണ്ട് ഇരകളുടെ മതത്തിന്റെയടിസ്ഥാനത്തില്‍ ആക്രമിക്കപ്പെടുകയുണ്ടായി.
ആസൂത്രിതമായ ആക്രമണത്തില്‍ നിന്നും തങ്ങളുടെ സമുദായത്തെയും കുടുംബാംഗങ്ങളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യുവാക്കള്‍ ആക്രമിസംഘത്തിനു നേരെ കല്ലേറ് നടത്തി. ഒരു സംഭവം ഒഴിച്ചു നിര്‍ത്തിയാല്‍, മുസ്‌ലിംകള്‍ കല്ലല്ലാതെ മറ്റൊരു ആയുധവും പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല.

സ്വത്തുവകകളുടെ നശീകരണം: നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയുടെ പലയിടങ്ങളിലും ആക്രമിക്കപ്പെട്ട മുസ്‌ലിം കടകളുടെ സമീപങ്ങളിലുള്ള ഹിന്ദുക്കളുടെ കടകള്‍ പോറലേല്‍ക്കാതെ നിലനിര്‍ത്തിയ കാഴ്ച്ച കാണാം. ചിലയിടങ്ങളില്‍, ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള, മുസ്‌ലിംകള്‍ വാടകക്ക് എടുത്തിരിക്കുന്ന സ്ഥാപനങ്ങളിലെ ഉപകരണങ്ങളെല്ലാം കൊള്ളയടിച്ച്, സ്ഥാപനത്തിനു പുറത്ത് കൊണ്ടുപോയി കത്തിച്ചാമ്പലാക്കിയിരിക്കുന്നു. പലയിടത്തും ഹിന്ദു ഉടമസ്ഥതയിലുള്ള കടകളും, എടിഎം കൗണ്ടറുകളും വരെ ആക്രമിക്കപ്പെടാതെ നിലനിര്‍ത്തിയതോടൊപ്പം മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ട്.
മതകീയ ചിഹ്നങ്ങളുടെ നശീകരണം: ആക്രമിക്കൂട്ടം പള്ളികളും മദ്രസകളുമടങ്ങുന്ന കെട്ടിടങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ കോപ്പികളും പ്രത്യേകമായി നശിപ്പിച്ചിരിക്കുന്നു. പോലീസുകാര്‍ ഒന്നുകില്‍ മൗനാനുവാദം നല്‍കുകയോ ആക്രമികളോടൊപ്പം ചേരുകയോ ആയിരുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട്. കുറ്റവാളികളെ തിരിച്ചറിയുന്നതിനായി സഹായകരമാകുമായിരുന്ന സിസിടിവി ക്യാമറകള്‍ പലയിടത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ അമുസ്‌ലിം ദേവാലയങ്ങള്‍ സുരക്ഷിതമായിരുന്നു, ചിലയിടത്ത് മുസ്‌ലിംകള്‍ ആ ദേവാലയങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്തിരുന്നു.
ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ വലിയവിഭാഗം മുസ്‌ലിംകളും തങ്ങളുടെ ഇടങ്ങളില്‍ നിന്നും മുസ്‌ലിം ശക്തികേന്ദ്രങ്ങളിലേക്ക് അഭയം തേടിപ്പോയിരുന്നു. ആക്രമികളുടെ പേരുകള്‍ നിരത്തി പരാതി കൊടുത്ത പലരും തങ്ങളുടെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ വേണ്ടി തിരികെപോകാന്‍ ഭയപ്പെട്ടിരുന്നു. കോവിഡ് 19 ലോക്ഡൗണിനു മുന്നോടിയായി റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയിരുന്ന മുസ്‌ലിം കുടുംബങ്ങളെ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ കുടിയൊഴിപ്പിച്ചു.
പോലീസിന്റെ പങ്ക്
ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതില്‍ സമ്പൂര്‍ണ പരാജയം: ആക്രമണം രൂക്ഷമായിട്ടും, പലവട്ടം വിളിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലയെന്ന് വസ്തുതാന്വേഷണ കമ്മിറ്റി മുമ്പാകെ വന്ന അനേകം സാക്ഷിമൊഴികള്‍ ആവര്‍ത്തിക്കുന്നു. പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാരോട് സഹായമഭ്യര്‍ഥിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ഓര്‍ഡര്‍ കിട്ടിയിട്ടില്ലയെന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിയതായും സാക്ഷിമൊഴികള്‍ ഉണ്ട്. ആക്രമം തടയുന്നതില്‍ പരാജയപ്പെട്ടത് ഒറ്റപ്പെട്ട സംഭവമോ അപൂര്‍വമോ അല്ല, മറിച്ച് ധാരാളം ദിവസങ്ങളായി അതേ സ്ഥിതി തന്നെയായിരുന്നുവെന്നാണ് സാക്ഷിമൊഴികള്‍ സൂചിപ്പിക്കുന്നത്. നിരോധനാഞ്ജകള്‍ പുറപ്പെടുവിക്കുന്നതില്‍ പോലീസ് പരാജയമായിരുന്നു, 1978 ലെ ഡെല്‍ഹി പോലീസ് ആക്ട് പ്രകാരം ആയുധം കയ്യിലേന്തുന്നതും കൂട്ടംകൂടുന്നതും നിരോധിക്കാനുള്ള ഓര്‍ഡറുകള്‍ പുറപ്പെടുവിക്കാമായിരുന്നു. ഡല്‍ഹി പോലീസ് നിയമം സെഷന്‍ 33 പ്രകാരം കലാപം തടയുന്നതിനും ‘സമാധാനാന്തരീക്ഷം തകര്‍ക്കലി’നും എതിരെ പ്രത്യേക നിയമങ്ങളുണ്ട്. നിരോധനാജ്ഞകള്‍ ഒന്നുകില്‍ ഏര്‍പ്പെടുത്തിയില്ല അല്ലെങ്കില്‍ പൊതുഉത്തരവുകളൊന്നും കൂടാതെ നാമമാത്രമായി പ്രഖ്യാപിച്ചിരിക്കാം. നിയമവിരുദ്ധമായ കൂട്ടംകൂടലുകള്‍ തടയാനോ, അക്രമത്തിനു പ്രേരിപ്പിച്ചയാളുകളെ അറസ്റ്റുുചെയ്യാനോ കസ്റ്റഡിയില്‍ വെക്കാനോ പോലീസ് അധികാരപ്രയോഗം നടത്തിയിട്ടുമില്ല.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിഷേധിക്കല്‍, നീട്ടിവെക്കല്‍: എഫ്‌ഐആറുകള്‍ ചുമത്തുന്നതില്‍ കാലതാമസം നേരിട്ടു, അല്ലെങ്കില്‍ ചുമത്തിയില്ലയെന്ന് ഒട്ടേറെ ഇരകളുടെ മൊഴി. കൂടാതെ, വളരെ ഗൗരവമേറിയ കേസായിട്ടു പോലും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ പോലീസ് നടപടിയെടുത്തില്ല. ഇത് ഒരേസമയം ക്രിമിനല്‍ നിയമത്തിലെ സെഷന്‍ 154 നും സുപ്രീകോടതിയുടെ ജുഡീഷ്യല്‍ ഉത്തരവുകളുടെയും ലംഘനമാണ്. ആ ഉത്തരവ് പ്രകാരം ഗ്രാഹ്യമായ ഏതൊരു കുറ്റവും, അത് ആരോപിച്ചയാളുടെ വിശ്വാസ്യതയോ വിവരത്തിന്റെ ഉറവിടമോ പരിഗണിക്കാതെ തന്നെ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. എഫ്‌ഐആറുകള്‍ ചുമത്തുന്നതില്‍ സംഭവിക്കുന്ന വീഴ്ച്ച കുറ്റകൃത്യത്തിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കും.
ഡെല്‍ഹി പോലീസ് ഹെല്‍പ് ഡെസ്‌ക്: മുസ്തഫാബാദിലെ ഈദ്ഗാഹ് പരിസരത്ത് പോലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായെത്താന്‍ കഴിയാത്തവര്‍ക്കായി ഡല്‍ഹി പോലീസ് ഹെല്‍പ് ഡെസ്‌ക് തുറന്നിരുന്നു. മാര്‍ച്ച് 12 മുതല്‍ ഹെല്‍പ് ഡെസ്‌ക് പരാതികള്‍ സ്വീകരിച്ചു. കൊലപാതകം, കൊള്ള, തീവെപ്പ് തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങള്‍ ചെയ്ത പ്രതികളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടുപോലും, പ്രതികള്‍ unknown ആയാണ് രേഖപ്പെടുത്തിയത്. പരാതികള്‍ പോസ്റ്റ് മുഖേനയോ മറ്റോ കിട്ടിയാലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരണം ഒന്നും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.
കുറ്റത്തില്‍ പങ്കുചേര്‍ന്ന് പോലീസ്: പോലീസ് ആക്രമികളുടെ കൂടെചേരുകയും അവര്‍ക്ക് സഹായമൊരുക്കുകയുമാണ് ചെയ്തത്. ചില പോലീസുകാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെ ആക്രമണം തടയാനുള്ള ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചതായി ഇരയായവര്‍ മൊഴി നല്‍കി. ചിലയിടങ്ങളില്‍ പോലീസ് വെറും കാണികളായിരുന്നു. ആക്രമണം കഴിഞ്ഞു മടങ്ങുന്ന ആക്രമണസംഘത്തിനു പ്രദേശത്തിനിന്നും സുരക്ഷിതമായി വെളിയില്‍ കടക്കാന്‍ പോലീസും പാരാമിലിട്ടറിയും ചേര്‍ന്ന് കാവലൊരുക്കിയ സംഭവവുമുണ്ടായി.

മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിന് പോലീസുദ്യോഗസ്ഥര്‍ പ്രോത്സാഹിപ്പിക്കുകയും മുന്നില്‍ നിന്നു നയിക്കുകയും ചെയ്തതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി നിവാസികളില്‍ നിന്ന് അസംഖ്യം പരാതികള്‍ ലഭിച്ചു.
പോലീസ് നേരിട്ട് തന്നെ ദേഹോപദ്രവമേല്‍പ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പലരും ആരോപിക്കുന്നു. അഞ്ചു മുസ്‌ലിം യുവാക്കളെ ഒരു സംഘം പോലീസുകാര്‍ ചുറ്റുംകൂടി ‘ജനഗണമന’ പാടാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന സംഭവമുണ്ടായി. അതിലൊരു യുവാവ് സംഭവത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രതികളിലാരുടെയും പേരുവിവരങ്ങളുണ്ടായിരുന്നില്ല.
ഇരകളായവര്‍ക്കെതിരെ കേസ്: ഇരയാക്കപ്പെട്ടവര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്തു. പ്രത്യേകിച്ച്, പ്രതികളുടെ വിവരങ്ങളുമായി പരാതി നല്‍കാനെത്തിയവരെ.
ചില പരാതിക്കാരോട് പോലീസ് കുറ്റക്കാരുമായി രഞ്ജിപ്പുണ്ടാക്കാന്‍ നിര്‍ബന്ധിച്ചു. അന്വേഷണങ്ങള്‍ക്കായി പോലീസ് ഇരകളെ നെയിം ടാഗുകള്‍ ധരിക്കാതെ നിരന്തരം സന്ദര്‍ശിച്ചു. ഇത് ക്രിമിനല്‍ നിയമനടപടികളുടെ ലംഘനം മാത്രമല്ല, കലാപാനന്തര ഭയാന്തരീക്ഷത്തെ രൂക്ഷമാക്കുക കൂടിയാണ് ചെയ്തത്.
പരാതിക്കാരായ മുസ്‌ലിംകള്‍ കള്ളക്കേസില്‍ ചേര്‍ക്കപ്പെടുന്നത് ഭയന്ന് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കാന്‍ വിമുഖത കാണിച്ചു. ആക്രമണത്തിലുള്ള പോലീസിന്റെ പങ്കിനു സാക്ഷികളായവര്‍ പ്രത്യേകിച്ചും.
പ്രതികളുടെ പേരുവിവരങ്ങളുള്ള പരാതികളിന്‍മേല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന നടപടി പോലീസിന്റെ വിശ്വാസ്യതയെ സംശയാസ്പദമാക്കുന്നു. വേണ്ടത്ര അന്വേഷണമൊന്നും നടത്താതെ ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ച പോലീസിന്റെ നിഷ്പക്ഷതയും വസ്തുനിഷ്ഠതയും ചോദ്യംചെയ്യപ്പെടുന്നു.
വസ്തുതാന്വേഷണ കമ്മിറ്റി കണ്ടെത്തിയതായ പല വസ്തുതകളും നിര്‍ണായക വിവരങ്ങളും ചാര്‍ജ്ഷീറ്റില്‍ കാണുന്നില്ല. ഫെബ്രുവരി മൂന്നാംവാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു പ്രതിഷേധമായി പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകരാണ് കലാപം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന നിഗമനമാണ് പോലീസിന്റെ റിപ്പോര്‍ട്ടുകളില്‍. ജനുവരി പതിമൂന്നിനാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതെന്നിരിക്കെ, പോലീസ് ആരോപിക്കുന്നത് ജനുവരി എട്ടിന് കലാപത്തിന്റെ ഗൂഢാലോചന നടന്നുവെന്നാണ്. പൗരത്വ സമരക്കാര്‍ക്കെതിരെ ആക്രമണത്തിനാഹ്വാനം ചെയ്യുന്ന മറ്റെല്ലാ പ്രസംഗങ്ങളും അവഗണിച്ചാലും കപില്‍ മിശ്രയുടെ പ്രസംഗം നടന്നത് ഫെബ്രുവരി 23നാണ്.
ഹൈക്കോടതിയില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും പേരുവിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. അത് സിആര്‍പിസി സെഷന്‍ 41 സി ക്ക് കടകവിരുദ്ധമാണ്.
നഷ്ടപരിഹാരം
മുറിവേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ഒഴികെയുള്ള കേസുകളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ ഗവണ്‍മെന്റ് കാലതാമസം വരുത്തുകയോ നാശനഷ്ടങ്ങള്‍ക്കാനുപാതികമല്ലാത്ത നഷ്ടപരിഹാരം നല്‍കുകയോ ആണ് ചെയ്തത്.
ആക്രമണം നടന്ന് നാലു മാസങ്ങള്‍ക്കു ശേഷവും നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. കണക്കെടുപ്പ് കഴിഞ്ഞ കേസുകളില്‍ ഇടക്കാല നഷ്ടപരിഹാരം നല്‍കിയിട്ടുമില്ല.
നിയമപാലനത്തില്‍ വന്ന വീഴ്ച്ച നിമിത്തം ജീവന്‍ നഷ്ടമായ സാധാരണ ജനങ്ങള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും നല്‍കിയ നഷ്ടപരിഹാരത്തുക തമ്മില്‍ ഗൗരവകരമായ പൊരുത്തക്കേടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരുടെ മരണത്തിനു നല്‍കിയ നഷ്ടപരിഹാരത്തുക താരതമ്യേന വലുതാണ്, അതിന് നിയമസാധുതയില്ല.
സ്ത്രീകള്‍ക്കുണ്ടായ ആഘാതങ്ങള്‍

മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെടുകയും, അവരുടെ ഹിജാബും ബുര്‍ഖയും വലിച്ചുമാറ്റുകയും ചെയ്തു.
ഡല്‍ഹിയിലെ പൗരത്വസമരങ്ങളില്‍ മുസ്‌ലിം സ്ത്രീകളുടെ പൊതുവിടത്തിലെ സാന്നിധ്യം വളരെ ശക്തമായിരുന്നു. ചാന്ദ് ബാഗിലെ സ്ത്രീകളുടെ സമരവേദി പോലീസുകാരാലും ആക്രമിക്കൂട്ടത്താലും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമിക്കൂട്ടത്തില്‍ നിന്നും സ്ത്രീകള്‍ ആസിഡ് പ്രയോഗം നേരിട്ടതായും അനുഭവങ്ങളുണ്ട്.
ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയ സമരക്കാര്‍ക്കു നേരെ, ആസാദിയെന്നാക്രോശിച്ചുകൊണ്ട് പോലീസുകാര്‍ ലൈംഗികോപദ്രവമേല്‍പ്പിച്ചു. ഒരു പോലീസുകാരന്‍ സമരക്കാരികളുടെ നേര്‍ക്ക് നഗ്നതാ പ്രദര്‍ശനവും നടത്തി. വാക്കാലുള്ള അധിക്ഷേപങ്ങളും അങ്ങേയറ്റം അശ്ലീലവും വര്‍ഗീയവുമായിരുന്നു. അധിക്ഷേപങ്ങളില്‍ തങ്ങളും കുട്ടികളും കുടുംബക്കാരുമനുഭവിച്ച മാനസിക ആഘാതത്തെക്കുറിച്ച് സ്ത്രീകള്‍ പറയുന്നു. പോലീസ് സഹായത്തിനെത്തിയില്ലയെന്നു മാത്രമല്ല, ആക്രമണത്തില്‍ പങ്കുചേര്‍ന്നതായും നിരവധി മൊഴികളില്‍നിന്നും വ്യക്തമാണ്.
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ ഭയങ്കരമായിരുന്നു. വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത സമയം അവര്‍ക്ക് സ്വരക്ഷക്കായി ടെറസുകളിലും മറ്റും വിശപ്പും ദാഹവും സഹിച്ച് മണിക്കൂറുകളോളം കുഞ്ഞുങ്ങളോടൊപ്പം ഒളിച്ചുകഴിയേണ്ടി വന്നു. ലൈഗികാതിക്രമ ഭീഷണി നേരിട്ടതായും ഒട്ടേറെ സ്ത്രീകള്‍ പറയുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കാനായി വീടിനുള്ളില്‍ അടച്ചുപൂട്ടിയിരുന്ന സ്ത്രീകളുടെ നേര്‍ക്ക് കണ്ണിര്‍ വാതകങ്ങള്‍ അകത്തേക്ക് എറിയുകയും അവര്‍ക്ക് ഗുരുതരമായ കണ്ണുവേദന, എരിച്ചില്‍, മനംപിരട്ടല്‍ എന്നിവ ഏല്‍ക്കുകയും ചെയ്തു.
വിവ: റമീസുദ്ദീന്‍ വി എം