ഈജിപ്തിൽ ‘മുബാറക് ഘട്ടം’ തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ ‘ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ’ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു. മുബാറകിൻ്റെ ഭരണഘട്ടത്തേക്കാളും വോട്ടിംഗ് ശതമാനം ഇടിഞ്ഞെങ്കിലും ഈജിപ്ഷ്യൻ മാധ്യമങ്ങൾ ‘സീസി മാനിയ’ യിൽ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. ഭയം നിലനിർത്തുക എന്ന സ്വേച്ഛാധിപതികളുടെ രീതി സ്വാഭാവികമാക്കപ്പെടുന്നതിൻ്റെ നേർക്കാഴ്ചയാണ് ഈജിപ്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
2014 – 2015ലെ പ്രസിഡൻഷ്യൽ, പാർലിമെൻ്റ് തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാനായി ആ ദിനങ്ങളിൽ ദേശീയ അവധി പ്രഖ്യാപികുകയും പോളിംഗ് കേന്ദ്രങ്ങൾ പതിവിലധികം ദിവസങ്ങളിൽ തുടന്നിടുകയും ചെയ്തിരുന്നു. സീസിയുടെ ഏകാധിപത്യക്രമത്തോടുള്ള നിശബ്ദ പ്രതിഷേധമെന്ന നിലയിൽ ഈജിപ്ഷ്യൻ ജനത വിട്ടുനിന്നതിൻ്റെ ഭരണകൂടപ്രതികരണമായിരുന്നു അത്. എന്നാൽ 2011 – 2012 ആധുനിക ഈജിപ്ത് രൂപീകൃതമായതിനു ശേഷം നടന്ന വമ്പിച്ച പോളിംഗ് ശതമാനത്തിന്നു സാക്ഷ്യം വഹിച്ച വർഷങ്ങളായിരുന്നു.
പട്ടാള അട്ടിമറിക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സീസിക്കു മൃഗീയഭൂരിപക്ഷം ലഭിക്കുന്ന രാഷ്ട്രീയ പ്രതിഭാസം മുബാറക് കാലഘട്ടത്തെ ഓർമിപ്പിക്കുന്നു. 2017 ലെ വിവാദ നിയമത്തിലൂടെ ജഡ്ജിമാരെ നിയമിക്കാനുള്ള അവകാശവും സീസീ കൈവശപ്പെടുത്തിയിരുന്നു. അതിനു ശേഷം ചില മുതിർന്ന ന്യായാധിപന്മാരെ മാറ്റുകയും നിർബന്ധപൂർവം ഒഴിവാക്കുകയും ചെയ്തിരുന്നു.
തമറുദും അട്ടിമറിയും
മുൻകാല ഭരണകൂടങ്ങളിലെല്ലാം ഈജിപ്ഷ്യൻ ഭരണക്രമത്തിൽ സ്വാധീനം ചെലുത്തിയിരുന്ന ചെറുതും വലുതുമായ രാഷ്ട്രീയ നേതാക്കൾ, പൊതു മേഖലാ തസ്തികകളിൽ അധികാരം കയ്യാളിയിരുന്ന ഉദ്യോഗസ്ഥ വൃന്ദം എന്നിവരുടെ നേതൃത്വത്തിലുള്ള ‘തമറുദ്’ (Rebel) രാഷ്ട്രീയ സഖ്യം മൂർസി ഭരണകൂടത്തിനെതിരെയുള്ള ‘ജൂൺ മുപ്പതി ‘ലെ പ്രതിഷേധങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങൾക്കു ചുവടുപിടിച്ചുകൊണ്ടു മുസ്ലിം ബ്രദർഹുഡിനെ തീവ്രവാദ പ്രസ്ഥാനമെന്നു ലേബൽ ചെയ്യുന്ന മാധ്യമ കാമ്പയിനും അവർ ആരംഭിച്ചിരുന്നുവെന്നു എന്നു നീൽ കീച്ലി (Egypt in a Time of Revolution Contentious Politics and the Arab Spring, 2017) എഴുതുന്നുണ്ട്. തമറുദ് ആരംഭിച്ച പെറ്റീഷൻ കാമ്പയിൻ മുർസീ- മുസ്ലിം ബ്രദർഹുഡിനെതിരെയുള്ളവരെ ഏകോപിപ്പിച്ചിരുന്നു. മുബാറകിനെതിരെ ഉയര്‍ന്നുവന്ന ജനുവരി 25 ലെ പ്രതിഷേധം പോലെ തമറുദിൻ്റെ ഈ പരിശ്രമങ്ങളും മനസ്സിലാക്കപ്പെട്ടിരുന്നു. മുർസിക്കെതിരെയുള്ള ഈ പ്രക്ഷോഭങ്ങൾ ‘രണ്ടാംഘട്ട വിപ്ലവശ്രമങ്ങൾ ‘ എന്നു പോലും വിളിക്കപ്പെട്ടു. എന്നാൽ ഒരു വർഷം മാത്രം നീണ്ടു നിന്ന മുർസിയുടെ ഭരണകൂടത്തെ അധികാരത്തിൽ നിന്നും നീക്കം ചെയ്യപ്പെടുന്നതുവരെ മാത്രമേ തമറുദിനെ വിശ്വസിച്ചു പിന്തുണച്ചവർക്കു രാഷ്ട്രീയ പങ്കാളിത്തമുണ്ടായിരുന്നുള്ളൂ. തമറുദ് നേതൃത്വത്തിൻ്റെ മിലിട്ടറി, ഇൻ്റലിജൻസ് തുടങ്ങി അധികാര കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങളെ നീൽ കിച്ലി അവലോകനം ചെയ്യുന്നുണ്ട്. മിലിട്ടറി തമറുദിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ഉപയോഗിച്ച രീതികളെയും നീൽ കിച്ലി വിശദീകരിക്കുന്നുണ്ട്.
മുഹമ്മദ് മുര്‍സി അബ്ദുല്‍ ഫതാഹ് സീസി ഹുസ്നി മുബാറക്ക്
ഈ രാഷ്ട്രീയസാഹചര്യം നിലനിന്നതിനാൽ 2013 ജൂലൈ മൂന്നിലെ മിലിട്ടറി അട്ടിമറിക്കു ശേഷം ഒരു രാഷ്ട്രീയ ശക്തി എന്ന നിലയിൽ തമറുദ് തിരസ്ക്കരിക്കപ്പെട്ടു. അട്ടിമറിക്കു ശേഷം നടന്ന അടിച്ചമർത്തലുകളിൽ മുസ്ലിം ബ്രദർഹുഡിനെ മാത്രമല്ല സീസി നേരിട്ടത്. അത്യുൽസാഹികളായ തമറുദിൻ്റെ യുവനിരയും ജയിലsക്കപ്പെട്ടുവെന്നു ഡോ. അലൈൻ ഗാബോൺ ‘മിഡിൽഈസ്റ്റ്ഐ’യിൽ എഴുതുന്നു.
സീസിയുടെ അക്രമവാഴ്ച
2013 ആഗസ്റ്റ് 14 -ൽ റാബിഅ സ്ക്വയറിൽ പ്രതിഷേധകർക്കെതിരെ നടന്ന നരഹത്യ ആധുനിക ഈജിപ്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു. ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ നിയമം പോലും കൊണ്ടുവന്ന സീസി പതിനായിരക്കണക്കിനു സ്വാതന്ത്ര്യമോഹികളെ ജയിലുകളിലടച്ചിരിക്കുകയാണ്. മുൻ സൈനിക കോൺട്രാക്ടറും വ്യവസായി മുഹമ്മദ് അലിയും തമ്മിലുള്ള അഴിമതിയിടപാടുകൾ പുറം ലോകമറിഞ്ഞതിനെത്തുടർന്നു നടന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്തുകയും നാലായിരത്തിലധികമാളുകളെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ പോലീസ് നടപടിക്കെതിരെ യു എൻ വിമർശനം ഉണ്ടായെങ്കിലും സീസി അവഗണിക്കുകയാണ് ചെയ്തത്.
രാഷ്ട്രീയ എതിരാളികളുടെ മാധ്യമങ്ങൾ നിർത്തലാക്കുക, രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുക, പ്രതിഷേധകർക്കെതിരെ ഏറ്റവും ഹീനമായ ആക്രമണരീതി സ്വീകരിക്കുക, വിമത രാഷ്ട്രീയ നേതാക്കളെയും അനുയായികളെയും അറസ്റ്റുചെയ്യുക എന്നിവയെല്ലാം യാതൊരു വിഘ്നവും കൂടാതെ ഈജ്പ്ഷ്യൻ ഏകാധിപതി തുടരുന്നുണ്ട്.
ഈജിപ്ഷ്യൻ എംപി ബദവീ അബ്ദുൽ ലതീഫിനെപ്പോലുള്ള സീസി മാനിയ ബാധിച്ച രാഷ്ട്രീയ പ്രമുഖർ സീസിയെ മരണംവരെ ഭരണാധികാരിയായി തുടരണമെന്നാണ് ആവശ്യപ്പെടുന്നത്. അബ്ദുൽ ഫത്താഹ് സീസിയുടെ വിശ്വസ്തരാൽ നിറഞ്ഞ പാർലിമെൻ്റ്, ഈജിപ്ഷ്യൻ ഏകാധിപതിക്കു നിരുപാധികപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. 2030 ൽ വരെ ഭരണത്തിലിരിക്കാന്‍ പാകത്തിൽ ഈജിപ്ഷ്യൻ ഭരണഘടനാ ഭേദഗതി വരുത്തുമെന്നു 2019 ൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഭരണഘടനാഭേദഗതിക്കു വ്യക്തമായ കാരണങ്ങളൊന്നും സീസി നൽകിയിരുന്നില്ല.
ഈ ഭേദഗതിക്കായി രാജ്യത്തെ 89 % പേരും ഹിതപരിശോധനയിൽ പിന്തുണ നൽകിയെന്നും ഭരണകൂടം അവകാശമുന്നയിച്ചിരുന്നു. ഈ ഭേദഗതി, കോടതി വ്യവഹാരങ്ങൾക്കുമേൽ സീസിക്കു അമിതാധികാരങ്ങൾ പ്രദാനം ചെയ്തു. ഭരണഘടനാഭേദഗതിക്കു വ്യക്തമായ കാരണങ്ങളൊന്നും സീസി നൽകിയിരുന്നില്ല.
ദേശീയ സുരക്ഷചൂണ്ടിക്കാണിച്ചു പുതിയ ഭരണഘടന, ഭീകരവിരുദ്ധ നിയമം, പ്രസ് നിയമം എന്നിവയെല്ലാം ഉപയോഗിച്ചു പത്രപ്രവർത്തനത്തിനു കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു. 2030 വരെ അധികാരം നീട്ടിയെടുത്ത നിയമത്തെ വിമർശിച്ച ആയിരക്കണക്കിനു ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭരണകൂടം നിർവീര്യമാക്കിയിരുന്നു.
വിദേശ മാധ്യമഏജൻസികളെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. കെയ്റോയിൽ സ്ഥിതി ചെയ്യുന്ന തുർക്കിയുടെ അനദോലു ഏജൻസിയുടെ കാര്യാലയം ഒരു മുന്നറിയിപ്പുമില്ലാതെ റെയ്ഡ് ചെയ്യുകയും ജീവനക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
കോവിഡ്- 19 വിഷയത്തിൽ ഭരണകൂടവിമർശനമുയർത്തുന്ന എല്ലാ റിപ്പോർട്ടുകള്‍ക്കും സെന്‍സര്‍ഷിപ് ഏർപ്പെടുത്തി. കോവിഡ് മഹാമാരിമൂലം രൂപപ്പെട്ട സാമൂഹിക സാഹചര്യത്തെ സ്വേഛാധിപത്യ നയങ്ങൾ വിശാലമായി നടപ്പിലാക്കാൻ അവസരമായി സീസി ഉപയോഗിക്കുകയാണ് ചെയ്തത്. ഭരണകൂടത്തിൻ്റെ അനാസ്ഥമൂലം രാജ്യത്ത് ഭീതിയിലാഴ്ത്തുന്ന കോവിഡ് പ്രതിസന്ധിയെ വിമർശിച്ച പത്രപ്രവർത്തകൻ മുഹമ്മദ് മുനീറിനെ അറസ്റ്റു ചെയ്യുകയുണ്ടായി. ലിബിയ, എത്യോപ്യൻ പ്രശ്നങ്ങൾ പോലെ ഈജിപ്തിൻ്റെ വൈദേശിക നയങ്ങളെ വിമർശിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയാണ് സീസി സ്വീകരിക്കുന്നത്.
ഭയപ്പെടുത്തി ഭരിക്കല്‍, തകരുന്ന സാമ്പത്തിക മേഖല
ജനാധിപത്യാവകാശങ്ങൾ, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ മനുഷ്യാവകാശ സംഘടനകളെയും എൻജിഓകളെയും സീസി ലക്ഷ്യം വെക്കുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും സീസി ഭീഷണിപ്പെടുത്തി ഭയപ്പെടുത്തുന്നുണ്ട്. അറുപതിനായിരത്തിലധികം നിരപരാധികളാണ് രാഷ്ട്രീയ തടവുകാർ എന്നപേരിൽ ഈജിപ്ഷ്യൻ ജയിലുകളിൽ പീഢനങ്ങളനുഭവിച്ചു കഴിയുന്നത്. കൂട്ടവിചാരണ നടത്തി വധശിക്ഷക്കു വിധിക്കൽ സർവസാധാരണയായി മാറിയിരിക്കുന്നു. ഇവർ അനുഭവിക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ അന്താരാഷ്ടതലത്തിൽ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ഗൗരവമേറിയ വസ്തുതയാണ്. മിഡിൽ ഈസ്റ്റ് ഐ ചീഫ് എഡിറ്റർ ഡേവിഡ് ഹേസ്റ്റ് പറഞ്ഞതുപോലെ “ഈജിപ്തിലെ പ്രതിപക്ഷ പാർട്ടികൾ അസംഘടിതരാണെങ്കിലും സീസിയുടെ മർദ്ധക നയനിലപാടുകൾ അവരെ ഒരുമിപ്പിക്കാനുള്ള പശ്ചാത്തലമൊരുക്കുന്നുണ്ട്”.

പട്ടാള അട്ടിമറിക്കു ശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഈജിപ്ഷ്യൻ സ്വേഛാധിപതി അബ്ദുൽ ഫത്താഹ് സീസിയുടെ അധികാരത്തിനെതിരെ ശക്തമായ പ്രതിഷേധം പോലും നടത്താൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്. പ്രതിഷേധവിരുദ്ധ നിയമം ഭയന്നു ലോകത്താകമാനം നടക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ ‘ പ്രതിഷേധപ്രകടനം പോലും നടത്താൻ രാജ്യനിവാസികൾ മടിക്കുന്നു.ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടു അമേരിക്കയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്തിയ പോലീസ് നടപടിയെ അനുമോദിച്ച സീസി അനുകൂല മാധ്യമങ്ങൾ, സാമൂഹിക സുരക്ഷയുടെ പേരിൽ ഈജിപ്തിലും അതാവാം എന്നു വാദിക്കുന്നുവെന്നു ദോഹ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ മുഹമ്മദ് അൽ-മിസ്രി പറയുന്നു.
സാമ്പത്തികനില കൂടുതൽ പരുങ്ങലിലായിരിക്കുന്നു.പട്ടാള അട്ടിമറിയോടെ അധികരിച്ച അടിസ്ഥാന ഘടകങ്ങളുടെ വിലപ്പെരുപ്പം അസഹനീയമായതും സീസിക്കു നിയന്ത്രിക്കാനായിട്ടില്ല.
ഈജിപ്തിൽ മുപ്പത് ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്കു താഴെയാണ്. രൂക്ഷമായ തൊഴിലില്ലായ്മയും ജനപ്പെരുപ്പവും രാഷ്ട്രത്തിൻ്റെ സാമൂഹിക- സാമ്പത്തിക ഘടനയിൽ കൂടുതൽ ക്ഷതമേൽപ്പിൽച്ചിരിക്കുകയാണ്.
ഐ എംഎഫ്, ചൈന, ലോകബാങ്ക്, ഗൾഫ് രാഷ്ട്രങ്ങൾ എന്നിവരിൽ നിന്നെല്ലാം വാങ്ങിക്കൂട്ടുന്ന ഭീമമായ കടങ്ങൾ രാജ്യത്തെ കൂടുതൽ ക്ഷതമേൽപ്പിക്കുമെന്നതിൽ സംശയമില്ല. യു എ ഇ, സൗദി അറേബ്യ നിന്നുള്ള സാമ്പത്തിക സഹായം വിദൂര ഭാവിയിലും ഈ ഗൾഫു രാഷ്ട്രങ്ങളുടെ പ്രാദേശിക രാഷ്ട്രീയ താത്പര്യങ്ങൾക്കു വിധേയമാകേണ്ടിവരുമെന്നത് തീർച്ചയാണ്. ലിബിയൻ വിഷയത്തിൽ പ്രധാന പ്രാദേശിക ശക്തിയായ തുർക്കിയുടെ സാന്നിദ്ധ്യത്തെ എതിർക്കുന്ന സൗദി അറേബ്യ, യു എ ഇയെയും പിന്തുണക്കേണ്ട നിസ്സഹായവസ്ഥയും സീസിക്കു വന്നു ചേർന്നിട്ടുണ്ട്.
കെയ്റോക്കു പുറത്തു പുതിയ തലസ്ഥാനനഗരി കെട്ടിപ്പെടുക്കാനുള്ള സീസിയുടെ ശ്രമം പോലും ഈജിപ്ഷ്യൻ ജനതയിൽ നിന്നും അകലം പാലിക്കാനുള്ള നീക്കമായാണ് പശ്ചിമേഷ്യൻ നിരൂപകന്‍ ഫ്രാൻസിസ്കോ സെറാനോയെ പോലുള്ളവർ വിലയിരുത്തുന്നത്. സൂയസ് കനാൽ വികസിപ്പിക്കൽ, പുതിയ ആണവ നിലയം സ്ഥാപിക്കൽ തുടങ്ങി വൻ നിർമാണ പദ്ധതികളിലൂടെ രാജ്യത്തെ സാമ്പത്തികനില ഭദ്രമാക്കാൻ സാധിക്കുമെന്ന വാഗ്ദാനമാണ് സീസി നൽകിയിരിക്കുന്നത്.എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം യഥാർഥ്യബോധ്യമില്ലാത്തതാണെന്നാണ് സീസി ഭരണത്തെ നിരൂപണം ചെയ്യുന്ന ലൂക മീഹെയും സ്റ്റെഫാൻ റോളും ചൂണ്ടിക്കാട്ടുന്നത്. വികസനത്തിനാവശ്യമായ സാമ്പത്തിക സ്രോതസ്സിൻ്റെ അപര്യാപ്തയും ഭരണരംഗങ്ങളിൽ സൈന്യത്തിൻ്റെ അതിരുകടന്ന ഇടപെടലുകളും പ്രധാന പ്രതിസന്ധികളാണ്. കൂടാതെ 2014-2018 കാലയളവിൽ രാജ്യത്തിൻ്റെ സാമ്പത്തിക സാഹചര്യത്തെ മുഖവിലക്കെടുക്കാതെ
ആയുധം വാങ്ങിക്കൂട്ടിയതും സാമ്പത്തികഘടനയെ തളർത്തിയിട്ടുണ്ട്.
വിപ്ലവത്തിന്റെ ഘട്ടം
മുസ്ലിംബ്രദർഹുഡിനോടുള്ള അഭിപ്രായവ്യത്യാസവും സങ്കീർണ പശ്ചാത്തലത്തിൽ ഒരു വർഷം മാത്രം ഭരണപരിചയമുള്ള മൂർസി ഗവർമെൻറിൻ്റെ ചില നയങ്ങളും കൂടാതെ വിപ്ലവശേഷം ജനങ്ങള്‍ക്കുണ്ടായ അമിത പ്രതീക്ഷയും മൂർസിവിരുദ്ധ പ്രക്ഷോഭങ്ങൾക്കു കാരണമായിട്ടുണ്ട്. എന്നാൽ മുഹമ്മദ് മൂർസിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നപ്പോൾ സന്തോഷിച്ചവരും ഐകൃദാർഢ്യം പ്രകടിപ്പിച്ചവരും സീസിയുടെ ഏകാധിപത്യത്തിൻ്റെ കാര്യത്തിൽ നിശബ്ദരാണ്. ഈജിപ്തിൻ്റെ അധികാരം അബ്ദുൽ ഫത്താഹ് സീസിയെപ്പോലുള്ള ഏകാധിപതികളുടെ കൈകളിൽ തുടരുകയാണെങ്കിൽ രാഷ്ട്ര തകർച്ചയായിരുക്കും ഫലം. മുൻകാല ചരിത്രങ്ങൾ തന്നെ അതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. ഏകാധിപത്യത്തിനെതിരെ മറ്റൊരു വിപ്ലവം സംഭവിക്കേണ്ടത് അനിവാര്യമാണെന്നു മുഹമ്മദ് അൽ- മിസ്രി അഭിപ്രായപ്പെടുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി, മുസ്ലിം ബ്രദർഹുഡിൻ്റെ എല്ലാ പ്രധാനനേതാക്കളും ജയിലിലടക്കപ്പെട്ടു കഴിഞ്ഞു. രണ്ടാം നിര നേതാക്കൾ ഭരണകൂട ഭീഷണി നേരിടുന്നു. വിമത ശബ്ദമുയർത്തുന്നവർക്കെതിരെ ക്രൂരമായ നടപടികൾ സ്വീകരിച്ചു വരുകയും ശക്തമായ നിയമ നടപടികൾ കൈകൊള്ളുകയും ചെയ്യുന്നു. ഈ ഗൗരവമാർന്ന സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു വിപ്ലവത്തിൻ്റെ സാധ്യത കുറവാണെങ്കിലും പതിറ്റാണ്ടുകൾ നീണ്ടു നിന്ന മർദ്ധക ഭരണക്രമത്തെ പിടിച്ചുലയ്ക്കാൻ ഈജിപ്ഷ്യൻ ജനതക്കു സാധിച്ചിട്ടുണ്ട് എന്നതിനാൽ പ്രതീക്ഷ കൈവിടേണ്ടതില്ല.
സാമ്പത്തിക അസന്തുലിതാവസ്ഥ, അഴിമതി, സാമൂഹിക അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നു തുടങ്ങി ഹുസ്നി മുബാറകിൻ്റെ സ്ഥാനചലനത്തിലേക്കു നയിച്ച എല്ലാ കാരണങ്ങളും രൂക്ഷമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ലൂക മീഹെയും സ്റ്റെഫാൻ പോളും സൂചിപ്പിച്ചപോലെ അക്രമനയവും വികസനമില്ലായ്മയും ഏതൊരു ഭരണക്രമത്തിൻ്റെയും തകർച്ചക്കു കാരണമാകും. സൈനിക ശക്തിയും മർദ്ധനമുറകളുമുപയോഗിച്ചു ജനതയുടെ പ്രതിഷേധങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കുന്നതിൽ ഈജിപ്ഷ്യൻ ഏകാധിപതി വിജയിക്കുമെങ്കിലും അവ മറ്റൊരു വിപ്ലവത്തിനു ജന്മം നൽകാൻ കാരണമാകുമെന്നതിൽ സംശയമില്ല.