കസ്റ്റഡി കൊലകളും ജാതിവെറിയും

ജൂൺ മാസം അവസാനിക്കും മുമ്പേ തമിഴ്നാട് മൂന്ന് കസ്റ്റഡി മരണങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. തഞ്ചാവൂർ സ്വദേശി മണി, തൂത്തുകുടി ജില്ലയിലെ സാത്താൻകുളം സ്വദേശികളായ ബെനിക്സ്, ജയരാജ്. ഈ മൂന്ന് മരണങ്ങളും പോലീസ് രാജിൻറെ രക്തസാക്ഷികളാണെങ്കിലും മണി എന്നയാളുടെ മരണത്തിൽ ജാതിവെറിയും സവർണ കൊളോണിയൽ ജാതിവേട്ടയും പ്രകടമായി കാണാം.

കുറാവർ എന്ന പട്ടികജാതി വിഭാഗക്കാരനായിരുന്ന മണിയെ ജൂൺ 9-ന്ന് ഒരു മോഷണകേസിന്റെ അന്വേഷണത്തിനെന്ന പേരിൽ പോലീസ് പിടിച്ച് കൊണ്ട് പോയി. അടുത്ത ദിവസം സ്വന്തം മുണ്ട് കൊണ്ട് ഒരു മരത്തിൽ തൂങ്ങി കിടക്കുന്ന മൃതശരീരത്തിനാണ് നാട്ടുകാർ സാക്ഷികളായത്. നിരന്തരമായ പോലീസ് ജാതിവേട്ടയുടെ കുറാവർ വിഭാഗത്തിലെ അവസാനത്തെ കണ്ണി മണിയായിരിക്കാൻ സാധ്യതയില്ല.

തൂത്തുകുടി ജില്ലയിലെ സാത്താൻകുളത്തെ ബെനിക്സിന്റെയും ജയരാജിന്റെയും കസ്റ്റഡി മരണങ്ങൾ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ജയരാജിന്റെ മകനാണ് ബെനിക്സ്. ഇതിൽ മജിസ്‌ട്രേറ്റിന്റെ വലിയ വീഴ്ചയാണ് അച്ഛന്റെയും മകന്റെയും മരണത്തിൽ അവസാനിച്ചത്. മജിസ്‌ട്രേറ്റ് അവരുടെ കൃത്യനിർവഹണത്തിൽ നീതി പുലർത്തിയിരുന്നെങ്കിൽ രണ്ട് പേരും ഇന്ന് ജീവിച്ചിരുന്നു. ഈ മരണത്തിന്റെ പങ്ക് അതുകൊണ്ടുതന്നെ സാത്താൻകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി.സരവണന്റെ നേരെ വിരൽ ചൂണ്ടുന്നു. ജൂൺ 19-ന്ന് ലോക്ക്ഡൌൺ ലംഘിച്ചു എന്നാരോപിച്ചാണ് ഇരുവരെയും അവരുടെ കടയിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്.

https://twitter.com/suchi_mirchi/status/1276218996602228737

 2019-ൽ പുതുക്കിയ ക്രിമിനൽ നിയമാവലി, ജനുവരി 1 2020 നിലവിൽ വന്നതനുസരിച്ച് ഒരു മജിസ്‌ട്രേറ്റ് റിമാൻഡ് വാറന്റ് പുറപ്പെടിക്കുന്നതിന് മുമ്പായി പ്രതിയെന്നാരോപിക്കുന്നയാളെ നേരിൽ കാണുകയും, ശാരീരിക പരിശോധനക്ക് വിധേയമാക്കുകയും, അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്യേണ്ടതുണ്ട്. മജിസ്‌ട്രേറ്റ് അവരോട് ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ചും അവരുടെ ആരോഗ്യ അവസ്ഥയെ കുറിച്ചും ചോദിച്ചറിയേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും രേഖപ്പെടുത്തികൊണ്ടാകണം റിമാൻഡ് വാറന്റ് പുറപ്പെടുവിക്കേണ്ടത്.

ജൂൺ 19-ന്ന് തയ്യാറാക്കിയ എഫ്.ഐ.ആർ പ്രകാരം ഇരുവർക്കും ആന്തരിക മുറിവുകളുള്ളതായി പറയുന്നു. കടയുടെ മുന്നിൽ കിടന്നുരുളിക്കൊണ്ട് പ്രതിഷേധിച്ചതിനാലാണ്‌ അവയെന്ന് പോലീസ് ഭാഷ്യം. കൂടാതെ ജൂൺ 20-ന്ന് ഇരുവരെയും ഹോസ്പിറ്റലിൽ കൊണ്ട് പോവുകയും ഈ ആന്തരിക മുറിവുകളെ കുറിച്ച് ഡോക്ടർ രേഖ പുറപ്പെടിവിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് റിമാൻഡ് വാറന്റിന്ന് വേണ്ടി പോലീസ് ഇവരെയും കൂട്ടി മജിസ്‌ട്രേറ്റ് ഡി.സരവണന്റടുത്ത് പോകുന്നത്. എന്നാൽ ഇരുവരെ കാണാൻ കൂട്ടാകാതെയും എഫ്.ഐ.ആറിലേയും ഡോക്ടറുടെ രേഖപത്രത്തിലേയും ആന്തരിക മുറിവുകളെ കുറിച്ച് ആരായാതെയുമാണ് ഡി. സരവണൻ റിമാൻഡ് വാറന്റ് പുറപ്പെടിവിച്ചത്. റിമാൻഡ് വാറന്റ് പുറപ്പെടിക്കുന്നതിന് മുന്നേ പ്രതികളെന്ന് ആരോപിക്കുന്നവരെ നേരിൽ കണ്ട് കാര്യങ്ങൾ അന്വേഷിച്ച് മാത്രമേ ഒരു മജിസ്‌ട്രേറ്റ് വാറന്റിൽ ഒപ്പ് വെക്കാവു എന്ന നിയമം കാറ്റിൽ പറത്തിയത് വ്യകതമാണ്.

ഇവരെ കൂടാതെ കോവിൽപ്പട്ടി സബ് ജയിൽ അധികൃതരും പ്രതിപട്ടികയിൽ ഉൾപെടെണ്ടവരാണ്. കോവിൽപ്പട്ടി സബ് ജയിൽ രെജിസ്റ്ററിൽ  ഇരുവരുടെയും വാരിയെല്ലിനും മറ്റ് ആന്തരിക അവയവങ്ങൾക്കും മുറിവുള്ളതായി രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല മലധ്വാരത്തിലൂടെ ബ്ലീഡിങ് ഉള്ളതായും രേഖപെടുത്തിയിട്ടുണ്ട്. അതറിഞ്ഞിട്ടും അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തയ്യാറാവാത്ത മനസാക്ഷി മരവിച്ച പോലീസ് ക്രൂരതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയമസംവിധാനത്തിന്റെ അലംഭാവമാണ് മജിസ്‌ട്രേറ്റ് കണ്ണടച്ച് ഇരുട്ടാക്കിയ എഫ്.ഐ.ആറിലെ പൊരുത്തക്കേടുകൾ.  സാത്താൻകുളം സബ് ഇൻസ്‌പെക്ടർ പി.രഘുഗണേഷ്  ജൂൺ 19-ന്ന് തയ്യാറാക്കിയ എഫ്.ഐ.ആറിലുള്ളത്  ഹെഡ് കോൺസ്റ്റബിൾ എസ്. മുരുകൻ  ജൂൺ 19 രാത്രി 9.15 ന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നാണ്. അതേ എഫ്.ഐ.ആറിൽ പറയുന്നു എസ്.മുരുകനും മറ്റു പൊലീസുകാരനായ മുത്തുരാജുо സാത്താൻകുളത്തെ കാമരാജ് പ്രതിമക്കടുത്ത് രാത്രി 9.15 ന്ന് പട്രോളിങ് ഡ്യൂട്ടിലായിരുന്നുവെന്ന്. കൂടാതെ എഫ്.ഐ.ആറിലുള്ള ഒപ്പിൽ ഈ റിപ്പോർട്ട് രാത്രി 10.00 മണിക്ക് രജിസ്റ്റർ ചെയ്തുവെന്നും ചൂണ്ടികാണിക്കുന്നു.

രാത്രി 9.15 ന്ന് പട്രോളിങ് നടത്തുന്ന അതേ സമയം തന്നെ എങ്ങനെയാണ് മുരുകൻ സ്റ്റേഷനിലെത്തി പരാതി കൈമാറിയത്? മജിസ്‌ട്രേറ്റ് പോലീസിനോട് ഉന്നയിക്കേണ്ട ചോദ്യമായിരുന്നു അത്. എന്നാൽ നിയമം കയ്യിലുണ്ടെന്ന അഹങ്കാരമുള്ള പോലീസ് വകുപ്പും സ്വന്തം ഇഷ്ടത്തിന്നും അഭീഷ്ടത്തിനും നിയമത്തെ ഉപയോഗിക്കുന്ന അധികാര വർഗമുള്ളോടൊത്തോളം കാലം കസ്റ്റഡി മരണങ്ങൾ തുടർകഥയായി മാറും.

ദേശീയ മനുഷ്യാവാകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1589 കസ്റ്റഡി മരണങ്ങളാണ് 2019 ജനുവരി മുതല്‍ നവംബര്‍ വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിലേറെയും പരിശോധിച്ചാല്‍ മനസിലാവുന്ന കാര്യം, പോലീസുകാരുടെ ജാതി വെറിയും വംശീയ വിദ്വേഷവും നിമിത്തം നിരപരാധികളോടും അപരാധികളോടുമുള്ള മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളുടെ കഥകള്‍ തെളിയും. തൂത്തുക്കുടി കേസിലെ മജിസ്‌ട്രേറ്റിന്റെ കുറ്റകരമായ അനാസ്ഥ പോലെ, നിയമവാഴ്ചയും അതിന്റെ സംവിധാനങ്ങളുമൊന്നടങ്കം ഈ അനീതിക്ക് കാരണക്കാരാവാറുണ്ട്. ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തില്‍ ഇന്ത്യയിലുണ്ടായ പ്രതിഷേധങ്ങളുടെ നാലിലൊന്ന് പോലും ജയരാജിന്റെയോ ബെനിക്‌സിന്റെയോ വിഷയത്തില്‍ ഉണ്ടായില്ലയെന്നുള്ളതും കപടപൊതുസമൂഹത്തിന്റെയും ജാതിയധികാരത്തിന്റയും പരിഛേദങ്ങളെ വരച്ചുകാണിക്കുന്നു.

By നവാഫ് അബൂബക്കര്‍