മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി, മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠകളെയാണ് (Secular Anxiety) പ്രധാനമായും പരിശോധിക്കുന്നത്. മതേതര ഉത്കണ്ഠയെന്നു പറയുമ്പോഴും അതൊരു സമകാലിക പ്രതിഭാസമായി ഞാന്‍ വായിക്കാനാഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതലാണ് യഥാര്‍ഥത്തില്‍ ഇത് ആരംഭിക്കുന്നത്. സെക്കുലര്‍ എന്നറിയപ്പെട്ട പല ഏജന്‍സികളുമുണ്ടല്ലോ, അതില്‍ ആദ്യമായി സെക്യുലറെന്ന ഒരു രൂപം കേരളത്തില്‍ പരിചയപ്പെടുത്തുന്നത് കൊളോണിയലിസമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ലാത്ത, മതത്തിന് കൈകടത്തലുകളില്ലാത്ത മതരഹിതമായ മറ്റൊരു ഏജന്‍സിയായാണ്‌ സാമ്രാജ്യത്തം അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്. ഈ കൊളോണിയലിസം മതപരിവര്‍ത്തനത്തെ എങ്ങനെ സമീപിച്ചുവെന്നതും, അവരുടെ ഇടപെടലുകള്‍ സാമകാലികമായ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നതും പ്രധാനപ്പെട്ടതാണ്

കൃത്യമായി പറഞ്ഞാല്‍, കേരളത്തില്‍ മതപരിവര്‍ത്തനത്തോടുള്ള ഭീതിയാരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്. അതിനു മുമ്പ് മൈസൂര്‍ രാജാക്കന്‍മാരുടെ കാലത്ത് ആ ഭീതിയുണ്ടായിരുന്നെങ്കിലും, കൂടുതല്‍ സങ്കീര്‍ണമാവുന്നത് 1830 കളിലാണ്. 1843 ലാണ് ഇന്ത്യയില്‍ അടിമത്ത നിരോധന നിയമം പ്രാബല്യത്തില്‍ വരുന്നത്. അതിനു മുമ്പ് 1830കളിൽ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള അടിമകള്‍ക്ക് മോചനം നല്‍കണമെന്ന പ്രഖ്യാപനം വന്നിരുന്നു. മതപരിവര്‍ത്തനവും അടിമവിമോചനവും എവിടെയാണ് ബന്ധപ്പെടുന്നതെന്ന അന്വേഷണമാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്. അടിമയെന്ന പദം ബോധപൂര്‍വം ഉപയോഗിക്കേണ്ടതു തന്നെയാണ്. ആ പദത്തെ മറച്ചുവെച്ചുകൊണ്ടുള്ള ചരിത്രാഖ്യാനങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നത്. അടിമയെന്ന അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതോടൊപ്പം, വിമോചനം സാധ്യമാക്കുന്ന മറ്റൊരു മതത്തിലേക്ക് ആരോഹണം നിര്‍ബന്ധമായിരുന്നുവെന്ന് ക്രൈസ്തവ ദലിതുകളെക്കുറിച്ച് പഠനം നടത്തിയ ചരിത്രക്കാരന്മാർ പറയുന്നുണ്ട്. അവര്‍ക്കൊരു കൊളോണിയല്‍ നിയമം കൊണ്ടുമാത്രം വിമോചനം സാധ്യമല്ല തന്നെ.

പത്തൊമ്പതാം നൂറ്റാണ്ടില്‍, ഇസ്‌ലാമിലേക്കും ക്രൈസ്തവതയിലേക്കും നടന്ന വ്യാപകമായ മതപരിവര്‍ത്തനങ്ങള്‍ തന്നെയാണ് മൈസൂര്‍ രാജഭരണത്തിനു ശേഷം കേരളത്തിലെ ജാതീയതക്ക് പരിക്കേല്‍പ്പിച്ചത്. മലബാറിലേക്ക് നോക്കിയാല്‍, അടിമത്ത നിരോധനത്തിനുള്ള കൊളോണിയല്‍ നിയമം ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തിന് കാരണമാകുന്നതായി മനസിലാക്കാൻ സാധിക്കും. മതപരിവര്‍ത്തനമെന്ന വാക്ക് പോലും യഥാര്‍ഥത്തില്‍ അനുപൂരകം ആവുന്നില്ല. എല്ലാ മതങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനത്തെയും സൂചിപ്പിക്കാന്‍ ആ വാക്ക് കൊണ്ട് കഴിയില്ല. വിശകലത്തിനായി ഉപയോഗിക്കുന്ന സമൂഹ്യശാസ്ത്ര സംജ്ഞയായി മാത്രം ആ പ്രയോഗത്തെ കാണാന്‍ കഴിയുകയുള്ളൂ. കാരണം, വ്യവസ്ഥാപിതമായ ഒരു മതത്തില്‍ നിന്നല്ല, മറിച്ച് ജാതിയാല്‍ നിര്‍മിക്കപ്പെട്ട വ്യവസ്ഥയില്‍ നിന്നാണ് ഈയാളുകള്‍ വിമോചനത്തിനായി പരിവര്‍ത്തിക്കപ്പെട്ടത്.

ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങളെ കൊളോണിയല്‍ ഭരണകൂടം എങ്ങനെ കണ്ടുവെന്ന് പരിശോധിച്ചാല്‍, 1871 ലെയും 1881 ലെയും സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം പതിനായിരത്തോളം അടിമജാതികള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സെന്‍സസ് കമ്മീഷന്‍ അതിനെ ഒരു അസ്വസ്ഥജനകമായ വസ്തുത (disturbing factor) ആയാണ് കാണുന്നത്.

അടിമ ജാതികളുടെ ഇസ്ലാമാശ്ലേഷത്തോടുള്ള ഈ കൊളോണിയൽ പ്രതികരണത്തെ സമകാലിക മതേതതര ഉത്കണ്ഠകളുടെ സ്വാഭാവവുമായി താരതമ്യപ്പെടുത്താൻ സാധിക്കും.

ടി.എം യേശുദാസൻ നിരീക്ഷിച്ചതു പോലെ, അന്നത്തെ അടിമ ജാതികള്‍ വിമോചനത്തിനുള്ള അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. അവരുടെ മേൽ അടിച്ചേല്പിക്കപ്പെട്ട ജാതീയ അടിമത്തത്തിന്റെ ക്രൂരതകളോട്‌ പ്രതികാരം ചെയ്യാനുള്ള ആഗ്രഹവും അതിനുള്ള അവസരം കാത്തിരിക്കുകയായിരുന്നു അവരെന്നുമുള്ള നിരീക്ഷണവും അദ്ദേഹം നടത്തുന്നുണ്ട്.
വില്യം ലോഗനടക്കം രേഖപ്പെടുത്തിയിട്ടുള്ള ചരിത്രരേഖകള്‍ പ്രകാരം, ഇസ്‌ലാമാശ്ലേഷിച്ച അടിമജാതികളില്‍ പലരും മമ്പുറം തങ്ങളുടെ നാടുകടത്തലിനെത്തുടര്‍ന്ന് തിരിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായതായി പറയുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്ത മാപ്പിളമാരോട് അന്നത്തെ ജന്മികള്‍ പറഞ്ഞത്, അവർക്ക് സ്വാതന്ത്ര്യം സാധ്യമാകണമെങ്കില്‍ നിങ്ങള്‍ അതിനു വിലയൊടുക്കണമെന്നായിരുന്നു. 1840 കളിലെ മലബാറിലെ ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്ക് കാരണമാകുന്ന് ഈ സംഭവമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ സവര്‍ണരുടെ, സവര്‍ണ പുരുഷന്റെ മത പരിവര്‍ത്തനത്തെ പ്രശ്‌നവല്‍ക്കരിക്കപ്പെടാത്തതിനോടൊപ്പ്ം കീഴാളരുടെ മതപരിവര്‍ത്തന, വിമോചന ശ്രമങ്ങളെയാണ് അസ്വസ്ഥതയായി കാണപ്പെടുന്നത്. കീഴാളര്‍ ഉടമയുള്ള ഒരു സ്ഥാവരജംഗമ വസ്തുവെന്ന നിലയില്‍ കരുതപ്പെടുകയും അവരുടെ വിമോചന ശ്രമങ്ങളെ അത്തരത്തില്‍ ഒരു കൈമാറ്റ പ്രക്രിയയായി വ്യാഖ്യാനിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഇവര്‍ മതപരിവര്‍ത്തനം ചെയ്യുന്നതോടു കൂടി ആക്രമണകാരികളായി തങ്ങളുടെ ഉടമകളോട് പോരിനിറങ്ങുമെന്ന ഭയവും അത് ജാതീയധികാരത്തിനുണ്ടാക്കുന്ന ആഘാതവുമാണ് യഥാര്‍ഥത്തില്‍ ഈ അസ്വസ്ഥതക്ക് കാരണം. അല്ലാതെ, ഇന്നത്തെ പോലെ സ്വസമുദായത്തിലെ അംഗസംഖ്യ കുറയുന്നതു കൊണ്ടല്ല മറിച്ച് അധികാരം കയ്യാളുന്ന ന്യുനാല്‍ന്യൂനപക്ഷമായ സവര്‍ണരുടെ അധീശത്വത്തിനു കോട്ടം തട്ടുന്നതായിരുന്നു പ്രശ്‌നം. ഇവിടെ നിന്നാണ് കേരളത്തിലെ മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠയുടെ തുടക്കം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കൊളോണിയല്‍ ശക്തികള്‍ കീഴാള വിമോചനശ്രമങ്ങളോടുള്ള സവര്ണജാതികളുടെ ഈ ഭീതിയെ ഇസ്‌ലാമിനോടുള്ള ഭീതിയാക്കി സമൂഹത്തില്‍ പടര്‍ത്തുകയാണുണ്ടായത്. ഈ ഘട്ടത്തില്‍, ക്രിസ്തു മതത്തെപ്പോലെയോ മറ്റോ മിഷണറി പ്രവര്‍ത്തനങ്ങളോ സംവിധാനമോ ഇല്ലാത്ത ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനങ്ങള്‍ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാനും സമുദായ രൂപീകരണത്തിനു കാരണമാകാനും തുടങ്ങി. വളരെ ലളിതമായ ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തന പ്രക്രിയ ഈ സവിശേഷ സാഹചര്യത്തില്‍ സങ്കീര്‍ണമായി മാറുന്നുണ്ട്. പൊന്നാനി കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനവല്‍കൃത സംവിധാനത്തിലേക്ക് ഈ പ്രക്രിയ മാറ്റപ്പെടുന്നു. കൊളോണിയല്‍ ഭരണകൂടത്തിന് മുസ്‌ലിം മതപരതയെ നിയന്ത്രിക്കുവാനുള്ള സൗകര്യമാണ് ഇത്തരം സ്ഥാപനവല്‍ക്കരണത്തിലൂടെ സാധ്യമായത്. ഈ സംവിധാനത്തില്‍ ഏറ്റവും പ്രധാനമായി ബോധിപ്പിക്കലുകള്‍ നടത്തപ്പെടുന്നുണ്ടെന്നതാണ് ശ്രദ്ധേയം. മതംമാറുന്നതിന് സ്വന്തത്തെ ബോധിപ്പിക്കുന്നതിലപ്പുറം മറ്റൊരു അദറിനെ ബോധിപ്പിക്കേണ്ടി വരുന്ന, പ്രൊട്ടസ്റ്റന്റ് രീതിയോട് സാമ്യമുള്ള ഒരു പ്രക്രിയയിലേക്ക് മതപരിവര്‍ത്തനം ചുരുങ്ങുന്നു. നിരക്ഷരരും നിരാലംബരുമായ അടിമ സമുദായങ്ങളെ സംബന്ധിച്ചെടുത്തോളം ഈ പ്രക്രിയ വളരെ ബുദ്ധിമുട്ടേറിയതാകുന്നുണ്ട്. പൊന്നാനിയിലെ മഊനത്തുല്‍ ഇസ്‌ലാമിന്റെ പരിസരത്ത് ആര്യസമാജം മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ വരെയാളുകള്‍ തമ്പടിച്ചു കൊണ്ട് മതപരിവര്‍ത്തനം ചെയ്യാനെത്തുന്ന ഈ കീഴാള ജാതികളെ പ്രലോഭിപ്പിച്ചും തടങ്കലില്‍ വെച്ചുമെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി ചരിത്രരേഖകളില്‍ കാണാന്‍ കഴിയും.

കൊളോണിയല്‍ കാലത്തിനു ശേഷവും മതപരിവര്‍ത്തനപ്രക്രിയ ഇത്രയും സ്ഥാപനവല്‍കൃത രൂപത്തില്‍ നിലനിന്നു. സ്വന്തത്തെ ബോധ്യപ്പെടുത്തുകയെന്നതിലുപരി, സ്റ്റേറ്റിനെയും വ്യവസ്ഥയെയും ബോധിപ്പിച്ചു കൊണ്ടല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ക്ക് നിയമപരമായ സാധുത ലഭ്യമാകാതിരിക്കുകയും അതവരുടെ മരണാനന്തര ചടങ്ങുകളെ വരെ ബാധിക്കുകയും ചെയ്ത സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഇസ്‌ലാമിലെ അശ്ഹദു (ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്ന ലളിതമായ, ദൈവശാസ്ത്രപരമായ വാക്യത്തിലൂടെ ഇസ്‌ലാമാശ്ലേഷം സാധ്യമാകുമെന്നിരിക്കെ, പ്രൊട്ടസ്റ്റന്റ് ക്രമത്തിന്റെ അനുരണനമാണ് സ്ഥാപനവല്‍കൃത പരിവര്‍ത്തനത്തിലൂടെ സാധ്യമാക്കപ്പെട്ടത്‌. കൊളോണിയലാനന്തര നിയമങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ ഇത്തരം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ (ഇന്ത്യയില്‍ പലതും സവര്‍ണഹിന്ദു) നിയമങ്ങളുടെ സങ്കലനമാണെന്ന് കാണാന്‍ സാധിക്കും. ക്രിസ്ത്യന്‍ മിഷണറിയുടെ ഘടനയാണ് സ്ഥാപനത്തെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള പരിവര്‍ത്തനം. ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം ദൈവശാസ്ത്രപരമായും സാമൂഹികക്രമത്തിലും മിഷണറിയെ ബോധ്യപ്പെടുത്തലെന്ന പ്രക്രിയ, ദൈവവും സൃഷ്ടിയുമായുള്ള ബന്ധത്തില്‍ കടന്നുവരുന്നില്ല. തിയോളജിക്കൽ ആയ ഈ ഘടകങ്ങൾ സാമൂഹിക ചരിത്രത്തിൽ പ്രധാനമായും അന്വേഷണ വിധേയമാക്കണം.

സെക്യുലറെന്ന് വിളിക്കപ്പെടുന്ന ഇത്തരം നിയമങ്ങളെല്ലാം തന്നെ ക്രൈസ്തവ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. മതേതര ഉത്കണ്ഠയുടെ വംശാവലി വ്യക്തമാക്കാനാണ് ഈയൊരു ചരിത്രവസ്തുത സൂചിപ്പിക്കുന്നത്. ഹാദിയ കേസില്‍ കണ്ടതു പോലെ, സ്ഥാപനവല്‍കൃത സംവിധാനത്തിലൂടെ പരിവര്‍ത്തനം നടത്തപ്പെട്ടിട്ടുപോലും ലിബറല്‍ സെക്യുലര്‍ ആകുലതകളും ചോദ്യം ചെയ്യലുകളും എത്രത്തോളം അവകാശങ്ങളെ ഹനിച്ചുവെന്ന് കാണാന്‍ കഴിയും. ഇനി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 27 വരെയുള്ള മതസ്വാതന്ത്ര്യം എന്ന ആര്‍ട്ടിക്കിളിന്റെ ചരിത്രം കൂടി ഒന്നു പരിശോധിച്ചാല്‍, മതസ്വാതന്ത്ര്യത്തെ (ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം) മതപ്രബോധനമെന്നയര്‍ഥത്തിലേക്ക് ഭരണഘടനാ റിവ്യൂ കമ്മിറ്റി പിന്നീട് പുനരാഖ്യാനിക്കുകയുണ്ടായതായി കണ്ടെത്താന്‍ സാധിക്കും. ഇതെല്ലാം ഒരു മതേതര ഉത്കണ്ഠകളുടെ വംശാവലിയില്‍ ചേര്‍ത്തുവെക്കാന്‍ കഴിയുന്ന ഉദാഹരണങ്ങളാണ്.

(സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണം)

By ഇ എസ് എം അസ്‌ലം

Assistant Professor, The New College, Chennai