യോഗ പ്രാചീന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നും ലോകം മുഴുവനുമുള്ള ആളുകള്‍ പിന്തുടരുന്ന മതേതരമായ ഒരു വ്യായാമമുറയാണെന്നുമാണ് മിക്കവാറുമെല്ലാവരും ഇന്ന് പറയുന്നത്. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവമായി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് യോഗ വളര്‍ന്നുവന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെ അതൊരു ഹിന്ദു ചിഹ്നമായിത്തന്നെയാണ് തുടര്‍ന്നത്.
കഴിഞ്ഞകൊല്ലം യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗ പുരാതന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യമായ ഒരു സമ്മാനമാണെന്നാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍, ഇന്ന് കണ്ടുവരുന്ന യോഗയും പ്രാചീനകാലത്തെ യോഗയുമായുള്ള ബന്ധത്തെക്കുറിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പണ്ടുകാലത്തെ യോഗയും ഇന്നത്തെ യോഗയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നാണ് പുതിയ പല പഠനങ്ങളും പറയുന്നത് (De Michelis, Joseph Alter, Norman Sioman, Mark Singleton എന്നിവരുടെ പഠനങ്ങള്‍ കാണുക).
വേദങ്ങളിലേക്ക് തിരിച്ചുപോയി, ഇന്ത്യന്‍ സംസ്കാരത്തെ ഹിന്ദുവായി സങ്കല്‍പിച്ച ഹിന്ദു പരിഷ്കരണ ശ്രമങ്ങളുടെയും ഇന്ത്യന്‍ ദേശീയതയുടെയും ഭാഗമായാണ് യോഗയും ഉണ്ടായിവരുന്നത്. ഹിന്ദു സന്ന്യാസിയും പരിഷ്കര്‍ത്താവുമായ സ്വാമി വിവേകാനന്ദനാണ് ഇതിലേറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത്. ഹിന്ദുമതത്തെ ഉണ്ടാക്കിയെടുത്തത് പുരാതനകാലത്തെ മഹര്‍ഷിമാരുടെ ആത്മീയാനുഭവങ്ങളാണെങ്കില്‍, അവയെ വീണ്ടും അനുഭവിച്ചറിയാന്‍ യോഗ സഹായിക്കുമെന്നാണ് ‘രാജയോഗ’ എന്ന പുസ്തകമെഴുതി വിവേകാനന്ദന്‍ പറയുന്നത്. 15ാം നൂറ്റാണ്ടിലെ കീഴ്ജാതിക്കാരായ യോഗികള്‍ വികസിപ്പിച്ചെടുത്ത ആസനങ്ങളെ തള്ളിപ്പറഞ്ഞ് ധ്യാനത്തിനും മറ്റും പ്രാധാന്യം കൊടുത്ത പൂര്‍ണമായും സവര്‍ണ ഹിന്ദുചിഹ്നമായ ഒരു ‘യോഗ’യെക്കുറിച്ചാണ് വിവേകാനന്ദന്‍ സംസാരിച്ചത്. ഇതിലൂടെ ഭൗതികതയിലൂന്നിയ ഒരു പാശ്ചാത്യ ലോകത്തിനെതിരെ ആത്മീയതയിലടിസ്ഥാനപ്പെടുത്തിയ ഒരു ഹിന്ദു/ഇന്ത്യന്‍ സ്വത്വത്തെയാണ് വിവേകാനന്ദന്‍ മുന്നോട്ടുവെച്ചത്. ഇത്തരത്തില്‍ ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട യോഗയാണ് ആസനങ്ങളൊക്കെ ചേര്‍ത്ത്, ഇന്ന് നാം അറിയുന്ന യോഗയായി വികസിച്ചത്. യൂറോപ്യന്‍ വ്യായാമമുറകളും ഇന്ത്യയില്‍ തന്നെ ദേശീയതയുടെ ഭാഗമായി വികസിച്ച കായികാഭ്യാസ സംസ്കാരവും ഇന്ത്യന്‍ ഫയല്‍വാന്മാരുടെയും ഗുസ്തിക്കാരുടെയും വ്യായാമമുറകളും പണ്ട് വിവേകാനന്ദന്‍ തള്ളിക്കളഞ്ഞ ഹഠയോഗയിലെ ഏതാനും ചില ആസനങ്ങളും കലര്‍ന്നാണ് 20ാം നൂറ്റാണ്ടില്‍ യോഗ വികസിച്ചത്. എന്നാല്‍, ഇതേക്കുറിച്ചൊന്നും പറയാതെ വിവേകാനന്ദന്‍ യോഗക്ക് നല്‍കിയ അതേ ഹിന്ദു പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് 20ാം നൂറ്റാണ്ടിലും യോഗ നിലനില്‍ക്കുന്നത്. ഇത് മനസ്സിലാക്കാന്‍ സൂര്യനമസ്കാരത്തിന്റെ കാര്യം തന്നെയെടുക്കുക.

വേദങ്ങളില്‍നിന്ന് ഉദ്ഭവിച്ച മഹത്തായ വ്യായാമമുറയായാണ് സൂര്യനമസ്കാരം എപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍, കായികാഭ്യാസത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന അൗന്ത് (മഹാരാഷ്ട്ര) രാജാവായ ഭവന്‍ റാവു ശ്രീനിവാസ് പന്ത് പ്രതിനിധി, 19ാം നൂറ്റാണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരു വ്യായാമമുറയാണ് സൂര്യനമസ്കാരം എന്നാണ് മാര്‍ക് സിംഗ്ള്‍ടണ്‍ തന്റെ ‘യോഗ ബോഡി: ദ ഒറിജിന്‍സ് ഓഫ് മോഡേണ്‍ പോസ്ച്യുര്‍ പ്രാക്ടീസ്’ എന്ന പുസ്തകത്തില്‍ പറയുന്നത്. ഇതിനുവേണ്ടി ഈ രാജാവ് ഉപയോഗിച്ചത് പാശ്ചാത്യ ലോകത്ത് ബോഡി ബില്‍ഡിങ്ങിന്റെ പിതാവെന്ന് അറിയപ്പെടുന്ന യുജിന്‍ സാന്‍ഡോയുടെ വ്യായാമമുറകളാണ്. ബാലഗംഗാധര്‍ തിലകിന്റെ സ്വാധീനത്തിലായിരുന്ന രാജാവ് പിന്നീട് തന്റെ ഭരണത്തിനു കീഴിലുള്ള സ്കൂളുകളില്‍ ഈ വ്യായാമമുറ നിര്‍ബന്ധമാക്കി. ഇന്ന് സൂര്യനമസ്കാരം കണ്ടുപിടിച്ച ആളായല്ല, അത് പ്രചരിപ്പിച്ചയാളായാണ് പ്രതിനിധി അറിയപ്പെടുന്നത്. വാസ്തവത്തില്‍ പ്രതിനിധി പന്തിന്റെ കാലത്ത് ഈ വ്യായാമമുറയെ യോഗയുടെ ഭാഗമായിപ്പോലും കണ്ടിരുന്നില്ല. പിന്നീട് വന്ന യോഗാചാര്യന്മാരാണ് സൂര്യനമസ്കാരത്തെ യോഗയുടെ ഭാഗമാക്കുന്നതും അതിന് വേദകാലത്തേക്ക് നീളുന്ന ഒരു ചരിത്രമുണ്ടാക്കുകയും ചെയ്യുന്നത് എന്ന് മാര്‍ക് സിംഗ്ള്‍ടണ്‍ വാദിക്കുന്നു. വിവേകാനന്ദന്‍ യോഗയിലൂടെ മുന്നോട്ടുവെക്കാന്‍ ശ്രമിച്ച ഹിന്ദു/ഇന്ത്യന്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി തന്നെയാണ് ഇത് നടക്കുന്നത്.
ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുതയിതാണ്. അമേരിക്കയിലെ ഹിന്ദു സംഘടനകള്‍ ഇന്നവിടെ പ്രചരിപ്പിക്കുന്ന യോഗക്ക് അതിന്റെ ഹിന്ദു സ്വത്വം നഷ്ടമാകുന്നതിനെക്കുറിച്ചാണ് പരാതിപ്പെടുന്നത്. ഇതിന്റെ പേരില്‍ കഴിഞ്ഞ കൊല്ലം, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ‘ടേക് ബാക്ക് യോഗ’ എന്ന ഒരു കാമ്പയിന്‍ തന്നെ നടത്തിയിരുന്നു. യോഗയുടെ ഹിന്ദു വേരുകള്‍ കാണണമെന്നും യോഗയെ ‘ഇന്ത്യന്‍ പാരമ്പര്യമായി’ മാത്രം കണ്ടാല്‍ പോരാ, ‘ഹിന്ദു’വായിത്തന്നെ അംഗീകരിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഹിന്ദു സാംസ്കാരിക ചിഹ്നങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തിയ ഒരു യോഗതന്നെയാണ് അമേരിക്കയിലും മറ്റും പ്രചരിക്കുന്നത്. എന്നിട്ടും ഹിന്ദു ഫൗണ്ടേഷന്‍ ഇത്തരം പരാതികള്‍ പറയുന്നു. ആര്‍.എസ്.എസിന്റെ തന്നെ ഭാഗമായ ഒരു സംഘടനയാണ് ഹിന്ദു ഫൗണ്ടേഷന്‍ എന്നതാണ് മറ്റൊരു പ്രധാന വസ്തുത. അവരത് നിഷേധിക്കുന്നുവെങ്കിലും 2002ലെ ഗുജറാത്തിലെ മുസ്‌ലിം വംശഹത്യക്കെതിരെയുണ്ടായ ‘കോഅലിഷന്‍ എഗെന്‍സ്റ്റ് ജെനോസൈഡ്’(Coalition against genocide) പുറത്തുകൊണ്ടുവന്ന ഒരു റിപ്പോര്‍ട്ടില്‍ ഈ സംഘടന ആര്‍.എസ്.എസിന്റെ തന്നെ ഭാഗമാണെന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്.
അമേരിക്കയില്‍ യോഗയെ ഹിന്ദുവായി അവതരിപ്പിക്കുന്നവര്‍ തന്നെയാണ് ഇവിടെ ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇതിനെ മതമില്ലാത്ത ഒരു വ്യായാമമുറയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുവെന്നതിനെ ഇന്ത്യയെന്ന് മാറ്റിയെഴുതുന്ന ഇന്ത്യന്‍ സെക്കുലറിസത്തിന്റെ സ്ഥിരം രീതിതന്നെയാണിത്.

മാത്രമല്ല, ഈയടുത്തകാലത്തുപോലും ബാബാ രാംദേവിനെപ്പോലുള്ള ഹിന്ദു സന്ന്യാസികള്‍ യോഗയെ ഹിന്ദു ശാക്തീകരണത്തിനായി തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അതുപോലെ, ഇന്ന് യോഗ ഒരു വന്‍ വ്യവസായമായിക്കഴിഞ്ഞിരിക്കുന്നു. യോഗദിനവും യോഗയുടെ ഗുണങ്ങളെക്കുറിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചകളുമെല്ലാം സാധാരണക്കാരെയല്ല, ഈ വ്യവസായത്തെയാണ് തുണക്കുന്നത്. ബാബാ രാംദേവ് തന്നെ യോഗയെ ഒരു വലിയ വ്യവസായമാക്കി മാറ്റിയെടുത്ത ഒരാളാണ്. ‘ആസ്ത’ എന്ന ‘ആത്മീയ’ ടി.വി ചാനലിലെ യോഗാസനങ്ങളെക്കുറിച്ചുള്ള പരിപാടിയിലൂടെയാണ് രാംദേവ് പ്രസിദ്ധി നേടിയത്. ഈ പരിപാടിയിലൂടെ, പണ്ട് രാമായണം സീരിയല്‍ ചെയ്തതുപോലെ യോഗ ഉപയോഗിച്ച് ഹിന്ദു സാംസ്കാരിക ചിഹ്നങ്ങളെ കൂടുതല്‍ ജനപ്രിയമാക്കാന്‍ രാംദേവിന് കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് രാംദേവ് കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു കാലത്ത് നരേന്ദ്ര മോദിക്കുവേണ്ടി ‘യോഗമേളകള്‍’ സംഘടിപ്പിച്ചത്. യോഗദിനാചരണവും സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമെല്ലാം ഇത്തരം പ്രക്രിയകളുടെ തുടര്‍ച്ച മാത്രമാണ്.
യോഗ മാത്രമല്ല, ബി.ജെ.പി ഭരണത്തില്‍ വന്ന ശേഷം ഹിന്ദുമതത്തെ എല്ലാവര്‍ക്കും മേലെ അടിച്ചേല്‍പിക്കുന്ന തരത്തിലുള്ള ഒട്ടനവധി നീക്കങ്ങളുണ്ടായിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ സെക്കുലറിസത്തിനു മേലെയുള്ള ആക്രമണമായാണ് പലരുമിതിനെ കാണുന്നത്. ജാതിക്കെതിരെയുള്ള കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ജാതി വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും കൂടിയാണ് സവര്‍ണ ചിഹ്നങ്ങള്‍ കലര്‍ന്ന ഒരു ഹിന്ദുമതം എന്നും ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ദേശത്തത്തെന്നെ ഹിന്ദു മതത്തിലൂടെ ഉണ്ടാക്കിയെടുത്ത്, സവര്‍ണരുടെ അധികാരം ഉറപ്പാക്കുന്ന ഒരു പ്രക്രിയയാണിത്. ‘ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും’ എന്ന പുസ്തകത്തില്‍ ‘ഹിന്ദു കൊളോണിയലിസം’ എന്ന പരികല്‍പന ഉപയോഗിച്ചാണ് ജെ. രഘു ഇതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.
‘ഹിന്ദു സംസ്കാരത്തെ ദേശീയതയായി വിന്യസിക്കുകയും അതിനെ സ്വന്തം സംസ്കാരമായി സ്വീകരിക്കാന്‍ അധ$സ്ഥിത ഭൂരിപക്ഷത്തെ നിര്‍ബന്ധിക്കുകയും’ ചെയ്താണ് ഹിന്ദു കൊളോണിയലിസം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് രഘു പറയുന്നത്. ഇതുപോലൊരു സംഗതിയെക്കുറിച്ചാണ് കാഞ്ച ഐലയ്യയും ‘ഞാന്‍ എന്തുകൊണ്ടൊരു ഹിന്ദുവല്ല’ എന്ന പുസ്തകത്തില്‍ പറയുന്നത്. സവര്‍ണ ഹിന്ദു സംസ്കാരത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു ജീവിതലോകത്തില്‍ നില്‍ക്കുന്ന ദലിത് ബഹുജനങ്ങളെ സവര്‍ണ ചിഹ്നങ്ങള്‍ ചേരുന്ന ഹിന്ദുമതത്തിനു കീഴില്‍ നിര്‍ത്തുന്നതിന്റെ പ്രശ്നങ്ങളാണ് ഇതില്‍ ഐലയ്യ ചര്‍ച്ചചെയ്യുന്നത്. ഇതുകൊണ്ടുതന്നെ യോഗദിനത്തിനും യോഗ സ്കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിനും പിറകില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു കൊളോണിയലിസത്തെ തിരിച്ചറിയുന്നത് പ്രധാനമാണ്. ഇത് ന്യൂനപക്ഷങ്ങളെ പ്രത്യക്ഷമായി അടിച്ചമര്‍ത്തുമ്പോള്‍ തന്നെ കീഴ്ജാതികളെ ഹിന്ദു/ ബ്രാഹ്മണ വ്യവസ്ഥയിലേക്ക് നിര്‍ബന്ധപൂര്‍വം അടുപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യുന്നുണ്ട്.
(2015 ജൂണ്‍ 19 ന് മാധ്യമം ദിനപത്രത്തില്‍ ‘അവര്‍ണം’ എന്ന കോളത്തിലെഴുതിയത്)