വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 02

ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്കു ചെയ്യുക

അൽപം അതിശയോക്തി കലർന്ന ഒരു തമാശയാണെങ്കിലും അക്കാലത്ത് ഏറനാട്ടിൽ സുൽത്താൻ കുഞ്ഞഹമ്മതാജി എന്നായിരുന്നു ഹാജിയുടെ പേര്. അതായത് ടിപ്പുസുൽത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്വകാര്യപ്പേര് അദ്ദേഹത്തിന് ലഭിച്ചതെന്നതെന്നതില്‍ സംശയമില്ല.

അവസാന ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ പറവെട്ടി ഉണ്ണിമമാതാജി മരിക്കുകയും മാതുലൻ കോയാമുഹാജിയും കുടുംബവും കരുവാരകുണ്ടിലേക്ക് മാറുകയും ചെയ്തിരുന്നു. ഉമ്മാക്ക് അവകാശമായി ലഭിച്ച വൻഭൂസ്വത്ത് അധികവും കരുവാരക്കുണ്ടിലായിരുന്നു. ഈ ഭൂമിയിലെ പാട്ടകൃഷിക്കാരെ പോലീസും ബ്രിട്ടീഷ് ഏജന്റുമാരും പറഞ്ഞു പിരിക്കേണ്ട ഉമ്മാക്ക് ലഭിക്കേണ്ട പാട്ടം തടഞ്ഞു. അയാൾ ജന്മിമാര്‍ക്ക്‌ പാട്ടം കൊടുക്കേണ്ടെന്ന് പറയുന്നവനാണ്, പിന്നെന്തിനാണ് നിങ്ങളയാൾക്ക് പാട്ടം കൊടുക്കുന്നതെന്നായിരുന്നു പോലീസ്സിന്റെ ഭാഷ്യം. ഇതിനെ തുടർന്ന് ഹാജിയാരും അനുയായികളും ചേർന്ന് കൃഷിക്കാരെ ഒഴിപ്പിച്ചു. പോലീസിനും ഏജന്റുമാർക്കും ഇടപെടാൻ നിയമമുണ്ടായിരുന്നില്ലല്ലോ. പാട്ടം മറിച്ചുകൊടുക്കുംമുമ്പ് ആദ്യ പാട്ടക്കാർ മാപ്പ് പറഞ്ഞപ്പോൾ കൃഷി അവരെത്തന്നെ ഏൽപ്പിക്കുകയും ചെയ്തു. ഹജ്ജ് യാത്രകഴിഞ്ഞ് ഹാജി 1914ലാണ് നെല്ലിക്കുത്ത് തിരിച്ചെത്തിയതെന്ന് ഹിച്ച്കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. (മലബാർ റെബല്യൻ ഹിച്ച് കോക്ക്) സൂക്ഷ്മാന്വേ ഷണത്തിൽ ഹിച്ച്കോക്കിന്റെ നിഗമനം ശരിയല്ലെന്നു മനസ്സിലാകുന്നു.

ആദ്യ യാത്രകഴിഞ്ഞ് 1905ൽ തിരിച്ചെത്തി. ഇതിനുശേഷംഹാജി മൂന്നു തവണ ഹജ്ജ് യാത്ര നടത്തി. അവസാനയാത്ര നടത്തി തിരിച്ചെത്തിയത് 1914ലായിരുന്നു. ഹജ്ജ് യാത്രകളിൽ ഹാജിയുടെ സഹോദരിഭർത്താവ് പൊന്മള സ്വദേശി മുസ്ലിയാരകത്ത് അബ്ദുല്ലക്കുട്ടി ഹാജി അനുഗമിച്ചിരുന്നു. അബ്ദുല്ലക്കുട്ടി ഹാജിയടക്കം കുഞ്ഞഹമ്മതാജിയുടെ മാതാപിതാക്കളുടെയും സഹോദരീ ഭർത്താക്കന്മാരുടെയും കുടുംബങ്ങൾ വിപ്ലവകാരികളായിരുന്നെന്ന് ഹിച്ച്കോക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്. (ഹിച്ച്കോക്ക് മാപ്പിള റബല്യൻ) മുസ്ലിയാരകത്ത് അബ്ദുല്ലക്കുട്ടി ഹാജി താമസിച്ചിരുന്നത് കോടൂരംശത്തിലെ കരിപറമ്പിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുസ്ലിയാരകത്ത് അഹമ്മതാജിയുടെ മരണശേഷം അബ്ദുല്ലക്കുട്ടിഹാജി നെല്ലിക്കുന്നത്ത് താമസമാക്കി. അദ്ദേഹത്തിന്റെ അനുജന്മാരിൽ ചിലർ പൊന്മളയിലും പട്ടർകടവിലും താമസിച്ചു. അവരുടെ പിൻതലമുറകൾ ഇപ്പോഴും ഈ സ്ഥലങ്ങളിലുണ്ട്. ഇവർ പുരാതന മാപ്പിള വിപ്ലവകാരികളിൽ പെട്ടവരാണെന്നു കരുതപ്പെടുന്നു. രണ്ടാമത്തെ ഹജ്ജ് യാത്ര കഴിഞ്ഞെത്തിയപ്പോൾ ആദ്യ യാത്രയിലെ സുഹൃത്തുക്കളും സഹായികളുമായ താനൂരിലെ മുഹമ്മദ്, കുട്ട്യഹമ്മദ്‌ എന്നിവരുടെ സഹോദരി സൈനബയെ ഹാജി വിവാഹം കഴി ച്ചു. അതിൽ അദ്ദേഹത്തിനൊരു മകനുണ്ടായിരുന്നു. കോയമ്പത്തൂരിൽ കച്ചവടക്കാരനായ ഈ മകൻ പലതവണ മലപ്പുറത്ത് പിതാവ് രക്തസാക്ഷിത്വം വരിച്ച സ്ഥലത്തും നെല്ലിക്കുത്തും വന്നിരുന്നതായി നെല്ലിക്കുത്തുകാർ പറയുന്നു.

മലപ്പുറത്ത് അസി.പോലീസ് സൂപ്രണ്ടായിരുന്ന റോബർട്ട് ഹിച്ച്കോക്ക് (CI- E,MBE )1913ൽ തെക്കെമലബാർ പോലീസ് സൂപ്രണ്ടായി ചാർജെടുത്തു. മാപ്പിള താലൂക്കുകളിൽ സമാധാനം നിലനിർത്തുന്നതിലും മാപ്പിളമാരെ മെരുക്കുന്നതിലും പ്രത്യേക നിർദ്ദേശങ്ങളോടെ സ്ഥാനക്കയറ്റം ലഭിച്ച ഹിച്ച്കോക്ക് പൊലീസ് സേന പുനഃസംഘടിപ്പിച്ചു. ജില്ലയിലുണ്ടായിരുന്ന 65 പോലീസ് ഓഫീസർമാരിൽ വെറും 5 പേരായിരുന്നു മുസ്‌ലിംകള്‍. അതദ്ദേഹം പത്താക്കി ഉയർത്തി. ഈ പുനഃസംഘടനയിലാണ് പഴയ മാപ്പിള റൈഫിൾസിൽ ഒരു സാധാരണ ഭടനായിരുന്ന ഇ.വി. ആമുവിന് എസ്.ഐ.ആയി നിയമനം ലഭിക്കുന്നത്. 1500 കോൺസ്റ്റബിൾമാരിൽ 150മാപ്പിളമാരുണ്ടായിരുന്നത് ഹിച്ച്കോക്ക് 300 ആയി ഉയർത്തി(മലബാർ ഗസറ്റ് 1916). 1915ൽ അന്നത്തെ മലബാർ കലക്ടറായിരുന്ന സി.എ. ഇന്നിസിനെ പാണ്ടിക്കാടിനും അലനല്ലമിനുമിടയിൽ വെച്ച് ആരോ വധിക്കാൻ ശ്രമിച്ചൊരു കേസ്സുണ്ടായി. ഇതിൽ കുഞ്ഞഹമ്മദാജിക്ക് പങ്കുണ്ടെന്ന് ആരോപണമുയർന്നു. കരുവാരക്കുണ്ടിൽ ഏതോ ഒരാൾക്ക് ലഭിച്ച അറബി-മലയാളത്തിലെഴുതിയ ഒരു ഊമക്കത്ത് ഇതിനുപോൽഭലകമായി പോലീസ് പിടിച്ചെടുത്തിരുന്നു. ഈ കത്ത് കുഞ്ഞഹമ്മദാജി എഴുതിയതാണെന്നാണ് പോലീസ് കരുതിയത്.

ഇതിനെ തുടർന്ന് കുഞ്ഞഹമ്മദാജിയെ ചോദ്യം ചെയ്യണമെന്നായി പോലീസുദ്യോഗസ്ഥന്മാർ. ഹാജി ഒളിവിലായി. വിഷമത്തിലായ ഹാജി മലപ്പുറത്ത് ക്യാമ്പ് ചെയ്തിരുന്ന ഡി.എസ്. പി. ഹിച്ച്കോക്കിന്റെ ബംഗ്ലാവിലേക്ക് രണ്ടും കൽപ്പിച്ച് കയറിചെന്നു. സെക്യൂരിറ്റി ഗാർഡിനോട് തന്റെ പേരും വിലാസവും എഴുതിക്കൊടുത്ത് എസ്.പി. യെ കാണണമെന്നാവശ്യപ്പെട്ടു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയെക്കുറിച്ച് ധാരാളം കേൾക്കുകയും കീഴുദ്യോഗസ്ഥന്മാരുടെ ഹാജിയെ സംബന്ധി ക്കുന്ന വിവിധതരം റിപ്പോർട്ടുകൾ വായിക്കുകയും ചെയ്ത ഹിച്ച്കോക്കിന് ഹാജി കാണാൻ ചെന്നത് ഇഷ്ടപ്പെട്ടു. വിളിപ്പിച്ച് മാന്യമായ പെരുമാറ്റം കണ്ടപ്പോൾ ഹിച്ച്കോക്കിനെ സംബന്ധിച്ച് പറഞ്ഞുകേട്ടതൊന്നും ശരിയല്ലെന്ന് ഹാജിക്കും തോന്നിത്തുടങ്ങി. തനിക്കറിയാവുന്ന കഷ്ഠിപിഷ്ടി ഇംഗ്ലീഷിൽ ഒരുപാടു കാര്യങ്ങൾ ഹാജി ഡി.എസ്.പി. യെ ധരി പ്പിച്ചു. അദ്ദേഹം എഴുതിയതായി പറയപ്പെട്ട് കത്തിന്റെ നിജസ്ഥിതി സൂക്ഷ്മാന്വേഷണം നടത്താൻ എസ്. പി. ഉത്തരവിട്ടു.

അന്വേഷണത്തിൽ ഹാജി നിരപരാധിയാണെന്ന് ബോധ്യമായി, കത്ത് കള്ളക്കത്താണെന്ന് സൂക്ഷ്മപരിശോധനയിൽ തെളിഞ്ഞു. അതിനു ശേഷം കുഞ്ഞഹമ്മദാജി ഹിച്ച്കോക്കുമായി വളരെ അടുപ്പത്തിലായിരുന്നു.

ഇന്നിസിന്റെ വധശ്രമത്തിന് കാരണമായി പറയപ്പെടുന്ന സംഭവം ഏതാണ്ടിങ്ങനെയാണ്. കിഴക്കെ പാണ്ടിക്കാട്ടുകാരനായ 17 വയസ്സുള്ള കോരുക്കുട്ടി എന്ന തിയ്യ യുവാവ് മുസ്ലിമായി പരിവർത്തനം ചെയ്ത് ഹംസ എന്ന പേര് സ്വീകരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ കോരുക്കുട്ടി എന്ന ഹംസ പാണ്ടിക്കാട്ട് കള്ളുഷാപ്പിലെ സ്ഥിരം കുടിയനായി മാറി. മാപ്പിളമാർക്കിടയിൽ ഇതൊരു വിവാദമായി, കള്ളുഷാപ്പ് കോൺട്രാക്ടറുടെ സഹായത്തോടെ ഹംസ ഷാപ്പിലെ ഒരു ചെത്തുകാണായി മാറുകയും ചെയ്തു. ക്ഷുഭിതരായ മാപ്പിളമാർ ഹംസയുടെ കുടുംബത്തിനതിര ഊരുവിലക്ക്‌ ആരംഭിച്ചു. ഇതിനെ തുടർന്ന് വിഷമത്തിലായ കോരുക്കുട്ടി എന്ന ഹംസ ഊരുവിലക്കിനും മറ്റും നേതൃത്വം നൽകിയ കുഞ്ഞലവി എന്ന ആളെ ചേറ്റ് കത്തികൊണ്ട് വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപി ച്ചു. എന്നുമാത്രമല്ല കുഞ്ഞലവിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അതോടെ 4 മാപ്പിളയുവാക്കൾ ചേർന്ന് ചാവേറുകളായി ഹംസയെ വധിച്ചു. ഈ കേസിലെ പ്രതികളായ 4 പേരെ അറസ്റ്റ് ചെയ്യാൻ ഹിച്ച്കോക്ക്, മഞ്ചേരി സി.ഐ. കുഞ്ഞിക്കണ്ണൻ, എസ്. ഐ.ആമു എന്നിവരുടെ നേതൃത്വത്തിൽ ഒരുസംഘം പോലീസ്സുകാർ പാണ്ടിക്കാട്ടെത്തി.

ക്രമസമാധാന പ്രശ്നമായതിനാൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഈ പോലീസ് സംഘത്തെ പിന്തുടർന്നിരുന്നു. പാണ്ടിക്കാട്ട് നിന്നും കിഴക്കോട്ടോടിയ യുവാക്കളെ പിന്തുടർന്ന പോലീസ് സംഘത്ത ഒരു മോട്ടോർ സൈക്കിളിൽ ഇന്നീസ് അനുഗമിച്ചു. പിന്നിൽനിന്ന് ആരോ വെടിവച്ചു. അദ്ദേഹം ഭാഗ്യത്തിന് രക്ഷപെട്ടു. മേലാറ്റൂർ വഴിക്ക് ഓടിയ ചാവേറുകൾ അലനല്ലൂർ അയ്യപ്പക്ഷേത്രത്തിൽ കയറി പോലീസിനെ നേരിട്ടു.

ഏറ്റുമുട്ടലിൽ നാലു യുവാക്കളും രക്തസാക്ഷികളായി. ഇന്നീസിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് കരുവാരക്കുണ്ടിലെ പൊറ്റയിൽ കുഞ്ഞഹമ്മത് മുസ്ലിയാരെ അറസ്റ്റ് ചെയ്യാൻ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഏറനാട്ടിലെ പുരാതന വിപ്ലവ കുടുംബമായ പൊറ്റയിൽ, മുസ്ലിയാന്മാരിൽപെട്ട കുഞ്ഞഹമ്മത് മുസ്ലിയാരെ പിടിച്ച് കൊടുക്കുന്നവർക്ക് 300ക സർക്കാർ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് ശ്രമങ്ങളിൽ നിന്ന് തുടരെ രക്ഷപ്പെട്ട മുസ്ലിയാർ 1920 ഒടുവിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 21ലെ സമരത്തിൽ പങ്കെടുത്തതിന് അദ്ദേഹത്തിന്റെ മകൻ പൊറ്റയിൽ കുഞ്ഞി മൊയ്തീൻ മുസ്ലിയാർക്ക് 11 വർഷം ശിക്ഷ ലഭിച്ചു. കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെ മകനാണ് കരുവാരക്കുണ്ടിലെ മുസ്ലിം ലീഗ് നേതാവ് പൊറ്റയിൽ അബ്ദുല്ലപ്പു ഹാജി. ഹിച്ച്‌കോക്കുമായുള്ള ഈ അടുപ്പം മൂലം നെല്ലിക്കുത്ത് താമസിക്കുവാൻ കുഞ്ഞഹമ്മത് ഹാജിക്ക് അനുവാദം കിട്ടി. അവിടെ തന്റെ കച്ചവടത്തിന്റെയും പൊതു പ്രവർത്തനത്തിന്റെയും ആസ്ഥാനമാക്കിമാററി. ഗോഡൗണും അതിനൊരുവശത്ത് കച്ചവടാവശ്യാർത്ഥവും രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ടും എത്തുന്ന സന്ദർശകരുമായി കുശലപ്രശ്നം നടത്താനും, വ്യവഹാരോപദേശം, മദ്ധ്യസ്ഥത തുടങ്ങിയ കാര്യങ്ങൾക്കുള്ള ഓഫീസ് മുറിയുണ്ടായിരുന്നു. ചരക്കുകൾക്ക് മുൻകൂർ പണം കൊടുക്കൽ, തുടങ്ങിയ എല്ലാ കച്ചവട തന്ത്രങ്ങളും ഹാജിക്കുണ്ടായിരുന്നു. ഇലക്ടിക് ഉപകരണങ്ങളില്ലാത്ത അക്കാലത്ത് തക്കിടി സായിപ്പിനെയും നാടുവാഴികളെയും പോലെ കാറ്റ് വീശിക്കൊടുക്കാനും മറ്റും അദ്ദേഹത്തിന് ബാല്യക്കാരുണ്ടായിരുന്നു.

വിപ്ലവയാത്രയിൽ അദ്ദേഹത്തിന് വെഞ്ചാമരം വീശുന്നതിനെയും മറ്റും പരിഹസിച്ചെഴുതിയ പാശ്ചാത്യരും പൗരസ്ത്യരുമായ ചരിത്രകാരന്മാർ പക്ഷേ, ഹാജിയുടെ ഭൂതകാല ചരിത്രം മുഴുവൻ അന്വേഷിച്ചില്ലെന്ന് കരുതാം. ഏറനാട്ടിലെ അനേകം കുടിയാന്മാരുടെ കേസ്സുകൾ അദ്ദേഹം നടത്തിയിരുന്നു. മഞ്ചേരി രാമയ്യൻ വാരിയൻകുന്നന്റെ സ്ഥിരം വക്കീലായിരുന്നു. കപ്പാട്ട് കൃഷ്ണൻകുട്ടി നായരെന്നൊരു വ്യവഹാരം കാര്യസ്ഥനു മുണ്ടായിരുന്നു.

1908ൽ മക്കയിൽ നിന്ന് തിരിച്ച് വന്ന കുഞ്ഞഹമ്മത് ഹാജി മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രസ്സ് മെമ്പർഷിപ്പെടുത്തതായി ഹാജിയുടെ ശിഷ്യന്മാരിലൊരാളും ഒന്നാം ലോകമഹായുദ്ധത്തിൽ പട്ടാളസേവനം നടത്തുകയും പിന്നീട് കോഴിക്കോട് ഹജ്ജരാപ്പീസിൽ ശിപായിയായി ജോലി ചെയ്യുകയും ചെയ്ത പന്തല്ലൂർ സ്വദേശി ഈഴവ സമുദായക്കാരനായ താമി, എന്നയാൾ ഒരു ഡയറിപോലെ കുറിച്ചിട്ട് നോട്ടുപുസ്തകത്തിൽ കാണുന്നു. താമിയുടെ പിന്മുറക്കാർ താമസിക്കുന്നത് തമിഴ്നാട്ടിലെ സേലം ജില്ലയിലാണ്. ആഗ: 19നു തിരൂരങ്ങാടിയിലെ വിപ്ലവ നേതാക്കളുടെ രഹസ്യയോഗത്തിൽ സംബന്ധിച്ച് താമിയുടെ നീക്കങ്ങൾ മണത്തറിഞ്ഞ ബ്രിട്ടീഷ് രഹസ്യപ്പോലീസും ചാരന്മാരും താമിയെ നിരീക്ഷിക്കുന്നുവെന്ന് ബോധ്യപ്പെട്ട മുതൽ ഹജ്ജുരാപ്പില്‍ പോകാതെ താമി ഒളി വിലായിരുന്നു. വിപ്ലവത്തിനിടയിൽ പന്തല്ലൂരിലെ വീട് പട്ടാളം തീവെക്കുകയും ചെയ്തു. താമിയെ കിട്ടിയില്ല. അയാൾ തമിഴ്നാട്ടിലേക്ക് കടന്നു രക്ഷപ്പെട്ടു. മരിക്കുന്നതിന് മുമ്പ് രണ്ടുതവണ പന്തല്ലൂരിലും മലപ്പുറത്ത് കുഞ്ഞഹമ്മത് ഹാജിയെ വെടിവെച്ചുകൊന്ന കോട്ടക്കുന്നിന്റെ ചെരുവിലും വന്നിരുന്നു. ഈ വരവിൽ അയാൾ പൂക്കോട്ടൂരിൽ മമ്മുതുവിന്റെ മകനും രാമസിംഹൻ കൊലക്കേസ്സ് പ്രതിയുമായ വടക്കേവീട്ടിൽ കുഞ്ഞിമ്മുവിനെ ചെന്ന് കാണുകയും അന്നവിടെ താമസിക്കുകയും ചെയ്തു. അന്ന് അവിചാരിതമായി ആ വീട്ടിലെത്തിയ നാണത്ത് കുഞ്ഞലവിഹാജിയാണ് പിന്നീട് കുറച്ച് കഴിഞ്ഞ് താമിയുടെ വിവരം എന്നോട് പറഞ്ഞതും മരിക്കുന്നതിന് മുമ്പ് കുഞ്ഞമ്മു സാഹിബിനെ കണ്ട് താമിയുടെ വിലാസം ശേഖരിച്ചതും. എന്നിട്ടും വർഷങ്ങൾ കഴിഞ്ഞാണ് എനിക്ക് തമിഴ്നാട്ടിൽ പോകാൻ കഴിഞ്ഞത്. തമിഴ്നാട്ടിൽ ചെന്ന് കല്യാണംകഴിച്ച് താമിക്ക് അവിടെ മൂന്ന് മക്കളുണ്ടായിരുന്നു. താമി 1963ൽ മരി ച്ചു. ഭാര്യയും രണ്ട് മക്കളും അതിനു ശേഷവും മരിച്ചു. ഇളയമകൻ അറമുഖൻ മാത്രമാണ് ജീവിച്ചിരുപ്പുണ്ടായിരുന്നത്. നമുക്ക് മനസ്സിലാക്കാൻ പ്രയാസമായ പഴയ കാല മലയാളവും തമിഴും മാത്രമറിയുന്ന അറുമുഖനുമായി സംസാരിച്ചിട്ട് ഒരുഫലവുമുണ്ടായില്ല. എന്നാൽ അവസാന മാണ് അച്ചൻ കുറിച്ചിട്ടതെന്ന് പറഞ്ഞ നോട്ടുബുക്ക് എടുത്ത് തന്നത്. ചിതലരിച്ച്, തുരുമ്പി നശിച്ച് നോട്ടുബുക്കിൽ നിന്ന് കിട്ടുന്ന അക്ഷരങ്ങളെ പൂരിപ്പിച്ചാണ് പലകാര്യങ്ങളും മനസ്സിലാക്കിയത്.

ഏതായാലും ഒരു കാര്യം പറയാതെ വയ്യ, ബഹുമാന്യനായ കെ. മാധവൻ നായർ മാപ്പിള നേതാവിനെപ്പറ്റി നടത്തിയ പരാമർശങ്ങളിൽ സവർണ്ണർ സ്വാധീനം ചെലുത്തുന്നുവെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

സവർണ്ണനും കടുത്ത ബിട്ടീഷ് പക്ഷപാതിയുമായിരുന്ന ദിവാൻ ബഹദൂർ സി-ഗോപാലൻ നായർ എഴുതിയ മാപ്പിള ലഹള, എന്ന പുസ്തകത്തിലും ഹിന്ദു പോലുള്ള ഇംഗ്ലീഷ് പത്രങ്ങളിലും കുഞ്ഞഹമ്മദാജിയെപ്പറ്റിയുള്ള പരാമർശങ്ങൾ ശരിയാണെന്ന് തോന്നുന്നില്ല(മലബാർ കലാപം ഈ പേജ് 168) എന്ന പ്രസ്താവന മഹാനായ നേതാവിന്റെ സത്യസന്ധതയെ സംശയിക്കേണ്ട സ്ഥിതിയിലാക്കുന്നു. മലബാർ കലാപം പേജ് 168 ൽ താഴെ ഇയാൾ മേൽ പരാമർശത്തിന് കോൺഗ്രസ്സ്-ഖിലാഫത്ത് വക ചില ലഘുപ്രതികകൾ തന്നോട് വാങ്ങിക്കൊണ്ട് പോയിരുന്നതായി ആഗ: 24 ന് കണ്ടപ്പോൾ എന്റെ അനുജൻ കേശവൻ നായർ എന്നോട് പറഞ്ഞിട്ടുണ്ടെന്ന് മാധവൻ നായർ തന്നെ രേഖപ്പെടുത്തുന്നു. ഗോപാലൻ നായരുടെ പുസ്തകത്തിൽ കിഴക്കൻ ഏറനാട്ടിലുടനീളം രൂപീകൃതമായ കോൺഗ്രസ്സ്- ഖിലാഫത്ത് സഭാ രൂപീകരണത്തിൽ എം.പി.നാരായണമേനോൻ കട്ട്ലശ്ശേരി മുഹമ്മദ് മൗലവി എന്നിവരോടൊപ്പം കുഞ്ഞഹമ്മദാജി പങ്കെടുത്തതായി പറയുന്നുണ്ട്. പോത്തുവണ്ടിക്കാരനായി കുഞ്ഞഹമ്മദാജി ഉപജീവനം കഴിച്ചുവെന്ന് പറയുന്നത് മുഴുവൻ ശരിയല്ല. വണ്ടികൾ അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് നേരാണ് അന്നത്തെ ഒരു പോത്തുവണ്ടി എന്നാൽ ഇന്നത്തെ ഒരു ലോറിയുടെ മുതൽമുടക്കാണ്. അങ്ങിനത്തെ പല വണ്ടികളും ഉള്ള ആളായിരുന്നു ഹാജി. പിന്നെ മാധവൻ നായരോടും ഗോപാലമേനോനോടുമൊപ്പം ഏറനാട് പ്രവേശനം തടഞ്ഞുകൊണ്ട് കലക്ടർ ഉത്തരവ് പുറപ്പെടുവിക്കാൻ മാത്രം ഉന്നതനായ ഒരു സ്വാതന്ത്യ സമരപോരാളിയെ ഞാനറിഞ്ഞില്ലെന്ന് മാധവൻ നായർ പറഞ്ഞതും വിശ്വാസയോഗ്യമായിത്തോന്നുന്നില്ല. ലഹള എന്ന ബ്രിട്ടീഷ് പരാമർശം ഏറ്റുപിടിച്ചതും മാധവൻ നായരെപ്പോലെ ഒരാൾക്ക് ഭൂഷണമായില്ലെന്ന് കൂടിപറയട്ടെ. ഗോപാലൻ നായർ തികഞ്ഞ ബ്രിട്ടീഷ് പക്ഷപാതിയായിരുന്നുവെന്നത് ആരും സമ്മതിക്കും. മാധവൻനായരെ ഒരു സ്വാതന്ത്ര്യസമര പോരാളിയായിട്ട് തന്നെയാണ് എല്ലാവരും പ്രത്യേകിച്ച് മലപ്പുറത്തുകാർ കാണുന്നതും കരുതുന്നതും. രാഷ്ട്രീയമായ അവസാന വിശകലനത്തിൽ കോൺഗ്രസ്സിന്റെ ആദർശങ്ങളും ഗാന്ധിജിയുടെ സഹനസമരവും കൂടുതൽ ഫലപ്രദമായ സമരമുറകളാണെന്ന് ഹാജി വിശ്വസിച്ചിരുന്നു.

കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ സംഘടിപ്പിക്കാൻ ചേർന്ന യോഗങ്ങളിൽ കട്ടിലശ്ശേരിയേയും നാരായണ മേനോനെയും പോലെ കുഞ്ഞഹമ്മതാജിയും ഉൽബോധനപ്രസംഗങ്ങൾ നടത്തിയിരുന്നതായി കുമരംപുത്തുരിലെ നാവായത്ത് താച്ചുണ്ണിനായർ (99 വയസ്സ്) ഓർക്കുന്നു. കുമരംപുത്തൂരിലെ അരിയുരിൽ സീതക്കായതങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഖിലാഫത്ത് കമ്മിറ്റി യോഗത്തിൽ കല്ലടി വലിയകുഞ്ഞഹമ്മത് സാഹിബ്, തോണിക്കാരെ അയല, മണ്ണാർക്കാട് ഇളയ നായർ. പറമ്പോട്ട് അച്ചുതൻകുട്ടിമേനോൻ പൂന്താനം രാമൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കുകയും ആ യോഗത്തിൽ കട്ടിലശ്ശേരിയും നാരായണ മേനോനും കുഞ്ഞഹമ്മതാജിയും പ്രസംഗിക്കുകയും ചെയ്തതായി യോഗത്തിൽ പങ്കെടുത്ത അന്നത്തെ ചെറുപ്പകാരനായ അച്ചുണ്ണി നായർ പറയുന്നു.

എ കെ കോഡൂരിന്റെ ‘ആംഗ്ലോ- മാപ്പിള യുദ്ധം 1921’ എന്ന പുസ്തകത്തിന് കടപ്പാട്‌

By എ കെ കോഡൂര്‍