ആംഗ്ലോ-മാപ്പിള യുദ്ധനായകന്മാരായ കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും അയൽവീട്ടുകാരും ബന്ധുക്കളുമായിരുന്നു. ആലിമുസ്ലിയാരെക്കാൾ 15 വയസ്സിന് ചെറുപ്പമായിരുന്നു കുഞ്ഞഹമ്മദാജിയെന്ന് ആലിമുസ്ലിയാരുടെ ചെറുമകൻ മുഹമ്മദലി മുസ്ലിയാർ പറയുന്നു. ആലിമുസ്ലിയാർ മഹാ പണ്ഡിതനും ത്വരീഖത്ത് ശൈഖമായപ്പോൾ കുഞ്ഞഹമ്മദാജി അദ്ദേഹത്തെ ഗുരുവും ശൈഖുമായി അംഗീകരിച്ചു. എ.ഡി. 1130ൽ വെളളാട്ടര രാജാക്കന്മാരിൽ നിന്ന് ഏറനാട് പിടിച്ചെടുക്കാൻ അത്തൻകുരിക്കളുടെ നേതൃത്വത്തിൽ സാമൂതിരി നടത്തിയ യുദ്ധത്തിൽ ചികിപ്പറമ്പന്മാരും എരിക്കുന്നന്മാരും അത്തൻകുരിക്കളോടൊപ്പം യോദ്ധാക്കളായുണ്ടായിരുന്നതായാണ് ഐതിഹ്യം. അക്കാലത്ത് തന്നെ ഈ രണ്ടു കുടുംബങ്ങൾക്കും നെല്ലിക്കുത്തും പരിസരത്തുമായി ധാരാളം ഭൂമി കരമൊഴിയായി നല്കിയിരുന്നു. ഹൈദരിന്റെ കാലത്ത് നവാബ് പുലത്ത് ഷൈക്ക് (ചേക്ക്) മുസ്സ മൂപ്പന്മാരും ഈ രണ്ട് കുടുംബങ്ങൾക്കും പൊക്കിൾകൊടി ബന്ധമുള്ളതായി പറയപ്പെടുന്നുണ്ട്. ആ നിലക്ക് എരിക്കുന്നന്മാരും ചക്കിപ്പറമ്പന്മാരും ഒരേ കുടുംബത്തിലെ രണ്ട് താവഴികളാവാനും സാധ്യതയുണ്ട്. ഏതായാലും ഈ രണ്ടു കുടുംബങ്ങളും ചരിത്രപരമായിതന്നെ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളികളുമായിരുന്നുവെന്നതിൽ സംശയമില്ല.
കിഴക്കനേറാട് സാമൂതിരിയുടെ കാലംതൊട്ടെ സമ്പന്ന പ്രദേശമായിരുന്നു. മൈസൂർ ഭരണാധികാരികൾ വന്നപ്പോൾ, തമിഴ്‌നാടുമായി റോഡ്ബന്ധം ആരംഭിച്ചതോടെ കിഴക്കനേറാട് കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചുനിന്നു. മാപ്പിളമാർ വിദ്യാഭ്യാസപരമായി ഏറ്റവും ഉയർന്നു നിന്ന കാലം മുതലെ അറിയപ്പെടുന്നവരാണ് പറവട്ടി, എരിക്കുന്നൻ, ചക്കിപ്പറമ്പൻ, കാരക്കാടൻ, പുന്നക്കാടൻ മുതലായ കുടുംബങ്ങളൊക്കെ. അന്ന് മുതലെ പാലക്കാട്, ഊട്ടി എന്നിവിടങ്ങളിലേക്കുള്ള റോഡും കടന്ന് പോകുന്നത് മഞ്ചേരി, നെല്ലിക്കുന്ന്, വെള്ളങ്ങാട്ട്, പാണ്ടിക്കാട് വഴിയാണ്. മൈസൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് മലബാർ പ്രദേശത്തേക്കും മലബാറിൽ നിന്ന് മേൽ സ്ഥലങ്ങളിലേക്കുമുള്ള ചരക്ക് കടത്തുകളുടെ കേന്ദ്രമായ കിഴക്കനേറാട് കച്ചവടം, കൃഷി എന്നിവകളാൽ സമൃദ്ധവും അക്ഷരജ്ഞാനത്തിന്റെ കാര്യത്തിൽ (പ്രധാനമായി അറബിത്തമിഴ്, അറബി മലയാളം, അറബിക്കന്നട) 100 ശതമാനവുമായിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ എല്ലാം തലകീഴായി മറിഞ്ഞു. വിദ്യാഭ്യാസവും ധനവും നഷ്ടപ്പെട്ട് തകർന്നെങ്കിലും ചില കുടും ബങ്ങൾ കഷ്ട്ടപ്പെട്ടും ഒഴുക്കിനെതിരെ നീന്തി പിടിച്ച്നിന്നു. നെല്ലിക്കുന്നത്തെ പ്രമുഖന്മാരായ എരിക്കുന്നൻ ചക്കിപ്പറമ്പന്മാരുടെ തട്ടകത്തിലെ പ്രഥമ വിദ്യാലയം കാരക്കാടൻ കുഞ്ഞിക്കമ്മു മൊല്ല അധ്യാപകനായ ഓത്തുപള്ളിയായിരുന്നു. ആലി മുസ്ലിയാർ ഇവിടെ നിന്ന് ഓത്തുപഠിച്ചു. പിന്നീട് മാതുലന്റെയും പിതാവിന്റെയും ശിക്ഷണത്തിൽ പഠിക്കാൻ പോയി. പൊന്നാനിയിലും അറേബ്യയിലുമായി 10 കൊല്ലത്തെ ഉപ രി പഠനത്തിനായും അദ്ദേഹം നാടു വിട്ടു. കുഞ്ഞഹമ്മദാജി, ആലി മുസ്ലിയാർ വിട്ട ശേഷമാണ് ഓത്തുപള്ളിയിൽ പഠിക്കാനെത്തുന്നത്.

അദ്ദേഹം പഠിക്കുന്ന കാലത്ത് തന്നെ ബ്രിട്ടീഷുകാരുടെ മാപ്പിള വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ( 1872ൽ) കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തുപള്ളി മൊല്ല, ടീച്ചര്‍മാരാല്‍ മലയാളം പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടമാക്കി മാറ്റിയിരുന്നു. പ്രഥമ മലയാള പാഠങ്ങൾ ഇവിടെനിന്നു തന്നെ കുഞ്ഞഹമ്മദാജി കരസ്ഥമാക്കി. കുഞ്ഞഹമ്മദാജി ചെറുപ്പത്തിൽ കളിച്ച് വളർന്നത് അദ്ദേഹത്തിന്റെ മാതാവ് കുഞ്ഞായിശുമ്മയുടെ വീട്ടിലായിരുന്നു. ഏറനാട്ടിൽ രാജകീയ പദവിയുണ്ടായിരുന്ന തുവൂരിലെ പറവെട്ടി ഉണ്ണിമമ്മതാജിയായിരുന്നു കുഞ്ഞായിശുമ്മയുടെ പിതാവ്.
അനേകം ഏക്കർ കാണ ഭൂമിയും മലഞ്ചരക്ക്- മസാല വ്യാപാരിയും വിദ്യാസമ്പന്നനും ഇസ്ലാമികാദർശം പറിച്ചറിഞ്ഞ് പ്രാവർത്തികമാക്കിയിരുന്ന പ്രാദേശിക പണ്ഡിതനേതാവുമായിരുന്നു ഉണ്ണിമമ്മദാജി. ഉണ്ണിമമ്മദാജിയുടെ മക്കൾക്ക് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് രാത്രി മലയാളവും ഇംഗ്ലീഷുമൊക്കെ ട്യൂഷൻ എടുത്തിരുന്നു. കോയാമ്മുഹാജി തുടങ്ങിയ ഉണ്ണിമമ്മദാജിയുടെ മക്കളോടൊപ്പം കുഞ്ഞഹമ്മദാജിയും ട്യൂഷനിൽ പങ്കെടുത്തിരുന്നു. ചെറുപ്പത്തിലെ മലയാളവും, അറബിയും പറഞ്ഞാൽ മനസ്സിലാവുന്ന തരത്തിലുള്ള ഇംഗ്ലീഷുമൊക്കെ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. പിതാവിനെ നാടുകടത്തുകയും ശിക്ഷിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നെങ്കിലും വളർന്നു യുവാവായ കുഞ്ഞഹമ്മദിനെ അതൊന്നും നിരാശപ്പെടുത്തിയില്ല. മാതാമഹന്റെ ധനശേഷിക്ക് കീഴിലായിരുന്നതിനാൽ വിഷമങ്ങളറിഞ്ഞുമില്ല. എങ്കിലും പിതാവിന്റെ അന്യാധീനപ്പെട്ട സ്വത്ത് വീണ്ടെടുക്കാനും ആ സ്വത്ത് തട്ടിയെടുയെടുക്കാന്‍ ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തിയവരോടുള്ള നീരസവും കുഞ്ഞഹമ്മദിനെ പലപ്പോഴും അലട്ടി. എന്നാൽ അതിനൊന്നും ഇടകൊടുക്കാതെ നെല്ലിക്കുത്ത് ഒരു പലചരക്ക് കടതുടങ്ങാൻ ഉണ്ണിമമ്മദാജി കുഞ്ഞഹമ്മതിനെ നിർബന്ധിച്ചു. അങ്ങിനെ ആ കച്ചവടം ഒന്നുരണ്ടുകൊല്ലത്തിനകം വളരെ അഭിവൃദ്ധിപ്പെട്ടു. മലഞ്ചരക്ക് വാങ്ങി കോഴിക്കോട്ടോ പാലക്കാട്ടോ വിൽക്കാനും അവിടെനിന്ന് അരിമസാലകൾ വാങ്ങി നെല്ലിക്കുത്തും പാണ്ടിക്കാട്ടും ചെമ്പശ്ശേരിയിലുമൊക്കെ എത്തിക്കാനും അതിനാവശ്യമായ പോത്ത്, കാളകൾ വലിക്കുന്ന വണ്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങിനെ സമ്പാദിക്കുന്ന പണം പൊതുരംഗത്ത് ചിലവഴിക്കാനും സാധുക്കളെ സഹായിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി. അതിന് പുറമെ പണക്കാരനായ പ്രമാണിച്ചെക്കന്റെ കലാരസികത്വം, കോൽക്കളി, ദഫ്കളി, പാട്ടു പാടിപ്പറയൽ (കഥാപ്രസംഗം), മതപ്രസംഗം ഇതിനൊക്കെ കുഞ്ഞഹമ്മത് മുൻകയ്യെടുക്കുകയും പണം ചിലവിട്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹം തന്നെ മാപ്പിളപ്പാട്ടുകൾ നന്നായി പാടുമായിരുന്നു. അർത്ഥം പറയാനും അറിയാമായിരുന്നതിനാൽ പലപ്പോഴും ആ കൃത്യവും നിർവ്വഹിച്ചിരുന്നു.
ചിലപ്പോൾ കോഴിക്കോട്ടേക്കോ പാലക്കാട്ടേക്കോ നിരനിരയായി പോകാനുള്ള ചരക്ക് വണ്ടികളിലൊന്നിന്റെ മുക്കണയിലിരുന്ന് രാത്രികാലങ്ങളിൽ അദ്ദേഹം പാടുമായിരുന്നു. ഈ പാട്ടുകളീൽ ഹരം പിടിക്കുന്ന കൂട്ടുകാർ ഏറ്റുപിടിക്കുന്നതോടെ നിശയുടെ നിശബ്ദതയെ ഭജ്ഞിച്ച് കുഞ്ഞഹമ്മദിന്റെ ശബ്ദം ഏറനാടൻ കുന്നുകളേയും താഴ്വരകളെയും രോമാഞ്ചം കൊള്ളിച്ചു.
അതിനിടക്കാണ് ചെമ്പശ്ശേരിയിൽ മഞ്ചേരി കോവിലകക്കാരുടെ വകയായിരുന്ന കുറേയേറെ ഭൂമി ഒഴിപ്പിക്കൽ നടപടി ഉണ്ടായത്. ഇതിനെതിരെയാണ് മഞ്ചേരിയിൽ 1896ൽ നടന്ന പ്രധാന ചാവേർ സമരം. 94 മാപ്പിളമാരാണ് അവിടെ മരിച്ചത്. ഇതുസംബന്ധിച്ച കേസ്സിൽ കുഞ്ഞഹമ്മതിനെ പ്രതിയാക്കാൻ അന്ന് സർവ്വീസിലുണ്ടായിരുന്ന ആനക്കയത്തെ ചേക്കുട്ടി ഇൻസ്പെക്ടർ ശ്രമിച്ചു. എന്നാൽ കുഞ്ഞഹമ്മതിനെ അതിൽനിന്ന് രക്ഷിക്കാൻ അത്തൻകുരിക്കളുടെ പേരമകൻ സർക്കിൾ ഇൻസ്പെക്ടർ അഹമ്മദ് കുരിക്കളുടെ മകനും അന്ന് കൊയിലാണ്ടിയിൽ സർക്കിൾ ഇൻസ്പെക്ടറുമായിരുന്ന അബ്ദുല്ലക്കുരിക്കൾ കാര്യമായി സഹായിച്ചു. ചക്കിപറമ്പൻ മൊയ്തീൻകുട്ടിഹാജി (കുഞ്ഞഹമ്മതിന്റെ പിതാവ്)യുടെ സഹോദരീ പുത്രിയായിരുന്നു ഭാര്യ. എന്നാൽ പരമ്പരാഗത ബ്രിട്ടീഷ് വിരുദ്ധരുടെ ലിസ്റ്റിലുൾപ്പെട്ട കുടുംബാംഗമെന്ന നിലക്ക് കുഞ്ഞഹമ്മദിനെ രക്ഷിക്കാൻ കുരിക്കൾ കുടുംബം വളരെ വിഷമിക്കേണ്ടിവന്നു. ഇതോടുകൂടി കുഞ്ഞഹമ്മദിന് തന്റെ കുടുംബ പാരമ്പര്യവും ബ്രിട്ടീഷുകാർ തന്റെ കുടുംബത്തിനെതിരെ നടത്തിയ ഉപജാപവുമെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു.
സീറാ പാരായണം – പാട്ടുപാടി പറയൽ (രണ്ടും കഥാ പ്രസംഗം) എന്നിവ ഏറനാട്ടിൽ രാത്രികാലങ്ങളിലെ, (പ്രത്യേകിച്ച് വേനൽ കാലങ്ങളിലെ പതിവ് വിനോദമായിരുന്നു. യുവാവും കലാരസികനുമായ കുഞ്ഞഹമ്മദ് ഈ പൊതുപ്രവർത്തകനുമെന്ന നിലക്ക് പരിപാടികളിലെ സജീവ പങ്കാളിയായിരുന്നു. ബദര്‍, ഉഹ്ദ്, മലപ്പുറം എന്നീ പടപ്പാട്ടുകൾ ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച. ചോറൂർ പടപ്പാട്ട്, കുഞ്ഞിമരക്കാർ ശഹീദ്,പന്തലായനി കടപ്പുറത്ത് നസാറാക്കൾ(പോർത്തുഗീസ് പട്ടാളക്കാർ) ബലാൽസംഗം ചെയ്ത് വധിച്ച ആയിശ എന്ന മാപ്പിളപ്പെണ്ണിന്റെ കണ്ണീരിൽ കുതിർന്ന കഥ (ആയിശ പോർത്തുഗൽ ഭാഷയിൽ രചിക്കപ്പെട്ടതും ആ ഭാഷയിലെ എണ്ണപ്പെട്ട കൃതിയുമാണ്). ചേറൂർ പട അയിത്തത്തിനും ജാതിമേധാവിത്വത്തിനു മെതിരെ ബ്രിട്ടീഷ് പട്ടാളവും മാപ്പിളമാരും തമ്മിൽ നടന്ന പോരാട്ടത്തിന്റെ കഥയും മലപ്പുറം കഥയാകട്ടെ ജാതി മേധാവിത്വത്തിനെതിരെ മാപ്പിള പിന്നോക്ക വിഭാഗങ്ങൾ കൂട്ടായി നടത്തിയ പോരാട്ട ചരിത്രവുമാണ്.

മറ്റേത് രണ്ടും അറേബ്യൻ ഫ്യൂഡൽ പ്രഭുത്വത്തിനെതിരെ പ്രവാചകന്റെ നേതൃത്വത്തിൽ നടന്ന സമരഗാഥകളാണ്. ഈ പാട്ടുകൾ പാടി വിശദീകരിക്കുന്ന കഥാപ്രസംഗം സാമാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടിരുന്നു. ഒന്നാമത് നസാറാക്കൾ (ക്രിസ്ത്യാനി) ക്കെതിരെ മാപ്പിളമാർ നടത്തിയ പോരാട്ടക്കഥകളും ജാതിമേധാവിത്വത്തിനെതിരെ നടന്ന ഏറ്റുമുട്ടലുകളും ബ്രിട്ടീഷുകാർ നാടുനീളെ നടത്തിയിരുന്ന കള്ളക്കഥകളുടെ കള്ളി പൊളിക്കുന്നതായിരുന്നു. ഈ പാട്ടുകളിൽ പ്രവാചകന്റെ നേതൃത്വത്തിൽ അറേബ്യയില്‍ നടന്നതായിരുന്നാലും മാപ്പിള-പിന്നോക്ക വർഗ്ഗങ്ങൾ ഇവിടെ നടത്തിയിരുന്നതായാലും മാപ്പിളപ്പാട്ടുകളിലും ചില മുസ്ല്യാന്മാർ ഉറുതി(മതപ്രസംഗം) കളിൽ ഉപയോഗിച്ചിരുന്നതും അറബിഭാഷയിലെ കാഫിർ, എന്ന പദമായിരുന്നു. കാഫിർ എന്നാൽ ഹിന്ദു എന്നാണര്‍ത്ഥമെന്ന് എങ്ങിനെയൊ ഒരു ധാരണ അക്കാലത്തും ഇന്നും നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ കാഫിർ എന്ന പദത്തിന് വിപുലമായ അര്‍ഥമാണുള്ളത്. പൊതുവെ അവിശ്വാസികൾ എന്ന അർത്ഥത്തിലാണ് ആ പദം പ്രയോഗിച്ചുവരുന്നതെങ്കിലും, അവിശ്വാസി എന്നതിന് അറേബ്യൻ പരമ്പരാഗത ഫ്യൂഡലിസ്റ്റുകളെ മാത്രമല്ല ഖുർആനിൽ യഹൂദി നസാറാക്കൾ എന്ന് വിവരിക്കുന്ന വിഭാഗങ്ങളെയും കൂടിയാണ് ആ പദം സൂചി പ്പിക്കുന്നത്. എന്നാൽ ബ്രിട്ടീഷുകാരും അവരുടെ എല്ലാവിധ പ്രചാരണ മാധ്യമങ്ങളും അന്നത്തെ മാപ്പിളമാരേയും മറ്റു ഇന്ത്യൻ ജാതികളെയും തമ്മിലടിപ്പിക്കാൻ ഇത്തരം ചില പദങ്ങളെ വേണ്ടതിലധികം ദുരുപയോഗപ്പെടുത്തി. കോൺഗ്രസ്സുകാരായ ചില അമുസ്ലിം നേതാക്കളും, സാധാരണ പ്രവർത്തകർ പോലും ഈ ബിട്ടീഷ് പ്രചരണത്തെ ഏറ്റുപിടിച്ചിരുന്നു എന്നത് ഒരു ദുഃഖസത്യമായിരുന്നു. കഥാപ്രസംഗങ്ങളും കലാപ്രകടനങ്ങളും നടത്താൻ മുൻകയ്യെടുത്തിരുന്ന കുഞ്ഞഹമ്മതിന്റെ പ്രവർത്തനങ്ങളെ ബ്രിട്ടീഷധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഈ നിരീ ക്ഷണത്തിന്റെ മേൽനോട്ടമാകട്ടെ ആനക്കയത്തെ ചേക്കുട്ടി ഇൻസ്പെക്ടര്‍ക്കായിരുന്നുതാനും. ചേക്കുട്ടി ഇൻസ്പെക്ടർ കുഞ്ഞഹമ്മദിന്റെ ദൃഷ്ടിയിൽ വേണ്ടതിലധികം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു. അതെ അവസരത്തിൽ കുഞ്ഞഹമ്മദിനെ തളച്ചിടാൻ പഴയ ബ്രിട്ടിഷ് പോലീസിന്റെ ഹീനമായ എല്ലാ അടവുകളും കുറച്ച് വൃത്തികെട്ട രൂപത്തിൽ നടപ്പിലാക്കാൻ ഇൻസ്പെക്ടർ (ശമിക്കുകയും ചെയ്തിരുന്നു.
ഏതായാലും കുഞ്ഞഹമ്മതിന്റെ അതിരുകടന്ന ദേശീയബോധവും ബ്രിട്ടീഷ് വിരോധവും അദ്ദേഹത്തിന്റെ സഹായികളായിരുന്ന അബ്ദുല്ലക്കുരുക്കൾക്കും അനുജൻ അഹമ്മത് (നെല്ലിക്കുത്ത് അംഗം അധികാരി)കുരിക്കൾക്കും വലിയ തലവേദനയായി. അങ്ങിനെ കുരിക്കൾ കുടുബവും കുഞ്ഞഹമ്മതിന്റെ മറ്റു കുടുംബങ്ങളും ഇടപെട്ട് അദ്ദേഹത്ത 1899ൽ മക്കയിലേക്ക് ഹജ്ജിന് പറഞ്ഞയച്ച് തൽക്കാലം പ്രശ്നപരിഹാരം കണ്ടെത്തി. ഹജ്ജ് യാത്രക്കിടയിൽ ബോംബെയിലെത്തിയ കുഞ്ഞഹമ്മത് താനൂർ സ്വദേശികളായ രണ്ട് ഇളനീർ കച്ചവടക്കാരുമായി പരിചയപ്പെട്ടു. അവരുമായി സൗഹൃദമായപ്പോൾ ബോംബെയിലെ കച്ചവടരീതിയും വ്യാപാര തന്തങ്ങളും പഠിക്കണമെന്നായി കുഞ്ഞഹമ്മതിന്.
അതിന് ശ്രമിച്ചപ്പോഴാണ് അവിടത്തെ ഭാഷ അറിയണമെന്ന് മനസ്സിലായത്. താനൂർ സുഹൃത്തുക്കളുമായി ബന്ധമുണ്ടായിരുന്ന പൊന്നാനിയിൽ ഒരു കച്ചവടക്കാരനായ കച്ചിമേമൻ സേട്ടുവിന്റെ ബോംബെ ആപ്പീസിലെ കാർക്കായിരുന്ന പൊന്നാനി ഭാഗത്തുള്ള ഒരു മുത്താലു മുസ്ലിയാരെ കുഞ്ഞഹമ്മതിന് ഗുരുവായി കിട്ടി. ഹിന്ദുസ്ഥാനി, ഉറുദു, അത്യാവശ്യം ഇംഗ്ലീഷിലുള്ള പ്രാക്ടീസുമൊക്കെ ആയപ്പോൾ ബോംബെയിലെ ബിസിനസ്സിനെപ്പറ്റി കുഞ്ഞഹമ്മത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു. ഒരു കോണ്‍ഗ്രസുകാരനായ മുത്താലു മുസ്ലിയാർ കുഞ്ഞഹമതിനെ ബോംബയിലെ കോണ്ഗ്രസ് പ്രവർത്തനങ്ങളെപ്പറ്റിയും ബോധവാനാക്കി. തന്റെ സ്വതസിദ്ധമായ ബ്രിട്ടീഷ് വിരോധവും സ്വാതന്ത്ര്യബോധവും കോൺഗ്രസ്സ് പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും, ആകർഷിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ വാളെടുത്ത് കലാപം കൂട്ടുന്നതിനെക്കാൾ കോൺഗ്രസ്സ് പറയുന്ന തത്വം പ്രായോഗികമാണെന്നദ്ദേഹത്തിന് ബോധ്യമായി. പക്ഷെ, നാട്ടിലന്ന് കോൺഗ്രസ്സ് ഉണ്ടായിരുന്നില്ല.
അടുത്ത കൊല്ലം കുഞ്ഞഹമ്മത് മക്കയിലേക്ക് പോയി. ഹജ്ജ് കർമ്മങ്ങളും പ്രാർത്ഥനയും ചെറിയ കച്ചവടവും മറ്റുമായി 5 കൊല്ലം അവിടെ നിന്നു. അന്ന് മിക്കവാറും ഒരു ദരിദ്രരാജ്യമായിരുന്ന ഹിജാസ്, തുർക്കി മേൽക്കോയ്മയിലായിരുന്നു. മക്കയിലെ 4-ാമത് വർഷത്തിൽ മദീനയിൽ പോയി മടങ്ങവെ അദ്ദേഹത്തെ രണ്ടു ബദുക്കൾ ചേർന്നു കൊള്ള ചെയ്തു. മൽപിടുത്തത്തിനിടയിൽ അവശനായിപ്പോയ ഹാജി വഴിയിൽ വീണുകിടക്കുന്നതുകണ്ട് മറ്റു ചില മലയാളികളദ്ദേഹത്തെ മക്കയിലെത്തിച്ചു. അക്കൊല്ലം ഹജ്ജിന് വന്നിരുന്ന പേരാപ്പുറം കുഞ്ഞിതീൻ അധികാരിയുടെ ഭാര്യ (പേരാപ്പുറം അയമുട്ടി അധികാരിയുടെ ഉമ്മ) കൊല്ലറമ്പൻ ബിയാത്തുമ്മ ഹജ്ജുമ്മ എങ്ങിനെയൊ ഈ വിവരമറിഞ്ഞു. ഏറനാട്ടിലെ പ്രസിദ്ധ കുടുംബമായിരുന്ന വാരിയൻകുന്നൻ കുഞ്ഞഹമ്മതിനെ വേണ്ടപ്പെട്ടവർ ചേർന്ന് ഹജ്ജിനു പറഞ്ഞയച്ച വിവരം അന്ന് നാട്ടിൽ പാട്ടായിരുന്നു. ഹജ്ജുമ്മ ഒരാളെ അയച്ച് കുഞ്ഞഹമ്മതിനെ വരുത്തി വിവരമന്വേഷിച്ച് അത്യാവശ്യ സഹായങ്ങൾ നൽകുകയും ചെയ്തു. (വിപ്ലവപ്പടയോട്ടത്തിൽ പേരാപ്പുറം അയമുട്ടി അധികാരിയുടെ വീട്ടിലെത്തിയ ഹാജിയേയും സംഘത്തെയും ഭയപ്പെട്ട് അയമുട്ടി അധികാരി ഒളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഉമ്മ ബിരിയാത്തുമ്മ ഹജ്ജുമ്മ പുറത്തുവന്ന് വാരിയൻകുന്നൻ കുഞ്ഞഹമ്മത് ഇക്കൂട്ടത്തിലുണ്ടോ എന്ന് ചോദിച്ചുവത്രെ. ഉടനെ ഹാജി അടുത്തേക്ക് ചെല്ലുകയും ഹജ്ജുമ്മയെ കണ്ടപ്പോൾ സലാം പറയുകയും ചെയ്തു. ഇവിടത്തെ തോക്ക് വാങ്ങാനാണ് ഞങ്ങൾ വന്നതെന്ന് ഹാജി വിനയപൂർവ്വം ഹജ്ജുമ്മയെ അറിയിച്ചു. തോക്ക് ഞാൻ തരാം നീ ഇരിക്ക് ഞാനൊരു ഗ്ലാസ് വെള്ളമെടുക്കട്ടെ എന്നവർ പറഞ്ഞുവെന്നും അതു കുടിച്ചുവെന്നും – അല്ല അവിടെ വിഭവസമ്യദ്ധമായ സദ്യ നൽകിയെന്നും രണ്ട് കഥകളുണ്ട്- ഏതായാലും തോക്കുമായാണ് ഹാജി മടങ്ങി പോയത് .

1905ൽ നെല്ലിക്കുത്ത് തിരിച്ചെത്തിയ ഹാജിയെ ബ്രിട്ടീഷ് പോലീസ് അവിടെ താമസിക്കാൻ സമ്മതിച്ചില്ല. നെടിയിരിപ്പിൽ താമസിക്കുന്നതിന് അനുവാദം കിട്ടി. കുണ്ടോട്ടി റജിസ്റ്റർ ഓഫീസിലെ ശിപായിയായിരുന്ന കയുടൻ ഉണ്ണിയതിന്റെ മകൾ സുന്ദരിയും സുശീലയുമായ ഉമ്മാഖിയയെ ഹാജി വിവാഹം കഴിച്ചു. നെടിയിരുപ്പ് മൊറയൂർ അതിർത്തിയിലുള്ള പോത്തുണ്ടിപ്പാറയിൽ അദ്ദേഹം ഒരു പലചരക്ക് മലഞ്ചരക്ക് കട തുടങ്ങി. അതിന്റെ ബ്രാഞ്ചെന്നവണ്ണം നെല്ലിക്കുത്തെ പഴയ കടയും തുറന്നു. ഇതിനൊക്കെ വേണ്ടി അന്നൊരു രാജകക്ഷിക്കാരനായി അറിയപ്പെട്ട കോടിത്താടി അഹമ്മത് കുട്ടി ഹാജിയുടെ പക്കൽ നിന്ന് പണം കടം വാങ്ങിയിരുന്നുവത്രെ. ക്രമേണ കച്ചവടം അഭിവൃദ്ധിപ്പെട്ടു. ഏറനാടിൽനിന്ന് മലഞ്ചരക്ക് ശേഖരിക്കാൻ നെല്ലിക്കുത്ത് ഗോഡൗൺ തുറന്നു. ഇതിനെ എതിർത്ത ചേക്കുട്ടി ഇൻസ്പെക്ടർക്കെതിരെ അന്ന് മലപ്പുറം സ്‌പെഷ്യല്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന എ. ആർ. എൽ. ടോട്ടൻ ഫാമിനെ നേരിൽ കണ്ട് സംസാരിച്ച് നെല്ലിക്കുത്ത് ഗോഡൗണിന് അനുമതി വാങ്ങി. എന്നാൽ താമസം നെടിയിരുപ്പിൽ തന്നെയാവണമെന്നായിരുന്നു നിശ്ചയം. ടോട്ടൻഹാമുമായി ഹാജി പിന്നീട് പലപ്പോഴും നേരിൽ ബന്ധപ്പെട്ടിരുന്നു.
അക്കാലത്ത് ഹാജിക്ക് 10 കാളവണ്ടികളുണ്ടായിരുന്നതായി ഇപ്പോൾ 107 വയസ്സുകാരനും പോത്തുണ്ടിപ്പാറ കച്ചവടത്തിൽ ഹാജിയുടെ സഹായിയുമായിരുന്ന നെടിയിരുപ്പിലെ കാളങ്ങാടൻ മൊയ്തീൻ ഓർക്കുന്നു. ഈ വണ്ടികൾ പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും അവിടെനിന്ന് ഏറനാട്ടിലേക്കും തിരിച്ചും ചരക്കുകൾ കൈമാറി.
ഏറനാട്ടിലെ നാട്ടുകക്ഷിക്കാരനായ പണക്കാരനായും ബോംബെയിൽ നിന്നും ഹിജാസിൽ നിന്നും ലഭിച്ച ലോകപരിചയവും ഭാഷാ പരിജ്ഞാനവും സ്വതസിദ്ധമായ സംസാരചാതുരിയും ഹാജിയെ സമൂഹത്തിലെ നേതാവായി വളർത്തി.
ജനങ്ങൾക്കിടയിൽ ഹാജിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്വാധീനം പോലീസ് മേധാവികളെ അസ്വസ്ഥരാക്കി. അദ്ദേഹത്തെ സ്ഥാനമാനങ്ങളും കൂടുതൽ ധനാഗമ മാർഗ്ഗങ്ങളും നൽകി പാട്ടിലാക്കാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടപ്പോഴാണ് ബ്രിട്ടീഷ് ഭരണകൂടം അത്ഭുതപ്പെട്ടത്. കൂടയിലൊതുങ്ങാത്ത ഈ വടി മുറിക്കുകയാണ് നല്ലതെന്നായിരുന്നുവത് ഹാജിയെ മെരുക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ച കല്ലുവെട്ടി അയമു മുതലാളി ടോട്ടൻഹാമിനോട് പറഞ്ഞത്.
പിന്നീട് ഹാജിക്ക് ചുറ്റും ഒരു ചാരവലയവും പുറത്തറിയാത്ത ശത്രുവ്യൂഹവും ചമച്ചുകൊണ്ട് ഹാജിയെ എപ്പോൾ വേണമെങ്കിലും തളക്കാവുന്ന കെണിയൊരുക്കി വെക്കുകയാണ് ബിട്ടീഷുകാർ ചെയ്തത്.
നേരത്തെ പറഞ്ഞത് പോലെ പോലീസിന്റെ നിരീക്ഷണച്ചുമതല ചേക്കുട്ടി ഇൻസ്പെക്ടർക്കും നിരീക്ഷകൻ പന്തല്ലൂർ ഔട്ട്‌പോസ്റ്റിലെ കോണ്‍സ്റ്റബിള്‍ കക്കാടൻ ഐദ്രോസ് കുട്ടിയുമായിരുന്നു. ബ്രിട്ടീഷുകാർ രാഷ്ടീയഉദ്ദേശത്തോടെ കുഞ്ഞഹമ്മദിനെതിരായി വളർത്തിയവരാണ് വടകാങ്ങര കുഞ്ഞിമുഹമ്മദിനെയും കുഞ്ഞഹമ്മദാജിയുടെ മച്ചുനൻ (കുഞ്ഞഹമ്മദാജിയുടെ പിതാവ് മൊയ്തീൻകുട്ടി ഹാജിയുടെ സഹോദരിപുത്രൻ) വള്ളിക്കാപറമ്പിൽ തൊണ്ടിയിൽ ഐദ്രുഹാജിയേയും. മൊയ്തീൻകുട്ടി ഹാജിയുടെ കണ്ട് കെട്ടിയ ഭൂമി ലേലം(എട്ട് രണ്ട് ലേലം എന്നായിരുന്നു ഇത്തരം സ്വത്തുക്കൾ ലേലം ചെയ്യുന്നതിന് പറഞ്ഞു വന്ന പേര്. അതായത് സ്വത്തിന്റെ നാലിലൊന്ന് വിലക്കാണ് ഇത്തരം കണ്ടു കെട്ടൽ സ്വത്ത് അധികവും ലേലം ചെയ്തിരുന്നത് ചെയ്തപ്പോൾ കുഞ്ഞഹമ്മദാജിക്കും കുടുംബത്തിനും വേണ്ടി മച്ചുനൻ എന്ന നിലക്ക് ലേലം ചെയ്ത ഭൂമി ഐദ്രുഹാജി മടക്കി കൊടുക്കാതെ വിശ്വാസവഞ്ചന ചെയ്തതായി പറയപ്പെടുന്നു. (കണ്ടുകെട്ടുന്ന സ്വത്ത്, സ്വത്തിന്റെ ഉടമസ്ഥർക്കോ അവരുടെ ബന്ധുക്കൾക്കോ ലേലം വിളിക്കാൻ നിയമം അനുവദിച്ചിരുന്നില്ല) മൊയ്തീൻകുട്ടി ഹാജിയുടെ സ്വത്ത് ലേലം ചെയ്തപ്പോൾ വിളിക്കാൻ ആളുകളില്ലാതെ രണ്ട് തവണ ലേലം മാറ്റിവെച്ചു. അവസാനം വടക്കാങ്ങര കുഞ്ഞിമുഹമ്മദിനെക്കൊണ്ട് ഇൻസ്പെക്ടർ ചേക്കുട്ടി ലേലം ചെയ്യിപ്പിച്ചാണ് വിളി തുടങ്ങിയത്. ഇതോട് കൂടി കുഞ്ഞിമുഹമ്മത് നെല്ലിക്കുത്ത് ധനികനും പ്രമാണിയുമായി. പാണ്ടിക്കാട് ഭാഗത്ത് ചെല്ലുന്ന പോലീസ് ഓഫീസർമാരും മറ്റു വി.ഐ.പികളും കുഞ്ഞിമുഹമ്മദിന്റെ അതിഥികളായിരുന്നു. വാരിയൻ കുന്നന്മാരെ ഇടിച്ചുതാഴ്ത്തി ജനങ്ങൾക്കിടയിൽ ബ്രിട്ടീഷനുകൂലികളെ പ്രതിഷ്ഠിക്കാനുള്ള ഈ ശ്രമം ജനങ്ങൾ തള്ളിക്കളഞ്ഞു. മേലാറ്റൂർ സബ് ഇൻസ്പെക്ടരുടെ സൈക്കിൾ മോഷ്ടിച്ചതിന് 30 യുവാക്കളുടെ പേരിൽ പാണ്ടിക്കാട് പോലീസ് കേസെടുത്തു. ഭയങ്കരമായ മർദ്ദനം നടന്നു. ഇക്കാലത്ത് എഴുതാൻ പറ്റാത്തതാണ്. അവസാനം മേലാറ്റൂർ സബ് ഇൻസ്പെക്ടർ പാണ്ടിക്കാട് സ്റ്റേഷനതിർത്തിയിലെ വീട്ടിൽ എന്തിനു പോയി എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കാരണത്താൽ മഞ്ചേരി കോടതി ഈ കേസ് തള്ളി. കേസ് ജനങ്ങൾക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കി. ബ്രിട്ടീഷ് തന്ത്രം പൊളിഞ്ഞു. ഇതോടെ വാരിയംകുന്നന്റെ പ്രശസ്തി കൂടുകയും ബ്രിട്ടീഷുകാരുടെ മാപ്പിള എതിരാളികളുടെ പര്യായമായി വാരിയംകുന്നൻ ജനമനസ്സിൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.
എ കെ കോഡൂരിന്റെ ‘ആംഗ്ലോ- മാപ്പിള യുദ്ധം 1921’ എന്ന പുസ്തകത്തിന് കടപ്പാട്