ദലിതനും കറുത്തവനും ആദിവാസിയുമായതിന്റെ പേരില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്ന, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ തീവ്രവാദമായി വ്യാഖ്യാനിക്കുന്ന, അവര്‍ണ ശബ്ദങ്ങളെ ഇരവാദമായും സ്വത്വവാദമായും ചാപ്പയടിക്കുന്ന ലിബറല്‍- സവര്‍ണ പൊതുബോധം മുഖ്യധാരയായ കേരളത്തില്‍, ജോര്‍ജ് ഫ്‌ലോയിഡിനു വേണ്ടിയും വംശീയതക്കെതിരായും ഉയരുന്ന ശബ്ദങ്ങള്‍ കപട പുരോഗമന മുഖമാണ് വെളിവാക്കുന്നത്.
ആഗസ്റ്റ് സെബാസ്റ്റിയന്‍, ഷമീര്‍ കെ. മുണ്ടോത്ത്, അഖില്‍ജിത് കല്ലറ, ബിജു ബാലകൃഷ്ണന്‍, റഷാദ് വി. പി എന്നിവരെഴുതുന്നു..
ഓഗസ്‌ററ് സെബാസ്റ്റിയന്‍: മിനിയപൊളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവന്റെ കഴുത്തിൽ ഡെറക് ഷോവിനെന്ന ആക്ഷൻ ഹീറോ അമർത്തിയ കാലുകൾക്ക് മലയാളിയും കരുത്തു പകരുന്നുണ്ട്. ‘എനിക്ക് ശ്വാസം മുട്ടുന്നു’വെന്ന അടിക്കുറിപ്പിൽ ജോർജ് ഫ്ലോയ്ഡിന്റെ ചിത്രം പ്രൊഫൈൽ ആക്കുന്നവരിൽ പലരും ഇപ്പോഴും ആക്ഷൻ ഹീറോ ബിജു കറുത്ത തൊലിയുള്ള ഫ്രീക്കൻമാരെ തൊഴിലും പാരമ്പര്യവും പറഞ്ഞ് അപമാനിക്കുന്ന രംഗം കണ്ട് പൊട്ടിച്ചിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. കറുത്ത സ്ത്രീയെ പ്രേമിച്ചവന്റെ കരണത്തൊന്നു കൊടുത്തിട്ട് ‘ഇത് നീ ഇതുപോലൊരു സാധനത്തെ പ്രേമിച്ചതിനെ’ന്ന് പറയുമ്പോഴും ചിരിച്ച് വയറുളുക്കുന്ന മലയാളിയുടെ എഫ്ബി അക്കൗണ്ടിൽ ജോർജ് ഫ്ലോയ്ഡിന്റെ കഴുത്ത് പിന്നെയും പിന്നെയും ഞെരിഞ്ഞമരുന്നതിനേക്കാൾ വലിയ അശ്ലീലമുണ്ടാവില്ല. എതിർ രാഷ്ട്രീയക്കാരെ പരിഹസിക്കാൻ അതേ ചിത്രത്തിലെ രംഗം മീമാക്കുന്ന ഇടതു ലിബറലുകളും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ചിട്ടുണ്ടാവാം. ലാ ഇലാഹ ഇല്ലലാഹ വിളിച്ചല്ല പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കേണ്ടതെന്ന് പ്രഖ്യാപിച്ചവരും ‘ബ്ലാക് ലൈവ്സ് മാറ്റർ’ എന്ന വാചകത്തോടെ മിനെസോറ്റ പൊലീസ് സ്റ്റേഷൻ കത്തുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ടാവാം. സ്വത്വ രാഷ്ട്രീയത്തെ എതിർക്കുന്ന ഇടതു ലിബറലുകൾ മാൽകം എക്സിന്റെ ചിത്രം പ്രൊഫൈലാക്കുന്നതോടു കൂടെ ഈ കാപട്യ നാടകത്തിന്റെ രസച്ചരട് മുറുകും. ഈ നിമിഷം പോലും കറുത്ത നിറത്തെ പരിഹസിക്കുന്ന ബുള്ളിയിംഗിനെ തമാശയായി ആസ്വദിക്കുന്ന വല്ലാത്ത മനോനിലയുള്ളവരാണ് മലയാളികൾ. സംശയമുണ്ടെങ്കിൽ വിനോദ ചാനലുകളിലെ കോമഡി പരിപാടികൾ കണ്ടു നോക്കുക. കോളനിവാസികളും കറുത്തവരും പ്രാകൃതരാണെന്ന റേഷ്യൽ സ്ലറ്‍ റോസ്റ്റിംഗെന്ന രൂപത്തിൽ അവതരിപ്പിക്കുന്ന അർജുനെന്ന സൈബർ ബുള്ളിയുടെ യൂട്യൂബ് ചാനലിന് ദശലക്ഷക്കണക്കിന് വരിക്കാരുണ്ടായത് എത്ര വേഗത്തിലാണെന്നത് മലയാളിയുടെ വംശീയ വെറിയുടെ ആഴം കൂടിയാണ് കാട്ടുന്നത്.

ജോര്‍ജ് ഫ്ളോയിഡിന്‍റെ കഴുത്തില്‍ അമര്‍ന്നിരിക്കുന്ന കാലിന്‍റെ ഉടമകളായി എടുത്തുവയ്ക്കാന്‍ കേരളത്തില്‍ നിന്ന് ഒരുപാട് ആളുകളെ കിട്ടും. നിറം പിടിപ്പിച്ച മുടിയുമായി നടന്ന വിനായകനെന്ന ദലിത് യുവാവിന്‍റെ മുലക്കണ്ണ് വലിച്ചു പറിച്ച്, മുടിയില്‍ കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ച് കൊല്ലാക്കൊല ചെയ്ത പൊലീസുകാരടക്കം എണ്ണിയാലൊടുങ്ങാത്ത ആക്ഷൻ ഹീറോ ഡെറക് ഷോവിന്‍ ബിജുമാര്‍ കേരളത്തിലുണ്ട്.
മിനെസോറ്റയില്‍ നിന്ന് വിഭിന്നമായി വിപ്ലവ കേരളത്തില്‍ പാവറട്ടി പൊലീസ് സ്റ്റേഷന്‍ എരിഞ്ഞ് ചാമ്പലായില്ല എന്നതും കേരളത്തിന്‍റെ കപട പുരോഗമന മുഖത്തെ വെളിവാക്കുന്നു.
അതുകൊണ്ട് ഡെറക് ഷോവന്‍റെ മുഖത്തിന്‍റെ സ്ഥാനത്ത് തത്കാലം കേരളത്തിന്‍റെ സ്റ്റേറ്റിസ്റ്റ് വംശീയതയുടെ ഉത്തമ സാംസ്കാരിക പ്രതിരൂപമായ ആക്ഷന്‍ ഹീറോ ബിജുവിനെ ഞാന്‍ വയ്ക്കുന്നു. അവിടെ നിരവധി മുഖങ്ങള്‍ വരേണ്ടതുണ്ട് എന്ന തിരിച്ചറിവോടെ തന്നെ. https://www.facebook.com/photo.php?fbid=10157076883167483&set=a.476297487482&type=3&theater
ഷമീര്‍ കെ. മുണ്ടോത്ത്: ഒരു തെരുവിൽ അനീതി നടന്നാൽ വൈകുന്നേരത്തിനു മുന്നെ അവിടം കത്തിയെരിയണം എന്ന് ഇപ്പോൾ പോസ്റ്ററൊട്ടിക്കുന്ന സൈബർ സഖാക്കളും ലെഫ്റ്റ് ലിബറലുകളും ആയിരുന്നല്ലോ സി എ എ വിരുദ്ധസമരത്തിനു തീവ്രവാദ ചാപ്പയടിക്കാൻ മുന്നിലുണ്ടായിരുന്നത് എന്നോർക്കുന്നത് നല്ലതായിരിക്കും. മതം നോക്കി പൗരത്വം നിഷേധിക്കുന്നതിലും വലിയ അനീതി ലോകത്തൊരു രാജ്യത്തും നടക്കാനില്ല. ആ സമരത്തെ തളർത്താൻ നിങ്ങൾ നടത്തിയ നീചമായ പ്രചരണങ്ങൾ മറക്കാറായിട്ടില്ല. https://www.facebook.com/shameer.mundoth/posts/3423399144387888
അഖില്‍ജിത്ത് കല്ലറ: ദളിതനായ വിനായകനെ പോലീസ് കൊലപ്പെടുത്തിയപ്പോൾ ഒരു ഫോട്ടോ പോലും കാണാതിരുന്ന സകലമാന സവർണ പ്രൊഫൈലുകളിലും ഇപ്പോൾ അമേരിക്കയും ജോർജ് ഫ്ലോയ്ഡും ഒക്കെ നിറഞ്ഞു നിൽക്കുന്നു.
ഇവിടെ ദളിത് ആദിവാസികൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ കണ്ടില്ലായെന്നു വെച്ചു നിങ്ങൾ കാണിക്കുന്ന ഈ പ്രഹസനമുണ്ടല്ലോ. അതിലും വലിയ കാപട്യം വേറൊന്നുമില്ല.
നിങ്ങളിടുന്ന പോസ്റുകളിലെ റേസിസ്റ്റുകൾ നിങ്ങൾക്കുള്ളിലും ഉണ്ടെന്നു തിരിച്ചറിയുക. അവിടെ പോലീസ് സ്റ്റേഷൻ കത്തിച്ചത് പോലെ ഇവിടെയും വേണം എന്ന പോസ്റ്റ് ഇടുന്നതിനു മുൻപ് സ്വന്തം വീട് അങ്ങു കത്തിക്കുക. ഇവിടെ ആതിരമാർ വീടുകളിലാണ് കൊലചെയ്യപ്പെടുന്നത്. നിങ്ങൾ നടത്തുന്ന റേസിസ്റ് സ്ഥാപനം ആദ്യം കത്തട്ടെ. എന്നിട്ടു പോരെ ബാക്കിയുള്ളത്. https://www.facebook.com/akhiljitht/posts/3484157194946456
ബിജു ബാലകൃഷ്ണന്‍: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോഡിനെ
പോലീസ് കസ്റ്റഡിയിൽ കൊന്നതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ നിന്നുള്ള കാഴ്‌ച്ചയാണ്.

രണ്ട് വർഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ദളിത്‌ജനതയോടുള്ള പീഡനങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഏപ്രില്‍ ഒന്‍പതിനാണ് ദളിത് സംഘടനകള്‍ ചേർന്നൊരു ഹർത്താലിന് ആഹ്വാനം ചെയ്‌തത്,
കേരളരുപീകരണശേഷം അന്നത് വരെയുണ്ടായ ഹർത്താലുകളോടൊന്നും പുലർത്താത്ത കാർക്കശ്യനിലപാടാണ് ആ ഹർത്താലിനോട് ഇവിടത്തെ പോലീസും ഭരണകൂടവും കാണിച്ചത്. പേരും നാളും ഇല്ലാത്തവരുടെ ഹർത്താലെന്നാണ് കമ്മ്യൂണീസ്‌റ്റ് നേതൃത്വത്തിലുള്ളവരടക്കം അന്ന് ആ ഹർത്താലിനെ പരിഹസിച്ച് പറഞ്ഞത്. അന്നതിന് ഒപ്പം ഇരുന്ന് ഇളിച്ച് കൈകൊട്ടിയവർ, പരിഹസിച്ചവർ അമേരിക്കയില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം അർപ്പിക്കുന്ന കാഴ്‌ച്ച കാണുമ്പോളാണ് അവനവനിടങ്ങളില്‍ ഇവരെത്ര കാപട്യമുള്ളവരാണെന്ന് മനസ്സിലാകുന്നത്… https://www.facebook.com/photo.php?fbid=2910355919000506&set=a.212991492070309&type=3&theater
– അങ്ങ് അമേരിക്കയിലെ പ്രതിഷേധങ്ങള്‍ ആഹാ!
ഇങ്ങ് കേരത്തിലാകുമ്പോള്‍ അത് സ്വത്വവാദ സ്വാഹാ!
വിനായകന്റെ മരണത്തിന് കാരണക്കാരായ പോലീസ്‌ക്കാർക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമം, ആത്മഹത്യാപ്രേരണാകുറ്റം എന്നിവ ചുമത്തി നടപടിയെടുക്കാന്‍ പ്രതിഷേധങ്ങള്‍ ഉയർന്ന സമയത്ത്,
വിനായകനെ കൊന്നത് അല്ലല്ലോ അവന്‍ ആത്മഹത്യ ചെയ്‌തതല്ലേ നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേയെന്ന് ചോദിച്ചവരില്‍ മരിക്കുന്നത് വരെ ഇതേ വിനായകന്‍ പ്രവർത്തിച്ചിരുന്ന അതെ പ്രസ്ഥാനത്തിന്റെ ആളുകളും ഉണ്ടായിരുന്നുവെന്നതാണ് വസ്‌തുത.
ഇന്ന് അതേ ആളുകള്‍ അമേരിക്കയിലെ ആ പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം അർപ്പിക്കുന്ന കാഴ്‌ച്ച കാണുമ്പോള്‍
ഉള്ള സംശയമൊന്ന് അവരില്‍ രാഷ്‌ട്രിയപമായ തിരിച്ചറിവുകള്‍ ഉണ്ടായതാണോ അതോ അതങ്ങ് അമേരിക്കയിലായത്‌കൊണ്ട് മഌഷ്യാവകാശമെന്ന ശരിയും ഇങ്ങിവിടെയാണല്‍ വീണ്ടും ഇരവാദവും സ്വത്വവാദചാപ്പയടിയുമായി വരുമോയെന്നതാണ്. https://www.facebook.com/BIJUCHICHIS/posts/2916779021691529
റഷാദ് വി പി: സ്വന്തം നാട്ടിലെ വംശീയതക്കെതിരെ മിണ്ടാൻ സാധിക്കാത്തവർ, വംശീയ ഉന്മൂലന സിദ്ധാന്തങ്ങൾക്കെതിരെ വായ തുറക്കാത്തവർ, എൻ ആർ സി യെന്ന വംശീയ ഉന്മൂലന നിയമത്തിനെതിരെ വിരൽ ചൂണ്ടാതവർ ഭരണകൂട ഭീകരതക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മുസ്‌ലിം വിരുദ്ധതക്കെതിരെ ശബ്ധമുയർത്തിയതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട മുസ്‌ലിം ചെറുപ്പത്തിനു വേണ്ടി
സംസാരിക്കാതവർ മുസ്‌ലിം വേട്ടക്കെതിരെ നിശബ്ധത പാലിച്ചവർ.. ഇപ്പോൾ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് പ്ലക്കാർഡ് ഉയർത്തുന്നത് കാണുമ്പോൾ എഫ് ബി വാളിൽ അക്ഷരങ്ങൾ നിരത്തുന്നത് വായിക്കുമ്പോൾ വലിയ അൽഭുതമോ ആശ്ചര്യമോ ഒന്നും തോന്നുന്നില്ല.
നിങ്ങളുടെ നിലപാടുകളിൽ രാഷ്ട്രീയത്തിൽ അലിഞ്ഞ് ചേർന്ന കാപട്യത്തെ, സെൽകറ്റീവ് ഓർമ്മകളെ, മറവികളെ പ്രതിഷേധങ്ങളെ, മലക്കം മറിയലുകളെ,
ഇസ്ലാമോഫോബിക് രാഷ്ട്രീയത്തെ, കപട മതേതര ലിബറൽ വാദങ്ങളെ നന്നായി അറിയുന്നവർ ഇതൊക്കെ തന്നെയേ പ്രതീക്ഷിക്കുന്നുള്ളൂ.
മുസ്‌ലിം ആയതിന്റെ പേരിൽ മാത്രം തല്ലികൊല്ലപ്പെടുന്നവർ
തല്ലി ചതക്കപ്പെടുന്നവർ,അതിന്റെ തുടർച്ചയെന്ന നിലയിൽ വന്ന എൻ ആർ സി സി എ എ എന്ന വംശീയ നിയമങ്ങൾ….
എന്നിട്ട് പറയാണ് മുസ്‌ലിം ലൈവ്സ് മാറ്റർ എന്നൊക്കെ പറഞ്ഞ് കമ്മ്യൂണലിസം കളിക്കരുത് വർഗ്ഗീയത പറയരുത് മുസ്‌ലിം പ്രശ്നമായി മാത്രം കാണരുത് കലാപം ഉണ്ടാക്കരുത്.
അവസാനം അവർ വെണ്ടക്ക നിരത്തുകയാണ്
“I’m BLACK and I’m proud and I’m strong…”
No justice No peace https://www.facebook.com/rashad.vp.3/posts/3097032037056305