കോവിഡ്-19 സ്തംഭിപ്പിച്ച വിദ്യാഭ്യാസമേഖലയുടെ പുനരാരംഭമെന്നോണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രാരംഭംകുറിച്ച പുതിയ അധ്യയനരീതിയും പുകള്‍പ്പെറ്റ കേരള വികസനമാതൃകയെ സംബന്ധിച്ച പ്രഘോഷങ്ങളെ പോലെ തന്നെ ദളിത് പിന്നോക്ക അടിസ്ഥാന വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതും അവഗണിക്കുന്നതുമാണ്. ദേവികയ്ക്ക് ശേഷം തിരൂരങ്ങാടിയിലെ അഞ്ജലിയുടെ മരണകാരണവും ഓണ്‍ലൈന്‍ പഠനസൗകര്യത്തിന്റെ അഭാവമാണെന്ന് ആരോപിക്കപ്പെട്ടിട്ടും ഈ വിഷയം മുഖ്യധാര ചര്‍ച്ചയായി പരിണമിക്കാത്തത് അതിനെ ദൃഢീകരിക്കുന്നതാണ്. എന്നാല്‍ കേരള മോഡലിന്റെ പിതൃത്വം മത്സരിച്ചവകാശപ്പെടുന്ന രാഷ്ടീയ സാംസ്കാരിക കക്ഷികളൊന്നും ഇത്തരം അപഘാതങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ വേണ്ടവിധം ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കാരണം, സവര്‍ണ്ണ വിഭാഗങ്ങളും സംഘടിത ജാതിമത സമുദായങ്ങളും ഇവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാത്രം ഗുണഭോക്താക്കളാകുന്ന കേരള മോഡലില്‍ ആദിവാസികളും ദളിതരും തോട്ടംതൊഴിലാളികളും മത്സ്യത്തൊഴിലാളികളും അതിപിന്നോക്കക്കാരായ ജനവിഭാഗങ്ങളും പുറംന്തള്ളപ്പെട്ടുപോകുന്നതിതന് ‘കേരള മോഡലി’ന്റെ അത്രതന്നെ പഴക്കമുണ്ട്.
കേരളത്തില്‍ ഭൂപരിഷ്കരണാനന്തരം സംജാതമായ സവിശേഷ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച വീമ്പിളക്കലുകളില്‍ നിന്ന്, എഴുപതുകളുടെ മധ്യത്തില്‍ രൂപപ്പെട്ടതും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) പ്രൊഫ. കെ. എന്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം 1975-ല്‍ യു.എന്നില്‍ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചതോടെയാണ് ‘കേരള മോഡല്‍’ മുഖ്യധാരയില്‍ ചര്‍ച്ചയാവുന്നത്. ഇതിന്റെ മാനദണ്ഡങ്ങളായി പരിഗണിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, ആരോഗ്യമേഖല, ജനകീയ ആസൂത്രണം, അധികാര വികേന്ദ്രീകരണം, തൊഴില്‍ സുരക്ഷ, വേതനം, സാമൂഹിക മേഖലകളുടെ വളര്‍ച്ച എന്നിവയില്‍ പോലും ഇത്തരം പുറംന്തള്ളലും അവഗണനയും അനിഷേധ്യമാംവിധം മുഴച്ചുനില്ക്കുന്നുണ്ട്.
പ്രമുഖ സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞന് പ്രഫ. എം. കുഞ്ഞാമന്റെ “ബൂര്‍ഷ്വാ ഭൂപരിഷ്കരണമായിരുന്നു കേരളത്തില്‍ നടപ്പാക്കിയത്. നയം രൂപീകരിച്ചവരുടെ വര്‍ഗ പശ്ചാത്തലവും പരിജ്ഞാനവും ആശയങ്ങളും ചിന്താഗതിയും ഭൂപരിഷ്കരണത്തെ സ്വാധീനിച്ചു. അംബേദ്കര്‍ ഭൂപരിഷ്കരണത്തെ സാമൂഹിക നീതിയുടെ കാഴ്ചപ്പാടിലാണ് കണ്ടത്. അംബേദ്കര്‍ പറഞ്ഞത് മൊത്തം കൃഷിഭൂമി ദേശസാല്‍കരിച്ച് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമൊയിരുന്നു. കേരളത്തില്‍ ഭൂപരിഷ്കരണം നിലനിന്നിരുന്ന ഭൂബന്ധത്തിന് സാധൂകരണം നല്കലായിരുന്നു. ജന്മിമാര്‍ക്ക് ഭൂമി നഷ്ടപ്പെട്ടതുമില്ല. കണക്കാക്കപ്പെട്ട മിച്ചഭൂമി ഏറ്റെടുക്കപ്പെട്ടതുമില്ല. ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ ഭൂവുടമകളായി ഉയര്‍ന്നു വന്നില്ല” തുടങ്ങിയ നിരീക്ഷണങ്ങള്‍ ഭൂപരിഷ്കരണത്തിലെ വീഴ്ചകളെ സ്പഷ്ടമാക്കുന്നതാണ്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷി ഭൂമി എന്ന മുദ്രാവാക്യമുയര്ത്തിയവര്ക്ക് കുടികിടപ്പവകാശം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഇന്ത്യയില്‍ ഭൂമിയും വിഭവാധികാരവും സമ്പത്തുമെല്ലാം കേന്ദ്രീകരിക്കപ്പെടുതന്ന് ജാതി അടിസ്ഥാനത്തിലാണെങ്കിലും ഭൂപരിഷ്കരണം അതിനെ അവഗണിച്ച് വര്‍ഗ സാധ്യതയിലേക്ക് ഏച്ചുകെട്ടുകയാണുണ്ടായത്. നീതിയുക്തമായ പുനര്‍വിതരണത്തിന് ജാതിയതയുടെയും ബാഹ്മണ്യത്തിന്റെയുംമേല് കൈവെക്കേണ്ടി വരുമെന്നതും അത് ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയേക്കാം എന്നതുമാകാം കാരണം.
ഇത്തരുണത്തില്‍ ആദിമ ജനസമൂഹങ്ങളെ കോളനി ജീവിതത്തിലേക്കു പരിണമിപ്പിച്ച ഭൂപരിഷ്കരണത്തിന്റെ തനിപകര്‍പ്പുകളാണ് ‘കേരള മോഡലി’ല്‍ എപ്പോഴും ആവിഷ്കരിക്കപ്പെട്ടത്.

പൊതുവിദ്യാഭ്യാസത്തിലെ സ്ഥിതിയും മറ്റൊന്നല്ല. സ്കൂളുകളുടെ 57 ശതമാനവും കോളജുകളുടെ 78 ശതമാനവും സവര്‍ണ്ണ സംഘടിത ജാതി മത സമുദായങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്ന എയിഡഡ് മേഖലയിലാണ്. 2018-19 വര്‍ഷത്തില്‍ ശമ്പളമായി 9642 കോടി രൂപയും പെന്‍ഷനായി 2948 കോടി രൂപയും കൂട്ടി 12590 കോടി രൂപയാണ് ഈ മേഖലയില്‍ ചിലവഴിക്കപ്പെട്ടത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 14 ശതമാനം മുടക്കുന്നിടത്തെ ദളിത് ആദിവാസി വിഭാഗക്കാരുടെ പ്രാതിനിധ്യം അമ്പരപ്പിക്കുന്നതാണ്. ഒ.പി രവീന്ദ്രന് നടത്തിയ ‘പൊതുവിദ്യാഭ്യാസ രംഗത്തെ സ്വകാര്യകോളനികള്‍’ എന്ന പഠന പ്രകാരം 1,38,574 ജീവനക്കാരുള്ളിടത്ത് 00.38 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. സര്‍ക്കാര്‍ ഫണ്ട് മുടക്കുന്ന പൊതുമേഖലകളില്‍ സംവരണ നിയമം പാലിക്കപ്പെടണമെന്നുണ്ടായിരിക്കെയാണ് ഇങ്ങനെ അയിത്തം കല്പിച്ച് മാറ്റിനിര്‍ത്തുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള കണക്കുകള്‍ പുറത്തുവിടാനുള്ള സാമുദായിക സംഘടനകളുടെയും അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെയും ആവശ്യം ഗൗനിക്കപ്പെടുന്നുപോലുമില്ല.
ഇവരെ കൂടുതല്‍ അപചയത്തിലാക്കുന്ന ഒന്നാണ് തൊഴില്‍ മേഖല. ഉയര്‍ന്ന വേതനം പ്രമുഖമാക്കിക്കാട്ടുമ്പോഴും തോട്ടം തൊഴിലാളികളുടെ വേതനം ഇപ്പോഴും 320 രൂപയാണ്. സ്വന്തമായി വീട്, ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അഭാവവും, തോട്ടത്തില്‍ നിന്ന് പിരിയുമ്പോള്‍ ലയം ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നതും വിദ്യാസമ്പന്നരായ മക്കളെയും തോട്ടപ്പണിക്ക് വിടാന്‍ നിര്‍ബന്ധിതരാക്കുന്നു. അതോടൊപ്പം തന്നെ തോട്ടങ്ങളിലും ലയങ്ങളിലും ഫാക്ടറികളിലും കക്കൂസ് ഉള്‍പ്പെടെയുള്ള ശുചീകരണ തൊഴിലുകള്‍ ചെയ്യുന്നത് ചക്ലിയ, അരുന്ധതിയാര്‍ സമുദായമാണ്. കേരളത്തിലെ ക്ലാസ് ഫോര്‍ ജോലിക്കാരുടെയും കോര്പ്പറേഷന് അടങ്ങുന്ന വകുപ്പുകളിലെ ശുചീകരണ തൊഴിലാളികളുടെയും സാമൂഹിക സ്ഥാനം പരിശോധിച്ചാല്‍ പുരോഗമന കേരളത്തിന് മുഖം പൊത്തേണ്ടി വരും. കേരള മോഡലിന്റെ ആന്തരിക ഘടനയില്‍ അസ്പൃശ്യതയും അടിമത്തവുമൊക്കെ എത്രത്തോളം സ്ഥാപനവല്കരിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ അളവുകോല്‍ കൂടിയാണ് തൊഴില്‍ മേഖല.
ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവും മേല്പറഞ്ഞവയെ പോലെത്തന്നെ ആദിവാസികളെയും ദളിതരെയും അവഗണിച്ച മുന്നേറ്റങ്ങളായിരുന്നു. ജനങ്ങളാവശ്യപ്പെടുന്ന വികസനമായിരുന്നു ജനകീയാസൂത്രണത്തിന്റെ അന്തഃസത്ത എങ്കിലും അവരാവശ്യപ്പെട്ടതൊന്നും സഫലമായില്ല. നിരന്തരം ഭൂമി ആവശ്യപ്പെട്ടതും സമരം നടത്തിയതും വിഫലമായി. ആദിവാസികളുടെ ഭരണഘടനാ പരിരക്ഷയായ സ്വയംഭരണാധികാരവും വനാവകാശവും കിട്ടാക്കനിയായി. “കാര്‍ഷിക മേഖലയടക്കമുള്ള ഉല്പാദന മേഖലകളില്‍ കാണത്തക്ക മാറ്റമൊന്നുമുണ്ടായില്ല. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും നേട്ടങ്ങളൊന്നുംതന്നെ അനുഭവവേദ്യമായില്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കി തൊഴിലില്ലാഴ്മയുടെ കാഠിന്യം കുറയ്ക്കാനും കഴിഞ്ഞില്ല എന്ന് ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ പ്രചാരകരായ ശാസ്ത്രസാഹിത്യ പരിഷത്തിനും സമ്മതിക്കേണ്ടി വന്നു.” എന്ന ഡോ. ടി.എം തോമസ് ഐസക്കിന്റെ പരാമര്‍ശം ജനകീയാസൂത്രണത്തിന്റെ നിഷ്ഫലത വെളിപ്പെടുത്തുന്നതാണ്. ചുരുക്കത്തില്‍, ദളിത് ആദിവാസി ജനവിഭാഗത്തിന് ഇത് ആടും കോഴിയും വാഴവിത്തും കിട്ടുന്ന പദ്ധതി മാത്രമായി സംക്രമിച്ചു.
ഗ്രാമസഭകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും അധികാരവും കൈകാര്യകര്‍തൃത്വവും മറ്റുമേഖലകളിലെ പോലെ പ്രബല സമുദായങ്ങളും സംഘടിത പാര്‍ട്ടികളും കയ്യാളിയതോടെ ദളിതര്‍ക്ക് പരിമിതപ്പെട്ടു. ആദിവാസികള്‍ക്ക് അന്യമായി. “അധികാരം കയ്യാളുന്നവര്‍ താഴ്ത്തട്ടിലേക്ക് കൈമാറാന്‍ തയ്യാറായില്ല. കീഴ്ത്തട്ടില്‍ ഉള്ളവര്‍ക്കാകട്ടെ അധികാരം കയ്യാളാനുള്ള ശീലവും പ്രാപ്തിയുമുണ്ടാകില്ല” എന്ന തോമസ് ഐസകിന്റെ വാദം അധികാര വികേന്ദ്രീകരണത്തിന്റെ പരാജയത്തിന്റെയും അതിലേറെ അടിസ്ഥാന ജനവിഭാഗങ്ങളെക്കിറിച്ചുള്ള കേരളത്തിന്റെ മുഖ്യധാരാ ബോധത്തിന്റയും സാക്ഷിപത്രമാണ്. അധികാരം വികേന്ദ്രീകരണത്തിലൂടെ അധികാരം സ്വാംശീകരിക്കാനുള്ള ആദിവാസികളുടെയും ദളിതരുടെയും കര്‍തൃത്വം തന്നെ റദ്ദ് ചെയ്യപ്പെടുകയാണുണ്ടായത്.
കേരള മോഡലിന്റെ ആധാരശിലയായിട്ടുള്ള ഭൂപരിഷ്കരണത്തില്‍ തഴയപ്പെട്ടവര്‍ കേരള മോഡലിന്റെ മാനദണ്ഡമായി ഗണിക്കപ്പെടുന്നവയിലെല്ലാം അരികുവല്കരിക്കപ്പെട്ടു.
എന്നാല്‍ കേരള മോഡലിനെ ഇന്ന് പ്രഘോഷിക്കപ്പെടുന്ന അര്‍ത്ഥത്തിലേക്ക് രൂപാന്തരീകരിച്ച പഠനങ്ങളിലൊന്നും ഇത്തരം അവഗണനയും പുറംന്തള്ളലും ചര്‍ച്ചാവിഷയമാകുന്നേയില്ല. കേരള വികസന മാതൃകയെ ലോകോത്തര വ്യവഹാരങ്ങളിലേക്ക് ഉയര്‍ത്തിയ പ്രൊഫ. റിച്ചാര്‍ഡ് ഡബ്ല്യൂ. ഫ്രാങ്കിന്റേതില് പോലും. കേരള മോഡലിന്റെ തറക്കല്ലുകളിലേതു പോലെ കേരളം നടപ്പിലാക്കിയ അല്ലെങ്കില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും ദളിത് ആദിവാസി പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് അരികുവല്‍കരണത്തിന്റെ കൂടുതല്‍ കൈയ്പേറിയതും മൂര്‍ച്ചയേറിയതുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്.

ഉദാഹരണത്തിന് കേരള വികസന പ്രക്രിയയിലെ ഒടുവിലത്തെ പദ്ധതിയായ ലൈഫ് പാര്‍പ്പിട പദ്ധതി തന്നെ ധാരാളം. ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും ആവശ്യപ്പെട്ട 2,29,310 ഭൂരഹിത കുടുംബങ്ങളെയും 5,72,000 ഭവനരഹിത കുടുംബങ്ങളെയും 400 സ്ക്വയര്‍ ഫീറ്റ് മുറികള്‍ക്കുള്ളില്‍ തളച്ചിടുന്ന ഈ പദ്ധതി ഭൂപരിഷ്കരണത്തിന്റെ തുടര്‍ച്ചയായ കോളനി വിപുലീകരണമായും കണക്കാക്കാം. കേരളത്തിലെ നിരവധി ഫ്ളാറ്റ് പദ്ധതികള്‍ കോളനികളായി പരിണമിച്ചതും കൂട്ടി വായിക്കാവുതാണ്. ഇത്തരം ഫ്ളാറ്റുകളുടെ ഉടമസ്ഥത ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്കല്ല, മറിച്ച് തദ്ദേശസ്വയംഭരണവകുപ്പിനായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ ചതി. അതായത് ഗുണഭോക്താക്കള്‍ക്ക് ആജീവനാന്തം വാടകക്കാരെപ്പോലെ കഴിയാം എന്നതില്‍ കവിഞ്ഞ് യാതൊരുവിധ സ്വത്തുടമസ്ഥതയും അവര്‍ക്ക് ഉണ്ടായിരിക്കില്ല. അങ്ങനെ ദളിത് ആദിവാസികളുടെ ഭൂമി എന്ന ആവശ്യത്തെത്തന്നെ അടിച്ചമര്‍ത്തുന്ന പദ്ധതിയായി മാറുകയായിരുന്നു ഇത്.
ഈ ശൃംഖലയിലെ പുതിയൊരു കണ്ണി മാത്രമാണ് കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിദ്യഭ്യാസം. കേരള മോഡല്‍ വീമ്പു പറച്ചിലുകള്‍ക്ക് വിഷയീഭവിക്കുന്നതോടൊപ്പം തന്നെ ഇതുവരെ സാമൂഹികമായും സാമ്പത്തികമായും മാത്രം പാര്ശ്വവല്കൃതരായിരുന്നവര് ഇതോടെ ഡിജിറ്റല്‍ അന്യതക്കുകൂടി പാത്രമായിരിക്കുന്നു.
“കേരളത്തിന്റെ അനുഭവങ്ങളില്‍ നിന്നും, വിദ്യഭ്യാസത്തിലൂടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ നേടിയ ശ്രദ്ധേയമായ നേട്ടങ്ങളുടെ വസ്തുനിഷ്ഠ സൂചികങ്ങളില്‍ നിന്നും, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ട്” എന്ന് സൂചിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍ അടിവരയിടുന്ന കാര്യം ഇതാണ്. “മനുഷ്യ ശേഷിയുടെ വികാസം സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമാണ്, അതുകൊണ്ട് എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും ഏറ്റവും മികച്ച നിലവാരമുള്ള ആരോഗ്യ സംരക്ഷണവും ജനസംഖ്യയുടെ നൂറ് ശതമാനത്തിനും സാക്ഷരത കൈവരിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.” ഇപ്പറഞ്ഞതിനോട് കേരളം എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട്? കേരള പശ്ചാത്തലത്തില്‍ അതിന്റെ പ്രസക്തിയെന്ത്? തുടങ്ങിയവയ്ക്കുള്ള അളവുകോലാണ് ദേവികയും അഞ്ജലിയുമെല്ലാം.
ചുരുക്കത്തില്‍, ‘കേരള മോഡല്‍’ മറ്റേതിനെക്കാളും ദളിത് ആദിവാസി അടിസ്ഥാന വിഭാഗങ്ങളോട് വിമുഖത കാണിക്കുന്നതാണെന്നും ഇതിനെതിരായ ചലനങ്ങളെ നിഷ്ക്രിയമാക്കാന്‍ അതിന്റെ സാമാന്യാശയഗതി പ്രാപ്തമാണെന്നുമാണ് കേരള മോഡലിന്റെ ചരിത്രം നമ്മോട് പറയുന്നത്. അതായത് ഓണ്‍ലൈന്‍ വിദ്ദ്യഭ്യാസം വരുത്തിവച്ച വേര്പാടുകളെയും ദലിത് സമൂഹത്തിനേറ്റ ഗുരുതരാഘാതങ്ങളെയും അത് സമൂഹത്തില്‍ ചര്‍ച്ചയാവേണ്ട തലങ്ങളെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെ അഭാവത്തിലേക്ക് പരിമിതപ്പെടുത്തി സംഭവത്തിന്റെ തീവ്രത കുറക്കാനുള്ളതും ആനക്കലഹം പോലുള്ള താത്ക്കാലിക ചര്‍ച്ചകളാല്‍ മൂടിവെക്കാനുള്ളതുമായ ശ്രമങ്ങള്‍ യാദൃച്ഛികമല്ല, അത് കേരള മോഡലിന്റെ ജനിതക പോരായ്മയാണ്.
Recent Comments