ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ; ഇസ്രയേൽ ലെഫ്റ്റും കപട മുദ്രാവാക്യങ്ങളും

അമേരിക്കക്കാരുടെ ഹൃദയത്തിൽ ഇടം പിടിക്കാനായി ഇസ്രായേലിലെ സയണിസ്റ്റ് ലെഫ്റ്റുകൾ ‘ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ’ എന്ന മുദ്രാവാക്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്. ടെൽ അവീവിൽ പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും ചിത്രങ്ങളുമെല്ലാം ഫലസ്ത്വീനികൾക്ക് കപടമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ലോകത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത്.

‘ജ്യൂയിഷ് ആൻഡ് ഡെമോക്രാറ്റിക്‌’, ‘ഫലസ്ത്വീന്‍ ലൈവ്‌സ്‌ മാറ്റർ’ എന്നെല്ലാമുള്ള മുദ്രാവാക്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, സയണിസത്തിന്റെ വംശീയ പ്രകൃതത്തെ വെള്ളപൂശാൻ വേണ്ടി ആസൂത്രണം ചെയ്ത വൈരുധ്യാധിഷ്ഠിത വേലകളാണ് അതെല്ലാം എന്നതിൽ സംശയമില്ല.

‘ബ്ലാക്ക് ലൈവ്‌സ്‌ മാറ്റർ’ പ്രസ്ഥാനത്തിനെതിരെ ‘ആൾ ലൈവ്‌സ്‌ മാറ്റർ’ എന്ന മുദ്രാവാക്യവുമായി അമേരിക്കയിലെ വെള്ള വംശീയവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ തന്നെ, അത് കറുത്തവരുടെ മുന്നേറ്റത്തിന് തടയിടാനുള്ള ശ്രമമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. സയണിസ്റ്റുകളുടെ ‘ഫലസ്ത്വീന്‍ ലൈവ്‌സ്‌ മാറ്റർ’ എന്ന മുദ്രാവാക്യവും ഫലസ്ത്വീനികളെ ഇകഴ്ത്തുവാനുള്ള സമാനമായ മറ്റൊരു ശ്രമം തന്നെയാണ്. വെസ്റ്റ് ബാങ്ക് കൈയേറുന്ന നടപടി സയണിസത്തിന്റെ മരണമണി മുഴക്കുമെന്നും ജൂത രാഷ്ട്രത്തിന്റെ വംശീയ മേൽക്കോയ്മാ മനസ്ഥിതി ‘ഒൺലി ജ്യൂയിഷ് ലൈവ്‌സ്‌ മാറ്റർ’ എന്ന മുദ്രാവാക്യത്തിൽ അധിഷ്ഠിതമാണെന്ന്‌ ലോകം തിരിച്ചറിയുമെന്നുള്ള ഭയം മൂലമാണ് ഇത്ര പെട്ടെന്ന് അവർ ഫലസ്ത്വീനികളോട് ‘അനുഭാവം’ പുലർത്താൻ തുടങ്ങിയതിന് പിന്നിലെ കാരണം.

ഒരു യഥാർഥ ഫലസ്ത്വീന്‍ അനുകൂലി തീർച്ചയായും ഇസ്രായേൽ വിരുദ്ധനും സയണിസ്റ്റ് വിരുദ്ധനുമായിരിക്കും. ദോഷൈകദൃഷ്ടി മൂലമോ ഭ്രമാത്മക മനസ്ഥിതിക്ക് പുറത്തോ ‘ജ്യൂയിഷ് ആൻഡ് ഡെമോക്രാറ്റിക്‌’ എന്ന മുദ്രാവാക്യം ഈ പ്രതിഷേധക്കാർ ഏറ്റു പിടിക്കാനുള്ള കാരണം, ഫലസ്ത്വീനികൾ നേരിടുന്ന നീതിനിഷേധം, അധിനിവേശ ഭൂമികയിലേക്കുള്ള തിരിച്ചുപോക്ക് തുടങ്ങിയ വിഷയങ്ങളാണ് ജൂത രാഷ്ട്രത്തിന്റെ ‘അതിജീവനം’ സാധ്യമാക്കുന്നത് എന്നതുകൊണ്ടാണ്.

ഫലസ്ത്വീന്‍ ഭൂമികയിൽ ഇസ്രയേൽ അനുവർത്തിച്ചു വരുന്ന നികൃഷ്ട കൃത്യങ്ങളും സയണിസത്തിന്റെ മേൽക്കോയ്മാ സ്വഭാവവുമെല്ലാം മറച്ചു പിടിച്ചു കാലങ്ങളായി ജൂത രാഷ്ട്രം ലോകത്തിനു മുമ്പിൽ വിളമ്പിക്കൊണ്ടിരിക്കുന്ന നുണക്കഥകളും ന്യായീകരണങ്ങളും തന്നെയാണിതെല്ലാം. ഇപ്പോഴവരുടെ നേതാക്കൾ വംശീയ പദ്ധതികളുമായും മേൽക്കൊയ്മ സിദ്ധാന്തങ്ങളുമായും കളത്തിലിറങ്ങിയിരിക്കുകയാണ്. അവർ തന്നെയത് നിഷേധിക്കുകയോ ക്ഷമാപണ സമീപനം സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രമല്ല, അഭംഗുരം നുണ പറഞ്ഞു കൊണ്ടേയിരിക്കുകയുമാണ്.

ഫേസ്ബുക്കിൽ തദ്വിഷയകമായി പ്രതികരിച്ചു കൊണ്ട് റോന്നി ബാർകെൻ എഴുതിയതിങ്ങനെയാണ്:

“സയണിസത്തിനെതിരെയല്ല അവർ പ്രതിഷേധിക്കുന്നത്. പ്രത്യുത, അവരിലധികപേരും ശുദ്ധ ഫാസിസ്റ്റുകളും സയണിസ്റ്റുകളുമാണ്. തങ്ങളുടെ ‘ഉന്നത’മായ വംശരാഷ്ട്രത്തിൽ വംശീയ ഭൂരിപക്ഷം നഷ്ടപ്പെടുന്നതിന് കൈയേറ്റത്തിലൂടെ രൂപപ്പെടുന്ന “ജനസംഖ്യാ ഭീഷണി” ഹേതുവാകുന്നത്‌ അവരിഷ്ടപ്പെടുന്നില്ല. അവരിൽ ഇടതുപക്ഷക്കാർ അതായത് സയണിസ്റ്റ് വിരുദ്ധരും ഹ്യൂമനിസ്റ്റുകളും തുലോം കുറവുമാണ്. മാത്രമല്ല, ഫലസ്ത്വീന്‍ ഭൂമികയുടെ യഥാർഥ അവകാശികളായ 20 മില്യൺ ജനങ്ങൾക്കിടയിൽ സമത്വം പുലരുന്നത് ഭയപ്പെടുന്ന ലിബറൽ സയണിസ്റ്റുകളാണ് അവരിൽ മഹാഭൂരിപക്ഷവും.”

അതിൽ ആവേശം മൂത്ത് ക്രിസ്റ്റഫർ ബെൻകുഷ്‌ക എഴുതിയത് ഇപ്രകാരമാണ്:
“ലളിതമായി പറഞ്ഞാൽ ആ പ്രതിഷേധത്തിന്റെ വലിയൊരു ഭാഗവും എന്തുകൊണ്ടാണ് പ്രശ്നവൽകൃതമായിരുന്നതെന്ന് ജോനാഥൻ ഓഫിർ സൂചിപ്പിച്ചിട്ടുണ്ട്. “വീ കാൻറ് ബ്രേത് സിൻസ് 1948″ എന്നും ‘നഖ്ബ സിൻസ് 1948- അബോളിഷ് സയണിസം’ എന്നും ‘ഇസ്രായേൽ ഈസ് നോ ഡെമോക്രസി ബട് അപാർത്തീഡ്’ എന്നുമെല്ലാം ഇസ്രയേലി പ്രതിഷേധങ്ങളിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും കരുത്തുറ്റ പ്രസ്താവനകളാണ്. അതംഗീകരിക്കുന്നതിലൂടെ, ആഢംബര ജീവിതം നയിക്കുവാനായി 67 ലെ അധിനിവേശം മുക്തിപ്രാപിക്കേണ്ട ഒരു ശല്യമായി കാണുന്ന ലിബറൽ സയണിസ്റ്റ് വ്യവഹാരത്തിന്റെ ഭാഗമാക്കി അതെന്നെ മാറ്റുകയൊന്നുമില്ല.”

നൂർ മസൽഹ എഴുതുന്നു:
“ഇസ്രായേൽ കൈയേറ്റത്തിനെതിരെ ടെൽ അവീവിൽ നടന്ന പ്രതിഷേധത്തിൽ സയണിസ്റ്റ് വിരുദ്ധ ഇസ്രയേലികളും ജൂതന്മാരും വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, റിമ നജ്ജാർ പറയുന്നതിൽ ധാരാളം വസ്തുതകളുമുണ്ട്; വിശേഷിച്ചും “സയണിസ”വും “ജനാധിപത്യ”വും തമ്മിൽ വൈരുധ്യമുണ്ടെന്ന പ്രസ്താവനയിൽ. കാരണം, വെസ്റ്റ് ബാങ്ക് കയ്യേറുന്നത് സ്വയം നിർണിത ജൂതരാഷ്ട്രത്തിന്റെ ‘ജനസംഖ്യാശാസ്ത്ര’ത്തിനെതിരെയുള്ള അസ്തിത്വപരമായ ഭീഷണിയായിട്ടാണ് ലിബറൽ സയണിസ്റ്റുകൾ നോക്കിക്കാണുന്നത്- അതായത് ഒരു തരത്തിലുള്ള ജനസംഖ്യാ വംശീയതയാണത്. മാത്രവുമല്ല, ഇസ്രായേൽ രാഷ്ട്രത്തെ ‘ജ്യൂയിഷ് ആൻഡ് ഡെമോക്രാറ്റിക്‌’ എന്നും ‘ജ്യൂയിഷ് ടു ഫലസ്ത്വീനിയന്‍സ്‌’ എന്നുമായാണ് ലിബറൽ സയണിസ്റ്റുകൾ വീക്ഷിക്കുന്നത്. ടെൽ അവീവിൽ നടന്ന അധിനിവേശ വിരുദ്ധ പ്രക്ഷോഭത്തിൽ സയണിസ്റ്റ് വിരുദ്ധ ഇസ്രയേലികളുടെയും ഫലസ്ത്വീനികളുടെയും സാന്നിധ്യം ഉണ്ടായിരുന്നതിന്റെ ഏറ്റവും വലിയ തെളിവ് അവിടെ ഉയർന്നു പൊങ്ങിയ ബാനറുകൾ തന്നെയാണ്. ‘നഖ്ബ സിൻസ് 1948- അബോളിഷ് സയണിസം’ എന്നായിരുന്നു അത്.”

വർഷങ്ങൾക്ക് മുമ്പ് 1964 ൽ ‘സയണിസ്റ്റ് യുക്തി’ (Zionist Logic) എന്ന തലക്കെട്ടിൽ മാൽക്കം എക്‌സ് എഴുതിയ ലേഖനത്തിൽ, സയണിസത്തിനെ രൂക്ഷമായി വിമർശന വിധേയമാക്കുന്നുണ്ട്. ജൂത മതവിശ്വാസവുമായി അതെങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും ഫലസ്ത്വീനികളെ മാത്രമല്ല ഇസ്രായേൽ സഹായം സ്വീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളെ പോലും ഭീഷണിപ്പെടുത്തുന്ന കൊളോണിയലിസത്തിന്റെ പുതിയ പകർപ്പായി അത് മാറിയെന്നും മാൽക്കം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു:
“തങ്ങളുടെ പുതിയ കൊളോണിയലിസത്തെ ഗോപ്യമാക്കി വെക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് സയണിസ്റ്റുകൾ ബോധവാന്മാരാണ്. അവരുടെ കൊളോണിയലിസം കൂടുതൽ ‘ഉദാര’വും ‘മാനവികവുമാണെ‌’ന്നാണ് വെപ്പ്. അവരുടെ ആകർഷകമായ സമ്മാനങ്ങളും സാമ്പത്തിക സഹായങ്ങളുമെല്ലാം സ്വീകരിക്കുന്ന ‘ഇര’കളെ നിലനിർത്തിക്കൊണ്ട് ഭരണനിർവഹണം നടത്തുന്ന സംവിധാനമാണത്. സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവിക്കുന്ന, പുതിയതായി സ്വാതന്ത്ര്യം നേടിയ ആഫ്രിക്കൻ രാഷ്ട്രങ്ങൾക്ക് മുമ്പിലാണ് അവരീ തന്ത്രങ്ങൾ പയറ്റുന്നത്. 19 ആം നൂറ്റാണ്ടിൽ ആഫ്രിക്കൻ ജനവിഭാഗങ്ങൾ നിരക്ഷരരായിരുന്ന കാലത്ത്, ഭയമോ ബലപ്രയോഗമോ കൂടാതെ അവിടം ഭരിക്കാൻ യൂറോപ്യൻ സാമ്രാജ്യത്വവാദികള്‍ക്ക്‌ നിഷ്പ്രയാസം സാധിച്ചിരുന്നു. പക്ഷേ, ബ്ലാക്ക് രാഷ്ട്രീയവബോധം ശക്തിയായ ഇക്കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിലെ തന്ത്രങ്ങളുപയോഗിച്ച് അവരെയിന്ന് കൈപിടിയിലൊതുക്കി വെക്കുന്നത് ഇക്കാലത്ത് ദുഷ്ക്കരമാവുകയും ചെയ്‌തിരിക്കുന്നു.”

1970 ൽ ‘മിഡിൽ ഈസ്റ്റ് ബ്ലാക്ക്‌ അമേരിക്കൻ കമ്മിറ്റി’ മുൻകൈയെടുത്ത്, ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിന് അമേരിക്ക നൽകുന്ന പിന്തുണക്കെതിരെ ബ്ലാക്ക്‌ അമേരിക്കക്കാരുടെ നിലപാട് ന്യൂയോർക് ടൈംസ് പ്രസിദ്ധികരിച്ചിരുന്നു. ‘അറബ് പിന്തിരിപ്പൻ ശക്തികളും സയണിസ്റ്റുകളും പിന്തുണക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആസൂത്രിതമായ നശീകരണ പ്രവർത്തങ്ങളെ തങ്ങൾ എതിർക്കുകയും പ്രക്ഷോഭം നയിക്കുന്ന ഫലസ്ത്വീനികൾക്കൊപ്പം നിലയുറപ്പിക്കുക’യും ചെയ്യുന്നുവെന്നും അവരതിൽ സ്പഷ്ടമാക്കിയിരുന്നു.

ചുരുക്കത്തിൽ, പിറന്ന നാട്ടിൽ നിന്നും ഫലസ്ത്വീനികളെ ആട്ടിപുറത്താക്കുന്നതിനെ ന്യായീകരിക്കുന്ന പിന്തിരിപ്പൻ വംശീയ പ്രത്യയശാസ്ത്രമാണ് സയണിസം. കൂടാതെ, മിഡിൽ ഈസ്റ്റിലെ വിപ്ലവങ്ങൾക്ക് തടയിടാൻ ഇസ്രായേലിലെയും മറ്റിടങ്ങളിലെയും ജൂതന്മാരെ സാമ്രാജ്യത്വ സേവനത്തിൽ ഉൾപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്. ആയതിനാൽ, ‘ബ്ലാക്ക് ലൈവ്‌സ്‌ മാറ്ററി’ന്റെയും അത് പ്രചോദിപ്പിച്ച മുദ്രാവാക്യങ്ങളുടെയും ആവേശത്തിൽ സയണിസമെന്നാൽ ജൂത മേധാവിത്വമാണെന്ന വസ്തുത നമുക്ക് മറക്കാതിരിക്കാം.

കടപ്പാട്: countercurrents.org

വിവ: നിഹാൽ പന്തല്ലൂർ

By റിമ നജ്ജാർ