വരേണ്യ (ഡിജിറ്റല്‍) കേരളത്തില്‍ പൊലിയുന്ന കീഴാള (ഓഫ്‌ലൈന്‍) ജീവനുകള്‍

ലോകം മുഴുവൻ അനിതരസാധാരണമായ രീതിയിൽ മഹാമാരിയിൽ പകച്ചുനിൽക്കുന്ന സമയത്താണ് കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ നിന്നും വെള്ള വംശീയതയുടെ ഏറ്റവും അവസാന ഇരയായി ജോർജ് ഫ്‌ലോയ്ഡിന്റെ വാർത്ത എത്തുന്നത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന വംശീയതവിരുദ്ധ പ്രസ്ഥാനം പുതിയ ഉണർവോട് കൂടി വീണ്ടും സജീവമാവുകയും ലോകത്തെ പലയിടത്തും അതിന്റെ അനുരണനം ഉണ്ടാവുകയും ചെയ്യുകയാണ് ഇപ്പോൾ. പ്രമുഖ ബോളിവുഡ് താരങ്ങളുൾപ്പെടെ ഇന്ത്യയിലെ വലിയൊരു ഡിജിറ്റൽ സമൂഹവും അതിന്റെ ഭാഗമായി എന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ സമൂഹത്തിലെ അധീശത്വ സാമൂഹിക ക്രമമായി വെള്ള വംശീയത എപ്രകാരം നിലനിക്കുന്നുവോ അതിനേക്കാൾ ഭീകരവും പൈശാചികവും ആയ ബ്രാഹ്മണിക്കൽ സാമൂഹിക ക്രമമാണ് ഇന്ത്യയുടേത് എന്ന വസ്തുത കാണാതെ ആണ് സവർണ ലിബറൽ സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന മുന്നേറ്റത്തിന്റെ ഭാഗമാവുന്നത്. എന്നാൽ, ഇതേ സമയത്തു ‘പ്രബുദ്ധ’കേരളത്തിൽ ഡിജിറ്റൽ ഡിവൈഡ് എന്ന ഏറ്റവും നൂതനമായ ബ്രാഹ്മണിക്കൽ അസ്‌പൃശ്യത കവർന്നെടുത്ത ദേവിക എന്ന ദളിത് വിദ്യാർത്ഥിയെ കുറിച്ച് എത്ര പേര് വാചാലരായി?

അനീതിയും ഉച്ചനീചത്വവും ചരിത്രപരമായി നിലനിര്‍ത്തിക്കൊണ്ട്‌, സമൂഹത്തിലെ ഭൂരിപക്ഷമായ ബഹുജൻ സമൂഹത്തിന്റെ അസ്തിത്വം എന്നെന്നും കീഴാളമായി നിലനിർത്തുകയും അന്യായമായ അളവിൽ വിഭവസമ്പത്തും അധികാരവും കൈക്കലാക്കി വെക്കുകയും ചെയ്യുന്നതിന്റെ ഇര എന്ന നിലക്ക് വേണം ദേവികയുടെ സ്ഥാപനവൽകൃത കൊലപാതകത്തെ മനസ്സിലാക്കാൻ. കേവലാർത്ഥത്തിൽ കൊറോണ കാലത്തേ ടി വി ഇല്ലാത്തതിന്റെ പേരിൽ, ഓൺലൈൻ ക്ലാസ്സിൽ ഹാജരാവാൻ സാധിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ‘പാവപെട്ട’ ഒരു പെൺകുട്ടിയായി അവളെ കാണാൻ കഴിയുകയില്ല. അത്തരമൊരു വായന യഥാർത്ഥത്തിൽ നിലനിൽക്കുന്ന അനീതിയിലധിഷ്ഠിതമായ സാമൂഹിക ക്രമത്തിന് സമരസപ്പെടലാവും.

പാർശ്വവല്കൃത സമൂഹങ്ങളുടെ ജീവിതാവസ്ഥകളെ കുറിച്ച് ധാരണ ഏതുമില്ലാതെ വരേണ്യ താല്പര്യത്തിനധിഷ്ഠിതമായി, അവരുടെ ഇഷ്ടങ്ങൾക്കും സൗകര്യങ്ങൾക്കും അനുസരിച്ചു പ്രവർത്തിക്കുന്ന ഭരണകൂടം ആണ് ദേവികയെ നമുക്ക് നഷ്ടപ്പെടുത്തിയത്.

നിരവധി സംഘടനകളും ആക്ടിവിസ്റ്റുകളും താക്കീത്‌ നൽകിയിട്ടും ഡിജിറ്റൽ ലോകത്തിനു മാത്രം പ്രാപ്യമായ ഓൺലൈൻ പഠനസംവിധാനം ഒരുക്കിയ ഭരണകൂടം ആണ് ആദ്യം ഇവിടെ പ്രതിസ്ഥാനത്തു നിൽക്കേണ്ടത്. എന്തുകൊണ്ടാണ് കീഴാളപക്ഷത്താണ് എപ്പോഴും തങ്ങളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്തു ‘പോലും’ ഇത്തരമൊരു മരണം നടന്നത്? സമൂഹത്തിൽ അന്തർലീനമായി കിടക്കുന്ന താളക്രമം ബ്രാഹ്മണ്യം ആണെന്ന് തിരിച്ചറിയുന്നിടത്താണ് അതിനുള്ള യഥാർത്ഥ ഉത്തരം കണ്ടെത്താൻ കഴിയുക. ബ്രഹ്മണിക് സാമൂഹിക ക്രമത്തിന് പരിമിതപ്പെട്ടു കൊണ്ട് മാത്രമാണ് ഭരണകൂടം പ്രവർത്തിക്കുന്നത് എന്നതാണ് ഇവിടെ തെളിഞ്ഞു വരുന്ന യാഥാർഥ്യം.

ഓൺലൈൻ ആയിട്ടുള്ള പഠന സംവിധാനത്തെ കുറിച്ചുള്ള നാഷണൽ സാമ്പിൾ സർവ്വേ  ഓഫീസ് (NSSO) കണക്കുപ്രകാരം രാജ്യത്തെ 10.7% വീടുകളിൽ മാത്രമാണ് കമ്പ്യൂട്ടർ ഉള്ളത്. ഗ്രാമീണ മേഖലയിൽ 4.4% മാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്മാർട്ഫോണുകളുടെ ആധിക്യത്തെ കുറിച്ച് പറയുമ്പോഴും ഇന്ത്യയിൽ 24.4% വീടുകളിൽ മാത്രമാണ് ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളത്. നഗരങ്ങളിൽ തന്നെ ആളുകളുടെ കംപ്യൂട്ടറുമായി ബന്ധപ്പെട്ട അറിവ് 50% ത്തിൽ താഴെ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. താരതമ്യേന ചെലവ് കുറഞ്ഞ ടി വി സ്വന്തമായിട്ടുള്ള വീടുകളുടെ എണ്ണം പോലും ഇന്ത്യയിൽ 70% ത്തിൽ താഴെയാണ്.

ഏതുരീതിയിൽ ഉള്ള കണക്കുകൾ നോക്കിയാലും ഇന്ത്യയിലെ വലിയൊരു ജനസമൂഹം ഡിജിറ്റൽ ലോകത്തിനു പുറത്താണെന്ന് വ്യക്തം. ബ്രാഹ്മണിസം സാമൂഹിക അടിത്തറ ആയിട്ടുള്ള രാജ്യത്ത് അത് നിർമിക്കുന്ന ‘സാമൂഹിക-വിഭവ അകലത്തിന്റെ’ ചട്ടക്കൂടിനകത്തു കൂടി വേണം ‘ഡിജിറ്റൽ ഡിവൈഡ്’ (Digital Divide) നാം മനസ്സിലാക്കാൻ. 2019 ല്‍ പുറത്തു വന്ന ഐക്യരാഷ്ട്ര സഭയുടെ ‘ഹ്യൂമൻ വെൽഫെയർ റിപ്പോർട്ട്’ പ്രകാരം ഇന്ത്യയിൽ എസ്.ടി. വിഭാഗത്തിൽ പെട്ട 7.8% ജനങ്ങളാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. ജനറൽ വിഭാഗത്തിൽ പെടുന്ന (സവർണർ എന്ന് വായിക്കുക) 17% ആളുകളുടെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ടെങ്കിൽ എസ്.സി./ എസ്.ടി വിഭാഗത്തിൽ പെടുന്നവരുടെ വീട്ടിൽ യഥാക്രമം 5%, 3% മാത്രമാണ്. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ 86% വിദ്യാർത്ഥികളും ഒരു രീതിയിലുമുള്ള ഓൺലൈൻ ക്ലാസ്സുകളിലും പങ്കെടുക്കാൻ സാധിക്കാത്തവരാണ്.

ഇന്ത്യയുടെ ശരാശരി വികസന ഭൂമികയെക്കാളും വികസനവും പ്രബുദ്ധദയും കൈവരിച്ചു എന്ന് അവകാശപ്പെടുന്ന ‘കേരളം മോഡൽ വികസനം’ ഉള്ള നമ്മുടെ സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ.) നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തൽ എന്താണ്? കേരളത്തിലെ 2.6 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ല. വിദ്യാഭ്യാസം മൗലിക അവകാശമായി പ്രഖ്യാപിച്ച ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്തു ഇത്രയുമധികം കുട്ടികൾക്ക് അപ്രാപ്യമായ ഒരു പഠനരീതി എങ്ങനെയാണ് ഭരണകൂടം നടപ്പിലാക്കുക? സാമൂഹിക നീതിയുടെ ഏതു അളവുകോലാണ് സർക്കാർ അപ്പോൾ മാനദണ്ഡമായി കരുതുന്നത്? ഘടനാപരമായ അസമത്വം പ്രകടമായി സര്‍ക്കാര്‍ കണക്കുക്കൾ തന്നെ സൂചിപ്പിക്കുമ്പോഴും എന്തുകൊണ്ടാണ് വലിയൊരു ശതമാനം കുട്ടികളെ പുറത്തു നിർത്തിക്കൊണ്ട് സർക്കാർ ഓൺലൈൻ പഠന രീതിയുമായി മുന്നോട്ടു പോകുന്നത്? കോവിഡുകാലത്ത്‌ പോലും കൃത്യസമയത്തു ക്ലാസുകൾ തുടങ്ങണമെന്നും അതിനിനി ‘കുറച്ചു’ കുട്ടികൾക്ക് അപ്രാപ്യമായാലും ഗൗനിക്കേണ്ടതില്ല എന്ന പൊതു ബോധം ആരെ തൃപ്തിപ്പെടുത്താൻ ആണ്? ഇപ്പോൾ നടക്കുന്നത് കേവലം ‘ട്രയൽ ക്ലാസ്സുകൾ’ ആണെന്ന് സർക്കാർ അനുകൂല പക്ഷം നിരന്തരം പറയുമ്പോഴും അത്തരമൊരു ട്രയൽ എങ്ങനെയാണ് ഒരു ഭരണകൂടത്തിന് നടത്താൻ കഴിയുക?

അധികാര ഘടനയിലും വിഭവ ശേഷിയിലും അരികുവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ പാർശ്വവല്കൃതമായി എന്നും കരുതി പോരുകയും അത്തരം സമൂഹങ്ങളുടെ അവകാശങ്ങളും അഭിലാഷങ്ങളും കാര്യമാക്കേണ്ടതില്ല എന്നും ഉള്ള ബ്രാഹ്മണിക് പൊതുബോധമാണ് ഇവയുടെയെല്ലാം മൂലകാരണമായി നിലകൊള്ളുന്നത് എന്ന് നാം തീർത്തു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഘടനാപരമായ അസമത്വത്തെ കുറിച്ചാണ് നാം സംസാരിക്കേണ്ടത്. കേവലം വ്യക്തിയധിഷ്ഠിതമായി, പ്രശ്നങ്ങൾ ഉണ്ടകുന്ന സമയത്തു വിഭവങ്ങൾ കൈമാറിയതുകൊണ്ട് അതിനു മാറ്റം വരില്ല. ദേവിക യുടെ മരണത്തെ തുടർന്ന് പലരും ധനികരിൽ നിന്നും ടി വി യും മറ്റു ഇലക്ട്രോണിക് ഗാഡ്ജറ്റുകളും സംഭാവനയായി വാങ്ങിയും ചിലപ്പോൾ പുതിയത് വാങ്ങി തന്നെയും വിതരണം ചെയ്യുന്നുണ്ട്. ഇത്തരമൊരു പ്രവർത്തനം പക്ഷെ സമൂഹത്തിലെ  അസമത്വം ഊട്ടിഉറപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. സമൂഹത്തിന്റെ ഘടനക്കു തന്നെ പ്രശ്നം ഉണ്ട് എന്ന് തിരിച്ചറിയുകയും ശാശ്വത പരിഹാരം എന്ന നിലക്ക് പ്രശ്നത്തെ മറികടക്കാനുള്ള കാര്യശേഷി കീഴാള സമുദായങ്ങൾ കൈവരിക്കുമ്പോഴും മാത്രമാണ് യഥാർത്ഥ പ്രശ്നത്തെ മറികടക്കാൻ കഴിയുക. അസമത്വം പ്രകടമാകുമ്പോൾ താത്കാലിക ആശ്വാസങ്ങളിൽ അഭയം പ്രാപിക്കുന്ന ഓരോ ഘട്ടത്തിലും നീതി വൈകുകയാണ് ചെയ്യുന്നത്. അവകാശങ്ങൾക്ക് വേണ്ടി ന്യായമായ പ്രതിഷേധം ഉയർത്താതെ, വിവേചനപരമായ നയങ്ങളെ നഖശിഖാന്തം എതിർക്കാതെ, ‘സാമൂഹികപ്രവർത്തനങ്ങളെ’ ആശ്രയിച്ചു മുന്നോട്ടു പോയാൽ, കീഴാളർക്ക് തങ്ങളർഹിക്കുന്ന സാമൂഹിക സ്ഥാനം ലഭിക്കാതെ പോകും. ദേവികമാർ ഉണ്ടാവുകയും കീഴാളർക്കിടയിൽ മാത്രം അവർ ഓർമയായി നിലനിൽകുകയും ചെയ്യും.

By ബിലാല്‍ ഇബ്‌നു ഷാഹുല്‍

MA Geography Student, Jamia Millia Islamia, New Delhi