ബ്രാഹ്മണ മാര്‍ക്‌സിസവും അംബേദ്കറിന്റെ കൃത്യതയും

മാർക്സിസവും അംബേദകറിസവും മൗലികമായി ഒരേ കാഴ്ചപാടുകളാണ് പങ്കുവെക്കുന്നത്. ഭരണവർഗത്തിൽപ്പെട്ട കുറച്ചാളുകളുടെ വിശേഷാധികാര സൗധം കെട്ടിപ്പടുത്ത, പണിയെടുക്കുന്നവരും ഉൽപാദകരുമായ ജനലക്ഷങ്ങളുടെ വിമോചനത്തിനു വേണ്ടി രൂപം കൊണ്ട രണ്ട് പ്രത്യയശാസ്ത്രങ്ങള്‍. സൈദ്ധാന്തികമായി അതിന് പല വ്യാഖ്യാനങ്ങൾ നൽകാമെങ്കിലും, സമത്വപൂർണമായ സാമൂഹിക ഘടനയെയാണ് അത് മുന്നോട്ട് വെക്കുന്നത്. വിവേചനത്തെ പോറ്റുന്ന പൊതുബോധം, അതിനു ബലം പകരുന്ന ഭരണകൂടം, തുടങ്ങി വിവേചനത്തെ നാടിന്റെ ദേശീയ സ്വഭാവമാക്കുന്ന വ്യവസ്ഥിതിയുടെ നിലനിൽപ്പിനെതിരെയായിരുന്നു അവകളുടെ പ്രതികരണങ്ങൾ.

എന്നാൽ മാര്‍ക്‌സിയന്‍ സാഹിത്യത്തിൽ തികഞ്ഞ അവഗാഹമുണ്ടായിരുന്ന അംബേദ്കറെപ്പോലെ വിട്ടുവീഴ്ച്ചയില്ലാത്ത ഒരു വിപ്ലവ നേതാവ്, ചൂഷണത്തിനെതിരെയുള്ള തന്റെ സമരത്തില്‍ തത്വസംഹിതയായി മാർക്സിസത്തെ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് എന്നത് സാമാന്യമായൊരു ചോദ്യമാണ്. അതിനുള്ള ഉത്തരം വ്യക്തമായി പറഞ്ഞാൽ ജാതി സമൂഹത്താൽ മാർക്സിസത്തിന്റെ സൈദ്ധാന്തികപരമായ പൊരുത്തകേടായിരുന്നു എന്നു പറയാം. മാർക്സ് തന്റെ സിദ്ധാന്തത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ്. “കമ്മ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക നിഗമനങ്ങൾ സർവലോക പരിഷ്കർത്താവാകാൻ ആഗ്രഹിക്കുന്ന ആരെങ്കിലും കൽപിച്ചുണ്ടാക്കിയതോ കണ്ടു പിടിച്ചതോ ആയ ആശയങ്ങളെയോ തത്വങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. ഒരു വർഗസമരത്തിൽ നിന്ന്, നമ്മുടെ കൺവെട്ടത്തു നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തിൽ നിന്ന്, ഉയർന്നു വരുന്ന യഥാർഥ ബന്ധങ്ങൾക്കു സാമാന്യ രൂപം നൽകുകയാണ് ആ നിഗമനങ്ങൾ ചെയ്യുന്നത് ” അതിലൂടെ,മാർക്സിസമെന്നത് സാർവ്വലൗകികമായ ഒരു വിമോചക പ്രസ്ഥാനമല്ലന്നും വർഗേതര പ്രതലങ്ങളിൽ അതിനു പ്രതിഫലനം സൃഷ്ടിക്കാൻ കഴിയില്ലന്നും മാർക്സ് സൂചിപ്പിക്കുന്നുണ്ട്.

മാർക്സിന്റെ ആശയങ്ങളിൽ വ്യവഹരിക്കപ്പെടുന്ന വർഗസങ്കൽപ്പം ഇന്ത്യയിൽ നിലവിലില്ല എന്നത് കൊണ്ടും സഹസ്രാബ്ദങ്ങളായുള്ള സാമൂഹിക ശ്രേണി വ്യവസ്ഥയെ വർഗ സമരം കൊണ്ട് മാറ്റിമറിക്കാൻ സാധ്യമല്ല എന്നതുമാണ് ഡോ.അംബേദകറിനെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക്‌ ബദലായി ജാതി ഉന്മൂലന സിദ്ധാന്ത (Annihilation of Caste)ത്തിനു രൂപം നൽകാൻ പ്രേരിപ്പിക്കപ്പെട്ടത്.

ഇന്ത്യൻ സമൂഹം പ്രാഥമികമായി ഒരു വർഗ സമൂഹമല്ല.
അതൊരു ജാതി സമൂഹമാണ്. പാരമ്പര്യ രീതിയിലുള്ള തൊഴിലിന്റെയോ തൊഴിലാളികളുടെയോ വിഭജനമാണ് ജാതി സമ്പ്രദായത്തിന്റെ അടിത്തറ. അതിന്റെ ശ്രേണിവ്യവസ്ഥയിൽ കുറുകെയും നെടുകെയുമുള്ള ചലനാത്മകത അസാധ്യമാണ്. അത് നേടിയെടുക്കാനോ നഷ്ട്ടപെടുത്താനോ കഴിയുന്ന ഒന്നല്ല. അതൊരു ശിശുവിന് മേൽ അവന്റെ അല്ലെങ്കില്‍ അവളുടെ ജനനത്തോടെ പിതാവിൽ നിന്ന് പതിച്ചു കിട്ടുന്നതാണ്. എന്നാൽ വർഗനില ജനനത്താൽ നിശ്ചയിക്കപ്പെട്ട സാമൂഹിക സ്ഥാനമല്ല. അത് വർഗ സമരങ്ങളിലൂടെ നിർമൂലന വിധേയവുമാണ്.

ഈ ജാതീയ ഇടങ്ങളിൽ മാർക്സിസത്തെ അവതരിപ്പിക്കുന്നതിലെ അസാംഗത്യം മാത്രമല്ല, ആരായിരിക്കണം തൊഴിലാളി വർഗത്തിന്റെ അഥവാ അടിമ വർഗത്തിന്റെ മുന്നണി പോരാളി? അയ്ത്ത ജാതിക്കാരെയും ശൂദ്രരെയുംപോലുള്ള ചൂഷിത ജനതയുടെ മഹത്തായ വിമോചന പ്രസ്ഥാനത്തിന്റെ വക്താവാകാന്‍ ഒരു ബ്രഹ്മണനു കഴിയുമോ? എന്ന് തുടങ്ങി പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു അംബേദ്കര്‍ മുന്നോട്ട് വെച്ച ദര്‍ശനം. ലളിതമായി പറഞ്ഞാൽ ബ്രാഹ്മണിക് മാർക്സിസത്തിന്റെ കാപട്യം നിറഞ്ഞ സാമൂഹികസാമ്പത്തിക ചുറ്റുപാടിൽ നിന്ന് തൊഴിലാളി വർഗത്തെ മോചിപ്പിക്കുന്നതായിരുന്നു അംബേദ്കറിസം എന്നത്.

ബ്രാഹ്മണർക്ക് എന്തിന് ഈ മുഖഛായം

എം. എന്‍ റോയി

ബ്രാഹ്മണർക്ക് ഒരു വർഗമെന്ന നിലയ്ക്ക് മാർകിസിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് ഒന്നും തന്നെ നേടാനില്ല. എന്നാൽ അവർ നിലനിർത്തിപ്പോരുന്ന ക്രൂരതയുടെ വികൃതമായ സാമൂഹിക സാമ്പത്തിക ഘടനയെ നിലനിർത്താൻ ഭരണവർഗത്തിന് ഒരു വിമോചക പരിവേഷം അത്യാവശ്യമായിരുന്നു. അതിനുവേണ്ടി എം.എൻ റോയ്, എസ് എ ഡോങ്ഗെയെ പോലുള്ള ബ്രാഹ്മണരുടെയും ബ്രാഹ്മണ്യത്തിന്റെയും നേതൃത്വത്തിൽ ഇന്ത്യയിൽ മാർക്സിസ്റ്റ് പ്രത്യാശാസ്ത്രം അവതരിപ്പിക്കപ്പെട്ടു. തദ്ഫലമായി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയ വഞ്ചനയുടെ ഒരു ദയനീയ അധ്യായമായി അവശേഷിച്ചു. ഭരണവർഗമായിരുന്നതിനാൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തങ്ങൾ ഒട്ടും അനുയോജ്യരല്ലെന്നു പൂർണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ മാർക്സിസ്റ്റുകൾ “ഡീ ക്ലാസിങ് ” എന്ന പദം കണ്ടു പിടിക്കുകയും അതിലൂടെ തങ്ങൾ സ്വയം പതിത്വവത്കരിക്കപ്പെട്ടു എന്ന് വരുത്തി തീർക്കുകയും, വർഗപരമായി ഈ ചെയ്തിയെ നീതീകരിക്കുകയും ചെയ്തു. എന്നാൽ പ്രായോഗിക തലത്തിൽ ഡീ ക്ലാസ് വഴിയോ അല്ലാതെയോ ജാതിയെ തരംതാഴ്ത്തൽ സാധ്യമല്ല. എന്നിരുന്നാലും ബ്രാഹ്മണ കമ്യൂണിസത്തിനു വേരുറപ്പിക്കാൻ ഈ തരംതാഴൽ ഭാഷ്യം അവശ്യമായിരുന്നു.

ഭരണ വർഗത്തിന്റെ ഈ വിചിത്ര ഉത്പന്നം പിന്നീട് അവരുടെ തന്നെ കളിപ്പാവയായത് ആകസ്മികമല്ല. അതിന്റെ ആദ്യത്തെ രാഷ്ട്രീയ പരിപാടികളിലൊന്ന്, ബംഗാളിലെ ഗുരുചന്ദ് ഠാക്കൂറിന്റെയും മഹാരാഷ്ട്രയിലെ ഡോ.അംബേദ്കറിന്റെയും തമിഴ്നാട്ടിലെ ഇ.വി ആറിന്റെയുമെല്ലാം വിപ്ലവപ്രസ്ഥാനത്തെ ദുർബലപ്പെടുത്താനും പൊതുധാരയിൽ നിന്ന് അവകളെ അരികുവൽകരിക്കാനുമായിരുന്നു. ഇന്ത്യൻ ഭരണവർഗം അക്കാര്യത്തിൽ ഏറെ കുറേ വിജയിച്ചു എന്നു പറയാം. പിന്നീട് ബ്രാഹ്മണിസത്തിന്‌ സമൂഹികവും രാഷട്രീയവുമായി പഴിചാരാനുള്ള ഒരു ഉപാധി മാത്രമായി കമ്മ്യൂണിസം മാറി.

മൗലികമായി സാമൂഹികമാറ്റമാണ്‌ കമ്മ്യൂണിസം മുന്നോട്ട് വെക്കുന്നത്. എന്നാൽ ബ്രാഹ്മണമാർകിസ്റ്റുകൾ സാമൂഹ്യ മാറ്റത്തെ കടുത്ത യാഥാസ്ഥിക ബോധത്തോടെ എതിർത്തു. മാത്രമല്ല, ജാതീയ മേൽക്കൊയ്മയുടെ പ്രിവിലേജ്‌ പ്രത്യക്ഷമായും പരോക്ഷമായും അവർ ഉപയോഗിച്ചു.1932ലെ കാൺപൂർ ബോൾഷെവിക് ഗൂഢാലോചനക്കേസുമായി ബദ്ധപ്പെട്ട് സഖാവ് എസ്.എ ഡോങ്ഗേയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോൾ, താനൊരു ബ്രാഹ്മണനായതിനാൽ തനിക്ക് ഈ യാതനകൾ സഹിക്കാൻ കഴിയില്ലന്ന് അദ്ദേഹം ബ്രിട്ടിഷ് ഉദ്വോഗസ്ഥരോട് അവശ്യപ്പെട്ടു. മറ്റു പല സന്ദർഭങ്ങളിലും അന്തർലീനമായ ബ്രാഹ്മണാവതാരം കമ്മ്യൂണിസമെന്ന മറനീക്കി പുറത്തു വന്നിട്ടുണ്ട്. 2007ൽ സുഭാഷ് ചക്രവർത്തി എന്ന ഇന്ത്യയിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബങ്കുര ജില്ലയിലെ താരാപീഠ കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാല ചാർത്തിയതും ആരാധന നടത്തിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് “ഞാൻ ആദ്യമായി ഒരു ബ്രഹ്മണനാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമാനത്തോടെയുള്ള മറുപടി.

ലളിതമായി പറഞ്ഞാൽ ആദ്യം ബ്രഹ്മണൻ, രണ്ടാമത് ഹിന്ദു, മൂന്നാമത് കമ്മ്യൂണിസ്റ്റ് ഇതാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ മുൻഗണനാപരമായ സ്വത്വം.

ഈ കാഴ്ചപാടിൽ നിന്ന് മാർക്സ് നിർവചിച്ച സാമൂഹിക മാറ്റം ഒരിക്കലും സാധ്യമല്ല. വർഗബോധത്തിലൂന്നിയ മനസ്സിന്റെ മനശാസ്ത്രപരമായ പക്ഷപാതിത്വം മൂലമാണ് ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ഘടനയെക്കുറിച്ചുമെല്ലാം മാർക്സ് രേഖപ്പെടുത്തിയ അടിസ്ഥാന സത്യങ്ങൾ സ്വീകരിക്കാൻ ബ്രാഹ്മണ കമ്മ്യൂണിസ്റ്റുകൾ താത്പര്യം കാണിക്കാതിരുന്നത്. അത്രമേൽ ജാതീയത അവരിൽ നിറക്കപ്പെട്ടിരുന്നു. ബ്രാഹ്മണന്റെ ധാരണയും നിലപാടും മനസ്റ്റിലാക്കാൻ ഗാന്ധിയും പെരിയാര്‍ രാമസ്വാമിയും തമ്മിൽ നടത്തിയ വളരെ പ്രസക്തവും പ്രശസ്തവുമായ ഒരു സംഭാഷണമുണ്ട്.
ഗാന്ധി: മിസ്റ്റർ രാജഗോപാലാചാരിയിലും നിങ്ങൾക്കു വിശ്വാസമില്ലേ?
പെരിയാര്‍: അദ്ദേഹം നല്ലവനും സത്യസന്ധനുമാണ്. നിസ്വാർഥനും ത്യാഗമതിയുമാണ്. പക്ഷെ, ഈ പറഞ്ഞ ഗുണങ്ങളെല്ലാം അദ്ദേഹത്തിന്റെ സമുദായ സേവനമണ്ഡലത്തിൽ മാത്രമേ വരുന്നുള്ളൂ. അതുകൊണ്ട് അത്ര എളുപ്പത്തിൽ അബ്രാഹ്മണരായ എന്റെ ആളുകളുടെ ക്ഷേമകാര്യങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചേൽപിക്കാൻ എനിക്കാവുകയില്ല.

പെരിയാര്‍ ഇ.വി രാമസ്വാമി

ഗാന്ധി: ഇതെന്നെ അത്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ നോട്ടത്തിൽ സത്യസന്ധനായ ഒറ്റ ബ്രാഹ്മണൻ പോലും ഈ ലോകത്ത് ഇല്ലെന്നാണോ?
പെരിയാര്‍: ഒരു പക്ഷേ കുറച്ചാളുകൾ കണ്ടേക്കാം എന്തായാലും ഞാൻ ഇതുവരെ അങ്ങനെ ഒരാളെ കണ്ടിട്ടില്ല.
ഗാന്ധി: ഭയവായി അങ്ങനെ പറയരുത്. എനിക്ക് ഒരാളെ അറിയാം ഞാൻ അയാളെ കാണുനത് തികച്ചും നല്ല ഒരു ബ്രാഹ്മണനായാണ്. ഗോപാലകൃഷ്ണ ഗോഖലെയാണദ്ദേഹം.
പെരിയാര്‍: ഹൊ! എന്തൊരാശ്വാസം! അങ്ങയെപ്പോലെ മഹാനായ ഒരാൾക്ക് ഒരേയൊരാളെ മാത്രമേ നല്ല ബ്രാഹ്മണനായി കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂവെങ്കിൽ ഞങ്ങളെപ്പോലെ പാപികളായവർക്ക് എങ്ങനെയാണ് നല്ല ബ്രാഹ്മണരെ കണ്ടുമുട്ടാനാവുക? (ഇ വി രാമസ്വാമി നായ്ക്കരുടെ സമ്പൂർണ കൃതികൾ)

ഡോ. ബി.ആർ അംബേദ്കർ ഇന്ത്യയുടെ സാമൂഹ്യബോധത്തിൽ ഗ്രസിച്ചിരിക്കുന്ന ജാതീയ രോഗത്തെ കൃത്യമായി നിർണയിക്കുകയും അതിനു പരിഹാരമായി ജനാധിപത്യവത്കരണം അഥവാ ഭരണഘടനാനുസൃത വ്യവസ്ഥിതിയും മതപരിവർത്തന വാദവും മുന്നോട്ടുവെക്കുകയും ചെയ്തു. ജനാധിപത്യവും ഭരണഘടനാനുസൃതവാദവും അന്തിമമായ രാഷ്ട്രീയ സാമ്പത്തിക വിമോചനത്തിന്, അഥവാ തൊഴിലാളിവർഗ ഭരണം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള മാർക്സിയൻ രീതിശാസ്ത്രത്തിനു വിരുദ്ധമല്ല. അതുകൊണ്ട് ഭരണഘടനാനുസൃതവാദത്തിനു വേണ്ടി നിലകൊണ്ടത് ഡോ. അംബേദ്കറുടെ ഭാഗത്തു നിന്നുള്ള കീഴടങ്ങലായിരുന്നില്ല.

പ്രായോഗികമായി ജനാധിപത്യത്തെയും ഭരണഘടനാനുസൃതവാദത്തെയും സ്വകാര്യ സ്വത്തിനെ തകർത്തു കൊണ്ട് തൊഴിലാളിവർഗ ഭരണം സ്ഥാപിച്ച് അന്തിമമായി മനുഷ്യന്റെ ഭാഗധേയം നിർണയിക്കുന്ന ആദ്യപടി എന്ന നിലയിലാണ് മാർക്സ് വിവരിച്ചിട്ടുള്ളത്.
ഭരണഘടനാനുസൃതവാദം എന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടി പരിവർത്തനവാദത്തിലൂടെ അഥവാ മതപരിവർത്തനത്തിലൂടെ സാമൂഹ്യ പരിഷ്കരണത്തിന് ഡോ.അംബേദ്കർ ശ്രമിച്ചു. അതിലൂടെ മാർക്സിയൻ കാഴ്ചപാടിലുള്ള സോഷ്യലിസ്റ്റ് ചിന്തകൾക്ക്, പരിവർത്തനവാദത്തിന്റെയും ഭരണഘടനാനുസൃത വാദത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാനാവുമെന്ന് അദ്ദേഹം വിശ്വസിച്ചു.ചുരുക്കത്തിൽ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം ആത്മീയപരവുമായിരുന്നു. റിപ്പബ്ലിക്കൻ ജനാധിപത്യത്തിന്റെ രാഷ്ട്രിയകാര്യങ്ങളെ ഉറച്ച അടിത്തറയിൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയും ഭരണഘടനയെ ശക്തിപ്പെടുത്താനുമായി അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു. അതിലൂടെ ജാതീയ ഉച്ചനീചത്വങ്ങള്‍ക്ക്‌ ഫലപ്രദമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു.

By സാദിഖ് ചെട്ടിയാംകിണർ

Student, Darul Huda Islamic University