കോവിഡാനന്തര കാലത്തെ ദേശീയതയും മുതലാളിത്തവും

കോവിഡാനന്തരം ലോകമെങ്ങനെയായിരിക്കും? കോവിഡാനന്തര ലോകത്തെപ്പറ്റിയുള്ള ആലോചനകളിലാണ്‌ ലോകമിപ്പോള്‍. പല രാജ്യങ്ങളും ഭാഗികമായി ലോക്ഡൗണ്‍ നിര്‍ത്തുവാന്‍ ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷാവസാനം തുടങ്ങി എന്ന് ലോകാരോഗ്യ സംഘടന പറയുന്ന വൈറസ്‌ പ്രഭാവം, ലോകമാകെ അമ്പത്തി മൂന്ന് ലക്ഷം ജനങ്ങളെ ബാധിച്ചു, 3,42,000 ലധികം മരണം സംഭവിച്ചിരിക്കുന്നു. ലോക സാമ്പത്തിക രംഗത്ത് കനത്ത ആഘാതം സൃഷ്ടിക്കാന്‍ ഒരുങ്ങുമ്പോള്‍ സാമ്പത്തിക മാന്ദ്യവും കൂടി പ്രകടമാണ്. മാസങ്ങള്‍ നീണ്ട അപ്രതീക്ഷിതമായ വിരാമത്തിനു ശേഷം മാര്‍ക്കറ്റിലേക്ക്‌ വരുന്ന ഭീമന്‍ കോര്‍പറേറ്റുകളും ലോക രാജ്യങ്ങളും പുതിയ  പ്രതിസന്ധിയെയാണ് നേരിടുന്നത്. ദേശീയത, അതിര്‍ത്തി, പൗരത്വം തുടങ്ങിയ ഘടകങ്ങളുടെ മൂല്യത്തിനു പുതിയ അര്‍ത്ഥങ്ങളും ഈ മഹാവ്യാധി ലോകത്തിനു നല്‍കിയിട്ടുണ്ട്. അവ അനാവരണം ശ്രമിക്കുകയാണി ലേഖനം.

ആഗോളവല്കരണത്തിലൂടെ വികസിച്ച നിയോലിബറല്‍ ലോകത്ത് ഇപ്പോള്‍ മേല്‍കോയ്മയുള്ളത് വലതുപക്ഷ ദേശീയതക്കും വംശീയതക്കുമാണ് . മുതലാളിത്ത രാജ്യങ്ങള്‍ മുതല്‍ ദരിദ്ര രാജ്യങ്ങള്‍ വരെ, അതിര്‍ത്തികളിലെ ‘നുഴഞ്ഞുകയറ്റക്കാരെ’ക്കുറിച്ച് ആശങ്ക പടര്‍ത്തിയ ഘട്ടത്തിലാണ്‌ കൊറോണയുടെ വരവ്. ജൈവരാഷ്ട്രങ്ങള്‍ എന്നു ഫുക്കോ വിശേഷിപ്പിച്ച ഗവണ്‍മെന്റാലിറ്റി( governmentality) യുടെ കാലത്താണ് നമ്മള്‍ ഉള്ളത്. അതിനാല്‍ തന്നെ പൗരന്‍മാരെക്കാള്‍ ദുര്‍ബലരായ കേവല മനുഷ്യര്‍ (Agamben) ആണ് നമ്മള്‍. ചൈനയിലേക്ക്‌ നോക്കുക. കൊറോണാനന്തര സാഹചര്യം മുതലെടുത്ത്‌ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ നിരീക്ഷണ സംവിധാനത്തിലേക്ക് നീങ്ങുകയാണവര്‍. സര്‍ക്കാരുകള്‍ പൗരന്മാരുടെ മേലുള്ള നിരീക്ഷണം ശക്തമാക്കുന്നത്, തങ്ങള്‍ക്ക് മേലുള്ള ആരോഗ്യശ്രദ്ധ കൊണ്ടാണെന്ന് തോന്നുന്നത് കേവല യുക്തിയാണ്. ഈ വിധേയത്വത്തിനു  ജനങ്ങള്‍ക്കിടയില്‍  പാകം നല്‍കിയത്  വൈറസ്‌ നല്‍കിയ ഭയത്തിന്റെയും സാമൂഹിക അകലത്തിന്റെയും ബോധമാണ്.

അതിനാല്‍ തന്നെ നോര്‍മല്‍ (കൊറോണ രഹിതം) ശരീരം അബ്നോര്‍മല്‍ ആയ (കൊറോണ ബാധിച്ച അല്ലെങ്കില്‍ അതിനെ അതിജീവിച്ച) ശരീരം എന്ന രീതിയിലായിരിക്കും രാജ്യങ്ങളും പൗരന്മാരും ഇനി പരസ്പരം കാണുക.

അഭയാര്‍ഥികളോടുള്ള വെറുപ്പിനു പുതിയ ഒരു തലമായിരിക്കും കൊറോണാനന്തര ലോകത്ത് ഉണ്ടാകുക.

ചൈനീസ് വൈറസ് എന്ന്‌ ഒരു സാമ്രാജ്യത്വ രാജ്യം ഒരു വൈറസിനെ വിളിക്കുമ്പോള്‍ അത് ഉണ്ടാക്കാന്‍ പോകുന്ന പരിണതികള്‍ അത്ര ചെറുതല്ല. ചൈനക്കാരനു നേരെ തിരിയുന്നത മാത്രമല്ല ദേശീയതയും വെറുപ്പും കലര്‍ന്ന ഈ വിളി. മറിച്ച്, അതിര്‍ത്തികളെ അപരഭയത്തിന്‍റെ ഹോട്സ്പോടുകളാക്കി മാറ്റി അഭയാര്‍ഥികളെ അമാനവവല്‍ക്കരിച്ച്‌, വൈറസ് വാഹകരാവാന്‍ സാധ്യതയുള്ള ശരീരങ്ങളാക്കി സംശയിക്കാനും വരെ ഉതകുന്ന മനുഷ്യവിരുദ്ധമായ ‘യുക്തി’ ഇതില്‍ നിന്ന് ഉരിത്തിരിയുന്നുണ്ട്. തബ്‌ലീഗ്‌ വൈറസ് എന്ന പ്രോപഗണ്ടയുടെ പ്രൊജക്ട്ടും ഇത് തന്നെയാണ്. ഇന്ത്യയിലെ വലതുപക്ഷം എത്ര ദ്രുതഗതിയില്‍ ഇതൊക്കെ നടപ്പിലാക്കുന്നു എന്നും ശ്രദ്ധേയമാണ്.

യൂറോപ്പില്‍ കൊറോണ പ്രതിസന്ധി നിലവിലെ വലതുപക്ഷ ദേശിയതയെ ശക്തിപ്പെടുത്തുമെന്ന് ഇവാന്‍ ക്രസ്തെവ് നിരീക്ഷിക്കുന്നുണ്ട്. ആന്തരിക സമ്മര്‍ദങ്ങള്‍ക്കും മറ്റും വിധേയമായി ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഈ പ്രതിസന്ധിയെ ഏറ്റെടുക്കാനോ ചര്‍ച്ചകള്‍ മുന്നോട്ടു വെക്കാനോ ഒരുങ്ങുന്നില്ലെന്നത്‌ നിരാശപ്പെടുത്തുന്നതാണ്. ദേശം എന്ന ഘടകത്തെ വീണ്ടും ശക്തപ്പെടുത്തിയിരിക്കുകയാണ് നിലവിലെ സാഹചര്യങ്ങള്‍. “ നമ്മെല്ലാവരും ഇതില്‍ ഒറ്റകെട്ടാണ്, “ ഒരുമിച്ചു നിന്നെ ഇതിനു തടയിടാന്‍ കഴിയു”, എന്നാഹ്വാനം ചെയ്ത ലോകാരോഗ്യ സംഘടനയെ തന്നെ സംശയിക്കാനും പരിഹസിക്കാനും മുതിരുന്ന ട്രമ്പ്‌ അടക്കമുള്ള രാഷ്ട്രത്തലവന്മാരുടെ പ്രസംഗങ്ങള്‍ വലിയ രീതിയില്‍ അപര വിദ്വേഷം വളര്‍ത്തുന്നുണ്ട്.  

മുതലാളിമാരുടെ പ്രതിസന്ധി

കൊറോണ കാലം മുതലാളിത്തത്തിന് നൽകിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നല്കാൻ പോകുന്ന ആഘാതങ്ങൾ നമ്മൾ കാണുന്നതിലും എത്രയോ മടങ്ങ് വലുതാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾ, ചെറുകിട കമ്പനികള്‍, പുതിയ സ്റ്റാർട്ടപ്പുകൾ എന്നിവക്കെല്ലാമാണ്‌ ആസന്നമായ സാമ്പത്തിക മാന്ദ്യം കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ പോകുന്നത്.

സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി , കോർപ്പറേറ്റുകൾക്ക് തൊഴിൽ നിയമങ്ങളിലും മാറ്റ് ചട്ടങ്ങളിലും, വലിയ രീതിയിലുള്ള ഇളവുകൾ നൽകാൻ ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള നിയോ ലിബറൽ പാർട്ടികൾ തയ്യാറാണ്. തൊഴിൽ വർഗത്തിന്റെ എല്ലാ അവകാശങ്ങളിലും മാറ്റം വരുത്തി, നിബന്ധനകളിൽ വൻകിടകാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭരണകൂടം ചെയ്‌തു കൊടുക്കുമെന്നതിനാൽ, മാർക്കറ്റ് തിരിച്ചു പിടിക്കുമെന്ന കാര്യത്തിൽ ഇവർക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഇതിനാലാണ്, പ്രതിബന്ധങ്ങൾകിടയിലും, സൂചികകൾ ഉയർന്നു തന്നെ നിൽക്കുന്നത് എന്ന് കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ Bernard E. Harcourt നിരീക്ഷിക്കുന്നു.

ഈ പറയുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഫണ്ടിങ്ങിൽ വലിയ പങ്ക് വഹിക്കുന്നത്, കോർപ്പറേറ്റുകൾ തന്നെയാണല്ലോ. അത് കൊണ്ട് തന്നെ, കോവിഡിന്‌ ശേഷം ‘രാജ്യത്തിന്റെ’
സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി വലിയ ലാഭവർധന ഉണ്ടാക്കാൻ, മൗലികമായ ചട്ടങ്ങൾ കാറ്റിൽ പറത്താനും അമേരിക്കൻ ഭരണകൂടത്തിനു യാതൊരു മടിയുമുണ്ടാവില്ല. ഇതിനിടയിൽ നശിക്കുക, ചെറുകിട വ്യവസായങ്ങളും, കടകളുമായിരിക്കും. ചൂഷണം ചെയ്യപ്പെടുക, തൊഴിലാളി വർഗവും. നമ്മുടെ രാജ്യത്തെ നീതി പീഠങ്ങളും നിയോ ലിബറൽ യുക്തിയിലോട്ട് നിർലജ്ജം കടന്നിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ലഭികുന്നുണ്ടെങ്കിൽ, അപ്പോൾ പിന്നെ അവർക്ക് പണത്തിന്റെ ആവശ്യം എന്തെന്ന് ഒരു നിയമ സംവിധാനം എത്ര ലാഘവത്തോടെയാണ്‌ ചോദിക്കുന്നത്.

കടുപ്പമേറിയ സാമ്പത്തിക മാന്ദ്യമാണ്‌ ഐ എം എഫ് പ്രവചിക്കുന്നത്. കാപിറ്റലിസത്തിന്റെ അവസാനമായെന്ന പോൽ മാസിനെ പോലുള്ള ഇടത് സാമ്പത്തിക വിദഗ്ധർ അഭിപ്രായപെടുമ്പോൾ, സൈമൺ മൈറിന്റെ പോലുള്ള പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞർ കാണുന്നത് കുറച്ചു കൂടി സങ്കീര്‍ണമായ സാധ്യതകളാണ്. മുതലാളിത്തത്തിലേക്കോ പരസപര സഹായത്തിൽ അധിഷ്ഠിതമായതോ, ജീവരക്ഷക്ക് പ്രഥമ പരിഗണന നൽകുന്ന വികേന്ദ്രിത സാമ്പത്തിക രംഗത്തിലേക്കോ ലോകരാജ്യങ്ങൾ മാറാൻ സാധ്യത ഉണ്ടെന്ന് പറയുന്നു. എന്തുതന്നെയായാലും ഈ മാറ്റങ്ങള്‍ വിദൂര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം..

ദേശീയതയും തൊഴിലാളികളും

ദേശീയത ബോധങ്ങളില്‍ ഒരേ സമയം മെഡിക്കല്‍ തൊഴില്‍ മേഖല പ്രതിരോധം നിര്‍മിക്കുന്ന പടയാളികള്‍ ആയി മാറുമ്പോള്‍ തന്നെ, നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക, ആരോഗ്യ, മാനസിക വെല്ലുവിളികളെ നേരിടുന്ന അസംഘടിത മേഖലയിലെ തൊഴിലാളി വര്‍ഗത്തിന്നു അവര്‍ കാണിക്കുന്ന മനുഷ്യത്വത്തിന്റെ പേരില്‍ ഒരു അഭിനന്ദനവും ലഭിക്കുന്നില്ല. അത് കൊണ്ട് തന്നെ ലോക്ക്ഡൌണ്‍ നിര്‍മിക്കുന്ന സാമ്പത്തിക നഷ്ടം വേതനാനുകൂല്യങ്ങളിലും തൊഴില്‍ അവകാശികളിലും നിര്‍മിക്കാന്‍ പോകുന്ന സമ്മര്‍ദത്തിനെതിരെ ലോകം തൊഴിലാളി വര്‍ഗത്തിന് ഒപ്പം നില്‍ക്കുമോ? ഉത്തര്‍പ്രദേശില്‍, തൊഴില്‍ നിയമങ്ങളില്‍ കൊറോണക്ക് ‘ശേഷം’ വരുത്തുന്ന കാതലായ മാറ്റങ്ങള്‍, ഒരു സൂചനയാണ്‌. തൊഴിലാളികളുടെ ജീവിതത്തിലും വേതനത്തിലും മുതലാളിത്തം നല്‍കുന്ന പ്രഹരം സങ്കല്പ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലുതാണ്‌.

കുടിയേറ്റ- പ്രവാസി തൊഴിലാളികളുടെ ജീവിതവും മാറ്റങ്ങള്‍ക്ക് വിധേയ്മാകും. കൊറോണ സമയത്ത് സര്‍ക്കാരുകള്‍ ആദ്യം ശ്രദ്ധ തിരിച്ചത് തങ്ങളുടെ സ്വന്തം പൗരരിലേക്കായിരുന്നു. ഗള്‍ഫ് മേഖലയിലെ തൊഴിലാളികള്‍ കടന്നു പോയ അനാഥത്വം ഓര്‍ക്കുക. ആഗോളവല്‍ക്കരണം കൊട്ടിഘോഷിച്ച ചലനാത്മകത (mobility) തന്നെയാണ് ഒരു പരിധിവരെ കൊറോണയെ വ്യാപിപ്പിച്ചത്. കൊറോണക്ക് ശേഷം ഉള്ള ലോകക്രമത്തില്‍ അന്യ രാജ്യ തൊഴില്‍ വര്‍ഗത്തിന്റെ അവസ്ഥ, ചലനം അവരുടെ രാജ്യത്തിന്റെ കൊറോണ പ്രൊഫൈലുമായി ബന്ധപ്പെട്ടു തന്നെ ആയിരിക്കും. ഒരാളുടെ പാസ്‌പോര്‍ട്ടിലെ യാത്രചരിത്രം അയാളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഉതകുന്ന ഒരു ഘടകമായി മാറുക തന്നെ ചെയ്യും.

തൊഴിലാളി വര്‍ഗത്തെ തങ്ങളുടെ തൊഴിലിടങ്ങളിലേക്ക്‌ മുതലാളിത്വം കൊറോണക്കിടയിലും  തിരിച്ചു വിളിക്കാന്‍ ഉപയോഗിച്ചത് ദേശിയതയുടെ അലങ്കാരപദങ്ങളിലൂടെയാണ്‌.

മാര്‍ച്ച് 22ന് ട്രമ്പ്‌ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു: “അസുഖതിനുള്ള ചികിത്സ നമുക്ക് മുന്നില്‍ നിലവിലുള്ള വെല്ലുവിളിയെക്കാള്‍ (അതായത്, സാമ്പത്തിക പ്രശ്നം) ഗുരുതരമാക്കാന്‍ കഴിയില്ല”. അല്പം ദിവസങ്ങള്‍ക്ക് ശേഷം, ടെക്‌സാസ്‌ ലഫ. ഗവര്‍ണര്‍ മൊഴിഞ്ഞു: “നിങ്ങള്‍ നിങ്ങളുടെ അതിജീവനത്തെ അമേരിക്കയെ നമ്മുടെ കുട്ടികലും പെരക്കുട്ടികളും സ്നേഹിക്കുന്ന അമേരിക്കയായി നിലനിര്‍ത്താനുള്ള ഒരു അവസരമാക്കി മാറ്റാന്‍ തയ്യാറാണോ, എങ്കില്‍ ഞാനുമുണ്ട് കൂടെ!” മുതലാളിത്തം അതിന്റെ ഭീതി ഒഴിവാക്കാന്‍ വിളിക്കുന്നത് അടിസ്ഥാന തൊഴിലാളി വര്‍ഗത്തെയാണ്. തൊഴിലാളിയുടെ ആരോഗ്യ ജീവിത അവകാശങ്ങളെ,  എത്ര നിസ്സരവല്‍ക്കരിച്ചാണ് ഈ കൊറോണ കാലത്തും മുതലാളിത്തം മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക്‌ നോക്കുകയാണെങ്കില്‍, ലക്ഷങ്ങള്‍ വരുന്ന അന്യ സംസ്ഥാന തൊഴില്‍വര്‍ഗം തങ്ങളുടെ വീടുകളിലേക്ക് നടത്തിയ പലായനം എത്ര നിസ്സാരമായാണ് ഭരണകൂടം നോക്കിനിന്നത്. ഉപരി വര്‍ഗ്ഗവും മധ്യവര്‍ഗവും ഈ ദുര്‍ഗതിയെ അനിവാര്യമായ, സ്വാഭാവിക പ്രതിഭാസമായി ലളിതവ്ല്‍ക്കരിക്കാനും ശ്രമിച്ചു.  ഔറംഗബാദിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ തട്ടിയുള്ള ദാരുണ അന്ത്യത്തെ അപലപിക്കാന്‍  #Metoomigrant  ഹാഷ്ടാഗ് തുടങ്ങിയിരിക്കുകയാണ്‌ ഇന്ത്യന്‍ എലിറ്റ് വര്‍ഗം. വൈറ്റ് കോളര്‍ ജോലികള്‍ക്ക് വേണ്ടി തങ്ങളും ഈ രാജ്യത്ത് അങ്ങോളമിങ്ങോളം മാറി മാറി താമസിച്ച ‘ദുരന്ത’ കഥകള്‍ പങ്ക് വെക്കുകയാണ് അവര്‍. ഗോന്ദ് ആദിവാസികളായ 16  മനുഷ്യരുടെ തൊഴില്‍  ജീവിതത്തെ,  തങ്ങളുടെ സമ്പന്ന ജീവിത പരിസരങ്ങളിലോട്ട് സമീകരിക്കാന്‍ ഉപരിവര്‍ഗം നടത്തുന്ന ശ്രമങ്ങള്‍ അല്പം എങ്കിലും സാമൂഹിക ബോധമുള്ളവരെ ലജ്ജിപ്പിക്കുന്നതാണ്. “അവര്‍ തൊഴിലാളികള്‍ മാത്രമല്ല,  വിഭിന്നങ്ങളായ ചരിത്രങ്ങള്‍ ഉള്ള, വ്യത്യസ്തമായി  അടിച്ചമര്‍ത്തല്‍ നേരിട്ട്, നഗരങ്ങളിലേക്ക്‌ കുടിയേറാന്‍ നിര്‍ബന്ധിതരായവരാണ്”: ജെഎന്‍യു വിദ്യാര്‍ഥിയും ദളിത് ആക്ട്ടിവിസ്ടുമായ സുമീത് സാമോസ് ഫേസ്ബുക്കില്‍ എഴുതുന്നു. ജാതി, ദാരിദ്രം, പട്ടിണി, നിസ്സഹായാവസ്ഥ, തുടര്‍ മരണങ്ങള്‍, തുടങ്ങി നിര്‍ബന്ധിതമായ ഒഴിപ്പിക്കലുകളും, ശുഷ്കിച്ച സാമ്പത്തിക രംഗവും ലോക്ഡൗണ്‍ വിഷമങ്ങളും തീര്‍ത്ത മനുഷ്യ അവസ്ഥകളിലൂടെ കടന്നു പോയ ‘കുടിയേറ്റ തൊഴിലാളികളെ’    തങ്ങളുമായി ചേര്‍ത്ത് വെക്കുന്ന ഇവര്‍ ഹൃദയശൂന്യരാണ്. മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹമെഴുതി. ഒരു മഹാമാരിക്കും തുടച്ച് കളയാന്‍ സാധിക്കാത്തവണ്ണം, അന്ധമാണ്‌ അടിച്ചമര്‍ത്തപ്പെട്ടവന്റെ ജീവിതത്തോടുള്ള ഇന്ത്യന്‍ സവര്‍ണനിലപാടുകള്‍.

വാക്സിന്‍ മത്സരം

ലോകം മുഴുവന്‍ കാത്തിരിക്കുന്ന വാക്സിനു വേണ്ടി നടക്കുന്ന ശാസ്ത്ര ഗവേഷങ്ങള്‍ പൂര്‍ണമായി സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് നടക്കുന്നത്. മരുന്നിനെ തന്റെ അധികാരം കൊണ്ട് വിലയിടാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ശ്രമിക്കുകയുണ്ടായി. ജര്‍മന്‍ കമ്പനിയായ CureVac നോട്‌ തങ്ങള്‍ക്ക് മാത്രമായി വാക്സിന്‍ നിര്‍മിക്കാന്‍ വേണ്ടി യുഎസ് ആവശ്യപ്പെടുന്നുവെന്ന്‌ ജര്‍മന്‍ മാധ്യമമായ Weltam Sonntag റിപ്പോര്‍ട്ട്‌ ചെയ്യ്തത് മാര്‍ച്ചിലാണ്. തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുതലാളിത്തത്തി നും പരിധികള്‍ ഉണ്ടെന്നു മുതിര്‍ന്ന സോഷ്യല്‍ ഡെമോക്രാറ്റ് രാഷ്ടീയ പ്രവര്‍ത്തകനായ കാറല്‍ ലോറ്റെര്ബാട്ച് തുറന്നടിക്കുകയുണ്ടായി. 100 ഓളം ഗവേഷണ സംഘങ്ങള്‍ നടത്തുന്ന ഈ വൈറസ്‌ യുദ്ധം ഒരു മത്സരമായി പരിണമിച്ചിരിക്കുന്നു.

2011-ല്‍ ഇറങ്ങിയ Contagion എന്ന സ്റ്റീവന്‍ സോടെര്ബെര്ഗ് സംവിധാനം ചെയ്ത അമേരിക്കന്‍ ത്രില്ലര്‍, നിലവിലെ കൊറോണ മഹാമാരിയോടു സാമ്യത ഏറെയുള്ള ഒരു മഹാരോഗത്തെ ലോകം ചെറുത്ത് തോല്‍പ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ കഥയാണ്. വാക്സിന്‍ നിര്‍മിക്കുന്ന രാജ്യം വിതരണം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു രാജ്യത്തിന്നകത്ത് ആര്‍ക്ക് ആദ്യം വാക്സിന്‍ നല്‍കും. ജനനത്തീയതി അടിസ്ഥാനമാക്കി സര്‍ക്കാര്‍ ദിവസവും ഒരു നറുക്ക് എടുക്കുന്നു. നറുക്ക് വീണ മാസം, തീയതിയില്‍ ജനിച്ച എല്ലാവര്‍ക്കുമന്നു വാക്സിന്‍ നല്‍കും. ഈ നീക്കത്തിന്‌ സിനിമ ആധരമാക്കിയീരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ഇത്തരം ഘട്ടങ്ങളില്‍ പാലിക്കേണ്ട നൈതിക തീരുമാനങ്ങളെപ്പറ്റിയുള്ള ഒരു പഠനമാണ്. Distributive Justice എന്ന് പഠനം വിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒരു ഭാഗത്ത് ഇരിക്കെ, സിനിമ വിരല്‍ ചൂണ്ടുന്നത് ഈ ‘മത്സരത്തിന്റെ’ വിജയി എടുക്കുന്ന തീരുമാനങ്ങളിലേക്കാണ്. WHO (World Health Organisation) ഗവേഷകയെ ഹോങ്ങ്കൊന്ദ് ഗ്രാമവാസികള്‍ തട്ടികൊണ്ട് പോകുന്നു. അവര്‍ വൈറസ്‌ വികസിപ്പിച്ച രാജ്യത്തോട് മോചനദ്രവ്യം ആവശ്യപ്പെടുന്നു. അതനുസരിച്ച് രാജ്യം ഗ്രാമീണര്‍ക്ക് ‘വാക്സിന്‍’ നല്‍കുന്നു. മോചിതയായ ഗവേഷക വിമാനത്താവളത്തില്‍ വെച് തന്റെ രക്ഷാ ദൌത്യം വിജയിപ്പിച്ച ഉദ്യോഗസ്ഥനോട് അവര്‍ക്ക് നല്‍കിയത് വാക്‌സിന്‍ അല്ലേയെന്ന്‌ ചോദിക്കുന്നു. അല്ലെന്നു കേള്‍ക്കെ നിരാശയോടെ അവര്‍ ഗ്രാമത്തിലോട്ടു തിരികെ പോകാന്‍ മുതിരുന്നു. ഈ രംഗം രണ്ടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.: ഒന്ന്‌, ഒരു മഹാരോഗത്തിനും ദേശരാഷ്ട്രങ്ങളുടെ സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല. അതിജീവനത്തിന്റെ സാധ്യതകളെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും അധിനിവേശത്തിനും കച്ചവടത്തിനും വേണ്ടി ഉപയോഗിക്കാനാണ് എന്നും ലോകരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. ഒരു വാക്സിനും പരിഹാരമായി ഇല്ലാത്ത ഈ രാഷ്ട്രീയാവസ്ഥ തന്നെയ്യാണ് കൊറോണ കാലത്തെ ഇസ്ലാമോഫോബിക് ആക്രോശങ്ങളും, വെറുപ്പിന്റെ പോര്‍ വിളികളും അടിവരയിടുന്നത്. അഥവാ, കൊറോണാനന്തര ലോകം ഒരിക്കലും ഒരു യൂടോപ്പിയ ആയിരിക്കില്ല. വൈറസ് മനുഷ്യര്‍ക്കും രാഷ്ട്രങ്ങള്‍ക്കും മേല്‍ വീഴ്ത്തുന്ന മുറിവുകള്‍ ഒരിക്കലും മാറുമെന്നും അനുമാനിക്ക വയ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇനിയും മാസങ്ങളോളം അടഞ്ഞു തന്നെ ഇരിക്കും. ഭയവും പരസപര സംശയവും കൊണ്ട് മനുഷ്യരില്‍ സാമുഹിക ക്രമം നഷ്ടപ്പെട്ട ജനം മാനസിക സംഘര്‍ഷത്തിലാവും. “വികേന്ദ്രിതവും, ബഹു ധ്രുവാത്മകവുമാണ് ലോകമെന്നു കൊറോണ ഭീതി വീണ്ടും പറയുന്നു. പഴയ ദ്വന്ദങ്ങള്‍മറികടന്നുകൊണ്ട്‌ എല്ലാ രാജ്യങ്ങളും സഹകരിക്കേണ്ടതിന്റെയും, ആശയങ്ങള്‍ പങ്കുവേക്കേണ്ടതിന്റെയും, കാര്യങ്ങള്‍ പരസ്പരം പഠിക്കെണ്ടതിന്റെയും ആവശ്യകത അടിവരയിടുകയും ചെയ്യുന്നുണ്ട്”: ലണ്ടന്‍ സ്കൂള്‍ ഓഫ് എകനോമിക്സ്‌ പ്രൊഫസര്‍ ഡേവിഡ് ലുവിസ് പറയുന്നു.

By അബ്ദുല്‍ റഹ്മാന്‍ ഒ. എം

Graduated in English Literature, Delhi University