ഇസ്രായേലിന്റെ അപാര്‍ത്തീഡ് നയങ്ങളും ഫലസ്തീന്‍ അധിനിവേശവും

ആധുനിക ലോകത്തിൽ ഏറ്റവും ക്രൂരമായ സംഭവ വികാസങ്ങൾക്കു തുടക്കമിട്ട ചരിത്ര നിമിഷമാണ് ഇസ്രായേൽ രാഷ്ട്ര സ്ഥാപനം. ‘നക്ബ’ യെന്ന പേരിൽ അറിയപ്പെട്ട ഫലസ്തീൻ വംശീയ ഉന്മൂലന പ്രക്രിയ 72 വര്‍ഷങ്ങള്‍ പിന്നിടുന്നു. രാഷ്ട്ര സ്ഥാപനം മുതൽ ഈ നിമിഷം വരെയും തുടരുന്ന ഇസ്രായേലിൻ്റെ അധിനിവേശ – അക്രമ നയങ്ങൾ സ്വാഭാവികമാക്കപ്പെടുന്നു എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.

1947 നവംബർ 29 ൽ യു. എൻ അംഗീകരിച്ച 181-ാം പ്രമേയമാണ് ഫലസ്തീൻ രണ്ടായി പിളർത്താനുള്ള സാധ്യതയൊരുക്കിയത്. സാഹചര്യം മുതലെടുത്ത ഇർഗുൻ, ഹഗാന യഹൂദ ഭീകരവാദികൾ 1948 എപ്രിൽ ഒമ്പതാം തിയതി ദേർ യാസിൻ പ്രദേശം ആക്രമിക്കുകയും ഇരുന്നൂറില്‍ അധികം ഫലസ്തീനികളെ നിഷ്കരുണം വധിക്കുകയും ചെയ്തു. ‘ദേർ യാസീൻ’ കൂട്ടക്കൊല ഫലസ്തീനികളുടെ കൂട്ടപലായനത്തിന്നു തുടക്കമിട്ടു. 1948 മെയ് 14 ന്‌ ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ ഇറാഖ്, ഈജിപ്ത്, സിറിയ, ട്രാൻസ് ജോർദാൻ എന്നിവരുടെ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി യുദ്ധത്തിലേർപ്പെട്ടു. അമേരിക്ക പോലുള്ള അന്താരാഷ്ട്ര ശക്തികളുടെ ശക്തികളുടെ പിന്തുണയും അറബ് രാജ്യങ്ങളുടെ ദൗർബല്യവും ഫലസ്തീൻ വിഷയത്തിലെ അനാസ്ഥയും ഇസ്രായേൽ രാഷ്ട്രത്തിൻ്റെ അതിജീവനത്തിനു വഴിതെളിയിച്ചത്. പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ഇസ്രായേൽ അധിനിവേശവും വംശഹത്യയും തുടരുകയാണുണ്ടായത്.

ഇസ്രായേലി ചരിത്രരേഖകളിലുള്ള 1948 ലെ ഫലസ്തീൻ വംശീയ ഉന്മൂലനത്തിൻ്റെ രേഖകൾ നശിപ്പിച്ചു കളയാൻ ഭരണകൂടം ശ്രമിക്കുന്നുവെന്നു ഇലാൻ പപെ എഴുതുന്നു. എട്ടു ലക്ഷത്തിലധികം ഫലസ്തീനികളെ സ്വന്തം ഭൂമിയിൽ നിന്നും അടിച്ചോടിച്ചു അധിനിവേശ രാഷ്ട്രം രൂപപ്പെടുത്തിയ നക്ബ ( ദുരന്തം) യുടെ ചരിത്രരേഖകളെ നശിപ്പിക്കാനാണ് സിയോണിസ്റ്റു ഭരണകൂടം ശ്രമിക്കുന്നത്. സ്വമേധയാലുള്ള ഫലസ്തീൻ ഒഴിഞ്ഞുപോക്ക് (Palestinian exodus) എന്ന തരത്തിലുള്ള ചരിത്രവായനക്കു മുൻതൂക്കം കിട്ടാനുള്ള തന്ത്രപ്പാടിൽ ഫലസ്തീൻ വിഷയത്തെ അരാഷ്ട്രീയവത്ക്കരിക്കാനുള്ള അമേരിക്കൻ – ഇസ്രായേലി പ്രയത്നമാണിതെന്നാണ് ഇലാൻ പപെ വിലയിരുത്തുന്നത്. കൂടാതെ ‘സെറ്റിൽമെൻ്റ് ‘ എന്ന പേരിൽ വർദ്ധിച്ച തോതിൽ അധിനിവേശം, വീടുകൾ തകർക്കൽ, ഗ്രാമങ്ങളിൽ നിന്നും ഫലസ്തീനികളെ ആട്ടിപ്പുറത്താക്കൽ എന്നിവയിലൂടെ വെസ്റ്റ് ബാങ്കിലെ 60 ശതമാനത്തിലധികം പ്രദേശങ്ങൾ ഇസ്രായേലിനോടു കൂട്ടിച്ചേർക്കാനുള്ള ശ്രമവും ഇതിലൂടെ അവർ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം എഴുതുന്നു.

“ചരിത്രരേഖകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രദേശമല്ല ഫലസ്തീൻ. അധിനിവേശത്തിനും കോളനിവത്കരണത്തിനും ഇരയായ ഒരു യഥാർഥ രാജ്യമാണ്” എന്ന ഇലാൻ പെപെയുടെ വാക്കുകൾ ലോകജനതക്കുള്ള ഓർമപ്പെടുത്തലാണ്.

‘ബെയ്ത ഇസ്രായേൽ’ എന്നറിയപ്പെടുന്ന 140,000 – ഓളം എത്യോപ്യൻ യഹൂദർ ഇസ്രായേലിലുണ്ട്. 1977 ൽ അധികാരത്തിലേറിയ
മെനാചെം ബെഗിൻ ആണ് എത്യോപ്യൻ യഹൂദരെ ഇസ്രായേലിൽ പുനരധിവസിപ്പിക്കാൻ ആരംഭിച്ചത്. മുഖ്യധാരാ യഹൂദരിൽനിന്നും അകന്നു ജീവിക്കുന്ന ഇവർ മതപരമായി തന്നെ വിഭിന്ന വിശ്വാസ-ആചാര രീതികൾ സൂക്ഷിക്കുന്നവരാണ്. അതിനാൽ തന്നെ ഇതര യഹൂദ വിഭാഗങ്ങൾ എത്യോപ്യൻ യഹൂദരുടെ മത സത്വത്തെ എതിർക്കുകയും ഇസ്രായേൽ പൗരത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. താമസിക്കാനിടമില്ലാതെ കറങ്ങി നടക്കുന്നവർ എന്നർഥത്തിലുള്ള ‘ഫലാഷ’ എന്ന ആക്ഷേപ പദ പ്രയോഗം ഈ വിഭാഗത്തിന്നെതിരെ ഉപയോഗിക്കാറുണ്ട്. 1990കളിൽ എയ്ഡ്സ് ബാധ ഭയന്നു ഇസ്രായേൽ ദേശീയ രക്ത ബാങ്ക് എത്യോപ്യൻ യഹൂദർ ദാനം ചെയ്ത രക്ത പാക്കറ്റുകൾ നശിപ്പിച്ചിരുന്നു. 1992 മുതൽ എത്യോപ്യൻ യഹൂദർ ഗവർമെൻ്റിൽ നിന്നുള്ള ധനസഹായത്തിനായും ഭരണകൂടത്തിൻ്റെ കീഴിലുള്ള മതസ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാനുമുള്ള നിയമ പോരാട്ടം നടത്തിവരുന്നു. അഭയാർഥി പ്രശ്നവും മതവീക്ഷണ വ്യത്യാസത്തിൻ്റെയും അടിസ്ഥാനത്തിൽ ഇസ്രായേൽ ഭരണകൂടങ്ങൾ അവരുടെ അവകാശങ്ങൾ നിഷേധിച്ചിരുന്നു. വ്യവസ്ഥാപിതമായ ബഹിഷ്കരണം, വിവേചനം, ഭരണകൂടത്തിൻ്റെ അമിത നിരീക്ഷണവും നിയന്ത്രണവുമടക്കം നേരിടുന്നവരാണ് ഈ വിഭാഗം. ബഹുഭൂരിപക്ഷം പൗരന്മാരെപ്പോലെ ഇസ്രായേലിലെത്തിയ ഇവർ സഹമത വിശ്വാസികളിൽ നിന്നും മതത്തിൻ്റെയും പൗരത്വത്തിൻ്റെയും പേരിൽ വിവേചനം നേരിടുന്നുവെന്നത് വൈരുധ്യം നിറഞ്ഞതാണ്. ബ്ലാക് യഹൂദർ എന്നയടിസ്ഥാനത്തിൽ വർണവിവേചനം പോലും അവർ നേരിടുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായതിനാൽ രാജ്യത്തെ ഉയർന്ന ദാരിദ്ര്യ നിരക്ക് അനുഭവിക്കുന്നത് ഈ വിഭാഗമാണ്. കൂടാതെ ഇവർക്കു മേൽ അറസ്റ്റും ജയിൽവാസവും തുടങ്ങി വിവിധ അവകാശലംഘനങ്ങളും വർദ്ധിച്ചു വരുന്നു. ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിച്ച എത്യോപ്യൻ യഹൂദരെ ക്രൂരമായാണ് ഇസ്രായേൽ പോലീസ് അടിച്ചമർത്തിയത്. എത്യോപ്യൻ യഹൂദരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നുള്ള ദേശീയ ലേബർ കോർട്ടിൻ്റെ പുതിയ തീരുമാനപ്രകാരം ഇസ്രായേലി ഗവർമെൻ്റിൻ്റെ വംശീയ നിലപാടിൽ മാറ്റം വരുമെന്നു പ്രതീക്ഷിക്കാം.

2018 ൽ ഇസ്രായേൽ പാസാക്കിയ പ്രകാരം പൂർണമായും നിയമപരമായി തന്നെ രാഷ്ട്രത്തെ അപാർതീഡ് സ്റ്റേറ്റാക്കിയിട്ടുണ്ട്. യഹൂദരുടെ ദേശീയമായ സ്വയംനിർണയാവകാശം ഉറപ്പിക്കുന്ന നിയമമായിരുന്നു അത്. ഇസ്രായേലിലെ 20 ശതമാനത്തോളം വരുന്ന അറബ് – ഫലസ്തീനികളിൽ 80 ശതമാനവും മുസ്‌ലിംകളാണ്‌. ഇസ്രായേൽ അതിർത്തിക്കുള്ളിൽ ജീവിക്കുന്ന ഇവരുടെ രാഷ്ട്രീയ- സാമൂഹിക വ്യവഹാരങ്ങളിൽ ധാരാളം പ്രതിസന്ധികളുണ്ട്.
ഒരേ കുറ്റം ചെയ്യുന്ന ഇസ്രായേൽ പൗരനും ഫലസ്തീനിക്കും വ്യത്യസ്ത നീതിയാണ് സിയോണിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്നത്. ഫലസ്തീനിയെങ്കിൽ തല്‍സമയം വധിക്കപ്പെടാനും വർഷങ്ങളോളം തടവു ജീവിതത്തിനും വിധിക്കപ്പെട്ടേക്കാം. ഇസ്രായേലി യഹൂദർക്കു അനായാസ നിയമ നടപടികൾ ലഭിക്കുന്നതാണ് എന്നു ഇസ്രായേലീ നിയമ നടപടികളെ അവലോകനം ചെയ്തുകൊണ്ടു ജോനാതൻ ഓഫിർ നിരീക്ഷിക്കുന്നുണ്ട്. അറബ് – ഫലസ്തീനികൾ അധിവസിക്കുന്ന പ്രദേശങ്ങളിലെ വികസനം, സുരക്ഷ, സാമൂഹികസമത്വം, രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എല്ലാ മേഖലകളിലുമുള്ള സ്വാതന്ത്ര്യത്തിനായി നിയമ പോരാട്ടം തുടരുകയാണ്. പശ്ചിമേഷ്യയിലെ ഒരേയൊരു ജനാധിപത്യ രാഷ്ട്രമെന്നു അവകാശപ്പെടുന്ന ഇസ്രായേലിൻ്റെ അവസ്ഥയാണിത്.

അത്യാധുനിക സാങ്കേതിക വിദ്യ കൈവശമുള്ള
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നാണ് ഇസ്രായേൽ. ആയുധക്കച്ചവടത്തിലും മുന്നിൽ നിൽക്കുന്നു. അതിലുപരി ഇസ്രായേലിൻ്റെ എല്ലാ അതിക്രമങ്ങൾക്കും
അമേരിക്കയുടെ പിന്തുണയുണ്ട്. ആഫ്രിക്കൻ രാഷ്ട്രങ്ങൾ, ഇന്ത്യ, ചൈന തുടങ്ങിയ ഏഷ്യൻ ശക്തികളുമായും നയതന്ത്ര ബന്ധത്തിലൂടെ രാഷ്ട്രീയ ബന്ധം ഊട്ടിയുറപ്പിക്കാൻ ഇസ്രായേലിനു സാധിച്ചിട്ടുണ്ട്. രാഷ്ട്ര സ്ഥാപനശേഷം ഇസ്രായേലുമായി യുദ്ധത്തിനു പോലും തയ്യാറായ അറബ് രാഷ്ട്രങ്ങളുടെ നയംമാറ്റം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ മുമ്പില്ലാത്ത പ്രാദേശിക ചലനങ്ങൾ സൃഷ്ടിക്കും. ഫലസ്തീനികൾക്കായി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ധം ചെലുത്താൻ കഴിയുന്ന അറബുരാജ്യങ്ങളിൽ പലതും ഇസ്രായേലുമായി രഞ്ജിപ്പിനായുളള മത്സരത്തിലാണ്. ഫലസ്തീൻ അഭയാർഥികളെ സംരക്ഷിച്ചിരുന്ന UNRWA- ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കൽ ഫലസ്തീൻ അനുരജ്ഞന ചർച്ചകളിൽ നിന്നും PL0 യെ ഒഴിവാക്കൽ, ഫലസ്തീനികളുടെ രാഷ്ട്രീയ അവകാശത്തെ ഒട്ടും തന്നെ പരാമർശിക്കാത്ത സമ്മേളനങ്ങൾ എന്നിവയെല്ലാം അമേരിക്കൻ – ഇസ്രായേൽ കൂട്ടുകെട്ടിൻ്റെ ഫലസ്തീൻ വിരുദ്ധ നീക്കങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

1967 ലെ ഫലസ്തീൻ പരിധികൾ അടിസ്ഥാനപ്പെടുത്തി 2017 മെയ് ഒന്നിൽ ഹമാസ് അവതരിപ്പിച്ച പുതിയ “Document of general principles and policies” മുൻകാല നയങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായ ചുവടുവെപ്പാണ്. 1967 ൽ ഇസ്രായേൽ അധിനിവേശത്തിൽ കയ്യേറിയ പ്രദേശങ്ങൾ ഫലസ്തീനികൾക്ക് തിരികെ ലഭിക്കണം എന്നാണ് ഹമാസ് ഈ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. യഹൂദരല്ല പകരം സിയോണിസ്റ് രാഷ്ട്രീയത്തോടാണ് പ്രസ്ഥാനത്തിന്റെ പോരാട്ടമെന്നു ഹമാസ് പ്രസ്താവിച്ചിരുന്നു. 1967 ജൂൺ നാലാം തീയതി വരെ നിലനിന്ന ഭൂപ്രദേശ പരിധികളുടെ അടിസ്ഥാനത്തിൽ ജറൂസലേം തലസ്ഥാനമായി സ്വതന്ത്രവും പൂർണ പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനാണ് ഹമാസിന്റെ ചാർട്ടർ ആവശ്യപ്പെട്ടത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ചിതറിപ്പോയ ഫലസ്തീൻ നിവാസികളെ തിരിച്ചുകൊണ്ടുവരാനും ഈ ചാർട്ടറിലൂടെ ഹമാസ് ആഗ്രഹിച്ചു. ഫത്ഹുമായുള്ള രാഷ്ട്രീയ ഭിന്നതകൾക്കു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും ഹമാസ് കരുതി. വര്ഷങ്ങളോളമുള്ള ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണു ഹമാസ് ഈ തീരുമാനത്തിലേക്കെത്തിച്ചേർന്നത്. എന്നാൽ ഇസ്രായേൽ ഹമാസിന്റെ ചരിത്രപരമായ തീരുമാനത്തെ തള്ളിക്കളയുകയാണ് ചെയ്തത്. ഹമാസിന്റെ നിലപാട് സങ്കീർണമായ ഫലസ്തീൻ പ്രശ്നത്തിൽ പുതിയ സമാധാന ചർച്ചകൾക്ക് വാതിൽ തുറന്നെങ്കിലും 2017 ഡിസംബർ ആറിന് അമേരിക്ക ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത് പ്രശ്നത്തെ കൂടുതൽ വഷളാക്കി.

സ്വതന്ത്ര ഫലസ്തീൻ ലക്ഷ്യത്തിനായി പോരാടുന്ന ഹമാസ് കാണിച്ച രാഷ്ട്രീയ പക്വത ഇസ്രായേൽ അവഗണിച്ചു തള്ളിക്കളയുകയാണുണ്ടായത്. പ്രശ്ന പരിഹാരം തേടുന്നതിനപ്പുറം കൂടുതൽ രാഷ്ട്രീയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ഇസ്രയേലിന്റെ ലക്‌ഷ്യം.

ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലേം പ്രദേശങ്ങളിലായി ഏകദേശം അഞ്ച് മില്യൻ ഫലസ്തീനികളാണ് ഇസ്രായേലിൻ്റെ ദൈനംദിന അധിനിവേശത്തിൻ്റെ കെടുതി അനുഭവിക്കുന്നത്. ഇസ്രായേലിനുള്ളിൽ 1. 5 മില്യൻ ഫലസ്തീനികളാണ് രണ്ടാം കിട പൗരന്മാരായി ജീവിക്കേണ്ടി വരുന്നത്. UNRWA യുടെ കണക്കുപ്രകാരം വിവിധ അറബ്‌ രാജ്യങ്ങളിലായി മൂന്നു മില്യൻ ഫലസ്തീൻ അഭയാർഥികളാണുള്ളത്. അനവധിയാളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഫലസ്തീൻ ഗ്രാമങ്ങൾ നശിപ്പിച്ച്‌ അനധികൃത കുടിയേറ്റത്തിനു (settlements) ആക്കം കൂട്ടാനുള്ള ശ്രമത്തിലാണ് സിയോണിസ്റ്റ് ഭരണകൂടം. 1948 ൽ വാദി സുബാലയിൽ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ട ഭൂരിപക്ഷം ഫലസ്തീനികളും ഉമ്മുൽ ഹിറാൻ ഗ്രാമത്തിലാണ് താമസിക്കുന്നത്. എന്നാൽ അവിടെ നിന്നും അവരെ പുറത്താക്കി ഹിറാൻ എന്ന പേരിൽ പുതിയ യഹൂദ നഗരമാക്കി മാറ്റാനാണ് ഭരണകൂടം തയ്യാറെടുക്കുന്നത്. ഇസ്രായേലീ കോടതിയും പുതിയ അധിനിവേശ പദ്ധതിക്കു അനുവാദം നൽകിക്കഴിഞ്ഞു. കൂടാതെ ‘റിട്ടേൺ മാർച്ച്’ എന്ന പേരിൽ ഫലസ്തീനികൾ നടത്തിവരുന്ന പ്രതിഷേധ പ്രകടനങ്ങളെ ക്രൂരമായാണ് ഇസ്രായേലീ സൈന്യം നേരിടുന്നത്. നിരവധി പ്രതിഷേധകരെ വധിക്കുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുന്ന നയമാണ് അവർ സ്വീകരിച്ചു വരുന്നത്

വെസ്റ്റ് ബാങ്കും ജോർദാൻ താഴ്വരയും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ തീരുമാനം പ്രാദേശിക സംഘർഷത്തിന് വഴിതെളിക്കുമെന്നത് തീർച്ചയാണ്. ജോർദാൻ രാജാവ് അബ്ദുല്ലാഹ് രണ്ടാമൻ ഇസ്രയേലിന്റെ നീക്കം യുദ്ധസമാനമാണെന്ന് പ്രസ്താവിച്ചിരുന്നു.വെസ്റ്റു ബാങ്കിൽ 7000 പുതിയ വീടുകൾ നിർമിക്കാനൊരുങ്ങുന്നത്. കോവിഡ്- 19 ൻ്റെ പ്രതികൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തി അനധികൃത കുടിയേറ്റത്തിന്‌ ശ്രമിക്കുകയാണെന്നു പി എൽ ഓയും പ്രസ്താവിച്ചിരുന്നു. ഇസ്രയേലിന്റെ ഈ തീരുമാനത്തെയും അമേരിക്കയുടെ പൂർണ പിന്തുണയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഡീൽ ഓഫ് ദി സെഞ്ച്വറി’ എന്ന പേരിൽ നെയ്തെടുത്ത അധിനിവേശ തന്ത്രത്തിന്റെ ചുവടു പിടിച്ചാണ് ഇസ്രായേൽ ഈ കയ്യേറ്റത്തിന് തയ്യാറാകുന്നത്. അറബ് ലോകവും തുർക്കിയും ഓ ഐ സിയുമടങ്ങുന്ന ഇസ്‌ലാമിക ലോകം ഈ അധിനിവേശ തന്ത്രത്തെ എതിർത്തിരുന്നു. ഈ സാഹചര്യത്തിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ വെസ്റ്റ് ബാങ്ക് അധിനിവേശത്തിനെതിരെ സമ്മർദ്ദം ചെലുത്താൻ തയ്യാറുകുന്നുവെന്നത് പ്രതീക്ഷയുളവാക്കുന്നതാണ്. സ്പെയിൻ, ഫ്രാൻസ്, അയർലണ്ട്, സ്വീഡൻ, ബെൽജിയം ലെക്സേംബർഗ് എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുന്നു. പക്ഷെ ഇസ്രായേൽ ലോബിയുടെ സമ്മര്ദങ്ങളിൽ നിന്നും ഈ രാഷ്ട്രങ്ങൾക്ക് രക്ഷപെടാൻ പറ്റുമോ എന്ന്‌ വരും ദിവസങ്ങൾ തെളിയിക്കും.

ഇസ്രായേലിൻ്റെ നിഷ്ഠൂര നടപടികളെയും നയങ്ങളെയും വിമർശിക്കുന്നവർക്കെതിരെ സെമിറ്റിക് വിരുദ്ധത ആരോപിച്ചു രക്ഷപെടാൻ അവർക്കു കഴിയുന്നു എന്നത് ഗൗരവകരമായ വിഷയമാണ്. ഇസ്രായേലിനെ വിമർശിക്കുന്നതും ബഹിഷ്കരണം അടക്കമുള്ള എല്ലാത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരെ ചില രാഷ്ട്രങ്ങൾ നിയമം പോലും പാസാക്കിയത് ഈ സാഹചര്യത്തിലാണ്. ഫലസ്തീൻ ജനതയുടെ ജീവിത -രാഷ്ട്രീയ സ്വാതന്ത്ര്യത്തോടുള്ള ഈ രാജ്യങ്ങളുടെ മനോഭാവം ഇതിൽ നിന്നും വ്യക്തമാണ്.

ഫലസ്തീൻ എന്നത് ഹമാസ്- ഫതഹ് രാഷ്ട്രീയ വടംവലിക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിസ്സഹായരായ ഒരു ജനതയായി അക്ഷരാർഥത്തിൽ മാറിക്കഴിഞ്ഞു.

അധിനിവേശഭയം നേരിടുന്ന വെസ്റ്റു ബാങ്കും ഉപരോധത്തിലകപ്പെട്ട രണ്ട് മില്യണിലധികം ജനങ്ങൾ തിങ്ങി താമസിക്കുന്ന ഗാസയും മാത്രമായി ഫലസ്തീൻ ചെറുതായിക്കഴിഞ്ഞു.

ഹമാസിൻ്റെ ചെറുത്തുനിൽപ്പു മാത്രമാണ് ഗാസയെ ഇസ്രായേലിൻ്റെ അധിനിവേശത്തിൽപ്പെടാതെ സംരക്ഷിച്ചു നിർത്തുന്നത്. പ്രാദേശിക സംഘർഷത്തിലെ ദുർബല കക്ഷിയെന്ന നിലയിൽ ഫലസ്തീൻ വിഭാഗങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണ്. ഈ ഐക്യ സഫലീകരിക്കപ്പെടുന്നതിന്നു മുമ്പ് പുതിയ ദേശീയ പൊതു അഭിപ്രായ അടിസ്ഥാനത്തിൽ അവരുടെ ഉദ്ദേശലക്ഷ്യങ്ങളുടെ ഒരു പുനർ നിർവചനം ആവശ്യമാണ് എന്നു റാഷിദ് ഖാലിദി
The Hundred Years’ War on Palestine: A History of Settler Colonialism and Resistance, 1917–2017 ൽ എഴുതുന്നു. സമകാലിക സങ്കീർണതകളിൽ ഫലസ്തീനെ രക്ഷിക്കാനാവശ്യമായ ചലനാത്മകമായ പദ്ധതി രൂപീകരിക്കാൻ ഹമാസിനും ഫത്ഹിനും സാധ്യമാവുകയില്ല എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഈ രണ്ടു പാർട്ടികളും സമാധാന ശ്രമങ്ങൾക്കായി ഒരുമിച്ചാൽ പോലും ഇസ്രായേലിൻ്റെ ധാർഷ്ട്യം പ്രാദേശിക അസ്ഥിരാവസ്ഥയെ രൂക്ഷമാക്കും എന്നതാണ് യാഥാർഥ്യം.

ഇസ്രായേൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ ശക്തിയാർജിക്കുന്നുവെങ്കിലും ഫലസ്തിനികളുടെ പോരാട്ട വീര്യത്തിനു ഒരു വീഴ്ചയും വന്നിട്ടില്ല. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഫലസ്തീൻ അഭയാർഥികൾ സമാന മനസ്ക്കരുടെ സഹായത്തോടെ ഇസ്രായേൽ ക്രൂരതകൾക്കും അധിനിവേശത്തിന്നെതിരെയും ശബ്ദമുയർത്തുന്നുണ്ട്. BDS (The Boycott, Divesty and Sanctions) പ്രസ്ഥാനത്തിനു ആഗോളതലത്തിൽ ഇസ്രായേലിൻ്റെ മർദ്ധനനയങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്.

ഡോ. റംസി ബറൂദ്‌

ചാരന്മാർ ,ഇസ്രായേലി ഏജൻ്റുമാരെ ഉപയോഗിച്ചു കിംവദന്തികൾ പരത്തുക, ദിനപത്രങ്ങൾ, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ ഭയം നിലനിർത്തുക, രാഷ്ട്രീയ- സാമ്പത്തിക- നയതന്ത്ര മേഖലകൾ ഉപയോഗപ്പെടുത്തി സമ്മർദ്ധത്തിലാക്കുക, മിലിട്ടറിയുടെ ആക്രമങ്ങളിലൂടെ ആത്മവിശ്വാസം തളർത്തിക്കളയുക തുടങ്ങി വിവിധ തരത്തിലുള്ള മനശാസ്ത്ര യുദ്ധ രീതികളാണ് ഇസ്രായേൽ ഫലസ്തീനികൾക്കു മേൽ ഉപയോഗിക്കുന്നതെന്നു പ്രൊഫസർ ഹാമിദ മഹ്ദി സൊമിസെമും സംഘവും നടത്തിയ പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. ലോകം മുഴുവനും പിന്തിരിഞ്ഞു നിന്നാലും ഫലസ്തിനികളുടെ പോരാട്ട വീര്യം തകരില്ല എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ഫലസ്തീൻ ജനത ഒരിക്കലും പീഡിത മനോഭാവം ഉൾകൊള്ളുകയില്ലെന്ന ഡോ: റംസി ബാറൂദിൻ്റെ അഭിപ്രായം പ്രസക്തമാണ്.

ഫലസ്തീനികളുടെ ദേശീയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ സ്വന്തമായ അതിർത്തി പോലും നിർണയിക്കാത്ത കൊളോണിയൽ ശക്തിയായി നിലകൊള്ളുന്ന ഇസ്രായേലിനെ നിയന്ത്രിക്കാൻ അറബ്- മുസ്‌ലിം ലോകത്തിനോ മറ്റു അന്താരാഷ്ട്ര ശക്തികൾക്കോ സാധിക്കുന്നില്ല എന്നത് സിയോണിസ്റ്റു രാഷ്ട്രത്തിൻ്റെ അനധികൃത കുടിയേറ്റവും ഫലസ്തീനികൾക്കെതിരെയുള്ള ക്രൂരതകളും അനുസ്യൂതം തുടരാൻ അവരെ പ്രേരിപ്പിക്കുന്നതാണ്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഭരണകൂട ഭീകരത, സ്വസമുദായത്തിലെ വിശ്വാസി വിഭാഗങ്ങളോടുള്ള മതപരവും വംശീയവുമായ വിവേചനം, സിയോണിസ്റ്റ് പ്രത്യയശാസ്ത്ര വിഭാവനയുടെ വിമർശകർ, ഭരണകൂടത്തിൻ്റെ അക്രമ നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവർ എന്നിവർക്കെതിരെ സെമിറ്റിക് വിരുദ്ധത ആരോപിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുക, രാഷ്ട്ര സ്ഥാപനം മുതൽ സ്വദേശ വാസികളെ ആട്ടിപ്പുറത്താക്കിയും കൂട്ടക്കൊലകൾ നടത്തിയും യഹൂദരെ കുടിയിരുത്തുക, നിരപരാധികളായ ആയിരക്കണക്കിനു ഫലസ്തീനികളെ അറസ്റ്റ് ചെയ്തു വർഷങ്ങളോളം ജയിലിലടക്കുക, ഫലസ്തീനികൾക്കെതിരെ ഭരണകൂടാനുകൂല തീവ്രവാദികൾ തുടരുന്ന ലിഞ്ചിംഗിനുള്ള പിന്തുണ തുടങ്ങി സമകാലിക ഇന്ത്യയിലെ മത-സാമൂഹിക- രാഷ്ട്രീയ സംഭവ വികാസങ്ങളുടെ യഥാർഥ പരിഛേദനമാണ് ഇസ്രായേൽ. അന്താരാഷ്ട്ര നിയമങ്ങൾ പോലും ഒരു മടിയും കൂടാതെ ധിക്കരിക്കുന്ന ഇസ്രായേലിൻ്റെ മനുഷ്യത്വ വിരുദ്ധമായ ആഭ്യന്തര- പ്രാദേശികനയങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദ്ധം അധികരിപ്പിക്കേണ്ടത് അനിവാര്യമാണ്.

By ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്

Assistant Professor, Department of Persian, Guawati University, Assam