തൊഴിലാളി ദിനത്തില്‍ അംബേദ്കറെ സ്മരിക്കേണ്ടതെന്തു കൊണ്ട്‌

സാർവദേശീയ തൊഴിലാളി ദിനമായ മെയ്‌ ഒന്ന്, ഡോക്ടർ ബാബാ സാഹിബ്‌ അംബേദ്കറെ ഓർക്കാതെ കടന്നു പോവരുത്. ഇന്ത്യയിലെ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച മുൻനിരപ്പോരാളിയാണ് അംബേദ്കർ. ഏഴു സ്വതന്ത്ര പതിറ്റാണ്ടുകൾക്കിപ്പുറവും തൊഴിലിടങ്ങളിലിന്നും നിലനിൽക്കുന്ന ജാതി-മത-വർഗ ചൂഷണങ്ങളെ ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ബാബാ സാഹിബിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതമാക്കിയ ഭരണഘടനാ വ്യവസ്ഥകളിലൂടെ മാത്രമാണ്. ഭരണഘടന ശില്പി മാത്രമായാണ് മുഖ്യധാരാ സമൂഹം അംബേദ്കറിനു ചർച്ചയിലിടം നൽകിയിട്ടുള്ളത്. എന്നാൽ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒരു തൊഴിലാളി നേതാവായി അദ്ദേഹം പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഭൂരഹിത കർഷകരുടെയും കുടിയാന്മാരുടെയും വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് സത്വരമായ പരിഹാരം കാണുന്നതിനായി സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ 1936ൽ ഒരു സ്വതന്ത്ര ലേബർ പാർട്ടി അദ്ദേഹം രൂപീകരിച്ചു. ഈ ലേബർ പാർട്ടിയുടെ അജണ്ട പിന്നീട്, സാമൂഹ്യ നിരീക്ഷകരും രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക പരിഷ്കർത്താക്കളും പത്ര പ്രവർത്തകരും സാമ്പത്തിക ശാസ്ത്രജ്ഞരുമായ ഒരുപാട് പേരെ സ്വാധീനിക്കുകയുണ്ടായി. സവർണ ഭൂരിപക്ഷവും മനസ്ഥിതിയും എപ്പോളും നിലനിർത്തിപ്പോന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തോടെ അംബേദ്കർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1942 ജൂലൈ ഇരുപതിനു വൈസ്രോയിയുടെ സമിതിയിൽ അംഗമായ അംബേദ്കർ തൊഴിൽ വകുപ്പാണ് കൈകാര്യം ചെയ്തത്. അതേ വർഷത്തിൽ തന്നെ നവംബർ ഇരുപത്തി ഏഴിനു ഡെൽഹിൽ വെച്ച് നടന്ന ലേബർ കോൺഫറൻസിൽ തൊഴിൽ സമയം പതിനാലു മണിക്കൂറിൽ നിന്നും എട്ടു മണിക്കൂർ ആക്കി കുറച്ച്‌ കൊണ്ടുള്ള തൊഴിൽ വ്യവസ്ഥകൾ അവതരിപ്പിച്ചു. തൊട്ടടുത്ത വർഷം നടപ്പാക്കിയ ട്രേഡ് യൂണിയൻ ഭേദഗതി ബില്ലിൽ തൊഴിലാളി യൂണിയനെ തൊഴിൽ ദാതാവ് അംഗീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഈ ബില്ലിനെത്തുടർന്നാണ് തൊഴിലാളി യൂണിയനുകൾ രജിസ്റ്റർ ചെയ്യാനാരംഭിച്ചത്.

ഇന്ത്യയിൽ ശമ്പള പരിഷ്കരണവും ഡിയർനെസ് അലവൻസും, തൊഴിലാളികൾക്ക് നിയമ വിധേയമായി സമരം ചെയ്യാനുള്ള അവകാശം ഉറപ്പ് വരുത്തുന്ന ലീഗൽ സ്ട്രൈക്ക് ആക്റ്റും നടപ്പിലാക്കിയത് അംബേദ്കർ തന്നെയാണ്.

സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യങ്ങളോടെയുള്ള അവധി നടപ്പിലാക്കിയത് അംബേദ്കർ മുൻകൈഎടുത്താണ്. മൈൻസ് മറ്റേർണിറ്റി ബെനെഫിറ്റ് ആക്ട്, വുമൺ ലേബർ വെൽഫയർ ഫണ്ട്‌, വുമൺ ആൻഡ് ചൈൽഡ് ലേബർ പ്രൊട്ടക്ഷൻ ആക്ട്, മറ്റേർണിറ്റി ബെനെഫിറ്റ് ഫോർ വുമൺ ലേബർ, റെസ്റ്റോറേഷൻ ഓഫ് ബാൻ ഓൺ എംപ്ലോയ്‌മെന്റ് ഓഫ് വുമൺ ഓൺ അണ്ടർഗ്രൗണ്ട് വർക്ക്‌ ഇൻ മൈൻ തുടങ്ങിയ സ്ത്രീ തൊഴിലാളികളുടെ സുരക്ഷക്കാവശ്യമായ നിയമങ്ങളും അദ്ദേഹം നടപ്പിലാക്കിയതാണ്. ഏഷ്യൻ രാജ്യങ്ങളിലാദ്യമായി ഇന്ത്യയിൽ നടപ്പിലാക്കിയ
തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് ആക്ടും (ESI) അദ്ദേഹത്തിന്റെ ആശയം തന്നെ. തൊഴിലാളികളുടെ ഉൽപാദനക്ഷമതയും വൈദഗ്ധ്യവും വർധിപ്പിക്കാൻ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും അത്യാവശ്യമാണെന്ന് അംബേദ്കര്‍ വിശ്വസിച്ചു. 1942ൽ തൊഴിലാളികൾക്ക് സാമൂഹ്യ നീതിയും ജാതി-മത-വർഗ വ്യത്യാസങ്ങൾക്കതീതമായി തൊഴിലാളി സംഘടനകളിൽ ഭാഗമാവാനുള്ള തുല്യവസരങ്ങളും ഉറപ്പാക്കാനായി ‘Tripartite Labour Council’ സ്ഥാപിച്ചു. ഇന്ത്യയിൽ വ്യവസായിക മേഖലയിൽ നിലനിൽക്കുന്ന തർക്കങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനായി ഇന്നും നടപ്പാക്കി വരുന്ന ട്രിബ്യൂണല്‍ സംവിധാനവും സർക്കാർ-തൊഴിലാളി പ്രതിനിധി സംവിധാനങ്ങള്‍ പോലും അംബേദ്കറിന്റെ ആശയങ്ങളാണ്. ഇവ നടപ്പിലാക്കാൻ ഭരണകൂടം ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കുന്നില്ല എന്നത് മാത്രമാണ് പ്രശ്നം.

അംബേദ്കറുടെ നിർദേശ പ്രകാരമാണ് തൊഴിൽ വകുപ്പ് സെൻട്രൽ ടെക്നിക്കൽ പവർ ബോർഡ്‌ സ്ഥാപിച്ചത്. സവർണ ഭൂരിപക്ഷമുള്ള ഭരണകൂടം അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഇന്നും സംസാരിക്കാൻ തയ്യാറല്ല എന്നിരിക്കിലും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിലെല്ലാം ബഹുമുഖ പ്രതിഭയായിരുന്ന അംബേദ്കറുടെ ആശയങ്ങളും റിസര്‍വ് ബാങ്കിന്റെ (RBI) സ്ഥാപനത്തിനാവശ്യമായ നയനിലപാടുകളും തന്നെയാണ് വ്യത്യസ്ത കാലങ്ങളിലായി രാജ്യം അനുഭവിച്ച പ്രതിസന്ധികളെ പ്രതിരോധിച്ച്‌ നിർത്തിയത് എന്നതാണ് സത്യം. 1944ൽ നടപ്പാക്കിയ കോൾ മൈൻസ് സേഫ്റ്റി ഭേദഗതി ബില്ലിൽ (Coal Mines Safety Amendment Bill) തുടങ്ങി, ഏറെ അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന
ഖനിത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഒട്ടേറെ നിയമങ്ങളും പദ്ധതികളും അദ്ദേഹം നടപ്പിലാക്കി. രണ്ട് വർഷത്തിന് ശേഷം നടപ്പിലാക്കിയ ഖനിത്തൊഴിലാളി ക്ഷേമനിധി(Mine Labor Welfare Fund) തൊഴിലാളികളുടെ സുരക്ഷ, ഭവനം, വിദ്യാഭ്യാസം, വിനോദം, ജലവിതരണം, സഹകരണ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പു വരുത്താൻ ഫലപ്രദമായി സഹായിച്ചു.

തൊഴിൽ വകുപ്പിനെ ഭരണഘടനയുടെ കണ്കറന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിലൂടെ ഒരേ സമയം കേന്ദ്രത്തിന്റെയും സംസഥാനങ്ങളുടെയും വ്യത്യസ്ത ക്ഷേമ-പരിരക്ഷകൾ ആവശ്യങ്ങളുടെ തോത് അനുസരിച്ച് തൊഴിലാളികൾക്ക് ലഭ്യമാവുകയും അതുവഴി അവരുടെ ജീവിതഗുണ നിലവാരം ഉയർത്തുന്നത്തിനു സഹായകമാവുകയും ചെയ്തു.

ചീഫ് -ലേബർ കമ്മിഷണർമാരെ നിയമിച്ചതും ലേബർ ഇൻവെസ്റ്റ്‌ഗേഷൻ കമ്മിറ്റി രൂപീകരിച്ചതും മിനിമം വേതന ആക്ട് നടപ്പാക്കിയതും അദ്ദേഹം തന്നെ.

ഇന്ത്യയിലെ തൊഴിലിടങ്ങൾ എത്രത്തോളം സവർണ സൗഹാർദ്ദ മനസ്ഥിതി പേറുന്നുണ്ടെന്ന ബോധ്യത്തിൽ നിന്നാണ് അംബേദ്കറിന്റെ വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടേണ്ടത്‌. നൂറ്റാണ്ടുകളായി ഇന്ത്യൻ സമൂഹം ഹിംസാത്മകമായി സ്ഥാപനവൽക്കരിച്ചു നിലനിർത്തുന്ന, ജന്മത്താൽ നിർണയിക്കപ്പെടുന്നതും ചലനക്ഷമതയില്ലാത്തതുമായ തൊഴില്‍ വിഭജനം മുഖ്യഗുണമായ ജാതീശ്രേണിക്രമത്തിൽ, ഏറ്റവും കൂടുതൽ വിവേചനങ്ങളനുഭവിക്കുന്ന ജനവിഭാഗത്തെയാണ് അദ്ദേഹം എപ്പോളും പരിഗണിച്ചത്. ഈയൊരു സാമൂഹ്യ സാഹചര്യത്തിൽ തുല്യ ജോലിക്ക് തുല്യ വേതനം, വിവേചനങ്ങളില്ലാതെ സ്വതന്ത്രമായ തൊഴിൽ തെരഞ്ഞെടുപ്പിനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങളെ സ്ഥാപിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനു ഏറ്റെടുത്ത മറ്റൊരാളും അംബേദ്കറെപ്പോലെ ഇന്ത്യൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ അടിസ്ഥാന വർഗ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതില്‍ ഗാന്ധിയടക്കമുള്ള ദേശീയ പ്രസ്ഥാനത്തിലെ നേതാക്കൾ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലയെന്ന വിമർശം അദ്ദേഹം പലപ്പോളായി ആവർത്തിച്ചു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയ തൊഴിലാളി സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുന്ന സാധ്യതകളെയും അദ്ദേഹം നിരാകരിച്ചു. ഇന്ത്യയുടെ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷമാണ് അദ്ദേഹം പരികല്പനകൾ രൂപപ്പെടുത്തുകയും പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കികയും ചെയ്തത്

സൂക്ഷ്മമായ വിലയിരുത്തലുകളിലൂടെ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന നിർമാണ സഭ
തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭരണഘടനയിൽ എഴുതിചേർത്തിട്ടുണ്ട്. തുല്യ ജോലിക്ക് തുല്യവേതനവും ആരോഗ്യ സംരക്ഷണവും, ആർട്ടിക്കിൾ 39(a), (c) എന്നിവയിലൂടെ ഭരണഘടന ഉറപ്പു നൽകുന്നു. കൂടാതെ രാഷ്ട്രനന്മക്കായുള്ള നിർദേശക തത്വങ്ങളിൽ വേതനം, ജോലി സാഹചര്യം എന്നിവ മെച്ചപ്പെടുത്താനുതകുന്ന പൊതു നിർദേശങ്ങളും മുന്നോട്ടു വെക്കുന്നു. ആർട്ടിക്കിൾ 16 ഏതു ജോലിക്കും തുല്യ അവകാശങ്ങൾ ഉറപ്പു വരുത്തുന്നു. ആർട്ടിക്കിൾ 23 നിർബന്ധിത തൊഴിലും ആർട്ടിക്കിൾ 24 ഫാക്ടറികളിലെ ബാലവേലയും നിരോധിക്കുന്നു. ആർട്ടിക്കിൾ 25 രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായി സ്വതത്രമായി ഏതു തൊഴിലും ചെയ്യാനുള്ള അവകാശവും നൽകുന്നു.

By സഫ .പി

Post Graduate Student, JNU