ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. “അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും ‘അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു”.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. ‘Save the Constitution’ എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും മത ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന ചില നിബന്ധനകൾ ഭരണഘടനയിൽ അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഈ ഭരണഘടന ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് 200 ദശലക്ഷത്തോളം വരുന്ന മുസ്‌ലിംകളെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്താൻ സഹായങ്ങൾ ചെയ്തിട്ടുണ്ട്.
ഭരണഘടനാ നിർമാണ പ്രക്രിയയിൽ മുസ്‌ലിംകൾക്കിടയിലെ ദാരിദ്ര്യം, വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയവയെയും ന്യൂനപക്ഷങ്ങളെ സംബന്ധിക്കുന്ന മറ്റു പ്രശ്‌നങ്ങളെയും കുറിച്ചുള്ള ദീർഘവീക്ഷണത്തിന്റെ അഭാവം പ്രകടമാണ്. ‘ഭാരത’മെന്ന, സംസ്ഥാനങ്ങളുടെ ഈ യൂണിയനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്ര പരിരക്ഷയില്ലായ്മയും, ഹിന്ദുവിന്റെയും പട്ടിക ജാതിയുടെയും പശുസംരക്ഷണത്തിന്റെയും നിര്‍വചനങ്ങളും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളായിത്തീരുന്നു.
ആർട്ടിക്കിൾ 1 : ‘India, that is Bharath shall be a union of states’.
‘ഭാരതം’ എന്ന പദം ഹിന്ദു ഇന്ത്യയുടെ പുറന്തള്ളല്‍ ചരിത്രത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ദേശീയവാദികള്‍ ‘ഫെഡറേഷന്’ മുകളിലാണ് യൂണിയൻ(union) എന്ന പദം തെരഞ്ഞെടുത്തത്. ഹിന്ദുവോ മതേതരമോ ആയ ശക്തമായ കേന്ദ്രമായണത് കണക്കാപ്പെടുന്നത്. ഭാഷാപരവും വംശപരവുമായ നൂറോളം സമുദായങ്ങള്‍ വസിക്കുന്ന, വിശാലമായ ഉപഭൂഖണ്ഡത്തിലെ ന്യൂനപക്ഷങ്ങൾക്ക് ‘ഫെഡറേഷൻ’ ഒരു പ്രധാനമായ ആവശ്യമായിരുന്നു. ഒരു ശക്തമായ കേന്ദ്രം ചെറിയ മത സമുദായങ്ങളെ അപ്രസക്തമാക്കുകയോ രാഷ്ട്രീയമായി ദുർബലമാക്കുകയോ ചെയ്യുന്നു. ദേശീയ ഹിന്ദു വോട്ട് ബാങ്കിൽ ആത്മവിശ്വാസമുള്ള കോൺഗ്രസിന് പ്രാദേശികാവശ്യങ്ങളെ എളുപ്പത്തിൽ നിഷ്ഫലമാക്കാൻ സാധിച്ചു. കാശ്മീരിന്റെയും വടക്ക് – കിഴക്കൻ സംസ്ഥാനകളുടെയും പഞ്ചാബിന്റെയും കാര്യത്തിൽ ഇത് ബോധ്യപ്പെട്ടതാണ്. ഭരണഘടന നിര്‍മാണസഭയിലെ സിഖ് അംഗമായ ഹുകും സിംഗ് ഇപ്രകാരം കുറ്റപ്പെടുത്തി :
“ന്യൂനപക്ഷങ്ങൾ പൂർണമായും തിരസ്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തു.പ്രവിശ്യകളെ( Provincial Unite) നഗരസഭകളാക്കി (Municipal Board) ചുരുക്കി. ഭരണത്തെ എളുപ്പത്തിൽ ഫാഷിസ്റ്റ് രാഷ്ട്രമാക്കി വികസിപ്പിക്കാനുള്ള വ്യവസ്‌ഥ നമ്മുടെ ഭരണഘടനയിലുണ്ട്”.
സുരക്ഷാ സംവിധാനങ്ങളുടെ(safe guard) അഭാവം
ഭരണഘടന നിര്‍മാണസഭ ഈ വിഷയത്തിൽ തർക്കിച്ചു. ഓഫീസുകളിലും സഭകളിലും പ്രത്യേകം വോട്ടർമാരും ആനുപാതിക പ്രാതിനിധ്യവും ചർച്ച ചെയ്തു. ബ്രിട്ടീഷ് കാലഘട്ടത്തിൽ മുസ്‌ലിം സ്ഥാനാർഥികളെ പ്രത്യേകം വോട്ടർമാരിലൂടെ തെരഞ്ഞെടുത്തിരുന്നു. വിഭജനാന്തരം ഒട്ടുമിക്ക കോൺഗ്രസ് അംഗങ്ങളും ഒരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആ കാലത്ത് ഇപ്രകാരം പറഞ്ഞിരുന്നു : ” ഒരു ചെറിയ കൂട്ടം അല്ലെങ്കിൽ ഒരു ന്യൂനപക്ഷം ലോകത്തോടും ഭൂരിപക്ഷത്തോടും ” ഞങ്ങൾ നിങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല എന്നൊക്കെ പറയുന്നത് അവർക്ക് തന്നെ മോശമായ ഒരു കാര്യമാണ് “.
ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞു : പാകിസ്ഥാൻ രൂപീകൃതമായപ്പോൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ദ്വി രാഷ്ട്രത്തെ കുറിച്ച് സംവദിക്കാൻ ശ്രമങ്ങളുണ്ടാകില്ല എന്നാണ് കരുതിയിരുന്നത്. മുസ്‌ലിംകൾക്ക് ഒന്നും അനുവദിക്കേണ്ടതില്ല എന്ന സഭയുടെ മനോഭാവം വ്യക്തമായിരുന്നു.
ഹസ്റത്ത് മോഹാനി (യുപി) ഹുസൈൻ ഇമാം (ബീഹാർ) മഹ്ബൂബ് അലി ബൈഗ് (മദ്രാസ്) എന്നിവരടങ്ങുന്ന പാർലമെന്റ് അംഗങ്ങൾ ആനുപാതിക പ്രാതിനിധ്യം ആവശ്യപ്പെട്ടു. ഇത് സംസ്ഥാനങ്ങളിലെ സ്വയാധികാരമുള്ള പ്രദേശങ്ങളിൽ നടന്നു വരുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിന് വിരുദ്ധമാണ്. ഈ രീതിയിൽ ചെറുതും പ്രാദേശികമായി ചിതറിയതുമായ സമുദായങ്ങൾക്ക് അവരുടെ പാർട്ടികളെ ഇരു സഭകളിലേക്കും തിരഞ്ഞെടുത്ത് എത്തിക്കാം.
ചെറുതും പ്രാദേശികമായി ചിതറി കിടക്കുന്നതുമായ മുസ്‌ലിം സമുദായങ്ങൾ ഒരു പ്രത്യേക പ്രദേശത്ത് വളരെ അപൂർവമായി മാത്രമേ ശക്തമായിരുന്നുള്ളൂ അതിനാൽ തന്നെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കഴിയാതെ പോയി. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കാര്യം പ്രത്യേകം ആശങ്കയുളവാക്കുന്നതാണ്. അവിടങ്ങളിൽ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം മുസ്‌ലിംകൾ ആയിരുന്നിട്ടും രാഷ്ട്രീയ പ്രാതിനിധ്യം ഏറെക്കുറെ പൂർണ്ണമായും നിഷേധിക്കപ്പെട്ടു. ഉത്തർ പ്രദേശ്, ബീഹാർ കർണാടക ഉൾപ്പെടെയുള്ള മറ്റ് സംസ്‌ഥാനങ്ങളിലും ഇതേ അവസ്ഥ തന്നെയാണ്.
ഇത്തരം പ്രശ്നങ്ങൾ മുന്നിൽ കണ്ടുകൊണ്ട് ഒരു പാട് മുസ്‌ലിംകൾ രാഷ്ട്രീയ പ്രാതിനിധ്യത്തിന് വേണ്ടി ആവശ്യമുന്നയിച്ചിരുന്നു. ഇതൊരു സാമുദായിക പ്രശ്‌നമല്ല, പക്ഷെ ഒരു രാഷ്ട്രീയ പ്രശ്നമാണെന്ന് മോഹാനി വാദിച്ചു. എല്ലാ മതങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ മോഹാനി മുസ്‌ലികളെ ഉപദേശിച്ചു. എന്നാൽ അത്തരം ദുർബല പാർട്ടികളുടെ അതിജീവനത്തിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. “ആനുപാതിക പ്രാതിനിധ്യത്തിന്റെ ഈ ആനുകൂല്യം പോലും അവർക്ക് അനുവദിച്ചില്ലെങ്കിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ 35% വോട്ട് നേടിയ സോഷ്യലിസ്റ്റ് പാർട്ടിയെ പോലെയുള്ള ഒരു പാർട്ടിക്ക് ഒറ്റ സീറ്റുപോലും കിട്ടില്ല” എന്ന് മോഹാനി പറഞ്ഞു. എന്നിട്ടും ആ നിർദേശം നിരസിക്കപ്പെട്ടു. കാരണം അത് ദുർബലമായ സഭകളിലേക്കും അസ്ഥിരമായ സർക്കാരിലേക്കും നയിക്കുകയും സങ്കീർണമായി തീരുകയും ചെയ്യും.

നിയമസഭകളിലും പാർലമെന്റിലും മുസ്‌ലിംകൾ ചട്ടപ്രകാരമായ പ്രാതിനിധ്യം നേടിയില്ല. ഒരു മത സമൂഹത്തോട് വേർതിരിവ് കാണിക്കുന്നത് പ്രശ്നമില്ലാത്ത വിധം മതേതരത്വം എന്ന പ്രസിദ്ധമായ ആശയം ചില പ്രതീക്ഷകളെ ഇല്ലാതാക്കുന്നുണ്ട്. നമ്മുടെ ഭരണഘടന മതേതരമാണ്. അതിനാൽ തന്നെ ബോധപൂർവം അന്ധവുമാണ്. രാഷ്ട്രീയ പ്രാതിനിധ്യത്തിന് പുറമെ ഭരണം, സൈന്യം, പോലീസ്, അർദ്ധ സൈനികം തുടങ്ങിയ വിഭാഗങ്ങളിൽ മുസ്‌ലിംകൾ അദൃശ്യരാണ്. ഈ വകുപ്പുകളിൽ കഴിഞ്ഞ എഴുപത് വർഷമായി മറ്റു സമുദായങ്ങളുടെ സ്വാധീന ശക്തി പ്രകടമായി കാണാം. അതിന്റെ ഫലമായി ആയിരക്കണക്കിന് മുസ്‌ലിംകൾക്ക് ജീവൻ നഷ്ടപ്പെട്ടതും കാണാവുന്നതാണ്.
ഹിന്ദു, പട്ടികജാതി നിർവചനം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നതിന് പുറമെ “ഹിന്ദു” സ്ഥാപനങ്ങൾക്കായി “സാമൂഹിക ക്ഷേമവും പരിഷ്‌കരണവും” ഏറ്റെടുക്കാൻ സർക്കാരിനോട് നിർദേശിക്കുന്നു. ഹിന്ദു എന്ന പദം സിഖ്, ജൈന, ബുദ്ധ സ്വത്വങ്ങൾ അവകാശപ്പെടുന്ന വ്യക്തികളെ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. ഇതിൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും പുറത്താണ്. പ്രൊഫസർ പൃതാം സിംഗ് വാദിക്കുന്നത് ഇപ്രകാരമാണ് : “ഈ ആർട്ടിക്കിൾ 25 ന്റെ പിന്നിലുള്ള ‘അതിരുകവിഞ്ഞ ആശങ്ക’ ഹിന്ദുത്വത്തിൽ നിന്നുള്ള ദളിതരുടെ കൂട്ടാപ്പലായനം തടുക്കുക എന്നതായിരുന്നു”. ഹിന്ദുക്കളെ വിവേചനപരമായ അധികാര ശ്രേണിയിൽ വിഭജിക്കുന്ന പട്ടിക ജാതികളുടെ നിർവചനം ശ്രദ്ധിച്ചാൽ ഈ നിലപാട് വ്യക്തമാകും.
1950 ലെ ഭരണഘടനാ ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ് : “ഹിന്ദു മതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു മതം അവകാശപ്പെടുന്ന ഒരു വ്യക്തിയെ പട്ടികജാതി അംഗമായി കാണാൻ കഴിയില്ല”.
മുസ്‌ലിംകളും ക്രിസ്ത്യാനികളും ഈ “ഹിന്ദു” അല്ലെങ്കിൽ “ഇൻഡിക്”(indic) എന്ന വിഭാഗത്തിൽ നിന്ന് പുറത്താണ്. ഇസ്‌ലാമും ക്രൈസ്തവതയും പോലെ തന്നെ സിഖ്-ബുദ്ധമതങ്ങളും ജാതി വിരുദ്ധവും സമത്വാധിഷ്ഠിതവുമായ ആശയങ്ങള്‍ പേറുന്ന മതങ്ങളായിരിക്കെ ഈ തരംതിരിവ് യുക്തിരഹിതമാണ്. തലമുറകളായി ഹീനമായ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ഭൂരഹിതരായ മുസ്‌ലിംജാതികള്‍ക്ക് എഴുപതിറ്റാണ്ടായി അടിയന്തര ആവശ്യമുള്ള ‘അധകൃതര്‍'(depressed) എന്ന പദവി നിഷേധിക്കുകയും കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. കാരണം കേന്ദ്ര – സംസ്ഥാന തലങ്ങളിൽ നടക്കുന്ന ശാക്തീകരണ പരിപാടികളിൽ ഒന്നു പോലും അവരെ പിന്തുണക്കുന്നില്ല.
പശു സംരക്ഷണം
പശു സംരക്ഷണത്തിന്റെ ഫലമായി സമീപ കാലത്ത് നിരവധി മുസ്‌ലിംകൾ ആൾകൂട്ട ആക്രമണത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്‌തു. രക്തരൂക്ഷിതമായ ഇത്തരം സംഭവങ്ങൾക്ക് ഒരു നീണ്ട ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടുമുതൽ ഇത് പഞ്ചാബിലും ഉത്തരേന്ത്യയിലും ജനകീയാടിത്തറ കൈ വരിച്ചു. 1893 ലെ ബക്രീദിലാണ് കിഴക്കൻ ഉത്തർ പ്രദേശിലും ബീഹാറിലുമായി മുസ്‌ലിംകൾക്കെതിരെ ആദ്യത്തെ അക്രമണം നടക്കുന്നത്. 1917 ൽ ബക്രീദ് ആക്രമണങ്ങൾ വളരെ വലിയ തോതിൽ സംഭവിച്ചു. ഉത്തർ പ്രദേശ് – ബീഹാർ അതിർത്തിയിലെ ഷഷദാബ് മേഖലയിൽ നൂറുകണക്കിന് ഗ്രാമങ്ങൾ ടാർഗറ്റ് ചെയ്യപ്പെട്ടു. 1920 കളിലാണ് ബക്രീദിലെ ഏറ്റവും രക്ത രൂക്ഷിതമായ സംഭവങ്ങളിലൊന്ന് നടക്കുന്നത്. 1946 ൽ നടന്ന ഏറ്റവും വലിയ ബക്രീദ് ആക്രമണത്തിൽ ബീഹാറിലെ രണ്ടായിരത്തോളം ഗ്രാമങ്ങൾ ആക്രമിക്കപ്പെടുകയും പതിനായിരത്തോളം മുസ്‌ലിംകൾ കൊല്ലപ്പെടുകയും ചെയ്‌തു. ബ്രിട്ടീഷ് ഭരണകൂടം പല അവസരങ്ങളിലും മുസ്‌ലിം ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പശു സംരക്ഷണ പ്രസ്ഥാനം ആ ഭരണത്തെ കൈ പിടിയിലൊതുക്കി. ഈ സാഹചര്യത്തിൽ പശുക്കളെയും “പശു കുട്ടികളെയും അറുക്കുന്നത് നിരോധിക്കുന്നതിന്” വേണ്ട നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നു.
സഭയിലെ മുസ്‌ലിംകളും ഗോത്ര അംഗങ്ങളും ബീഫ് ഭക്ഷിക്കുന്ന സമുദായങ്ങളുടെ ഇതിനെ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾ മുന്നിൽ കണ്ടുകൊണ്ട് അതിനെ എതിർത്തുവെങ്കിലും വോട്ടെടുപ്പിലൂടെ അവരുടെ എതിർപ്പിനെ പരാചയപ്പെടുത്തി. ഒരു പാർലമെന്റ് അംഗം പശു സംരക്ഷണ നിയമം എന്ന നിർദേശം മുന്നോട്ട് വെച്ചപ്പോൾ ഇന്ത്യയുടെ ആദ്യത്തെ.പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു താൻ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും നിരവധി നിയമസഭകൾ പ്രസ്തുത നിയമം പാസാക്കിയപ്പോൾ അദ്ദേഹം രാജിവെച്ചില്ല എന്നതാണ് കൗതുകം. നെഹ്റുവും ഹിന്ദു നവോത്ഥാന പ്രചാരകരും സന്തുഷ്ടരാവുകയും ചെയ്തു.
കോൺഗ്രസ് ഇക്കാലത്ത് ഉയർത്തുന്ന Save the Constitution എന്ന മുദ്രാവാക്യം മുസ്‌ലിം വോട്ടുകൾ കിട്ടാൻ വേണ്ടിയാണ്. ബിജെപി കൂടുതൽ അക്രണാത്മകമായി തന്നെ മുസ്‌ലിം വിരുദ്ധരാണെന്നതും വ്യക്തമായ ഹിന്ദു ചിഹ്നങ്ങൾ കൂടുതൽ ഉപയോഗിക്കുന്നു എന്നതും ശരിയായിരിക്കെ ഈ മുദ്രാവാക്യം മുസ്‌ലിം വിരുദ്ധ ഭരണഘടനാ മാറ്റങ്ങൾക്ക് എത്ര മാത്രം കാരണമാകുമെന്ന് ആരും ഗൗരവത്തിൽ ചിന്തിച്ചിട്ടില്ല.
ഇന്ത്യയിലെ വളർന്നു വരുന്ന ഹിന്ദു രാജിൽ നമുക്ക് നഷ്ടപ്പെടുന്ന ഭരണഘടനയിൽ മുസ്‌ലിംകൾക്ക് എന്ത് പ്രത്യേക അവകാശങ്ങളാണ് ഉള്ളത്. ഭരണത്തിലും രാഷ്ട്രീയത്തിലും നമുക്ക് സാധ്യമായ പങ്ക് ഏറ്റവും താഴ്ന്ന നിലയിലാണ്. വഖ്ഫ് ഭൂമി പിടിച്ചെടുക്കുക, മുസ്‌ലിംകൾ പൗരന്മാരല്ലെന്ന് പ്രഖ്യാപിക്കുക തുടങ്ങിയ മുസ്‌ലിം വിരുദ്ധമായ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങള്‍ക്കും ദേശ വ്യാപകമായി മുസ്‌ലിം പ്രതികരണങ്ങൾക്കും കാരണമായി.
നമുക്ക് ചിലപ്പോൾ ചില സഹായ ധനങ്ങളൊ, ചില സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവിയോ നഷ്ടപ്പെട്ടേക്കാം. ഹിന്ദുത്വ ശക്തികൾക്ക് അരക്ഷിതാവസ്ഥയായതിനാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അവർ സ്ഥിരമായി സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടനയെ നിഷ്പക്ഷമായി നോക്കി കാണാനും അതിനെ പ്രതിരോധിക്കുന്നതിൽ നിന്ന് മുസ്‌ലിംകളെ ഭയപ്പെടുത്തലുമാണ് ഇതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. എങ്കിലും തങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നതിന് അവർ ചില ഭേദഗതികള്‍ തേടണം. ‘ഹിന്ദു രാഷ്ട്ര’ത്തിന്റെ ഈ ഭൂതം മുസ്‌ലിംകളെ ഭയപ്പെടുത്താനും സുസ്ഥിരവും ജനാധിപത്യപരവുമായ ഹിന്ദു ഇന്ത്യയിൽ അവരുടെ വിധേയത്വം ഉറപ്പു വരുത്തുവാൻ കോൺഗ്രസിനെ സഹായിക്കുകയും ചെയ്യുന്നു.
വിവർത്തനം : മുഷ്താഖ് ഫസൽ
Courtesy: TRT World