വെടിയൊച്ചയേക്കാള്‍ മുഴക്കമുള്ള നിശബ്ദത: ബീമാപള്ളി വെടിവെപ്പും പൊതുസമൂഹവും

ബീമാപള്ളിയില്‍ പോലീസ് നടത്തിയ ഹിംസയുടെ പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ബീമാപള്ളിയില്‍ എന്ത് സംഭവിച്ചുവെന്ന ചോദ്യം നിരന്തരമായി ഉയരുന്നുണ്ട്. അല്ലെങ്കില്‍, ഈ പോലീസ് ഹിംസയെക്കുറിച്ച് അറിയുന്നയാളുകള്‍ കേരളത്തില്‍ നന്നേ കുറവാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ‘വര്‍ഗീയ കലാപം’ എന്ന തലക്കെട്ടിലാണ് ഈ പോലീസ് ഹിംസയെ റിപ്പോർട്ട് ചെയ്തത്

2009 മെയ് 17 തിരുവനന്തപുരം ജില്ലയിലെ ബീമാപള്ളിയെന്ന തീരദേശപ്രദേശത്ത് എട്ടുപേര്‍ കൊല്ലപ്പെടാനും അമ്പത്തിരണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കാനുമുണ്ടായ സംഭവം നടന്നതെങ്ങിനെ? ബീമാപള്ളി വെടിവെപ്പ്: മറക്കുന്നതും ഓര്‍ക്കുന്നതും എന്ന കെ. അഷ്‌റഫ് എഡിറ്റു് ചെയ്ത പുസ്തകത്തില്‍ ഈ സംഭവത്തെപ്പറ്റി വ്യത്യസ്ത വിശകലനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍തന്നെ എന്‍.സി.എച്.ആര്‍.ഒ, പി.യു.സി.എല്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുമുണ്ട്. വസ്തുതാപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പ്രസ്തുത പുസ്തകം അകാഡമിയ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡോക്യുമെന്ററി ആവശ്യാര്‍ഥം ബീമാപള്ളിയില്‍ പോയി കൊല്ലപ്പെട്ടവരുടെ വീട്ടുകാരുമായി നടത്തിയ സംഭാഷണത്തിലും പരിക്കേറ്റവരുടെ മൊഴികള്‍ പ്രകാരവും 2009 മെയ് 17 ന് ഉച്ചക്ക് 2.45 നാണ് വെടിവെപ്പ് നടക്കുന്നത്. എന്നാല്‍ പോലീസ് ഭാഷ്യം 03.30 എന്നാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ അറിവില്ലാതെ മുന്നറിയിപ്പുകള്‍ കൂടാതെ നടത്തിയ വെടിവെപ്പ്, ഒരു മണിക്കൂര്‍ മുന്നറിയിപ്പ് കൊടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് സമയം നീട്ടിപ്പറഞ്ഞിട്ടുള്ളത്. 400ഓളം പോലീസുകാര്‍ വെടിവെക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഈ കൃത്യം നിർവഹിച്ചത്. അതായത് ആകാശത്തേക്ക് വെടിവെക്കുക, ബാനർ ഉയര്‍ത്തുക, മുട്ടിന് താഴെ വെടിവെക്കുക തുടങ്ങിയ, ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കപ്പെട്ടില്ല. മജിസ്‌ട്രേറ്റിന്റെ അനുമതിയും ഇല്ലായിരുന്നു. ഒരു പോലീസുകാരന് പോലും പരിക്ക് പറ്റിയിട്ടില്ലായിരുന്നുവെന്നത് ഏകപക്ഷീയമായ ആക്രമണത്തിന് തെളിവാണ്. ഇവിടെ ‘ആള്‍ക്കൂട്ടം’ ഇല്ലായിരുന്നു എന്ന് തന്നെയാണ് മനസിലാവുന്നത്.

തീര്‍ച്ചയായും പെട്ടെന്നുണ്ടായ ഒരു പോലീസ് അതിക്രമം അല്ല ബീമാപള്ളി വെടിവെപ്പ്. മെയ് 16, തലേദിവസം കൊമ്പ് ഷിബു എന്നയാള്‍ ബീമാപള്ളിയിലെത്തി വാഹനം പാര്‍ക്ക് ചെയ്തവരോടും കച്ചവടക്കാരോടുമെല്ലാം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇയാളുടെ അതിക്രമത്തിനെതിരെ സ്വാഭാവികമായും ബീമാപള്ളിക്കാര്‍ പോലീസില്‍ പരാതി കൊടുക്കുകയും ഷിബുവിനെതിരെ നടപടിയെടുക്കാമെന്ന് പോലീസ് വാക്കു കൊടുക്കുകയും ചെയ്തു. ഷിബു എന്നയാള്‍ ക്രിസ്ത്യന്‍ സമുദായക്കാരനാണെന്ന കാര്യം അവിടെ വിഷയമേയല്ല. അയാളുടെ അന്യായ പണപ്പിരിവാണ് പ്രശ്‌നം. സ്വാഭാവികമായും പോലീസ് നിസ്സംഗത കാണിച്ചു. മെയ് 17 ന് കൊമ്പ് ഷിബു പോലീസ് ഉണ്ടായിരിക്കെത്തന്നെ ബീമാപള്ളിയിലെത്തി. അത് ബീമാപള്ളിക്കാര്‍ ചോദ്യം ചെയ്തു. വൈകാതെ തന്നെ ഷിബുവിനെ അറസ്റ്റു ചെയ്യാത്തതില്‍ പ്രദേശത്ത് പ്രതിഷേധം രൂപം കൊണ്ടു. എന്നിട്ടും അറസ്റ്റിന് തയ്യാറായില്ല. പ്രദേശത്ത് നേരത്തേ നിലയുറപ്പിച്ചിരുന്ന പോലീസ് ഷിബുവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടവരും അല്ലാത്തവരുമായ, ജോലിയിലേര്‍പ്പെട്ടവും ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നവരുമായ ബീമാപള്ളിക്കാര്‍ക്കു നേരെ ഏകപക്ഷീയമായി വെടിവെപ്പു നടത്തുകയാണുണ്ടായത്. അതില്‍ അഞ്ചു പേര്‍ കണ്ണിലും നെഞ്ചിലുമായി ബുള്ളറ്റ് തറച്ചാണ് കൊല്ലപ്പെട്ടത്. ഒരു പതിനാറു വയസുകാരനെ പോലീസ് അടിച്ചു കൊല്ലുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ടാളുകള്‍ പിന്നീട് മരണപ്പെടുകയുമുണ്ടായി.

ബീമാപള്ളിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. ആധുനിക കേരളത്തില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ഏറ്റവും ഉയര്‍ന്ന സംഖ്യ ഇതാണ്. ഈ സംഭവത്തെ വിശകലനം ചെയ്ത പലരും ചൂണ്ടിക്കാണിച്ചത്, ഷിബുവിന്റെ അറസ്റ്റ് വൈകിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ട്. ബീമാപള്ളിക്കാരോടുള്ള പോലീസ് വിരോധം പരസ്യമാണ്. ഗള്‍ഫ് സാധനങ്ങളും, ഡിവിഡികളുമെല്ലാം വില്‍ക്കുന്നത് നിയമവിരുദ്ധമായി പോലീസ് കണ്ടതും അതിന്റെ ഭാഗമായ റെയ്ഡുകളും അതിക്രമങ്ങളുമെല്ലാം അവര്‍ ചെറുത്തുനിന്നിരുന്നു. ഒരാളെ അറസ്റ്റു ചെയ്യണമെങ്കില്‍ തന്നെ, മഹല്ലു പ്രസിഡന്റ് അയാളെ പിടിച്ചുകൊടുക്കുന്ന സ്ഥിതിയാണുള്ളത്. സ്വാഭാവികമായ ഒരു കൂട്ടായ പ്രവര്‍ത്തനം ബീമാപള്ളി നിവാസികള്‍ക്കിടയിലുണ്ടായിരുന്നു. ഇത് പോലീസ് ഫോഴ്‌സില്‍ ബീമാപള്‌ളിക്കാരെക്കുറിച്ച മുന്‍വിധികള്‍ക്ക് പാത്രമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ് പുന്നൂസുമായിരുന്ന കാലത്തെ വി എസ് അച്യുതാനന്തന്‍ മുഖ്യമന്ത്രിയായ ഇടതുഭരണകൂടമാണ് ഇതിന്റെ ഉത്തരവാദികളെന്നത് പ്രത്യേകമായി എടുത്തുപറയേണ്ടതുണ്ട്.

ഒരു പോലീസ് ഹിംസ വര്‍ഗീയ സംഘര്‍ഷമാക്കി ചിത്രീകരിച്ചുവെന്നതാണ് ഈ സംഭവത്തെ വീണ്ടും പഠനവിഷയമാക്കി മാറ്റുന്നത്.

കാരണം ‘വര്‍ഗീയ’ പരാമര്‍ശങ്ങള്‍ പലപ്പോഴും പോലീസ് അതിക്രമത്തെ സാധൂകരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഇവിടെ പോലീസുകാരെ സസ്‌പെന്റ് ചെയ്‌തെങ്കിലും അവരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കിയില്ല. നിയമത്തിന് മുന്നില്‍ നിയമപാലകര്‍ തന്നെയായത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമായി എന്നതു വിഷയത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. കൊലപാതകികളെ മാതൃകാപരമായി ശിക്ഷിക്കണം, ഏറ്റവും കുറഞ്ഞത് വിചാരണയെങ്കിലും നേരിടണം. അല്ലാത്തപക്ഷം ഇതൊരു ജനാധിപത്യരാജ്യമായി കരുതാന്‍ നിര്‍വാഹമില്ല. പോലീസുകാര്‍ പ്രോസീക്യൂഷന് വിധേയമായാല്‍ മാത്രമേ ഇവിടെയൊരു പോലീസ് ഭരണമല്ല എന്ന് പറയാന്‍ കഴിയൂ.

ജെനി റൊവീനയെപ്പോലെയുള്ള എഴുത്തുകാരുടെ നിരീക്ഷണത്തില്‍, കടപ്പുറം നിവാസികളെക്കുറിച്ച് സിനിമയിലും സാഹിത്യത്തിലും വരുന്ന ചിത്രീകരണങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ ആ ജനം കൊല്ലപ്പെടേണ്ടവരാണെന്ന മുന്‍വിധി സൃഷ്ടിച്ച്, ഇത്തരം വെടിവെപ്പുകളെ ന്യായീകരിക്കുന്ന സ്ഥിതിയിലെത്തിക്കുന്നു.

ഇവിടെ ബീമാപള്ളിക്കാര്‍ വെറുക്കപ്പെട്ടവരായി മാറിയതില്‍ അവരുടെ മതത്തിന്റെ പങ്ക് വലുതാണ്. ക്രിസ്ത്യന്‍ സമുദായത്തിലെ ലത്തീന്‍ കത്തോലിക്കാ വിഭാഗക്കാര്‍ പറയുന്നത് രണ്ട് പ്രദേശത്തും തീവെച്ചത് ആരാണെന്നറിയില്ലെന്നാണ്. പരിക്കുപറ്റിയ ജോസ് എന്നയാള്‍ പറഞ്ഞത്‌ അയാളെ മര്‍ദിച്ചതാരാണെന്നറിയില്ല എന്നാണ്. ഇവിടെ ‘വര്‍ഗീയത’ ചമച്ചുണ്ടാക്കിയതാണെന്ന് ഇവരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. പോലീസ് മറ്റു സമുദായക്കാര്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍.സി.എച്.ആര്‍.ഒ യുടെ റിപ്പോര്‍ട്ടിലടക്കം പരാമര്‍ശിക്കുന്നുണ്ട്. അതായത് ഒഴിവാക്കാമായിരുന്ന വെടിവെപ്പിനെ ആസൂത്രിതമായി നടപ്പാക്കിയെന്നതാണ് ബീമാപള്ളി സംഭവത്തെ വിശകലനം ചെയ്തവരെല്ലാം ചൂണ്ടിക്കാണിക്കുന്ന വസ്തുത.

ബീമാപള്ളിയില്‍ പോലീസിന് പരിക്കു പറ്റിയതായി തെളിവുകളില്ല. അതുകൊണ്ട് തന്നെയാണ് ഇതൊരു സംഘര്‍ഷമല്ല, ഏകപക്ഷീയമായ ആക്രമണം എന്നു പറയുന്നത്. പിന്നെ ക്രിസ്ത്യന്‍ പാതിരിമാര്‍ കൊടുത്ത പരാതിയില്‍ പോലും അന്നത്തെ എസ്.ഐ എ. വി. ജോര്‍ജിന്റെ ഇടപെടല്‍ വ്യക്തമാണ്. ബോബ് കണ്ടെത്തിയെന്ന വാര്‍ത്ത കൊടുത്ത പോലീസിന് പക്ഷേ വസ്തുതാന്വേഷണ സംഘത്തിന് ബോംബ് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ല. എന്‍. പി ജിഷാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ പറയുന്നത് അദ്ദേഹം ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പോലീസ് പിന്നീട് ആ ബോംബുകൾ കടലാസ് കഷണങ്ങൾ ആയിരുന്നുവെന്ന് പറഞ്ഞുവെന്നാണ്. ഇങ്ങനെ കെട്ടിച്ചമച്ച പല കഥകളും പിന്നീട് തെളിവു സഹിതം പുറത്തുവന്നു.

ബീമാപള്ളിയിൽ വെടിയേറ്റവരിൽ അവസനം പരിക്ക് പറ്റി മരിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ട്.

പോലീസ് സേനയിൽ നിലനിൽക്കുന്ന വംശീയ ചിന്താഗതി, വെറുപ്പ് ഇവയെല്ലാം തുടച്ചുനീക്കാൻ സേനയിൽ നിലവിലുള്ള കൊളോണിയൽ ചിന്താഗതി പരിഷ്കരിക്കപ്പെടണം.

കുറ്റക്കാരായ പൊലീസുകാരെ ശിക്ഷിക്കപ്പടാത്ത അവസ്ഥ വളരെ ഗൗരവകരമായ ക്രമസമാധാന പ്രശ്‌നമായി കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ബീമാപള്ളി പോലീസ് ഹിംസ നിരന്തരമായി ചർച്ച ചെയ്യപ്പെടുന്നതിന്റെ ഒരു കാരണം കുറ്റവാളികളായ പോലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തതാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണിത്.

ബീമാപള്ളി വെടിവെപ്പിന്റെ ഇരകൾ മുസ്‌ലിംകളും കടപ്പുറം നിവാസികളും ആയതിനാൽ അവർ കുറ്റവാളികളാണെന്ന മുൻവിധി തിരുവിതാംകൂർ രാജവംശ ചരിത്രത്തിന്റെ ഭാഗമാണ്‌. അതുകൊണ്ട് തന്നെ കൊളോണിയൽ പോലീസ് സംവിധാനത്തിന്റെ തുടർച്ചകൾക്ക് തന്നെയാണ് ബീമാപള്ളി വെടിവെപ്പിലൂടെ നാം സാക്ഷിയാവുന്നത്. കീഴ്ജാതി ജനങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന ചരിത്രം നിലനില്‍ക്കുന്ന ബീമാപള്ളിയില്‍ ആഭ്യന്തര കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടമാണ് അവരുടെ ജീവിതം. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഈ ജനതയെ രണ്ടാംകിട പൗരന്മാരാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നഷ്ടപരിഹാരം നല്‍കി കൊന്നവരെപ്പറ്റിയും കൊല്ലപ്പെട്ടവരെപ്പറ്റിയും നിശബ്ദരാവണമെന്ന് കല്‍പിക്കുന്ന ഭരണകൂടം ഒരു ക്രമിനല്‍ കേസില്‍ സിവില്‍ കേസിന് നല്‍കുന്ന പരിഹാരമാണ് വിധിച്ചിരിക്കുന്നത്. ഭരണഘടന പ്രകാരം, പൗരന്റെ ജീവിക്കാനുള്ളതും, അവകാശങ്ങള്‍ നേടിയെടുക്കാനുള്ളതുമായ അവകാശങ്ങളെ റദ്ദ് ചെയ്യുന്ന നടപടിയാണ് നഷ്ടപരിഹാരത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചെടുത്തോളം അവസാന അത്താണിയായ നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിലൂടെ ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇല്ലാതാവുന്നത്.

By ഹാഷിര്‍ കെ. മുഹമ്മദ്‌

Documentary Director